കനത്തുവരുന്ന ഒരു തോരാമഴയായ്, അതിന്റെ എല്ലാ ആരവങ്ങളോടും കൂടിത്തന്നെ തുടങ്ങിക്കഴിഞ്ഞു ‘തപോമയിയുടെ അച്ഛൻ’ ഒരു ആശംസാ കാർഡിന്റെ നനുത്ത കൗതുകമായി ആരംഭിച്ചെങ്കിലും പതിയെ ഒരു ഇരുണ്ട കൂമ്പാരമേഘമായി ചക്രവാളക്കോണിൽനിന്നും അതുയർന്നുവരുകയാണ്.
ആകാശത്തിന്റെ കാണാദിക്കുകളിലെ ഇരുണ്ട ഗുഹകളിൽനിന്നും തുടങ്ങിയ നേർത്ത ചിലമ്പലുകൾ മുഴക്കമുള്ള പ്രകമ്പനങ്ങളായി മാറുന്നത് നമ്മളറിയുന്നു. ഗോപാൽ ബറുവയുടെ ശരീരത്തിൽ അങ്ങിങ്ങായി വീഴുന്ന മഴത്തുള്ളികളും തുറന്നുവെച്ച മിഴികളിൽ തെളിയുന്ന അശാന്തമായ മഴയും കനത്തുവരുകയാണ്. ബറുവയോടൊപ്പം ഈറനായി നിൽക്കുകയാണ് വായനക്കാരും. ഇ. സന്തോഷ് കുമാറിന്റെ ശക്തമായ എഴുത്തുതൂലികയോട് ഇഴുകിച്ചേരുന്നു സലീം റഹ്മാന്റെ ചിത്രത്തൂലിക. വരാൻപോകുന്ന അധ്യായങ്ങളെ ഈ സമന്വയം ധന്യമാക്കട്ടെ.
(ചന്ദ്രൻ കെ കൈതാളത്ത്, എരമംഗലം)
‘മറഡോണ’ എന്ന കഥയിലൂടെ മലയാള കഥാസരിത് സാഗരത്തില്‍ ഒരു സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് കഥാകൃത്തായ രണ്‍ജു (ലക്കം: 1357). കാല്‍പ്പന്തിന്റെ ചടുലതയും നാടന്‍ പ്രണയത്തിന്റെ ചുനയും ചുണയും എരിവുമുള്ള ഈ കഥ ഒരു വിദ്യുത്ശലാകയായി ഉയര്‍ന്നുവന്ന് രഥ്യയും മിഥ്യയും കൂടിക്കലര്‍ന്ന് അനിതരസാധാരണമായ ഒരു വായനാനുഭവമായി മാറിയിരിക്കുന്നു.
ചുമടെടുക്കുന്ന കരിബാലനും മകള്‍ ഷൈലജയും ഫുട്ബാളിനെ ഉപാസിക്കുന്നവരും, മറഡോണ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നവരുമാണ്. മാറത്ത് കട്ടിയുള്ള തുണി അമര്ത്തിക്കെട്ടിവെച്ച് ആണ്‍വേഷത്തില്‍ കളിക്കളത്തില്‍ ഇറങ്ങിയാണ് അവള് മറഡോണയായത്. കരിബാലന്റെ ഉയര്‍ച്ചയില്‍ അസൂയമൂത്ത എതിര് ടീമുകാർ ക്വട്ടേഷന്‍ ടീമിനെയിറക്കി കാൽമുട്ടുകൾ തല്ലിയൊടിച്ചതോടെ അയാൾ കിടപ്പിലായി. മറ്റൊരു തൊഴിലും കിട്ടാതെ വന്നപ്പോൾ ലൈംഗികത്തൊഴിലെടുത്ത് ഭാര്യ പാറു അയാളെ ചികിത്സിച്ചു. പഠിക്കാന്‍ മിടുക്കിയായ മകൾ ഷൈലജ ഉയര്‍ന്ന മാര്‍ക്കോടെ എം.കോം പാസായെങ്കിലും ജോലി ലഭിച്ചില്ല.
അതിനിടയില്‍ കറുത്തുനീണ്ട കണ്പീലികളും നെഞ്ചിലാകെ മൈലാഞ്ചിക്കാടും വളര്ന്നുനില്ക്കുന്ന എബി എന്ന മൊഞ്ചന്‍ പനിനീർ തെളിച്ചുകൊണ്ട് അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ‘‘റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിയുടെ രുചിയാണ് നിനക്കെന്ന്’’ അവള് പലവട്ടം അവന്റെ കാതില്‍ പറഞ്ഞു. അവളുടെ അച്ഛന്റെ മുട്ടുതല്ലിത്തകര്ക്കാന് തന്റെ അപ്പനാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് എബി അവളോടു കുമ്പസാരിച്ചതോടെ കുറച്ചു നാളത്തേക്ക് അവരുടെ പ്രണയത്തിന് വിളര്‍ച്ച ബാധിച്ചെങ്കിലും വൈകാതെ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നു. എങ്കിലും എബിയെ വിവാഹംചെയ്യാന്‍ അവള് ഒരുക്കമായിരുന്നില്ല.
അങ്ങനെ ജ്വലിക്കുന്ന പ്രണയാഗ്നിയിലും കാൽപന്താട്ടത്തിന്റെ ലഹരിയിലും നുരഞ്ഞുപൊന്തുന്നൊരു കഥയാണ് മറഡോണ. അതില്‍ കിനാവുണ്ട്, കാര്യമുണ്ട്, ആവേശമുണ്ട്, അഗ്നിയുണ്ട്, വിരോധാഭാസമുണ്ട്, വിരുതുണ്ട്, വൈരുധ്യമുണ്ട്, വീഴ്ചയുണ്ട്, വിജയാരവങ്ങളുണ്ട്, വിഷാദവും, പ്രവചനങ്ങളുമുണ്ട്, പ്രകോപനങ്ങളുണ്ട്, ആനന്ദാശ്രുക്കളുമുണ്ട്. അങ്ങനെ പ്രണയത്തെ തോൽപിക്കുന്ന ഒരു കാൽപന്താട്ട കഥ. ‘മറഡോണ’ നീളാല്‍ വാഴുന്ന കഥ. നല്ലൊരു കഥ.
(സണ്ണി ജോസഫ്, മാള)
ഉദാത്തമായ ശൈലിയിലൂടെ കവിതകൾ പൂവിടുകയും അതിന്റെ സൗന്ദര്യത്തെ മനസ്സിലേക്ക് പറിച്ച് നടുക മാത്രമല്ല അഭൗമതയുടെ സുതാര്യമായ തലത്തെ അനുവാചകരിൽ സന്നിവേശിപ്പിച്ച് വൈവിധ്യങ്ങളായ ബന്ധ സാദൃശ്യങ്ങൾ ആവിഷ്കാരത്തിൽ കൊണ്ടുവരുമ്പോൾ വായനയിൽ അത് ഉണ്ടാക്കിയെടുക്കുന്ന ചലനങ്ങളാണ് നല്ല കവിതയുടെ ഗർഭഗൃഹമായി മാറുന്നത്. ക്രിയാത്മകമായൊരു മാനുഷിക ബന്ധം സ്ഥാപിച്ചെടുക്കുന്നതിൽ മലയാള കവിത ഏറെ മുന്നോട്ടു പോകുന്നുണ്ട്.
കവിത ഒരു പങ്കുവെക്കൽ കൂടിയാണ്. സ്നേഹത്തെ തലോടിക്കൊണ്ട്, വിയോജിപ്പുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അങ്ങനെയങ്ങനെ പോകുന്ന അനുഭവങ്ങളെ ആവിഷ്കാരത്തിൽ കൊണ്ടുവന്ന് വാക്കുകളെ കലയോട് അടുപ്പിച്ച് നിർത്തുന്ന മികവായി മാറുന്നു കവിത.
ആഴ്ചപ്പതിപ്പിൽ പൗർണമി വിനോദ് എഴുതിയ ‘കവിതയിലൊരാൾ പക്ഷികളെ പറത്തുന്നത്’ കവിത (ലക്കം: 1354) ഇഷ്ടപ്പെട്ടു. കവി ഒാരോന്നിലും തലോടിക്കൊണ്ടുള്ള യാത്രയാണ്. ‘‘അതിരാവിലെ സൂര്യക്കുഞ്ഞുങ്ങളെ അരുമയോടെ വിളിച്ചെഴുന്നേൽപിക്കുന്നു/ കറവയ്ക്കൊരുങ്ങിയ പൂവാലി തുള്ളിച്ചാടുന്നു/ മധുരമിടാത്ത മുട്ടനൊരു കോഫിയിടുന്നു/ ചോരയൊലിപ്പിച്ച വാർത്തകളോരോന്നും മോന്തുന്നു. ഇങ്ങനെ പതിവ് പ്രഭാതസൂചനകൾ നിറച്ചുകൊണ്ട് ജീവിത യാഥാർഥ്യങ്ങളുടെ ചിത്രം വരക്കുന്നു കവി. കവിതയിൽനിന്ന് പറത്തിവിടുന്ന അക്ഷരക്കുഞ്ഞുങ്ങൾക്കൊപ്പം അവളെയും ഒപ്പം ചേർക്കുമ്പോൾ പൂർത്തിയാകാതെ കിടക്കുന്ന ചില ചോദ്യങ്ങൾ കവിത പറയുന്നു. എഴുത്തിനെ ഗൗരവമായി കാണുന്ന കവിയാണ് പൗർണമി വിനോദ്. കാത്തുകാത്തിരുന്ന് മിഴി തുറക്കുന്ന കവിതകൾ ആനുകാലികങ്ങളിലൂടെ പങ്കുവെച്ച് കവി കാലത്തിനൊപ്പം സഞ്ചരിക്കുന്നു.
(ജയപ്രകാശ് എറവ്)
മാധ്യമം ആഴ്ചപ്പതിപ്പ്, സമകാലിക മലയാളം, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നീ പ്രമുഖ വാരികകളുടെ പുതുലക്ക റിലീസുകൾക്ക് സമൂഹമാധ്യമങ്ങളിലവർ പ്രചാരണം കൊടുക്കുന്നുണ്ടോ?
മലയാള വായനക്കാരിലേക്കെത്തിക്കുന്നതിൽ ‘മാധ്യമം’ തന്നെയാണ് മുന്നിൽ. മാതൃഭൂമിക്ക് ഔദ്യോഗികമായ ഫേസ്ബുക്ക് പേജ് ഉണ്ടോ? ഉണ്ടെങ്കിൽ പ്രതിവാര സാമൂഹിക മാധ്യമപ്രചാരണം അവർക്കാവുന്നില്ല. മൂന്നിലും ജോലി ചെയ്യുന്നവർ മലയാളികൾ! തൊഴിൽപ്രതിബദ്ധത പ്രകടമാവുന്ന മാധ്യമം ആഴ്ചപ്പതിപ്പ് പുതിയ ലക്കത്തിൽ കണ്ടു. ഈ ലക്കം മുതൽ തുടങ്ങുന്ന നോവൽ എഴുതിയ ഇ. സന്തോഷ് കുമാറിെന്റ മുൻരചനകളെ ആസ്പദമാക്കി രശ്മി പി ചോദിക്കുന്ന ചോദ്യങ്ങൾക്കു നോവലിസ്റ്റ് മറുപടി പറയുന്നു. പ്രസിദ്ധീകരിക്കാൻ പോവുന്ന നോവലിസ്റ്റിന്റെ സാഹിത്യജീവിതം അടയാളപ്പെടുത്താൻ വേണ്ട തയാറെടുപ്പ്, അതിൽ മാധ്യമം കാണിക്കുന്ന താൽപര്യം... അതാണ് പ്രതിഫലത്തേക്കാൾ എഴുത്തുകാരൻ വിലമതിക്കുക!
(കെ.പി. നിർമൽ കുമാർ, ഫേസ് ബുക്ക്)
‘അധികാര ഭ്രമയുഗം’ എന്ന ശീർഷകത്തിൽ (ലക്കം: 1358) വന്ന സിനിമ നിരൂപണം വായിച്ചപ്പോൾ തോന്നിയ ചില വിചിന്തനങ്ങളാണ് ഈ കുറിപ്പിനാധാരം.
അമ്പതു വർഷക്കാലത്തെ കാഴ്ചാകുതൂഹലങ്ങൾക്കിടയിൽ കാലംതെറ്റി പിറന്നതുപോലൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമെടുക്കാൻ അണിയറക്കാർ കാണിച്ച ആർജവത്തിന് ആദ്യമേ ഒരു സല്യൂട്ട് പറയേണ്ടതുണ്ട് എന്നു തോന്നുന്നു. ഒരു അപസർപ്പക കഥയുടെ മേമ്പൊടിക്കുള്ളിൽനിന്നുെകാണ്ട് സ്നേഹരാഹിത്യത്തിന്റെയും വെറുപ്പിന്റെ വിസ്ഫോടനത്തിന്റെയും നിറംകെട്ട കാലത്തെ കറുപ്പും വെളുപ്പുംകൊണ്ട് പ്രതീകാത്മകമായി അടയാളപ്പെടുത്തി അതിശക്തമായ സാംസ്കാരിക പ്രതിരോധത്തിന്റെ പോർമുഖം തുറക്കുക എന്ന ലക്ഷ്യമായിരിക്കാം ഇത്തരമൊരു സാഹസത്തിന് അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നു കരുതാം.
ഒരേസമയം സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ തടവുകാരനും മനയുടെ അധികാരിയും സ്വേച്ഛാധിപത്യത്തിന്റെ മൂർത്ത രൂപവും പകിട കളിയുടെ അനന്തസാധ്യതകളിലൂടെ അപരരെ അടിമകളാക്കുകയും ചെയ്യുന്ന കൊടുമൺ പോറ്റി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഇരട്ടസ്വത്വം പലതരത്തിലുള്ള വിശാല വായനകൾക്കുള്ള വാതായനങ്ങളാണ് തുറന്നിട്ടുതരുന്നത്.
‘‘നമ്മുടെ ജന്മംതന്നെ ഒരു കുറ്റമല്ലേ’’ എന്ന അർജുൻ അശോകന്റെയും, ‘‘അധികാരം കൈയിലുള്ളവർക്ക് നമ്മുടെ സ്വാതന്ത്ര്യം വെച്ച് കളിക്കുന്നത് ഒരു രസമാണ്’’ എന്ന സിദ്ധാർഥ് ഭരതന്റെയും കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ വർത്തമാനകാല രാഷ്ട്രീയത്തോട് സമരസപ്പെട്ടുനിൽക്കുന്ന പൊള്ളുന്ന തീനാളങ്ങളാണെന്ന് പറയാതെ വയ്യ.
അധികാരത്തിന്റെ മുദ്രമോതിരം വിരലിലേക്ക് വരുമ്പോൾ ആധിപത്യത്തിന്റെ ദുരന്തവഴികളിൽ ദാരുണമായി ദീനവിലാപം നടത്തിയ അടിയാളൻ മറ്റൊരു ചൂഷകനാകാൻ നടന്നുനീങ്ങുന്ന കാഴ്ച മനുഷ്യൻ എന്ന ജീവിയുടെ വിചിത്രമായ ചേഷ്ടകളെ നമുക്ക് കാണിച്ചുതരുന്നുണ്ട്.
അധികാരത്തിനു വേണ്ടിയുള്ള രണ്ട് അധഃകൃതരുടെ അടിപിടിക്കിടയിൽ അധിനിവേശ ശക്തികൾ കടന്നുവരുന്നതും ഭ്രാന്തൻ എന്നുപറഞ്ഞ് ഒരാളെ വെടിവെച്ചു വീഴ്ത്തുന്നതും വലിയ ചരിത്രവായനയുടെ സാധ്യതകളാണ് നമുക്ക് മുമ്പിൽ തുറന്നുവെക്കുന്നത്. ചുരുക്കത്തിൽ വരികളിലൂടെയും വരികൾക്കിടയിലൂടെയും രണ്ട് തരത്തിൽ വായിക്കാൻ കഴിയുന്ന അഭ്രകാവ്യമാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നിറഞ്ഞാടിയ ‘ഭ്രമയുഗം’ എന്ന സിനിമ. കാലം എന്ന അരസികന്റെ വിക്രിയകൾക്ക് മുന്നിൽ പകിടകളി അറിയാതെ പകച്ചു നിന്നുപോകുന്ന സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യർക്കുള്ള ഒരുപറ്റം കലാകാരന്മാരുടെ സൃഷ്ടിപരമായ ഓർമപ്പെടുത്തൽകൂടിയാണ് ഈ സിനിമ.
(ഇസ്മായിൽ പതിയാരക്കര)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.