ആരൊക്കെ വിയോജിച്ചാലും നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഡോ. ഗീവർഗീസ് കൂറിലോസിന്റെ വാക്കുകൾ (ലക്കം:1351) നല്ല ഇരുത്തം വന്നതും കാലം കാതോർക്കേണ്ടതുമെന്ന് നിസ്സംശയം പറയാം. അദ്ദേഹം കടന്നുവന്ന ജീവിതവഴികളിൽ സഭ, നിലപാടുകൾ, രാഷ്ട്രീയം തുടങ്ങിയവയെല്ലാം ചർച്ചചെയ്യുമ്പോൾ ഒരു പക്ഷവും പിടിക്കാതെ എത്രയോ നിഷ്പക്ഷതയുള്ള വിലയിരുത്തലുകൾ എന്ന് ആർക്കും ബോധ്യപ്പെടും.
പൗരോഹിത്യ കാലത്തെ പ്രവർത്തനത്തെ കുറിച്ച് സംസാരിക്കുമ്പോൾ പെരുന്നാൾ ചടങ്ങുകളും വിവാഹ ശുശ്രൂഷകളുമൊക്കെ യാന്ത്രികമായതും അതിരുവിടുന്നതുമെല്ലാം മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നു വിരമിക്കുന്നതിന് കാരണമായെന്ന് ഒരു മടിയും കൂടാതെ തുറന്നുപറയുന്നു. സഭയുടെ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയും കോഴയുമെല്ലാം തിരുത്തപ്പെടണമെന്ന നിലപാട് പറയാനും ഒരു വൈമനസ്യവും കാണിക്കുന്നില്ല.
തിരുമേനി വിളിയിൽ അധികാരവും ശ്രേണിബദ്ധതയും ജാതിമേൽക്കോയ്മയുമെല്ലാം നിലനിൽക്കുന്നതുകൊണ്ട് വിദേശരാജ്യങ്ങളിൽ ബിഷപ്പുമാരെ സ്വന്തം പേരിൽ വിളിക്കുന്നതുപോലെ തന്റെ ആദ്യ പേരായ ജോർജ് വിളിയാണ് അഭികാമ്യമെന്നും വേണമെങ്കിൽ ചേട്ടാ, ബ്രോ എന്നു വിളിച്ചാലും തെറ്റില്ലെന്നും പറയുന്നിടത്ത് മറ്റുള്ള തിരുമേനിമാരിൽനിന്ന് വ്യത്യസ്തനായി ഏറെ വിനയാന്വിതനായാണ് കാണാൻ കഴിയുന്നത്. നമ്പൂതിരിയെ മനുഷ്യനാക്കിയ നവോത്ഥാന കേരളത്തിൽ ഇന്ന് മനുഷ്യൻ നമ്പൂതിരിയാകാനുള്ള തിരക്കിലാണ് എന്നുപറയുന്നിടത്താണ് വർത്തമാനകാല കേരളത്തിലെ യാഥാസ്ഥിതിക മുഖം ശരിക്കും തുറന്നുകാണിക്കുന്നത്.
കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും അപചയത്തെ കുറിച്ചു പറയുമ്പോൾ ഇത്ര കൃത്യമായി ഇനി ആർക്കു പറയാൻ കഴിയും എന്നേ ചിന്തിക്കാനുള്ളൂ. ഗാന്ധിജിയും മാർക്സും രണ്ടു കൂട്ടർക്കും സമയാസമയങ്ങളിൽ ഉയർത്തിപ്പിടിക്കാനുള്ള ബിംബങ്ങൾ മാത്രമായി എന്നാണ് ഇവർ യഥാക്രമം ഗാന്ധിജിയെയും മാർക്സിനെയും കൈവിട്ടു എന്ന് നിരീക്ഷിക്കുമ്പോൾ പറയാതെ പറഞ്ഞുവെക്കുന്നത്. ആദർശപരമായി തന്നെ ഇടതുപക്ഷക്കാരൻ എന്നു വിളിക്കുന്നതിൽ തെറ്റില്ല എന്നു പറയുമ്പോഴും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ഇടതുപക്ഷം എന്ന വാക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല എന്നു പറയുന്നിടത്താണ് ഇടതുപക്ഷത്തിന്റെ ഇന്നത്തെ ‘ജനിതകമാറ്റം’ ദൃശ്യമാകുന്നത്.
ഏതൊരു രാഷ്ട്രീയ പാർട്ടിയും തെരഞ്ഞെടുപ്പു വരുമ്പോൾ മതത്തെയും മത നേതാക്കളെയും കൂട്ടുപിടിക്കുന്നത് എത്രയോ നാളായി നമ്മൾ കണ്ടുവരുന്നു, പ്രത്യേകിച്ചും നവോത്ഥാനം കെട്ടിപ്പൊക്കിയെന്ന് നാം ഉദ്ഘോഷിക്കുന്ന കൊച്ചു കേരളത്തിൽ. ഏതെങ്കിലുമൊരു മതത്തെ ചാരിയല്ലാതെ പാർട്ടിയോ ഏതെങ്കിലുമൊരു പാർട്ടിയോട് ചായ്വ് കാണിക്കാത്ത മതമോ കേരളത്തിൽ ഇല്ല എന്നത് പകൽപോലെ സ്പഷ്ടം. എങ്കിലും, ജനാധിപത്യത്തിൽ ആത്യന്തികമായി ഓരോ വോട്ടും ഓരോ വോട്ടറുടെ മാത്രമാണ്. അതുകൊണ്ടുതന്നെ ഭൂരിപക്ഷം വോട്ടർമാരെയും സ്വാധീനിക്കാൻ ഒരു മത നേതാവിനും കഴിയില്ല. ഇത് വളരെ സുവ്യക്തമായി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
ഇസ് ലാമോഫോബിയ ഒരു ‘ഇസം’ തന്നെയായി വളർന്നുവരുന്നുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യത്തിൽ ഒരു ക്രൈസ്തവ മതമേലധ്യക്ഷനിൽനിന്നുണ്ടായ വിലയിരുത്തൽ ഏറെ ശ്ലാഘനീയമാണ്. ഇസ് ലാമോഫോബിയ ഒരു സാമ്രാജ്യത്വ പ്രത്യയശാസ്ത്രമാണെന്ന് നാളിതുവരെ ഏതെങ്കിലുമൊരു ക്രൈസ്തവ പുരോഹിതൻ പറഞ്ഞതായിട്ട് അറിവില്ല. കാരണം, അമേരിക്കയുടെയും ഇസ്രായേലിന്റെയും തോളിൽ കൈയിട്ടു നടക്കുന്നവർക്ക് അങ്ങനെ പറയാനാവില്ല.
ക്രിസ്ത്യൻ സയണിസം ശക്തിപ്രാപിച്ചു വരുമ്പോൾ ഇക്കൂട്ടർക്ക് വേദപുസ്തകത്തെ മനസ്സിലാക്കാനുള്ള കാഴ്ചക്കുറവും കേൾവിക്കുറവും സാരമായിട്ടുണ്ടെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത അർഥശങ്കക്കിടയില്ലാതെ പറയുന്നു. ഭീകരതയിൽ പടുത്തുയർത്തിയ ലോകത്തിലെ ആദ്യത്തെ ഭീകരരാഷ്ട്രമായ ഇസ്രായേലിൽ ഉള്ളതിനേക്കാൾ ജൂത ജനസംഖ്യ കൂടിയ രാഷ്ട്രമാണ് അമേരിക്ക. അപ്പോൾ പിന്നെ അമേരിക്ക ഫലസ്തീൻ വിഷയത്തിൽ നീതിയുടെ പക്ഷം പിടിക്കില്ലെന്നുള്ളത് പകൽപോലെ വ്യക്തമാണ്.
പുതുതായി രൂപംകൊണ്ട ‘ഇൻഡ്യ’ മുന്നണിയിൽ പൂർണമായ വിശ്വാസം ഇല്ലെങ്കിലും മുന്നണി എങ്ങനെ മുന്നോട്ടുപോകണമെന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നുണ്ട്, പ്രത്യേകിച്ചും ജനാധിപത്യവും മതേതരത്വവും നിലനിൽപിനുവേണ്ടി പോരാടുന്ന വർത്തമാനകാല സാഹചര്യത്തിൽ. ഇങ്ങനെ അനുഭവങ്ങൾ പങ്കുവെച്ച, അല്ലെങ്കിൽ സംസാരിച്ച ഓരോ വിഷയത്തെക്കുറിച്ചും വളരെ കൃത്യമായും നിഷ്പക്ഷമായും പറയുമ്പോൾ അവയെല്ലാം ഇരുത്തംവന്ന വിലയിരുത്തലുകളായി അനുഭവപ്പെടുന്നു.
അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ദിവസംതന്നെ ‘ഹിന്ദുത്വ റിപ്പബ്ലിക്കിലെ സംഘ് ക്ഷേത്രങ്ങള്‍’ എന്ന തുടക്കത്തോടെയും വിഷയം കൂലങ്കഷമായി പഠിച്ചെഴുതിയ ആറു ലേഖനങ്ങളോടെയും പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പിന്‍റെ 1352ാം ലക്കം ആശ്ചര്യപ്പെടുത്തി. അതിനോടൊപ്പം മന്ത്രോച്ചാരണങ്ങളില്‍ മുങ്ങി മുഖഛായ മാറിയ പുതിയ അയോധ്യയുടെ ചിത്രങ്ങളും വാര്‍ത്തകളുമായി ദിനപത്രവും മുറ്റത്തു വന്നുവീണു. എന്തൊരത്ഭുതം –മതനിരപേക്ഷതയുടെ ശുഭ്രവസ്ത്രമണിഞ്ഞ ഇന്ത്യയുടെ മനസ്സ് മാറുകയാണോ? – എന്നിൽ സംശയമുണർന്നു. രാജ്യത്തെ പ്രശസ്ത ക്ഷേത്രങ്ങളിലെല്ലാം പോയി പൂജനടത്തിയ പ്രധാനമന്ത്രി അയോധ്യയിലെ പ്രാണപ്രതിഷ്ഠ കർമങ്ങളിൽ പ്രധാന പൂജാരികളിൽ ഒരാളാകുന്നു!
1949ൽ ബാബരി മസ്ജിദിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതിനെയും, 1992ൽ മസ്ജിദ് തകർത്തതിനെയും നിശിതമായി വിമർശിച്ച കോടതി ഇതിനെല്ലാം പരിഹാരമായി പുതിയ മസ്ജിദിനു അഞ്ചേക്കർ ഭൂമി നൽകാൻ ഉത്തരവിട്ടു. ബാബരി മസ്ജിദ് നിന്ന സ്ഥലത്താണ് ശ്രീരാമൻ ജനിച്ചതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിനു ഊന്നൽ നൽകി കോടതി പ്രസ്താവിച്ച വിധി നടപ്പാക്കിക്കൊണ്ടാണ് രാമക്ഷേത്രം നിർമിച്ചിരിക്കുന്നത്.
2019 നവംബര്‍ ഒമ്പതിനാണ് അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നത്. വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രക്ഷോഭമായിരുന്നു അതിന് തുടക്കം കുറിച്ചതെങ്കിലും അതിന്‍റെ രാഷ്ട്രീയ സാധ്യതകള്‍ മുതലെടുത്ത് പദ്ധതി മുന്നോട്ടു കൊണ്ടുപോയത് ബി.ജെ.പി ആയിരുന്നു. അതിപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്ന വേളയില്‍ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖമുദ്ര തകരുമോ എന്നാരെങ്കിലും സംശയിച്ചാല്‍ അതിനവരെ കുറ്റപ്പെടുത്താനാവുമോ? ഉദാഹരണത്തിന് ഗുജറാത്തും മണിപ്പൂരുമാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
അവിടങ്ങളിൽ നടന്നത് എവിടെയും നടക്കാമെന്നവർ ഭയപ്പെടുന്നു. സർവജാതിമതസ്ഥരെയും ഒരേ ചരടിൽ കോർത്തുകൊണ്ടുള്ള രാമരാജ്യ ദര്‍ശനമെന്ന ആശയമായിരുന്നു മഹാത്മാ ഗാന്ധിയുടേതെങ്കിൽ അതിൽനിന്നൊക്കെ വ്യത്യസ്തമായ ഒരു അവസ്ഥയാണ് ഇപ്പോഴത്തേത്. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തമെല്ലാം വിസ്മരിക്കപ്പെട്ടു കഴിഞ്ഞു. ഇനി വരുന്നത് മതത്തിൽ കുതിർക്കപ്പെട്ട രാഷ്ട്രീയമാണ്. ആസന്നമായ തെരഞ്ഞെടുപ്പില്‍ പുതിയ അയോധ്യ ബി.ജെ.പിക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. കത്തിനിൽക്കുന്ന ഇത്തരമൊരു വിഷയത്തെക്കുറിച്ച് പ്രത്യേക പതിപ്പിറക്കിയ മാധ്യമം ആഴ്ചപ്പതിപ്പ് അഭിനന്ദനമര്‍ഹിക്കുന്നു.
മാധ്യമം ആഴ്ചപ്പതിപ്പ് 1351ാം ലക്കം വ്യത്യസ്തത പുലർത്തി. ഗീവർഗീസ് കൂറിലോസിന്റെ തുറന്നുപറച്ചിലുകൾ നമുക്ക് കൂടുതൽ ബോധ്യങ്ങൾ നൽകുന്നു. മത-സാംസ്കാരിക പൗരോഹിത്യ രംഗത്തെ ജാതീയത തിരിച്ചറിയേണ്ട കാര്യങ്ങൾ തന്നെയാകുന്നു. ബ്രസീലിയൻ നോവലിനെക്കുറിച്ച വൈക്കം മുരളിയുടെ പഠനം പുതിയ അറിവ് പകരുന്നു. ഒപ്പം, വിദേശ നോവലുകളോട് ആഭിമുഖ്യം ഉണ്ടാക്കുന്നു. സുജിത സി.വി എഴുതിയ കഥ വായനക്കാർക്ക് പുതിയ വാതായനങ്ങൾ തുറന്നുതരുന്നുണ്ട്. യാസീൻ അശ്റഫിന്റെ ‘മീഡിയ സ്കാൻ’ ശ്രേദ്ധയംതന്നെ. അഭിനന്ദനങ്ങൾ.
കഥാകൃത്ത് ടി. പത്മനാഭന്റെ ‘നളിനകാന്തി’ എന്ന കഥ വെള്ളിത്തിരയിൽ കണ്ട അനുഭവവിവരണം വായിച്ചു. കഥാകൃത്തായ സുസ്മേഷ് ചന്ത്രോത്ത് സ്ക്രിപ്റ്റെഴുതി സംവിധാനംചെയ്തതാണ് ഈ ചലച്ചിത്രം. കഥാകൃത്തായ വി.എച്ച്. നിഷാദിന്റെ സിനിമ കണ്ട അനുഭവവിവരണം വായിച്ചപ്പോൾ ആ സിനിമയൊന്ന് കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടായി. അടുത്ത് എവിടെയെങ്കിലും വരുകയാണെങ്കിൽ കൊണ്ടുപോയി കാണിക്കാമെന്ന് മകൾ പ്രിയ എ.എസ് ഏറ്റിട്ടുണ്ട്. ടി. പത്മനാഭൻ എന്ന കഥാകൃത്തിന് കൊടുക്കാവുന്ന പരമോന്നത ബഹുമതിയാണിതെന്നും സിനിമയിൽ പത്മനാഭന്റെ രചനകളുടെ പിന്നാമ്പുറ ജീവിതവും കാവ്യഭംഗിയോടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതെന്നും ലേഖകൻ എഴുതുന്നു.
ടി. പത്മനാഭന്റെ കഥകൾ വായിക്കുക ഏറെ സന്തോഷകരമായ അനുഭവമാണ്. പത്മനാഭന്റെ ഒരുദിവസത്തെ ദിനചര്യകൾ കഥക്കൊപ്പം ചേർത്തിരിക്കുന്നതും സന്തോഷകരമായ അനുഭവമാണെന്നതിൽ സംശയമില്ല. പത്മനാഭന്റെ സന്തതസഹചാരികളായ രാമചന്ദ്രനും പത്മാവതിയുമാണ് കഥക്ക് സ്വാനുഭവങ്ങളിലൂടെ ജീവൻ കൊടുക്കുന്നത്. ആദ്യകാലം മുതലുള്ള ഓർമകളെ ചേർത്തുവെക്കുകയാണ് കഥയുടെ കുലപതി ഈ ചിത്രത്തിൽ. ‘പ്രകാശം പരത്തുന്ന പെൺകുട്ടി’, ‘കടൽ’, ‘മഖൻസിങ്ങിന്റെ മരണം’, ‘പൂച്ചക്കുട്ടികളുടെ വീട്’, ‘നളിനകാന്തി’ തുടങ്ങിയ പത്മനാഭൻ കഥകളുടെ ഹ്രസ്വാവിഷ്കരണങ്ങളും ഇടയിൽ വരുന്നുണ്ട്.
പത്മനാഭൻ ഈ തൊണ്ണൂറ്റിമൂന്നാം വയസ്സിലും എഴുത്തിൽ സജീവമാണ്. ജീവിതത്തിലും ദിനചര്യയിലും എഴുത്തിലും അദ്ദേഹം പുലർത്തുന്ന അച്ചടക്കമാണ് ഈ സിനിമയിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചതെന്ന് സുസ്മേഷ് ചന്ത്രോത്ത് പറയുന്നു. ‘പ്രകാശം പരത്തുന്ന പെൺകുട്ടി’യിലെ പെൺകുട്ടി ടി. പത്മനാഭന്റെ ഹോംനഴ്സും മകളുമായി മാറിയ പത്മാവതിയാണെന്ന് സുസ്മേഷ് ചന്ത്രോത്ത് പറയാതെ പറയുന്നുണ്ടെന്നും ആ ഭാഗം കുറെക്കൂടി മിഴിവുറ്റ ടെയിൽ എൻഡാക്കി മാറ്റാമായിരുന്നു എന്നു തോന്നിയെന്നും ലേഖകൻ പറയുന്നു.
കഥകൾ മാത്രമെഴുതി മലയാള സാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ടി. പത്മനാഭന്റെ അനേകം കഥകൾ സിനിമയായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും ചലച്ചിത്രരൂപത്തിലെത്തുന്നത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ മുതൽ സംസ്ഥാന സർക്കാറിന്റെ പരമോന്നത ബഹുമതി അവാർഡുകളായ കേരളജ്യോതിയും എഴുത്തച്ഛൻ പുരസ്കാരവും വരെ നേടിയ കഥാകൃത്തിന്റെ എഴുത്തുജീവിതവും സ്വകാര്യജീവിതവും സാഹിത്യ സംഭാവനകളും ‘നളിനകാന്തി’യിലൂടെ പ്രേക്ഷകരിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മൂന്നു വർഷത്തെ പ്രയത്നത്തിന്റെ ഫലമായാണ് സുസ്മേഷ് ചന്ത്രോത്ത് ഈ ചിത്രം പൂർത്തിയാക്കിയത് എന്നു പറയുമ്പോൾതന്നെ ചിത്രനിർമാണത്തിന് വേണ്ടി അദ്ദേഹം സഹിച്ച ആത്മാർഥതയും ക്ലേശങ്ങളും മനസ്സിലാക്കാവുന്നതേയുള്ളൂ. ടി. പത്മനാഭനും കൂടി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത.
കവിതയിൽനിന്ന് വല്ലാത്തൊരു പരിഭ്രമം ഉള്ളിൽ നിറച്ച് മനസ്സിന്റെ കോണിൽ എന്നോ ഒളിപ്പിച്ചുവെച്ച കഥയുടെ ബീജം പിറവിയുടെ ഉത്സവമായി മിഴിതുറന്നിരിക്കുന്നു. പ്രിയ കവി സുജിത സി.പി വർഷത്തിൽ ഒന്നോ രണ്ടോ കവിതകൾ എഴുതുന്ന എഴുത്തുകാരിയാണ്. അത്രമേൽ പാകപ്പെടുത്തിയെടുത്ത് വായനയിലേക്ക് തരുന്ന നിറവ് സുജിതയുടെ എഴുത്തിലുണ്ടാകും. പ്രകൃതിയും പൂക്കളും ശലഭങ്ങളും പൂത്തുമ്പികളും ഭൂമിയിലെ അവകാശികൾ എല്ലാവരും അതീവ സന്തോഷത്തോടെ വിലസുന്നത് കാണാം. ഏതൊരു വാക്കും കവി നിർമിച്ചെടുക്കുന്നത് അതിസൂക്ഷ്മതയോടെ തന്നെയാണ്.
ദീർഘമായ കാത്തിരിപ്പിന്റെ തുടക്കവും ഒടുക്കവും പിന്നീടുള്ള ഒരുക്കവുമാണ് ഒാരോ രചനയും. കവി കഥയെഴുതുമ്പോൾ എന്താകുമെന്ന ചോദ്യം സ്വയമേവ ചൊല്ലി ഭയം നിറച്ചുവെച്ച മനസ്സുമായി നിൽക്കുമ്പോൾ മഹാമൗനത്തിന്റെ പുറന്തോട് പൊട്ടിച്ച് രണ്ടും തന്നിൽ ഭദ്രമാണെന്നുള്ള തീർച്ചപ്പെടുത്തൽ എഴുത്തിന്റെ നിറവാണ്.
ഏതൊരു എഴുത്തും വായന കഴിഞ്ഞാൽ ഉള്ളിൽ തട്ടി നിൽക്കുന്നുണ്ടെങ്കിൽ മാത്രമേ അതൊരു നല്ല രചനയാകൂ. ഇങ്ങനെ ഓർക്കപ്പെടേണ്ട അവസ്ഥയിൽ ഒരു രചന നമ്മുടെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടെങ്കിൽ അവിടെയാണ് എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ വിജയം എന്നത്.
മലയാള സാഹിത്യത്തിൽ നല്ല എഴുത്തുകൾ വളരെ വിരളമാണ്. ചില പേരുകളുടെ അടിത്തറയിലൂന്നി വാഴ്ത്തലുകൾ അരങ്ങ് തകർക്കുന്ന കാലം രൂപംകൊള്ളുമ്പോൾ ഒന്നിന്റെയും പിറകെ പോകാത്തവർ മൗനസഞ്ചാരികളായി മാറുന്നു.
അവർ ഇവിടെയൊക്കെയുണ്ടെന്നുള്ളത് കാലത്തിന്റെ അടയാളവാക്യവും സന്തോഷവും തന്നെയാണ്. സുജിത സി.പിയുടെ ‘ഭൂപാളം’ എന്ന ആദ്യ കഥക്ക് (ലക്കം: 1351) അഭിവാദ്യം നേരുമ്പോൾ കവി കാലത്തിന്റെ കഥയാകുന്നു എന്നത് തെളിവാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.