ആദിവാസികളോടുള്ള പൊതുബോധം തിരുത്തപ്പെടട്ടെവയനാട്ടിലെ ആദിവാസികളുടെ ജീവിതം പശ്ചാത്തലമാക്കി ഷബിത എഴുതിയ ‘അരുന്ധക്കനി’ എന്ന നോവൽ വായിച്ചുകൊണ്ടിരിക്കെയാണ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സിന്ധു മാങ്ങണിയന്റെ ആത്മകഥാഭാഗം ശ്രദ്ധയിൽപെടുന്നത് (ലക്കം: 1332). മഹത്തായ സാംസ്കാരിക പൈതൃകം അവകാശപ്പെടാനുള്ള ഗോത്രവിഭാഗമാണ് വയനാട്ടിലെ ആദിവാസികൾ. തനതായ വിശ്വാസപാരമ്പര്യവും കലാരൂപങ്ങളും ഇവർക്ക് സ്വന്തമായുണ്ട്. എന്നാൽ, പണിയവിഭാഗത്തിന്റെ സാംസ്കാരിക പാരമ്പര്യവും ജീവിതരീതികളും വേണ്ട അളവിൽ മലയാള സാഹിത്യത്തിൽ ആവിഷ്കരിക്കപ്പെട്ടിട്ടില്ല. പി. വത്സലയുടെ ‘നെല്ല്’, വി. മുഹമ്മദ് കോയയുടെ ‘ചില്ലുകൊട്ടാരങ്ങൾ’...
ആദിവാസികളോടുള്ള പൊതുബോധം തിരുത്തപ്പെടട്ടെ
വയനാട്ടിലെ ആദിവാസികളുടെ ജീവിതം പശ്ചാത്തലമാക്കി ഷബിത എഴുതിയ ‘അരുന്ധക്കനി’ എന്ന നോവൽ വായിച്ചുകൊണ്ടിരിക്കെയാണ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സിന്ധു മാങ്ങണിയന്റെ ആത്മകഥാഭാഗം ശ്രദ്ധയിൽപെടുന്നത് (ലക്കം: 1332). മഹത്തായ സാംസ്കാരിക പൈതൃകം അവകാശപ്പെടാനുള്ള ഗോത്രവിഭാഗമാണ് വയനാട്ടിലെ ആദിവാസികൾ. തനതായ വിശ്വാസപാരമ്പര്യവും കലാരൂപങ്ങളും ഇവർക്ക് സ്വന്തമായുണ്ട്. എന്നാൽ, പണിയവിഭാഗത്തിന്റെ സാംസ്കാരിക പാരമ്പര്യവും ജീവിതരീതികളും വേണ്ട അളവിൽ മലയാള സാഹിത്യത്തിൽ ആവിഷ്കരിക്കപ്പെട്ടിട്ടില്ല. പി. വത്സലയുടെ ‘നെല്ല്’, വി. മുഹമ്മദ് കോയയുടെ ‘ചില്ലുകൊട്ടാരങ്ങൾ’ തുടങ്ങിയ നോവലുകളിലും കൽപറ്റ നാരായണന്റെ ആത്മകഥയായ ‘കോന്തല’യിലുമെല്ലാം വയനാട്ടിലെ ആദിവാസികളുടെ ജീവിതചിത്രങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്നാൽ, ഗോത്രസംസ്കാരത്തിന്റെ ഉള്ളറകൾ അനാവരണം ചെയ്യാൻ ആ സമുദായത്തിൽനിന്നുതന്നെ ഒരെഴുത്തുകാരി മുന്നിട്ടിറങ്ങിയത് പ്രശംസനീയമാണ്. ഒരു സമുദായത്തിന്റെ ചരിത്രവും സംസ്കാരവും ആവിഷ്കരിക്കാൻ എന്തുകൊണ്ടും യോഗ്യർ അവർതന്നെയാണ്. അക്ഷരജ്ഞാനമില്ലാത്തവർ, പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെടാത്തവർ തുടങ്ങി ആദിവാസികളെ സംബന്ധിച്ച മലയാളിയുടെ പൊതുബോധം തിരുത്തിയെഴുതാൻ ‘ഇടതുനെഞ്ചിലെ ഉച്ചാലു മാസങ്ങൾ’ക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.
പുസ്തകത്തെ സംബന്ധിച്ച് ആഴ്ചപ്പതിപ്പിലൂടെ ലഭിച്ച വിവരം മാത്രമേ ഈ വായനക്കാരനുള്ളൂ. എങ്കിലും, അരികുവത്കരിക്കപ്പെടുന്ന ഒരു സമുദായത്തിന്റെ ജീവിതസാഹചര്യങ്ങൾ അനാവരണം ചെയ്യപ്പെടുമ്പോൾ അത് മലയാള സാഹിത്യത്തിലെ മികച്ച അടയാളപ്പെടുത്തലാകുമെന്ന് കരുതുന്നു. പുസ്തകം കൂടുതൽ ചർച്ചകൾക്കും പഠനങ്ങൾക്കും വഴിതുറക്കട്ടെ.
റുമൈസ് ഗസ്സാലി, കെല്ലൂർ
ഹൃദയത്തിൽ തറച്ച വായന
‘ഇടത് നെഞ്ചിലെ ഉച്ചാലു മാസങ്ങൾ’ എന്ന സിന്ധു മാങ്ങണിയന്റെ ആത്മകഥാംശവും അനുബന്ധമായി അജിത് എം. പച്ചനാടൻ എഴുതിയ ദീർഘപഠനത്തിന്റെ ഭാഗങ്ങളും ഹൃദയസ്പർശിയായി അനുഭവപ്പെട്ടു (ലക്കം: 1332). വയനാട്ടിലെ പണിയ വിഭാഗത്തിൽനിന്ന് ഉയർന്നുവന്ന ഗോത്രകവി സിന്ധു മാങ്ങണിയന്റെ ജീവിതമെഴുത്തിന് വാക്കുകളുടെ ചമത്കാരത്തെക്കാൾ അനുഭവങ്ങളുടെ ആഴമുണ്ടെന്നത് വായനക്കാരനെ പിടിച്ചിരുത്തുന്നു. അതിനുമപ്പുറം സാക്ഷര കേരളത്തിൽ ആദിവാസി പെൺകുട്ടി എത്രമാത്രം സുരക്ഷിതയാണെന്നും സ്വതന്ത്രയാണെന്നും വ്യക്തമാക്കുന്നതാണ് സിന്ധുവിന്റെ എഴുത്ത്. ജീവിതത്തിൽ അനുഭവിച്ച യാതനകളെ അക്ഷരങ്ങളായി കോർത്തതിനിടയിൽ പറഞ്ഞുപോവുന്ന വാമൊഴി വഴക്കങ്ങളും കാടറിവുകളും ഒരു ദേശത്തിന്റെ ഗോത്രത്തിന്റെ ആന്തരിക അർഥങ്ങൾ വെളിപ്പെടുത്തുന്നുവെന്ന് അജിത് എം. പച്ചനാടൻ നിരീക്ഷിച്ചിട്ടുണ്ട്. നല്ല വായനാനുഭവം നൽകിയ എഴുത്തുകളായിരുന്നു.
ഷമീൽ എം.എ ഓണപ്പറമ്പ
മലയാള ഭാഷ സ്വീകരിച്ചതിന്റെ അടയാളം
എന്റെ ജില്ലക്കാരനായ കഥാകൃത്ത് റാം തങ്കത്തിനെ, അദ്ദേഹത്തിന്റെ പ്രശസ്തമായ തമിഴ് കഥ ‘തിരുകാർത്തിയൽ’ (തൃക്കാർത്തിക) അവതരിപ്പിച്ചുകൊണ്ട് പരിചയപ്പെടുത്തിയത് വളരെ നന്നായി. യുവ പുരസ്കാർ നേടിയ റാം തങ്കത്തെ മലയാള ഭാഷ സ്വീകരിച്ചതിന്റെ അടയാളമായിട്ടാണ് മാധ്യമത്തിന്റെ കവർചിത്രത്തോടുകൂടിയ പരിചയപ്പെടുത്തലും അഭിമുഖവും ഞാൻ മനസ്സിലാക്കുന്നത്.
പൊൻമന വത്സകുമാർ,
കന്യാകുമാരി നിറഞ്ഞൊഴുകുന്ന കഥ
ഈ ആഴ്ചത്തെ മാധ്യമം ആഴ്ചപ്പതിപ്പ് സുഭാഷ് ഒട്ടുംപുറത്തിന്റെ ‘അതിരൂപ’യുമായാണ് എത്തിയത് (ലക്കം: 1333). പുഴയാഴം പോലെതന്നെയാണ് റാഹേലിന്റെ, പല മനസ്സുകളിൽ തെളിയുന്ന പ്രതിബിംബങ്ങൾ. “റാഹേലായിരുന്നു സാറേ എന്റെ അന്നം” എന്ന് വിശ്വസിച്ച കടത്തുകാരന്റെ തോണി അവളുടെ പ്രായത്തിനൊപ്പം വള്ളിപടർന്ന് കിടക്കുമ്പോൾ മൂന്ന് കൊല്ലങ്ങൾക്ക് മുന്നേ താൻ വളരാൻ കാത്തുവെച്ച മീനിപ്പോൾ പൊന്തിവരുമെന്ന വിശ്വാസത്തിലാവും ആ പൊന്മാനിങ്ങനെയിരിക്കുന്നത്. നോക്കിയിരിപ്പിന്റെ നിരാശയിൽ അതിനെ തിരിച്ചറിയാൻ ഉറക്കം തൂങ്ങിയ പൊന്മാന് ആയിരം രൂപ കാണേണ്ടിവന്നു.
“ഞാനിനി ഇവിടുന്ന് തിരിച്ചു വരുന്നില്ല അന്തോണിച്ചാ. ഞാനിവിടെയങ്ങ് കൂടാൻ തീരുമാനിച്ചു.” എന്ന വാക്കുറക്കാൻ അയാൾ മൂന്ന് കൊല്ലം കൂടി കാത്തിരിക്കുന്നു. ഉള്ളുപൊള്ളിച്ച കുത്തിവെപ്പിന് തടുക്കാൻ കഴിയാത്ത പേവിഷത്തെ അയാൾ ഉരുക്കിയതാവാം. ആ കാലമത്രയും കഴുത്തിൽ നീറും ഓർമ സമ്മാനിച്ച നായക്കൂട്ടം റാഹേലിനെ കാത്തുസൂക്ഷിക്കുന്നു. കാത്തിരിപ്പിന്റെ വിരാമത്തിൽ അവയുടെ ആഹ്ലാദപ്രകടനത്തിൽ കണ്ണടക്കുള്ളിലൂടെ അവൾ പുഞ്ചിരിക്കുമ്പോൾ, റാഹേൽ നമുക്കും ആഹ്ലാദത്തിന്റെ ദ്വീപാവുന്നു, അതിരൂപയാവുന്നു. മൂന്നേ മൂന്ന് കഥാപാത്രങ്ങളിലൂടെ കഥ നിറഞ്ഞൊഴുകുന്നു.
ഫെബിന പി.എസ് (ഫേസ്ബുക്ക്)
കഥകൾ വായിക്കുമ്പോൾ
വാർഷികപ്പതിപ്പുകളുടെ സർഗാത്മക ധാരാളിത്തം നിർമിക്കുന്ന മന്ദതക്ക് ബദലാണ് മാധ്യമം ആഴ്ചപ്പതിപ്പ് ഇറക്കിയ കഥാപതിപ്പ് (ലക്കം: 1331). സുസ്മേഷ് ചന്ത്രോത്ത്, വി. ഷിനിലാൽ, അനിൽ ദേവസ്സി, സന്ധ്യ എൻ.പി, വിനോദ് ലാൽ, യാസർ അറഫാത്ത്, പ്രിയ സുനിൽ, സബീന എം. സാലി, എം. പ്രശാന്ത് അടക്കമുള്ള കഥാകൃത്തുക്കളുടെ കഥകളാണ് അവയിൽ. (ഭാവുകത്വത്തെ നവീകരിക്കാൻ കെൽപുള്ള പുതുനിരക്കാരുടെ കഥകളല്ലേ വാർഷികപ്പതിപ്പുകൾ കൊടുക്കേണ്ടത്, നൂറ്റൊന്നാവർത്തിച്ചിട്ട് വെള്ളം ചേർത്ത അക്ഷീര അബലങ്ങളേക്കാൾ?) അതിലെ രണ്ടു കഥകളുടെ ആഖ്യാനരീതി പരിശോധിക്കുന്നു.
സഹവാസികളായ മനുഷ്യരുടെ മാനസികവ്യാപാരങ്ങളെ അതിസൂക്ഷ്മമായി കോർത്തെടുക്കുന്ന കഥയാണ് സുസ്മേഷിന്റെ ‘കല്ല്, കോഴി, മനുഷ്യൻ’. ദാമ്പത്യം, സൗഹൃദം, ലൈംഗികത, വാർധക്യം, അധ്വാനം തുടങ്ങിയവയെ പ്രശ്നാത്മകമാക്കുന്ന കഥയാണിത്. ശരീരത്തിന്റെ പരിമിതി എന്ന വിഷയത്തെ അസാധാരണമായ ഉൾക്കാഴ്ചയോടെ നോക്കിക്കാണുന്നു എന്ന പ്രത്യേകത കഥക്കുണ്ട്. പക്ഷേ, കഥയുടെ അവസാനം ആഖ്യാതാവ് ഒരു കുഴമറിച്ചിലിലെത്തുന്നു. മാർകേസിന്റെ അപ്പാർട്മെന്റിൽനിന്ന് ഒഴുകി റോഡിലേക്കെത്തുന്ന വെളിച്ചംപോലെ മുട്ടനാടിനേക്കാളും വലുപ്പവും ഇപ്പോൾ ബലവും കൂടിയ പൂവൻകോഴി ഇറങ്ങിനടക്കുകയാണ്. തുറന്ന ഒരവസാനമെന്ന് അതിനെ വിളിക്കാനാവില്ല. അതുവരെ പറഞ്ഞതും കെട്ടിയുയർത്തിയതുമായ കാര്യങ്ങൾക്ക് യോജിക്കാത്ത ഒരു ന്യൂനീകരണം അവസാനഭാഗത്ത് വന്നുപോകുന്നില്ലേ എന്നാണ് സംശയം (ചർച്ച വേണ്ടതാണ് –അല്ലെങ്കിലും ചർച്ച നമുക്കില്ലല്ലോ? കൊള്ളാം അല്ലെങ്കിൽ കൊള്ളില്ല എന്നതിലടങ്ങുന്നു എല്ലാം). കഥ എങ്ങനെ അവസാനിപ്പിക്കണമെന്നത് എഴുത്തുകാരന്റെ തീരുമാനമാണ്. ഒരുപക്ഷേ, മറ്റൊരു വീക്ഷണകോണിൽനിന്നാലോചിച്ചാൽ ഇതിനേക്കാൾ നല്ല അവസാനം ആ കഥക്ക് കിട്ടാനില്ലെന്നു വരും. ആ കാഴ്ചവട്ടത്തെ കൂടുതൽ ഉള്ളറിവുള്ളവർ അവതരിപ്പിക്കേണ്ടിയിരിക്കുന്നു.
അനിൽ ദേവസ്സിയുടെ സുന്ദരമായ കഥയാണ് ‘മധുരക്കിഴങ്ങു തിന്നുന്നവർ’. ആ പേരിൽതന്നെയുണ്ട് കഥയുടെ ഹൈപ്പർ ലിങ്കും ചാരുതയും. പക്ഷേ, അനിൽ കഥയിലെ പൊള്ളുന്ന ഭാഗം അവതരിപ്പിക്കാൻ ഉത്തമ-മധ്യമ പുരുഷ (ഞാൻ നിന്നോട് എന്ന ലൈൻ) വഴിയാണ് തിരഞ്ഞെടുത്തത്. വളരെ ശ്രദ്ധിച്ചാണ് അനിൽ കഥ പറയുന്നത്. വാക്യങ്ങൾക്കെല്ലാം ധ്വനിയുണ്ട്. “നിങ്ങളെ കൊല്ലാനാണു ഞാൻ വന്നിരിക്കുന്നത്’’ എന്നു പറയുന്നതോടെ ആദ്യഭാഗത്ത് കണ്ട നിസ്സാരനായ മനുഷ്യൻ ഇല്ലാതാവുന്നു. വായനക്കാർ വെറുപ്പോടെയും അറപ്പോടെയും കണ്ട ക്രൂരന്മാരായ മനുഷ്യർ പാവങ്ങളായും പോകുന്നു. ഇതല്ലാതെ മറ്റെന്തു മാർഗമാണ് കഥാകൃത്തിനു മുന്നിലുള്ളത് എന്നും ചർച്ചചെയ്യാം.
ആർ.പി. ശിവകുമാർ (ഫേസ്ബുക്ക് കുറിപ്പിൽ നിന്നൊരു ഭാഗം)
ആർ. മനോജ് സ്മാരക കവിതാ പുരസ്കാരം
കവി ആർ. മനോജിന്റെ സ്മരണാർഥം പാപ്പാത്തി പുസ്തകങ്ങളും അഭിധ രംഗസാഹിത്യ വീഥിയും സംയുക്തമായി ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിലേക്ക് കൃതികൾ ക്ഷണിക്കുന്നു. 2021 ഡിസംബർ 1നും 2023 ജനുവരി 1നും ഇടക്ക് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് അവാർഡിന് പരിഗണിക്കുന്നത്. പുസ്തകത്തിന്റെ മൂന്നു പ്രതികൾ ഒക്ടോബർ 10ന് മുമ്പായി ലഭ്യമാക്കണം.
വിലാസം: Sandeep k raj, pappathipusthakangal, TC 25/3431, Opp. BSNL Bhavan, Uppalam road, statue, Gpo, Tvm 1. 916282982438
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.