സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകറുമായി നഹീമ പൂന്തോട്ടത്തില്‍ നടത്തിയ സംഭാഷണം (ലക്കം: 1355) പലതുകൊണ്ടും മികച്ചതായിരുന്നു. ആ സംഭാഷണത്തിലും അടുത്തിടെ നടത്തിയ പ്രഭാഷണങ്ങളിലുമെല്ലാം പരകാല പ്രഭാകര്‍ ഉന്നയിക്കുന്ന വാദങ്ങളോടും നിലപാടുകളോടും വിയോജിപ്പില്ല. അദ്ദേഹം പറയുന്നതുതന്നെയാണ് ശരി. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്, കേരളത്തിനു ഫണ്ടുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട കേന്ദ്രവാദങ്ങൾ കൃത്രിമ കണക്കുകൾ നിറഞ്ഞതാണ്, സംസ്ഥാനങ്ങളുടെ ഫണ്ടുകളും അവകാശപ്പെട്ട ആനുകൂല്യങ്ങളും എങ്ങനെയെല്ലാം വെട്ടിക്കുറക്കാമോ, അതെല്ലാം ചെയ്യുകയാണ് കേന്ദ്രം തുടങ്ങിയ വാദങ്ങളെല്ലാം കൃത്യമാണ്.
‘‘ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലുമെല്ലാം കേരളം മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. രാജ്യത്തിന് യഥാർഥ മാതൃക കേരളമാണ്. അല്ലാതെ ഊതിവീർപ്പിച്ച ഗുജറാത്ത് അല്ല. ഗുജറാത്ത് മോഡൽ എന്ന സങ്കൽപം തന്നെ പൊള്ളയായ, കൃത്രിമമായി സൃഷ്ടിച്ചെടുത്ത കണക്കുകളുടെയും വ്യാജ അവകാശവാദങ്ങളുടെയും ആകത്തുകയാണ്’’ എന്ന് പരകാല പ്രഭാകർ പറയുന്നതും കാര്യങ്ങൾ മനസ്സിലാക്കുന്ന ആരും എതിർക്കില്ല.
പക്ഷേ, പ്രശ്നം അവിടെയല്ല. നമ്മൾ ചിന്തിക്കേണ്ടത് ചില അഭിപ്രായങ്ങൾ പറഞ്ഞതുകൊണ്ട് പരകാല പ്രഭാകറെ ആഘോഷിക്കേണ്ടതുേണ്ടാ എന്നതാണ്. ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവാണ് കേന്ദ്ര സാമ്പത്തിക നയങ്ങളെ എതിർക്കുന്നത് എന്നത് സൃഷ്ടിക്കുന്ന സെൻസേഷനും വാർത്താപ്രാധാന്യവും മനസ്സിലാക്കാനാവും. അതുകൊണ്ടാണ് ‘മാധ്യമം’ അദ്ദേഹത്തെ കവർസ്റ്റോറിയാക്കിയതെന്ന് കരുതുന്നു.
പരകാല പ്രഭാകറിന് വിശ്വാസ്യതയില്ല എന്നും അതിനാൽതന്നെ ആ വാദങ്ങളിൽ കഴേമ്പാ ആത്മാർഥതയോ ഇല്ലെന്നാണ് ഇത് എഴുതുന്നയാൾ കരുതുന്നത്. ഇടക്ക് കുറച്ചുകാലം ബി.ജെ.പിക്കാരനായിരുന്നു താൻ എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. പിന്നെ നിലപാട് മാറ്റിയെന്നും. ഞാൻ കരുതുന്നത് പരകാല പ്രഭാകർ ഒരു സേഫ്റ്റി വാൽവായി പ്രവർത്തിക്കുന്നുവെന്നാണ്. നോക്കൂ, സർക്കാറിനെതിരെ ഏറ്റവും വലിയ വിമർശനം ഉന്നയിക്കുന്നത് ധനമന്ത്രിയുടെ വീട്ടിൽനിന്നു തന്നെയാണ്, എന്നിട്ട് അതിനോട് അസഹിഷ്ണുത ഞങ്ങൾ കാട്ടുന്നില്ലല്ലോ എന്ന് മോദി സർക്കാറിനും സംഘ്പരിവാറിനും പറയാനുള്ള ഒരു സേഫ്റ്റി വാൽവ്.
എങ്ങനെയാണ് സത്യസന്ധമായ എതിർവാദമുഖങ്ങൾ ഉന്നയിക്കുന്ന ഒരാൾക്ക്, അത് നടപ്പാക്കുന്നവരോട്, അവരുടെ തീൻമേശകൾ പങ്കിടാൻ കഴിയുക? ഒരുപക്ഷേ, പരകാല പ്രഭാകറിന് ധനമന്ത്രിയെ തിരുത്താൻ കഴിഞ്ഞെങ്കിൽ അതിൽ സാംഗത്യമുണ്ട്. ഇവിടെ അതില്ല. ധനമന്ത്രിയും പ്രധാനമന്ത്രിയും ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്നു.
പരകാല പ്രഭാകർ പറഞ്ഞതുപോലെ രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിൽ അത് പരിഹരിക്കേണ്ടത് ആരാണ്? ആരാണ് കേരളത്തിനുള്ള വിഭവങ്ങൾ കൃത്യമായി നൽകേണ്ടത്? സംശയങ്ങൾ വർധിക്കുന്നതേയുള്ളൂ.
(നസീർ പി.എം, പെരുമ്പാവൂർ)
പരകാല പ്രഭാകർ എന്ന പ്രഗല്ഭ സാമ്പത്തിക ശാസ്ത്രജ്ഞൻ രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയെ പറ്റി പങ്കുവെച്ച ആകുലതകൾ (ലക്കം: 1355) ഓരോ ഭാരതീയന്റെയും ഹൃദയങ്ങളിലേക്ക് കുത്തിയിറക്കി കൊടുക്കേണ്ട സത്യത്തിന്റെ പ്രകാശ കിരണങ്ങളാണെന്നു പറയാതെ വയ്യ.
കഴിഞ്ഞ 67 വർഷത്തെ മൊത്തം കടബാധ്യതയുടെ മൂന്നിരട്ടി പൊതുകടം, കഴിഞ്ഞ ഒമ്പതു വർഷംകൊണ്ട് ഉണ്ടാക്കിവെച്ച മോദിസർക്കാർ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത് എന്നത് ഗൗരവപരമായി ചിന്തിക്കേണ്ടതാണ്.
വിലക്കയറ്റത്തെയും വികസന മുരടിപ്പിനെയും തൊഴിലില്ലായ്‌മയെയും പണപ്പെരുപ്പത്തെയും വൈകാരികവും വർഗീയവുമായ വിഷയങ്ങളെക്കൊണ്ട് മറികടക്കാമെന്ന ഭാരതീയ ജനത പാർട്ടിയുടെ അമിത ആത്മവിശ്വാസത്തെ തകർക്കാനുള്ള തന്ത്രങ്ങളിലാണ് പ്രതിപക്ഷ കക്ഷികൾ കൂടുതൽ ശ്രദ്ധയൂന്നേണ്ടത്.
കഴിഞ്ഞ രണ്ട് അവസരങ്ങളിലായി നിങ്ങളുടെ പ്രശ്നങ്ങളും പ്രാരബ്ധങ്ങളും നിറഞ്ഞ ജീവിതത്തെ തൊടുന്ന എന്ത് കാര്യമാണ് കേന്ദ്ര ഭരണകൂടം ചെയ്തത് എന്ന് സാധാരണക്കാരോട് ചോദിച്ചുകൊണ്ടേയിരിക്കുക എന്നതും വളരെ പ്രാധാന്യമേറിയ ഒന്നു തന്നെയാണ്.
മോദിയും കൂട്ടരും മുമ്പോട്ടുവെക്കുന്ന അജണ്ടകളിൽ തലവെച്ചു കൊടുക്കാതെ ഭരണത്തിന്റെ പാളിച്ചകൾ മാത്രം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ തീർച്ചയായും പുതിയൊരു പ്രഭാതം പിറക്കുക തന്നെ ചെയ്യും. പരകാല പ്രഭാകറിനെപ്പോലുള്ള ആക്ടിവിസ്റ്റുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻകൂടി കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞാൽ തീർച്ചയായും ചിത്രം മാറിമറിയുക തന്നെ ചെയ്യും.
(ഇസ്മായിൽ പതിയാരക്കര, ബഹ്‌റൈൻ)
പ്രേംചന്ദ് ആഴ്ചപ്പതിപ്പിൽ എഴുതുന്ന ‘കാലാന്തരം’ വായിക്കാനായി ഒാരോ ആഴ്ചയും കാത്തിരിക്കുന്ന ഒരാളാണ് ഇൗ കത്ത് എഴുതുന്നത്. കോഴിക്കോടിന്റെ ചരിത്രമാണ് ഒരർഥത്തിൽ ആ പംക്തി. വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും താൻ അറിഞ്ഞ കോഴിക്കോടിനെക്കൂടി പകർത്തുകയാണ് പ്രേംചന്ദ്. മനോഹരമായ ഭാഷയിൽ ലളിതമായി അദ്ദേഹം കാര്യങ്ങൾ പറയുന്നു. ലക്കം 1353ൽ എഴുതിയ ‘ക്രൗൺ ടാക്കീസിൽനിന്ന് ഇറങ്ങിനടന്ന കൗബോയ്’ എന്ന കുറിപ്പ് നോക്കുക. ആരും അറിയാനോ ഒാർക്കാേനാ ഇടയില്ലാത്ത സിദ്ദീഖ് എന്ന വ്യക്തിയിലൂടെ ലേഖകൻ നിരവധി കാര്യങ്ങൾ പറയുന്നു.
1970കളിലെയും 80കളിലെയും കോഴിക്കോട് നഗരം, അവിടത്തെ തിയറ്ററുകൾ, സിനിമകൾ ആളുകളിലുണ്ടാക്കിയ സ്വാധീനം, ചെറുപ്പത്തിന്റെ ആഘോഷങ്ങൾ എന്നിങ്ങനെ പറഞ്ഞ് കുറെയേറെ വ്യക്തികളെക്കൂടി അവതരിപ്പിക്കുന്നു. ഒാർമക്കുറിപ്പുകൾ എന്ന് പേരിട്ടെങ്കിലും അത് വ്യക്തിയുടെ ഒാർമക്കുറിപ്പാകാതെ, ഒരു പട്ടണത്തിന്റെ ഒാർമക്കുറിപ്പാക്കി, ഒാർമകളെ സജീവമാക്കി നിർത്തുന്നു. മുമ്പ് ആഴ്ചപ്പതിപ്പിൽ വായിച്ച, ബി.ആർ.പി. ഭാസ്കറിന്റെ ‘ന്യൂസ് റൂമി’ന് സമാനമാണ് ഇതിലെയും ആഖ്യാനരീതി. ‘ഞാൻ’ മുഴച്ചുനിൽക്കാതെ, സംഭവങ്ങൾ വിവരിക്കുന്നു.
(സി.പി. ബാലു, നാദാപുരം)
മനുഷ്യകുലത്തെ രണ്ടായി ഭാഗിച്ചാൽ അത് സാമുവൽ സാറും ലാസറുമാകുന്ന മാജിക്കും ലോജിക്കും ‘മാളം’ എന്ന കഥയിലുണ്ട് (ലക്കം: 1354). അതുകൊണ്ടുതന്നെ രണ്ടാളും അത്ര പെട്ടെന്ന് ഹൃദയം വിട്ടൊഴിയുന്നില്ല. ഈയടുത്ത് ഇത്ര മികവുള്ള പാത്ര സൃഷ്ടികൾ വേറെ കണ്ടതായി ഞാൻ ഓർക്കുന്നില്ല.കെ.എസ്. രതീഷ്, നിങ്ങളെ ഞാൻ കെട്ടിപ്പിടിക്കുന്നു.
(മജീദ് സെയ്ദ് ,ഫേസ്ബുക്ക്)
‘മാളം’ വായിച്ചു (ലക്കം: 1354). പഠിപ്പിക്കുന്ന വിദ്യാർഥിനികളെ അരുതാത്ത കണ്ണുകളോടെ നോക്കിക്കണ്ട് അവരോട് അപമര്യാദയായി പെരുമാറിയതിനാൽ ശിക്ഷിക്കപ്പെട്ട് വകുപ്പിലെ പ്രതികൾക്കും വികൃതികൾക്കുമായി വിധിച്ചിരിക്കുന്ന ദുർഗുണ പരിഹാരശാലയായ വകുപ്പ് കരിമ്പട്ടികയിൽപ്പെടുത്തിയിരിക്കുന്ന സ്കൂളിലേക്ക് പുതുതായി എത്തുന്ന അധ്യാപകൻ... റോയ്..!
സമാനാവസ്ഥയിൽ അയാൾക്കു മുമ്പേ അവിടെയെത്തിയ മറ്റൊരധ്യാപകൻ... സാമുവൽ..! അവരിരുവരും ചെന്നുപെടുന്നത് സ്കൂളിലെ ലാബ് അസിസ്റ്റന്റായ ലാസറിന്റെ ൈകയിൽ..! ലാസർ അവർക്കൊളിച്ചിരിക്കാൻ മാളമൊരുക്കി. ഭക്ഷണമൊരുക്കി. വേണ്ടതെല്ലാമൊരുക്കി..! എന്നാൽ, അയാളുടെ യഥാർഥ മുഖവും ലക്ഷ്യവും റോയിയെയും ഒപ്പം വായനക്കാരെയും ഭയപ്പെടുത്തുന്നു..!
ലാസറും അയാളൊരുക്കുന്ന മാളവും കഥക്ക് ഭീകരാന്തരീക്ഷം സമ്മാനിക്കുന്നു. റോയിയെപ്പോലെ നമ്മളും വീർപ്പുമുട്ടലാൽ പിടഞ്ഞുപോകും..! സ്വന്തം വീട്ടിലും വിദ്യാലയത്തിലുംപോലും സുരക്ഷിതരല്ലാത്ത നമ്മുടെ പെൺകുഞ്ഞുങ്ങളെ പതിയിരുന്നാക്രമിച്ചിട്ട് മാളങ്ങൾ തേടിപ്പോകുന്ന കഴുകന്മാർ.
ഇത്തരത്തിൽ മാളത്തിൽ കുടുങ്ങിപ്പോകുന്ന അവരെ ശ്വാസംമുട്ടിച്ചു കൊന്ന് അപ്പാടെ വിഴുങ്ങാൻ കാത്തിരിക്കുന്ന പെരുമ്പാമ്പുകൾ..! മികച്ച വായനാനുഭവം. കാലികപ്രസക്തമായൊരു ആശയം..! ഇനിയുമൊത്തിരി വായിക്കപ്പെടട്ടെ..!
(അമ്മു സൗമ്യ,ഫേസ്ബുക്ക്)
‘കെ യുടെ വീട്ടിലെ ഒരു രാത്രി’ വായിച്ചു (ലക്കം: 1355). അസാധ്യമായ ഒരു വായനാനുഭവം. ഭീതി, ഗൃഹാതുരത്വം, ഉത്കണ്ഠ, നവീനത എല്ലാം ചേർന്ന് ഒരു ദൃശ്യപ്പൊലിമ, പൊതുവേ എല്ലാ ലൈബ്രറികൾക്കും അങ്ങനെതന്നെയാണ്. ശബ്ദം ഉണ്ടാക്കുന്ന പങ്ക, മച്ച്, ഇരുട്ട്. ചെറുപ്പത്തിലെ വായനയുടെ കാലത്തെ പ്രണയകാലം എന്നും പറയാം. കുറച്ച് വളർന്നുകഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ അബ്സേഡ് ആയ ഒന്ന്. നല്ല ആഖ്യാനം.
(മനോജ് ജാതവേദര്, ഫേസ്ബുക്ക്)
രാത്രിയുടെ സൗന്ദര്യവും ഏകാന്തതയും ഒറ്റപ്പെട്ട ചില ജീവിതങ്ങളുടെ നിറവായും ഉണ്മയായും എങ്ങനെ മാറുന്നു എന്നതാണ് ബിജോയ് ചന്ദ്രൻ ആവിഷ്കരിക്കുന്നത് (ലക്കം: 1355). മഴയും ഇരുട്ടും അപരിചിതമായ യാത്രയും നിഷ്കാസിതമായ ജീവിതവും പരകായ പ്രവാസം പേറുന്ന കഥാപാത്രങ്ങളും. അസ്ത്വിതബോധത്തിന്റെ ചില കുഴപ്പങ്ങളും ഈ കഥയിലുണ്ടെന്ന് എനിക്ക് തോന്നുന്നതുകൂടി സൂചിപ്പിക്കട്ടെ. വേദനിപ്പിക്കുന്നു. രാത്രിയുടെ സാന്ത്വനത്തിൽ എഴുത്തുകാരനെ വിഭ്രമിപ്പിക്കുന്ന ഒരു കഥാപാത്രം വായിക്കുന്നവനെ ഒരു സഞ്ചാരത്തിലേക്ക് തള്ളിയിടുന്നു.
കഥകൾക്ക് പഞ്ഞമില്ലാത്ത ഈ കാലങ്ങളിൽ ഈ കഥ ഒരുപാടു മികവുറ്റതാകുന്നു. സ്നേഹം നല്ലൊരു ക്രാഫ്റ്റ് ആണ്. അതിന്റെ സങ്കേതങ്ങളും മികച്ചത്. ചില കുഴപ്പങ്ങൾ ഈ കഥയിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നതുകൂടി സൂചിപ്പിക്കാം. ചില വിശേഷണങ്ങളും ഉപമകളും വിവരണങ്ങളും ഒഴിവാക്കാമായിരുന്നു. ‘തോർച്ച’യുടെ എഡിറ്ററിൽ നിന്നും അങ്ങനെ ഉണ്ടാകാൻ പാടില്ല എന്ന് വിശ്വസിക്കാൻ കാരണം പകൽ നടക്കാൻ ഇറങ്ങിയ ഇരുട്ട് തന്നെ.
(ബിജി ഡാനിയേൽ,ഫേസ്ബുക്ക്)
വായനസുഭഗത നല്‍കുന്ന മൂന്നു കഥകളുമായി കൈയിലെത്തിയ ആഴ്ചപ്പതിപ്പ് (ലക്കം: 1355) വിസ്മയിപ്പിച്ചു. ‘I always like walking in the rain, so no one can see me crying’ എന്ന ചാര്‍ലി ചാപ്ലിന്‍റെ പ്രസിദ്ധമായ വാക്യത്തിലൂന്നി എഴുതിയിരിക്കുന്ന എ.പി. സജിഷയുടെ ‘ബ്ലാക് ഹോള്‍’ വല്ലാതെ ഉലച്ചു. എഴുതുന്ന ആളുടെ സങ്കടം ഒഴുകിപ്പരന്നില്ലെങ്കിൽ വായിക്കുന്നയാളിന്‍റെ കണ്ണുകള്‍ നിറയില്ലെന്ന പൊരുള്‍ ആ കഥ എന്നോട് പറഞ്ഞു. അനാഥയായ ഒരു പെണ്‍കുട്ടിയുടെ വികാരവിചാരങ്ങളില്‍ ബ്രഷ് മുക്കി വരച്ചിരിക്കുന്ന ആ റിയലസ്റ്റിക് ചിത്രത്തിലേക്ക് നോക്കിയിരുന്ന് കണ്ണും കരളും ഉരുകുന്നത് ഞാനറിഞ്ഞു.
ക്രിസ്തുവിന്റെ ശരീരത്തില്‍നിന്ന് പറിച്ചെടുത്ത ആണികൊണ്ട് സന്തോഷ് പനയാൽ കോറിയിട്ട ‘തുരുമ്പിച്ച ആണി’യും അനുവാചകനെ വിഷാദത്തിലാഴ്ത്തുന്നു. ‘ദയാനന്ദ’ന്‍റെ അബ്സ്ട്രാക്ട് ചിത്രങ്ങളുടെ അകമ്പടിയോടെ പറഞ്ഞിരിക്കുന്ന കഥക്ക് ഹൃദയദ്രവീകരണശേഷിയുണ്ട്. നിരപരാധിയായ യേശുവിനെ കേവലം 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാ സ്കറിയോത്തയുടെ പശ്ചാത്താപത്തിന് ഇന്നത്തെ മാറിയ കാലത്തിലും പ്രസക്തിയുണ്ടെന്ന് അതു പറഞ്ഞുതരുന്നു –പ്രത്യേകിച്ച് ക്രൈസ്തവർ കടന്നുപോകുന്ന ഈ വലിയ നോമ്പ് ദിനങ്ങളിൽ ഇത് ഒരു ഏകാന്ത ധ്യാനത്തിന്‍റെ ഫലം ചെയ്തേക്കാം.
Strike the iron while it is hot – അതായത് ചുട്ടുപഴുത്തിരിക്കുമ്പോഴാണല്ലോ ഇരുമ്പുദണ്ഡ് അടിക്കേണ്ടത്! ഈ രണ്ടു കഥകളും വായിച്ചുകഴിഞ്ഞാണ് ബിജോയ് ചന്ദ്രന്‍റെ ‘കെ യുടെ വീട്ടിലെ ഒരു രാത്രി’യിലേക്ക് കടന്നത്. കഥാനായകന്‍റെ പേര് ‘കെ’ എന്നു കണ്ടതും ഓർമകള്‍ ഫ്രാന്‍സ് കാഫ്കയുടെ ‘ദി കാസില്‍’ എന്ന നോവലിലേക്കു പോയി. ബിജോയിയുടെ കഥ; ജീവിതഗന്ധിയാണത്. തന്‍റെ അമ്മയെ മറവുചെയ്തിടത്ത് വളര്‍ന്നുനിൽക്കുന്ന പ്ലാവിന്‍റെ ചക്കപ്പഴത്തിന് ഇത്ര രുചിയേറുന്നത് അമ്മയുടെ സ്നേഹത്തിൽ അത് വളര്‍ന്നതിലാണെന്ന് ബിജോയിയുടെ കെ കൂട്ടുകാരനോട് പറഞ്ഞുകൊടുക്കുന്നതോടെ കഥക്ക് തിരശ്ശീല വീഴുന്നു. മനോഹരമായൊരു കഥയാണത്. വാക്കുകളുടെ വിശുദ്ധി അതിനെ അഭൗമികമാക്കുന്നു.
മാർകേസിന്‍റെ മാജിക്കല്‍ റിയലിസംപോലെ ഈ കഥ എന്‍റെ മനസ്സില്‍ കാടിന്‍റെ മീതെ ചന്ദ്രരശ്മികള്‍ പതിഞ്ഞപോലെ, വെള്ളി ഉരുകി ഒലിച്ചിറങ്ങിയപോലെ, പാല്‍നിലാവൊഴുകി പരന്നു. ആ സുഷുപ്തിയുടെ ആലസ്യത്തില്‍ ഞാനെന്‍റെ രോഗക്കിടക്കയിലെ വിരസമായ കുറച്ചു ദിവസങ്ങള്‍ തള്ളിനീക്കട്ടെ.
(സണ്ണിജോസഫ്, മാള)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.