നിർമിതബുദ്ധി ഉപയോഗിച്ചുള്ള ആദ്യത്തെ മലയാള പ്രസിദ്ധീകരണം എന്ന ഖ്യാതി ആവേശത്തോടെ പറഞ്ഞിരുന്ന മാധ്യമം ആഴ്ചപ്പതിപ്പ് തന്നെ ‘ഡീപ് ഫെയ്ക്’ എന്ന ഭയാനകമായ പ്രതിഭാസത്തെ വിശദീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിൽ സന്തോഷം (ലക്കം: 1318). ഒരു പുതിയ സാങ്കേതികവിദ്യ വരുമ്പോൾ അതിനെ ആഘോഷമാക്കാനും വാഴ്ത്താനും പ്രചരിപ്പിക്കാനുമൊക്കെ ധാരാളം പേരുണ്ടാകും. പക്ഷേ, മാധ്യമം ആഴ്ചപ്പതിപ്പ് പോലെയുള്ള ഉത്തരവാദിത്തമുള്ള പ്രസിദ്ധീകരണങ്ങളിൽനിന്നും വായനക്കാർ പ്രതീക്ഷിക്കുന്നത് അതിൽ ഒളിഞ്ഞിരിക്കുന്ന മുതലാളിത്ത-കച്ചവട താൽപര്യങ്ങളും അജണ്ടകളും അപകടങ്ങളും തുറന്നുകാട്ടുന്ന ഇത്തരം ലേഖനങ്ങൾ കൂടിയാണ്. ടെക്നോളജിയോട് അയിത്തം കാണിച്ചുകൊണ്ട് നമുക്കൊരിക്കലും ജീവിക്കാനാകില്ല. പക്ഷേ, ടെക്നോളജിയുടെ അപകടങ്ങളും അജണ്ടകളും തിരിച്ചറിഞ്ഞുകൊണ്ടുതന്നെ അതിന്റെ ഭാഗമാകാൻ സാധിക്കും. പ്രവീൺ ചന്ദ്രന് അഭിനന്ദനങ്ങൾ.
അനീഷ്, തൃശൂർ
ശ്രീദേവി വടക്കേടത്ത് ആഴ്ചപ്പതിപ്പിൽ എഴുതിയ ‘പന്ത്രണ്ടാമത്തെ വൃദ്ധൻ’ എന്ന കഥ വായനയെ കൊളുത്തിയിട്ടത് അതിലെ വിഷയം മരണമായതുകൊണ്ടാണ്.
മരണം വയോധികരുടേത് മാത്രമല്ല, അതിനാൽ വാർധക്യകാലത്ത് വീടു വിട്ടുപോകുന്നത് മരണഭയം കൊണ്ട് മാത്രമാണെന്ന് പറയാനാകില്ല. വീടകത്ത് സ്വൈരം കിട്ടാത്തവർ, യൗവനകാലത്തെ പിഴവുകൾ ഓർത്തുള്ള വിലാപത്തിൽ ദൈവഭയം അസ്ഥിക്ക് പിടിക്കുമ്പോൾ ദൈവ വഴിയിൽ പോകാൻ ആഗ്രഹിക്കുന്നവർ, വീടകത്തെ ഏകാന്തതയിൽ ചീഞ്ഞവർ എന്നിങ്ങനെ വാർധക്യകാല ഒളിച്ചോട്ടങ്ങൾക്ക് പല കാരണങ്ങൾ ഉണ്ട്. ഇവിടെ പതിമൂന്ന് പേർ വീടകം വിട്ട് ഒന്നിച്ച് പലായനംചെയ്യുന്നത് ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്ന് ഉറപ്പിച്ചാണ്. പക്ഷേ ഒരാളുടെ മരണം അവരെ ഭയപ്പെടുത്തുന്നു. ആ ഭയം പന്ത്രണ്ടാമത്തെ വൃദ്ധനിൽ മുന്നേ മരണപ്പെട്ട ഭാര്യയുടെ ഓർമകളിൽ പൂട്ടിയിടപ്പെട്ടവനാക്കുന്നു. ഒടുവിൽ ഇവരെ അടക്കംചെയ്ത നോവലിൽനിന്നും അയാൾ ഇറങ്ങി പോകുന്നു. സത്യത്തിൽ അതാണ് മികച്ച ഒളിച്ചോട്ടം.
സത്യത്തിൽ മരണത്തേക്കാൾ വലിയ കഥാവിഷയം മറ്റൊന്നില്ല തന്നെ. രണ്ട് മരണങ്ങൾ വെടിപ്പോടെ കഥയിൽ നിറക്കാൻ കഥാകാരിക്ക് കഴിഞ്ഞു. നല്ല ഭാഷ. ബീന പി.വിയുടെ വരകളും കൊള്ളാം.
നസ്റു ഷമി, കറുപ്പംവീട്
സജ്ന ഷാജഹാന്റെ ‘മരണാനന്തരം’ കഥ വായിച്ചു. ഒറ്റ വാക്കിൽ പറഞ്ഞാൽ, പ്രതീക്ഷിച്ചപോൽ മനോഹരമായ ഒരു വായന തന്നു. ഒരു മുസ്‍ലിം കുടുംബത്തിലെ വീട്ടമ്മ (ശബാന) നബിദിന ദിവസത്തിൽ കിണറ്റിൽ വീണ് മരണപ്പെട്ടതിന്റെ നാൽപതാം നാൾ അവരുടെ റൂഹ് (ആത്മാവ്) കഴിഞ്ഞ സംഭവങ്ങൾ തുടക്കം മുതൽ ഓർക്കുകയാണ്. (ആ ചിന്തകളിലെ ഭാഷയും ചില പ്രയോഗങ്ങളും തൃശൂരിൽ തന്നെയുള്ള എനിക്ക് മുസ്‍ലിം കുടുംബങ്ങളിൽനിന്നും ഏറെ കേട്ടു പരിചിതമായവയാണ്). ആ ഓർമകളിലൂടെ ഇസ്‍ലാം മതവിശ്വാസപ്രകാരം മരണാനന്തരം സംഭവിക്കുന്ന ഓരോ കാര്യങ്ങളിലൂടെയും ശബാന വായനക്കാരെ കൂടെ നടത്തുന്നു.
അവളുടെ ഖബറിൽ വരുന്ന മലക്കുകൾ (മാലാഖമാർ) അടക്കമുള്ള എല്ലാവരും ജീവിതത്തിൽ ഇടക്ക് ചില നിസ്കാരങ്ങൾ ഒഴിവാക്കിയതൊഴിച്ചാൽ നന്മകൾ മാത്രം ചെയ്തിട്ടുള്ള അവളോട് എത്ര സൗമ്യമായാണ് പെരുമാറുന്നത്! അല്ലാഹു തന്നെയും.
നാൽപതാം ദിവസമായ അന്ന് സ്വർഗത്തിൽ തന്നെയുള്ള അവളുടെ മാതാപിതാക്കളെ കാണാൻ സാധിക്കുമത്രേ. എന്നാൽ പെട്ടെന്ന് ഇന്നുവരെ ആരും ആവശ്യപ്പെടാത്ത ഒരു കാര്യം അവൾ മലക്കു വഴി അല്ലാഹുവിനോട് ആവശ്യപ്പെട്ട് നേടിയെടുക്കുന്നു. ഭൂമിയിൽ തിരിച്ചുചെന്ന് തന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി.
വീട്ടിൽ നാൽപതാം ദിവസത്തിന്റെ ആഘോഷങ്ങൾ നടക്കുകയാണ്. അയൽവക്കത്തെ സ്ത്രീകൾ, ചേട്ടത്തിമാർ, അമ്മായിയമ്മ, വീട്ടിൽ സഹായത്തിന് നിൽക്കുന്ന റുഖിയ എല്ലാവരുമുണ്ട്. അവരുടെ സംഭാഷണങ്ങൾ, ശബാനയെക്കുറിച്ചുള്ള ചിന്തകൾ സ്വാഭാവികതയുള്ളവയാണ്. എന്നാൽ, അപ്പോഴും വിങ്ങിപ്പൊട്ടുന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകൻ അവളുടെ ഉള്ളുലയ്ക്കുന്നുണ്ട്. ഉമ്മയെ കുറച്ചുകൂടെ സ്നേഹിക്കാമായിരുന്നു എന്ന് കൂട്ടുകാരിയോട് പറയുന്ന മകൾ മകനേക്കാൾ ധൈര്യവതിയാണ്. അവളുടെ കൂട്ടുകാരി രഹനക്കാണ് കൂടുതൽ ദുഃഖം എന്നത് കൗതുകമായി തോന്നി. നാൽപതു ദിവസത്തിനകം താനില്ലാതെ തന്നെ കാര്യങ്ങളെല്ലാം ഏതാണ്ട് പഴയപടിയായി എന്ന സത്യം അവൾ ഖിന്നതയോടെ തിരിച്ചറിയുന്നു.
തന്റെ പ്രിയതമനെ കൂടി കണ്ടിട്ട് തിരിച്ചുപോകാൻ തുനിയുന്ന അവൾക്ക് പക്ഷേ, അയാളെ അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല. ദുഃഖത്താൽ അവശനായി എവിടെയെങ്കിലും വീണുപോയിരിക്കുമോ എന്ന് കരുതിയ അവൾ അവസാനം തങ്ങളുടെ മുറിയിൽ അയാളെ കാണുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒന്നാണ് അവളെയും വായനക്കാരനെയും അവിടെ കാത്തിരുന്നത്. അഥവാ കഥാകാരി ക്ലൈമാക്സ് അങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്. ആ നിമിഷത്തിൽ തന്നെ അവിടെനിന്നും തിരിച്ചുപോകാൻ അദമ്യമായി അവളെ പ്രേരിപ്പിക്കുന്ന ഒന്ന്. അവസാന നിമിഷങ്ങളിലെ ആ സസ്പെൻസ് എന്നിലെ വായനക്കാരന് അതുവരെ ഊഹിക്കാനായില്ല എന്നത് സജ്‌നയിലെ എഴുത്തുകാരിയുടെ വിജയം.
തോലിൽ സുരേഷിന്റെ വർണചിത്രങ്ങൾ നന്നായിട്ടുണ്ട്. കിണറിന്റെ ആഴങ്ങളിൽ വീണുകിടക്കുന്ന ആദ്യചിത്രം പ്രത്യേകിച്ച്. എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ.
രാജീവ് പഴുവിൽ (ഫേസ്ബുക്ക്)
കഥകൾ വായിച്ചുതുടങ്ങിയ കാലത്തേ കേൾക്കുന്ന പേരാണ് സന്തോഷ് ജെ.കെ.വിയുടേത്. ജെ.കെ.വി എന്ന ആ മൂന്നക്ഷരമാണ് കഥാകൃത്തിനെ ശ്രദ്ധിക്കാൻ അന്ന് പ്രേരിപ്പിച്ചിട്ടുള്ളത്. ‘കലാകൗമുദി’യിലും കഥയിലുമൊക്കെ നിരവധി കഥകൾ വായിച്ചിരുന്നതായാണ് ഓർമ. ‘ഇത് ആ പുസ്തകത്തിലെ കഥ അല്ല, ഇത് അദ്ദേഹത്തിന്റെ കഥയല്ല, ഇത് ആ പുസ്തകത്തിന്റെ കഥയാണ്’ എന്ന പേരിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ കഥ വായിച്ചു (ലക്കം: 1317).
സാമാന്യം ദീർഘമായ പേരാണ് കഥയുടേത്. ഒരു കഥക്കുള്ളിൽ പറയുന്ന മറ്റൊരു രസകരമായ കഥയാണ് ഈ കഥയുടെ പ്രമേയം. കഥക്കു വേണ്ടി പറയുന്ന കഥ. അല്ലെങ്കിൽ കഥയായി സ്വയം തീരുന്ന കഥ. അങ്ങനെയുള്ള കഥകൾ വായിക്കുവാൻ പ്രത്യേക സുഖമാണ്. മൊബൈൽ ഫോണും ടി.വിയുമൊന്നും ഇല്ലാത്ത കാലത്ത് ഒരു മാഞ്ചുവട്ടിലോ ഏതെങ്കിലുമൊരു ലൈബ്രറിയിലെ ഒഴിഞ്ഞ കോണിലോ എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ ഒറ്റക്കിരുന്നോ വായിച്ചിട്ടുള്ള അനേകം കഥകളുടെ പാരായണസുഖം ഈ കഥക്കുണ്ട്.
അതെ, വായനയുടെ ഏകാന്തതക്കായി രചിക്കപ്പെട്ട കഥകളാണവ. മാത്രമല്ല, അങ്ങനെയുള്ള സൃഷ്ടികൾ നന്നേ കുറയുന്ന കാലംകൂടിയാണല്ലോ ഇത്! അത്തരമൊരു പാരായണസുഖത്തിലേക്ക് ഈ കഥ എന്നെ കൊണ്ടുപോയി. ചില കഥകൾ അങ്ങനെയാണ്, വായിച്ചു കഴിഞ്ഞാലും ഒരു ഫീൽ അങ്ങനെ നിൽക്കും.
ശ്രീകണ്ഠൻ കരിക്കകം
മലയാള നോവല്‍-കഥാ സാഹിത്യത്തില്‍ നവതരംഗം സൃഷ്ടിച്ച എഴുത്തുകാരില്‍ ഒരാളായ ഫ്രാന്‍സിസ് നൊറോണയുടെ ‘മുടിയറകള്‍’ തീർന്നു എന്നറിയുന്നു. വ്യത്യസ്തരായ മനുഷ്യരെ കണ്ടെത്തി അവരുടെ ജീവിതം സസൂക്ഷ്മം നിരീക്ഷിച്ച് അവതരിപ്പിച്ച ‘മുടിയറകള്‍’ അനന്യമായ വായനാനുഭവം നൽകി.
മുടിയറകള്‍ തീരുന്ന ഈ ആഴ്ചയിലെങ്കിലും ആഴ്ചപ്പതിപ്പിന്റെ ആദ്യപേജുകള്‍ അതിനായി നീക്കിവെച്ചതിന് നന്ദി. പലപ്പോഴും അവസാന പേജുകളില്‍ പ്രത്യക്ഷപ്പെടാനായിരുന്നു അതിന്റെ വിധി! അതേസമയം, വായനയെ ഉദ്ദീപിപ്പിക്കാത്ത ചില രചനകള്‍ക്കായി മുന്‍ പേജുകള്‍ നീക്കിവെക്കുന്നതും കണ്ടിട്ടുണ്ട്. അതിനോട് ദീർഘകാല വായനക്കാരനെന്ന നിലയില്‍ അൽപം നീരസം തോന്നിയിരുന്നു.
139 അധ്യായങ്ങളിലായി പടര്‍ന്നു കിടക്കുന്ന ‘മുടിയറകള്‍’ മലയാള സാഹിത്യത്തില്‍ വേറിട്ടുനില്‍ക്കുക തന്നെ ചെയ്യും. നോവലിസ്റ്റ് പരിചയപ്പെടുത്തിത്തന്ന അപൂർവ വ്യക്തിത്വങ്ങളും ദുരന്തങ്ങളും വായനക്കാരുടെ മനസ്സുകളില്‍ പോറലുകള്‍ വീഴ്ത്തിയിരിക്കണം. നോവല്‍ പൂർണതയിൽ ആസ്വദിക്കണമെങ്കില്‍ പുസ്തകമായി കൈയില്‍ കിട്ടണം. അതിനായി കാത്തിരിക്കുന്നു. ഖണ്ഡശ്ശയായി വായിക്കുമ്പോള്‍ രസച്ചരട് മുറിഞ്ഞുപോകുന്നു. ഇതിന്‍റെ ചിത്രീകരണം നിര്‍വഹിച്ച കന്നി എമ്മിനും അനുമോദനങ്ങള്‍.
സണ്ണിജോസഫ്, മാള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.