പട്ടയം എന്ന വാക്കിന്റെ അർഥം വസ്തു ഉടമകൾക്ക് സർക്കാർ നൽകുന്ന ഉടമസ്ഥാവകാശരേഖ എന്നാണ്. കേരളത്തിൽ ഏത് മുന്നണി സർക്കാർ അധികാരത്തിൽ വന്നാലും നാടുനീളെ പട്ടയമേളകൾ നടത്തി ആയിരക്കണക്കിന് ആളുകൾക്ക് പട്ടയം നൽകി ഭൂമി ലഭ്യമാക്കാറുണ്ട്. എന്നാൽ, ഇന്നും കേരളത്തിലെ ഏറ്റവും അവികസിതപ്രദേശമായ അട്ടപ്പാടിയിലെ (അട്ടപ്പാടിയാണ് കേരളത്തിലെ ഏറ്റവും പിന്നാക്ക പ്രദേശം എന്ന് 52 വർഷം മുമ്പ് ആസൂത്രണ ബോർഡ് വിലയിരുത്തിയിരുന്നു) രണ്ടായിരത്തോളം വരുന്ന ആദിവാസികൾക്ക്, ഇടതു സർക്കാർ ഭരിക്കുമ്പോൾ കമ്യൂണിസ്റ്റ് മന്ത്രിമാരായ കെ.ഇ. ഇസ്മയിലും ഇ. ചന്ദ്രശേഖരനും നൽകിയ പട്ടയക്കടലാസിലുള്ള ഭൂമി, കാൽ നൂറ്റാണ്ടടുക്കാറാകുമ്പോഴും ഉടമസ്ഥരായ ആദിവാസികൾക്ക് കിട്ടിയില്ല പോലും! എന്തൊരു നാണംകെട്ട വാർത്തയാണിത്!
ഇന്ന് നവകേരളം പാടിപ്പുകഴ്ത്തി നടക്കുന്നവർക്ക് ഈ വാർത്ത ഒരു വാർത്തയേ ആയെന്നുവരില്ല, കാരണം ഇരകൾ ആദിവാസികളാണെന്നതുതന്നെ. അവരെ സംബന്ധിച്ചിടത്തോളം പതിറ്റാണ്ടുകളായി വംശീയമായ ഉന്മൂലനത്തിന്റെ കദനംപേറുന്ന അനേകം കഥകളിലെ ഒരു കഥ മാത്രമാണിത്.
അധികമാരും ശ്രദ്ധിക്കാത്ത ഇത്തരം സംഭവങ്ങളെ തികഞ്ഞ നീതിബോധത്തിലൂന്നി, വസ്തുതാപരമായ അന്വേഷണങ്ങളിലൂടെ പുറംലോകത്തെത്തിക്കുന്ന മാധ്യമം ലേഖകൻ ആർ. സുനിലിന്റെ ‘അട്ടപ്പാടിയിലെ 1932 പട്ടയങ്ങളുടെ ഭൂമി എവിടെ’ എന്ന ലേഖനം (ലക്കം 1347) നമ്മോട് വിളിച്ചുപറയുന്നത്, എത്ര ക്രൂരമായാണ്, നീതിരഹിതമായിട്ടാണ് ഭരണകർത്താക്കൾ ആദിവാസികളോട് പെരുമാറുന്നതെന്നാണ്. സിവിൽ സമൂഹത്തിലെ ജനാധിപത്യബോധമുള്ള, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഏതൊരു പൗരന്റെയും മനസ്സിനെ പിടിച്ചുലക്കുന്ന വസ്തുതകളും കണക്കുകളും ആരെയും ഞെട്ടിപ്പിക്കുന്ന കള്ളക്കളികളുമാണ് ആർ. സുനിൽ തന്റെ ലേഖനത്തിൽ എണ്ണിപ്പറഞ്ഞിരിക്കുന്നത്.
ഭരണഘടനയുടെ 244, 339 എന്നീ വകുപ്പുകൾ പ്രകാരവും 5, 6 എന്നീ ഷെഡ്യൂളുകൾ പ്രകാരവും ആദിവാസികളെ സംരക്ഷിക്കാൻ കടപ്പെട്ടവരാകട്ടെ, ഏതാനും വോട്ടുകൾക്കും സാമ്പത്തികമായ നേട്ടങ്ങൾക്കും വേണ്ടി നിർദാക്ഷിണ്യം അവരെ ഒറ്റുകൊടുക്കുകയും ബലിയാടുകളാക്കുകയും ചെയ്യുന്ന എണ്ണമറ്റ വേദനജനകമായ കാഴ്ചകൾക്കാണ് കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.
1975 ലെ ആദിവാസി ഭൂനിയമം (The Kerala Scheduled Tribes - restrictions on transfer of land and restoration of alienated land) നടപ്പാക്കിക്കിട്ടാൻ ഏറെക്കാലം പ്രതീക്ഷയോടെ കാത്തിരുന്ന ആദിവാസികൾക്ക് മുന്നിൽ സർക്കാർ നിർലജ്ജം കൊണ്ടുവന്ന ബില്ലാണ് കൈയേറ്റക്കാർക്ക് അനുകൂലമായ 1999ലെ ബിൽ. ആദിവാസികളെ തങ്ങളുടെ ആവാസവ്യവസ്ഥയിൽനിന്ന് സർക്കാർ ഒത്താശയോടെ, കൊടിയ വഞ്ചനയിലൂടെ പുറത്താക്കിയ കുടിയേറ്റക്കാരുടെ പിന്നിൽ സമതലങ്ങളിൽകഴിയുന്ന അവരുടെ ബന്ധുക്കൾ മാത്രമല്ല, മറിച്ച് ശക്തരായ മതനേതാക്കളും അവർക്ക് ശിങ്കിടിപാടുന്ന രാഷ്ട്രീയ നേതൃത്വവുമുണ്ടെന്ന കാര്യം ഓരോ മലയാളിക്കുമറിയാം.
കേരളത്തിലെ മറ്റൊരു സമൂഹത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് ആദിവാസികൾ നിരന്തരം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. കേരളം മാറിമാറി ഭരിച്ച എൽ.ഡി.എഫിനും യു.ഡി.എഫിനും ഇതിൽ മുഖ്യമായ പങ്കുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി കേരളത്തിലെ സമതലങ്ങളിൽനിന്ന് വനപ്രദേശങ്ങളിലേക്കുണ്ടായ സംഘടിതമായ കുടിയേറ്റം (കൈയേറ്റം) സംസ്ഥാനത്തെ ആദിവാസിയുടെ അവസാന താവളവും കൈയേറി അവരെ മുഴുപ്പട്ടിണിയിലേക്കും അതുവഴി വംശഹത്യയിലേക്കും തള്ളിയിട്ടുകൊണ്ടിരിക്കുന്നു. ഭരണകൂടങ്ങൾ എന്നും കൈയേറ്റക്കാർക്കൊപ്പം നിൽക്കുമ്പോൾ കാടിന്റെ അവകാശികളായ ആദിവാസികൾ ജീവിതത്തിനും മരണത്തിനുമിടയിൽ പിടയുന്ന കാഴ്ച അതി ദയനീയമാണ്.
സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും ആരെയും വെല്ലാൻ കെൽപുള്ള മതമേലധ്യക്ഷന്മാർ മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായും ഇടക്കിടെ കൂടിക്കാഴ്ചകൾ നടത്തുകയും അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ നടപ്പാക്കുമെന്ന ഉറപ്പ് ഭരണാധികാരികളിൽനിന്ന് അവർക്ക് ലഭിക്കുകയും ചെയ്യുന്നു. എന്നാൽ, തങ്ങളുടെ വനവും ഭൂമിയും ഒത്തുകളികളിലൂടെ തട്ടിയെടുക്കപ്പെടുമ്പോൾ ആദിവാസികൾ നിഷ്കളങ്കരായി മരണം വരെ സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങേണ്ട ഗതികേടിലേക്ക് വരുന്നു.
യു.ഡി.എഫ് നേതാക്കൾക്കൊപ്പം ഡൽഹിയിൽ പോയി തങ്ങളുടെ പരാതികൾ കോൺഗ്രസ് നേതാക്കളുടെ മുന്നിൽ അവതരിപ്പിച്ച് തിരിച്ചുവന്ന് കാലങ്ങളോളം കാത്തുനിന്ന് നീതി ലഭിക്കാതെവന്നപ്പോൾ ഒരുതുണ്ട് കയറിൽ തന്റെ ജീവിതമവസാനിപ്പിച്ച പൊന്നിയുടെ വേദനജനകമായ കഥ ഇതിന് ഉദാഹരണമാണ്. നിരവധി ആദിവാസി പൊന്നിമാരും പൊന്നന്മാരും കേരളത്തിന്റെ കാടകങ്ങളിൽ ഇത്തരത്തിൽ ജീവിതം ഹോമിച്ചിട്ടുണ്ട്.
2013-2021 കാലഘട്ടത്തിൽ പോഷകാഹാരക്കുറവ് കാരണം അട്ടപ്പാടിയിൽ 121 പിഞ്ചുകുഞ്ഞുങ്ങളാണ് മരിച്ചുവീണത്. ആറ് മാതൃമരണങ്ങളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഈ എട്ടു വർഷത്തിൽ 300 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ‘ആദിവാസി വികസന’ത്തിനായി ചെലവാക്കിയതെന്നറിയുക. അട്ടപ്പാടിയിലെ സംരക്ഷിത ആദിവാസി ഭൂമി അനധികൃതമായി വിൽക്കപ്പെടുന്നു/കൈമാറ്റം ചെയ്യപ്പെടുന്നു എന്ന അറിവിലാണ് ദേശീയ പട്ടികവർഗ കമീഷൻ ഈയിടെ ചീഫ് സെക്രട്ടറിക്കും വനം വകുപ്പിനും കത്തയച്ചത്.
തമിഴ്നാട്ടിലെയും കേരളത്തിലെയും കൈയേറ്റക്കാരായ വ്യവസായികൾ ആദിവാസിഭൂമി നിയമവിരുദ്ധമായി അവരെ കബളിപ്പിച്ചു വാങ്ങുന്നു എന്നായിരുന്നു കമീഷന്റെ കണ്ടെത്തൽ. ചതി, വിവേചനം, അനീതി, അക്രമം, ക്രൂരത എന്നിങ്ങനെ നിഘണ്ടുവിൽ മനുഷ്യാവകാശ ധ്വംസനത്തിന്റെ പര്യായമായി ഏതെല്ലാം വാക്കുകളുണ്ടോ അവയെല്ലാം നാം ആദിവാസികളുടെ നേർക്ക് ഒരു കൂസലുമില്ലാതെ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും സമൂഹത്തിലെ വൻകിടക്കാരുമായി കൈകോർത്ത് (unholy nexus) സകല നിയമങ്ങളും കാറ്റിൽപ്പറത്തി ആദിവാസികളോട് ക്രൂരതകൾ ചെയ്തുകൊണ്ടേയിരിക്കുന്നു.
നിയമലംഘനങ്ങളിലൂടെ ഈ വിഭാഗത്തെ പരസ്യമായി വംശനാശത്തിലേക്ക് നയിക്കുമ്പോൾ ഒരുകാര്യം നാം ഓർക്കണം - രാജ്യത്തെ മറ്റ് വിഭാഗങ്ങളെപ്പോലെ, ഒരുപക്ഷേ അവരെക്കാൾ കൂടുതൽ സകല അവകാശങ്ങൾക്കും അധികാരങ്ങൾക്കും അർഹരായ ഇന്ത്യയിലെ പൗരന്മാരാണ് ആദിവാസികളെന്ന്. അർഹതപ്പെട്ട സ്ഥാനമാനങ്ങൾ ലഭിക്കാതെ വരുമ്പോൾ സ്വന്തം പാർട്ടിയിലെ ജനാധിപത്യരാഹിത്യത്തെക്കുറിച്ച് പോരടിക്കുന്ന നമ്മുടെ നേതാക്കൾ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കൾ എന്തുകൊണ്ടാണ് ആദിവാസികളോട് ഏറ്റവും കുറഞ്ഞ തോതിലെങ്കിലും ജനാധിപത്യമര്യാദകൾ കാണിക്കാത്തത്? മന്ത്രിയായിരിക്കുമ്പോൾ ഏതുതരം അധാർമികത സമൂഹത്തോട് കാട്ടിയാലും ഇവർക്കൊന്നും ഒരു തരത്തിലുള്ള ഉത്തരവാദിത്തവും (accountability) ഇല്ലെന്നതാണ് സത്യം. അതിനാൽതന്നെ അവർ ആരെയും ഭയപ്പെടുന്നുമില്ല.
ഇത് കഥയല്ല ജീവിതമാണ്. ആഷയും അനന്തനും ദാ... ഇവിടെയുണ്ട്, അവിടെയുണ്ട്. ശരീരം വളർന്ന മകനു ചുറ്റും മാത്രം ഭ്രമണം ചെയ്യുന്ന ഏകാകിയായൊരമ്മയുടെ മാനസികനില അതെത്ര ഭീകരമായിരിക്കുമെന്നോർത്ത് ഞാൻ വല്ലാതെ നൊന്തുപോയി. മകനുവേണ്ടി ജീവിതത്തിന്റെ എല്ലാ ഋതുക്കളും ചാരുതയും മറന്നുപോയൊരമ്മ.
ഉപേക്ഷിച്ചുപോകാൻ എളുപ്പമാണ്. ചേർത്തുപിടിക്കാൻ പൊരുതണം ഓരോ നിമിഷവും. കിടക്കയിൽ ചുരുണ്ടുകൂടി ശോഷിച്ച, ഒരിക്കലും നിവർത്തിയിട്ടില്ലാത്ത കൈകാലുകളുമായി യുവാവായ ഒരു മകനെയും അവന്റെ അമ്മയെയും ഞാൻ കണ്ടിട്ടുണ്ട്. ചോറു കൊടുക്കുമ്പോൾ വിരലുകൾ കടിച്ചു മുറിക്കും. എല്ലാം തിരിച്ചറിയാം.
തീക്ഷ്ണ യൗവനത്തിൽ പുറംലോകം കാണാനാവാതെ ഉയരത്തിൽനിന്ന് വീണ് തളർന്നുപോയ മറ്റൊരു മകൻ. എല്ലാ നിരാശകളും അയാൾ അക്രമത്തിലും ചീത്ത വിളിയിലും അവസാനിപ്പിക്കുമ്പോൾ നിസ്സംഗയായി കേട്ടുനിൽക്കുന്ന അമ്മ. ഇതെല്ലാം കണ്ടു, മറന്നു. എന്നാൽ, നീണ്ടുനിൽക്കുന്ന ചിന്ത ഇതേക്കുറിച്ച് തന്ന കഥയാണ് ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘നിർവികൽപം’ (ലക്കം: 1349^1350). ആഷയും അനന്തനും നെഞ്ചിലിരുന്ന് കുത്തുന്നുണ്ട്. ഒരു മൂർച്ചയുള്ള ബ്ലേഡ് എന്റെ കൈത്തണ്ടയിലെ നീല ഞരമ്പുകളെ കൊതിയോടെ നോക്കാൻ ഇടവരുത്താത്തതിൽ ദൈവത്തോട് നന്ദി പറഞ്ഞു ഞാൻ.
വയ്യാത്ത രണ്ടാൺമക്കളെ ചേർത്തുപിടിച്ച് ഇടംവലം തിരിയാതെ ജീവിക്കുന്ന രാധാമണിച്ചേച്ചിയെയും ഇടക്കിടെ ഓർമവരുന്നു. എന്തിനാണ് കാറ്റും വെളിച്ചവും കടക്കാത്ത ജീവിതം കൊടുത്ത്, ചിലരെയിങ്ങനെ കരയിക്കുന്നത്?
പിന്നൊരു കാര്യം പറയട്ടെ, കിടക്കയിലായ ഇതുപോലൊരു മകളെയും അവളുടെ അച്ഛനെയും ഞാനെഴുതി പകുതിയാക്കി വെച്ചിരിക്കുകയായിരുന്നു. ഇനിയത് പൂർത്തിയാക്കാൻ തീരുമാനിച്ചു.
മനുഷ്യർ പലതട്ടിലാണ്; ഭാഷകൊണ്ട്, ഭക്ഷണംകൊണ്ട്, ഇടംകൊണ്ട്, കാശുകൊണ്ട്, മനംകൊണ്ട്. മലയാളത്തിൽ പല ഭാഷകളുള്ളതിൽ കാണി സമുദായ ഗോത്രഭാഷയെ ഏതേലും മൂലയിൽ കുടിവെക്കാം. അഗസ്ത്യവനത്തിന്റെ ‘ഭൂതകാല വർത്തമാന സാന്നിധ്യം’ എന്ന് ഏത് കൊക്കരയുടെ ബലമായി മീട്ടിയ ഈണത്തിലും വിവർത്തനം ചെയ്യാം.
ചരിത്ര നോവലുകളിലെ കാട്ടുജീവികളായ സാധു മനുഷ്യരുടെ സാന്നിധ്യം അമ്പും വില്ലും പിടിച്ച, വള്ളികളിൽ തൂങ്ങിയാടുന്ന, വിക്ഷോഭജനകമായ സംഭവപരമ്പരയിലൊക്കെ ഇടപെടുന്നവർ എന്നനിലയിലാണ് നാം അനുഭവിച്ചിട്ടുള്ളതെങ്കിൽ അപൂർവമായി ഗോത്രഭാഷയെത്തന്നെ വിഷയമാക്കുന്ന കഥകളിൽ അവ വ്യത്യസ്തമായ ‘പാഠവസ്തു’വായി മാറുകയാണ് ചെയ്യുന്നത്.
മാധ്യമം പുതുവർഷപ്പതിപ്പിൽ ജേക്കബ് ഏബ്രഹാം എഴുതിയ ‘കൊക്കര’ എന്ന കഥ വ്യത്യസ്തമാണ്. സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥനായി ഗോത്രഭാഷകളെക്കുറിച്ചുള്ള ക്യാമ്പും സെമിനാറും നടത്താൻ ഗവേഷകയോടൊപ്പം പോകുമ്പോൾ അഗസ്ത്യമുടികൂടി ഒരു ലക്ഷ്യമായിരുന്നു. കഥയിൽ കണ്ടത് പലതും കണ്ടെഴുത്തിനെയും എഴുത്തുകാരനെയും കഥാപാത്രമാക്കുന്നു എന്നുള്ളതുമാണ്. ആദിവാസികളുടെ സംഗീത ഉപകരണം, ഗാനങ്ങൾ, ഗീതകങ്ങൾ ഇവ വസ്തുനിഷ്ഠവും നിർവികാരവുമായ യാഥാർഥ്യമായി കഥയിൽമാത്രം നിലനിൽക്കുന്നില്ലെന്ന് അറിയുന്നവരാണ് എല്ലാവരും.
എന്നാൽ, ഫണ്ട് വിനിയോഗവും അക്കാദമികമായ ചിട്ടവട്ടങ്ങളും ആദിവാസി വേഷങ്ങളെ കാഴ്ചക്ക് ഇരുത്തലുമൊക്കെ അനിഷേധ്യമായ നീതിനിഷേധ സമീപനരീതിയോട് കലഹിക്കാൻ കീഴാളരുടെ ബോധമനസ്സ് മടിക്കുകയും ചെയ്യുന്നു. ഗോത്രചരിത്രത്തിന്റെ വസ്തുനിഷ്ഠതക്കുള്ളിൽ വന്നിട്ടുള്ള വിള്ളലുകൾ അവരുടെ തനതുകലകളും ഭാവനകളും പാരമ്പര്യ വൈദ്യവുംകൊണ്ടാണ് പൂരിപ്പിക്കുന്നത് എന്നറിയാവുന്ന എഴുത്തുകാരൻ കാണിയോട് ചേർന്നുനിൽക്കുന്ന താദാത്മ്യമാണ് കഥയുടെ നീണ്ടചരിത്രത്തിനിടയിൽ പ്രത്യക്ഷപ്പെടുന്ന വർത്തമാനകാലവും അവിടെ പെരുമാറുന്ന ആളുകൾ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളും പുലർത്തുന്നത്. ഭാഷയുടെയും വിശ്വാസങ്ങളുടെയും ബലത്തിൽ മലകൾക്ക് കീഴെ ജീവിക്കുന്നവർ.
അവർ അടിത്തട്ട് വാസികൾ അവരുടെ ചിത്രം പുരാവസ്തു. മദ്യ സൽക്കാരമുറിയിൽപോലും ഗാന്ധിജിയും ഗോത്രജനതയും ഇടംപിടിക്കും. ‘കൊക്കര’ എന്നത് ഒരു ജീവനസംഗീതം പുറപ്പെടുവിക്കുന്ന ഉപകരണം. മനുഷ്യനെതന്നെ ഉപകരണമാക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയിൽ കറുപ്പു ജീവിതങ്ങൾ കാലഹരണപ്പെടും. അവ വീണ്ടും തെളിയുന്നു. ഇരുട്ടിൽ ‘കൊക്കര’യിൽനിന്ന് ഉയരുന്നത് വിലാപ സ്വരമാണ്. മുളന്തണ്ടിന്റെ വേണുഗാനങ്ങൾക്കിടയിൽ അപശ്രുതിയുണർത്തുന്ന ഒരു കാറ്റായി അത് ഏതോ ഒരു നല്ല ഇടയനെ പ്രതീക്ഷിക്കും: കുമ്പസാരിക്കും... ഉയിർക്കുമെന്ന പ്രത്യാശ പുലർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.