രാജ്യത്ത് ഫാഷിസത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി ‘തുടക്ക’ത്തിലൂടെ ഐക്യദാർഢ്യമർപ്പിച്ച മാധ്യമം ആഴ്ചപ്പതിപ്പിന് അഭിനന്ദനങ്ങൾ. വാസ്തവത്തിൽ ഇന്ത്യയിലെ ക്രിസ്ത്യൻ സമുദായം മുസ്‍ലിംകളെപ്പോലെത്തന്നെ സംഘ്പരിവാർ ഫാഷിസത്തിന്റെ ഇരകളാണ്. ‘വിചാരധാര’യിൽ സംഘ്പരിവാർ താത്ത്വികാചാര്യൻ ഗോൾവാൾക്കർ രാജ്യത്തിന്റെ ആഭ്യന്തരശത്രുക്കളിൽ രണ്ടാമതായി എഴുതിയ വിഭാഗം. രാജ്യത്തെമ്പാടും ക്രൈസ്തവ മതവിശ്വാസികളും പുരോഹിതരും വേട്ടയാടപ്പെടുകയാണ്. ആഗോള മാധ്യമങ്ങളും ക്രൈസ്തവ സംഘടനകളും ഈ വിഷയം നിരവധി വർഷങ്ങളായി ഉന്നയിച്ചുവരുന്നുണ്ട്. ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ‘ദി ഗാർഡിയൻ’ ഇതുസംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇേപ്പാഴിതാ സുപ്രീംകോടതിതന്നെ കർണാടക, മധ്യപ്രദേശ്, ബിഹാർ, ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, ഒഡിഷ അടക്കമുള്ള ആറ് സംസ്ഥാനങ്ങളോട് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പറഞ്ഞിരിക്കുന്നു. തീവ്രവാദ ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമിക്കെതിരെ നടത്തിയ നീക്കങ്ങളും നാം കണ്ടതാണ്. എല്ലായിടത്തും പ്രതിസ്ഥാനത്തുള്ളതാകട്ടെ, ഹിന്ദുത്വ ശക്തികൾതന്നെയാണ്.
ഇത്രയുമധികം ആക്രമണങ്ങൾ ഉയർന്നിട്ടും കേരളത്തിലെ ശക്തരായ ക്രിസ്ത്യൻ സഭകളൊന്നും വിഷയത്തിൽ കാര്യമായ പ്രതിഷേധം ഉയർത്തിയതായി കണ്ടില്ല. അവരിപ്പോഴും സംഘ്പരിവാർ തരുന്ന അപ്പക്കഷണങ്ങൾക്കുവേണ്ടി നോക്കിയിരിക്കുകയാണ്. സംഘ്പരിവാറിന് വേണ്ടി മുസ്‍ലിം വിരുദ്ധ പ്രസ്താവനകൾ നടത്താനും ലവ് ജിഹാദ് അടക്കമുള്ള സംഘ്പരിവാർ കള്ളങ്ങൾ ആവർത്തിക്കാനും ഇവർക്കൊരു മടിയുമില്ല. ഒരു പടികൂടി കടന്ന് നാർകോട്ടിക് ജിഹാദ് അടക്കമുള്ള സംജ്ഞകൾ ‘വികസിപ്പിക്കാനും’ അവർക്കായി. കേരളത്തിന്റെ സുരക്ഷിതത്വത്തിലിരുന്ന് സ്വന്തം സഹോദരങ്ങൾക്കുവേണ്ടി ശബ്ദിക്കാത്ത ഇവരോട് കാലം കണക്ക് ചോദിക്കുകതന്നെ ചെയ്യും.
എബ്രഹാം, ഇടുക്കി
മുൻകാലങ്ങളിലൊക്കെ ആഴ്ചപ്പതിപ്പുകളും സാംസ്കാരിക നായകരുമെല്ലാം കുത്തകകൾ നമ്മുടെ കുടിവെള്ളത്തിന് വിലയിടുമെന്ന വാദങ്ങൾ കേൾക്കുമ്പോൾ നമ്മുടെ കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ചിന്തിച്ചിരുന്നു. ‘കുടിവെള്ളം ഒഴുകി അകലുന്നു’ എന്ന തലക്കെട്ടിൽ ഷംനാസ് കാലായിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം ചെറിയ രീതിയിലെങ്കിലും വിഷയത്തിലേക്ക് കേരളത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട് (ലക്കം: 1305). മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിലൊന്നായ കുടിവെള്ളത്തിന്റെ വിലനിർണയം, കരം പിരിക്കൽ, വിലവർധന തുടങ്ങിയവ സ്വകാര്യ കമ്പനികൾ തീരുമാനിക്കുമെന്ന വലിയ സ്ഥിതിവിശേഷം സംജാതമായിട്ടും എന്താണ് നമ്മുടെ മാധ്യമങ്ങൾ നിശ്ശബ്ദമായിരിക്കുന്നത്? സാധാരണ ജനങ്ങൾ ഇനിയും ഇതിന്റെ ഭവിഷ്യത്ത് അറിഞ്ഞില്ലേ? അതോ അവരെ അത് ബോധ്യപ്പെടുത്തേണ്ട രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ഉറക്കം നടിക്കുകയാണോ? ഈ ഭവിഷ്യത്തിനെതിരെ പ്രതിഷേധമുയർത്താൻ ഇനിയും വൈകിക്കൂടാ.
സത്യൻ, കോഴിക്കോട്
നാം ആയുസ്സറുതിയോളം പെയ്തൊഴിയുന്ന നമ്മുടെ വീടിന്റെ സ്വത്വം അന്യമാകുന്നുവോ എന്ന തിരിച്ചറിവിൽനിന്നാണ് ജയശ്രീ പള്ളിക്കലിന്റെ ‘വിറച്ചും വിയർത്തും പനിച്ചും ഒരു വീട്’ എന്ന ഈ കവിത ഉണർന്നെഴുന്നേൽക്കുന്നത് (ലക്കം: 1304). ആധുനികോത്തര കാലത്തെ ‘വീടിനെ, അതിന്റെ പൊള്ളയായ ഈടു വെപ്പുകളെ, തുറന്നുവെക്കുന്നതോടൊപ്പം, വീട് എന്ന ചേതനവും അചേതനവുമായ ഒരു യാഥാർഥ്യം എങ്ങനെയാണ് ജീവിതവ്യാഖ്യാനത്തിന് ഉപകരണമാകുന്നതെന്നും കവിത കാട്ടിത്തരുന്നു. പിറന്ന വീടിനോട് ആത്മബന്ധം പുലർത്തി, എക്കാലവും അതിനോടൊപ്പം ഇഴചേർന്നിരുന്ന ഒരു തലമുറയിൽനിന്നും വീട് ഒരോർമ പോലുമല്ലാതെയാകുന്ന പുതിയകാലത്തെ മനുഷ്യന്റെ നിസ്സാരതയെ കവിത വിമർശിക്കുന്നുണ്ട്. ആർക്കും വേണ്ടാതെ അകാലമൃത്യു വരിക്കുന്ന വീടിന്റെ ദയനീയ ചിത്രം നമ്മെ നൊമ്പരപ്പെടുത്തുന്നതാണ്. വീട് കേവലം ഭൗതിക വസ്തുവല്ലെന്നും ഏതൊരു മനുഷ്യന്റെയും ഉള്ളിലുറങ്ങുന്ന നിത്യസ്മാരകമാണെന്നും ഇവിടെ ബോധ്യപ്പെടുന്നുണ്ട്. തിരസ്കൃതമായ ഒരു ഭൂതകാലത്തുനിന്നും കിളിയൊച്ചകളാൽ ഹരിതാഭമായ, പുതിയ ജാലകം തുറന്നുകൊണ്ടാണ് കവിത അവസാനിക്കുന്നത്. ആർദ്രവും ഒഴുക്കുള്ളതുമായ ഭാഷ പ്രമേയത്തെ നിഷ്കളങ്കമായി പിന്തുടരുന്നു. വായനക്കാരെ ആദ്യവസാനം കൂടെ നിർത്താൻ കവിതക്ക് കഴിഞ്ഞിട്ടുണ്ട്.
കൃഷ്ണകുമാർ പന്തളം
മാധ്യമം ആഴ്ചപ്പതിപ്പിൽ ഷബിത എഴുതിയ ‘അണ്ടിക്കീരി’ വായിച്ചു (ലക്കം: 1305). മേലാളൻ തന്റെ സദസ്സിൽ കീഴാളനെ ചേർക്കാത്തത് അന്നേരം തങ്ങൾ തമ്മിലുള്ള വേർതിരിവിന്റെ അകലം കുറയുമെന്ന് ഭയന്നിട്ടുതന്നെയാണ്. തൊഴിലിടത്ത് മേലാളൻ കീഴാളന്റെ അരികെ ചേർന്ന് നിൽക്കാത്തത് തൊഴിൽ ഉടലിൽ ചുരത്തുന്ന വിയർപ്പ് ഗന്ധം അറപ്പായതുകൊണ്ടാണ്. മേലാളൻ വന്മാളിക പണിഞ്ഞ് ചുറ്റുമതിൽ ഉയർത്തുന്നത് തന്റെ പെണ്ണിനെ കീഴാളന്റെ ദൃഷ്ടിയിൽനിന്നും അകറ്റാൻ വേണ്ടിയാണ്. കീഴാളന്റെ നാവ് ഉയർന്ന് പൊങ്ങുന്നത് തടയുന്നത് ആ നാവ് നിമിത്തം തങ്ങളുടെ കസേരയുടെ കാലൊടിയുമെന്ന ഭീതികൊണ്ടാണ്.
പക്ഷേ, ഗൾഫിടം, ആഗോളീകരണം, സമൂഹമാധ്യമങ്ങൾ എന്നിവ ഈ സീമകളെ ഒരുവിധം നീക്കംചെയ്തു. അവിടെ ഏത് മുന്തിയ ഭക്ഷണവും വിലകൂടിയ വസ്ത്രവും ഏത് ഇടവും കാശുള്ള കീഴാളൻ സ്വന്തമാക്കുന്നു. വസ്ത്രം, ഭക്ഷണം, ഗൃഹം എന്നിവ ഒരുകാലത്തെ മേലാള ചിഹ്നങ്ങൾ ആയിരുന്നുവല്ലോ?
കൂടാതെ, സോഷ്യൽ മീഡിയ ഏവർക്കും നല്ല നാവുകൾ നൽകി.അപ്പോൾ ചാമൻ അശോകന് മേലാളത്തിയെ ചോദ്യംചെയ്യാം. മറുവാദം തുടരാം..
കഥപറച്ചിൽ ഇഷ്ടമായി, ഷബിത നിരാശപ്പെടുത്തിയില്ല.
‘‘നിങ്ങ എന്റെ മോക്കൊരു പുതിയത് മേടിച്ചു കൊട്.’’
നസ്റു ഷമി (ഫേസ്ബുക്ക്)
ലക്കം 1303ൽ, പർവേസ് മുശർറഫിനെ ഓർമിച്ചത് തീർത്തും വ്യത്യസ്തമായ രീതിയിലായി. ഫെബ്രുവരി അഞ്ചിന് ദുബൈയിൽ മരണപ്പെട്ട അദ്ദേഹത്തിന്റെ ആത്മകഥയിൽനിന്നൊരു ഭാഗമാണ് (പാകിസ്താനിലേക്കുള്ള വിമാനം) പ്രസിദ്ധീകരിച്ചത്. നവാസ് ശരീഫിനെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചെടുക്കുന്നതിന് തൊട്ടുമുന്നെയുള്ള നിമിഷങ്ങളാണ് അധ്യായത്തിൽ വിവരിക്കുന്നതെങ്കിലും പാക് രാഷ്ട്രീയത്തിന്റെ സ്ഥിരം അനിശ്ചിതത്വങ്ങൾതന്നെയാണ് അവിടെ പ്രതിഫലിക്കുന്നത്. ആ അർഥത്തിൽ, പർവേസ് മുശർറഫ് അനുസ്മരണം മാത്രമല്ല ആ ആത്മകഥാ ഭാഗം. മറിച്ച്, കാലങ്ങളായി പാകിസ്താൻ രാഷ്ട്രീയത്തിൽ കൂടിയിരിക്കുന്ന സംഘർഷങ്ങളും അനിശ്ചിതത്വങ്ങളുമാണ്.
എന്റെ ഭവനത്തിൽ എനിക്കായ് ഞാനൊരു കഴുമരം തീർത്തുവെന്ന ഡാന്റെയുടെ വാചകം പാക് രാഷ്ട്രീയം മുന്നിൽ കണ്ടായിരുന്നുവെന്ന് പലരും തമാശയായി പറയാറുണ്ട്. സത്യത്തിൽ ഒരു കഴുമരം തന്നെയാണ് പാക് രാഷ്ട്രീയം. അപസർപ്പക കഥകളിലെ ഉദ്വേഗജനകമായ അധ്യായങ്ങൾ പോലെയാണ് എക്കാലവും അവിടെനിന്നുള്ള വർത്തമാനങ്ങൾ. അധികാരത്തിന്റെ പരകോടിയിലെത്തിയവർക്കെല്ലാം കഴുമരവും പ്രവാസവും കാരാഗൃഹവാസവുമെല്ലാം സമ്മാനിച്ച ദേശം. ഒന്നും വൈദേശിക ഇടപെടലോ യുദ്ധങ്ങളോ മൂലം സംഭവിച്ചതല്ല, അധികാരതർക്കങ്ങളും അഴിമതിയുമൊക്കെയായിരുന്നു മിക്കവാറും എല്ലാറ്റിന്റെയും കാരണം. നാല് പതിറ്റാണ്ട് മുമ്പ്, വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സുൽഫിക്കർ അലി ഭുട്ടോയെ അധികാരത്തിൽനിന്ന് അദ്ദേഹത്തെ പ്രതിയോഗികൾ പിടിച്ചുമാറ്റി തൂക്കുകയർ സമ്മാനിക്കുകയിരുന്നല്ലോ. അതിന് കാർമികത്വം വഹിച്ച സിയാഉൽ ഹഖിനും അതേ വിധിയായിരുന്നു. വർഷങ്ങൾക്കുശേഷം, ബേനസീറിനും അതുതന്നെയാണ് വിധിക്കപ്പെട്ടത്. ഇക്കൂട്ടത്തിൽ നവാസ് ശരീഫ് ആണ് ഭാഗ്യവാൻ. അദ്ദേഹത്തിനുള്ള ശിക്ഷ സ്വത്ത് കണ്ടുകെട്ടലിൽ ഒതുങ്ങി. പർവേസ് മുശർറഫും ഒരർഥത്തിൽ ഭാഗ്യവാനാണ്. കഴുമരം കിട്ടേണ്ട പല സന്ദർഭങ്ങളുണ്ടായിട്ടും ശിക്ഷ പ്രവാസത്തിലൊതുങ്ങി. ഒടുവിൽ, അവിടെവെച്ച് അദ്ദേഹം മരണത്തിനും കീഴടങ്ങി.
ആത്മകഥാ ഭാഗത്തിൽ സൂചിപ്പിച്ച കാര്യങ്ങൾ പർവേസിന്റെ ജീവിതത്തിലെ പുതിയ ചുവടിന്റെ തുടക്കമായിരുന്നു. അതിനുശേഷം എന്തെല്ലാം സംഭവിച്ചുവെന്ന് നമുക്കറിയാം. കാർഗിൽ യുദ്ധം ഉൾപ്പെടെ എത്രയെത്ര സംഭവങ്ങൾ. പർവേസ് മുശർറഫ് വിടവാങ്ങുമ്പോൾ, പാക് രാഷ്ട്രീയത്തിൽ ഒരു യുഗം അവസാനിക്കുകയാണ്. പക്ഷേ, പുതിയ യുഗത്തിലും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് മാറ്റമില്ല.
കബീർ അഹമ്മദ്, കരുനാഗപ്പള്ളി
ദേവക്കൂത്ത് തെയ്യം അവതരിപ്പിക്കുന്ന അംബുജാക്ഷിയുമായി നടത്തിയ അഭിമുഖം (ലക്കം: 1304) വായിച്ചു. അതിൽ ‘‘ഞങ്ങൾക്ക് ജാതിവിവേചനം അനുഭവിക്കേണ്ടിവന്നിട്ടില്ല. മുൻ തലമുറയിൽപെട്ടവർ അനുഭവിച്ചിട്ടുണ്ടോ എന്നറിയില്ല’’ എന്ന് അംബുജാക്ഷി പറയുന്നുണ്ട്.
ഉത്തര മലബാറുകാരനാണ് ഞാൻ. െതയ്യത്തെയും അതിന്റെ അനുഷ്ഠാനങ്ങളെയും സൂക്ഷ്മമായി അടുത്തുനിന്ന് നോക്കിക്കാണുന്ന ഒരാളാണ് ഞാൻ. ഇന്നോ ഇന്നലെയോ അല്ല. വർഷങ്ങളായി തെയ്യത്തെയും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളെയും കുറിച്ച് അറിയാം. തെയ്യമായി നിൽക്കുമ്പോൾ ജാതിവിവേചനം ഉണ്ടായിരിക്കില്ല എന്നു പറയുന്നതിൽപോലും വാസ്തവമില്ല. തെയ്യം കാണാൻ വരുന്നവരിൽ കുറച്ചുപേർക്ക് ജാതിബോധമുണ്ടായിരിക്കില്ല എന്നത് വേണമെങ്കിൽ അംഗീകരിക്കാം. പക്ഷേ, ജാതി ഓരോ അണുവിലുമുണ്ട്. ആരാണ് തെയ്യം കാണാൻ വരുന്ന ജനസമൂഹം? ഏതൊക്കെയിടങ്ങളിലാണ് തെയ്യം കെട്ടുന്നത്? എെന്നാക്കെ പഠിക്കുമ്പോൾ തെയ്യം നിലനിൽക്കുന്നത് ജാതി അടിത്തറയിലാണ് എന്ന് കാണാം. സവർണ ജാതിക്കാർ പലപ്പോഴും തെയ്യം കെട്ടാനും മടിക്കാറുണ്ട്, കാണാൻ പോകാനോ അനുഗ്രഹങ്ങൾ വാങ്ങാനോ കൂട്ടാക്കാറില്ല. തെയ്യം കെട്ടിയയാളെ സവർണ സമുദായങ്ങൾ ചേർത്തുനിർത്താറുമില്ല. അടുത്തിടെ സമാപിച്ച ആണ്ടല്ലൂർ കാവിലെ ഉത്സവത്തിന് പോയ ഒരാളാണ് ഞാൻ. തിയ്യ സമുദായമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പു മുതൽ എല്ലാ തലങ്ങളിലും അധികാരം പുലർത്തുന്നവർ. അവിടെ എത്തുന്നവരിൽ നല്ലപങ്കും അതേ സമുദായത്തിലുള്ളവരാണ് എന്നാണ് എന്റെ ബോധ്യം. അതായത് ജാതി അടിത്തറയിലാണ് അവിടെയും തെയ്യം നടക്കുന്നത്. മെയ്യാലംപോലുള്ള ചടങ്ങിൽ കീഴാളശരീരവുമായി കൂട്ടിമുട്ടാൻ സവർണ ശരീരങ്ങൾ തയാറാകാറുണ്ടോ. ഒരൊറ്റ സ്ത്രീ മാത്രമേ തെയ്യം കെട്ടുന്നുള്ളൂവെന്നതിൽതന്നെ ലിംഗവേർതിരിവും പ്രകടമാണ്.
വിനീഷ്, മാടായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.