വടക്കുകിഴക്കിൽ ഇപ്പോഴും കെട്ടിട്ടില്ലാത്ത തീ രാജ്യത്തിന് മുന്നിൽതന്നെ ചോദ്യമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂരിൽ ഭൂരിപക്ഷ സമുദായമായ മെയ്തേയി വിഭാഗക്കാരും നാഗ, കുക്കി ഗോത്രവർഗക്കാരും തമ്മിലുണ്ടായ സംഘർഷത്തിന് പലതരം മാനങ്ങളുണ്ട്. ഡസനിലധികം പേർ കൊല്ലപ്പെടുകയും പതിനായിരത്തോളം ആളുകളെ പലായനത്തിന് നിർബന്ധിതരാക്കുകയും...
വടക്കുകിഴക്കിൽ ഇപ്പോഴും കെട്ടിട്ടില്ലാത്ത തീ രാജ്യത്തിന് മുന്നിൽതന്നെ ചോദ്യമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂരിൽ ഭൂരിപക്ഷ സമുദായമായ മെയ്തേയി വിഭാഗക്കാരും നാഗ, കുക്കി ഗോത്രവർഗക്കാരും തമ്മിലുണ്ടായ സംഘർഷത്തിന് പലതരം മാനങ്ങളുണ്ട്. ഡസനിലധികം പേർ കൊല്ലപ്പെടുകയും പതിനായിരത്തോളം ആളുകളെ പലായനത്തിന് നിർബന്ധിതരാക്കുകയും ചെയ്ത സംഘർഷം നിയന്ത്രിക്കാൻ അധികാരികൾക്ക് നന്നായി പണിയെടുക്കേണ്ടിവന്നു. സൈന്യത്തെ വിന്യസിക്കുന്നതിനൊപ്പം, സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും റദ്ദാക്കി. സംസ്ഥാനത്തെ 16 ജില്ലകളിൽ ഒമ്പതിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഹിന്ദു ജനവിഭാഗമായ മെയ്തേയി വിഭാഗക്കാരെ പട്ടികവർഗമായി പരിഗണിക്കണമെന്ന ഹൈകോടതി ഉത്തരവാണ് കലാപത്തിന് ഒരുതരത്തിലുള്ള കാരണം. സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തേയി സമുദായക്കാർക്ക് സംവരണാനുകൂല്യമുൾപ്പെടെ നൽകാൻ ഒരുമാസത്തിനുള്ളിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകണമെന്നായിരുന്നു ഏപ്രിൽ 20ന് ഹൈകോടതി നിർദേശിച്ചത്. സംസ്ഥാനത്തെ ബി.ജെ.പി സർക്കാറും ഹിന്ദുത്വവാദികളും അവസരം നന്നായി മുതലെടുത്തു.
ഭൂമിശാസ്ത്രപരമായി പർവതമേഖല, താഴ്വര എന്നിങ്ങനെ രണ്ടായി തിരിക്കാവുന്ന മണിപ്പൂരിന്റെ താഴ്വരയിലെ ഭൂരിപക്ഷ ജനവിഭാഗം മെയ്തേയി സമുദായമാണ്. സംസ്ഥാന നിയമസഭയിലെ 60 സീറ്റിൽ 40ഉം താഴ്വാരത്താണ്. ന്യൂനപക്ഷ ജനവിഭാഗങ്ങൾകൂടിയായ ഇവർക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ നാമമാത്രമായ മുന്നേറ്റമാണ് ഇതുവരെ കാഴ്ചെവക്കാനായത്.
മലയോര മേഖലകളിൽ പ്രബല ഗോത്രവർഗ സമുദായക്കാരായ നാഗ, കുക്കി വിഭാഗങ്ങൾ നടത്തിയ ഗോത്ര ഐക്യ റാലിക്കിടെ, ചുരാചന്ദ്പുർ ജില്ലയിൽ സായുധരായ ആൾക്കൂട്ടം മെയ്തേയി വിഭാഗത്തെ ആക്രമിച്ചതാണ് ലഹളയുടെ തുടക്കമെന്നാണ് വാദം. മെയ്തേയികൾ തിരിച്ചടിച്ചതോടെ അക്രമം സംസ്ഥാനമാകെ വ്യാപിച്ചു. ഭൂരിപക്ഷവും ക്രൈസ്തവ വിശ്വാസികളായ കുക്കികളും നാഗകളുമുൾപ്പെടെ മണിപ്പൂരിൽ 35 ഗോത്രവർഗ വിഭാഗക്കാരുണ്ടെന്നാണ് കണക്ക്. ഇക്കൂട്ടത്തിലേക്കാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്തേയി സമുദായത്തെക്കൂടി ഉൾപ്പെടുത്തു
ന്നത്. മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി ലഭിക്കുന്നതോടെ അവശേഷിക്കുന്ന ഭൂമിപോലും തങ്ങൾക്ക് നഷ്ടപ്പെടുമെന്നാണ് ഐക്യറാലി സംഘടിപ്പിച്ച ഓൾ മണിപ്പൂർ ട്രൈബൽ യൂനിയന്റെ പ്രധാന വാദം. കുക്കികളും നാഗകളുമുൾപ്പെടെയുള്ള ഗോത്രവർഗ വിഭാഗക്കാരുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുംവിധമുള്ള പല നടപടികളും ബി.ജെ.പി സർക്കാറിന്റെ ഭാഗത്തുനിന്ന് ഈയടുത്തകാലത്തുണ്ടായി. അനധികൃത കുടിയേറ്റം എന്നുപറഞ്ഞ്, മലയോര മേഖലകളിൽ വലിയതോതിലുള്ള കുടിയിറക്കൽ നടപടികൾ തുടരുകയാണ്. മ്യാന്മറിൽനിന്നും ബംഗ്ലാദേശിൽനിന്നുമെല്ലാം കുക്കി വിഭാഗക്കാർ അതിർത്തിയിലേക്ക് നുഴഞ്ഞുകയറിയെന്നും വനത്തിൽ ഒളിപ്പിച്ചിരിക്കുകയാണെന്നുമുള്ള ഓൾ മെയ്തേയി കൗൺസിൽ അടക്കമുള്ള സംഘടനകളുടെ ആരോപണം കൂടി കണക്കിലെടുത്താണ് ഈ ഒഴിപ്പിക്കൽ. ഇതിനുപുറമെ, സംസ്ഥാനത്ത് എൻ.ആർ.സി നടപ്പാക്കണമെന്ന ആവശ്യവും ഉയർത്തിയിട്ടുണ്ട്.
ന്യൂനപക്ഷ ജനവിഭാഗത്തെ ചവിട്ടിപ്പുറത്താക്കാനുള്ള ഹിന്ദുത്വയുടെ പരിപാടിയാണ് ഇപ്പോഴത്തെ ഈ സംവരണനീക്കമെന്ന് സാമൂഹ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷങ്ങൾക്ക് നേരെ പുറത്തെടുക്കുന്ന വർഗീയ കാർഡുതന്നെയാണ് മണിപ്പൂരിലെയും തുറുപ്പ് ശീട്ട്.
കേരളത്തിലടക്കം ചില ക്രൈസ്തവ സഭാ മേലധ്യക്ഷൻമാർ ബി.ജെ.പിയെ പ്രീണിപ്പിക്കാനും ആനുകൂല്യം നേടിയെടുക്കാനും അതിനുവേണ്ടി വർഗീയ കാർഡുകൾ ഇറക്കുകയും ചെയ്യുമ്പോഴാണ് മണിപ്പൂരിലെ ഹിന്ദുത്വയുടെ യഥാർഥ കളി നടക്കുന്നത്. ശ്രദ്ധിച്ചുനോക്കിയാൽ ആരാണ് ഈ കളികളിലെ മുട്ടനാടുകളെന്നും ചെന്നായ്ക്കളെന്നും മനസ്സിലാകും. മുട്ടനാടും ചെന്നായും കളിയിൽനിന്ന് മാറിനിൽക്കുന്നതാണ് ന്യൂനപക്ഷങ്ങൾക്ക് നല്ലത്. മണിപ്പൂർ പറയുന്നതും അതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.