ഒടുവിലവർ ബോളിവുഡിനെയും തേടിയെത്തി‘കേരള സ്റ്റോറി’ എന്ന വിദ്വേഷ സിനിമയുടെ പശ്ചാത്തലത്തിൽ വിനോദ് കൃഷ്ണ എഴുതിയ ‘കാവി സ്ക്രീനും കൽപിതകഥകളും’ വായിച്ചു (ലക്കം: 1315). ഹിന്ദി സിനിമകൾ ബഹുസ്വര രാജ്യമായ ഇന്ത്യക്ക് എന്നും അഭിമാനമായിരുന്നു. ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ ഭരണഘടനാസങ്കൽപങ്ങളും നെഹ്റുവിയൻ ചിന്തകളും ഹിന്ദി സിനിമകൾ ഉൾക്കൊണ്ടിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ആറു പതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ് ഭരണം ബോളിവുഡിനെ അതിന്റെ...
ഒടുവിലവർ ബോളിവുഡിനെയും തേടിയെത്തി
‘കേരള സ്റ്റോറി’ എന്ന വിദ്വേഷ സിനിമയുടെ പശ്ചാത്തലത്തിൽ വിനോദ് കൃഷ്ണ എഴുതിയ ‘കാവി സ്ക്രീനും കൽപിതകഥകളും’ വായിച്ചു (ലക്കം: 1315). ഹിന്ദി സിനിമകൾ ബഹുസ്വര രാജ്യമായ ഇന്ത്യക്ക് എന്നും അഭിമാനമായിരുന്നു. ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ ഭരണഘടനാസങ്കൽപങ്ങളും നെഹ്റുവിയൻ ചിന്തകളും ഹിന്ദി സിനിമകൾ ഉൾക്കൊണ്ടിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ആറു പതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ് ഭരണം ബോളിവുഡിനെ അതിന്റെ അടിസ്ഥാന സങ്കൽപങ്ങളിൽനിന്നും അടർത്തിയെടുത്തിരുന്നില്ല. ഇന്ത്യയിലെ മറ്റേതൊരു മേഖലയെക്കാളും ബഹുസ്വരമായിരുന്നു ബോളിവുഡ് എന്നും കാണാം. ബോളിവുഡിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ യഷ്രാജ് ഫിലിംസിലൂടെയാണ് ഷാറൂഖ് ഖാൻ എന്ന സൂപ്പർതാരം ഉദയംകൊള്ളുന്നത്. ഒരു മുസ്ലിം യുവാവിനെ ബോളിവുഡിന്റെ ബാദ്ഷായായും രാജാവായും മാറ്റാനൊന്നും അവർക്ക് ഒന്നും ചിന്തിക്കേണ്ടി വന്നില്ല. മുഹമ്മദ് റഫിയുടെ ഗാനത്തിന്റെ മധുരത്തിൽ അലിയാത്ത ഏതെങ്കിലും ഇന്ത്യക്കാർ ഉണ്ടാകുമോ?
എന്നാൽ, 2014നു ശേഷം ബോളിവുഡിൽ വലിയ പരിണാമം കാണാം. മറ്റെല്ലാ മേഖലകളിലെയും പോലെത്തന്നെ. തങ്ങളെ എല്ലാ കാലത്തും അലോസരപ്പെടുത്തിയിരുന്ന ബോളിവുഡിന്റെ മതേതരവും ബഹുസ്വരവുമായ ഭൂമികയെ ഉഴുതുമറിക്കുക എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായി സംഘ്പരിവാർ ഉണർന്നെണീറ്റു. ബോളിവുഡിനെ കീഴടക്കാൻ കൃത്യമായ പദ്ധതികൾ അവർ ഒരുക്കിയിരുന്നു. ചരിത്രസിനിമകളെന്ന പേരിൽ ഹിന്ദുത്വ ആശയങ്ങൾ ഒളിച്ചുകടത്തുക, മുസ്ലിം രാജാക്കൻമാരെ പൈശാചികവത്കരിക്കുക തുടങ്ങിയവയായിരുന്നു പ്രധാനലക്ഷ്യം. അതിനിടയിൽ നരേന്ദ്ര മോദിയെ അവതാരപുരുഷനാക്കുന്ന സിനിമയും മൻമോഹൻ സിങ്ങിനെ അപനിർമിക്കുന്ന സിനിമയും 2019 ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാം കണ്ടു. അക്ഷയ് കുമാർ, കങ്കണ റണാവത് പോലുള്ള മുൻനിര അഭിനേതാക്കളാണ് ഹിന്ദുത്വയുടെ ബാനറേന്തുന്നത്.
സിനിമയെ പ്രൊപഗണ്ടകൾക്കായി ഉപയോഗിക്കുന്നതിന്റെ മുൻ മാതൃകകൾ ഹിറ്റ്ലറുടെ ചരിത്രത്തിൽ കാണാം. ജൂതൻമാരെ കൂട്ടക്കൊല ചെയ്യുന്നതിനുള്ള വിളനിലമൊരുക്കാനായി ഗീബൽസിന്റെ നേതൃത്വത്തിൽ അനേകം സിനിമകളും ഡോക്യുമെന്ററികളും അവിടെ പുറത്തിറങ്ങിയിരുന്നു. ഹിന്ദുത്വ ആശയങ്ങൾ ഒളിച്ചുകടത്തുക എന്ന ലക്ഷ്യത്തിൽനിന്നും മാറി പ്രത്യക്ഷമായിത്തന്നെ വിദ്വേഷം വമിപ്പിക്കുന്ന സിനിമകൾ പുറത്തിറങ്ങിത്തുടങ്ങി. ‘കശ്മീർ ഫയൽസും’ ‘ദി കേരള സ്റ്റോറി’യുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഹിന്ദുത്വയുടെ ആശയങ്ങളോട് പുറംതിരിഞ്ഞിരിക്കുന്ന അഭിനേതാക്കളുടെ സിനിമകളെ തകർക്കാനുള്ള നീക്കവും ഖാൻമാരുടെ സിനിമകൾക്കെതിരായ പ്രചാരണവുമെല്ലാം തകൃതിയായി നടക്കുന്നുണ്ട്.
നിസാം കെ, പാലക്കാട്
ചരിത്രം മാറ്റിയെഴുതുമ്പോൾ
ചരിത്രം തിരുത്തുന്ന ഹിന്ദുത്വ അജണ്ടയും വിദ്യാഭ്യാസവും സംബന്ധിച്ച ഡോ. വിനിൽ പോളിന്റെ ലേഖനം (സ്കൂൾ പാഠപുസ്തകം അഥവാ വർഗീയതയുടെ ഇൻകുബേറ്റർ -ലക്കം: 1314) ശ്രദ്ധേയമായി. ചരിത്രത്തിന്റെ മഹത്തായ പാഠങ്ങൾ ഉൾക്കൊണ്ടേ ഏതൊരു രാഷ്ട്രത്തിനും പരാജയങ്ങളിൽനിന്നകന്നു നിൽക്കാനും വീഴ്ചകൾ പറ്റാതെ നോക്കാനും കഴിയൂ. ഇന്ത്യയുടെ പൂർവകാല ചരിത്രം വർത്തമാനകാല ചരിത്രത്തിന് പലനിലക്കും മാർഗനിർദേശം നൽകുന്നുണ്ട്. ലോകചരിത്രംതന്നെ സംസ്കാര സമന്വയങ്ങളുടെ വലിയ പട്ടികയാണ്. നാഗരികത ഒന്നല്ല പലതുണ്ടെന്നും ഒന്നു മറ്റുള്ളവയെക്കാൾ സർവഥാ ശ്രേഷ്ഠമാണെന്ന് പറയുന്നത് നിരർഥകമാണെന്നും ചരിത്രം വ്യക്തമാക്കുന്നു. ഒരൊറ്റ സംസ്കാരവും ഒറ്റപ്പെട്ട് നിൽക്കുന്നില്ല. പരസ്പരം കൊണ്ടും കൊടുത്തുമാണ് എല്ലാ സംസ്കാരങ്ങളും നിലനിന്നതും നിലനിൽക്കുന്നതും.
സുദീർഘമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യയുടെ ഭൂതകാല ചരിത്രം വളർന്നുവന്നത്. നമ്മുടെ പൂർവികർ ഇട്ടേച്ചുപോയ തെളിവുകളിൽനിന്നാണ് വർത്തമാനകാലം സൃഷ്ടിക്കുന്നത്. വർത്തമാനകാലം നശ്വരമാണ്. ഭൂതകാലം അനശ്വരവും. നശ്വരതയിൽ അനശ്വരതയെ ചാലിച്ചു ചേർക്കുകയാണ് ഓരോ ചരിത്രപഠനവും. പൂർവകാല സംഭവങ്ങൾക്ക് അതേപടി ചരിത്രത്തിൽ വലിയ പ്രാധാന്യമില്ല. മറിച്ച്, ആ സംഭവങ്ങൾക്ക് രൂപംനൽകിയ സാമൂഹിക ചലനങ്ങൾ ചികഞ്ഞെടുക്കുന്നതിലാണ് ചരിത്രം പ്രധാനമായും ഊന്നൽ നൽകിയിട്ടുള്ളത്.
ഇന്ത്യയുടെ ചരിത്ര പാഠപുസ്തകങ്ങളിൽനിന്ന് ചരിത്രം നീക്കം ചെയ്യപ്പെടുമ്പോൾ ചരിത്രംതന്നെ വികലമാക്കപ്പെടുകയാണ്. വർത്തമാനകാല ദുരന്തവും ഇതുതന്നെയാണ്. ഇന്ത്യാ ചരിത്രമെന്നത് രാജാക്കന്മാരുടെയും സംഘട്ടനങ്ങളുടെയും കഥകളല്ല. വ്യത്യസ്ത വർഗങ്ങളും മതങ്ങളും ഭാഷകളും ആചാരങ്ങളും വിശ്വാസങ്ങളും ഗോത്രങ്ങളും ഉൾക്കൊള്ളുന്ന ഇന്ത്യൻ സമൂഹത്തിന്റെ വിശിഷ്ടമായ ജീവിത രീതിയുടെയും വളർച്ചയുടെയും ചരിത്രമാണ്. ഇന്ത്യയിൽ ഇസ്ലാമിന്റെ സ്വാധീനം ആഴമേറിയതും വിജ്ഞാനപ്രദവുമായിരുന്നു. മധ്യകാല ഇന്ത്യയുടെ യഥാർഥ ചരിത്രത്തിൽ ഹിന്ദുക്കളും മുസ്ലിംകളും ഒരായിരം സമതലങ്ങളിൽ പരസ്പര സഹകരണവും സങ്കലനവും പുലർത്തി ജീവിച്ചതായി കാണാൻ കഴിയും. രാമാനന്ദനും കബീറും ഗുരുനാനാക്കും ചൈതന്യനും ബംഗാളിൽ വൈഷ്ണവിസവും മഹാരാഷ്ട്രയിൽ ഭക്തിപ്രസ്ഥാനവും വളർച്ച പ്രാപിച്ചത് ഈ മത സംസ്കാരങ്ങളുടെ യോജിപ്പിന്റെ ദൃഷ്ടാന്തങ്ങളായിരുന്നു.
എട്ടാം നൂറ്റാണ്ടിലും തുടർന്നുള്ള നൂറ്റാണ്ടുകളിലും തെക്കേ ഇന്ത്യയുടെ മുക്കിലും മൂലയിലും മതവും തത്ത്വശാസ്ത്രവും വിടർന്നു വികസിച്ചത് ഈയൊരു സമ്മിശ്ര സംസ്കാരത്തിന്റെ പ്രതിഫലനംകൂടിയായി കരുതാവുന്നതാണ്.
മുമ്പും പലരും വന്നിട്ടുണ്ടെങ്കിലും 1526ൽ പാനിപ്പത്ത് യുദ്ധത്തിൽ ബാബർ വിജയം നേടിയതോടെയാണ് യഥാർഥ മുസ്ലിം ആധിപത്യം ഇന്ത്യയിൽ സ്ഥാപിതമായത്. സുൽത്താൻ ഭരണത്തിന്റെ തുടർച്ചയെന്നോണം വന്ന മുഗൾ കാലഘട്ടം ഇന്ത്യയുടെ സുവർണ കാലഘട്ടം കൂടിയാണെന്ന് കാണാം. മുഗൾകല മാനവചേതനയുടെ ഏറ്റവും നല്ല ആവിഷ്കരണമായിട്ടാണ് ഇന്നും അറിയപ്പെടുന്നത്. മനുഷ്യജീവിതത്തിലെ ശാശ്വതവും വിമർശനാതീതവുമായ അംശങ്ങളോട് അത് പൊരുത്തപ്പെട്ടിരുന്നു. മനുഷ്യനെ മനുഷ്യനിൽനിന്നും ഒറ്റപ്പെടുത്തുന്ന വേലിക്കെട്ടുകളെ എെന്നന്നേക്കുമായി തകർക്കുകയും പ്രായോഗിക രാഷ്ട്രതന്ത്രത്തിന്റെ പരിധിക്കുള്ളിൽ തന്നെ പൊതു ദേശീയതയെന്ന സങ്കൽപം വികസിപ്പിച്ചെടുക്കുകയും ചെയ്തു. കലയെ രാഷ്ട്രീയ മേലങ്കികളിൽനിന്നെല്ലാം വേർപെടുത്തി ആത്മീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വ്യാപനമാക്കി തീർത്തു എന്നതും മുഗൾകാലഘട്ടത്തിന്റെ സവിശേഷതയിൽപ്പെട്ടതാണ്. മുഗൾ ചക്രവർത്തിമാർ ഇനി പാഠപുസ്തകങ്ങളിലില്ല, ചവറ്റുകൊട്ടയിലാണ് എന്ന് വർത്തമാനകാല ദിഗംബരന്മാർ പ്രസ്താവിക്കുമ്പോൾ ഇക്കൂട്ടർ ചരിത്രത്തിന്റെ ബാലപാഠങ്ങൾപോലും അറിയാത്തവരും അപരിഷ്കൃതരുമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഒരു വ്യക്തിയുടെയോ ജനതയുടെയോ അല്ലെങ്കിൽ ഒരു രാജ്യത്തിന്റെയോ ആദർശത്തിന്റെയോ അധോഗതിയും നാശവുമാണ് സങ്കുചിതമായ അർഥത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നത്. നാമിന്ന് അഭിമാനം കൊള്ളുന്ന ഈ ആധുനിക നൂറ്റാണ്ടിന്റെയും ആധുനിക മനുഷ്യന്റെ സംസ്കാരത്തിന്റെയും ശബളിമയാർന്ന മഹത്ത്വം തെളിഞ്ഞുവരുന്നത് പിന്നിട്ട നൂറ്റാണ്ടുകളുടെയും സംസ്കാരങ്ങളുടെയും തലമുറകളുടെയും പശ്ചാത്തലത്തിലാണ്. ഭൂതകാലത്തെ മാറ്റിനിർത്തിക്കൊണ്ട് ഒരു ചരിത്രത്തിനും നിലനിൽപില്ല എന്നത് വെറും സാമാന്യബുദ്ധികൊണ്ട് അറിയാവുന്നതാണ്. ഈയൊരു സാമാന്യബുദ്ധിയെങ്കിലും പ്രകടിപ്പിക്കാൻ ഇക്കൂട്ടർ തയാറാകണമെന്നു മാത്രം പറയട്ടെ.
രാജൻ ബാലുശ്ശേരി
‘കാൽബേലിയ’ വായനയെ അനുഭവമാക്കി
മാധ്യമം ആഴ്ചപ്പതിപ്പിൽ ജിതേഷ് ആസാദ് എഴുതിയ കഥ ‘കാൽബേലിയ’ വായിച്ചു. സ്വാതന്ത്ര്യത്തിന്റെ ഉന്മാദത്തിലൂടെ ജീവിതത്തെ ചാലിട്ടൊഴുക്കിയ കാൽബേലിയ ജിപ്സികളുടെ കൂടെ വായനക്കാരനെ മരുഭൂമികളിലൂടെ അവരുടെ സംസ്കാരത്തിലൂെട, വേഷത്തിലൂടെ, ഭക്ഷണത്തിലൂെട, രാത്രികളിലൂടെ നയിക്കുന്നു. യാത്രാനുഭവങ്ങളും അരികുവത്കരിക്കപ്പെട്ടവരുടെ ജീവിതവും അതിലെ നിഷ്കളങ്കതയും ഈ കഥയിൽ നിലാവിലെ മരുഭൂമിയെന്നപോലെ തിളങ്ങുന്നു. മരുഭൂമിയിലെ പൂഴിയിൽ നക്ഷത്രങ്ങളെ നോക്കി കിടന്നുറങ്ങുന്നവന്റെ മരണം തലക്കു കീഴിലുണ്ട്, അതുകൊണ്ട് ഞങ്ങളാരെയും ഭരിക്കാറില്ല എന്നും വയറ്റുപ്പിഴപ്പിന് അനുവർത്തിക്കുന്ന നിയമലംഘനത്തിന്റെ ശിക്ഷകൾപോലും ആനന്ദദായകമാക്കുകയും ചെയ്യുന്ന ഷരോധ് സപേര എന്ന ജിപ്സി, ആത്മീയ നിലാവിൽ തിളങ്ങുന്ന മരുഭൂമിയുടെ പുത്രനാണ്. കടുത്ത വിഷത്തിന്റെ കേദാരമാണ് മരുഭൂമി എന്ന് ആകുലപ്പെടുന്ന ആധുനിക മനുഷ്യന്റെ മുന്നിലേക്ക് ആ വിഷം ഊറ്റിയെടുക്കുന്നവനായാണ് ഷരോധ് സപേര പ്രത്യക്ഷപ്പെടുന്നത്. വെളുത്തവനിഷ്ടമില്ലാത്ത അമാവാസികളിലെ രാത്രികൾ കൃത്യമായ വർണവെറിയുടെ അടയാളങ്ങളാകുന്നുണ്ട്.
നിഷ്കളങ്കയായി ഭക്ഷണം വിളമ്പുന്ന ജിപ്സി യുവതിയുടെ തള്ളിനിൽക്കുന്ന മാറിടം സുഹൃത്ത് കാണാതെ ആർത്തിപൂണ്ട് നോക്കിത്തീർക്കുന്ന കഥാപാത്രം ഭോഗസംസ്കാരത്തിന്റെ ഇരയാണ്. ഉണ്ടും കൂടെയുറങ്ങിയും കാപട്യത്തോടെ ചുംബിച്ചും നിലയുറപ്പിക്കുന്ന സുഹൃത്ത് മണ്ണിനു മുകളിൽ വാനം മേധാവിത്വം പുലർത്തുന്ന പോലെ ഒളിച്ചുവെച്ച ക്രൂരതകളെ കഥാന്ത്യത്തിൽ പുറത്തെടുക്കുന്നു. ആധുനികതയോട് അലിഞ്ഞു ചേരാനാവാത്ത മണ്ണിന്റെ തുടിപ്പുകളിലൊന്നിനെ ചവിട്ടിത്തകർത്തുകൊണ്ടാണ് ‘കാൽബേലിയ’ തീരുന്നത്. വെളുത്തവനോടുള്ള കൂറും സ്നേഹവും ചോർത്തിയെടുക്കപ്പെടേണ്ട വിഷമാണെന്ന് കഥ ഓർമിപ്പിക്കുന്നു.
റെജിതൻ കണ്ടമ്പുള്ളി, ഫേസ്ബുക്ക്
രവിമേനോന്റെ ഝുംകക്ക് ഒരനുബന്ധം കൂടി
രവിമേനോന്റെ ‘ഝുംക’യെ കുറിച്ചുള്ള പാട്ടെഴുത്ത് വായിച്ചു (ലക്കം: 1311). 1941ൽ അലഹബാദിലെ ഒരു മുശായിറയില് (കവിസമ്മേളനത്തില്‍) പങ്കെടുക്കാനെത്തിയ കവിയും കോളജ് അധ്യാപകനുമായ ഹരിവംശറായ് ശ്രീവാസ്തവ തന്റെ പതിനെട്ടാം വയസ്സില്‍ താന്‍ വിവാഹംകഴിച്ച് പതിനൊന്നു വര്‍ഷം തന്റെ കൂടെ ജീവിച്ച് അകാലത്തില്‍ 24ാം വയസ്സിൽ ക്ഷയരോഗം ബാധിച്ച് മരിച്ച ശ്യാമ എന്ന ഭാര്യയെക്കുറിച്ചുള്ള ‘ശായരി’യായിരുന്നു വായിച്ചത്.
‘‘ഇസ് പാര് പ്രിയെ മധു ഹോ തും,
ഉസ് പാന്‍ നജാനെ ക്യാ ഹോഗാ...’’
കവി വായന തുടങ്ങി. മുശായിറകളില്‍ സാധാരണ കവികളെ പ്രോത്സാഹിപ്പിക്കാറുള്ള ‘‘വാഹ്...വാഹ്’’ വിളിയോ ‘‘സുബ്ഹാനല്ല’’യോ സദസ്സില്‍ നിന്നുയര്‍ന്നില്ല. സദസ്സ് പൂർണ നിശ്ശബ്ദമായിരുന്നു. കവിയുടെയും സദസ്സിലുള്ളവരുടെയും കണ്ണുനിറഞ്ഞു. സദസ്സിലുണ്ടായിരുന്ന തേജ്വന്ത് കൗര്‍ സൂരി എന്ന ഇരുപത്തേഴുകാരിയുടെ കണ്ണിൽനിന്നും ഉറവ മുളപൊട്ടി. പഞ്ചാബിയെങ്കിലും ലാഹോറുകാരിയായ അവരുടെ വിവാഹം മറ്റൊരു പുരുഷനുമായി നിശ്ചയിച്ചിരിക്കുകയായിരുന്നു. കവിത കേട്ട് മനമുരുകിയ ഹരിവംശ്റായും തേജ്വന്ത് കൗറും പരിചയപ്പെട്ടു. അവിടെ വെച്ചുതന്നെ വിവാഹിതരാകുവാനും തീരുമാനിച്ചു. അതേ സദസ്സില്‍ ശ്രീവാസ്തവ കുടുംബത്തിന്റെ സുഹൃത്തായിരുന്ന കവി രാജാ മെഹ്ദി അലി ഖാനുമുണ്ടായിരുന്നു.
എന്നാല്‍, വിവാഹം വൈകുന്നതു കണ്ട മെഹ്ദി അലി ഖാന് തേജ്വന്ത് കൗറിനോട് കാരണം തിരക്കിയപ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞത് ‘‘മേരി ഝുംകാ ഗിരാരേ ബരേലി കി ബാസാര്മേ...’’ എന്നായിരുന്നു. ഈ ‘‘ഝുംകാ’’ ഗാനം ‘മേരാസായാ’യിലേതോ മദന്മോഹന്റേതോ ആശാ ഭോസ് ലെയുടേതോ ഒന്നുമല്ല. അന്വേഷിച്ചുചെന്നാല്‍ മിസ് ദുലാരിയില് ചെന്നെത്തും. ഗ്രാമഫോണ്‍ കമ്പനിക്കുവേണ്ടി മുപ്പതുകളുടെ തുടക്കത്തിലേ തന്നെ പാടിത്തുടങ്ങിയ ഗായിക. (അറുപതുകൾ വരെ പ്രശസ്ത ഗായകരില്‍ മിക്കവരെയും അവര്‍ പാടുന്ന റെക്കോഡിങ് കമ്പനികളുടെ പേരില്‍ ആയിരുന്നു അറിയപ്പെട്ടിരുന്നത്. നമ്മുടെ നാട്ടിലും അങ്ങനെത്തന്നെയായിരുന്നു.) ഇന്നത്തെ പാകിസ്താനിലുള്ള പെഷവാറിലെ ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു അവർ. പഴയകാല ഗ്രാമഫോണ്‍ റെക്കോഡുകളിലെ ഗാനങ്ങള്‍ ശ്രദ്ധിച്ചാല്‍ അവര്‍ ഏറെ പ്രശസ്തയായിരുന്നുവെന്നു കാണാം.
പിന്നീട് ഒരു വ്യാഴവട്ടത്തിനു ശേഷമാണ് ഹിന്ദി സിനിമയില്‍ ഇതൊരു പിന്നണി ഗാനമായി കേള്‍ക്കുന്നത്. 1947ല്‍ ‘ദേഖോജി’ എന്ന ചിത്രത്തില്‍ വാലിസാഹിബ് എഴുതി, തുഫൈല്‍ ഫാറൂഖി ഈണമിട്ട് ഷംഷാദ് ബീഗവും സംഘവും ആലപിച്ച മൂന്നു മിനിറ്റുള്ള ഗാനം. വീണ്ടും രണ്ടു പതിറ്റാണ്ടിനു ശേഷമാണ് രാജാ മെഹ്ദി അലിഖാനെഴുതി മദന്മോഹന് സംഗീതംനല്കി ‘മേരാ സായ’യില്‍ സാധനക്കുവേണ്ടി ആശാ ഭോസ് ലെ ഈ ഗാനം ആലപിക്കുന്നത്. ഈ മൂന്നു ഗാനങ്ങളുടെയും പ്രത്യേകത, ആദ്യരണ്ടു വരികള്‍ക്കു മാത്രമാണ് മൗലികതയുള്ളത് എന്നാണ്.
മിസ് ദുലാരിയുടേതായാലും ഷംഷാദ് ബീഗത്തിന്റേതായാലും ആശാജിയുടേതായാലും ബാക്കിയുള്ള വരികള്‍ അതതു കവികളുടെ വേറിട്ട വരികളാണ്. ചുരുക്കിപ്പറഞ്ഞാല്‍, കമ്പിളിപ്പുതപ്പിന് പേരുകേട്ട ‘സോലഹ്പുര്’പോലെ, പാന്‍ മസാലകള്‍ക്ക് പ്രശസ്തിയുള്ള ബനാറസ് പോലെ ഝുംകയുടെ പ്രശസ്തി ബറേലിക്കു മാത്രമാണ്.
ബച്ചനെ പറ്റി ഒരനുബന്ധംകൂടി. ബച്ചന് എന്നത് ഹരിവംശ്റായിയുടെ തൂലികാനാമമാണ്. ബ്രാഹ്മണരില്‍തന്നെ ഏറ്റവും ഉയര്‍ന്ന ജാതിയായ കായസ്ഥരിലെ ‘ശ്രീവാസ്തവ’ ആണ് ബച്ചന് കുടുംബം. കേംബ്രിജ് യൂനിവേഴ്സിറ്റിയില്‍നിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടിയ ഇന്ത്യക്കാരന് ഹരിവംശ്റായി ബച്ചനാണ്. അതേ നമ്മുടെ സ്വന്തം അമിതാഭ് ബച്ചന്റെ അച്ഛൻ.
കരീംലാല, കൈപ്പമംഗലം
ഗുസ്തി താരങ്ങൾ നമ്മുടെ അഭിമാനങ്ങൾ
കാലിക പ്രസക്തിയുള്ള ഒരു ചൂടന്‍ വിഷയമാണ് റസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സാരഥിയായ ബ്രിജ് ഭൂഷനെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ലൈംഗികാക്രമണ ആരോപണങ്ങള്‍. അതിനോട് പ്രതികരിക്കുന്ന സനല്‍ പി. തോമസിന്റെ ‘കണ്ടില്ലെന്നു നടിക്കരുത് ഗോദയിലെ പെണ് പ്രതിഷേധം’ എന്ന ആഴ്ചപ്പതിപ്പിലെ ലേഖനം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു –(ലക്കം 1315). ഇത്രയും ഗൗരവമുള്ള പ്രശ്നത്തില്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനുള്ള ഉത്തരം ലളിതം. ബി.ജെ.പിയുടെ വോട്ടുബാങ്കാണ് ബ്രിജ് ഭൂഷണ്.
അങ്ങനെയുള്ള ഒരാളെ പിണക്കാന്‍ ഭരണകര്‍ത്താക്കള്‍ കൂട്ടാക്കുമോ? ഭരണത്തിനു സഹായികളായി നില്ക്കുന്നവര് എന്തുചെയ്താലും അവര്‍ക്കതെല്ലാം ശരികളാണ്. ഭരണം നിലനിര്ത്തിപ്പോകണമല്ലോ. പൊതുജനം അതിനൊക്കെ വളംവെച്ചുകൊടുക്കുന്നു.
ലോകത്തിന് അഭിമാനമായ ഇന്ത്യന്‍ കായികരംഗത്തെ മെഡല്‍ ജേതാക്കളാണ് നമ്മുടെ ഗുസ്തി താരങ്ങള്‍. അവരെന്നല്ല ഇന്ത്യന്‍ കായികരംഗത്ത് ആരെങ്കിലും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ അതൊക്കെ അവരുടെ വ്യക്തിപരമായ കഴിവും പരിശീലനങ്ങളുംകൊണ്ട് മാത്രം ലഭിച്ചതാണ്. കഴിയുന്നിടത്തോളം അവരെ ഉപദ്രവിക്കാനല്ലാതെ സഹായിക്കാന്‍ ശ്രമിക്കുന്ന ഭരണകര്‍ത്താക്കളും, അധികാരികളും വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. രാജ്യാന്തര മത്സരങ്ങളില്‍ വിജയിച്ചു വരുന്നവരെ മാലയിട്ടു സ്വീകരിക്കുന്നവര്‍ക്ക് അവര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് അറുതിവരുത്താനും ബാധ്യതയില്ലേ? ഇന്ത്യന്‍ കായികരംഗം താഴോട്ടുപോകുന്നു എന്ന് പരിതപിക്കുന്നവര്‍ അവരനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടികള്‍ കൈക്കൊള്ളാനും ബാധ്യസ്ഥരാണ്. പ്രമാണിമാര്‍ വിരാജിക്കുമ്പോള്‍ താരങ്ങള്‍ കെട്ടടങ്ങുന്ന അവസ്ഥയുണ്ടാകരുത്. കായികസംഘടനകളില്നിന്നും രാഷ്ട്രീയക്കാര്‍ പുറത്തായാല്‍ തന്നെ ഇന്ത്യ ഇതിനേക്കാള്‍ പതിന്മടങ്ങ് നേട്ടങ്ങള്‍ കൊയ്തെടുക്കുമെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട് ഈ രാജ്യത്ത്. ഇത് ഇന്ത്യന്‍ കായികരംഗത്തെ മഹാ സാമ്പത്തികസ്രോതസ്സായ ക്രിക്കറ്റിനും ബാധകമാണ്.
നമ്മുടെ നാട്ടുകാരിയായ ഒളിമ്പ്യന്‍ ഉഷ പറഞ്ഞത് കേട്ടില്ലേ? ഗുസ്തി താരങ്ങള്‍ സമരം തുടങ്ങിയപ്പോള്‍ അവരെ വന്നു കാണുകയും അവരോട് അനുകമ്പ കാണിക്കുകയും ചെയ്ത ഉഷ, സമരം ചെയ്ത് തളര്‍ന്നിട്ടും നീതി ലഭിക്കാതെ വന്ന താരങ്ങള്‍ രണ്ടാമതും സമരത്തിനിറങ്ങിയപ്പോള്‍ നടത്തിയ പ്രസ്താവന രാജ്യത്തിലെ നിഷ്പക്ഷമതികളെ വേദനിപ്പിച്ചു. ഒളിമ്പിക്സ് അസോസിയേഷന്റെ അത്ലറ്റിക്സ് കമീഷന് പരാതി നല്‍കാതെ പൊതുവേദിയില്‍ സമരത്തിന് ഇറങ്ങിയത് രാജ്യത്തിന് അപമാനകരമായെന്നായിരുന്നു ഉഷ പറഞ്ഞതിന്റെ ചുരുക്കം. ആര്‍ക്കോ വേണ്ടി പറയുകയായിരുന്നില്ലേ ഉഷ എന്ന് തോന്നിപ്പിക്കുന്ന വാക്കുകള്‍. ‘‘താരങ്ങള്‍ക്ക് അച്ചടക്കമില്ലെന്നു കുറ്റപ്പെടുത്തിയ പി.ടി. ഉഷ വനിതാ താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബാധ്യസ്ഥയാണ്. കായികരംഗത്ത് പുലര്‍ത്തേണ്ട ധാർമികത മറന്ന സംഘടനാ ഭാരവാഹികളെ പാര്‍ട്ടി നോക്കി പിന്തുണക്കരുത്’’ എന്ന ലേഖകന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. രാജ്യത്തിന് യശസ്സ് നേടിയെടുക്കുന്ന കായികതാരങ്ങള്‍ ഏറ്റവും നികൃഷ്ടവും ലജ്ജാകരവുമായ ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് പൊലീസിന്റെയും കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ നേടിക്കൊടുക്കേണ്ടത് കോടതിയുടെയും ചുമതലയാണ്. അല്ലെങ്കില്‍ ഇതിനൊക്കെ കണക്കുപറയേണ്ട ഒരുകാലം വരുമെന്ന് ഓർമിപ്പിക്കുന്നു.
സണ്ണി ജോസഫ്, മാള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.