എഴുത്തുക്കുത്ത്

ശീർഷകം ചിന്തോദ്ദീപകം

പ്രേംചന്ദിന്റെ ‘ഓർമചിത്രങ്ങൾ’ (ലക്കം: 1330) എന്ന പരമ്പരയിലെ ‘നമ്മുടെ ജനപ്രതിനിധികൾ ഒരു വരേണ്യവർഗമായി തീർന്നിട്ടില്ലേ?’ എന്ന ശീർഷകംതന്നെ ചിന്തോദ്ദീപകമാണ്. ഭരണാധികാരി ഭരണീയരെപ്പറ്റി കാര്യമായി ചിന്തിക്കാതെ ‘‘സ്വന്തം കാര്യം സിന്ദാബാദ്’’എന്ന ലൈനിലേക്ക് ഗുരുതരമാംവിധം വ്യതിചലിച്ചിട്ട് കാലം കു​െറയായി. ഇതിൽ ഇടത്-വലത് വ്യത്യാസമേതുമില്ല.

നാട്ടിൽ ജനകോടികൾ ദുരിതമനുഭവിക്കുമ്പോൾ തങ്ങളുടെ ആനുകൂല്യങ്ങളും സൗകര്യങ്ങളും പരമാവധി വർധിപ്പിക്കാനും വിഹിതമായും അവിഹിതമായും പലനിലക്കും സമ്പാദിച്ചുകൂട്ടാനും ഇടത്-വലത് നേതാക്കളും അവരുടെ ശിങ്കിടികളും കാണിക്കുന്ന അതീവ താൽപര്യവും സാമർഥ്യങ്ങളും ജനാധിപത്യം ഒരു ദുരന്തമായി മാറുന്നിട​ത്തെത്തിയിരിക്കുന്നു.

ഒരു ടേമിൽ എം.എൽ.എ ആയവർക്ക് നൽകുന്ന ദീർഘകാല പെൻഷൻ, യാത്രാപാസ്, മറ്റിതര സൗജന്യങ്ങൾ നിഷ്കൃഷ്ടമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഒരു പബ്ലിക് ഓഡിറ്റിങ് വേണ്ടുംവിധം നടക്കുന്നില്ല. മന്ത്രിമാരുടെ ആഡംബര യാത്ര, ആവശ്യത്തിലേറെയുള്ള സെക്യൂരിറ്റി, കുടുംബസമേതമുള്ള വിദേശയാത്രകൾ, വിദേശ ചികിത്സകൾ, മുൻ മന്ത്രിമാരുടെ ചികിത്സ, ഏതെങ്കിലും പദവികളിൽ കുടിയിരുത്തി സൗജന്യങ്ങളും സൗകര്യങ്ങളും മറ്റും വാരിക്കോരി നൽകൽ (ഉദാ: വി.എസ്. അച്യുതാനന്ദന്റെ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ), വേണ്ടപ്പെട്ടവരെ കുടിയിരുത്തി പ്രീതിപ്പെടുത്താനുള്ള പറയത്തക്ക വലിയ പ്രയോജനമൊന്നുമില്ലാത്ത കുറെ സമിതികൾ, ബോർഡുകൾ, മറ്റിതര സംവിധാനങ്ങൾ, അവ വഴി നടക്കുന്ന ധൂർത്തും ധാരാളിത്തങ്ങളും... ഇതൊക്കെ കർശനമായ അവലോകനത്തിനും പുനരാലോചനകൾക്കും വിധേയമാകേണ്ടതുണ്ട്.

മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽ രണ്ടു വർഷം ജോലിചെയ്താൽ ജീവിതം മുഴുവൻ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന വ്യവസ്ഥയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദ്യംചെയ്തതിനെ അദ്ദേഹത്തോടുള്ള മറ്റ് വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ട് ധാരാളം ആളുകൾ യോജിക്കുകയുണ്ടായി.

1957ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ രൂപവത്കരിച്ചപ്പോൾ ആ മന്ത്രിസഭയുടെ പ്രവർത്തനം ദേശീയ സ്വാതന്ത്ര്യസമരത്തിൽനിന്ന് ഉയിർകൊണ്ട പല നല്ല പാരമ്പര്യങ്ങളും നിലനിർത്തിയിരുന്നു. അന്ന് കമ്യൂണിസ്റ്റ് മന്ത്രിമാർ എല്ലാവരും മാസം മുന്നൂറ്റിഅമ്പത് രൂപ മാത്രമാണ് ശമ്പളം പറ്റിക്കൊണ്ടിരുന്നത്.

നിയമപ്രകാരം അഞ്ഞൂറു രൂപവരെ വ്യവസ്ഥയുണ്ടായിട്ടുപോലും. അവിടെനിന്നൊക്കെ നാം എത്രയോ ദൂരം പോന്നു! എത്ര ദൂരം എന്നറിയണമെങ്കിൽ ഇപ്പോഴത്തെ എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളം, അലവൻസ് മുതലായവ ക്രമീകരിക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ നോക്കിയാൽ മാത്രം മതി. പ്രസ്തുത ബിൽ പാസാക്കിയെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ്-കമ്യൂണിസ്റ്റ്-ജനത-ലീഗ് എന്ന് തുടങ്ങിയ വ്യത്യാസങ്ങളോ ഭരണകക്ഷി-പ്രതിപക്ഷ വ്യത്യാസമോ ഇല്ലായിരുന്നുവെന്ന് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ല.

മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ വാക്കുകൾ ഇപ്പോൾ കൂടുതൽ പ്രസക്തമാണ്. അച്യുതമേനോൻ തുടർന്നു പറഞ്ഞതുകൂടി കാണുക: ‘‘നമ്മുടെ എം.എൽ.എമാരെയും എം.പിമാരെയും എല്ലാം പൊതുവെ ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗത്തിന്റെ ലക്ഷണമാണ്. ആ രോഗം എന്താണെന്ന് ചോദിച്ചാൽ അവർ ജനപ്രതിനിധികളോ ജനസേവകരോ ആകുന്നതിനു പകരം ജനങ്ങളുടെ മേൽ അധികാരം നടത്തുന്ന ഒരു പ്രത്യേക വർഗം ആയിത്തീർന്നുകൊണ്ടിരിക്കുന്നു.’’

ജനപ്രതിനിധികളിലെ ഒരുതരം പൗരോഹിത്യത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ട് എൻ.വി. കൃഷ്ണവാരിയർ എഴുതിയത് കാണുക: ‘‘എം.എൽ.എ എന്ന ബ്രാഹ്മണ വിഭാഗത്തിന് എന്തെല്ലാം അധികാരങ്ങളാണുള്ളത്. ഒന്നാമതായി നിയമം നിർമിക്കാനും ഭേദഗതി ചെയ്യാനും വ്യാഖ്യാനിക്കാനും വേണമെങ്കിൽ നിയമം റദ്ദാക്കാനും ഇവർക്കാണ് അധികാരം. മുമ്പ് ബ്രാഹ്മണർക്ക് ഇതിന് തുല്യമായ അധികാരമാണല്ലോ? നിയമം നിർമിക്കുന്നത് ഇവരാകയാൽ ഇവർ നിയമത്തിനതീതരുമാണ്. തങ്ങളുണ്ടാക്കിയ നിയമം എം.എൽ.എമാർക്ക് ലംഘിക്കാമെന്ന് നിയമമില്ലെങ്കിലും വഴക്കം അതാണ്.

വഴക്കത്തിന് നിയമത്തേക്കാൾ പ്രാബല്യമുണ്ട്. സ്വന്തം നെഞ്ഞൂക്കും ആശ്രിതരുടെ കൈയൂക്കും അനുസരിച്ച് എം.എൽ.എക്ക് ഇവിടെ എന്തും ചെയ്യാം. ഇന്ത്യയിലെ ജനസംഖ്യയിൽ ബ്രാഹ്മണർ എല്ലാ കാലത്തും ഒരു ന്യൂനപക്ഷമായിരുന്നു. എങ്കിലും രാജാക്കന്മാരിൽ സ്വാധീനം ചെലുത്തി ഈ വിശാല ഭൂഖണ്ഡത്തെയാകെ സ്വന്തം ഇഷ്ടപ്രകാരം ഭരിക്കാൻ ഈ ന്യൂനപക്ഷത്തിന് സാധിച്ചിരുന്നു. എം.എൽ.എമാരും ഒരു ന്യൂനപക്ഷമാണ്. എങ്കിലും അത്ര നിസ്സാരരല്ല. അവരുടെ സംഖ്യാബലം ആണ്ട്തോറും വർധിച്ചുവരുകയാണ്.

ബ്രാഹ്മണരിൽ യാഗം ചെയ്തവരാണല്ലോ അക്കിത്തിരി, അടിതിരി, ചോമാതിരി മുതലായവർ. മറ്റു ബ്രാഹ്മണർക്കില്ലാത്ത പല ആനുകൂല്യങ്ങളും ഇത്തരക്കാർക്കുണ്ടായിരുന്നു. എം.എൽ.എമാരിലെ അക്കിത്തിരികളും അടിതിരികളും ചോമാതിരികളുമാണ് മുൻ മന്ത്രിമാർ (വെല്ലുവിളികൾ, പ്രതികരണങ്ങൾ എന്ന സമാഹാരത്തിൽനിന്ന്).

എം.എൽ.എമാരുടെയും എം.പിമാരുടെയും മുൻ എം.എൽ.എ, മുൻ എം.പി എന്നിവരുടെയും അതുപോലുള്ള മറ്റു പലരുടെയും ആനുകൂല്യങ്ങൾ കുറച്ചാലെന്താണ് കുഴപ്പം? പൂച്ചക്ക് ആര് മണികെട്ടും?

(പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി)

കാമ്പുള്ള ‘തുടക്കം’

മനുഷ്യമനസ്സുകളെ ഇരുത്തിച്ചിന്തിപ്പിക്കുന്ന ‘കൂട്ടക്കൊല തുടരാന്‍ അനുവദിക്കരുത്’ എന്ന ആഴ്ചപ്പതിപ്പിന്‍റെ തുടക്കം (ലക്കം: 1340) ഒരു നീറ്റലായി മനസ്സിൽ പടർന്നു. അത് വായിച്ചുകൊണ്ടിരിക്കുന്ന വേളയിലും ഗസ്സയില്‍ യുദ്ധം കൊടുമ്പിരികൊള്ളുകയാണെന്ന് മാധ്യമ കാഴ്ചകളും, വാർത്തകളും വിളിച്ചുപറയുന്നു. കരയുദ്ധം മുറുകിക്കൊണ്ടിരിക്കുന്ന ഗസ്സയില്‍ മരണം 8000 കടന്നുവെന്നാണ് റിപ്പോർട്ട്. ഹമാസിനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റണമെന്ന ഉദ്ദേശ്യത്തോടെ ചോരക്കൊതിയനായ ബിന്യമിൻ നെതന്യാഹുവിന്‍റെ പട്ടാളം നടത്തിക്കൊണ്ടിരിക്കുന്ന ഷെല്ലാക്രമണങ്ങളിൽ ഉയരുന്ന കനത്ത പുകയാല്‍ ഗസ്സ ഇരുട്ടിലാണ്.

അവിടത്തെ ആശുപത്രികള്‍ ലക്ഷ്യമാക്കിയാണ് ബോംബുകൾ തൊടുത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മുഴുവന്‍ മോചിപ്പിക്കുമെന്ന വാശിയില്‍ ഇസ്രായേലും, തങ്ങളുടെ ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസും ആവശ്യപ്പെടുന്നു. മരുന്നും ഭക്ഷണവും കുടിവെള്ളവും നിഷേധിക്കപ്പെട്ട ഒരു ജനതയുടെ രോദനം കേൾക്കാനും കണ്ണീരു കാണാനും ആരുമില്ലാത്ത അവസ്ഥ.

ഭക്ഷണം തിരഞ്ഞ് യു.എന്‍ ഗോഡൗണുകളിലേക്ക് അവർ ഇരച്ചുകയറുന്നു. എന്നിട്ടും സമാധാനത്തിന്റെ സിരാകേന്ദ്രമായ യു.എൻ ആക്രമണം നിര്‍ത്താന്‍ ഇസ്രായേലിന് അന്ത്യശാസനം കൊടുത്തിട്ടില്ലെന്നതാണ് ആശ്ചര്യകരം. ജീവിക്കാനുള്ള മനുഷ്യരുടെ അവകാശത്തെയാണ് ഇസ്രായേലും തൽപരകക്ഷികളും ചേർന്ന് മസിൽ പവറാൽ നിഷേധിക്കുന്നത്. ഇത് ശരിയല്ല.

ലോകമേ, തങ്ങളുടെ കുഞ്ഞുകുട്ടിപരാധീനങ്ങളോടൊപ്പം സമാധാനത്തോടെ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന കാര്യം മറക്കരുത്.

(സണ്ണി ജോസഫ്‌, മാള)

വിശപ്പിനെതിരെ നടന്ന ഹരിതവിപ്ലവം

വിടപറഞ്ഞ കൃഷിശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥനെ അനുസ്മരിച്ച് സി. ജോർജ് തോമസ് എഴുതിയ ലേഖനം വായിച്ചു. എം.എസ്. സ്വാമിനാഥൻ ആരായിരുന്നു എന്നും അദ്ദേഹത്തിന്റെ സംഭാവനകൾ എന്തൊക്കെയായിരുന്നു എന്നും വിശദമായി പ്രതിപാദിക്കുന്ന ലേഖനം. എണ്ണിയാലൊടുങ്ങാത്ത യോഗ്യതകളുടെ ഉടമയാണ് ഡോ. സ്വാമിനാഥൻ. ഇന്ത്യയെ പട്ടിണിയിൽനിന്ന് മോചിപ്പിച്ച അദ്ദേഹത്തിന്റെ ഹരിതവിപ്ലവം എക്കാലത്തും ഓർമിക്കപ്പെടും. ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായും ഗവേഷകനായും വകുപ്പ് മേധാവിയായും ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

അതുകഴിഞ്ഞ് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്റെ ഡയറക്ടർ ജനറലായും അതുകഴിഞ്ഞ് കൃഷി ഗവേഷണവും വിദ്യാഭ്യാസവും എന്ന വകുപ്പിൽ ഇന്ത്യ ഗവൺമെന്റിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി എന്ന ഉന്നത പദവിയും അദ്ദേഹത്തിന് ലഭിച്ചു. ആസൂത്രണ കമീഷനിലും അദ്ദേഹത്തിന് ഉന്നത പദവി ലഭിച്ചിരുന്നു.

ലോകജനതക്ക് ഭക്ഷണം ഉറപ്പുവരുത്താൻ എന്തെല്ലാം പദ്ധതികളാണ് അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തിയത്. ഇന്ത്യയിൽ ഹരിതവിപ്ലവം സംഭവിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനമാണ് സഹായകമായത്. ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഭക്ഷ്യപ്രതിസന്ധിയിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത് അദ്ദേഹമാണ്. ഭക്ഷ്യധാന്യോൽപാദനം ജനസംഖ്യാ വർധനക്കനുസരിച്ച് വർധിപ്പിച്ചില്ലായിരുന്നെങ്കിൽ വലിയ ദുരന്തങ്ങളുണ്ടാകുമായിരുന്നു. ആധുനിക കൃഷിസമ്പ്രദായങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയതാണ് അദ്ദേഹം ചെയ്ത ഏറെ വിലമതിക്കപ്പെടുന്ന സേവനം.

ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്തിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം മൂലമാണെന്ന് നിസ്സംശയം പറയാം. ഗോതമ്പ് കയറ്റുമതി വർധിപ്പിക്കാനും അതുമൂലം സാധിച്ചു. നിലവിലുള്ള കൃഷിസമ്പ്രദായങ്ങൾ ഉപയോഗപ്പെടുത്തി ആധുനികരീതിയിൽ എങ്ങനെ വിളവ് വർധിപ്പിക്കാമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഇതിന്റെ ഭാഗമായി വിളവ് വർധിപ്പിക്കാൻ പര്യാപ്തമായ പുതിയ വിത്തിനങ്ങളും കൃഷിസമ്പ്രദായവും അദ്ദേഹം നടപ്പിൽവരുത്തി. പ്രഫസർ എം.എസ്. സ്വാമിനാഥന്റെ കാർഷികരംഗത്തെ സംഭാവനകളും വിശപ്പിനെതിരെയുള്ള അദ്ദേഹത്തിന്റെ നാമവും ഹരിതവിപ്ലവവും എന്നെന്നും ഓർമിക്കപ്പെടുകതന്നെ ചെയ്യും.

(സദാശിവൻ നായർ, എരമല്ലൂർ)

Tags:    
News Summary - weekly ezhuthukuth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.