അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം കോൺഗ്രസിന്റെ പരാജയത്തിന്റെ കാരണം നിലവിലെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായ രാഹുൽ ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിന്റെ കുറവോ ബി.ജെ.പിയുടെ വിജയത്തിന്റെ പിന്നിൽ നരേന്ദ്ര മോദിയുടെ കിടയറ്റ വൈഭവം മാത്രമെന്നോ വിലയിരുത്തുന്നത് അത്രകണ്ട് നിഷ്പക്ഷമല്ല എന്നു പറയേണ്ടിവരുന്നു രാധാകൃഷ്ണൻ എം.ജിയുടെ ‘മൃദു ഹിന്ദുത്വ പരീക്ഷണത്തിന്റെ പരാജയം’ എന്ന ലേഖനം (ലക്കം: 1346) വായിക്കുമ്പോൾ.
കോൺഗ്രസ് എത്രയോ കാലമായി അതിന്റെ ചരിത്രത്തിൽനിന്നും പാരമ്പര്യത്തിൽനിന്നും വഴിമാറി നടക്കാൻ തുടങ്ങിയിട്ട്. അന്നൊന്നും രാഹുൽ ഗാന്ധിയായിരുന്നില്ലല്ലോ ഉയർത്തിക്കാട്ടപ്പെട്ടിരുന്ന കോൺഗ്രസ് നേതാവ്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കാവുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കളം അറിഞ്ഞ് കളിച്ചില്ല എന്നതാണ് വാസ്തവം. അല്ലാതെ രാഹുൽ ഗാന്ധിയെന്ന നേതാവിന്റെ മാത്രം വീഴ്ചയല്ല.
ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ബി.ജെ.പിക്ക് അനായാസം വിജയം കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞു എന്നതാണ് വാസ്തവം. ഇവിടങ്ങളിലൊന്നും ഒരു എക്സിറ്റ് പോൾ പ്രവചനവും ബി.ജെ.പി അനായാസ വിജയം പ്രവചിച്ചിരുന്നില്ല. മാത്രവുമല്ല, കോൺഗ്രസിന്റെ വിജയം വിദൂരത്താണെന്നും പ്രവചിക്കാൻ മടിയായിരുന്നു. ബി.ജെ.പിക്ക് വിജയം നേടാനായത് ഏതെങ്കിലും പ്രാദേശിക പ്രശ്നങ്ങളുടെ പേരിലായിരുന്നില്ല. ദേശീയതലത്തിലുള്ള പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി തന്നെ ഈ മൂന്നു സംസ്ഥാനങ്ങളിലും പ്രചാരണ രംഗത്ത് മുഖ്യതാരമായതും ഒരു പരിധിവരെ ‘മോദി ഇഫക്ടായി’ കണ്ട് വിജയത്തിനു കാരണമായെന്ന് വിലയിരുത്താവുന്നതാണ്. ഇതിനുമപ്പുറം ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാട് ഹിന്ദി ഹൃദയഭൂമിയിൽ വിജയം കണ്ടുവെന്നു പറയുന്നതാകും കൂടുതൽ ശരി.
എന്നാൽ, ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടിനോട് കോൺഗ്രസ് കൈക്കൊണ്ട മൃദുഹിന്ദുത്വ പരീക്ഷണം പരാജയപ്പെട്ടു എന്നും പറയേണ്ടിവരുന്നിടത്ത് നമുക്ക് ലേഖകനോട് യോജിക്കേണ്ടിവരുന്നുണ്ട്.
തെലങ്കാനയിലേക്ക് വരുമ്പോൾ കാണുന്ന ചിത്രം മറ്റൊന്നാണ്. അവിടെ പത്ത് വർഷമായി ഭരിച്ചുകൊണ്ടിരുന്ന ബി.ആർ.എസിനെ താഴെയിറക്കി കോൺഗ്രസ് ഭരണം പിടിച്ചതാണ് ആ പാർട്ടിയെ സംബന്ധിച്ചിടത്തോളം അൽപമെങ്കിലും ആശ്വാസമാകുന്നത്. തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് മുൻകൈയെടുത്ത സോണിയ ഗാന്ധിയെ സംബന്ധിച്ചിടത്തോളം സന്തോഷിക്കാൻ ഏറെ വകയുണ്ട് താനും. ഏതാനും മാസങ്ങൾക്കു മുമ്പ് നടന്ന കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിലുണ്ടായ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തോട് ചേർത്തുവെക്കാവുന്നതുമാണ് തെലങ്കാനയിലെ വിജയവും. ഇതോടെ, ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമാക്കാൻ കഴിഞ്ഞതിൽ ഒരുപരിധി വരെ കോൺഗ്രസിന്റെ സ്വാധീനം അംഗീകരിച്ചുകൊടുക്കാവുന്നതുമാണ്.
ഏതൊരു തെരെഞ്ഞടുപ്പ് ഫലവും ചില രാഷ്ട്രീയ പാഠങ്ങൾ പാർട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. ആ പാഠങ്ങൾ പഠിക്കുന്ന രാഷ്ടീയ പാർട്ടികളും അതേസമയം, പഠിക്കാത്ത രാഷ്ടീയ പാർട്ടികളുമുണ്ട്. ഏറെക്കാലമായി ഇതിൽ രണ്ടാമത് പറഞ്ഞ കാര്യം ഏറക്കുറെ കണിശമായി പാലിക്കുന്ന പാർട്ടിയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്നു ബോധ്യപ്പെടും കഴിഞ്ഞ കുറെക്കാലമായി ആ പാർട്ടിയുടെ പോക്കു കണ്ടാൽ. ഇതുതന്നെയാണ് കോൺഗ്രസിനെ പരാജയത്തിലേക്ക് കൂപ്പുകുത്തിക്കുന്നതെന്ന് മനസ്സിലാക്കാത്തത് ഇനി ആ പാർട്ടി മാത്രമേയുള്ളൂ.
ബി.ജെ.പി മാത്രമായി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന 12 സംസ്ഥാനങ്ങളാണുള്ളത്. ബി.ജെ.പി കൂട്ടുകക്ഷിയായി ഭരിക്കുന്ന മറ്റ് 5 സംസ്ഥാനങ്ങൾ കൂടിയാകുമ്പോൾ അവയുടെ എണ്ണം 17 ആകും. അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്ത് ലഭിച്ച ഗംഭീര വിജയവും തെലങ്കാനയിൽ നില മെച്ചപ്പെടുത്താനായതുമെല്ലാം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഊർജം പകരുമെന്നുള്ളത് തീർച്ചയാണ്. മറുപക്ഷത്താകട്ടെ 28 കക്ഷികളുടെ കൂട്ടുകെട്ടായ ‘ഇൻഡ്യ’യാണ് ബി.ജെ.പിയെ നേരിടാൻ ഒരുങ്ങുന്നത്.
അതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ കോൺഗ്രസും. വർഷങ്ങളായി സ്വന്തം കാര്യംതന്നെ പരുങ്ങലിലായിരിക്കുന്ന കോൺഗ്രസിന് ‘ഇൻഡ്യ’ സഖ്യത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകും എന്ന് ആരെങ്കിലും കരുതിയാലും തെറ്റ് പറയാനാകില്ല. കോൺഗ്രസിനകത്ത് എല്ലാവരും നേതാവാകാൻ ശ്രമിക്കുമ്പോൾ ശരിയായ നേതാവ് ഇല്ലാതെ പോകുന്നത് പാർട്ടി കാണുന്നേയില്ല. രാജസ്ഥാനിലെ കോൺഗ്രസ് രാഷ്ടീയത്തിൽ ഇത് നമ്മൾ ആവോളം കണ്ടതാണ്. ബി.ജെ.പിക്ക് അധികാരം കിട്ടിയ മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയെങ്കിലും പേര് അവർ ഉയർത്തിക്കാട്ടിയിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
നെഹ്റുവിയൻ സോഷ്യലിസത്തെ നരസിംഹറാവുവിന്റെ കാലത്തുതന്നെ കോൺഗ്രസ് മറവുചെയ്തു എന്ന ലേഖകന്റെ നിരീക്ഷണം എത്രയോ ശരിയാണ്. കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താൻ ഏറെ നാൾ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ചുറ്റും കടന്ന് പാർട്ടി കറങ്ങിയിരുന്നു എന്നത് ശരിതന്നെ. എന്നാൽ, ഇപ്പോൾ അതിൽനിന്നും കരകയറിയിരിക്കുന്നു. നെഹ്റു കുടുംബത്തിനു വെളിയിൽനിന്ന് ഒരാളെ കണ്ടെത്തിയിരിക്കുന്നു. അതിനു ശേഷം മാത്രമാണ് രാഹുൽ ഗാന്ധിയിൽ കുറച്ചെങ്കിലും നേതൃപാടവം കാണാനായത്. അതിന്റെ ഒരു പ്രായോഗിക വശമായി അനുഭവപ്പെട്ടതാണ് അദ്ദേഹം നയിച്ച ഭാരത് ജോഡോ യാത്ര. അതിൽ ഉയർത്തിയ മുദ്രാവാക്യങ്ങളൊക്കെ എത്ര പൈങ്കിളിയെന്നു പറഞ്ഞാലും ആ യാത്ര ഉയർത്തിയ ആരവം രാഷ്ടീയ നിരീക്ഷകർ പൊതുവെ പാർട്ടിയുടെയും രാഹുലിന്റെയും വിജയമായിട്ടാണ് വിലയിരുത്തിയത്.
അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു ഫലത്തിൽ കോൺഗ്രസിന്റെ വോട്ടുശതമാനം വിലയിരുത്തിയാൽ ജനങ്ങൾക്ക് ഇനിയും ആ പാർട്ടിയിൽ പ്രതീക്ഷയുണ്ടെന്നു മനസ്സിലാക്കാം. എന്നാൽ, അത് കണ്ട് പഠിക്കേണ്ടത് ആ പാർട്ടി തന്നെയാണ്: അതായത് വീഴ്ചയിൽനിന്ന് തെറ്റുകൾ മനസ്സിലാക്കി ഉയിർത്തെഴുന്നേൽക്കാൻ കോൺഗ്രസ് തയാറാകണമെന്ന് ചുരുക്കം. അങ്ങനെയെങ്കിൽ കഴിഞ്ഞ പത്തു വർഷമായി അധികാരത്തിനു പുറത്തുനിൽക്കുന്ന കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യു.പി.എക്ക് (പുതിയ ഇൻഡ്യ സഖ്യം) ഒറ്റയടിക്ക് ഭരണം കിട്ടിയില്ലെങ്കിലും എൻ.ഡി.എ സഖ്യത്തിന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ട് ശക്തമായ ഒരു പ്രതിപക്ഷനിരയെയെങ്കിലും കെട്ടിപ്പടുക്കാൻ സാധിക്കും. ജനാധിപത്യത്തിലും അതിന്റെ ഭാഗമായ തെരഞ്ഞെടുപ്പിലുമെല്ലാം വോട്ടർമാരുടെ മനസ്സ് പ്രവചനാതീതമാണ് എന്ന വസ്തുത കാണാതിരുന്നുകൂടാ.
മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജിഷ്ണു പ്രകാശ് എഴുതിയ ‘മട്ടൻകറി സിദ്ധാന്തം’ എന്ന കഥ (ലക്കം: 1346) ആഗോളീകരണാനന്തര കാലത്തെ മനുഷ്യരുടെ ഭക്ഷണാസക്തി അതിന്റെ പാരമ്യതയിലെത്തുന്നതും കാടിനെ മൊത്തമായി തിന്നാൻ കഴിയുന്ന മൃഗം മനുഷ്യനാണെന്ന യാഥാർഥ്യവും വരച്ചുകാട്ടുന്നു. പ്രമേയം, ഭാഷ, ആഖ്യാനരീതി എന്നിവകൊണ്ട് കഥ നവ്യാനുഭവമായി. പ്രാചീനകാലം തൊട്ട് മനുഷ്യനുണ്ടായിരുന്ന ഭക്ഷണാസക്തി പുതിയ കാലത്തും വന്യമായി വളരുന്നത് പുതിയ ചേരുവകൾ ചേർത്ത് അവതരിപ്പിച്ചത് ശ്രദ്ധേയമായി. ബുൾസൈയിൽ തുടങ്ങി മട്ടൻകറിയുടെ പുതിയ സിദ്ധാന്തത്തിലേക്ക് കഥ ഒഴുകിപ്പരക്കുന്നുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പ് നല്ല കഥകളെ പ്രോത്സാഹിപ്പിക്കുന്ന പ്രസിദ്ധീകരണമായി മാറുന്നതിൽ വരിക്കാരനെന്ന നിലയിൽ അതിയായ സന്തോഷം. അഭിനന്ദനങ്ങൾ.
ആൾക്കൂട്ട അപകടങ്ങൾ അനിയന്ത്രിതമായ തിക്കും തിരക്കും മൂലം സംഭവിക്കുന്നതാണ്. ഇത് ഒഴിവാക്കുവാൻ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ‘തുടക്കം’ എന്ന പംക്തിയിൽ (ലക്കം: 1345) എഴുതിയത് നന്നായി. കുസാറ്റ് അപകടത്തിൽ നാലുപേർ മരിക്കുകയും വളരെ പേർക്ക് പരിക്കേൽക്കുകയുംചെയ്തു. സംഗീത പരിപാടി നടക്കുന്നിടത്തേക്ക് നിയന്ത്രണമില്ലാതെ ആളുകൾ തിക്കിത്തിരക്കി കയറിയതാണ് അപകട കാരണം. ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായി എന്ന് വ്യക്തമാണ്. ആൾക്കൂട്ടമുണ്ടാകുമ്പോൾ നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസ് സംവിധാനം ഉണ്ടാകണം.
തിക്കിത്തിരക്കിൽപെടുന്നവർ സ്വയം നിയന്ത്രിക്കുകയില്ലെന്ന് അറിയേണ്ടതാണ്. പരിപാടി നടക്കുന്നതിനുമുമ്പ് പൊലീസിനെ അറിയിക്കുക തന്നെയാണ് ഏക പരിഹാര മാർഗം. പൊലീസിനെ മുൻകൂട്ടി അറിയിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനാകും. മുൻകൂട്ടി അനുമതി വാങ്ങുന്നതും നല്ലതുതന്നെയാണ്. ഇതും ഒരുവിധത്തിൽ പൊലീസിൽ അറിയിക്കൽ തന്നെയാണല്ലോ. സംഘടനാതലത്തിലുള്ള സുരക്ഷാ സംവിധാനവും ആവശ്യമാണ്. അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ കുറ്റമറ്റതാകണം. രക്ഷപ്പെടാനുള്ള മാർഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതുകൊണ്ട് അപകടങ്ങൾ ഒഴിവാക്കാനാവുകയില്ല. അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങളാണ് വേണ്ടത്.
അപകടങ്ങൾ ഉണ്ടായിക്കഴിഞ്ഞ് മാർഗനിർദേശങ്ങൾ നൽകുന്നതും അന്വേഷണവും നടത്തുന്നതും നല്ലതുതന്നെ. എന്നാൽ, അപകടങ്ങൾ ഒഴിവാക്കാൻ ജീവസുരക്ഷാ സംവിധാനം ഒരുക്കുകയാണ് ഏറെ പ്രാധാന്യമർഹിക്കുന്നത്. കുസാറ്റിലെ പോലെ ഗേറ്റ് തുറക്കുമ്പോൾ കീഴോട്ടുള്ള ചവിട്ടുപടികൾ മറ്റൊരിടത്തും കണ്ടിട്ടില്ല. തിരക്കുണ്ടാകുമ്പോൾ പുറത്തുനിന്നുണ്ടാകുന്ന തള്ളലിൽ ഗേറ്റ് തകർന്ന് ചവിട്ടുപടിയിലേക്ക് വീഴുന്ന ആൾക്കൂട്ടത്തിന് ഗുരുതരമായ പരിക്കു പറ്റാനും മരണംതന്നെ സംഭവിക്കാനും ഇത് കാരണമാകുന്നു.
ചവിട്ടുപടികൾ കീഴോട്ടാണ് എന്നറിയുന്നവർ വിരളമായിരിക്കും. കുസാറ്റിൽ സംഭവിച്ചതും അതുതന്നെയാണ്. വേണ്ടത്ര സുരക്ഷാമാർഗങ്ങൾ ഒരുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണം. ഇനിയെങ്കിലും സംവിധാനത്തിൽ കാര്യമായ മാറ്റംവരുത്താൻ ശ്രദ്ധിക്കുകയാണ് വേണ്ടത്.
ഏതു പ്രമേയവും മനോഹര കഥയാക്കി മാറ്റാനുള്ള സ്വപ്ന അലക്സിന്റെ നർമഭാവനക്ക് മകുടംചാർത്തുന്ന കഥയാണ് ‘വാഴ്ത്തപ്പെട്ട വർക്കിച്ചൻ’. ഇല്ലാത്ത പൊള്ളത്തരങ്ങൾ ഊതിവീർപ്പിച്ച് ചുട്ടകോഴിയെ പറപ്പിക്കുന്ന പ്രഫഷനൽ വേദാന്തികളുടെ തൊലി ഉരിയുന്ന കഥ തനതുശൈലിയോടെ സ്വപ്ന അനാവരണം ചെയ്യുമ്പോൾ, കപടവേഷധാരികളായ ഭക്തരുടെ കൂടി തൊലിയുരിയുകയാണ്.
‘‘ഈ റിപ്പോർട്ട് അയച്ചാൽ തീരുമാനം എന്തായിരിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ, സമാനമായ സംഭവം ഉണ്ടായതിന്റെ രേഖകൾ അവരുടെ കൈവശമുള്ളതുകൊണ്ട് എന്റെ പ്രഫഷനൽ എത്തിക്സിന് എതിരായ നിലപാട് സ്വീകരിക്കാൻ സാധിക്കാത്തതുകൊണ്ട് എനിക്ക് മറ്റൊന്നും ചെയ്യാനായില്ല.’’ ഹിപ്പോക്രാറ്റസിന്റെ പേരിൽ പ്രതിജ്ഞ എടുക്കുന്ന എത്ര ഭിഷഗ്വരന്മാർ തങ്ങളുടെ പ്രതിജ്ഞ പരിപാലിക്കുന്നു എന്നുള്ളത് ഇന്നൊരു തർക്കവിഷയമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ മുന്നിലുള്ള ഹിപ്പോക്രാറ്റസിന്റെ പ്രതിമയുടെ മുന്നിൽവെച്ച് ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നത് ഈയുള്ളവന് നേരിട്ട് കാണാനുള്ള ഗതികേടുപോലും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.