ഏകദേശം 10 വര്‍ഷം മുമ്പ് ചില സുപ്രധാന കേസുകളില്‍ അലഹബാദ് ഹൈകോടതി പ്രഖ്യാപിച്ച വിചിത്രങ്ങളായ വിധിന്യായങ്ങളെക്കുറിച്ച് ‘Something is rotten in Allahabad High Court’ (അലഹബാദ് ഹൈകോടതിയിൽ എന്തോ ചീഞ്ഞുനാറുന്നു) എന്ന് പുച്ഛത്തോടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടത് വാർത്തയായപ്പോള്‍ ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസിലേക്ക് അയച്ച കത്ത് പ്രാധാന്യത്തോടെ അവർ പ്രസിദ്ധീകരിച്ചപ്പോൾ വലിയ സന്തോഷം തോന്നി. അത് അലഹബാദ് ഹൈകോടതിയിലെ എല്ലാ ന്യായാധിപന്മാരെയും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും അവരിലെ ‘ബ്ലാക്ക് ഷീപ്പു’കളെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണെന്നും ചില ‘വെളുത്ത ആടു’കളും അവർക്കിടയിൽ ഉണ്ടെന്നും അതിൽ എഴുതിയിരുന്നു.
എന്തായാലും ‘രാജാവ് നഗ്ന’നാണെന്ന് പറയാന്‍ സുപ്രീംകോടതി കാണിച്ച ആര്‍ജവത്തെ മുക്തകണ്ഠം അതിൽ ശ്ലാഘിച്ചിരുന്നു. മാധ്യമം ആഴ്ചപ്പതിപ്പിൽ ‘ബില്‍ക്കീസ് ബാനു’ എന്ന ‘തുടക്കം’ വായിച്ചപ്പോള്‍ (ലക്കം: 1351) ഈ സംഭവം ഓർമവന്നു. അതായത് പ്രതികള്കളെപ്പോലും ആശ്ചര്യപ്പെടുത്തിയ ഒരു വിധിയായിരുന്നു കേസിൽപെട്ട എല്ലാവരെയും നിരുപാധികം വിട്ടയച്ചത്. പക്ഷേ, പരാതിക്കാരിയായ ബില്‍ക്കീസ് ബാനു വിട്ടുകൊടുത്തില്ല. അവരുടെ റിവ്യൂ പെറ്റീഷന് സ്വീകരിച്ച സുപ്രീംകോടതിയുടെ ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ച് ഹൈകോടതി വിധി റദ്ദാക്കുകയും വെറുതെ വിട്ട പ്രതികളെ തിരിച്ചുകൊണ്ടുവന്ന് ജയിലിൽ അടക്കാൻ ഉത്തരവിടുകയുംചെയ്തു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു വിധിയായി ഇത് ജുഡീഷ്യറിയുടെ ചരിത്രത്തിൽ എന്നെന്നും തെളിഞ്ഞുകിടക്കും. വിധിയറിഞ്ഞപ്പോൾ രാജാവ് നഗ്നനാണെന്ന് പറയാന്‍ ധൈര്യം കാണിക്കുന്ന ചിലരെങ്കിലും ഉണ്ടല്ലോ എന്നോർത്ത് നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നവർ ആശ്വാസംകൊണ്ടു കാണും.
ബില്‍ക്കീസ് ബാനുവിനെപ്പോലെ നിര്‍ഭയരും ആർജവമുള്ളവരുമായ സ്ത്രീകള്‍ രാജ്യത്തിന്റെ അഭിമാനവും അന്തസ്സും വാനോളം ഉയര്‍ത്തുന്നതു കാണുമ്പോള്‍ നിഷ്പക്ഷമതികളുടെ അധരങ്ങള്‍ വിടരുന്നു. ലോകത്തിനുതന്നെ അനുകരിക്കാന്‍ പറ്റിയ ഒരു ജുഡീഷ്യറിയാണ് ഇന്ത്യയുടേതെന്ന് ഈ ഒരൊറ്റ വിധി വിളിച്ചുപറയുന്നു. കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷം വലിച്ചെടുപ്പിക്കുന്ന ഒരു നാട്ടുവൈദ്യമുണ്ടെന്ന് കേട്ടിട്ടുണ്ട്. ആ വിദ്യ പ്രയോഗിച്ച സുപ്രീംകോടതിക്ക് എന്റെ ‘ത്രീ ചീയേഴ്സ്!’
ഡോ. ഗീവർഗീസ് കൂറിലോസുമായി യു. ഷൈജു നടത്തിയത് (ലക്കം: 1351) അടുത്തകാലത്ത് കണ്ട മികച്ച സംഭാഷണങ്ങളിൽ ഒന്നാണ്. കാര്യങ്ങൾ സുവ്യക്തമായി തന്നെ കൂറിലോസ് വിശദമാക്കുന്നു. അഭിപ്രായങ്ങൾ തുറന്നുപറയുന്നു. ആ സംഭാഷണത്തിൽ സി.പി.എമ്മിനെപ്പറ്റി പരാമർശിക്കുേമ്പാൾ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയിൽ ദലിത് സമുദായാംഗങ്ങൾ ആരുമിെല്ലന്ന് അദ്ദേഹം പറയുന്നു. അത് തെറ്റാണ്.
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ വെച്ച് പശ്ചിമ ബംഗാളിൽനിന്നുള്ള രാംചന്ദ്ര ദോമെയെ അവർ ഉൾപ്പെടുത്തിയിരുന്നു. സി.പി.എമ്മിൽ അത് മതിയായ പ്രാതിനിധ്യമാണോ എന്നത് അഭിപ്രായ വ്യത്യാസമാകാം. പേക്ഷ, കൂറിലോസ് പറയുന്നതിൽ വസ്തുതാപരമായ തെറ്റുണ്ട്.
ചില നോവലുകൾ, ചില കഥകൾ, അനുഭവങ്ങൾ -കണ്ടാലും പിന്നെയെന്നോ സമയമായില്ല എന്നോ ചൊല്ലി മാറിനിൽക്കും. ആ പിന്നെ, -സമയം അടുക്കുമ്പോൾ നമ്മിലേക്ക് പടർന്നുകയറും ആസകലം.
അമൽ ഇഖ്ബാൽ എന്ന സെറിബ്രൽ പാൾസി ബാധിതനായ കുട്ടി സുനിത ദേവദാസുമായുള്ള അഭിമുഖത്തിൽ ഉമ്മ, ചവച്ചരച്ചു തരുന്ന ഭക്ഷണമാണ് ഞങ്ങൾ കഴിക്കുന്നത് എന്നും ഞങ്ങളുടെ അമ്മമാർ ഭൂമിയിലെ സവിശേഷ വിഭാഗമാണ് എന്നും പറയുന്നുണ്ട്. ഇതിനുമുമ്പ് സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ വായിച്ച കാലത്ത് ഭിന്നശേഷി വിഭാഗം കുട്ടികളെ വളർത്തുന്ന അംബയെപ്പോലെയുള്ള അമ്മമാരെക്കുറിച്ച് ഓർത്തിട്ടുണ്ട്. പിന്നെ ‘പേരൻപ്’ കണ്ടപ്പോഴും. ഇങ്ങനെയുള്ള കുട്ടികളുടെ അമ്മമാർ/പിതാക്കന്മാർ അസാധാരണ ജീവിതം ജീവിക്കുന്ന സ്പെഷൽ അമ്മമാരാണെന്ന് ഈ വികൽപവും നമ്മോട് പറയുന്നു. ചില കഥകളുണ്ട്. അവ നമ്മെ രസിപ്പിക്കും. ചിലത് രമിപ്പിക്കും. മറ്റുചിലവ ത്രസിപ്പിക്കും. എന്നാൽ, അപൂർവം ചില കഥകൾ വേട്ടയാടിക്കൊണ്ടിരിക്കും, അനുഭവതീക്ഷ്ണതകൊണ്ട്.
ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘നിർവികൽപം’ എന്ന പേരിലുള്ള കഥ (ലക്കം: 1351) ഈ വിഭാഗത്തിലാണ് ഉൾപ്പെടുക. എന്നെ ഇപ്പോഴും അത് വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.
വികൽപമെന്നാൽ സമബലങ്ങളും അന്യോന്യ വിരോധത്താൽ ഒന്നിച്ചുവരാൻ പാടില്ലാത്തതായ രണ്ടെണ്ണത്തിൽ വെച്ച് ഒന്നു വരുന്നത് വികൽപാലങ്കാരം. ‘വികൽപം’ എന്ന് കഥക്ക് പേരു നൽകിയത് കൃത്യമായ സൂചകമായി തന്നെയാണ് എന്ന് കഥാന്ത്യം വെളിപ്പെടും. മൈൻഡ് ട്രെയ്നറും ബിസിനസ് എക്സിക്യൂട്ടിവുമായ അനിലിനും അഡ്വക്കറ്റ് ആഷക്കും വൈകിപ്പിറന്ന കുഞ്ഞാണ് അനന്തപത്മനാഭൻ. അവനു 13 വയസ്സായപ്പോൾ മുതൽ ശാരീരികമായി ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് കഥയുടെ പ്രധാന തന്തു. വയസ്സാകുന്തോറും അനന്തപത്മനാഭൻ എന്ന ഓട്ടിസം ബാധിച്ച കുട്ടിയിലെ ശാരീരിക വളർച്ച ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ അമ്മജീവിതത്തെ മാറ്റിമറിക്കുന്നു.
പുരുഷനായ മകനിലെ, രാജവെമ്പാല തന്റെ നേരേ ‘വിഷപ്പല്ലുകൾ വിറപ്പിച്ച് കുതറു’മ്പോൾ ആഷ, കാമത്തെ അമ്മയുടെ വാത്സല്യാതിരേകക്രീഡാ കൗതുകത്തോടെ നേരിട്ടടക്കുന്ന അനുഭവംപോലൊരു അനുഭവം നാം മുമ്പനുഭവിച്ചിട്ടില്ല. ഒരമ്മക്ക് ഭൂമിയിൽ വെച്ച് ഏറ്റവും പീഡാകരമായ അനുഭവം എന്തായിരിക്കുമെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ട്. മക്കളാൽ ഉപേക്ഷിക്കപ്പെടുന്നതോ മക്കളാൽ കൊല്ലപ്പെടും എന്നതോ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുന്നതോ ഭർത്താവും കുടുംബവും ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുന്നതോ?
അതൊക്കെ ഭൂമിയിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്നതും അതി പരിചയത്താൽ ആ അമ്മ സാധ്യതയായി കാണുന്നതുമാണ്. അതെല്ലാം സഹനീയമെന്നേ അമ്മ വിചാരിക്കൂ. എന്നാൽ സഹനീയമല്ലാത്ത ഒന്നേയുള്ളൂ. അതാണ് ‘വികൽപ’ത്തിലെ പ്രമേയം.
മകന്റെ ലൈംഗികപൂർത്തീകരണത്തിന് ഇരയാകൽ. അറിയാതെ ജനനിയെ പരിണയിച്ച യവനതരുണന്റെ കഥപോലെ അല്ലയിത്. എന്നാൽ, അറിഞ്ഞുമല്ല. ഈ വൈപരീത്യമാണ് ഈ കഥയുടെ മർമവും രസനീയതയും. ഓർക്കുംതോറും രസനീയത വർധിക്കുന്ന കാവ്യഗുണമല്ല, ഓർക്കുംതോറും ശരീരമാകെ ഞെട്ടിവിറകൊള്ളുന്ന ഒന്നായിരിക്കുമത്.
കുഞ്ഞിന്റെ ജനനം മുതൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളാണ് അനന്തന്റെ കാമപൂർത്തീകരണ സന്ദർഭത്തിൽ ആ അമ്മയുടെ മനസ്സ് നിരൂപിക്കുന്നത്. എത്ര നിർഭാഗ്യകരമായ ജന്മം! നരജീവിതമാം വേദനക്ക് അർഭകർ കാരണമാകുന്ന അപൂർവ ജന്മങ്ങൾ. അവസാനത്തെ നാല് ഖണ്ഡികയിൽ അനന്തന്റെ ശാരീരിക വളർച്ച സൂചിപ്പിച്ചു തുടങ്ങുന്ന വിവരണത്തിന്റെ വേഗം വർധിക്കുന്നതും അത് ഒരു വേട്ടമൃഗത്തിന്റെ ക്രൗര്യത്തോടെ ആഷക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതും കഥാകൃത്ത് അനുഷ്ഠാനം നിർവഹിക്കുന്നപോലെ അല്ലെങ്കിൽ ഒരാഭിചാരക്രിയയുടെ താളവേഗ പ്രക്രിയകൾ വിവരിക്കുന്ന ഭാഷാഘടനയിലാണ് ആവിഷ്കരിച്ചിട്ടുള്ളത്. ആ ക്രിയ നാം ഇതുവരെ മലയാള കഥയിൽ പരിചയിച്ചിട്ടില്ലാത്ത രീതിയിലാണ്, അനന്തന്റെ കാമപൂർത്തീകരണ സന്ദർഭത്തിൽ ആ അമ്മയുടെ മനസ്സ് നിരൂപിക്കുന്നത്.
ഭാഷയും ഭാവവും ഇടതൂർന്നങ്ങനെ പ്രവഹിക്കുകയാണ്. സാഗരം തന്നിൽ തിരമാലകളെന്നപോലെ. ചെറു വാക്യങ്ങളും ചൂർണികകളുമായി പറഞ്ഞുവന്ന കഥ നെടുങ്കൻ വാക്യങ്ങളായും ചെറുവാക്യങ്ങളായും ചാഞ്ഞും ചരിഞ്ഞും കുറുകിയും മുറുകിയും കുട്ടിയിലെ പുരുഷാവേഗത്തെ പ്രതിഫലിപ്പിക്കുന്ന താളത്തിലാണ് പുരോഗമിക്കുന്നത്. കഥാകാരന്റെ കൈയടക്കവും ഭാഷയെ ദൃശ്യാനുഭവമാക്കിയെടുക്കാനുള്ള ചാതുരിയും പ്രശംസനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.