ക്രിസ്റ്റോഫ് സനൂസിയുടെ മുഖച്ചിത്രത്തോടെ ഇറങ്ങിയിരിക്കുന്ന മാധ്യമം പുതുവർഷപ്പതിപ്പ് കണ്ടപ്പോൾ വിലയൊന്നും നോക്കാതെ ഞാനത് വാങ്ങി താളുകള്‍ മറിച്ചു. സച്ചിദാനന്ദന്‍, കെ.ജി.എസ്, റഫീക്ക് അഹമ്മദ്, സാവിത്രി രാജീവന്‍, കരുണാകരന്‍... തുടങ്ങിയവരുടെ കവിതകള്‍, വര്‍ഗീസ് അങ്കമാലി, ശ്രീകണ്ഠൻ കരിക്കകം തുടങ്ങി ഏഴ് കഥാകൃത്തുക്കളുടെ കഥകൾ, നിരവധി ലേഖനങ്ങള്‍... അങ്ങനെ ആരെയും കൊതിപ്പിക്കുന്ന ഉള്ളടക്കം.
കണ്ടതു മധുരതരമാണെങ്കില്‍ കാണാനുള്ളത് എങ്ങനെയായിരിക്കും എന്നോർത്തു. വീട്ടിലെത്തി ഇതളുകളോരോന്നോരോന്നായി വിടർത്തി വായിച്ചാസ്വദിച്ചപ്പോള്‍ ചേറ്റിക്കൊഴിക്കാനായി പതിരുകള്‍ ഒന്നുമില്ലെന്നും ബോധ്യമായി.
അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യാനായി, കാലത്തിന്‍റെ അടയാളങ്ങള്‍ പേറുന്ന എന്റെ പുസ്തകശേഖരത്തിലേക്ക് ഞാനത് ചേർത്തുവെച്ചു. എല്ലാംകൊണ്ടും ഇതൊരു വേറിട്ട വായനാനുഭവം പകർന്നുതന്നു. മനോഹരമായ കവര്‍ ഡിസൈനും ലേഔട്ടും.
അർഹിക്കുന്ന ആദരവോ അംഗീകാരങ്ങളോ കിട്ടാതെ മരിച്ച അനു ഗൃഹീത കലാകാരനായിരുന്ന ആലപ്പി ഷെരീഫിന് മരണാനന്തരം കിട്ടിയ മികച്ചൊരു ബഹുമതിയാണ് പുതുവർഷപ്പതിപ്പിൽ പ്രേംചന്ദ് തന്റെ ‘കാലാന്തരം’ പരമ്പരയിൽ എഴുതിയ ‘അവളുടെ രാവുകളും അച്ചടിസാഹിത്യത്തിലെ വരേണ്യതകളും’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനം. മലയാള സിനിമ കണ്ട തലയെടുപ്പുള്ള സംവിധായകൻ ഐ.വി. ശശിയെ സൃഷ്ടിച്ചത് ആലപ്പി ഷെരീഫാണ്. അതുവരെ കാണാത്ത പ്രമേയമായിരുന്നു ഷെരീഫ് എഴുതിയ ‘ഉത്സവ’ത്തിന്റെ കഥ. പലരും ചലച്ചിത്രമാക്കാൻ മടിച്ചിരുന്ന സമയത്താണ് ശശി എന്ന പുതുമുഖ സംവിധായകൻ അതിനെ അഭ്രപാളിയിൽ അതിമനോഹരമായി അവതരിപ്പിച്ചത്.
വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രാമത്തിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന മനുഷ്യരുടെ അവസ്ഥയായിരുന്നു ‘ഉത്സവ’ത്തിന്റെ കാതൽ. നിത്യഹരിത ഗാനങ്ങളുള്ള ‘ഉത്സവം’ പിൽക്കാലത്തും ചർച്ചയായി. ‘ഈറ്റ’, ‘അലാവുദ്ദീനും അത്ഭുതവിളക്കും’ തുടങ്ങി ആലപ്പി ഷെരീഫ് -ഐ.വി. ശശി കൂട്ടുകെട്ടിൽ ഒന്നര ഡസനിലേറെ വ്യത്യസ്തമായ ചിത്രങ്ങളിറങ്ങി. ഐ.വി. ശശി എന്ന് കേൾക്കുമ്പോൾ ടി. ദാമോദരന്റെ പേരാണ് ഏവരുടെയും മനസ്സിൽ ആദ്യം വരുക. മാസ്റ്ററുടെ തിരക്കഥകൾ ശശിയെ ജനപ്രിയനുമാക്കിയിട്ടുണ്ട്. ചലച്ചിത്രരചയിതാവ് എന്ന നിലയിൽ ഗൃഹലക്ഷ്മിയെന്ന ബാനറും മാതൃഭൂമിയെന്ന സ്ഥാപനവും ദാമോദരൻ മാസ്റ്ററുടെ വളർച്ചയിൽ വലിയ ഘടകമായതുപോലെ അത്തരം പ്രോത്സാഹനങ്ങളൊന്നും ഷെരീഫിന് ലഭിക്കാതെപോയി.
മുൻ ചലച്ചിത്രങ്ങളെ അപേക്ഷിച്ചുനോക്കുകയാണെങ്കിൽ 1980കളിൽ ആലപ്പി ഷെരീഫിനെ വലിയ സംവിധായകരും ഹിറ്റ്ഡയറക്ടേഴ്സും തേടിയെത്തേണ്ടിയിരുന്നു. ഇതൊന്നും സംഭവിച്ചില്ല. എൺപതുകളുടെ തുടക്കത്തിൽ അദ്ദേഹം സംവിധാനംചെയ്ത ‘അസ്തമിക്കാത്ത പകലുകളു’ടെ സംവിധായകനായി മറ്റു ചിലരെ വിശേഷിപ്പിക്കുന്നവർ ഇന്നുമുണ്ട്. അറുപതുകളിലും എഴുപതുകളിലും സാഹിത്യലോകത്തും ശ്രദ്ധേയ രചനകൾ വന്നിട്ടും ഇന്നും അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകമോ രചനകളുടെ പുതിയ പതിപ്പുകളോ മലയാളികളുടെ കൈകളിലില്ല.
‘അവളുടെ രാവുകളു’ടെ പരിഷ്കരിച്ച പതിപ്പ് ഇന്നാണ് പുസ്തകരൂപത്തിൽ വരുന്നതെങ്കിൽ പ്രസാധകരുടെ ‘പിടിവലി’യും ചാനൽഷോകളും ചർച്ചകളും കണക്കില്ലാതെ കാണേണ്ടിവന്നേനെ! ‘അനുരാഗി’യിലൂടെ എൺപതുകൾക്കൊടുവിൽ ഷെരീഫിനെ ഐ.വി. ശശിയിലൂടെ സജീവമാക്കാൻ ശ്രമിച്ചുവെങ്കിലും പ്രതീക്ഷിച്ച നേട്ടം സിനിമക്ക് കൈവരിക്കാനായില്ല.
മാധ്യമം ആഴ്ചപ്പതിപ്പിൽ ശ്രീകണ്ഠൻ കരിക്കകത്തിന്റെ കഥ ‘നിർവികൽപം’ മനസ്സിനെ തൊട്ടു. നിലവിലുള്ള പാട്രിയാർക്കി വ്യവസ്ഥിതിയുടെ അധികമാരും പറയാത്ത മറ്റൊരു മുഖം അനാവരണം ചെയ്യാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. മക്കൾക്ക് ഡൗൺസിൻഡ്രോമായാലും ഓട്ടിസമായാലും വലിയ നോവും ആധിയും അമ്മക്കാണ്. പക്ഷേ, ഔദ്യോഗികമായും അനൗദ്യോഗികമായുമെല്ലാം രക്ഷിതാവ് അമ്മയല്ല, അച്ഛനാണ്. മത്സരങ്ങളിലും പരീക്ഷകളിലും ജയിക്കുമ്പോൾ പിതാക്കൻമാർക്ക് രക്ഷാകർതൃത്വം അഭിമാനകരമാണ്.
മറിച്ച് ഭിന്നശേഷി/ ഡൗൺസിൻഡ്രോം, ഓട്ടിസം തുടങ്ങിയവയാണെന്ന് അറിയുന്നതോടെ രക്ഷാകർതൃസ്ഥാനം പലർക്കും പെട്ടെന്ന് വേണ്ടാതാകും. അനന്തപത്മനാഭന്റെ അച്ഛൻ അനിൽ ‘‘നിന്റെ കുട്ടി’’ എന്ന് ആഷയെ നോക്കിപ്പറയുന്നത് കുട്ടിയുടെ ഡൗൺസിൻഡ്രോം തിരിച്ചറിയുമ്പോഴാണ്. പാട്രിയാർക്കി എത്ര പെട്ടെന്നാണ് സ്ത്രീയെ രക്ഷിതാവായി അംഗീകരിക്കുന്നത്. ഇത് സാമൂഹികയാഥാർഥ്യമാണ്. അനിൽ മികച്ച മോട്ടിവേഷൻ സ്പീക്കറാണ്.
ജീവിതോപാധി എന്നതിനപ്പുറം അതിലൊന്നുമില്ലതാനും. പക്ഷേ, വൈകല്യമുള്ള കുട്ടിയുടെ പിതാവായി സ്വയം അംഗീകരിക്കാനുള്ള മോട്ടിവേഷൻ സ്വയമാർജിക്കാൻ കഴിയാത്ത ചീഞ്ഞ അഹന്തയിൽ ഭാര്യയെയും കുട്ടിയെയും ഒഴിവാക്കി അയാൾ പോകുന്നു. ആഷയാകട്ടെ വക്കീൽപണി രാജിവെച്ച് അനന്തനുവേണ്ടി മാത്രം ആറാം നില ഫ്ലാറ്റിലേക്ക് ഒതുങ്ങുന്നു.
പുഴയിലോ വഴിയിലോ കളയാൻ ശ്രമിച്ചാലും ദിഗന്തം പൊട്ടിക്കുമാറൊരു നിലവിളിയുമായി അനന്തൻ ആഷയെ തളയ്ക്കും. യുവാവായി മാറാൻ തുടങ്ങുന്ന അനന്തന്റെ അപക്വ വളർച്ചകൾ... മനഃസംഘർഷങ്ങൾ തലങ്ങും വിലങ്ങും തലയ്ക്കടിക്കുമ്പോൾ തന്നെയാരെങ്കിലും ബലാൽക്കാരം ചെയ്തിരുന്നെങ്കിൽ എന്ന് സ്വയം പ്രതികാരവാഞ്ഛയാവുന്ന ആഷ മാത്രം കഥയിലൽപം മുഴച്ചുനിൽക്കുന്നു എന്ന് തോന്നുന്നു. കഥ മുഴുവൻ പറയുന്നില്ല. പക്ഷേ, വായനക്കാരെ ഒറ്റ ഇരിപ്പിൽ വായിപ്പിക്കുന്ന മനസ്സ് നനയ്ക്കുന്ന ഒരു സാമൂഹിക യാഥാർഥ്യമാണ് ഈ കഥ എന്ന് പറയാതിരിക്കാനാവില്ല.
മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഷബ്‌ന മറിയത്തിന്റെ ‘കാദംബിനി’ എന്ന കഥ മനുഷ്യമനസ്സിന്റെ നിഗൂഢഭാവങ്ങളെ ആഴത്തിൽ ഒപ്പിയെടുത്ത രചനയാണ്. അടുത്ത കാലത്തൊന്നും ഇത്രയും ഉള്ളുലക്കുന്ന കഥ വായിച്ചിട്ടില്ല. കഥ കണ്ടപ്പോള്‍ വായിക്കാന്‍ തോന്നിയത് മുൻ രചനയായ ‘പിഗ്മെന്റ്’ വായിച്ച അനുഭവംകൊണ്ടാണ്. മികച്ച വായനാനുഭവം സമ്മാനിച്ച പുസ്തകമായിരുന്നു ‘പിഗ്മെന്റ്’. കഥ വായിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ പ്രതീക്ഷകള്‍ ശരിയായിരുന്നുവെന്ന് ഉറപ്പായി. നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട എഴുത്തുകാരുടെ കൂട്ടത്തിലേക്ക് അവര്‍ക്ക് ഞാന്‍ സ്ഥാനം നല്‍കുകയാണ്.
കോരിച്ചൊരിയുന്ന മഴയത്ത് കിണറ്റിന്‍കരയിൽനിന്ന് വെള്ളം ചുമന്നുകൊണ്ടുവരുന്നതുമുതൽ തന്നെ ‘കാദംബിനി’ വേറൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നുണ്ട്. കഥ വായിച്ചു തീര്‍ന്നപ്പോഴും ‘കാദംബിനി’യില്‍നിന്ന് വിട്ടുവരാന്‍ കുറച്ചു സമയമെടുത്തു. ഉള്ളിലുണ്ടായ ഒരു പിടച്ചിലും കുറെനേരത്തേക്ക് വിട്ടുമാറിയില്ല. കഥയുടെ അവസാനം ഒരുക്കിവെച്ച ഒരു ഞെട്ടൽ ഉണ്ടല്ലോ, അത് എങ്ങനെ നമ്മെ വിട്ടുപോകാനാണ്? 2024 തുടക്കത്തില്‍തന്നെ നല്ലൊരു വായന കിട്ടിയതില്‍ സന്തോഷം.
ഒരു സാധാരണക്കാരി സ്വന്തം കുടുംബത്തിൽ വല്യ പ്രാരബ്ധം ഒന്നുമില്ലാതെ കാലത്തിനൊത്ത് ഒഴുകി നീങ്ങുകയാണ്, ഏതൊരു സ്ത്രീയെയും പോലെ. വല്യ പ്രശ്നക്കാരിയല്ലാത്ത അമ്മായിഅമ്മ. സ്നേഹത്തിന്റെ രസച്ചരട് മുറിയാതെ പരസ്പരം മനസ്സിലാക്കുന്ന ജീവിതപങ്കാളി. ജോലിയുടെ ചെറിയ ചെറിയ പ്രയാസത്തിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവൾ, എന്നിട്ടും! അവിടെയാണ് ജീവിതമെന്ന മനോഹര ചിത്രം ഷബ്‌ന വരച്ചിട്ടിരിക്കുന്നത്. കഥ വായിച്ചുപോകുമ്പോൾ ഇതിലെന്താ ഉള്ളത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരേട്... അല്ലെങ്കിൽ ഒരു ദിവസം... എന്ന് നമ്മൾ കരുതും..
പക്ഷേ, ബസ് പൊക്കത്തിൽ മേഘപാളികൾക്കിടയിൽ സ്റ്റക്കായി, ബ്ലോക്കായി നിൽക്കുന്നയിടം മുതൽ കഥ അതിന്റെ എഡ്ജിലേക്ക് കടക്കുകയാണ്. ആരാണ് അയാൾ? എന്തിനാണ് അയാൾ അവൾക്കൊരാശ്വാസം ആകുന്നത്. എന്തുകൊണ്ടാണ് അവൾ ആ ഒരു നിമിഷം അതിൽ സമാധാനം കണ്ടെത്തുന്നത്. എങ്ങനെയാണ് ഒരാൾ അപരനിൽ കരുതലിന്റെ കൈച്ചൂടറിയുന്നത്. ബസെന്ന ഒരു ഗ്രഹവും അതിനുള്ളിലെ കുറെ ജീവനുകളും നിറഞ്ഞ ഈ കഥ ഓരോ നിമിഷവും അവളുടെകൂടെ ജീവിക്കുകതന്നെയായിരുന്നു.
ഇത്രയും ലളിതമായി, വ്യക്തമായി, ഷാർപ്പായി സ്ത്രീമനസ്സിനെ വരച്ചിട്ട ഒരു കഥയും ഞാൻ വായിച്ചിട്ടില്ല. പറയേണ്ടത് ഞാൻ പറഞ്ഞുകഴിഞ്ഞു. ഇനി നിങ്ങൾ വായനക്കാർ ഇതിൽനിന്ന് സ്ത്രീജീവിതങ്ങളെ പറ്റുമെങ്കിൽ മനസ്സിലാക്കി എടുത്തോളൂ എന്ന ഷബ്‌നയുടെ ഉറച്ച ശബ്ദം ഇപ്പോഴും ചെവിക്കരികിലുണ്ട്.
ഓട്ടിസമുള്ള കുട്ടിയുടെയും അമ്മയുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന നന്മയുള്ള കഥയാണ് മാധ്യമം പുതുവത്സരപ്പതിപ്പിൽ വന്ന, ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘നിർവികൽപം’. മനുഷ്യാന്തസ്സിനെ ഉയർത്തിപ്പിടിക്കുന്നതും നന്മയുടെയും പ്രതീക്ഷയുടെയും പ്രകാശം പരത്തുന്നതുമായ കഥകളും നമുക്ക് ആവശ്യമുണ്ട്. ഡോക്ടർക്കോ ശാസ്ത്രജ്ഞനോ സാമൂഹിക പരിഷ്കർത്താവിനോ പൊളിറ്റീഷനോ ചിന്തിക്കാനാവാത്ത വിശുദ്ധിയുടെ ചെറുകണം കണ്ടെടുക്കാൻ സർഗധനരായ എഴുത്തുകാർക്ക് കഴിഞ്ഞേക്കും എന്നതിലാണല്ലോ സമൂഹം അവരെ ആദരവോടെ കാണുന്നത്. അതിയായ സന്തോഷമുണ്ട്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.