അവതരണത്തിൽ പുതുമയുടെ മാസ്റ്ററായിരുന്ന കെ.ജി. ജോർജ് എന്ന ചലച്ചിത്രകാരനെ കുറിച്ചുള്ള സജിൽ ശ്രീധറിന്റെ എഴുത്ത് ത്രില്ലിങ് ഫിലിംപോലെ ആസ്വദിക്കാനായി. വിഖ്യാതനായ സംവിധായകനെ കുറിച്ച് ഈ വാരം ആനുകാലികങ്ങളിൽ വന്ന അനുസ്മരണ ലേഖനങ്ങളിൽ ഏറെ മികവ് പുലർത്താൻ എട്ട് പേജുകളിൽ വന്ന ആ ലേഖനത്തിന് സാധിച്ചു (ലക്കം 1336).
1976-80 കാലഘട്ടങ്ങളിലെ ഈ സംവിധായകന്റെ ചില സിനിമകളുടെ പ്രിന്റുകൾ പതിറ്റാണ്ടുകൾക്ക് മുമ്പേ നശിച്ചുപോയി. ഈ ലേഖനത്തിൽ പരാമർശിച്ച ‘ഓണപ്പുടവ’ അതിലൊന്നാണ്. ഇതിവൃത്തത്തിൽ പുതുമയുള്ള, 1985ന് ശേഷമുള്ള ‘കഥയ്ക്കു പിന്നിൽ’, ‘ഒരു യാത്രയുടെ അന്ത്യം’ എന്നിവ പരാമർശിച്ചതുമില്ല! പാറപ്പുറത്തിന്റെ ‘കോട്ടയം-മാനന്തവാടി’ എന്ന ചെറുകഥയാണ് ജോർജ് ‘യാത്രയുടെ അന്ത്യം’ എന്ന സിനിമയാക്കിയത്.
പതിവ് കലാമൂല്യമുള്ള ചലച്ചിത്രങ്ങളുടെ അമരക്കാരെ പോലെ കെ.ജി. ജോർജിനെയും ചില സാഹിത്യസൃഷ്ടികൾ ആകർഷിച്ചിട്ടുണ്ട്. കച്ചവടലക്ഷ്യം ഒരുപരിധിക്കപ്പുറം ഇല്ലാത്തതുകൊണ്ട് അദ്ദേഹം അവയെ ആശ്രയിച്ചു എന്ന് പറയാനും പറ്റില്ല. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ മനഃശാസ്ത്രജ്ഞൻകൂടിയായിരുന്ന സൈക്കോ മുഹമ്മദിന്റെ ഡയറിക്കുറിപ്പുകളെ ആധാരമാക്കിയായിരുന്നല്ലോ. ചില ജോർജ് സിനിമകൾക്ക് ആധാരമായ സാഹിത്യകൃതികളുടെ സ്രഷ്ടാക്കളെ പലരും നിരന്തരം പരാമർശിക്കാത്ത പ്രവണതയുണ്ട്. ജോർജ് ഓണക്കൂർ (ഉൾക്കടൽ), പത്മരാജൻ (രാപ്പാടികളുടെ ഗാഥ) എന്നിവർ മാത്രമായിരുന്നില്ല. ‘മേള’ എഴുതിയ ശ്രീധരൻ ചമ്പാട്, ‘പാലം അപകടത്തിലൂ’ടെ മലയാളികൾ ഓർക്കുന്ന വേളൂർ കൃഷ്ണൻകുട്ടി, ‘മറ്റൊരാളി’ന് ആധാരമായ ‘ജീവിതമേ നീ എന്ത്?’ രചിച്ച സി.വി. ബാലകൃഷ്ണനെയുമൊക്കെ കെ.ജി. ജോർജിന്റെ ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർക്കേണ്ടതുണ്ട്.
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1336) ഈ കാലത്തെ ഏറ്റവും പ്രസക്തിയുള്ള ചോദ്യമാണ് കവർചിത്രത്തിലൂടെ, ചർച്ചയിലൂടെ (സനാതന ഭാരതത്തിൽ ഗാന്ധി, നമ്മൾ എവിടെ?) നമുക്ക് മുന്നിൽ തുറന്നിടുന്നത്. വരും തലമുറ മഹാത്മാവിനെ എങ്ങനെ വിലയിരുത്തും, ആ സ്ഥാനത്ത് ചരിത്രപുരുഷനായി ആരെ അവരോധിക്കും എന്നുള്ള ആശങ്ക ഭാരതീയ സംസ്കാരത്തിൽ അഭിമാനംകൊള്ളുന്ന ഓരോ ഭാരതീയനുമുണ്ട്.
പ്രേംചന്ദ് എഴുതുന്ന ‘കാലാന്തരം’ എന്ന പംക്തിയിൽ കോഴിക്കോട്ടെ ഛായാചിത്രങ്ങൾക്ക് മിഴിവേകിയവരെ ഓർക്കുന്നു. നീന ബാലൻ എന്ന ഫോട്ടോഗ്രാഫറെയും അദ്ദേഹം എടുത്ത അപൂർവ ചിത്രങ്ങളെയും കാലത്തിനൊപ്പം മായിക്കപ്പെടേണ്ടവയല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു ലേഖകൻ.
ഇന്നത്തെപ്പോലെ സൗകര്യങ്ങളില്ലാത്ത ആ കാലത്തെ ചിത്രങ്ങൾക്ക് ദൃശ്യഭംഗി ഏറെയാണ്. ഫോട്ടോഗ്രാഫർമാരെ വല്ലാത്തൊരു ആരാധനയോടെ നോക്കിയിരുന്ന ഒരു തലമുറ ഇവിടെ കഴിഞ്ഞുപോയി. അപൂർവമായി മാത്രം എടുത്ത ചിത്രങ്ങൾ ഇന്ന് തനിക്കു സ്വന്തമായും എടുക്കാവുന്ന നിലയിലായി. പലതും വിസ്മൃതിയിലായി.
വിടപറഞ്ഞ കെ.ജി. ജോർജിന്റെ ചിത്രങ്ങളെ പഠനവിധേയമാക്കുന്നു. സജിൽ ശ്രീധർ (‘യവനിക വീഴാത്ത ദൃശ്യമഹിമ’). ‘യവനിക’, ‘ആദാമിന്റെ വാരിയെല്ല്’, ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’, ‘ഇരകൾ’, ‘മേള’, ‘ഈ കണ്ണികൂടി’, ‘കഥയ്ക്കു പിന്നിൽ’, ‘പഞ്ചവടിപ്പാലം’, ‘ഉൾക്കടൽ’ എന്നീ ചിത്രങ്ങൾ ആസ്വാദകഹൃദയങ്ങൾക്ക് പുതുമയാർന്ന ദൃശ്യാനുഭവംതന്നെയായിരുന്നു.
മനുഷ്യമനസ്സിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ തുറന്നുകാട്ടിയ കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സുകൾക്ക് വേറിട്ട കാഴ്ചയായി. ‘‘കൃഷ്ണതുളസിക്കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ...’’, ‘‘ഭരതമുനിയൊരു കളം വരച്ചു...’’, ‘‘ചെമ്പക പുഷ്പ സുവാസിത യാമം...’’, ‘‘മനസ്സൊരു മാന്ത്രികക്കുതിര...’’ എന്നീ ഗാനങ്ങളും ആസ്വാദകഹൃദയങ്ങൾ കീഴടക്കി. സംവിധാനകലയുടെ കുലപതിക്ക് പ്രണാമം. ‘പൊലീസ് വഴിയിലെ താരനേരങ്ങൾ’ (എ.എൻ. വേണുഗോപാൽ) എന്ന ഓർമക്കുറിപ്പ് ഈ ലക്കത്തോടെ അവസാനിക്കുന്നു. മോഹൻലാലിന്റെ അഭിനയരസങ്ങളെക്കുറിച്ച് പറയുന്നിടത്ത് ചെറിയൊരു പിശക് ശ്രദ്ധയിൽപെട്ടു. ‘അധിപൻ’ എന്ന ചിത്രത്തിലെ രംഗമാണ് ഓർമിക്കപ്പെടുന്നത്. അതിൽ ‘ദൂരദർശൻ’ എന്നത് ‘ആകാശവാണി’ എന്ന് തെറ്റിപ്പറയുന്നു.
ആഴ്ചപ്പതിപ്പിലെ ‘അയിത്തം, ജാതി’ എന്ന തലക്കെട്ടിലെ ‘തുടക്കം’ (ലക്കം: 1335) വായിച്ചപ്പോൾ ഓർമയിലേക്ക് ഓടിയെത്തിയത് 2018 ഒക്ടോബർ ഒന്നിന് ജാഗ്രുതി, അന്തരംഗ എന്നീ സാമൂഹിക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഒഡിഷയിലെ കണ്ഡമാൽ ജില്ലയിലെ ദാരിങ്ബാടി ബ്ലോക്കിൽപ്പെട്ട ഏഴു പഞ്ചായത്തുകളിൽ വസിക്കുന്നവർ ഗ്രാമസഭ ചേർന്ന് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ അവിടങ്ങളിൽ അയിത്തം (untouchability) ആചരിക്കുകയില്ല എന്ന പ്രതിജ്ഞ എടുത്ത വാർത്തയാണ്. പയ്യന്നൂരിലെ നമ്പ്യാത്രകൊവ്വൽ ക്ഷേത്രത്തിൽനിന്നും കേരളത്തിലെ ഒരു മന്ത്രിയായ കെ. രാധാകൃഷ്ണൻ തന്ത്രിമാരാൽ അയിത്തം കൽപിക്കപ്പെട്ട് അപമാനിതനായ സംഭവവുമായി ഇതിന് നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും ഒരു സ്വതന്ത്ര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രമായി മാറിക്കഴിഞ്ഞ് 73 വർഷം പിന്നിട്ട ഇന്ത്യയിൽ, ഒരു രാജ്യത്തെ നൂറ്റാണ്ടുകളായി പിറകോട്ടു വലിച്ചുകൊണ്ടുപോകുന്ന ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയും തജ്ജന്യമായി ഉടലെടുത്ത അയിത്തവും അതിന്റെ സകല രൗദ്രഭാവവും പ്രകടിപ്പിച്ചുകൊണ്ട് സമൂഹത്തെ ഇപ്പോഴും അസ്വസ്ഥമാക്കുന്നു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം അത്യന്തം വേദനജനകമാണ്.
ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശങ്ങളിൽ പറയുന്ന 17ാം വകുപ്പ് പ്രകാരം അയിത്തം നിയമംമൂലം നിരോധിച്ച രാജ്യത്ത്, നവോത്ഥാന പ്രസ്ഥാനവും കമ്യൂണിസവും ഉഴുതുമറിച്ച കേരളമണ്ണിൽ നടന്ന ഈ നീചമായ സംഭവം അത്യന്തം ഗൗരവതരമായി കാണേണ്ടിയിരിക്കുന്നു. പക്ഷേ, കേരളീയ സമൂഹം അത്തരത്തിൽ അതിനെ നോക്കിക്കണ്ടോ എന്ന് സംശയമാണ്. കേരളത്തിൽ നടന്ന ഗൗരവമർഹിക്കാത്ത പല വിഷയങ്ങളോടും ഈ സമൂഹം കാണിച്ച പ്രതിഷേധം ഇതിനെതിരെയുണ്ടായില്ല എന്നുള്ളത് സത്യമാണ്.
മന്ത്രി കെ. രാധാകൃഷ്ണൻ രാഷ്ട്രീയത്തിലും ഭരണത്തിലും വർഷങ്ങളായി കഴിവും പ്രാഗല്ഭ്യവും പ്രകടിപ്പിച്ച നേതാവാണ്. ഏത് രാഷ്ട്രീയ പാർട്ടിയിലായാലും ഇദ്ദേഹത്തെപ്പോലുള്ള പട്ടികജാതി-വർഗത്തിൽപ്പെട്ട രാഷ്ട്രീയ നേതാക്കളോട് (അവർ ജനപ്രതിനിധികൾ ആയാലും അല്ലെങ്കിലും), അവരോട് കേരളത്തിലെ സവർണ രാഷ്ട്രീയ പാർട്ടി നേതൃത്വം കാലങ്ങളായി നീതി കാണിച്ചിട്ടുണ്ടോ എന്നുകൂടി പരിശോധിക്കേണ്ട സമയമാണിത്. ചുരുക്കം പറഞ്ഞാൽ, പട്ടികജാതി-വർഗ നേതാക്കളും ജനപ്രതിനിധികളും സ്വന്തം പാർട്ടിയിൽനിന്നുപോലും പരോക്ഷമായ രാഷ്ട്രീയ അയിത്തം അനുഭവിക്കുന്നവരാണ് എന്നർഥം.
പയ്യന്നൂരിലെ ക്ഷേത്രത്തിൽവെച്ച് താൻ നേരിട്ട് അനുഭവിച്ച ജാതിവിവേചനത്തെക്കുറിച്ച് മന്ത്രി രാധാകൃഷ്ണൻ പുറംലോകത്തോട് വിളിച്ചുപറഞ്ഞത് നീണ്ട എട്ടുമാസം കഴിഞ്ഞിട്ടാണെന്നറിയുക. ഇത്രയും വലിയ ജാതിവിവേചനം അനുഭവിച്ചിട്ടും അദ്ദേഹം അത് പൊതുസമൂഹത്തോട് വിളിച്ചുപറയാതെ മനസ്സിൽ ദീർഘകാലം ഒളിപ്പിച്ചുവെച്ചു. ഇതിൽനിന്നും നമുക്ക് മനസ്സിലാവുന്നത് അദ്ദേഹം ആരെയൊക്കെയോ ഭയപ്പെടുന്നുണ്ട് എന്നുള്ളതാണ്. മാത്രമല്ല, 1989ലെ പട്ടികജാതി/ വർഗ (അതിക്രമ നിരോധന) നിയമപ്രകാരം അദ്ദേഹം പരാതി കൊടുക്കുന്നില്ല എന്നും ഇക്കാര്യത്തിൽ ഇനി മുന്നോട്ടില്ല എന്നും പറഞ്ഞത് പിന്തിരിപ്പനായിപ്പോയി. ഒരിക്കലും സംഭവിക്കാൻ പാടില്ലാതിരുന്ന ഈ ജാതിവിവേചനത്തിൽ അദ്ദേഹം നിയമനടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ കേരളത്തിൽ പലതരം അക്രമങ്ങൾക്കും വിധേയരാകുന്ന തന്റെ ജനതക്ക് അത് കൂടുതൽ ആത്മവിശ്വാസം പകർന്നുകൊടുക്കുമായിരുന്നു. മാത്രമല്ല, ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ഒരു കടിഞ്ഞാൺകൂടിയായി അത് വർത്തിക്കുമായിരുന്നു.
ജാതിപ്രാമാണ്യം ഇപ്പോഴും ഈ മണ്ണിൽ നിലനിൽക്കുന്നു എന്നതിന്റെ ആന്തരികാർഥം സൂചിപ്പിക്കുന്നത് ഈ സമൂഹം സങ്കുചിതമായി മാറിക്കൊണ്ടിരിക്കുന്നു എന്നുതന്നെയാണ്. ആധുനികനാവണം എന്ന് ആഗ്രഹിക്കുന്ന മിക്കവാറും എല്ലാവരുംതന്നെ ജാതി നശിക്കണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാൽ, അതിനെ ശരിയായ രീതിയിൽ മിക്കവാറും ആരുംതന്നെ സമീപിക്കാറില്ല എന്ന റാം മനോഹർ ലോഹ്യയുടെ വാക്കുകൾ എത്ര സത്യസന്ധമാണ്!
‘‘കാലം വൈകിപ്പോയി, കേവല-/മാചാരനൂലുകളെല്ലാം പഴകിപ്പോയി.../കെട്ടിനിറുത്താൻ കഴിയാതെ ദുർബലപ്പെട്ട ചരടിൽ/ ജനത നിൽക്കാ,/ മാറ്റുവിൻ ചട്ടങ്ങളെ,/ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ’’ എന്ന് ‘ദുരവസ്ഥ’യിൽ ആശാൻ പാടിയതിന്റെ പൊരുൾ കേരളജനത ഇപ്പോഴും ഉൾക്കൊണ്ടിട്ടില്ലെന്നു തോന്നുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.