വ്യത്യസ്തമായ ആവശ്യം ഉന്നയിച്ചുകൊണ്ടാണീ എഴുത്ത്. ‘എഴുത്തുകുത്ത്’ പേജിൽ പതിവായി കാണുന്ന ഒരു പേരാണ് സണ്ണി ജോസഫ് മാള. മാധ്യമത്തിൽ മാത്രമല്ല മലയാളത്തിലെ പല വാരികകളിലും മാസികകളിലും അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ കാണാം. ആരാണീ വായനക്കാരനായ എഴുത്തുകാരൻ. മലയാള വായനക്കാർക്ക് സുപരിചിതനായ ഇദ്ദേഹം പേരുകൊണ്ട് മാത്രം അറിയപ്പെടുന്ന വ്യക്തിയാണ്. മുഖം കാണാറില്ല. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിൽ തിരഞ്ഞെങ്കിലും കണ്ടില്ല. ആഴ്ചപ്പതിപ്പ് ലക്കം 1356ൽ അദ്ദേഹത്തിന്റെ കത്തിലെ അവസാനഭാഗത്ത് ഞാനെന്റെ രോഗക്കിടക്കയിലെ വിരസമായ ദിവസങ്ങൾ തള്ളിനീക്കട്ടെ എന്നുകണ്ടു. അതോടെയാണ് അദ്ദേഹത്തെക്കുറിച്ച് അറിയണം എന്ന താൽപര്യം മൂർച്ഛിച്ചത്. കഥകൾ, കവിതകൾ, ലേഖനങ്ങൾ ഒക്കെ വായിച്ച് കൃത്യമായ നിരീക്ഷണം കുറിക്കുന്ന ആ വായനക്കാരനെക്കുറിച്ച് മാധ്യമത്തിന് എഴുതാമോ?
ഒരുകാലത്ത് മലയാള സിനിമ ടൈറ്റിലുകളിൽ പി.ആർ.ഒ വാഴൂർ ജോസ് എന്നെഴുതി കാണിക്കുമായിരുന്നെങ്കിലും ആ സുപരിചിതനായ മനുഷ്യൻ അധികം മലയാളികൾക്കും അപരിചിതനായിതന്നെ തുടരുന്നുണ്ടായിരുന്നു.
(കെ.പി.എസ് വിദ്യാനഗർ)
‘ഒത്തുപിടിച്ചൊരു ഫലസ്തീൻ രാജ്യം’ വില്യം ഡാൽറിംപിൾ / വി.എം. ഇബ്രാഹീം സംഭാഷണമാണ് (ലക്കം: 1356) കുറിപ്പിന് പ്രേരകം. ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണത്തെയും നെതന്യാഹുവിന്റെ കൂട്ടക്കൊലയെയും സമീകരിക്കാനുള്ള ശ്രമങ്ങൾ അഭിമുഖത്തിലൂടെ ഒളിച്ചുകടത്താൻ വില്യം ഡാൽറിംപിൾ നടത്തുന്നുണ്ട്. ഒന്നിലധികം സ്ഥലങ്ങളിൽ അദ്ദേഹം ഇസ്രായേൽ കൂട്ടക്കൊലയെയും ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തെയും സമീകരിക്കുന്നുണ്ട്. ഒരു ജനതയുടെ നിവർത്തികേടിന്റെ അവസാനത്തെ ചെറുത്തുനിൽപായിരുന്നു ഒക്ടോബർ ഏഴ്.
ഗസ്സയുടെ അതിർത്തികളും കടലും ആകാശവും ഉപരോധിച്ച് നിഷ്കരുണം കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുന്നതിന്റെയും അദ്ദേഹംതന്നെ അഭിമുഖത്തിൽ അവസാനം പറഞ്ഞ ഫലസ്തീനെക്കുറിച്ചുള്ള അറബ് രാജ്യങ്ങളുടെ മറവിയും ഇസ്രായേലുമായുള്ള തുറന്നബന്ധത്തിന് തയാറായതുമായ ഘട്ടത്തിലാണ് ഒക്ടോബർ ഏഴിന് ഹമാസ് നിർബന്ധിതമാവുന്നത്. ഇല്ലായെങ്കിൽ ഒരുപക്ഷേ ഹമാസ് ചരിത്രത്തിൽനിന്നുതന്നെ മാഞ്ഞുപോകുമായിരുന്നു.
ഇസ്രായേലിനെ യുദ്ധത്തിൽ തോൽപിക്കാനുള്ള കരുത്ത് ഫലസ്തീൻ ജനതക്കില്ലെന്ന് വില്യം ഡാൽറിംപിൾ പറയുന്നത് ഒരർഥത്തിൽ ശരിയാണ്, അതേസമയം ഇസ്രായേലിന് വൻ രാഷ്ട്രങ്ങളുടെ അകൈതവമായ പിന്തുണയില്ലെങ്കിൽ ഹമാസിന്റെ മുന്നിൽ ഒരുമാസംപോലും പിടിച്ചുനിൽക്കാനുള്ള ശേഷിതന്നെ ഉണ്ടാവുമോ എന്നതും വിശകലനംചെയ്യപ്പെടേണ്ടതുണ്ട്.
ഓസ്ലോ കരാർ അംഗീകരിച്ച യാസർ അറഫാത്തിനും പി.എൽ.ഒക്കും ഫലസ്തീൻ വിഷയത്തിൽ ഇനി എന്ത് എന്ന ചോദ്യത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ഹമാസിന്റെ സ്വീകാര്യത അംഗീകരിക്കാൻ വില്യം ഡാൽറിംപിളിനും കഴിയുന്നില്ല എന്നുതന്നെയാണ് ഈ അഭിമുഖം പറയാതെ പറയുന്നത്.
(കെ. മുസ്തഫ കമാൽ, മുന്നിയൂർ)
ഗ്യാൻവാപി മറ്റൊരു ബാബരിയാകുമോ? എന്ന തലക്കെട്ടിൽ ആഴ്ചപ്പതിപ്പിലെ എഴുത്തുകുത്തിൽ (ലക്കം: 1355) ഹബീബ് റഹ്മാൻ കൊടുവള്ളി എഴുതിയ കാര്യങ്ങൾ ഗൗരവമായി കാണേണ്ടതാണ്. 2014 മുതൽ ബി.ജെ.പി ഭരണഘടനാമൂല്യങ്ങളെ വെല്ലുവിളിക്കുകയാണ്. ഹിന്ദുത്വ ഭീകരർ 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തത് ഇന്ത്യാ ചരിത്രത്തിലെ വലിയ ദുരന്തമായിരുന്നു. അഞ്ച് ഹിന്ദു സ്ത്രീകൾ ഗ്യാൻവാപി മുസ്‍ലിം പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന വാദം കോടതി അംഗീകരിച്ചു.
താമസിയാതെ ഗ്യാൻവാപി പള്ളിയുടെ ഒരുഭാഗത്ത് ഹൈന്ദവർ ആരാധനയും തുടങ്ങി. അവിടെ ഹിന്ദു-മുസ്‍ലിം പ്രശ്നങ്ങളുമായി. ആർ.എസ്.എസ് തത്ത്വം അനുസരിച്ച് ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഇതുപോലുള്ള കാര്യങ്ങൾക്ക് ഹിന്ദുത്വർക്ക് അനുകൂലമായ നിലപാടെടുക്കുന്നു. പിന്നെ മഥുരയിലെയും മുസ്‍ലിം പള്ളികൾ പണ്ട് ഹിന്ദു ക്ഷേത്രങ്ങളായിരുന്നു എന്ന അവകാശം ഹിന്ദുത്വർ ഉന്നയിച്ചുതുടങ്ങി. ഹിന്ദുത്വർക്ക് അനുകൂലമായുള്ള വിധിയേ കോടതിയിൽനിന്ന് പ്രതീക്ഷിക്കാൻ കഴിയൂ. ഞാൻ ഈ കത്ത് എഴുതുന്നതിന് രണ്ടുദിവസം മുമ്പ് ആലപ്പുഴ-മണ്ണംചേരിയിലെ കൊല്ലപ്പെട്ട അഡ്വ. ഷാനിന്റെ വീട്ടിൽ പോയിരുന്നു. പിതാവും മറ്റുമായി സംസാരിച്ചു.
അഡ്വ. ഷാൻ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ ഒരിക്കലും അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെടുമായിരുന്നില്ല എന്ന് വളരെ ദുഃഖത്തോടെ പറഞ്ഞു. ഇവിടെ ഹിന്ദു ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയതയെക്കാൾ അപകടകരം. പി.ഡി.പി, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‍ലാമി പോലുള്ള പാർട്ടികൾ സവർണ ഹിന്ദു ഭരണത്തിൻ കീഴിൽ മുസ്‍ലിം സമുദായ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ്.
പണ്ട് നെഹ്റുവിനെപ്പോലുള്ള ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യയിലുണ്ടായിരുന്നത് എങ്കിൽ ബാബരി മസ്ജിദ് ഒരിക്കലും പൊളിക്കാൻ കഴിയുമായിരുന്നില്ല ആർ.എസ്.എസിന്. ആ വിഗ്രഹം എടുത്ത് സരയൂ നദിയിലെറിയൂ എന്നാണ് യുക്തിവാദിയായ ജവഹർലാൽ നെഹ്റു പറഞ്ഞത്. നെഹ്റുവിന്റെ മുന്നിൽ മുട്ടുമടക്കി ഹിന്ദുത്വർ മാളത്തിൽ ഒളിച്ചു. 2000 അമ്പലങ്ങൾ പൊളിച്ച് മുസ്‍ലിം പള്ളികൾ പണ്ട് മുഗൾ ഭരണകാലത്ത് ഉണ്ടാക്കി എന്നാണ് ഹിന്ദുത്വർ (ആർ.എസ്.എസ്, വി.എച്ച്.പി) പറയുന്നത്. അപ്പോൾ ഇന്ന് എല്ലാം പിടിച്ചെടുത്ത് പഴയപോലെ ഹിന്ദുക്ഷേത്രമാക്കണം എന്നാണ് ആർ.എസ്.എസ്, വി.എച്ച്.പി അവകാശവാദം. ആയിരം വർഷം മുമ്പ് ബുദ്ധമതത്തിലെ പ്രഭാവകാലത്ത് ഇന്ത്യയിൽ ശ്രീശങ്കരാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രാഹ്മണർ 8000ത്തിൽപരം ബുദ്ധമത ക്ഷേത്രങ്ങൾ തകർത്തു.
പലതും ഹിന്ദു ക്ഷേത്രങ്ങളാക്കി. അനേകം ബുദ്ധഭിക്ഷുക്കൾ, ബുദ്ധമതക്കാരെയും കൊന്നുതള്ളി. ഈ അതിക്രൂരത സവർണ ചരിത്രകാരന്മാർ മറച്ചുവെക്കുന്നു. സവർണ ചരിത്രകാരന്മാരാണ് 75 ശതമാനം എന്നതിനാൽ ഇവർ പറയുന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. ഇപ്പോൾ ധിറുതിപിടിച്ച് രാമക്ഷേത്രം ഉദ്ഘാടനംചെയ്തത് വീണ്ടും അധികാരം കൈയാളാനാണ്. 12 ശതമാനം സവർണ ഹിന്ദു ആധിപത്യമുള്ള ആർ.എസ്.എസിന്റെ തത്ത്വം അനുഷ്ഠിച്ചാണ് ബി.ജെ.പി ഭരിക്കുന്നത്. അതിനാൽ ഇന്ത്യയിെല 88 ശതമാനം പിന്നാക്ക അവശ ജനങ്ങൾ ഒറ്റക്കെട്ടായി സവർണ ബി.ജെ.പി ഭരണം താഴെ ഇറക്കുക. മതേതര ജനാധിപത്യ സ്വഭാവമുള്ള സർക്കാറിനെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുക.
(ആർ. ദിലീപ്- ശ്രീവിഹാർ ഭവനം,മുതുകുളം)
മലയാള ചലച്ചിത്രഗാന ചരിത്രവും സംഗീതയാത്രകളും തുടർച്ചയായി വായിക്കാറുണ്ട്. ചലച്ചിത്രങ്ങളുടെയും ഗാനങ്ങളുടെയും ചരിത്രം ഇൗ പംക്തിയിൽനിന്ന് ലഭിക്കുന്നു. അതുതന്നെയാണ് ശ്രീകുമാരൻ തമ്പിയുടെ ഉദ്ദേശ്യവും. മലയാള സിനിമകളെയും ഗാനങ്ങളെയും കുറിച്ചുള്ള ആധികാരികമായ ഒരു ചരിത്രപുസ്തകംതന്നെയായി ഇത് മാറുമെന്നുള്ളതിനും സംശയമില്ല. അത്ര സൂക്ഷ്മവും ശ്രദ്ധേയവും രസകരവുമായി എഴുതാൻ കഴിവുള്ള സിനിമാ ചരിത്രകാരൻതന്നെയാണ് ശ്രീകുമാരൻ തമ്പി.
സിനിമയിൽ അദ്ദേഹം തിളങ്ങാത്ത മേഖലകളില്ല. അങ്ങനെയൊരാൾ വേറെയില്ലതാനും. മലയാള സിനിമയുടെ ഒരു സുവർണകാലമാണ് കഴിഞ്ഞ നൂറ്റാണ്ട് എന്നുതന്നെ പറയാം. 20ാം നൂറ്റാണ്ടിന്റെ പകുതി മുതലാണല്ലോ മലയാള സിനിമ അറിയപ്പെടാനും അഭിവൃദ്ധിപ്പെടാനും തുടങ്ങിയത്. സിനിമയുമായി ബന്ധപ്പെട്ടവരുടെ പേരുകൾ പറഞ്ഞാൽ തീരുകയില്ല. അങ്ങനെയൊരു കാലം ഇനി വരുമെന്നും തോന്നുന്നില്ല. ഈ കാലഘട്ടത്തിൽ ജനിക്കാനും ജീവിക്കാനും കഴിഞ്ഞത് മഹാഭാഗ്യം തന്നെയാണ് എന്ന് കരുതുന്നു.
പാട്ടുകളുടെ ഒരു മഹാസാഗരംതന്നെയാണ് കടന്നുപോയത്. അതെല്ലാം ഒറ്റയടിക്ക് ഓർത്തിരിക്കാനും വിഷമമാണ്. ശ്രീകുമാരൻ തമ്പിയെപ്പോലുള്ള അനുഗൃഹീതരായ ഗാനരചയിതാക്കൾക്കും സിനിമ പ്രേമികൾക്കും മാത്രമേ അത് സാധ്യമാവുകയുള്ളൂ എന്നും തീർച്ചയാണ്. നമ്മൾ കേൾക്കാത്ത പ്രസിദ്ധമായ പാട്ടുകൾ വിരളമാണ്. അതെല്ലാം ഓർത്തിരിക്കാനും ആസ്വദിക്കാനും കഴിയുന്നവരും ചുരുക്കമാണ്. പാട്ടിനോട് അത്രയേറെ താൽപര്യമുള്ള സംഗീതപ്രിയർ മാത്രമേ എല്ലാ പാട്ടുകളും ശ്രദ്ധിക്കുകയുള്ളൂ; ഓർക്കുകയുള്ളൂ
രവി മേനോൻ, വി.ആർ. സുധീഷ് എന്നിവരെയും അതുപോലെയുള്ള ഗാനാസ്വാദകപ്രിയരായ ചിലരെയുമാണ് ഞാൻ ഈ സന്ദർഭത്തിൽ ഓർമിക്കുന്നത്. ഞാനും പാട്ടുകൾ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും എല്ലാ പാട്ടുകളും ഓർമയിൽ പെട്ടെന്ന് എത്തുകയില്ല. പാട്ട് കേൾക്കുമ്പോഴാണ് ആ പാട്ടിന്റെ സാഹിത്യഭംഗിയും ആലാപനഭംഗിയുമെല്ലാം എത്ര മഹത്തരമാണെന്ന് മനസ്സിലാകുന്നത്. എല്ലാ സിനിമകളും കാണാൻ എല്ലാവർക്കും ഭാഗ്യം സിദ്ധിച്ചു എന്നുവരില്ല. പക്ഷേ, പാട്ട് ആസ്വദിക്കാൻ സിനിമ കാണണമെന്ന് നിർബന്ധമില്ലേല്ലാ. കാണുന്നെങ്കിൽ അത്രയും നല്ലത് എന്നേയുള്ളൂ.
പി. ഭാസ്കരൻ സ്വന്തം ഗാനത്തിന് പാരഡി എഴുതിയ അനുഗൃഹീത കവിയാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ‘‘പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു...’’ എന്ന പ്രശസ്ത ഗാനത്തിനാണ് കവി തന്നെ പാരഡി എഴുതിയത്. ഇതൊരു ഹാസ്യഗാനമാണ്. പി. ഭാസ്കരൻ നർമബോധമുള്ള കവിയാണ്. ‘മായ’ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായി എന്ന് ശ്രീകുമാരൻ തമ്പി എഴുതി. ‘‘സന്ധ്യക്കെന്തിന് സിന്ദൂരം’’ എന്ന് തുടങ്ങുന്ന പി. ജയചന്ദ്രൻ പാടിയ പ്രശസ്ത ഗാനം ഹിറ്റുകളിലൊന്നാണ്. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ദക്ഷിണാമൂർത്തി സ്വാമിയാണെന്നും തമ്പി സാർ എഴുതി. ഈ പാട്ട് വളരെ പോപുലറായി എന്നും പറയാം. ആ പാട്ട് മൂളാത്തവർ കാണുകയില്ല (ലക്കം: 1355).
(സദാശിവൻ നായർ, എരമല്ലൂർ)
ഇ. സന്തോഷ് കുമാറിന്റെ ഗണനീയമായ മറ്റൊരു നോവലിന്റെ തിരശ്ശീല ഉയർന്നിരിക്കുന്നു. ‘തപോമയിയുടെ അച്ഛൻ’ ഒന്നാം അധ്യായം അതിമനോഹരം. സന്തോഷിനോളം പ്രതീക്ഷയുണർത്തുന്ന മറ്റൊരെഴുത്തുകാരനും തൽക്കാലം മലയാള സാഹിത്യത്തിലില്ല. രേഖാചിത്രങ്ങൾക്ക് വളരെ പ്രാധാന്യമുള്ളതാണെന്ന് ആദ്യലക്കം വായിച്ചപ്പോൾ തോന്നി. സലിം റഹ്മാൻ അവസരത്തിനൊത്ത് ഉയർന്നിരിക്കുന്നു. സന്തോഷുമായി പി. രശ്മിയുടെ വിശദമായ അഭിമുഖവുമുണ്ട്. അതു വായിക്കാനിരിക്കുന്നു. നോവലിന്റെ അടുത്ത ലക്കങ്ങൾക്കായി കാത്തിരിക്കുന്നു.
(അഷ്ടമൂർത്തി,ഫേസ്ബുക്ക്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.