എഴുത്തുകുത്ത്

തോട്ടപ്പള്ളി ദുരന്തം കാത്തിരിക്കുന്നു

‘ചെകുത്താനും കടലിനും നടുവിൽ ഒരു നാട്’ എന്ന ദുർഗാപ്രസാദിന്റെ ലേഖനം (ലക്കം: 1361) ഏറെ കാലിക പ്രസക്തിയുള്ളതാണ്. ഇംഗ്ലണ്ടുകാരനായ ഷോബർഗ് എന്നയാൾ 1909ൽ തമിഴ്നാട്ടിലും ജർമൻകാരനായ വെഡ്തും 1910ൽ നീണ്ടകരയിലും കരിമണൽ ഖനനം നടത്തിയിരുന്നു. കേരളത്തിൽ 1956 വരെ ഖനനം നടത്തിയിരുന്നത് പെരേര കമ്പനിയാണ്. 1956ൽ പെരേര കമ്പനി സർക്കാർ ഏറ്റെടുത്തു. 1971ൽ കമ്പനിയുടെ മുഴുവൻ ഓഹരിയും സർക്കാർ ഉടമസ്ഥതയിലായി. 1972ൽ കെ.എം.എം.എൽ സ്ഥാപിച്ച് കരിമണൽ ഖനനം തുടങ്ങി.

കടലാക്രമണം തടയണം, തീരദേശവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി അവരെ പുനരധിവസിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകൾ വെക്കുകയും അതിനു യോജിച്ച നിയമങ്ങൾ 1960ലും 1988ലും സർക്കാർ പാസാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, കരിമണൽ ഖനനം നടത്തിയാൽ ആ സ്ഥലത്ത് പിന്നെ പുനർഖനനം നടത്താൻ കുറഞ്ഞതു ആറുമാസം കഴിയണം. ഖനനം നിർത്തിയ സ്ഥലം ഉടമക്ക് മണ്ണിട്ടു നികത്തി നൽകുകയും വേണം. ഇങ്ങനെ അനവധി ഉപാധികളോടെയാണ് സർക്കാർ കരിമണൽ ഖനനത്തിന് അനുമതി നൽകുന്നത്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഐ.ആർ.ഇ.എല്ലും കെ.എം.എം.എല്ലും പ്രവർത്തിക്കുന്നത്. ഒലിവ് റിഡ്‍ലി എന്ന വിഭാഗത്തിൽപെട്ട കടലാമകളുടെ പ്രജനന തീരമായ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ഇതിനകം വളരെ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്. കടൽച്ചൊറിയും കടലാമയും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്ന സംഗതി സംശയമാണ്. മത്സ്യസമ്പത്ത് കുറയാൻ പലകാര്യങ്ങളും ഇതിനകം ചർച്ചയായിട്ടുണ്ട്.

ഖനനംമൂലം തീരദേശത്തെ എഴുനൂറോളം വീടുകൾ തകർന്നു, മാത്രമല്ല 1500 വീടുകൾ കടലാക്രമണ ഭീഷണിയിലുമാണ് എന്ന ലേഖകന്റെ വിലയിരുത്തൽ അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. യു.ഡി.എഫും എൽ.ഡി.എഫുമാണ് ഈ ഖനന കാലയളവിൽ കേരളം ഭരിച്ചതെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.

രസകരമായ ഒരു കാര്യം മുമ്പ് കരിമണൽ ഖനനത്തിന് എല്ലാവിധ ഒത്താശകളും ചെയ്തവരാണ് ഇപ്പോൾ ഖനനത്തെ എതിർക്കുന്നത് എന്നുള്ളതാണ്. ലേഖനത്തിൽ പരാമർശിച്ച കൊല്ലം തീരത്തെ ആലപ്പാടു പ്രദേശത്തിന്റെ ഇന്നത്തെ അവസ്ഥ കരിമണൽ ഖനനം കാരണമാണ് എന്നതു സത്യമാണ്.

പന്മന, പൊന്മന, ചിറ്റൂർ, മെക്കോത്തു എന്നിവിടങ്ങളിൽനിന്ന് മനുഷ്യർ മാത്രമല്ല ജീവജാലങ്ങളും സസ്യങ്ങളും ഒക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ക്ഷേത്രങ്ങൾ, രണ്ട് പള്ളികൾ, മൂന്നു വിദ്യാലയങ്ങൾ, ഗ്രന്ഥശാലകൾ, 1400 വീടുകൾ എന്നിവയെ തീരത്തുനിന്നു കരിമണൽ ഖനനം തുടച്ചുനീക്കി. തോട്ടപ്പള്ളിയിലും ഇതുപോലെ സംഭവിക്കാം. ബന്ധപ്പെട്ട അധികാരികളും സമരസമിതിയും കൂടിയാലോചിച്ച് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(തങ്കപ്പൻ കുണ്ടയിൽ, അരൂക്കുറ്റി)

വൈപ്പിന്‍കാരന്‍ വായിച്ച ‘റാം കെയര്‍ ഓഫ് ആനന്ദി’

അഖില്‍ പി. ധർമജനുമായി നടത്തിയ അഭിമുഖം (ലക്കം: 1363) വായിച്ചു. അദ്ദേഹം എഴുതിയ ‘റാം കെയര്‍ ഓഫ് ആനന്ദി’ എന്ന പുസ്തകം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി കാണപ്പെടുന്നുണ്ട്. പ്രത്യേകിച്ച് യുവാക്കള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും പുസ്തകത്തെ സംബന്ധിച്ച് പലതരം റീലുകള്‍, വിഡിയോകള്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പുസ്തകത്തിന്റെ കവര്‍ പേജ് വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. അതിന്റെ കവര്‍ ഡിസൈനിങ് വലിയതോതില്‍ കൊണ്ടാടപ്പെടുന്നുണ്ട്. ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാർഥികള്‍ തങ്ങളുടെ പോസ്റ്റര്‍ ഡിസൈനായും സ്‌കൂള്‍ പ്രവേശനത്തിന്റെ പരസ്യങ്ങളായും തുടങ്ങി പലവിധ പ്രചാരണോപാധിയായി പ്രസ്തുത മാതൃക ഉപയോഗിച്ചുവരുന്നതായി കാണാം.

ഒരുപാട് കാലങ്ങള്‍ക്കുശേഷമാണ് മലയാളത്തില്‍ ഒരു പുസ്തകം ഇത്ര വലിയ ട്രെന്‍ഡിങ്ങായി മാറിയത്. ഒരു വായനക്കാരന്‍ എന്ന നിലക്ക് എന്റെ ഓർമയില്‍ മലയാളക്കരയില്‍ 2008ല്‍ പുറത്തിറങ്ങിയ, ബെന്യാമിന്‍ എഴുതിയ ‘ആടുജീവിത’ത്തിന് ശേഷം ഇത്രവലിയ പ്രചാരം ലഭിച്ച നോവല്‍ ഒരുപക്ഷേ ‘റാം കെയര്‍ ഓഫ് ആനന്ദി’ ആയിരിക്കും. അതിനിടയില്‍ മികച്ച ഒരുപാട് കൃതികള്‍ തീര്‍ച്ചയായും ഇറങ്ങുകയും വായനലോകത്ത് സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഇതിന്റെ കാര്യത്തില്‍ വ്യത്യസ്തമായ സ്വീകരണമാണ്. ‘ആടുജീവിത’ത്തിന് പ്രചാരം കിട്ടിയത് സോഷ്യല്‍ മീഡിയയുടെ പിന്‍ബലത്തിലായിരുന്നില്ല എന്നതായിരുന്നു വ്യത്യാസം.

‘ആടുജീവിതം’ ഇറങ്ങിയ സമയത്ത് ആളുകളുടെ സംസാരത്തിലൂടെയാണ് പ്രചാരം കിട്ടിയത് എങ്കില്‍ ‘റാം കെയര്‍ ഓഫ് ആനന്ദി’ക്ക് സോഷ്യല്‍ മീഡിയയുടെ ആനുകൂല്യം ഉണ്ടായിരുന്നു എന്നതാണ് സവിശേഷത. ഇന്നിപ്പോള്‍ ‘ആടുജീവിതം’ സിനിമാരൂപത്തില്‍ ഇറങ്ങി മറ്റൊരു തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ‘റാം കെയര്‍ ഓഫ് ആനന്ദി’ സിനിമയാക്കാനുള്ള തയാറെടുപ്പിലാണെന്നും താന്‍ തിരക്കഥ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഒരു അഭിമുഖത്തില്‍ അഖില്‍ വ്യക്തമാക്കുകയും ചെയ്തു.

ലളിതമായ ഭാഷയും അവതരണവുമാണ് പുസ്തകത്തെ ജനകീയമാക്കിയത്. ഒരു സിനിമാറ്റിക് നോവല്‍ എന്ന കാറ്റഗറിയിലാണ് അഖില്‍ തന്റെ പുസ്തകം ഉള്‍പ്പെട്ടിട്ടുള്ളതായി അവകാശപ്പെടുന്നത്. പുസ്‌തകത്തിന്റെ ആമുഖത്തില്‍ തന്നെ താന്‍ എഴുതുക എന്നതിലുപരി ഒരു കഥ പറയുകയാണെന്ന് വ്യക്തമാക്കിയാണ് നോവല്‍ ആരംഭിക്കുന്നത്. അതായത്, കഥ എഴുതാന്‍ വേണ്ടി അനുഭവം തേടിയ കഥാകൃത്ത്, താന്‍ പറയുന്ന കഥയിലെ മുഖ്യ കഥാപാത്രമായി അവതരിക്കുന്ന പ്രത്യേക കഥാഖ്യാനമാണ് അഖില്‍ സ്വീകരിച്ചിരിക്കുന്നത്. പക്ഷേ, ആ പുസ്തകത്തിലെ വിവരണം അങ്ങനെതന്നെ നൂറു ശതമാനം തന്റെ ജീവിതമല്ലെന്ന് അഖില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

ശ്രീറാം എന്ന കഥാപാത്രമാണ് ‘റാം കെയര്‍ ഓഫ് ആനന്ദി’ എന്ന നോവലിലെ മുഖ്യകഥാപാത്രം. സിനിമയോടുള്ള അഭിനിവേശംകൊണ്ട് സിനിമ അക്കാദമികമായി പഠിക്കാനും അനുഭവങ്ങള്‍ സമ്പാദിക്കാനുമായാണ് ആലപ്പുഴയില്‍നിന്നും റാം ​ട്രെയിന്‍ കയറി ചെന്നൈയിലേക്ക് വരുന്നത്. പ്രകടനപരതയില്‍ അധൈര്യവാനായ എന്നാല്‍, ദയാനുകമ്പയും സഹാനുഭൂതിയുമുള്ള ഒരു ചെറുപ്പക്കാരനാണ് റാം. അവിടെനിന്നും റാം പരിചയപ്പെടുന്നവരും അവരുടെ അനുഭവങ്ങളും അവരുമായി റാമിനുണ്ടാവുന്ന ബന്ധങ്ങളും സംഭവങ്ങളുമാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. അസാധാരണമായ ജീവിതം നയിക്കുന്നവരും അവരുടെ സംഭവബഹുലമായ ജീവിതങ്ങളും വായനക്കാരനെ വല്ലാതെ ഉലക്കുന്ന അനുഭവമായിരിക്കും.

കഥയില്‍ സൗഹൃദവും കടപ്പാടുകളും പ്രണയവും ഓരോരുത്തരുടെ കഷ്ടപ്പാടുകളും വ്യക്തിഗത രഹസ്യങ്ങളും ജീവിത ലക്ഷ്യങ്ങളും എല്ലാം അടങ്ങിയ ഒരു കൂട്ടുചേരലാണ് കൃതിയിലുടനീളം. ആനന്ദി, മല്ലി, വെട്രി, രേഷ്മ, പാട്ടി, ബിനീഷ്, കിരണ്‍ തുടങ്ങിയ കഥാപാത്രങ്ങളാണ് തുടക്കം മുതല്‍ ഒടുക്കം വരെയുള്ളത്. പൊലീസുകാരായ ഫാറൂഖ്, കതിര്‍വേല്‍ എന്നിവരാണ് പ്രധാന വില്ലന്മാരായി പ്രത്യക്ഷപ്പെടുന്നത്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കും പോലെ റാമും ആനന്ദിയും തമ്മിലുള്ള സ്‌നേഹബന്ധമാണ് കഥയിലെ മുഖ്യവിഷയമെന്ന് വേണമെങ്കില്‍ കരുതാം. പക്ഷേ, സാധാരണ കണ്ടുപരിചയിക്കാറുള്ള ഒരു സ്‌നേഹ ബന്ധത്തിന്റെ തുടക്കവും ഒടുക്കവുമല്ല ‘റാം കെയര്‍ ഓഫ് ആനന്ദി’.

അതില്‍ മറ്റു കഥാപാത്രങ്ങളുടെ ജീവിതവും തുല്യപ്രാധാന്യത്തോടെ കഥാകൃത്ത് അവതരിപ്പിക്കുന്നുണ്ട്. ആനന്ദിയുടെ കഠിനാധ്വാനവും സമ്പാദ്യങ്ങളും പ്രത്യേക സ്വഭാവരീതിയും തുടക്കം മുതല്‍ വായനക്കാരെ ജിജ്ഞാസുക്കളാക്കുമെങ്കിലും കഥയുടെ ഒടുക്കമാണ് കാര്യകാരണങ്ങള്‍ അനാവൃതമാക്കുന്നത്. മല്ലി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തിന്റെ ജീവിതം വളരെ ഹൃദയസ്പൃക്കോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. മല്ലിയുടെ ജീവിതം വരച്ചുകാണിക്കുന്നതിലൂടെ സാമൂഹികമായ ഒരു വിഷയാവതരണം ഗ്രന്ഥകാരന്‍ നടത്തുന്നുണ്ടെന്ന് മനസ്സിലാക്കാം. ബിനീഷ് ചേട്ടനും കിരണും റാമിന്റെ ജീവിതത്തില്‍ വലിയ സ്ഥാനത്താണെങ്കിലും കഥാവതരണത്തില്‍ ഇടയ്ക്കിടെ മാത്രമേ പ്രത്യക്ഷപ്പെടുന്നതായി കാണുന്നുള്ളൂ. വെട്രിയും രേഷ്മയും സഹോദരങ്ങളാണ്. അവരുടെ പരസ്പര ബന്ധവും ജീവിതവും അസാധാരണമായ സാഹചര്യമാണ് വരച്ചിടുന്നത്. മലയാളി വായനക്കാര്‍ക്ക് അതെല്ലാം പുതിയ അനുഭവമായിരിക്കുമെന്ന് തോന്നുന്നു.

ചുരുക്കത്തില്‍ കഥയവസാനിക്കുന്നത് വൈപ്പിനില്‍ വെച്ചാണ്. ചെന്നൈയില്‍നിന്നും തുടങ്ങുന്ന കഥ ചെന്നവസാനിക്കുന്നത് ഈ ലേഖകന്റെ നാടായ വൈപ്പിനിലെ മുനമ്പത്ത് വെച്ചാണ്. നോവല്‍ വായിച്ച് കഴിഞ്ഞപ്പോള്‍ ഈ എളിയവന് അല്‍പം കൂടി ജിജ്ഞാസയുണ്ടായി. ഞാന്‍ അപ്പോള്‍തന്നെ മുനമ്പത്തുള്ള സുഹൃത്ത് റിയാസിനെ വിളിച്ചു ചോദിച്ചു, പുസ്തകത്തില്‍ പരാമര്‍ശിക്കുന്നതുപോലെ സംഭവം അവിടെ ഉണ്ടായിട്ടുണ്ടോ എന്ന്. സംഭവം നടന്നിട്ടുണ്ട് എന്ന് പറയപ്പെടുന്നുവെങ്കിലും യാഥാർഥ്യം എന്താണെന്ന് ആര്‍ക്കും അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വലിയ അന്വേഷണ ഏജന്‍സികള്‍ വന്ന് അന്വേഷിച്ച കേസാണെന്നും പറയുന്നു. എന്താണ് ആ സംഭവം എന്ന് ഇവിടെ പരാമര്‍ശിക്കാത്തത് ഗ്രന്ഥകാരന്റെ താൽപര്യം പരിഗണിച്ചാണ്. കാരണം, കഥ വായിക്കാത്തവര്‍ അത് അറിയരുതെന്നാണ് ഗ്രന്ഥകാരന്‍ താൽപര്യപ്പെടുന്നത്.

അഖില്‍ പി. ധര്‍മജന്റെ മൂന്നാമത്തെ കൃതിയാണ് ‘റാം കെയര്‍ ഓഫ് ആനന്ദി’. ‘ഓജോബോര്‍ഡ്’, ‘മെര്‍ക്കുറി ഐലന്റ്’ എന്നിവയാണ് ഇറങ്ങിയ മറ്റു നോവലുകള്‍. ‘ചെന്നൈ ഡയറീസ്’ എന്ന പേരിലായിരുന്നു അഖില്‍ ഈ പുസ്തകം ആദ്യം ഇറക്കാന്‍ ഉദ്ദേശിച്ചത് എങ്കിലും ‘റാം കെയര്‍ ഓഫ് ആനന്ദി’ എന്നാക്കി മാറ്റുകയായിരുന്നു. വായനക്കാര്‍ക്ക് മികച്ച അനുഭവം നല്‍കുമെന്ന് പ്രതീക്ഷിക്കാവുന്ന നോവലാണിത്.

(അദീബ് ഹൈദര്‍ (ഗവേഷകന്‍) എടവനക്കാട്, എറണാകുളം)

ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി പോരാടണം

മാധ്യമം ആഴ്​ചപ്പതിപ്പിൽ (ലക്കം: 1361) ‘ഇ​ൻ​ഡ്യ മു​ന്ന​ണി ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണം’ തലക്കെട്ടിൽ ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ എഴുതിയ പ്രതികരണം ശരിയാണ്. ഏതാനും ആഴ്ചകൾകൂടി കഴിയുമ്പോൾ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനാധിപത്യ സഖ്യം വിജയിക്കുമോ അതോ സവർണ ഫാഷിസ്റ്റ് സഖ്യം (ബി.ജെ.പി) വിജയിക്കു​മോ എന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നു. പൗരത്വ നിയമ കാര്യത്തിൽ യു.എസ്.എ, യു.കെ, ജർമനി ഹ്യൂമൻ റൈറ്റ്സ് സംഘടന തുടങ്ങിയ എല്ലാം ഉത്കണ്ഠ അറിയിച്ചു.

ഇനിയും ബി.ജെ.പി മൂന്നാം തവണകൂടി അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റിയെഴുതൽ ഉൾപ്പെടെ വളരെ അപകടകരമായ സാഹചര്യം ഇന്ത്യയിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. 2014 മുതലുള്ള ബി.ജെ.പി ഭരണം (ആർ.എസ്.എസ് തത്ത്വം അനുസരിച്ച്) ഭരണഘടനയുടെ എല്ലാ ഉയർന്ന ആദർശങ്ങളും വലിയ വെല്ലുവിളി നേരിടുന്നു. ഇന്ത്യയിലെ 21 ശതമാനം മത ന്യൂനപക്ഷങ്ങൾമാത്രമല്ല 25 ശതമാനം ദലിതർ, 42 ശതമാനം മറ്റ് പിന്നാക്ക, അവർണ, ഹിന്ദുക്കൾ (ഈഴവ, തിയ്യ, അരയ, നാടാർ...) എന്നിവയ്ക്കും 12 ശതമാനം മാത്രമുള്ള സവർണ ഹിന്ദുക്കളുടെ ബി.ജെ.പി സർക്കാർ വെല്ലുവിളി ഉയർത്തും. കെജ്രിവാളിന്റെ അറസ്റ്റും മറ്റും ബി.ജെ.പിക്ക് വലിയ എതിർപ്പ് ഉണ്ടാക്കി. ഇത് ഇലക്ഷനിൽ ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കും.

അതിനാൽ, ഇതിൽ ദിലീപ് വി. മുഹമ്മദ് പറയുന്നപോലെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി അപകടകരമായ ബി.ജെ.പി സർക്കാറിനെതിരെ അതിശക്തമായി പോരാടി ഈ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മതേതര സ്വഭാവമുള്ള ഒരു സർക്കാർ കേന്ദ്രത്തിൽ വരാൻ ശക്തമായി പ്രവർത്തിക്കണം. ​

പക്ഷേ, വോട്ടു യന്ത്രത്തിൽ കൃത്യത വരുത്താത്തിടത്തോളം കാലം അതിനെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കും. കോടിക്കണക്കിന് രൂപ ധൂർത്തടിച്ച് വോട്ടർമാരെ വിലയ്ക്ക് വാങ്ങാനും വോട്ട് ചെയ്യിക്കാനും ബി.ജെ.പിക്ക് ശക്തിയുണ്ട്. അവശ ജനങ്ങളെ പല മോഹനവാഗ്ദാനവും നൽകി പെട്ടിയിലാക്കി കുറെ വോട്ടുകൾ ബി.ജെ.പി പിടിക്കും. അങ്ങനെയൊക്കെയാണ് രണ്ടുതവണ ബി.ജെ.പി അധികാരത്തിൽ കയറിയത്. പണി പൂർത്തിയാവും മുമ്പ് ധൃതിവെച്ച് പുതിയ രാമക്ഷേത്ര ഉദ്ഘാടനം നടത്തിയതും മറ്റും വീണ്ടും അധികാരംപിടിക്കാനുള്ള തന്ത്രമാണ്. അതിനാൽ, ബുദ്ധിപൂർവം ജനങ്ങൾ തങ്ങളുടെ വോട്ട് വിനിയോഗിക്കുക.

(ആർ. ദിലീപ്, ശ്രീവിഹാർ,മുതുകുളം)

Tags:    
News Summary - weekly ezhuthukuth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.