ഫലസ്തീനിലെ കൂട്ടക്കൊലയെ അപലപിച്ചുകൊണ്ട് മാധ്യമം ആഴ്ചപ്പതിപ്പ് എഴുതിയ ‘ഒന്നിച്ചൊരു കൂട്ടക്കുഴിമാടം’ എന്ന ‘തുടക്കം’ വായിച്ചാല്‍ മനസ്സു നോവാത്തവര്‍ ആരുണ്ട്? (ലക്കം: 1343). മനുഷ്യാവകാശ ലംഘനങ്ങളുടെ വ്യക്തവും ക്രൂരവുമായ ലംഘനങ്ങളാണ് അവിടെ നടക്കുന്നത്. കുഞ്ഞുങ്ങളെയും അമ്മമാരെയും നിഷ്കരുണം പിച്ചിച്ചീന്തുന്ന നിഷ്ഠുരതയുടെ നഗ്നമായ താണ്ഡവമാണ് അവിടെ നടക്കുന്നത്.
ഇസ്രായേലിന്റെ ബോംബിങ്ങില്‍ പരിക്കേറ്റ് മൃതപ്രായരായി ഗസ്സയിലെ അല്‍ശിഫാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പരശതം കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ചികിത്സ നിഷേധിച്ചുകൊണ്ട് വൈദ്യുതി വിച്ഛേദിക്കപ്പെട്ടപ്പോള്‍ മരിച്ച 179ഓളം പേരുടെ മൃതദേഹങ്ങള്‍ ഒരു കുഴിയിൽ ഖബറടക്കിയെന്ന് കേള്‍ക്കുമ്പോള്‍ ഉരുകാത്ത കരളും കരയാത്ത കണ്ണും നുറുങ്ങാത്ത ഹൃദയവും ഉണ്ടാകുമോ?
ഇതെഴുതുമ്പോഴും ഗസ്സയില്‍ രൂക്ഷമായ ആക്രമണം തുടരുകയാണ്. ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബലിയയിൽ നടന്ന ആക്രമണങ്ങളിൽ 11 പേര് കൊല്ലപ്പെട്ടു. ശനിയാഴ്ച രണ്ടു സ്കൂളുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ 200 പേര്‍ക്ക് മരണമോ പരിക്കോ പറ്റിയിട്ടുണ്ടാകുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സയില്‍ ഇതുവരെ 5000 കുഞ്ഞുങ്ങളടക്കം 12,300 പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നിട്ടുമെന്തേ ലോകരാഷ്ട്രങ്ങള്‍ മിണ്ടാന്‍ മടിക്കുന്നു എന്ന് ചോദിച്ചാല്‍ അവര്‍ അമേരിക്കയെ ഭയപ്പെടുന്നു എന്നാണുത്തരം.
ഇസ്രായേലിനെ പരസ്യമായി തള്ളിപ്പറയാന്‍ ആരും ധൈര്യപ്പെടുന്നില്ല. നമ്മുടെ രാജ്യത്തിന്റെ കാര്യംതന്നെ എടുത്താൽ ഇതുവരെയുള്ള ഇസ്രായേലി-ഫലസ്തീന് ആക്രമണങ്ങളില്‍ പരസ്യമായി തന്നെ നമ്മൾ ഫലസ്തീനെ പിന്തുണച്ചിരുന്നു. എന്നാല്‍, ഈ യുദ്ധത്തില്‍ ഇസ്രായേലിനോടാണ് ചായ്വ്. അമേരിക്കയെ വെറുപ്പിക്കാന്‍ നമ്മുടെ ഭരണസിരാകേന്ദ്രവും ആഗ്രഹിക്കുന്നില്ല. യു.എന്നിന്റെ സ്ഥിതിയും മറിച്ചല്ല. അമേരിക്കയുടെ വീറ്റോ പവറില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണത്. അറബ് രാഷ്ട്രങ്ങൾക്കു മാത്രമേ ഇതിനെതിരെ ശബ്ദിക്കാന്‍ കഴിയൂ. “പിഞ്ചുകുഞ്ഞുങ്ങളെയും അമ്മമാരെയും കൊന്നൊടുക്കുന്ന ഈ യുദ്ധം നിർത്തൂ” എന്നവര്‍ ഒരേ ശബ്ദത്തില്‍ പറഞ്ഞു നോക്കട്ടെ. അപ്പോള്‍ ഉണ്ടാകും നടപടികള്‍. അതിനായി കാത്തിരിക്കാം.
ഒരു നല്ല കവിതപോലെ വി.ആർ. രാഗേഷ് മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1343) കവർസ്റ്റോറിയായി എഴുതിയ ‘കളഞ്ഞു പോയ ഒരക്ഷരം വാക്കായി മുളച്ചു’ എന്ന സി.വി. രവീന്ദ്രൻ എന്ന നാടകപ്രവർത്തകന്റെ, എഴുത്തുകാരന്റെ ജീവിതം അത്രമേൽ ഗംഭീരമാണ്.
അറിയാം, എഴുത്തിന്റെ ലോകത്ത് അലാവുദ്ദീന്റെ മാന്ത്രികവിളക്കും തുളുനാടൻ കളരിയിലെ പതിനെട്ടടവും പയറ്റിയ മെയ് വഴക്കവുമായി വരുന്നവർ മാത്രമല്ല, ഇങ്ങനെയും ചിലരുണ്ട്. തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിലെ സി.വി. രവീന്ദ്രൻ എന്ന പെയിന്റിങ് തൊഴിലാളിയുടെ സർഗാത്മക ജീവിതം അത്തരത്തിലൊന്നാണ്. എൺപത് വയസ്സ് പിന്നിടുകയാണ് ഈ മനുഷ്യന്. അതിൽ നല്ലപങ്കും നാടകവും അതിന്റെ അവതരണവും രചനയുമൊക്കെയായി നടന്ന് അമ്പേ പരാജയപ്പെട്ടിട്ടും എന്തിനാണയാൾ ഷർട്ടിനുള്ളിലെ പോക്കറ്റിൽ ഒരു പേന ഒളിപ്പിച്ചുെവച്ച് ഇനിയും ഒരു ഇരുപത്തിയഞ്ച് വർഷംകൂടി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നത്?
എവിടെയൊക്കെയോ സ്വയം കാണുവാൻ കഴിഞ്ഞ വായനയിലുടനീളം ഞാൻ തിരഞ്ഞത് ഈ മനുഷ്യന്റെ ജീവിതത്തിലെവിടെയെങ്കിലും തന്നിലെ സർഗാത്മകതയുടെ പേരിൽ ആശ്വസിക്കാൻ ഒരിടം കിട്ടിയിട്ടുണ്ടോ എന്നായിരുന്നു! വിജയിക്കുന്നവരും ആഢ്യന്മാരും മാത്രം വാരികകളിലെ മുഖച്ചിത്രങ്ങളായി അവതരിപ്പിക്കപ്പെടുമ്പോൾ, മാധ്യമം ആഴ്ചപ്പതിപ്പ് പരാജയപ്പെട്ടിട്ടും തളരാത്ത ഒരു മനുഷ്യനെ കവർചിത്രമായി അവതരിപ്പിച്ചിരിക്കുന്നു! അതിന് നിറഞ്ഞ മനസ്സോടെയുള്ള അഭിനന്ദനങ്ങൾ.
കാർട്ടൂണിസ്റ്റ് കൂടിയായ വി.ആർ. രാഗേഷിന്റെ എഴുത്തിനെ ഒരിക്കൽ കൂടി അഭിനന്ദിക്കട്ടെ. തുടക്കം മുതൽ ഒടുക്കം വരെ ഒരൊറ്റ നിശ്വാസത്തിൽ വായിച്ചു പോകാവുന്ന ജീവസ്സുറ്റ ഭാഷ. പ്രത്യേകിച്ച് ആ ദാമ്പത്യജീവിതമൊക്കെ പറയുമ്പോൾ.
ആഴ്ചപ്പതിപ്പ് (ലക്കം: 1343) കൈയിൽ കിട്ടിയ ഉടനെ വായിച്ചത് വി.ആർ. രാഗേഷ് എഴുതിയ ‘കളഞ്ഞു പോയ ഒരക്ഷരം വാക്കായി മുളച്ചു’ എന്ന ലേഖനമാണ്. തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിലെ പെയിന്റിങ് തൊഴിലാളിയായ സി.വി. രവീന്ദ്രനെ നിങ്ങൾ അറിഞ്ഞുകൊള്ളണമെന്നില്ല എന്നു പറഞ്ഞുതുടങ്ങുന്ന ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ ഒന്നു പറഞ്ഞുകൊള്ളട്ടെ, സി.വി. രവീന്ദ്രനെ ഇപ്പോൾ അറിഞ്ഞു, ഇപ്പോൾ മാത്രം. ഇല്ലായ്മയുടെയും വല്ലായ്മയുടെയും ദുരിതകഥയാണ് അദ്ദേഹത്തിന്റെ ജീവിതകഥയെന്ന് അടിവരയിടാമെങ്കിലും ആഴ്ചപ്പതിപ്പ് അവതരിപ്പിച്ച ഗൃഹാതുരതയുണർത്തിയ ഒരു നനുത്ത ജീവിതാനുഭവമായി മാറിയത്.
അനുപമ തിയറ്റേഴ്സിന്റെ പിറവിയും ശയനസൂത്രം നാടകം അരങ്ങ് എത്തിക്കാൻപെട്ട പെടാപ്പാടും, ആദ്യരചന അച്ചടിമഷി പുരളാൻ പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നതും, ജീവിക്കാൻ വേണ്ടി ഒന്നല്ല, രണ്ടല്ല, പലവട്ടം പെയിന്റിങ് ബ്രഷിലേക്ക് തിരിഞ്ഞതും, ഇതേ ദൗത്യവുമായി ബോംബെക്കു വണ്ടി കയറിയതുമെല്ലാം വായനക്കാരിലും വല്ലാത്തൊരു അസ്വസ്ഥതയും വിമ്മിട്ടവും ജനിപ്പിക്കുന്നുവെന്ന് പറയാതെ വയ്യ.
കുട്ടിക്കാലംതന്നെ വായനാലോകത്തേക്ക് പറിച്ചുനട്ട് വാർധക്യത്തിലും വായനയെ നനച്ചു വളർത്തുന്ന അദ്ദേഹം ജീവിതാനുഭവങ്ങളും നേർക്കാഴ്ചകളും പലതും പറയുന്നിടത്ത് തന്റെ നാടകത്തിന്റെ പരസ്യ ചുമതല വഹിച്ചിരുന്ന അധ്യാപക സുഹൃത്ത് നാടകത്തിന്റെ ടിക്കറ്റ് വാങ്ങി പണവുമായി കടന്നുകളഞ്ഞതും ആ അധ്യാപകനെ, ‘‘കള്ളൻ എന്ന വാക്കിന്റെ അർഥവും അക്ഷരവും പഠിപ്പിക്കാൻ മാത്രമേ അറിയുകയുള്ളൂവെങ്കിലും അയാളെയും നാം അധ്യാപകൻ എന്നുതന്നെ വിളിക്കണമല്ലോ’’ എന്നു പറയുന്നിടത്ത് വലിയൊരു യാഥാർഥ്യം തുറന്നുകാട്ടുന്നു.
ലേഖനത്തിന്റെ അവസാനം പറയുന്ന ബായോബാബ് മരം ശരിക്കും ഒരു കാലഘട്ടത്തെ തന്നെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറയാം. അധികമാർക്കും കേട്ടുകേൾവിപോലുമില്ലാത്ത ബായോബാബ് മരം തലശ്ശേരിയിൽ തലയുയർത്തി നിൽക്കുന്നുവെന്നുള്ളത് പുത്തൻ അറിവുതന്നെ. ഒരു കൽപവൃക്ഷം എന്നറിയുമ്പോഴും ഈ മരം നൽകുന്ന പ്രയോജനങ്ങൾ അതിന്റെ ചുവട്ടിലൂടെ നടന്നുപോകുന്ന നിത്യസഞ്ചാരികൾപോലും അറിയുന്നില്ല. എന്നാൽ, ആഴ്ചപ്പതിപ്പിന്റെ മുഖം പറയുന്നതുപോലെ എഴുത്തിൽ ഇവിടെ ഇങ്ങനെയൊരാൾ എല്ലാമറിയുന്നു; അയാളേത്ര സി.വി. രവീന്ദ്രൻ. ലളിതമായ ആഖ്യാനശൈലിയിലൂടെ സി.വി. രവീന്ദ്രനെ വായനക്കാരിലെത്തിച്ച ലേഖകനും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
കഴിഞ്ഞ 10 വർഷമായി കുടജാദ്രിയുടെ താഴ്വാരത്തിലെ വനത്തിൽ ഏകാന്തവാസത്തിലാണ് എ. മോഹൻകുമാർ. കാലാവസ്ഥാ വ്യതിയാനം പഠിക്കുകയായിരുന്നു യാത്രോദ്ദേശ്യം. വരൾച്ചയും വെള്ളപ്പൊക്കവും പരിസ്ഥിതിനാശത്തിന്റെ പരിണിത ഫലമാണെന്ന് അദ്ദേഹം മനസ്സിലാക്കി. പ്രകൃതിയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുരക്ഷിക്കുകയാണ് ഇതിനുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറയുന്നു. പശ്ചിമഘട്ട സംരക്ഷണ പഠനയാത്രയായിരുന്നു 35 വർഷം നീണ്ടുനിന്ന യാത്ര. ആഗോളതാപനത്തിന്റെ ഫലമായി അനേകം സൂക്ഷ്മ ജീവികൾ ഇല്ലാതാകുന്നു.
സൂക്ഷ്മ ജീവികളുടെ നാശം മനുഷ്യനും ഇതര ജന്തുക്കൾക്കും വലിയ ഭീഷണിയാണെന്ന് അദ്ദേഹം പറയുന്നു. കാടിന്റെ വലിയൊരു ഭാഗം വികസന നയത്തിന്റെ ഭാഗമായി ഇല്ലാതായിരിക്കുന്നു. കാട്ടിലെ തടി, തേവരുടെ ആന എന്ന ശൈലി തന്നെയാണ് ഇന്നുമുള്ളത്. നിയമങ്ങൾ കടലാസിൽ ഒതുങ്ങുകയാണ്. ഭൂഗർഭ ജലം ചോർത്തിയെടുത്ത് കുപ്പിവെള്ള വിൽപനക്കാർ ധനം സമ്പാദിക്കുകയാണിന്ന്. പാലിനേക്കാൾ വലിയ വില വെള്ളത്തിന് വേണ്ടിവരുമെന്ന് ആരും കരുതിയില്ല. കുടജാദ്രിയിൽ പോലും കാലാവസ്ഥാ വ്യതിയാനം മൂലം ഉഗ്രമായ ചൂടാണ് അനുഭവപ്പെടുന്നത്. പ്രകൃതിവിഭവങ്ങൾ നശിപ്പിക്കുന്നതിന്റെ പരിണിതഫലമാണിത്.
മലയാളികൾ കോമൺസെൻസുള്ളവരാണ്. രാഷ്ട്രീയമായി പ്രബുദ്ധരുമാണ്. എന്നാൽ, ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിച്ചുനിൽക്കുന്നവരാണ് കേരളീയർ. വിഭാഗീയത ഇവിടെ പ്രകടമായി കാണാം. പരസ്പരം മനസ്സിലാക്കുന്ന, കുറച്ചുകൂടി പ്രകൃതിയോടും ഇതര ജീവജാലങ്ങളോടും വിനയത്തോടെയും സ്നേഹത്തോടെയും പെരുമാറുന്ന മനുഷ്യർക്കേ സമൂഹത്തിന് നന്മ ചെയ്യാനാവൂ. കരുതലുള്ള ഒരു സമൂഹമായി മാറുമ്പോഴേ നാം പ്രബുദ്ധരാണെന്ന് പറയാൻ സാധിക്കൂ. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിനും വലിയ അർഥമില്ല. വാക്കും പ്രവൃത്തിയും പൊരുത്തപ്പെട്ടുപോകണം. അതാണ് പ്രധാനം. അപ്പോഴേ നമുക്ക് ധീരരാകാൻ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മനഃസാക്ഷി ഒരിക്കലും പണയപ്പെടുത്തരുത്. അഹിംസാത്മകമായ ഒരു ലോകം എങ്ങനെ സൃഷ്ടിക്കാം എന്ന പരീക്ഷണത്തിലാണ് താൻ എന്ന് അദ്ദേഹം പറഞ്ഞു. പരസ്പരവിശ്വാസമാണ് വലുത്. ചുറ്റുപാടിനെ നാം പരിപൂർണ വിശ്വാസത്തിലെടുക്കണം. ഒറ്റക്ക് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. പേരോ പ്രശസ്തിയോ ഒന്നുമല്ല താൻ ആഗ്രഹിക്കുന്നതെന്നും തന്നെത്തന്നെ മാറ്റിത്തീർക്കുന്ന യുദ്ധത്തിൽ വിജയിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിൽ വിജയിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു. പരിസ്ഥിതിസമരത്തിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം ചെറുപ്പം മുതൽ സമരവഴികളിലാണ്. കേരളത്തിനകത്തും പുറത്തും പ്രകൃതിസംരക്ഷണത്തിനായി പോരാടുന്ന ഒരു മനുഷ്യാവകാശ പോരാളിയാണ് എ. മോഹൻകുമാർ.
പശ്ചിമഘട്ടം നമ്മുടെ നാടിന്റെ നട്ടെല്ലാണ്. അതിലെ കാടുകളും അരുവികളും പുഴകളും ജീവജാലങ്ങളും പ്രകൃതിയുമെല്ലാം നമ്മുടെ നാടിന്റെ നാഡിഞരമ്പുകളാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. വായുവും വെള്ളവും ആഹാരവും എന്ന നമ്മുടെ ജീവന്റെ നിലനിൽപിന് ആവശ്യമായ എല്ലാം നൽകുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. ഇക്കാര്യം ബോധ്യപ്പെടുകയും ബോധ്യപ്പെടുത്തുകയുമാണ് യാത്രയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ത്യാഗോജ്ജ്വലമായ ഈ യാത്രയിൽ എല്ലാ വിഭാഗത്തിൽ പെട്ടയാളുകളും സഹകരിക്കുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു. മോഹൻകുമാർ-അനൂപ് അനന്തൻ അഭിമുഖം താൽപര്യപൂർവം വായിച്ചു. നന്ദി.
സുഹൃത്ത് കൂടിയായ ശ്രീകുമാരൻ തമ്പിയുടെ മലയാള ചലച്ചിത്രഗാന ചരിത്രം എന്നെ അങ്ങേയറ്റം ആകർഷിക്കുന്ന പംക്തിയായി. കാരണം, പഴയ പാട്ടുകളുെട ശേഖരം എന്റെ വീട്ടിലുണ്ട്. മലയാളം, ഹിന്ദി, തമിഴ് എന്നിവ. യേശുദാസ്, ജയചന്ദ്രൻ, സുശീല, ജാനകി, മുഹമ്മദ് റഫി, കിഷോർകുമാർ, ലതാമങ്കേഷ്കർ, ടി.എം. സൗന്ദരരാജൻ തുടങ്ങിയവർ പാടിയത്.
ഇതിൽ 75ാം ലക്കത്തിൽ ‘സി. ഐ.ഡി നസീർ’ എന്ന സിനിമയെക്കുറിച്ച് പറയുന്നുണ്ടല്ലോ, അതിന്റെ ചിത്രവും ആകർഷകമായി. പ്രേംനസീർ, സത്യൻ, മധു എന്നീ സൂപ്പർസ്റ്റാർസ് അഭിനയിച്ച 200ൽപരം സിനിമകളുടെ സീഡി എന്റെ വീട്ടിലുണ്ട്. അക്കാലത്ത് ബാബുരാജ്, ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ, കണ്ണൂർ രാജൻ തുടങ്ങിയവർ ഈണമിട്ട പാട്ടുകൾ ഗാനസാഗരത്തിൽ ആറാടിക്കുന്നതാണ്. എന്നാൽ, 20 വർഷം ഇപ്പുറമുള്ള പാട്ടുകൾ ചിലത് മാത്രമേ, മലയാളത്തിലെ മനസ്സിൽ തങ്ങിനിൽക്കുന്നത് ഉള്ളൂ. ഈ പംക്തിയുടെ ഭൂരിഭാഗം ലക്കങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.