‘ഫലസ്തീൻ നമ്മൾ തന്നെയാണ്’ എന്ന വികാരം നമ്മളിൽ പലർക്കും ഇല്ലാത്തതുകൊണ്ടുതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രമായ ഇസ്രായേൽ ഫലസ്തീന്റെ മേൽ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ട് കുട്ടികളെയും സ്ത്രീകളെയുമടക്കം നിരവധി പേരെ ദിനേന കൊല ചെയ്തിട്ടും അതൊന്നും കണ്ണിൽപ്പെടാതെ ഇസ്രായേലിലെ ഒരു കുട്ടിക്ക് ഹാപ്പി ബർത്ത് ഡേ ആഘോഷിക്കാൻ സാധിക്കാതെ പോയതിന്റെ പേരിൽ വിലപിക്കുന്നത്. ഒക്ടോബർ ഏഴിനു തുടങ്ങിയ യുദ്ധത്തിൽ ഫലസ്തീനിന്റെ ഭാഗത്തുനിന്നുണ്ടായത് പിറന്ന നാടിനുവേണ്ടിയുള്ള ഫലസ്തീൻ ജനതയുടെ പ്രതിരോധമാണെന്നുപോലും തിരിച്ചറിയാനുള്ള വകതിരിവില്ലാതെ പോയി ഇസ്രായേൽ അനുകൂലികൾക്ക്.
മുഖ്യധാരാ പത്രമാധ്യമങ്ങൾക്കെല്ലാം ഇസ്രായേൽ-ഫലസ്തീൻ സംഘർഷം വർഷങ്ങളായി തുടരുന്ന കേവലം ‘പശ്ചിമേഷ്യ പുകയൽ’ വാർത്ത മാത്രമായതുകൊണ്ടുതന്നെയാവാം ഇപ്പോൾ നടക്കുന്ന സംഘർഷത്തെ അവലോകനം ചെയ്ത് ഒരു പേജുപോലും നീക്കിവെക്കാത്തത്. ഇത്തരുണത്തിൽ മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഫലസ്തീൻ സ്പെഷൽ ഉത്തരവാദിത്തബോധത്തോടെ കാര്യങ്ങൾ നോക്കിക്കാണുന്ന മാധ്യമപ്രവർത്തനത്തിന് മാതൃകയായി എന്നുതന്നെ പറയാം. കെ.ഇ.എൻ, പി.കെ. നിയാസ്, എം.എൻ. സുഹൈബ്, വി. മുസഫർ അഹമ്മദ് തുടങ്ങി എല്ലാവരും ഫലസ്തീൻ വിഷയത്തിൽ എഴുതിയ ലേഖനങ്ങൾ കാര്യഗൗരവത്തോടെയും സൂക്ഷ്മമായും വിഷയത്തെ വായനക്കാരിൽ എത്തിക്കാൻ ശ്രമിച്ചു.
ഭീകരവാദവും തീവ്രവാദവും ലോകത്തിന്റെ ഏത് കോണിൽനിന്നുണ്ടായാലും അത് മുളയിലേ നുള്ളണമെന്നും ഏതൊരു തരത്തിലുമുള്ള ഭീകരവാദവും ലോകസമാധാനത്തിന് ഭീഷണിയാണെന്നും നാഴികക്ക് നാൽപതു വട്ടവും വീമ്പിളക്കുന്നവർ ഒരു വിധ ഉളുപ്പുമില്ലാതെ 1948ൽ ഭീകരവാദത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രത്തെ കൈയും മെയ്യും മറന്ന് പിന്തുണക്കുന്ന ദുരന്ത ചിത്രമാണ് നമുക്ക് കാണേണ്ടിവരുന്നത്. ശത്രു വിന്റെ ശത്രു മിത്രമാകുന്നു എന്നേ ഇതൊക്കെ കാണുമ്പോൾ ചിന്തിക്കാനാകുന്നുള്ളൂ.
അതുകൊണ്ടുതന്നെയാണ് അമേരിക്കയിലുണ്ടായ സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെയോർത്ത് വർഷാവർഷം അന്നേ ദിവസം ഒരു മിനിറ്റുനേരം മൗനം ആചരിക്കുന്നത് വേണ്ടതുതന്നെയെങ്കിലും അങ്ങനെ നോക്കുമ്പോൾ ഫലസ്തീനിനെയും അവിടത്തെ ജനതയെയും കുറിച്ച് ഓർത്ത് നമ്മൾ എത്ര നൂറ്റാണ്ട് മൗനം ആചരിക്കേണ്ടിവരും എന്ന ചോദ്യത്തിന് ഉത്തരം ഇല്ലാതെ പോകുന്നതും. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിൽ ഐക്യരാഷ്ട്ര സഭയിലെ ഭൂരിപക്ഷം അംഗരാഷ്ട്രങ്ങളും യോജിച്ചപ്പോൾ നമുക്ക് എങ്ങനെ വിട്ടുനിൽക്കാൻ തോന്നിയെന്നേ സാമാന്യബുദ്ധികൊണ്ട് ചോദിക്കാനുള്ളൂ. അത്രമാത്രം മനസ്സാക്ഷി ഇല്ലാത്തവരായിപ്പോയോ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ നമ്മൾ?
ഇക്കഴിഞ്ഞ ഒക്ടോബർ 23ന് അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിങ് ബേദിയെക്കുറിച്ച് എൻ.എസ്. വിജയകുമാർ കുറിച്ചിട്ട ‘ഒരു സ്പിൻ വസന്തത്തിന്റെ ഓർമ’ (ലക്കം: 1341) എന്ന സ്മരണാഞ്ജലിക്ക് നന്ദി.
1966-1978 കാലഘട്ടത്തില്‍ ബിഷന്‍ സിങ് ബേദിയില്ലാത്ത ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സങ്കൽപിക്കാന് കഴിയുമായിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിനെ ജനകീയമാക്കിയ നാലു സ്പിന്നര്‍മാരില്‍ ഇളയവനാണ് ബേദി. പ്രസന്നയും ചന്ദ്രശേഖറും വെങ്കിട്ടരാഘവനും ചേട്ടന്മാരും. അന്നത്തെ ലോകോത്തര ബാറ്റര്‍മാരായിരുന്ന ക്ലൈവ് ലോയ്ഡ്, ഗാരി സോബേഴ്സ്, റേ ഇല്ലിങ് വർത്ത് തുടങ്ങിയ കൊമ്പന്മാരെ വട്ടം കറക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ബേദി പന്തെറിയുമ്പോഴുള്ള ബാറ്റര്‍മാരുടെ അവസ്ഥയോര്‍ത്ത് ദീര്‍ഘനിശ്വാസം വിടുമായിരുന്നു ക്രിക്കറ്റ് പ്രേമികൾ. കൈക്കുഴയുടെ അപാരമായ വഴക്കവും കറക്കവും ബേദിയെ ബാറ്റര്‍മാരുടെ പേടിസ്വപ്നമാക്കി.
കൃത്യമായ ലൈനിലും ലെങ്ത്തിലും ചാട്ടുളിപോലെ വരുന്ന പന്തുകളിൽനിന്നും റണ്ണെടുക്കുന്നതിനേക്കാള്‍ പ്രയാസമായിരുന്നു സ്റ്റംപ് തെറിക്കാതെ നോക്കുന്നത്. ഉഗ്രൻ ഷോട്ടുകൾ ഉയര്‍ത്താന്‍ കഴിയുമെന്ന് തോന്നിപ്പിക്കുന്ന പന്തുകള്‍ ചുഴലിക്കാറ്റുപോലെ ചുറ്റിത്തിരിഞ്ഞ് ഒന്നുകിൽ എല്‍.ബി.ഡബ്ല്യൂവില്‍ കുടുക്കുകയോ അല്ലെങ്കില്‍ സ്റ്റംപ് പറത്തുകയോ പതിവായിരുന്നു. അതാണ് ടീമിന്റെ നട്ടെല്ലാകാന്‍ ബേദിയെ പ്രാപ്തനാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 200 വിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തം.
എന്നാല്‍, പുഴുക്കുത്തില്ലാത്ത മരങ്ങള്‍ കാണുക പ്രയാസമാണെന്ന് പറയുന്നപോലെ അദ്ദേഹത്തിന്റെ ദൗര്‍ബല്യമായിരുന്നു മറയില്ലാതെ വിളിച്ചുപറയുന്ന അഭിപ്രായങ്ങൾ. ക്രിക്കറ്റ് ലോകത്ത് അത് ചര്‍ച്ചയായി. ശ്രീലങ്കന്‍ ബൗളറായ മുത്തയ്യ മുരളീധരന്റെ ബൗളിങ്ങിനെ ക്രിക്കറ്റിലെ ‘മാങ്ങേറ്’ എന്നു വിശേഷിപ്പിച്ചത് വലിയ ചര്‍ച്ചയായി. അതുപോലെ അസ്ഹറുദ്ദീന് വിവാദവും അദ്ദേഹത്തെ അനഭിമതനാക്കി. എങ്കിലും തളരാതെ നീതിക്കും ന്യായത്തിനും വേണ്ടി പോരാടി വിവാദങ്ങളില്ലാത്ത സ്നേഹത്തിന്റെ ലോകത്തേക്ക് അദ്ദേഹം തിരിച്ചുപോയിരിക്കുന്നു.
അരുണ ഹനാന്റെ ‘പൊളിറ്റിക്കലി കറക്ടല്ലാത്ത എന്റെ ഫെമിനിസ്റ്റും ഞാനും’ എന്ന കഥാസമാഹാരത്തിലെ കഥകൾ വായിച്ചതിനു പിന്നാലെയാണ് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ‘ഭോ(ഗ)ജനം’ എന്ന കഥ (ലക്കം: 1339) വായിക്കുന്നത്.ഈ കഥാസമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോൾ, ഏറ്റവും പുതിയ തലമുറയിലെ കഥാകൃത്തുക്കൾ സ്വീകരിക്കുന്ന വിഷയവൈവിധ്യങ്ങളെക്കുറിച്ച് ഉടനീളം ഞാൻ ഓർക്കുകയും അത്ഭുതപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, ഭാഷയിലെ ഭാരമേറിയ മണിപ്രവാള പദങ്ങൾക്കു പകരം പുതിയ കാലത്തെ സാങ്കേതിക പദങ്ങൾ അവ പിറവിയെടുക്കുന്ന ഭാഷയിൽതന്നെ ഹനാനും ധൈര്യപൂർവം പകർത്തുന്നു. മാറുന്ന ലോകത്തിനൊപ്പം പുതുകഥയെ പിടിച്ചുയർത്തുന്നു.
മാധ്യമം ആഴ്ചപ്പതിപ്പിൽ അരുണ ഹനാന്റെ കഥ അതുകൊണ്ടുതന്നെ ഏറെ കൗതുകത്തോടെയാണ് ഞാൻ വായിക്കാനെടുത്തത്. ആദ്യസമാഹാരത്തിലെ കഥകളിൽനിന്നും ഏറെ മുന്നോട്ടുപോയ കഥാകൃത്തിനെ ഈ കഥയിൽ കാണാൻ കഴിയും. മനുഷ്യനിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന മൃഗവാസനകളെ വളരെ കൃത്യമായി അവതരിപ്പിക്കുന്ന കഥയാണ് ‘ഭോ (ഗ) ജനം’.
പാലും മത്സ്യ മാംസാദികളുമെല്ലാം ഉപേക്ഷിച്ച് ശുദ്ധ സസ്യാഹാരിയായി കഴിഞ്ഞിരുന്ന ഒരു സ്ത്രീ തന്റെ മധ്യവയസ്സ് പിന്നിടുമ്പോൾ മനുഷ്യമാംസത്തോട് ആസക്തിയുള്ള ഒരാളായി മാറുന്ന കഥയിൽ നിരവധി നല്ല മുഹൂർത്തങ്ങളുണ്ട്. ഒപ്പം വർത്തമാന രാഷ്ട്രീയത്തെ വളരെ ഭംഗിയായി കോർത്തു വെച്ചിട്ടുമുണ്ട്.
മനുഷ്യർ മൃഗതുല്യരായി പരസ്പരം കൊന്നൊടുക്കുന്ന യുദ്ധദൈന്യതകൾ വിളിച്ചുപറയുന്ന ഒരു പതിപ്പിൽ കാലം മനുഷ്യ വികാര വിചാരങ്ങൾക്കുമേൽ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഭയപ്പാടോടെ പറയുന്ന കഥക്ക് ഏറെ പ്രാധാന്യമുണ്ട്. അത് തിരിച്ചറിയുകയും ഈ പ്രത്യേക ലക്കത്തിൽതന്നെ ഈ യുവകഥാകാരന്റെ കഥ ഉൾപ്പെടുത്തുകയുംചെയ്ത മാധ്യമം ആഴ്ചപ്പതിപ്പിനോട് നന്ദി. ഒപ്പം കൃത്യമായ നിലപാടുകളോടെ എഴുതുന്ന, ഏറെ പ്രതീക്ഷ തരുന്ന ഏറ്റവും പുതിയ തലമുറയിലെ കഥാകാരനായ അരുണ ഹനാനും ആശംസകൾ.
ലക്കം 1340ൽ സനിൽ പി. തോമസ് എഴുതിയ കായികവിശകലനം (ചരിത്രനേട്ടം ആവർത്തിക്കണമെങ്കിൽ) വായിച്ചു. ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ നൂറ് കടന്ന ഇന്ത്യൻ വിജയത്തിന്റെകൂടി പശ്ചാത്തലത്തിലായിരുന്നു ശ്രദ്ധേയമായ ആ കുറിപ്പ്. ഇന്ത്യയുടെ നേട്ടങ്ങളെ സമഗ്രമായി അനാവരണം ചെയ്യുന്നു ലേഖനം.
നൂറു മെഡൽ എന്ന സ്വപ്നവുമായി പുറപ്പെട്ട ഇന്ത്യ 107 മെഡലുമായി മടങ്ങുമ്പോൾ നിശ്ചയമായും അതൊരു ചരിത്രമുഹൂർത്തം തന്നെയാണ്. വിശേഷിച്ചും, മെഡൽ പട്ടികയിൽ ഇടംപിടിച്ചവരിൽ വലിയൊരു ശതമാനവും യുവതാരങ്ങളുമാണ്. ഏഷ്യൻ ഗെയിംസ് പോലുള്ള വമ്പൻ വേദിയിൽ തുടക്കക്കാരുടെ പരിഭ്രമമില്ലാതെ യുവതാരങ്ങൾ വിജയം കൊയ്തപ്പോൾ അത് വലിയ പ്രതീക്ഷയായി നിലനിൽക്കുന്നുണ്ട്. അടുത്ത വർഷം, പാരിസിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിൽ ഇതേ പ്രകടനം പുറത്തെടുത്താൽപോലും ഇന്ത്യക്ക് പലയിനങ്ങളിലും മെഡലുറപ്പിക്കാം; അതുവഴി മെഡൽ പട്ടികയിൽ ആദ്യമായി ഇരട്ട അക്കം എന്ന സ്വപ്നത്തിലേക്ക് കുതിക്കാനുമായേക്കും.
ഹാങ്ചോയിലെ മെഡൽ പട്ടികയിൽ ഒരു ഡസൻ മലയാളികളുടെ പേരും കൊത്തിവെക്കപ്പെട്ടതിൽ ഏതു കേരളീയനും അഭിമാനിക്കാം. ഹോക്കിയിൽ ഒളിമ്പിക്സ് ടിക്കറ്റോടെ ചരിത്രവിജയം സ്വന്തമാക്കിയപ്പോൾ ഗോൾവല കാത്തത് പി.ആർ. ശ്രീജേഷ് ആയിരുന്നു. പുരുഷന്മാരുടെ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ നാലുപേരിൽ മൂന്നും മലയാളികളായിരുന്നു: മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, അമോജ് ജേക്കബ്.
മറ്റൊരു ശ്രദ്ധേയമായ കാര്യം ചൈനയുടെ ആതിഥേയത്വത്തെക്കുറിച്ചാണ്. ഉദ്ഘാടന, സമാപന ചടങ്ങുകൾ ശരിക്കും ലോകത്തെ വിസ്മയിപ്പിച്ചു. അത്ലറ്റിക്സിലും മറ്റും ഒഫീഷ്യലുകളുടെ ഭാഗത്തുനിന്നുണ്ടായ ചില പിഴവുകൾ മാറ്റിനിർത്തിയാൽ ചിട്ടയോടെ ഗെയിംസ് സംഘടിപ്പിക്കാൻ അവർക്കായി. അതുകൊണ്ടുതന്നെ, കളിയിൽ മാത്രമല്ല സംഘാടനത്തിലും ഇന്ത്യക്ക് നിരവധി മാതൃകകൾ ഏഷ്യൻ ഗെയിംസ് സമ്മാനിച്ചുവെന്ന് പറയാം.
ഒാരോ തിങ്കളാഴ്ചയും ഞാൻ കാത്തിരിക്കുന്ന ആകാംക്ഷ മാധ്യമം ആഴ്ചപ്പതിപ്പിന്റെ മുഖപേജാണ്. ഒരിക്കലും ആഴ്ചപ്പതിപ്പിന്റെ കവർ എന്നെ നിരാശപ്പെടുത്തിയിട്ടില്ല. ലളിതവും ആശയസമ്പുഷ്ടവും മനോഹരവുമാണ് കവർ പേജുകൾ.
ഫലസ്തീൻ പതിപ്പിന്റെയും മാങ്കുളത്തെ ആന അഴിമതി വിഷയമായ ലക്കത്തിന്റെയും കവറുകൾ എടുത്തു പറയാതെ തരമില്ല. ഗസ്സയുടെ ചിത്രം ബാൻഡേജിൽ ചോരയായി ചേർത്ത മുഖചിത്രം വർത്തമാന ഫലസ്തീന്റെ അവസ്ഥ വ്യക്തമായി പ്രതിഫലിപ്പിച്ചു. ഇതിനേക്കാൾ എങ്ങനെയാണ് അത് ആവിഷ്കരിക്കുക എന്ന് മനസ്സിലാവുന്നില്ല. സാഹിത്യ നൊബേൽ സമ്മാനം നേടിയ യോൺ ഫോസയുടെ കവറും മികച്ചതുതന്നെ. നിറങ്ങളുടെ ബഹളങ്ങളില്ലാതെ, വായനക്കാരോട് നീതിപുലർത്തുന്ന ഇത്തരം കവറുകൾ ഇനിയും ആഴ്ചപ്പതിപ്പിൽനിന്നുണ്ടാകെട്ട. മറ്റു സാംസ്കാരിക മാസികകൾക്കും മാധ്യമത്തെ അനുകരിക്കാവുന്നതാണ്. കവർ തയാറാക്കുന്ന ആഴ്ചപ്പതിപ്പിലെ ആർട്ടിസ്റ്റുമാർക്കും പത്രാധിപ സമിതിക്കും അഭിനന്ദനങ്ങൾ.
മാധ്യമം ആഴ്ചപ്പതിപ്പ് വായന താൽക്കാലികമായി നിർത്തിവെക്കുന്നു; കഴിഞ്ഞ രണ്ട് ലക്കങ്ങളിലായി മുതിർന്ന മാധ്യമപ്രവർത്തകൻ പ്രിയസുഹൃത്ത് പി.ടി. നാസർ എഴുതിവിടുന്ന മണ്ടത്തങ്ങൾ സഹിക്കാൻ പറ്റുന്നില്ല ! ദയവായി അക്ഷരവിരോധവും അസഹിഷ്ണുതയുമാണെന്ന് കരുതരുത്. രാവും പകലും വായിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ, ദേശാഭിമാനി എഡിറ്റോറിയൽ പേജിൽ വരുന്ന ചരിത്രപരമായ മണ്ടത്തങ്ങൾ മാധ്യമവും പ്രചരിപ്പിക്കേണ്ടതുണ്ടോ എന്ന് സംശയിക്കുന്നു! ആരായാലുമെന്ത്, അവർ പറയുന്ന മണ്ടത്തങ്ങൾ കവർസ്റ്റോറിയായി അച്ചടിച്ച് പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്ന് പത്രാധിപർ (സമിതി) തീരുമാനിച്ചാൽ വായനക്കാർക്ക് വിട്ടുപോവുകയല്ലാതെ മറ്റെന്ത് ചെയ്യാൻ പറ്റും? ഈ അബദ്ധപഞ്ചാംഗം എന്ന് തീരുന്നുവോ അന്ന് മാത്രമേ ഇനി മാധ്യമം ആഴ്ചപ്പതിപ്പ് വാങ്ങൂ! നിശ്ചയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.