തൃശൂർ നഗരസഭയിലെ അഴിമതിക്കഥകളെ തുറന്നുകാണിക്കുന്ന ലേഖനം (ലക്കം: 1366) നമ്മുടെ അധികാര സ്ഥാപനങ്ങളിൽ നടക്കുന്ന കെടുകാര്യസ്ഥതയുടെ അനവധി ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണ്. ഭരിക്കുന്നവർ വെച്ചുകൊടുക്കുന്ന ഭാരിച്ച നികുതിയാലും താങ്ങാൻ പറ്റാത്ത വിലക്കയറ്റത്താലും നടുനിവർത്താൻ കഴിയാതെ കോടിക്കണക്കിനു ദരിദ്രനാരായണന്മാർ നരകിക്കുന്ന നാട്ടിൽ പൊതുമുതലിന്റെ കാര്യത്തിൽ ഒരുവിധ ഉത്തരവാദിത്തവും കാണിക്കാത്ത രാഷ്ട്രീയ, ഉദ്യോഗസ്ഥ, ലോബിയുടെ പിടിപ്പുകേടുകൾ വല്ലാത്ത തരത്തിൽ ചർച്ചചെയ്യപ്പെടാൻ നമ്മുടെ നാട് വല്ലാതെ കൊതിച്ചുപോകുന്നുണ്ട് എന്നതാണ് സത്യം.
പാതിവഴിയിൽ നിന്നുപോകുന്ന പല പദ്ധതികളുടെയും പിന്നാമ്പുറത്തേക്ക് വെറുതെ ഒന്ന് എത്തിനോക്കിയാൽ കോടികളുടെ കൈയിട്ട് വാരലിന്റെ കഥകേട്ട് നാം അന്തം വിട്ട് നിന്നുപോകും. സ്വാതന്ത്ര്യം ലഭിച്ച നാൾമുതൽ ഇന്നേവരെ അഴിമതി എന്ന ഓമനപ്പേരിൽ നടക്കുന്ന തീവെട്ടിക്കൊള്ള ഒന്നുകൊണ്ടു മാത്രമാണ് നമ്മുടെ നാട് ഇന്നും വികസ്വര രാജ്യങ്ങളുടെ പട്ടികയിൽനിന്നും പുറത്തുകടക്കാൻ കഴിയാതെ ശ്വാസംമുട്ടി നിൽക്കേണ്ടിവരുന്നത്.
ഇതിനെയൊക്കെ ജനങ്ങളുടെ ഭാഗത്ത് നിലകൊണ്ട് തുറന്നെതിർക്കേണ്ട നാലാം തൂണുകൾ പലപ്പോഴും പലതിനു നേരെയും കണ്ണടക്കുന്നു എന്നതും വേദനിപ്പിക്കുന്ന ഒരു വസ്തുതയാണ്. മറ്റു പ്രസിദ്ധീകരണങ്ങൾ മുഖംതിരിക്കുന്ന ഇത്തരം വാർത്തകളെ വെളിച്ചത്തുകൊണ്ടുവരാൻ എന്നും മുന്നിൽ നിന്നിട്ടുള്ള ആഴ്ചപ്പതിപ്പിന് എല്ലാ നന്മകളും നേരുന്നു.
(ഇസ്മായിൽ പതിയാരക്കര, ബഹ്റൈൻ)
മാധ്യമത്തിൽ മൂന്നു ഗംഭീര കഥകൾ (ലക്കം: 1367). പ്രദീപ് പേരശ്ശനൂരിന്റെ ‘മണികണ്ഠനും മണികണ്ഠൻ മദിരശ്ശേരി’യും, വി. പ്രവീണയുടെ ‘തർക്കമന്ദിരം’, സോക്രട്ടീസ് കെ. വാലത്തിന്റെ ‘സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ആഗോള സിനിമ’. പ്രദീപിന്റെ കഥ വായിക്കുമ്പോൾ ഞാനൊക്കെ ഇപ്പോഴും കടന്നുപോകുന്ന/ മനഃപൂർവം അവഗണിക്കുന്ന കുറെ അക്കാദമിക പണ്ഡിതർ/ ചില രംഗങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. തയ്യൽക്കാരനായിരിക്കെ ഒരു കഥയോ കവിതയോ വന്നാൽ നല്ലതെന്നോ ചീത്തയെന്നോ പറയാതെ വെറും പുച്ഛം പ്രസവിക്കുന്ന എഴുത്തിലെയും അല്ലാതെയുമുള്ള മാഷൻമാരും നിരൂപക സിംഹങ്ങളുടെയും ഇടയിൽ ജീവിച്ചുതീർത്തത് ഓർക്കുമ്പോൾ സങ്കടമല്ല വാശിയായിരുന്നു. പിന്നീട് ജോലി ലഭിച്ചപ്പോഴും അക്കാദമിക പണ്ഡിതർ തഴഞ്ഞു. എന്നിട്ടും എവിടെയോ ഒരു തരി ബാക്കിയുള്ളതിനാൽ ഇപ്പോഴും നിലനിൽക്കുന്നു. കുടുംബമെന്നതിലെ കള്ളത്തരങ്ങളും അപനിർമാണവും കൃത്യമായി വരച്ചുകാണിക്കുന്നു പ്രവീണ. അവിടെയും എഴുത്തുകാരൻതന്നെയാണ് മേലാളൻ. ശരിക്കും ഞെട്ടിക്കുന്നതാണ് സോക്രട്ടീസിന്റെ കഥ. നമ്മുടെ സ്വകാര്യതകൾ പലർക്കും പരസ്യമാണെന്ന ഞെട്ടിപ്പിക്കുന്ന കാര്യം കഥ പറയുന്നു. മൂന്നു കഥാകൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. ഗംഭീര കവിതകളുമുണ്ട് ആ ലക്കത്തിൽ.
(നാരായണൻ അമ്പലത്തറ,ഫേസ്ബുക്ക്)
‘‘നിങ്ങൾക്ക് ഭ്രാന്താണ്. ഞാനെന്തു ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും. എന്റെയാ നശിച്ച കല്യാണമൊഴിച്ച് ബാക്കിയെല്ലാം ഞാനെന്റെ ഇഷ്ടത്തിലും സ്വാതന്ത്ര്യത്തിലുമാണ് ചെയ്തുപോന്നിട്ടുള്ളത്. ഇപ്പോ ആ കല്യാണക്കുരുക്ക് പൊട്ടിച്ച് ഞാൻ ടോട്ടലീ ഫ്രീയായിരിക്കുകയാണ്. എന്റെ ഫ്രീഡം വെച്ചു കളിക്കാൻ ഒരാളും വരണ്ട.’’
റോസ് മരിയയുടെ ഈ പറച്ചിൽ മാധ്യമം ആഴ്ചപ്പതിപ്പിലെ സോക്രട്ടീസ് കെ. വാലത്തിന്റെ കഥ (ലക്കം: 1367) ‘സ്വാതന്ത്വത്തെക്കുറിച്ചൊരു ആഗോള സിനിമയിലേതാണ്’.
ഓർബിറ്റ് സ്റ്റുഡിയോയിൽ ഒരു വെബ് സീരീസിനുവേണ്ടിയുള്ള ഓഡിഷൻ നടക്കുന്നയിടത്തേക്കാണ് കഥയിലൂടെ സോക്രട്ടീസ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഓഡിഷന് പോകുന്ന റോസ് മരിയക്ക് നേരിടുന്ന സംഭവങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഡിക്സണുമായി വാക്കാൽ വിവാഹബന്ധം പിരിഞ്ഞ റോസ് മരിയയുടെ ജീവിതം ലളിതമായ ആഖ്യാനത്തിലൂടെ വായനക്കാരെ കാണിച്ചു തരുന്നു. റോസ് മരിയയുടെ സ്വസ്ഥതയില്ലാത്തൊരു ദാമ്പത്യബന്ധത്തിൽനിന്ന് തത്ത്വത്തിൽ വിട്ടുനിൽക്കാനായതിന്റെ ആശ്വാസത്തിലൂടെയാണ് കഥ വളരുന്നത്. അരയിൽ താക്കോൽക്കൂട്ടത്തിന്റെ കിലുക്കത്തിൽ വേണം വീടു ചലിക്കാൻ എന്ന് ശഠിക്കുന്ന ഭർത്താക്കന്മാർ ദാമ്പത്യബന്ധം തകർക്കും.
ദാമ്പത്യബന്ധം ഒരു ചില്ലുകൊട്ടാരംപോലെയാണ്. സൂക്ഷിച്ചു കൈകാര്യംചെയ്തില്ലെങ്കിൽ അത് പൊട്ടിപ്പോകും. ക്ലൈമാക്സിൽ ‘‘മൈ ലൈഫ് ഈസ് മൈ പ്രോപർട്ടി. മൈ പ്രൈവറ്റ് പ്രോപർട്ടി’’ എന്ന റോസ് മരിയയുടെ അലറിയുള്ള പറച്ചിൽ വായനക്കാരെ ഞെട്ടിക്കും. ആദ്യവസാനം പിടിച്ചിരുത്തി വായിപ്പിക്കുന്ന കഥക്ക് ആശംസകൾ. മനോഹര ചിത്രീകരണത്തിന് തോലിൽ സുരേഷിന് അഭിനന്ദനങ്ങൾ.
(സന്തോഷ് ഇലന്തൂർ,ഫേസ്ബുക്ക്)
‘ബേനിച്ചൊങ്കൻ’ അക്ഷരാർഥത്തിൽ ഒരു സമരമാണ് (ലക്കം: 1367). തെക്കൻ കേരളത്തിലെ അനുവാചകർക്ക് പെട്ടെന്ന് ദഹിക്കുന്ന ഒരു വിഷയമല്ല കവിത കൈയാളുന്നത്. തെയ്യം കെട്ടും അതുമായി ബന്ധപ്പെട്ട ആചാര/ അനാചാര അനുഷ്ഠാനങ്ങളും ഒരുപക്ഷേ, കേരളത്തിന്റെ തെക്കൻ ജില്ലകളിൽ അത്രയധികം രൂക്ഷമല്ലാത്ത ജാതീയമായ ഉച്ചനീചത്വങ്ങളുടെ വെളിപ്പെടലാകുമ്പോൾ, അതിന്റെ രാഷ്ട്രീയം അത്രകണ്ട് മനസ്സിലാകണമെന്നില്ല. ഇന്നും ഒരു അനുഷ്ഠാന കലാരൂപത്തിന് ജാതീയമായ ഉന്നതിയെന്നു സ്വയം വിശ്വസിക്കുന്ന ബ്രാഹ്മണ്യത്തിന്റെ ഇരിപ്പിടങ്ങളിൽ പ്രവേശനമില്ലെന്ന അറിവിലേക്ക് എത്തുമ്പോൾ, ബാലഗോപാലന്റെ ഇക്കവിത ശക്തമായ ഒരു സമരമല്ലാതെ മറ്റൊന്നാകുന്നില്ല.
തെയ്യം കെട്ടുന്ന കാലത്തു മാത്രം പട്ടിണി മറക്കുകയും അതുകഴിഞ്ഞ് വീണ്ടുമൊരു പട്ടിണിക്കാലത്തേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുന്ന ഒരു അധഃസ്ഥിത വിഭാഗത്തിന്റെ സമരായുധമായി ഈ കവിത മാറുന്നത് അതുകൊണ്ടാണ്. ബാലഗോപാലന്റെ കവിതകളിൽ പൊതുവെ കാണുന്ന ഉത്തര കേരളത്തിലെ ജാതീയതയുടെ രൂക്ഷരൂപം ഈ കവിതയിൽ ഒന്നുകൂടി ശക്തിപ്പെടുന്നു. കവിതാരചന കേവലം ഒരു വിനോദോപാധിയോ മനോവികാരങ്ങളുടെ കവിഞ്ഞൊഴുകലോ അല്ല ഈ കവിക്ക്. പണ്ടെങ്ങോ നാം പറഞ്ഞ് ഉപേക്ഷിച്ചുകളഞ്ഞ, കല ജീവിതത്തിനുവേണ്ടിക്കൂടിയാണ് എന്ന യാഥാർഥ്യത്തിന്റെ ഓർമപ്പെടുത്തൽകൂടിയാകുന്നു ബേനിച്ചൊങ്കൻ! ശാരീരികമോ പ്രാപഞ്ചികമോ അതിനപ്പുറമോ ഉള്ള മേച്ചിൽപ്പുറങ്ങളിലേക്ക് കാവ്യവിഷയങ്ങൾ അലസവിലസിതരായി സഞ്ചരിക്കുന്ന ഇന്നത്തെ മലയാള കാവ്യലോകത്ത് ഇത്തരം കവിതകൾ ഏറെ പ്രതീക്ഷനൽകുന്നു. പ്രത്യേകിച്ച്, വർത്തമാന ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ ഇത്തരം സമരകവിതകൾക്ക് ഏറെ പ്രസക്തിയുണ്ട് എന്നുകൂടി ഞാൻ മനസ്സിലാക്കുന്നു. അതിശക്തമായ ഒരു കവിത തന്ന ബാലഗോപാലൻ കാഞ്ഞങ്ങാടിന് ആശംസകൾ!
(കുറിഞ്ചിലക്കോട് ബാലചന്ദ്രൻ,ഫേസ്ബുക്ക്)
ആകാംക്ഷയോടെ കാത്തിരുന്ന എം.ജി. രാധാകൃഷ്ണന്റെ ജീവചരിത്രാഖ്യായിക ആരംഭിച്ചു (ലക്കം: 1368). തുടക്കം ഉള്ളുണർത്തുന്ന അനുഭവമാണ്. എസ്തറിന്റെ ജീവിതത്തിന്റെ ആദ്യകാലം കഥാ പശ്ചാത്തലത്തിൽ വരച്ചിട്ടിരിക്കുന്ന ആദ്യഭാഗം തുടർഭാഗങ്ങൾ വായിക്കാൻ പ്രേരണ നൽകുന്നതാണ്. ചരിത്രവും രാഷ്ട്രീയവും സമഞ്ജസമായി സമ്മേളിച്ച എഴുത്തിൽ നൂറ്റാണ്ടു പഴക്കമുള്ള അധിനിവേശ കാലത്തിന്റെ ശേഷിപ്പുകൾ എമ്പാടുമുണ്ട്. വൈദേശികാധിപത്യത്തിന്റെ ഉൾപ്പിരിവുകളും അനുരണനങ്ങളും മറ്റൊരു ദിശയിൽനിന്ന് കാണാൻ ശ്രമിക്കുകയാണ് ഈ ചരിത്രാഖ്യായിക. തിരുക്കോയിലൂർ എന്ന പൈതൃകനഗരം രൂപപ്പെട്ടതിന്റെ ചരിത്രം എസ്തറിന്റെ പശ്ചാത്തലത്തിൽ വായിക്കാൻ കഴിയുന്നത് നവ്യമായ അനുഭവമാണ്. എം.ജി. രാധാകൃഷ്ണനും മാധ്യമം ആഴ്ചപ്പതിപ്പിനും ഭാവുകങ്ങൾ.
(രാജേഷ്, തൃശൂർ)
ലാളിത്യമാര്‍ന്ന ഭാഷയില്‍ എഴുതിയ ഒരു കൊച്ചുകഥയാണ് അനന്യ ജിയുടെ ‘ചുറ്റികമുഴക്കം’ (ലക്കം: 1368). പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുന്ന വക്കീലിന് പ്രായമേറിയപ്പോള്‍ ഒരാഗ്രഹം –സമൂഹത്തില്‍ ഇപ്പോഴുള്ള നിലയും വിലയും നിലനിര്‍ത്തണമെങ്കില്‍ ഒന്നുകില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണം അല്ലെങ്കില്‍ എഴുത്തുകാരനാകണം. അതിൽ രണ്ടാമത്തെ മാർഗം തിരഞ്ഞെടുത്ത വക്കീൽ സീരിയലുകളില്‍നിന്നും കുറെ കഥാപാത്രങ്ങളെ അടര്‍ത്തിയെടുത്ത് ഒരു കഥയുണ്ടാക്കി തന്റെ സുഹൃത്തും പ്രസാധകനുമായ ദിവാകരന്റെ ‘ഇന്ദ്രരാഗം’ വാരികയിലേക്ക് അയച്ചുകൊടുക്കുന്നു. ദുർനടപ്പുകാരനായ ഭർത്താവിനെ ഉപേക്ഷിച്ചു പോകുന്ന ഒരു സ്ത്രീയുടെ കഥയായിരുന്നു അത്.
കാലം പോകവേ അവൾ കാൻസർ ബാധിതയാകുന്നു. മരണവുമായി മുഖാമുഖം നിൽക്കുന്ന അവൾ പശ്ചാത്തപിച്ച് ‘‘ജീവിതക്കോടതി എന്റെ വിധിയെഴുതി. എന്റെ ശിക്ഷ ആരംഭിച്ചിരിക്കുന്നു. തിരിച്ചറിവിന്റെ ചുറ്റികമുഴക്കം എനിക്കിപ്പോൾ കേൾക്കാം’’ എന്നും പറഞ്ഞ് ഭർത്താവിനോട് മാപ്പിരക്കാൻ ഓടിയെത്തുന്നു. കഥ പ്രസിദ്ധീകരിച്ചുവന്നു. കാശിനു കൊള്ളാത്ത കഥയായതുകൊണ്ട് ആരും അഭിനന്ദിച്ചില്ല.
വക്കീൽ നിരാശനായി. അപ്പോഴാണ് വാരികയുമായി ഒരു സ്ത്രീ അന്വേഷിച്ചുവരുന്നത്. അവള് വക്കീലിനു നീട്ടിയ കോപ്പിയുടെ പല വരികളും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അതിൽ മഞ്ഞനിറത്തില്‍ ഹൈലൈറ്റ് ഭാഗം ശ്രദ്ധിച്ച വക്കീൽ ചോദിച്ചു. ‘‘അവസാനമാണോ കൂടുതല്‍ ഇഷ്ടമായത്?’’ വക്കീൽ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുമ്പ് അയാളുടെ കരണക്കുറ്റി പൊട്ടുന്നു. അടിയുടെ ഒച്ച കേട്ട് പാറാവുകാരന് ഓടിവന്നു. ഭാര്യയുടെ കൈയില്‍നിന്നും ചായക്കപ്പ് തെറിച്ചുവീണ് ചിന്നിച്ചിതറുന്നു. ‘‘താനിപ്പോള്‍ കേട്ടതാണ് തിരിച്ചറിവിന്റെ ചുറ്റികമുഴക്കം’’ എന്ന് ആക്രോശിച്ചുകൊണ്ട് അവള് സ്ഥലംവിടുന്നു. ഇന്നത്തെ ചില കഥാകൃത്തുക്കള്‍ക്കും സീരിയലുകാർക്കും അനന്യ നല്കുന്ന പ്രഹരമാണ് ഈ കഥ.
(സണ്ണി ജോസഫ്,മാള)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.