ഞാൻ ഇന്നോളം നമ്പൂതിരി വിവാഹം കണ്ടിട്ടില്ല. പഠിക്കുന്ന കാലത്ത് അത്തരം കുടുംബങ്ങളിലെ ചില സുഹൃത്തുക്കൾ അവരുടെ കല്യാണങ്ങളിലെ ചില ആചാരങ്ങളെ കുറിച്ച് പറയുന്നതു കേട്ട് കൗതുകപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ ഒരേ പ്രദേശത്ത് ജീവിക്കുമ്പോൾതന്നെ അവരുടെ ആഭ്യന്തരമായ ജീവിതത്തിൽ നിരവധി അകലങ്ങളുണ്ട്. ഒരേ നാട്ടുകാർ എന്നു പറയുന്നത് ഏകതാനമായ സ്വത്വാവസ്ഥയല്ല, പ്രബലരുടെ സ്വത്വങ്ങൾ മുഴച്ചുനിൽക്കാറുണ്ടെങ്കിലും. അതുകൊണ്ടാണ് ഭാഷാഭേദങ്ങൾ (ഡയലക്റ്റ്സ്) ഉണ്ടാകുമ്പോൾ പ്രാദേശികമായി മാത്രമല്ല ജാതീയമായും അത് ഉണ്ടാവുന്നത്. ഒരേ പ്രദേശത്തെ രണ്ട് സാമൂഹിക വിഭാഗങ്ങളുടെ ഭാഷയിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്.
സ്വന്തമല്ലാത്ത മറ്റൊരു സാമൂഹിക വിഭാഗത്തിന്റെ ജീവിതക്രമങ്ങളെ ഫിക്ഷനിലേക്ക് കൊണ്ടുവരുമ്പോൾ വലിയ ഗവേഷണത്തിന്റെ ആവശ്യമുണ്ടാവുന്നത് ഈ അകലംകൊണ്ടാണ്. ഗവേഷണം നടത്തിയാൽപോലും സ്വജാതിയല്ലാത്തവരോട് വിനിമയം ചെയ്യാൻ വിലക്കുള്ള പലതും പിന്നെയും ബാക്കിയാവും. (ഗൂഢഭാഷകൾ ഉദാഹരണം) കാര്യമായി ഗവേഷണംചെയ്യാൻ മെനക്കെടാതെ, കേട്ടുകേൾവികൊണ്ടുമാത്രം കഥയെഴുതുന്നവരുടെ കഥകളിൽ വലിയ പാളിച്ചകൾ ഉണ്ടാവുമെന്ന് എഴുതുന്ന ആൾക്കും കൃത്യം അറിയാം. ഈ യാഥാർഥ്യത്തെ അവർ മറികടക്കുന്നത്, ഇത് എന്നോട് ഇതേ വിഭാഗത്തിലെ ഒരാൾ പറഞ്ഞുതന്നതാണ് എന്ന് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടായിരിക്കും. ഈ പറഞ്ഞുറപ്പിക്കൽ ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’ എന്ന നോവലിന്റെ തുടക്കത്തിലുമുണ്ട്. മരുഭൂമിയിലെ ആടുമേക്കൽ ജീവിതമില്ലാത്ത ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവലിന്റെ ആദ്യത്തിലും പിന്നീട് ടെലിവിഷനിലുമൊക്കെ വന്നിരുന്ന് ഈ അനുഭവസാക്ഷ്യം ആധാരമാക്കുന്നതും അപരിചിതമായ ലോകത്തെക്കുറിച്ചുള്ള ആവിഷ്കാരത്തിലെ പാളിച്ചകളെ സംബന്ധിക്കുന്ന പേടിതന്നെയാണ്.
കാട്ടിലെ രാജാവ് സിംഹമാണെന്ന് അറിയാത്ത ജീവി ആ സിംഹംതന്നെയാണ്. സിംഹം രാജാവാണ്, പുലി മന്ത്രിയാണ്, കുറുക്കൻ ചതിയനാണ്, കാക്ക കൗശലക്കാരനാണ് തുടങ്ങിയവയെല്ലാം മനുഷ്യർ മൃഗങ്ങൾക്കുമേൽ ചൊരിയുന്ന ഏകപക്ഷീയമായ ഭാവനകളാണ്, അത് മനുഷ്യരുടെ മാത്രം ഭാവനയാണ്. മൃഗങ്ങൾക്ക് അതിൽ ഉത്തരവാദിത്തമില്ല. അപര മനുഷ്യരുടെ ലോകങ്ങളിൽ അഭിജാതർ അടിച്ചേൽപിക്കുന്ന ഭാവനകളും സമാനമാണ്. സത്യവുമായി അതിന് അതിവിദൂര ബന്ധം മാത്രമാണുണ്ടാവുക.
കേരളത്തിലെ നുളയൻ എന്ന സാമൂഹിക വിഭാഗത്തിലെ മനുഷ്യർക്ക് മത്സ്യങ്ങളെ പോലെ എത്രനേരം വേണമെങ്കിലും വെള്ളത്തിൽ മുങ്ങിക്കിടക്കാൻ കഴിയുമെന്ന് ഒരു സായിപ്പ് എഴുതിയത് ഒരു കൃതിയിൽ വായിച്ചത് ഓർക്കുന്നു. (ഗവേഷണത്തിനായി റഫർ ചെയ്തതാണ്, കൃതി ഓർക്കുന്നില്ല) സായിപ്പ് കണ്ടത് ദൂരക്കാഴ്ച മാത്രമാണ്. ഒരുപക്ഷേ തോക്കുംചൂണ്ടി നടക്കുന്ന സായിപ്പിനെ പേടിച്ച് ആ മനുഷ്യൻ പ്രാണരക്ഷാർഥം കായലിലെ ഏതെങ്കിലും പൊന്തക്കാട്ടിൽ ഒളിച്ചുകാണണം. സായിപ്പ് അതിനെ ‘ജലജീവി മനുഷ്യൻ’ എന്ന് തീസിസാക്കി എന്നതാണ് പ്രശ്നം. ഇതുവഴി നുളയരെ വല്ലവരും വെള്ളത്തിൽ മുക്കിപ്പിടിക്കാൻ വരെ സാധ്യതയുണ്ട്!
പലതരം കല്യാണങ്ങൾ മലയാള സാഹിത്യത്തിൽ നിറഞ്ഞിട്ടുണ്ട്. ഒരു ബാല്യകാല പ്രണയത്തിന്റെ പശ്ചാത്തലത്തിൽ മാർക്കക്കല്യാണത്തിന്റെ സൗന്ദര്യാത്മകമായ ലോകം വായനാനുഭവങ്ങളിലേക്ക് കൊണ്ടുവന്നത് ‘ബാല്യകാലസഖി’യിലൂടെ വൈക്കം മുഹമ്മദ് ബഷീറാണ്. സാമുദായികമായ നേരനുഭവത്തിന്റെ പിൻബലം ആ ആവിഷ്കാരത്തിലുണ്ട്. ഇക്കാര്യം കൃത്യമായി നിരൂപണം നടത്തിയത് എം.പി. പോളാണ്. മാർക്കക്കല്യാണത്തെ കുറിച്ച് ഞാൻ എഴുതേണ്ടിവന്നാൽ, എന്നോട് ‘‘നജീബ് പറഞ്ഞു’’ എന്ന് നിരന്തരം ആണയിടേണ്ടിവരുമായിരുന്നു, ഉറപ്പ്. മാധ്യമം ആഴ്ചപ്പതിപ്പിലെ അഭിമുഖത്തിൽ ജയമോഹൻ പറയുന്നു.
‘‘ ‘നൂറു സിംഹാസനങ്ങൾ’ വായിച്ചശേഷം അതിലെ നായകൻ എന്നോട് പറഞ്ഞത് എനിക്ക് ഇങ്ങനെ എന്റെ ബയോഗ്രഫി എഴുതാൻ പറ്റില്ല എന്നാണ്. എനിക്കൊരു ആത്മകഥ എഴുതണമെന്നുണ്ടായിരുന്നുവെന്നും ഇത് വായിച്ചശേഷം ഇനി ഒരിക്കലും എഴുതാൻ പാടില്ലെന്ന് തീരുമാനിച്ചതായും ഇതാണ് എഴുത്ത് എന്നും അദ്ദേഹം പറഞ്ഞു.’’ നോവലിന്റെ ആദ്യഭാഗത്ത് ചേർത്ത വാക്യവും അഭിമുഖത്തിൽ ചേർത്ത വാക്യവും ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’ കാൽപനികമായ കഥയല്ല, മറിച്ച് ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരാളുടെ കഥയാണെന്നും അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
ഇനി ഇതിലെ അനുഭവത്തിൽനിന്ന് മുപ്പതു ശതമാനംനിലനിർത്തി, എഴുപതു ശതമാനം എടുത്തുമാറ്റാൻ ജയമോഹന് പഴുതുകൾ കാണുന്നില്ല. ഇക്കാര്യം ‘ആടുജീവിതം’ സംബന്ധിച്ച് ബെന്യാമിന്റെ കാര്യത്തിലും ബാധകമാണ്. നായാടിയായ ഒരാൾ വാണ്ടറിങ് ജീവിതം മറികടന്ന് ഐ.എ.എസ് ഓഫിസറാവുന്നതും അയാളുടെ ഭൂതകാലം അമ്മയുടെ രൂപത്തിൽ വന്ന് ആക്രമിക്കുന്നതുമാണ് ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’ എന്ന നോവലിലെ പ്രമേയം. ഉദ്യോഗവും കസേരയുമെല്ലാം ദലിത് ഉദ്യോഗസ്ഥർക്ക് വലിയ ഭാരമെന്നാണ് ജയമോഹന്റെ കഥാകഥനം പറയുന്നത്. ഭൂതകാലാനുഭവങ്ങൾ ദലിത് ഉദ്യോഗസ്ഥരെ അസ്വസ്ഥപ്പെടുത്തുന്നു എന്ന റിങ്ടോൺ നോവലിൽ മുഴങ്ങുന്നുണ്ട്. ഒരു സാമൂഹിക വിഭാഗത്തെ പ്രാചീനതയിൽ നിർത്തിക്കൊണ്ട് അറപ്പ് ഉരുട്ടിച്ചേർക്കുക എന്ന ദൗത്യമാണ് നോവൽ നിർവഹിച്ചിട്ടുള്ളത്. ഈ നോവലിലേക്ക് അറപ്പുരുട്ടിച്ചേർക്കാൻ അദ്ദേഹം എഴുതിയ ചില ഭാഗങ്ങൾ ചേർക്കുന്നു.
‘‘എന്നെങ്കിലും ഈ നോവൽ സിനിമയാവുകയോ കൂടുതൽ ചർച്ചയാവുകയോ ചെയ്താൽ ഈ വൃത്തികേടുകൾ താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണോ എന്ന ചോദ്യം യഥാർഥമായുണ്ടെന്നു നോവലിസ്റ്റ് പറയുകയും ഇപ്പോൾ അദൃശ്യതയിൽ നിൽക്കുന്നതുമായ ആൾക്കുനേരെ ഉണ്ടാവുമെന്നുറപ്പ്.
‘നൂറു സിംഹാസനങ്ങളി’ൽ സ്വന്തം അമ്മയും ഭാര്യയും തമ്മിലുള്ള വഴക്കിനെ സൂചിപ്പിക്കുന്ന ഭാഗത്ത്,
‘‘സുധ അമ്മയെ കണ്ട് പേടിച്ച് അടുക്കളയിലും മുറിയിലും കയറിക്കൂടി. അമ്മ സുധയെ കണ്ടാൽ പാണ്ടൻ നായേ എന്ന് വിളിച്ചു കൂവിക്കൊണ്ട് കയ്യിലുള്ളത് എന്തായാലും അവളുടെ നേരെ വലിച്ചെറിഞ്ഞു. വസ്ത്രം പൊക്കി ഗുഹ്യാവയവത്തെ കാട്ടി ചീത്തപറഞ്ഞു. കൊഞ്ഞനംകുത്തി നൃത്തം കളിച്ചുകാട്ടി...’’
ഇങ്ങനെയൊക്കെ ഒരു ഫിക്ഷനിൽ ഒരാൾക്ക് എഴുതാൻ അവകാശമില്ലെന്ന് പറയുന്നില്ല. എന്നാൽ ഈ അനുഭവം ഒരുപക്ഷേ ഉണ്ടെങ്കിൽത്തന്നെ, സ്വകാര്യതയിൽ മാത്രം നിർത്താൻ ആളുകൾ ആഗ്രഹിക്കുന്ന കാര്യമാണിത്. ഈ അനുഭവത്തെ ലോകത്തേക്കാകമാനം വലിച്ചെറിഞ്ഞുകൊടുക്കുക എന്നത് നീതിയല്ല. ഇത് അനുഭവിച്ച വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത്തരം വെളിപ്പെടലുകൾ അയാളുടെ മനുഷ്യാന്തസ്സിനെ ഹനിക്കുമെന്നതിൽ സംശയമില്ല. വലിയ പൊസിഷനിൽ നിലനിൽക്കുന്നതോ റിട്ടയർചെയ്തതോ ആയ ഒരാളെ സംബന്ധിച്ചിടത്തോളമത് കൂടുതൽ ദുരന്തമാവും. ക്രൈമുകളിൽ ഇരയാക്കപ്പെടുന്നവർപോലും സാമൂഹിക നോട്ടങ്ങളിൽ മരണംവരെയും മരണാനന്തരംപോലും ഇരയാവുന്നു എന്ന അവസ്ഥ നോക്കിയാൽ ഇക്കാര്യം കുറച്ചുകൂടി വ്യക്തമാകും. ജയമോഹന്റെ നോവലിലെ തെരുവുജീവിയായ അമ്മയെ ഐ.എ.എസുകാരനായ മകൻ ക്രൂരമായി മർദിക്കുന്നു എന്നും എഴുതുന്നുണ്ട്.
‘‘ഞാൻ ഒന്നും ചെയ്യാനില്ലാതെ, ഒറ്റ ചിന്തപോലുമില്ലാതെ ജീപ്പിൽനിന്ന് ഇറങ്ങിനിന്നു. ഏലേക്കാപ്പ എന്ന് വിളിച്ചുകൊണ്ടു വരുന്ന അമ്മയെ കണ്ടപ്പോൾ എന്റെ ഉള്ളിൽനിന്നും എന്തോ പൊന്തിവന്നു. താഴെ കിടന്ന ഒരു ഹോസ് പൈപ്പിന്റെ തുണ്ട് ൈകയിലെടുത്ത് ഞാൻ പറഞ്ഞു. ഓടടി... ഓടടി... നായേ. ഇനി ഈ വീട്ടിൽ കാലുകുത്തരുത്, ഓട് എന്ന് പുലമ്പിക്കൊണ്ട് അമ്മയെ മാറിമാറി അടിച്ചു. അമ്മ നിലത്ത് കിടന്ന് പുളഞ്ഞു നിലവിളിച്ചു... ഞാൻ അവരെ ചവിട്ടി. എന്നെ എസ്.ഐ പിടിച്ചു തടഞ്ഞു. അമ്മ എഴുന്നേറ്റോടി, തെരുവിൽനിന്ന് ലേ കാപ്പാ നീ നാശമാ പോവേ. ചങ്കടച്ച് ചാവേ. വെള്ളപ്പന്നീ നിന്റെ രക്തം കുടിച്ച് നീ ചത്തുപോവേ എന്ന ശാപം ഇട്ടുകൊണ്ട് മാറിലും വയറ്റിലും അടിച്ചു കരഞ്ഞു.
അരയിലെ വസ്ത്രം ഊരി എന്റെ മുന്നിൽ എറിഞ്ഞിട്ട് നഗ്നയായി നിന്ന് കൊഞ്ഞണംകാട്ടി. വൃത്തികെട്ട പലതരം ആംഗ്യങ്ങൾ കാട്ടി പുലഭ്യം പറഞ്ഞു...’’ (പുറം 45, നൂറു സിംഹാസനങ്ങൾ)കിട്ടാവുന്ന അത്രയും ചളി വാരിക്കൂട്ടി സാഹിത്യമെഴുത്തെന്ന പേരിൽ ഒരു വ്യക്തിക്ക് നേരെയും അതുവഴി ഒരു സാമൂഹിക വിഭാഗത്തെയും അവഹേളിക്കുന്ന ഇതുപോലുള്ള നിരവധി അശ്ലീല സാഹിത്യ ഭാഗങ്ങൾ നോവലിൽ പല ഭാഗങ്ങളിലായിക്കാണാം. സമൂഹത്തെ അൽപംപോലും മുന്നോട്ടു നടത്താൻ വിടാതെ, പിന്നോട്ടടിക്കുന്ന ഇത്തരം എഴുത്തുകളെയും പൈങ്കിളി സാഹിത്യത്തിന്റെ ഗണത്തിൽതന്നെയാണ് പെടുത്തേണ്ടത്. സമൂഹത്തെ നിശ്ചലതയിൽ നിർത്തുകയോ പിന്നോട്ട് നടത്തുകയോ ചെയ്യുന്ന സാഹിത്യമാണ് പൈങ്കിളി സാഹിത്യം. (ബാംബൂ ബോയ്സ് പോലുള്ള സിനിമകളുടെ തിരക്കഥകളെയും പൈങ്കിളി സാഹിത്യമായി കാണാൻ കഴിയും.)
അമ്മയെ തല്ലിയോ? അമ്മയെ തല്ലിയപ്പോൾ എന്തുതോന്നി? ഭാര്യയുടെ മുന്നിൽ അമ്മ എത്രവട്ടം മൂത്രമൊഴിച്ചിട്ടുണ്ട്?ചെറുമകന് അമ്മ നോൺവെജ് എച്ചിലാണോ വെജ് എച്ചിലാണോ കൊടുത്തത്?എവിടെനിന്നാണ് അമ്മ എച്ചിൽ വാരിയത്? എപ്പോഴാണ് സ്വന്തം അമ്മ താങ്കളെ തുണി പൊക്കിക്കാട്ടിയത്? ഇത്തരം ചോദ്യങ്ങൾ ജയമോഹെന്റ രക്തവും മാംസവുമായ കഥാപാത്രവും കാത്തിരിക്കുന്നുണ്ട്, ബെന്യാമിന്റെ നജീബിനോട് എന്നപോലെ.
(ഡോ. എ.കെ. വാസു)
തമിഴ്-മലയാളം എഴുത്തുകാരൻ ജയമോഹനുമായി എം.എൻ. സുഹൈബ് നടത്തിയ അഭിമുഖം രണ്ടു ലക്കങ്ങളിൽ (I361-1362) പ്രസിദ്ധീകരിച്ചത് താൽപര്യത്തോടെ വായിച്ചു. മലയാളക്കരയിൽ ജനിച്ച ഏതു മലയാളിയോളവും മലയാള സംസ്കാരമുൾക്കൊള്ളുകയും മലയാള സാഹിത്യം വഴങ്ങുകയും ചെയ്യുന്ന ജയമോഹന്റെ എഴുത്ത് മുമ്പ് മാധ്യമം ആഴ്ചപ്പതിപ്പിൽ വന്നുകൊണ്ടിരുന്നപ്പോഴും ഓരോ ലക്കങ്ങൾക്കും വേണ്ടി കാത്തിരുന്നിട്ടുണ്ട്. പുതിയ അനുഭവതലങ്ങളിലേക്ക് വായനക്കാരെ ആനയിക്കുന്ന ജയമോഹന്റെ എഴുത്ത് വായിക്കുമ്പോൾ, നാം വായിക്കുകയല്ല, പല കാലങ്ങളിലൂടെ, സാംസ്കാരിക ഭൂമികകളിലൂടെ, ആത്മാവിന്റെ വൻകരയിൽ ഇനിയും കണ്ടെത്താനിരിക്കുന്ന അനുഭവത്തിന്റെ വേറിട്ട ജൈവ ഖണ്ഡങ്ങളിലൂടെ ആസ്വാദ്യകരമായ യാത്ര പോവുകയാണ്.
സമ്പന്നമായ പാരമ്പര്യത്തിന്റെ പിൻബലം നിഷേധിച്ചു കഴിഞ്ഞാൽ വെറുമൊരു കൺസ്യൂമറായി (‘അകം പൊത്തായോർ’ എന്ന് ആറ്റൂർ) അപ്രസക്തനായിത്തീരും എന്ന ജയമോഹന്റെ നിരീക്ഷണം ശരിതന്നെ. എന്നാൽ മാതൃരാജ്യത്തിന്റെ ഈ മഹാ പാരമ്പര്യങ്ങളിലൂടെയും കല-സാഹിത്യ-സാംസ്കാരിക പൈതൃകങ്ങളിലൂടെയും ഉരുവമാർന്നുവരുന്ന ഒരാത്മ സ്വരൂപത്തിന്, തന്റെ ചേതനയിൽ നിലീനമായ ആ ഈടുവെപ്പുകളെ നിഷേധ വാക്കുകൊണ്ട് കുടഞ്ഞുകളയാനാകുമോ? മാതൃസ്തന്യംപോലെ, തന്റെ സത്തയുടെ ഇടർച്ചകളിൽ നങ്കൂരമായും വിടർച്ചകളിൽ മാരിവില്ലഴകായും ആരുടെ അന്തഃരംഗത്തും എപ്പോഴും അതുണ്ട്.
‘‘മാർഗം കൂടിയവനിൽ
പഴയ ദൈവങ്ങൾപോലെയും
അണിഞ്ഞ കൊമ്പനിൽ
അരണ്ട കാനനംപോലെയും’’ എന്ന് ആറ്റൂർ.
പ്രത്യേകമായ ചില മത വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ വക്താവായിരിക്കുമ്പോൾ മാത്രമേ ഈ പാരമ്പര്യത്തിനും അവകാശിയാകൂ എന്ന വാദം ജയമോഹനുമില്ല. ലോകത്താകമാനമുള്ള സവിശേഷമായ കല-സാഹിത്യ-സാംസ്കാരിക പാരമ്പര്യങ്ങളെല്ലാം മാനവരാശിയുടെ പൊതു സ്വത്ത് എന്ന നിലക്ക്, വിശ്വാസിക്കും അവിശ്വാസിക്കും ഒന്നും അതിൽ അസ്പൃശ്യത കൽപിക്കേണ്ടതില്ല എന്നാണ് തോന്നിയിട്ടുള്ളത്. മൊത്തത്തിൽ പറഞ്ഞാൽ, ജയമോഹന്റെ വിചാരഗതിയെ പിൻപറ്റുമ്പോൾ ഞാൻ ആവിഷ്കരിക്കേണ്ടിയിരുന്ന എന്നെത്തന്നെ കണ്ടെത്തുന്ന ഒരു പ്രതീതി അനുഭവപ്പെടുന്നു.എം. ഗോവിന്ദന്റെ പാരമ്പര്യത്തിലേക്ക് സ്വന്തത്തെ ചേർത്തുവെക്കുന്ന, നിഷേധിയുടെ കാതൽ കരുത്താർന്ന ചിന്തയുള്ള ജയമോഹന്റെ നിരീക്ഷണങ്ങൾ വേറിട്ട ഉൾക്കാഴ്ചയുള്ളതാണ്.
(മുഹമ്മദ്കുട്ടി എളമ്പിലാക്കോട്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.