ആഴ്ചപ്പതിപ്പിന്റെ ഫലസ്തീൻ പ്രത്യേക പതിപ്പിലെ (ലക്കം: 1339) ലേഖനങ്ങൾ വായിച്ചു. ഇത്തരുണത്തിൽ ബഹ്റൈനിലെ മുൻമന്ത്രിയും രാജ്യതന്ത്രജ്ഞനും വ്യവസായ പ്രമുഖനുമായ അബ്ദുന്നബി അശ്ശുഅലയുടെ ‘ഗാന്ധിയും മുസ്ലിംകളും അറബ് ലോകവും’ എന്ന കൃതി മാന്യ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണെന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ്. നമ്മുടെ രാഷ്ട്രപിതാവ് മുറുകെ പിടിച്ച ന്യായയുക്തമായ ധീരനിലപാടിൽനിന്ന് ഇന്ത്യൻ സർക്കാർ ഏറെ വ്യതിചലിച്ചിരിക്കുന്നു. ഇതുവഴി അറബ് മുസ്ലിം നാടുകളിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് വളരെ ഏറെ മങ്ങലേറ്റിട്ടുണ്ട്. ഗാന്ധിജിയുടെ ഘാതകരും കടുത്ത മുസ്ലിം വിരുദ്ധരുമായ ഫാഷിസ്റ്റുകൾ സയണിസ്റ്റുകളുമായി സദാ പുലർത്തുന്ന ഗാഢബന്ധംഇന്ത്യയുടെ നല്ല പാരമ്പര്യത്തെയാണ് തകർത്തത്.
മഹാത്മാ ഗാന്ധി തന്റെ ജീവിതത്തിൽ മുസ്ലിംകളുമായി പുലർത്തിയ ഗാഢബന്ധം, അറബ് പ്രശ്നങ്ങളോട് വിശിഷ്യാ ഫലസ്തീൻ പ്രശ്നങ്ങളോട് പുലർത്തിയ ശക്തവും യുക്തവുമായ അനുഭാവം, സയണിസ്റ്റ് ലോബി തന്റെ മേൽ ചെലുത്താൻ ശ്രമിച്ച സർവ കുതന്ത്രങ്ങളെയും തള്ളി തന്റെ അന്ത്യംവരെ ഫലസ്തീൻ മണ്ണ് അറബികൾക്കു മാത്രം അവകാശപ്പെട്ടതാണെന്ന ദൃഢരൂഢമായ നിലപാട് തുടങ്ങി പല കാര്യങ്ങളും ഈ കൃതിയിൽ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നുണ്ട്. ആമുഖത്തിന് പുറമേ 17 അധ്യായങ്ങളുള്ള ഈ കൃതി രാഷ്ട്രീയ-സാമൂഹിക രംഗത്തെ ബുദ്ധിജീവികൾ മനസ്സിരുത്തി വായിക്കേണ്ടതാണ്. ഗ്രന്ഥകാരന്റെ ഇന്ത്യയോടുള്ള മമതക്ക് മുഖ്യ നിമിത്തം ഗാന്ധിജി തന്നെയാണ്.
അദ്ദേഹത്തിന്റെ വരികൾ കാണുക: “വർഷങ്ങളായി ഇന്ത്യയെക്കുറിച്ചും മഹാത്മാ ഗാന്ധിയെ കുറിച്ചും നടക്കാറുള്ള സമ്മേളനങ്ങളിലും സെമിനാറുകളിലും ഞാൻ പങ്കെടുക്കുന്നു. നാൽപതു വർഷമായി ഞാൻ ഗാന്ധിയിൽ ആകൃഷ്ടനായിട്ട്. ഗാന്ധി മരിച്ചു മുപ്പതിലേറെ വർഷം കഴിഞ്ഞാണ് ഞാനും അദ്ദേഹവും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. 1969ൽ ഇന്ത്യ ഗാന്ധിയുടെ ജന്മവാർഷികം ആഘോഷിക്കുമ്പോൾ ഞാൻ ഇന്ത്യ സന്ദർശിച്ചു. നാലു വർഷം തുടർച്ചയായി ഞാനിവിടെ താമസിച്ചു. ബോംബെ സർവകലാശാലക്ക് കീഴിലുള്ള പ്രശസ്തമായ സെന്റ് ജോസഫ് കോളജിലായിരുന്നു എന്റെ പഠനം... ഓരോ വർഷവും പലതവണ ഞാനാ രാജ്യം സന്ദർശിച്ചിട്ടുണ്ട്. ഈ കാലംകൊണ്ട് രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും ചിന്തകരും പല മേഖലകളിൽ വൈദഗ്ധ്യമുള്ളവരുമായി എന്റെ ഇന്ത്യൻ സൗഹൃദവലയം വികസിച്ചു...
ഗാന്ധിയെക്കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു എളിയ ശ്രമമാണ്. എനിക്കുള്ള ന്യായം എന്റെ ഉദ്ദേശ്യശുദ്ധിയും ഈ മഹാമനുഷ്യനെക്കുറിച്ചുള്ള പ്രൗഢഗ്രന്ഥങ്ങൾക്ക് ഇതൊരു തുടക്കമാവും എന്ന പ്രതീക്ഷയുമാണ്...” (ആമുഖം, പേജ് 20-21).
ഈ പുസ്തകത്തിലെ ‘ഗാന്ധിയും സയണിസവും’ എന്ന അധ്യായം പ്രത്യേകം പരിചിന്തനമർഹിക്കുന്നുണ്ട്.
“ഗാന്ധിയുടെ ഡയറിക്കുറിപ്പുകൾ വിശദീകരിക്കുന്നത് അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയപരമായ ജീവിതം മൂന്ന് യഹൂദരെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു എന്നാണ്. ഹെൻറി പൊളാക്, ഹെർമൻ കലൻബാഷ്, സോൻജ ഷെൻസിൻ. ദക്ഷിണാഫ്രിക്കയിലെ ദുരിതകാലത്ത് ഗാന്ധിയെ സഹായിച്ചത് അവരായിരുന്നു... എന്നാൽ, അവരുടെ ബന്ധത്തിന്റെ വികാസവും സയണിസ്റ്റ് പ്രസ്ഥാനത്തിന് പിന്തുണയാർജിക്കാൻവേണ്ടി അത് ഉപയോഗപ്പെടുത്തപ്പെട്ടതുമാണ് നാം ഇവിടെ ഉന്നയിക്കാൻ ശ്രമിക്കുന്നത്... മൂന്നുപേരിൽ ഗാന്ധിയുടെ അടുത്ത സുഹൃത്ത് ഹെർമൻ കലൻബാഷ് ആയിരുന്നു. സയണിസ്റ്റ് ലക്ഷ്യങ്ങൾക്കായി ഗാന്ധിയുടെ പിന്തുണ നേടിയെടുക്കാൻ അദ്ദേഹം കഠിനപ്രയത്നം തന്നെ നടത്തി. അദ്ദേഹത്തെ ഗാന്ധി തന്റെ ഡയറിയിൽ വിശേഷിപ്പിച്ചത് ആത്മസുഹൃത്ത് എന്നാണ്... (പേജ് 125)
അതിസമർഥരായ മൂന്ന് ജൂതന്മാർ അതിവിദഗ്ധമായി ഇസ്രായേലിനനുകൂലമായി ഗാന്ധിയെ എങ്ങനെയെങ്കിലും സ്വാധീനിക്കാൻ സുദീർഘ ശ്രമങ്ങൾ നടത്തിയതിന്റെ വിവരണം മുപ്പതോളം പേജുകളിൽ വിവരിക്കുന്നുണ്ട്. ഈ അധ്യായത്തിലെ ശ്രദ്ധേയമായ ഒരു ഭാഗം കാണുക:
“...ജർമനിയിൽ നാസിസം ഉദയം ചെയ്യുകയും ഹിറ്റ്ലറുടെ നേതൃത്വത്തിൽ യഹൂദർക്കെതിരായി വംശശുദ്ധീകരണം നടക്കുകയും ചെയ്തപ്പോൾ, ഹെർമൻ അടിയുറച്ച സയണിസ്റ്റായി മാറി. ദക്ഷിണാഫ്രിക്കൻ സയണിസ്റ്റ് ഫെഡറേഷന്റെ എക്സിക്യൂട്ടിവിൽ അദ്ദേഹം പ്രവർത്തിക്കുകയും ഫലസ്തീനിൽ താമസിക്കാൻ പദ്ധതിയിടുകയും ചെയ്തു.
സയണിസ്റ്റ് നേതാവായ മോശെ ഷർടേകിന്റെ (പിന്നീട് മോശെ ഷാരെറ്റ് എന്ന പേര് സ്വീകരിച്ച് ബെൻഗുറിയനുശേഷം പ്രസിഡന്റായി) അഭ്യർഥനപ്രകാരം 1937ൽ ഹെർമൻ ഗാന്ധിയെ ഡൽഹിയിൽ സന്ദർശിക്കുകയും സയണിസ്റ്റ് പദ്ധതിക്കുവേണ്ടി അദ്ദേഹത്തിന്റെ പിന്തുണ അഭ്യർഥിക്കുകയും ചെയ്തു. ഫലസ്തീനിലെ യഹൂദരാഷ്ട്ര സ്ഥാപനത്തെ പിന്തുണച്ചുള്ള പ്രസ്താവനയായിരുന്നു അദ്ദേഹത്തിനുവേണ്ടിയിരുന്നത്. ഇന്ത്യയിലെ ആശ്രമത്തിൽ ഹെർമൻ ഗാന്ധിയോടൊപ്പം ഏറെക്കാലം താമസിക്കുകയും ചെയ്തു.
അക്കാലത്ത് സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ടീയ ഘടകമായിരുന്ന ‘ജ്യൂയിഷ് ഏജൻസി’ എന്ന സംഘടനയുടെ ചെയർമാനായിരുന്ന മോഷാറ്റ് ഹെർമനയച്ച കത്ത് ഇന്ത്യയെക്കുറിച്ചും ഏഷ്യയെക്കുറിച്ചും സയണിസ്റ്റുകൾക്കുണ്ടായിരുന്ന സമീപനത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നുണ്ട്. ജറൂസലം മുഫ്തി ആയിരുന്ന അൽഹാജ് അമീൻ അൽഹുസൈനി ഇന്ത്യയിലെ മുസ്ലിം നേതാക്കളുമായി ആശയവിനിമയം നടത്തിയതിനെ കുറിച്ചും, അഖ്സ പള്ളിയുടെ പുനരുദ്ധാരണത്തിനുവേണ്ടി ഹൈദരാബാദിലെ നൈസാമിനെപ്പോലുള്ള ഇന്ത്യയിലെ നാട്ടുരാജാക്കൻമാരിൽനിന്ന് 17,000 പൗണ്ട് സംഭാവന വാങ്ങിയതിനെക്കുറിച്ചും കത്തിൽ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.
കത്തിൽ ഷാരെറ്റ് ഇങ്ങനെ രേഖപ്പെടുത്തി: “ഏഷ്യയിലെ ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങിവരുക എന്ന രാഷ്ട്രീയഭാവി ആത്യന്തികമായി ആശ്രയിച്ചിരിക്കുന്നത്, മഹത്തായ ഏഷ്യാറ്റിക് നാഗരികതകളുടെ ശുഭകാംക്ഷയിലും ഐക്യദാർഢ്യത്തിലുമാണ്. തികച്ചും ഭൗതികമായ കാഴ്ചപ്പാടിൽ നോക്കിയാലും, ഇന്ത്യയെപ്പോലൊരു രാഷ്ട്രം വാണിജ്യംപോലുള്ള സാമ്പത്തികമേന്മയുടെ പ്രതീക്ഷകൾ തുറന്നിടുന്നുണ്ട്. എന്നാൽ, ഹിന്ദു നേതാക്കൾ യൂറോപ്പിലെ ജൂതന്മാരെ കാണുന്നത് ഫലസ്തീനിൽ കടന്നുകയറിയവരായിട്ടാണ്. അത്തരം വിശ്വാസങ്ങൾ അവരുടെ അടിയുറച്ച വിശ്വാസമാകുന്നതിനുമുമ്പ് അവരെ പ്രേരിപ്പിച്ചേ മതിയാകൂ.”
ഗാന്ധിയുമായുള്ള ഹെർമന്റെ ബന്ധം ഉപയോഗപ്പെടുത്താൻ ഷാരെറ്റ് ഉപദേശിച്ചു. ഏറ്റവും പ്രശസ്തനായ ഹിന്ദു, സയണിസ്റ്റ് ലക്ഷ്യം വിശദീകരിക്കുക എന്ന കാര്യത്തിനായി. ഈ വിഷയത്തിൽ ഗാന്ധിയുടെ നിലപാട് മാറ്റിയെടുക്കാൻ കലൻബാഷ് തന്നാലാവുന്നതൊക്കെ ചെയ്തു. അടിച്ചമർത്തപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ഹിന്ദുക്കളെ യഹൂദരോട് അദ്ദേഹം താരതമ്യംചെയ്തു. അതിനോട് അദ്ദേഹം പ്രതികരിച്ചത്, യഹൂദരുടെ യാതനക്ക് കാരണം അറബികളോ മുസ്ലിംകളോ അല്ലെന്നും, മറിച്ച് ക്രിസ്ത്യാനികളാണെന്നും പറഞ്ഞുകൊണ്ടാണ്.
കലൻബാഷ് പഠിച്ച പണി പലതും പയറ്റിയിട്ടും ഗാന്ധിയുടെ നിലപാട് മാറ്റാൻ കഴിഞ്ഞില്ല. മറിച്ച്, ഗാന്ധി ഈ വിഷയത്തെക്കുറിച്ച് തന്റെ പ്രശസ്തമായ ലേഖനം എഴുതി. ആ ലേഖനത്തിൽ പീഡനവിധേയരായ ജർമനിയിലെ യഹൂദരോടുള്ള സഹാനുഭൂതി അദ്ദേഹം വെളിപ്പെടുത്തി. പക്ഷേ, ഫലസ്തീൻ പിടിച്ചെടുത്ത് തങ്ങളുടെ ദേശമാക്കാനുള്ള സയണിസ്റ്റ് ആശയങ്ങളെയും പദ്ധതികളെയും അദ്ദേഹം അപലപിച്ചു.
ഈ അധ്യായത്തിന്റെ ആരംഭത്തിൽതന്നെ യഹൂദ മതത്തിന്റെ പോരായ്മകൾ, തകരാറുകൾ, തനിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത നിലപാടുകൾ ഇതൊക്കെയും ഗാന്ധി സൂചിപ്പിക്കുന്നുണ്ട്. ഒരു മതമെന്ന നിലക്ക് ഒരുവിധ മതിപ്പും യഹൂദ മതത്തോട് ഇല്ലെന്നാണ് അദ്ദേഹം സമർഥിക്കുന്നത്.
യഹൂദരുടെ ശ്രേഷ്ഠതാവാദങ്ങളെല്ലാം ഗാന്ധി നിരാകരിച്ചിരുന്നു. അതുപോലെ മനുഷ്യവംശങ്ങൾക്കിടയിലെ സാമൂഹികമായ തരംതിരിവുകളും ഗാന്ധി തള്ളിക്കളഞ്ഞു. യഹൂദരുടെ മേന്മാവാദവും, മറ്റ് വംശങ്ങൾക്കുമേലുള്ള അവരുടെ മാനസികവും ധാർമികവുമായ ശ്രേഷ്ഠതയും, തങ്ങൾ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തമജനതയാണെന്ന വാദവും എല്ലാം ഗാന്ധി തള്ളിക്കളഞ്ഞു. മറ്റു വംശങ്ങളെ തങ്ങളെക്കാൾ മോശപ്പെട്ടവരായി യഹൂദർ കണക്കാക്കുന്നുവെന്ന് ഗാന്ധി മനസ്സിലാക്കി.
യഹൂദരെ അഭിസംബോധന ചെയ്യുന്നപോലെ ദൈവം മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്നില്ല എന്നതാണ് കാരണം.യഹൂദരെ ഭൂമിയുടെ ഉടമസ്ഥരാക്കുമെന്ന് ലേവ്യ പുസ്തകത്തിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവർക്കുമേലുള്ള സംശയാസ്പദമായ മഹിമാവാദം യഹൂദമതത്തിന്റെ മതപരമായ ഘടനയായി മാറി. (പേജ് 110)
‘സയണിസ്റ്റ് സമ്മർദങ്ങൾക്ക് മുന്നിൽ’ എന്ന അധ്യായത്തിലും സയണിസത്തിന്റെ തന്ത്രങ്ങളും ഇന്ത്യൻ നയത്തെ സ്വാധീനിക്കാൻ നടത്തിയ പലവിധ ശ്രമങ്ങളും ഗ്രന്ഥകാരൻ വിശദീകരിക്കുന്നുണ്ട്. ഐ.പി.എച്ച് ആണ് പ്രസാധകർ.
പണ്ഡിറ്റ് നെഹ്റു തന്റെ ‘വിശ്വചരിത്രാവലോകം’ എന്ന കൃതിയിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചേർത്ത് വായിക്കുന്നത് നന്നാവും.1933ൽ രചിച്ച പ്രസ്തുത കൃതിയിൽ ഇതുസംബന്ധിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും പുലർത്തിയ ന്യായയുക്തമായ നിലപാടിൽനിന്ന് ഇന്നത്തെ ഇന്ത്യ ഗവണ്മെന്റ് ബഹുദൂരം വ്യതിചലിച്ചിരിക്കുന്നു.
പലനിലക്കും ഇസ്രായേൽ അനുകൂല ഫലസ്തീൻ വിരുദ്ധ നിലപാടാണ് പലപ്പോഴും ഇന്ത്യൻ സർക്കാർ കൈകൊള്ളുന്നത്. ഫാഷിസ്റ്റുകളും സയണിസ്റ്റുകളും ഇസ്ലാം-മുസ്ലിം വിരോധത്തിൽ ഒന്നായിത്തീർന്നിരിക്കുന്നു. ദീർഘകാലമായി നമ്മൾ തുടർന്നിരുന്ന വിദേശ നയം വളരെയേറെ മാറി. അറബ് മുസ്ലിം നാടുകളിലെ സൽകീർത്തിക്ക് വളരെയേറെ മങ്ങലേറ്റ്, നമ്മോടുണ്ടായിരുന്ന മതിപ്പ് ഇടിഞ്ഞു.
ഗാന്ധിയുടെയും നെഹ്റുവിന്റെയും പിന്തുടർച്ച അവകാശപ്പെടുന്നവർപോലും ഇന്ന് ഒരുതരം ഒളിച്ചുകളിയും അവസരവാദവും നടത്തുകയാണ്. ബാബരി മസ്ജിദ് തകർത്ത അതേവർഷം (1992) തന്നെയാണ് ഇസ്രായേൽ എംബസി ഇവിടെ തുറന്നത്. ഓർമകൾ ജ്വലിപ്പിച്ചുനിർത്തണം, ഒന്നും മറവിക്ക് വിട്ടുകൊടുക്കരുത്.
മനസ്സാക്ഷിയെ മറ്റാർക്കും പണയപ്പെടുത്താത്ത ദൃഢനിശ്ചയത്തിന്റെ സ്വരമായി എം. മോഹൻകുമാറിൽനിന്നു പുറത്തു വന്ന വാക്കുകൾ. അദ്ദേഹവുമായി അനൂപ് അനന്തൻ നടത്തിയ ദീർഘമായ അഭിമുഖം (ലക്കം: 1341) താൻ നടത്തിയ പാരിസ്ഥിതിക പ്രാധാന്യമുള്ള സമരത്തെയോ തന്റെ ജീവിതത്തെയോ കുറിച്ച് മാത്രമല്ല, പ്രകൃതി എന്താണെന്നും പ്രകൃതിയോട് എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചും ഒരു ദീർഘവീക്ഷണം പ്രദാനംചെയ്യുന്നു. നാം നിസ്സാരമായി തള്ളിക്കളയുന്നതോ അല്ലെങ്കിൽ പറഞ്ഞു ബോധവത്കരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ നിസ്സാരവത്കരിച്ചതോ ആയ കാര്യങ്ങൾ ഇന്ന് കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നു.
അതിൽ ഒന്നുമാത്രമാണ് കുടിവെള്ളം കുപ്പിയിലാക്കി അതിന്റെ കച്ചവടം ആഗോളവിപണിയെ കീഴടക്കുന്നതും നാം കുപ്പിവെള്ളത്തിന് കീഴ്പ്പെട്ടതും. മുപ്പതുവർഷം മുമ്പ് ഇതു പറയുമ്പോൾ അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് കണക്കുകൂട്ടിയ തലമുറയിൽപെട്ടവർതന്നെ ഇന്ന് കുപ്പിവെള്ള സംസ്കാരത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. പ്രഥമ പശ്ചിമഘട്ട രക്ഷായാത്രക്ക് 35 വയസ്സ് തികയുന്ന ഇന്നും പശ്ചിമഘട്ടം പലർക്കും എന്തെങ്കിലുമൊക്കെ എഴുതി തീർക്കാനുള്ള വിഷയം മാത്രമാണ്.
എന്നാൽ, അങ്ങനെയല്ല പശ്ചിമഘട്ടമെന്ന് ഉള്ളുതുറന്ന് പറയലായി മോഹൻകുമാറിന്റേത്. അതുകൊണ്ടുതന്നെയായിരിക്കുമല്ലോ ദൈവങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രജകളുടെ പ്രകൃതിയോടുള്ള ചേഷ്ടകൾ കണ്ടും കേട്ടും മടുത്ത് കുടജാദ്രിയിൽ ഏകാന്തവാസമനുഷ്ഠിക്കുമ്പോൾ അവിടെയും ദൈവത്തെ അന്വേഷിച്ചുചെല്ലുന്നവരോട് കാർക്കശ്യത്തിന്റെ ഭാഷയിൽ സംസാരിക്കേണ്ടിവരുന്നത്. പ്രകൃതി പ്രളയത്തിൽ മുങ്ങുമ്പോൾ എന്തുകൊണ്ട് പ്രളയം എന്ന ചോദ്യമായി നാം നാടാകെ നടക്കുകയാണ്. ഉത്തരം കിട്ടുന്നില്ല എന്നതല്ല ശരി, മുമ്പേ നടന്നവർ പറഞ്ഞു തന്നതൊന്നും കേട്ടില്ല എന്നതാണ് ശരി.
ആ തലമുറയുടെ പ്രതിനിധിയായിരിക്കാം ഒരുപക്ഷേ മോഹൻകുമാർ ചൂണ്ടിക്കാണിക്കുന്ന എൻജിനീയറിങ് വിദ്യാർഥി. ഓസോൺ പാളിക്ക് വിള്ളലുണ്ടാകുമെന്ന് പറയുമ്പോൾ അങ്ങനെ വിള്ളലുണ്ടായാൽ ബലൂണിൽ ഓസോൺ നിറച്ച് അവിടെയെത്തിച്ച് വിള്ളലടക്കാമെന്ന് പറയാൻ അത്തരക്കാർക്കേ കഴിയൂ.
മികച്ച വായനക്കായി നല്ലൊരു പ്രകൃതിസംരക്ഷണ പാഠമൊരുക്കിയ അനുപ് അനന്തനും മാധ്യമം ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.