അനൂപ് ചന്ദ്രശേഖരൻ എഴുതിയ ‘പണിക്കർ വഴി’ (ലക്കം 1342) എന്ന കഥ വായിച്ചു. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലെ കഥ. കുന്നന്താനം (പത്തനംതിട്ട) പ്രദേശത്തിന്റെ ഉൾവഴികൾ, തോടുകൾ, ഇടവഴികൾ, മനുഷ്യർ, അധഃസ്ഥിതർ, അവരുടെ സമര കാലഘട്ടം, അതിജീവനം, കൃഷി, യാത്ര, റോഡുകൾ, ഇങ്ങനെ നീളുന്നു കഥയിലെ പ്രദേശ സൂചകങ്ങൾ.
‘പണിക്കർ വഴി’ കുന്നന്താനത്തിന്റെ പഴയകാലത്തെ പുതിയ തലമുറക്ക് വായിക്കാൻ തുറന്നുവെക്കുന്ന പുസ്തകമാണ് എന്ന് തോന്നുന്നു. മാന്താനം വഴി പൂച്ചവാലുങ്കൽ, അവിടെ നിന്ന് വരമ്പ് കയറി അമ്പലത്തിങ്കൽ മുണ്ട് കണ്ടം വഴി മാമൂട് പത്തനംതിട്ട ജില്ലയും കോട്ടയം ജില്ലയും അതിരിടുന്ന സ്ഥലങ്ങൾ കറുകച്ചാൽ ആണ്. കുന്നന്താനത്തിന്റെ ചെറിയ കയറ്റിറക്കങ്ങൾ, നാട്ടുവിളിപ്പേരുകൾ, പഴയ വീട്ടുപേരുകൾ, ജീവിച്ച് മരിച്ചുപോയ കഥാപാത്രങ്ങൾ, കലാപകാരികൾ ഇങ്ങനെ ഒരു ഗ്രാമത്തിലെ മനുഷ്യരുടെ പൂർവകാല ജീവിതകഥയാണ് ‘പണിക്കർ വഴി’. കഥയിലെ വെളുമ്പൻ വല്യച്ഛൻ, ശവക്കോട്ട തങ്കൻ, ചേലകേരി പിള്ളേച്ചൻ, ദാസപ്പൻ, സ്ത്രീകളായ ചിന്നമ്മ, കേളു കൊച്ചേട്ടന്റെ മകൾ ശാന്തി, മുക്കടയിലെ ചെറുപ്പക്കാർ, മധു, മണി, രാമചന്ദ്രൻ, സുശീലൻ അങ്ങനെ മുക്കടയിലെ കുഞ്ഞുകുട്ടിപരാധീനം എന്നും കഥാകാരൻ സൂചിപ്പിക്കുന്ന മനുഷ്യരുടെ കഥയാണ്.
കുന്നന്താനത്തിന്റെ രാഷ്ട്രീയ സമരങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ധീരമായ നേതൃത്വത്തിൽ 1973ൽ നടന്ന കൊയ്ത്തുസമരം ചെങ്ങരൂർ പാടേത്തത് എന്റെ ബാല്യകാലത്തെ ഓർമയാണ്.
2023ൽ ഈ കഥ ആഴ്ചപ്പതിപ്പിൽ വായിക്കുമ്പോൾ എന്റെ ബാല്യകാല ഓർമകൾ, അക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ ഡോ. കേശവപിള്ള, വി.പി.ആർ, എൻ.ഡി. ജോർജ്, പി.എം. കുഞ്ഞമ്പായി തുടങ്ങിയവരെ എനിക്ക് അറിയാമായിരുന്നു. ഇവരോടൊപ്പം സാധാരണക്കാരായ ധാരാളം സഖാക്കളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. കാരണം, എന്റെ അച്ഛൻ പി.ബി. മധുരകുമാർ അക്കാലത്ത് സഖാവ് പി.എം. കുഞ്ഞമ്പായിയുടെ ഉറ്റതോഴനും സഖാവുമായിരുന്നു. സഹോദരതുല്യമായ സ്നേഹത്തോടെ കഴിഞ്ഞവരുമായിരുന്നു.
എന്റെ വീട് പാർട്ടി കമ്മിറ്റികൾക്കും, പാർട്ടി പ്രവർത്തകരുടെ ഷെൽട്ടറും ആയിരുന്നു. നക്സെലെറ്റ് നേതാവ് ഡോ. കെ.കെ. മന്മഥൻ വരെ ഒളിവിൽ കഴിഞ്ഞ വീടായിരുന്നു എന്റേത്. കഥയിൽ പറയുന്ന ചെങ്ങരൂർ കൊയ്ത്തുസമരത്തിൽ ധീരമായി പോരാടിയത് കർഷക തൊഴിലാളികളായ അധഃസ്ഥിത ജനതയായിരുന്നു.
കുന്നന്താനം മുണ്ടിയപ്പള്ളി, ആഞ്ഞിലിത്താനം, പുളിന്താനം, മുക്കട, മുക്കൂർ, പാലക്കൽതകിടി എന്നീ സ്ഥലങ്ങളിൽനിന്നും നിരവധി പാർട്ടിപ്രവർത്തകർ സമരത്തിൽ പങ്കെടുത്തിരുന്നു. ഇവരിൽ അധഃസ്ഥിതരായവർ മികച്ച കായിക അഭ്യാസികളും കായികശേഷിയുള്ളവരുമായിരുന്നു. ചെങ്ങനൂരാതി കളരിവഴികളും, പാണ്ടി കളരികളിലും അടിതട പഠിച്ചവർ ധാരാളംപേർ ഉണ്ടായിരുന്നു.
പിൽക്കാലത്ത് മനോനില തെറ്റിയ പോലെ ജീവിച്ചു മരിച്ച സന്യാസി കുഞ്ഞുചെറുക്കൻ എന്ന് പിന്നീട് അറിയപ്പെട്ട മനുഷ്യൻ അസാധാരണ കായികശേഷിയുള്ള അഭ്യാസിയായിരുന്നു. തന്റെ നേർക്കു പാഞ്ഞുവരുന്ന കല്ലിനെ തോർത്തിൽ പിടിച്ച് തിരിച്ചെറിയുന്ന സമരാനുഭവ കഥകൾ പിന്നീട് ഞാനും കേട്ടിട്ടുണ്ട്. പാലക്കൽതകിടിയിലെ ആലുംമൂട്ടിൽ കുഞ്ഞുചെറുക്കൻ എന്നൊരാളുടെ കൈയിലിരുന്ന് ഡൈനാമിറ്റ് പൊട്ടി കൈപ്പത്തി നഷ്ടപ്പെടുകയുംചെയ്ത കഥകൂടി ചേരുമ്പോഴാണ് ‘പണിക്കർ വഴി’ കൂടുതൽ മിഴിവോടെ ചരിത്രമാകുന്നത്.
ചെങ്ങരൂർ സമരനേതാവ് സഖാവ് പി.എം. കുഞ്ഞമ്പായിയുടെ ഭാര്യ അമ്മിണി വാർധക്യസഹജമായ രോഗിയായി കിടക്കുകയാണ്. ഞങ്ങൾ അമ്മായി എന്നു വിളിക്കുന്ന അമ്മിണിയോട് വർഷങ്ങൾക്കുമുമ്പ് ചെങ്ങരൂർ സമരം ഓർമപ്പെടുത്തി സംസാരിച്ചിട്ടുണ്ട്.
എന്റെ വീടിന്റെ അടുത്തുള്ള സഖാക്കൾ പുന്നത്താനം തങ്കൻ, കപ്പയ്ക്കൽ ജോർജ്, വലിയതറ കുഞ്ഞൂട്ടി, പാച്ചു, കുഞ്ഞങ്കി, ഔസേപ്പ് തുടങ്ങിയ സാധാരണ മനുഷ്യരുടെ കപടമല്ലാത്ത രാഷ്ട്രീയബോധം ഈ കഥ വായിക്കുമ്പോൾ ഒരു ഗ്രാമത്തിലെ മനുഷ്യരെ കൂട്ടം ചേരാനും ചോദ്യം ചോദിക്കാനും, അടിച്ചാൽ തിരിച്ചടിക്കാനും പ്രാപ്തരാക്കിയ നേതാക്കളെ, അവരെ ചേർത്തുനിർത്തിയ അധഃസ്ഥിതരായ മനുഷ്യരെ, അവരുടെ അടി തട ചുവടുകളും കോൽക്കളികളും ഓർത്തുപോയി. കൊയ്ത്തു സമരത്തിലെ ധീരരായ സ്ത്രീ തൊഴിലാളികളെകൂടി ചേർത്തുവേണം പുതിയ കഥ തുടരാൻ. ഇത് കഥയല്ല, ഒരു ദേശത്തിന്റെ പൂർവകാല ജീവിതമാണ്. പുതുതലമുറ പണിക്കർ വഴി തുറക്കുകയും നടക്കുകയും ചെയ്യട്ടെ. കഥാകാരന്, ആഴ്ചപ്പതിപ്പിന്, അഭിവാദ്യങ്ങൾ.
ഗ്രേസി ടീച്ചറുടെ കഥ കണ്ടാല്‍ മറ്റെന്തു തിരക്കുണ്ടായാലും ഞാനത് വായിച്ചുതീര്‍ത്തിട്ടേ തിരക്കിലലിയൂ. കഴിഞ്ഞയാഴ്ചയിലെ ആഴ്ചപ്പതിപ്പ് (ലക്കം: 1344) കൈയില്‍ കിട്ടിയതും തിടുക്കത്തില്‍ ഞാനതൊന്നു മറിച്ചുനോക്കവെ, ‘ദിനേശന് പൂഞ്ചിറയുടെ കഥാപ്രസംഗവും അനുബന്ധ പ്രശ്നങ്ങളും’ എന്ന നീണ്ട ശീര്‍ഷകത്തില്‍ കണ്ണുടക്കി. തലക്കെട്ടിന് നീളമുണ്ടെങ്കിലും നൂറ്റൊന്നാവർത്തിച്ച ക്ഷീരഫല കഷായംപോലെ ആറ്റിക്കുറുക്കി, സാന്ദ്രമാക്കി, എത്രത്തോളം വലുപ്പം കുറക്കാമോ അത്രക്കും കുറുക്കി ടീച്ചർ എഴുതിയിരിക്കുന്ന കഥ എന്നെ പിടിച്ചുലച്ചു. ഒരിക്കല്‍ വായിച്ചാല്‍ മതി, മനസ്സില്‍ ഒട്ടിക്കിടക്കുന്ന ഇതിവൃത്തം. അന്തിക്ക് പൊട്ടിച്ചെടുത്ത പൊട്ടുവെള്ളരിപോലെ ആസ്വാദ്യകരം, അനുഭൂതിദായകം.
തെറ്റിനും ശരിക്കും കുട്ടികളുടെ ചന്തിയിൽ നിഷ്കരുണം ചൂരല്‍ പ്രയോഗം നടത്തുന്നതില്‍ സായുജ്യം കണ്ടെത്തുന്ന ‘സിനിക്’ ആയ നേത്രാനന്ദന്‍ മാഷോടും, ആദ്യരാത്രിയിൽ തന്റെ അമ്മയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കുകയും ബീഡിവലിച്ചെന്ന കാരണം പറഞ്ഞ് മുറിക്ക് പുറത്താക്കുകയും ചെയ്ത പൊലീസുകാരനായ അച്ഛനോടും പ്രതികാരം വീട്ടാന്‍ തീരുമാനിക്കുന്ന അജയൻ എന്ന കുട്ടി പഠിച്ച് ബിരുദം നേടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പദവിയിലെത്തുന്നു. ആദ്യം നേത്രാനന്ദന്‍ മാഷോടുള്ള കണക്ക് തീർക്കാൻ തീരുമാനിച്ച അവൻ യൂനിഫോം ധരിച്ച് ബൈക്കിൽ പാഞ്ഞു ചെന്നപ്പോൾ മറവിരോഗം ബാധിച്ച് ഭാര്യയെപ്പോലും തിരിച്ചറിയാനാവാതെ കിടക്കുന്ന മാഷെ കണ്ട് ഇതികർത്തവ്യതാമൂഢനാകുന്നു.
ജീവിതത്തിന്റെ വർണനിരാസങ്ങളില്നിന്നും ചില നിറങ്ങള്‍ കണ്ടെത്തുകയാണ് കഥാകാരി. ആരെയും മോഹമുഗ്ധരാക്കുന്ന രചനാശൈലി. ഇക്കാലത്ത് ഇങ്ങനെയുള്ള കഥകള്‍ അപൂര്‍വങ്ങളില്‍ അപൂർവം. ആശംസകള്‍ കഥകാരിക്കും, ആഴ്ചപ്പതിപ്പിനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.