1966-67 വർഷങ്ങളിൽ അന്നത്തെ പ്രധാനമന്ത്രിയും ‘ജയ് ജവാൻ ജയ് കിസാൻ’ മുദ്രാവാക്യത്തിന്റെ ശിൽപിയുമായ ലാൽ ബഹാദുർ ശാസ്ത്രി രാഷ്ട്രത്തോട് ആഴ്ചയിൽ ഒരുനേരം ഉപവസിക്കാൻ പറഞ്ഞെങ്കിൽ ഇന്ത്യയിലെ അന്നത്തെ ഭക്ഷ്യരംഗം എത്രകണ്ട് ദയനീയമായിരുന്നുവെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. അത്തരമൊരു ചുറ്റുപാടിൽനിന്നും ഇന്ത്യയെ കരകയറ്റി ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ പിടിച്ചുനിൽക്കാൻ പ്രാപ്തനാക്കിയ ഡോ. എം.എസ്. സ്വാമിനാഥൻ വിടവാങ്ങുമ്പോൾ അക്ഷരാർഥത്തിൽ ഇന്ത്യൻ കാർഷികരംഗത്തെ, ഭക്ഷ്യസുരക്ഷാ രംഗത്തെ ഒരു യുഗം അവസാനിക്കുകതന്നെയാണ്. ‘വിശപ്പിനെതിരെ നടന്ന ഹരിതവിപ്ലവ’ത്തെ സി. ജോർജ് തോമസ് (ലക്കം: 1337) സവിസ്തരം പ്രതിപാദിക്കുമ്പോൾ കഴിഞ്ഞകാല പട്ടിണിയും ദാരിദ്ര്യവും ക്ഷാമകാലവുമെല്ലാം ഒരു വെള്ളിത്തിരയിലെന്നപോലെ മുന്നിൽ തെളിയുകയാണ്.
ഡോക്ടറും എൻജിനീയറും ആകാൻ അവസരമുണ്ടായിട്ടും, വീട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങി സിവിൽ സർവിസിലെ ഐ.പി.എസ് എന്ന മൂന്നക്ഷര പദവി സ്വന്തമാക്കിയിട്ടും അതെല്ലാം പരിത്യജിച്ച് രാജ്യത്തിന്റെയും അവിടത്തെ ജനതയുടെയും പട്ടിണിയും ക്ഷാമവും തിരിച്ചറിഞ്ഞ് കൂടുതൽ അന്നം ഉൽപാദിപ്പിച്ച് വിശപ്പകറ്റാൻ അഹോരാത്രം പണിയെടുത്ത ഒരു അസാമാന്യ കർഷക പ്രതിഭയെയാണ് ശരിക്കും നാം എം.എസ്. സ്വാമിനാഥനിൽ കണ്ടുമുട്ടുന്നത്. മെക്സിക്കൻ കാർഷിക ശാസ്ത്രജ്ഞൻ നോർമൻ ബോർലോങ്ങിൽനിന്ന് പാഠങ്ങൾ പഠിച്ച് സ്വാമിനാഥൻ കൊണ്ടുവന്ന മാറ്റങ്ങളെ ഹരിതവിപ്ലവമായി ലോകം ഉദ്ഘോഷിച്ചു. പിന്നീടത് ‘നിത്യഹരിത വിപ്ലവമായി’. ഇന്ത്യയിൽ ഹരിതവിപ്ലവത്തിന്റെ തുടക്കകാലത്ത് കേന്ദ്ര മന്ത്രിയായി സി. സുബ്രഹ്മണ്യത്തെപോലെയുള്ള ഇച്ഛാശക്തിയുള്ള ഭരണകർത്താക്കളുണ്ടായതും കാര്യങ്ങൾ കൂടുതൽ എളുപ്പമുള്ളതാക്കി. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്, സ്വാതന്ത്ര്യം കിട്ടിയ ഉടനെതന്നെ, “മറ്റെല്ലാം അൽപം വൈകിയാലും സാരമില്ല, കൃഷി ഒട്ടും വൈകിക്കൂടാ” എന്ന ജവഹർ ലാൽ നെഹ്റുവിന്റെ പ്രസ്താവന.
ഹരിതവിപ്ലവത്തിന്റെ മഹത്തായ സ്വാധീനംകൊണ്ടുണ്ടായ മാറ്റങ്ങൾ ഒന്നുംതന്നെ ഉൾക്കൊള്ളാതെ വിള പരിപാലനത്തെക്കുറിച്ചും വളപ്രയോഗത്തെക്കുറിച്ചും വിളവെടുപ്പിനെക്കുറിച്ചുമെല്ലാം ഹരിതവിപ്ലവവുമായി ബന്ധപ്പെടുത്തി വിമർശനങ്ങൾ നടത്തുന്നവർ യഥാർഥത്തിൽ കർഷകരെ പരിഹസിക്കുകയോ അവരെ ചെറുതായി കാണിക്കുകയോ ആണെന്ന് ഡോ. എം.എസ്. സ്വാമിനാഥൻ മുമ്പൊരിക്കൽ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത് ഓർത്തുപോകുന്നു. ഇക്കൂട്ടർ യഥാർഥത്തിൽ കണ്ണടച്ച് ഇരുട്ടാക്കുന്നവരോ കഥയറിയാതെ ആട്ടം കാണുന്നവരോ ആണ്.
സി. ജോർജ് തോമസിന്റെ ലേഖനം ഹരിതവിപ്ലവത്തിന്റെ ചരിത്രം, പ്രസക്തി, ആ കാലഘട്ടത്തിൽ ഉപയോഗിച്ച വിവിധയിനം വിത്തിനങ്ങൾ, ഹരിതവിപ്ലവത്തിനെതിരെ ഉയർന്നുവന്ന അപസ്വരങ്ങൾ, സ്വാമിനാഥനെ തേടിയെത്തിയ പുരസ്കാരങ്ങൾ എന്നിവയെ കുറിച്ചുള്ള സമഗ്രമായ ഒരു ചിത്രം നൽകുന്നതിൽ പൂർണമായും വിജയിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. ലേഖകനും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
എൻ.ബി. സുരേഷിന്റെ കവിത ‘പാറമേൽ, ഇരുട്ടിൽ’ (ലക്കം: 1337) കാഴ്ചയെയും സഞ്ചാരത്തെയും പ്രശ്നവത്കരിക്കുന്നതിനൊപ്പം പ്രമേയപരമായി പാരമ്പര്യ കവിതാശീലങ്ങളെക്കൂടി പ്രശ്നവത്കരിക്കുന്ന കവിതയായാണ് അനുഭവപ്പെട്ടത്. കവിതയിലെ രചയിതാവ്യക്തിത്വം (ഓതേഴ്സ് പേഴ്സനാലിറ്റി) ഇരുട്ടിനെ പ്രത്യേകതരത്തിൽ പ്രണയിക്കുന്ന ആളാണ്. അത് അത്ര സ്വാഭാവികമായ കാര്യമല്ല. അറിവിന്റെ വെളിച്ചത്തോട് ദൂരെ പോകാൻ പറയുന്ന സൗന്ദര്യാത്മകമായ ചോദനയോ (ജി. ശങ്കരക്കുറുപ്പ്) തമസ്സാണ് സുഖപ്രദമെന്നു വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന സാമൂഹികമായ നിരാശയോ (അക്കിത്തം) അല്ല കവിതക്ക് ആസ്പദമായ മനോഭാവത്തെ രൂപപ്പെടുത്തിയത്.
ഇരുട്ടിൽ നിൽക്കുന്ന തനിക്ക് വിളക്കു കൊളുത്തി അഭയം നൽകണമെന്ന പ്രാർഥനയും (പി. കുഞ്ഞിരാമൻ നായർ) അയാൾ ഉയർത്തുന്നില്ല. 1908ൽ വി.സി. ബാലകൃഷ്ണപ്പണിക്കർ എഴുതിയ ‘ഒരു വിലാപം’ എന്ന കവിതയിലെ ഭാര്യ മരിച്ച മനുഷ്യനെയും ഇവിടെ ഓർക്കാവുന്നതാണ്. തിങ്ങിപ്പൊങ്ങുന്ന തമസ്സിൽ കടലിൽ വീണ കുടംപോലെ മുങ്ങിപ്പോയ ഭൂചക്രവാളത്തെ അഭിമുഖീകരിച്ചുകൊണ്ടിരുന്ന അയാളെ ബാധിച്ച ദാരുണമായ ഏകാന്തതയെയും വിഷാദത്തെയുമാണ് കവി ഇരുട്ടിന്റെ തീവ്രതയിലൂടെ സാക്ഷാത്കരിച്ചത്.
പ്രകൃതിയെ അഭിമുഖീകരിച്ച് ഒറ്റക്കിരിക്കുന്ന, കവിതയിലെ മനുഷ്യന്റെ മുന്നിൽ ഇത്തരം പ്രതീക കൽപനകളുടെ തീവ്രമായ ഭാവവൈവശ്യങ്ങളില്ല. ഇരുട്ടിൽ മുഖമൊളിപ്പിക്കാൻ ശ്രമിക്കുന്നതരം കാൽപനികത അയാളെ തീണ്ടുന്നില്ല. കുടുംബബന്ധങ്ങളിൽനിന്ന് (അല്ലെങ്കിൽ അതുപോലെയുള്ള സാമൂഹികമായ കെട്ടുപാടുകളിൽനിന്ന്) വിടുതൽ നേടിയ സ്വച്ഛനായ ഒരു യാത്രികന്റെ നിഴൽരൂപത്തെയാണ് കവിത പ്രേക്ഷണംചെയ്യുന്നത്. വെളിച്ചത്തിന്റെ കടൽത്തിരകളിൽ കൊഴുക്കുന്ന ഭൂമിയെ ഇരുന്നു കാണുകയും പാറപോലെ ഉറയ്ക്കുന്ന കൂരിരുട്ടിൽ നടന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്ന അസാധാരണത്വമാണ് അയാൾക്ക് ഊർജം നൽകുന്നത്. ഒരർഥത്തിൽ കവിതയിൽ അവതരിപ്പിക്കപ്പെടുന്ന അയാളുടെ കാഴ്ച നോക്കുക. അത് ഇരുട്ടിനായുള്ള അയാളുടെ കാത്തിരിപ്പിന്റെ അവശ്യം ഭാവിയായ ഫലമാണ്.
അയാൾ കൂർമ്പൻപാറയുടെ തുഞ്ചത്തിരിക്കുന്നു. ബഹിരാകാശയാത്രികന്റെ ഉപമ സ്വയം അണിയുന്നു. അകലങ്ങളുടെ പ്രലോഭനം അറിയുന്നു. പ്രകൃതിയെ ഉറ്റുനോക്കിയിരിക്കുന്ന ഈ സഞ്ചാരിയുടെ യാത്രോദ്യമമാണ് കവിതക്ക് ഉൾബലം നൽകുന്നത്. ആ നിലക്ക് അയാൾ ഉത്സാഹിയാണ്. നിറവൈവിധ്യങ്ങളോ (അതേ പച്ചയും നീലയും) വെളിച്ചമോ തിരിച്ചറിയാനാവാത്തവിധം അന്ധതയോ ബാധിര്യമോപോലുള്ള ശാരീരികമായ വെല്ലുവിളികളും അയാളെ അലട്ടുന്നില്ല. മിന്നാമിനുങ്ങിന്റെ ചിറകിലെ നക്ഷത്രത്തെ അയാൾക്കു കാണാം. അവയുടെ ചിറകടിയൊച്ച അയാൾക്കു കേൾക്കാം. ഇത്രയും സൂക്ഷ്മമായ ഇന്ദ്രിയസംവേദനങ്ങളുടെ നിലയിൽനിന്നുകൊണ്ടാണ് നടക്കുക എന്ന തന്റെ പ്രവർത്തനപൂരണത്തിനായി അയാൾ ഇരുട്ടിനെയും കാത്തിരിക്കുന്നത്.
സാമൂഹികമോ വ്യക്തിപരമോ ആയ പിൻവാങ്ങൽ നിലയിലോ വിഷാദത്തിന്റെ പ്രതീകാത്മകമായ തലത്തിലോ അല്ലാതെയുള്ള ഇരുട്ടിനായാണ് അയാളുടെ കാത്തിരിപ്പെന്ന് ഇതിൽനിന്നെല്ലാം വ്യക്തം. സഞ്ചാരത്തിന്റെ സൗന്ദര്യമാണ് കാഴ്ച. ഇവയെ തമ്മിൽ കൂട്ടിയിണക്കുന്നത് വെളിച്ചവുമാണ്. എന്നാൽ, കാഴ്ചയുടെയും വെളിച്ചത്തിന്റെയും ഈ ഇണബന്ധത്തെ നിഷേധിച്ച് സ്വന്തം നിലപാടിനെ രൂപപ്പെടുത്തുകയും സ്വകീയമായ വീക്ഷണത്തെ അവലംബിക്കാൻ ഉത്സാഹത്തോടെ തീരുമാനിക്കുകയും ചെയ്യുന്നതിലൂടെ അയാൾ ലോകത്തിന്റെ സാമ്പ്രദായിക സ്വഭാവവുമായി തെറ്റുന്നു; കവിതാശീലങ്ങളിൽനിന്നു വഴിമാറുന്നു; വ്യക്തിഗതജീവിതത്തിന്റെ പതിവുകളെ തിരിച്ചിടുന്നു.
സേതുവിന്റെ ‘പാർവതി’ സ്വച്ഛസുന്ദരമായി ഒഴുകിക്കൊണ്ടിരിക്കുന്ന നിളാനദിയെപ്പോലെ ആസ്വാദക മനസ്സുകളെ തഴുകിത്തലോടി കടന്നുപോകുന്നു. ആഴ്ചതോറും മലയാളത്തിൽ ഇറങ്ങുന്ന മുഖ്യ ആനുകാലികങ്ങളെല്ലാം വായിക്കുന്ന എനിക്ക് പുതിയ എഴുത്തുകാര്‍ പടച്ചുവിടുന്ന യുക്തിരഹിതങ്ങളായ രചനകള്‍ മടുക്കുമ്പോൾ, ഒരാശ്വാസത്തിനായി ‘പാര്‍വതി’യിലേക്ക് ഓടിച്ചെല്ലുന്നു. അതിലെ കഥപറയാനുള്ള സേതുവിന്റെ അസാമാന്യ പാടവം എന്നെ അത്ഭുതപ്പെടുത്തുന്നു.
ചിങ്ങമാസത്തിലെ തെളിഞ്ഞ ആകാശംപോലെ അതെന്നെ ആഹ്ലാദിപ്പിക്കുന്നു. സ്നേഹവും പ്രസാദാത്മകതയും കൂടിച്ചേർന്ന അതിലെ ഓരോ വാക്യങ്ങളും എന്നില്‍ നവാനുഭൂതികള്‍ നിറക്കുന്നു. ജീവിച്ചിരിക്കുന്നതില്‍ അർഥമുണ്ടെന്ന് തോന്നിപ്പിക്കുന്നു. ആപാദചൂഡം പനിനീരില്‍ മുങ്ങിയ ഹേമന്തചന്ദ്രികയെപ്പോലെ ലാളിത്യമുള്ള വാക്കുകളാല്‍ നോവൽ വാരികയുടെ ചന്തം കൂട്ടുന്നു. ഏഴ് അധ്യായങ്ങളേ പൂര്ത്തിയായിട്ടുള്ളൂവെങ്കിലും പരിസമാപ്തിയില്‍ ഇത് ആസ്വാദകരെ ത്രസിപ്പിക്കുമെന്ന കാര്യം ഉറപ്പ്.
കവിതയും തത്ത്വചിന്തയും മനഃശാസ്ത്രവും സര്‍വോപരി പച്ചയായ ജീവിതവും സമന്വയിപ്പിച്ച ഈ രചന വാരികക്കൊരു മുതൽക്കൂട്ടാണ്. അഭിനന്ദനങ്ങൾ.
ഗ്രന്ഥശാലകളുടെ ഭാവിയെപ്പറ്റി അഡ്വ. കെ.പി. രവി പ്രകാശിന്റെ ലേഖനം (ലക്കം: 1337) വിഷയത്തെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്. വായനശാലകൾ വായിക്കാനും പുസ്തകങ്ങൾ വിതരണം ചെയ്യാനുമുള്ള ഇടം മാത്രമല്ല, സാംസ്കാരികമായ നിരവധി ചർച്ചകളും പ്രവർത്തനങ്ങളും അവിടെ നടക്കുന്നുണ്ട്. ഏതുതരത്തിലുള്ള ഇടപെടലും ഗ്രന്ഥശാലകളെ തകർക്കുകതന്നെ ചെയ്യും. പണലഭ്യതക്കൊപ്പം ഏതു പുസ്തകം വാങ്ങണം, വായിക്കണം എന്നതിന് നിയന്ത്രണം വരാൻ സാധ്യത കാണുന്നു. ചില പ്രത്യേക കൃതികൾ വാങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യം വന്നുചേരും. നിയമം പാലിച്ചില്ലെങ്കിൽ പണലഭ്യത നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
പ്രാദേശിക വൈവിധ്യങ്ങൾക്കനുസരിച്ചുള്ള കൃതികൾ വാങ്ങാനായില്ലെങ്കിൽ അത് സാധാരണക്കാരുടെ വായനയെ ഹനിക്കുന്നതായിത്തീരും. സാധാരണ വായനക്ക് ഗ്രഹിക്കാനാവാത്ത പുസ്തകങ്ങൾകൊണ്ട് ഗ്രന്ഥശാലകൾ നിറക്കപ്പെടും. മൊത്തത്തിൽ വലിയ നിയന്ത്രണങ്ങളാണ് ലക്ഷ്യമിടുന്നതെന്നു തോന്നുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.