ബ്യൂറോക്രാറ്റുകളുടെയും ഭരണവർഗത്തിന്റെയും സാമ്പത്തിക, ചൂഷണത്തിന്റെ ഇരകളായി മാറ്റപ്പെട്ട ആദിവാസികൾ ഉൾപ്പെടെയുള്ള അടിസ്ഥാന വർഗത്തിന്റെ വർത്തമാന പരിസരങ്ങളെ എത്തിനോക്കിക്കൊണ്ടുള്ള ആഴ്ചപ്പതിപ്പിന്റെ മുഖലേഖനങ്ങൾ (ലക്കം: 1375) അവസരോചിതമായി. മുഖ്യധാരയുടെ പുറംപോക്കിൽനിന്നും അവർ ഒരിക്കലും ഉണർന്നെഴുന്നേൽക്കരുതെന്ന് ശപഥംചെയ്തു ജാഗരൂകമായി കാവൽനിൽക്കുന്ന, പുറത്തെ പുരോഗമന നാട്യത്തിനപ്പുറത്ത് ജാതി മേൽക്കോയ്മ ഹൃദയത്തിൽ ചുമന്നുനടക്കുന്ന മലയാളി പൊതുബോധം അടിസ്ഥാന വർഗങ്ങളോട് പ്രച്ഛന്നമായി ചെയ്തുകൂട്ടിയ ക്രൂരതകൾ വിവരണാതീതമാണ്.
അവരുടെ മണ്ണിനെയും പെണ്ണിനെയും മലിനപ്പെടുത്തുന്നവർ രാഷ്ട്രീയത്തിന്റെ തണലിൽ വിഹരിക്കുമ്പോൾ പേരുമാറ്റം എന്നത് അക്ഷരങ്ങൾകൊണ്ടും വാക്കുകൾകൊണ്ടും ആഘോഷിക്കപ്പെടാൻ ഉതകുന്ന ഒന്നു മാത്രമായിത്തീരുന്നു എന്നതൊരു തിക്ത യാഥാർഥ്യമാണ്. അടിസ്ഥാന സമൂഹങ്ങളുടെ ശോച്യ ചുറ്റുപാടുകൾ കേരളം ഗൗരവതരമായി ചർച്ചചെയ്യപ്പെടാൻ മുഴുവൻ മാധ്യമങ്ങളും ഒന്നിച്ചു നിൽക്കണമെന്നതുകൂടി കാലഘട്ടത്തിന്റെ തേട്ടമാണ്.
ലോകസാഹിത്യത്തിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ ഇപ്പോൾ എഴുത്തിന്റെ ലോകത്ത് ഒറ്റപ്പെടൽ അനുഭവിക്കുകയാണെന്നതിന് അടിവരയിടുകയാണ് എം.എൻ. സുഹൈബ് രണ്ട് ആഴ്ചകളിലായി അദ്ദേഹവുമായി നടത്തിയ ദീർഘ അഭിമുഖം (ലക്കം: 1370, 1371). ഈ ഒറ്റപ്പെടലിന്റെ അല്ലെങ്കിൽ ഒറ്റപ്പെടുത്തലിന്റെ ആഴത്തിലുള്ള വേദനയിൽനിന്നു പുറത്തുവന്ന വാചകമാണ്, ‘‘പെരുമാൾ മുരുകനിലെ എഴുത്തുകാരൻ മരിച്ചു; ഇനി ജീവിക്കുന്നത് പെരുമാൾ മുരുകൻ എന്ന അധ്യാപകൻ മാത്രം’’ എന്നത്. സ്വന്തം നാട്ടിൽ സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കാൻ പേടി; തന്നെ ആരെങ്കിലും നോട്ടം വെക്കുമോ എന്ന ആശങ്ക മുരുകൻ തുറന്നുപറയുന്നു.
നരേന്ദ്ര ദാഭോൽകർക്കും ഗോവിന്ദ് പൻസാരെക്കും എം.എം. കൽബുർഗിക്കും ഗൗരി ലങ്കേഷിനുമൊന്നും നൽകാത്ത ആവിഷ്കാര സ്വാതന്ത്ര്യം പെരുമാൾ മുരുകൻ വരെ എത്തിനിൽക്കുന്നുവെന്നോ അല്ലെങ്കിൽ പെരുമാൾ മുരുകനും പാടില്ലെന്നുമാണ് വർഗീയ, വംശീയ വിദ്വേഷ പ്രചാരകരുടെ നിലപാട്. ആ നിലപാടു തന്നെയാണ് പെരുമാൾ മുരുകനെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചതും.
പെരുമാൾ മുരുകനുമായുള്ള ദീർഘ അഭിമുഖം ആസ്വാദ്യകരമായ രീതിയിൽ വായിച്ചുപോകുമ്പോൾ പച്ചയായ ചില ജീവിത യാഥാർഥ്യങ്ങളും അദ്ദേഹം തുറന്നുപറയുന്നുണ്ട്. അതൊന്നും നമ്മളിൽ പലരും അംഗീകരിച്ചു കൊള്ളണമെന്നില്ല. അതിലൊന്നാണ് തന്റെ മാതാപിതാക്കൾക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന്. ഗണിതശാസ്ത്രത്തിൽ മിടുമിടുക്കനായിട്ടും ബിരുദത്തിന് ഗണിതശാസ്ത്രം തന്നെയെടുക്കണമെന്ന് ഗണിതശാസ്ത്ര അധ്യാപകൻകൂടിയായ കോളജ് പ്രിൻസിപ്പൽ ശാഠ്യം പിടിച്ചിട്ടും അതൊന്നും വകവെക്കാതെ തനിക്ക് തമിഴ് പഠിച്ചാൽ മതിയെന്ന നിശ്ചയദാർഢ്യം തമിഴിൽ തന്നെ കൊണ്ടെത്തിക്കുകയും തമിഴ് സാഹിത്യത്തിലെയും തമിഴ് ഭാഷയിലെയും അതുല്യപ്രതിഭയായി മാറുകയും ചെയ്തു.
കോളജ് പ്രിൻസിപ്പൽ മാതാപിതാക്കളെ വിളിച്ചുവരുത്തി മുരുകനെ ഗണിതം തന്നെ പഠിപ്പിക്കണമെന്ന് നിർബന്ധിച്ചപ്പോൾ ഗണിതമെന്നല്ല, പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത മാതാപിതാക്കൾ ഈ കാര്യത്തിൽ കൈ മലർത്തിയതാണ് മുരുകന്റെ ഭാഷയിൽ പറഞ്ഞാൽ തനിക്ക് അനുഗുണമായത്. മാതാവിന്റെ ഗർഭപാത്രത്തിൽ ആയിരിക്കുമ്പോൾതന്നെ തന്റെ കുട്ടി എന്തായിത്തീരണമെന്ന് ‘ദൃഢനിശ്ചയം’ ചെയ്യുന്ന അനേകായിരം മാതാപിതാക്കൾ കടന്നുപോയ, അല്ലെങ്കിൽ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ മുന്നിലേക്കാണ് കേൾക്കുന്നവർക്ക് കുറച്ച് ചിത്തഭ്രമം എന്നൊക്കെ തോന്നിപ്പിച്ചേക്കാവുന്ന രീതിയിലുള്ള ഈ തുറന്നുപറച്ചിൽ.
പെരുമാൾ മുരുകൻ ചിന്ത, എഴുത്ത്, വായന എന്നിവയെ കുറിച്ചൊക്കെ വീണ്ടും ചില തുറന്നുപറച്ചിലുകളൊക്കെ നടത്തുന്നുണ്ടെങ്കിലും, താൻ ചെന്നെത്തി സ്ഥാനമുറപ്പിച്ച തമിഴ് ഭാഷയെ കുറിച്ച് പറയുന്നിടത്ത് നമുക്ക് കണ്ടെത്താനാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അത് മറ്റൊന്നുമല്ല; തമിഴർക്ക് തമിഴ് ഭാഷയോടുള്ള പ്രണയം. ഒരു ശരാശരി തമിഴനെ സംബന്ധിച്ചുപോലും ഇത് ശരിയാണ്. എന്നാൽ ഒരു ശരാശരി മലയാളി പോയിട്ട്, ഉന്നതശീർഷനായ മലയാളിക്കുപോലും ഇല്ലാത്തതും ഇതാണ്, മലയാള ഭാഷയോടുള്ള ആദരവ്. അതുകൊണ്ടാണല്ലോ സ്കൂൾ പാoപുസ്തകത്തിൽ നിന്നുപോലും അക്ഷരമാലയെ പറിച്ച് ദൂരെയെറിഞ്ഞ് വർഷങ്ങൾ ഇത്രയായിട്ടും അതിന് മുൻകൈയെടുത്തവരെ അധികമാർക്കും മനസ്സിലാക്കാൻ കഴിയാത്ത ടീച്ചിങ്-ലേണിങ് പ്രോസസിന്റെ പേരിൽ പിൻതാങ്ങി വന്നിരുന്നത്. ഇപ്പോൾ എന്തായാലും അക്ഷരമാലയും ഭാഷാ സംവാദവുമൊക്കെ ചില കോണുകളിൽനിന്ന് ഉയർന്നുകേൾക്കുന്നുണ്ട് എന്നതുതന്നെ വലിയ കാര്യം.
എഴുത്തിനെ കുറിച്ചും വായനയെ കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യ ത്തെ കുറിച്ചും എന്തിന് ഭാഷയെ സംബന്ധിച്ചുപോലും കുറെ നല്ല ചിന്തകൾ ഉണർത്തിവിട്ട പെരുമാൾ മുരുകനും അദ്ദേഹത്തെ നേരിൽ കണ്ട് വിശദമായി വായനയുടെയും എഴുത്തിന്റെയും ലോകത്തെ കുറിച്ച് ചോദിച്ചറിഞ്ഞ എം.എൻ. സുഹൈബിനും വാമൊഴിയായി പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് പൂർണമായി തന്നെ വരമൊഴിയായി പ്രസിദ്ധീകരിക്കാൻ തട്ടകമൊരുക്കിയ മാധ്യമം ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
(ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ)
‘ജനം തന്നെ മറുപടി’ (ലക്കം: 1372) വായിച്ചപ്പോൾ ധാരാളം വിലപ്പെട്ട കാര്യങ്ങൾ മനസ്സിലായി. ലേഖകൻ പറയുന്നപോലെ രാജ്യത്തെ മൂന്നര ശതമാനം മാത്രമുള്ള ഏറ്റവും ഉയർന്ന ജാതിഹിന്ദുവായ ബ്രാഹ്മണനാണ് ഇന്ത്യയിലെ 60 ശതമാനം വിഭവങ്ങളും അടക്കിവെച്ചിരിക്കുന്നത്. ഹിന്ദുമതം ബ്രാഹ്മണമതമായി. ഇന്ത്യയിൽ 78 ശതമാനം ഹിന്ദുക്കളുള്ളതിൽ (ബ്രാഹ്മണർ, ക്ഷത്രിയർ, രജപുത്രർ, കേരളത്തിലെ നായർ) 12 ശതമാനം സവർണരാണ്.
80 ശതമാനം വിഭവങ്ങൾ (സർക്കാർ ഉദ്യോഗം, ഭൂസ്വത്ത്, ബിസിനസ്, മന്ത്രിമാർ മറ്റ് എല്ലാം) കൈകാര്യം ചെയ്യുന്നത് ഇവരാണ്. ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനത്തിൽ 95 ശതമാനവും സവർണ ഹിന്ദുക്കൾതന്നെ. ഇന്ത്യയിലെ എല്ലാ കാര്യങ്ങളിലും പിന്നിൽനിന്ന് ചരടുവലിക്കുന്നത് സവർണ ഹിന്ദുക്കൾതന്നെ. മറ്റു ബഹുഭൂരിപക്ഷം ഇന്ത്യൻ ജനങ്ങളും ഈ സവർണർ കൊടുക്കുന്ന നക്കാപ്പിച്ചകൊണ്ട് നൂറ്റാണ്ടുകളായി കഴിയുന്നു.
തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽപെട്ടാലും ദോഷം ഉള്ളവർ എന്ന് മുദ്രകുത്തി സവർണ ബ്രാഹ്മണർ ബഹുഭൂരിപക്ഷത്തെ എല്ലാ തുറകളിൽനിന്നും അകറ്റിനിർത്തിയിരിക്കുന്നു. ഇതിനെ ശക്തിയായി ആദ്യം ചോദ്യം ചെയ്തത് നൂറ്റാണ്ടു മുമ്പ് ഡോ. ബി.ആർ. അംബദ്കറായിരുന്നു. സവർണരെ അദ്ദേഹം വിറപ്പിച്ചു. ഡോ. അംബേദ്കർ പറഞ്ഞപോലെ ജാതിനശീകരണം അത്ര എളുപ്പമല്ല. കാരണം, നൂറ്റാണ്ടുകളായി ഇന്ത്യ ഭരിക്കുന്ന ബ്രാഹ്മണ സവർണരിൽ ഭൂരിപക്ഷവും ജാതി നിലനിൽക്കാൻ ആഗ്രഹിക്കുന്നവരാണ്.
ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയും ചാതുർവർണ്യവും ഇല്ലാതാക്കാൻ മഹാത്മാ ഗാന്ധിയും ശക്തമായി ശ്രമിച്ചില്ല. സവർണനായ ഗാന്ധിയും ഡോ. അംബേദ്കറും തമ്മിൽ തർക്കമുണ്ടായിരുന്നത് പ്രധാനമായും ജാതിപ്രശ്നത്തിലായിരുന്നു. മാവോവാദികൾ ജാതിവ്യവസ്ഥ ഇല്ലാതെയാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
(ആർ. ദിലീപ് മുതുകുളം)
‘കഥാപ്രസംഗത്തിന് 100’ എന്ന പംക്തിയിൽ എറണാകുളം മഹാരാജാസ് കോളജിലെ ചരിത്രവിഭാഗം മേധാവിയായ ഡോ. സഖരിയ തങ്ങൾ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം കഥാപ്രസംഗ കലയുടെ ചരിത്രത്തെക്കുറിച്ച് സമഗ്രമായ അറിവു നൽകുന്നു.
കഥാപ്രസംഗ കലക്ക് ആരംഭം കുറിച്ച ഡി.എ. സത്യദേവൻ മുതൽ പ്രശസ്തരായ അനേകം കലാകാരന്മാരുടെ വിവരങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഇതിൽ പ്രധാനികൾ ആദ്യ കഥാപ്രസംഗകരായ ജോസഫ് കൈമാപറമ്പൻ, കെ.കെ. വാധ്യാർ, സ്വാമി ബ്രഹ്മവ്രതൻ, എം.പി. മന്മഥൻ, കെ.ജി. കേശവപ്പണിക്കർ എന്നിവരാണ്. ഇവരിൽ കെ.കെ. വാധ്യാരാണ് കൂടുതൽ വേദികളിൽ വിവിധ കഥകൾ അവതരിപ്പിച്ചത്. കഥാപ്രസംഗത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു ജോസഫ് കൈമാപറമ്പന്റേത്. കുമാരനാശാന്റെ മിക്ക കാവ്യങ്ങളും കെ.കെ. വാധ്യാർ കഥാപ്രസംഗമായി അവതരിപ്പിച്ചിട്ടുണ്ട്. ചേർത്തല ഭവാനിയമ്മ, ആർ.കെ കൊട്ടാരത്തിൽ, എസ്.എസ്. ഉണ്ണിത്താൻ, തുറവൂർ രാമചന്ദ്രൻ, വസന്തകുമാർ, സാംബശിവൻ, ചേർത്തല ബാലചന്ദ്രൻ എന്നിവരുടെ പേരുകളും പ്രസ്താവ യോഗ്യമാണ്.
പിന്നീട് കെടാമംഗലം സാംബശിവൻ യുഗമായിരുന്നു. ഇവരുടെ കാലം കഥാപ്രസംഗ കലയുടെ സുവർണകാലംതന്നെയായിരുന്നു. ലോക ക്ലാസിക്കുകളിൽ മലയാളികൾക്ക് അവഗാഹം ഉണ്ടാക്കിയ സാംബശിവൻ ഇവരിൽ പ്രഥമഗണനീയനാണ്. ബംഗാളി കൃതികളും മലയാള സാഹിത്യകൃതികളും അദ്ദേഹം മലയാളികൾക്ക് കഥാപ്രസംഗരൂപേണ അവതരിപ്പിച്ച് വിജ്ഞാനവും വിവേകവും പ്രദാനം ചെയ്തു. വേദികൾ അദ്ദേഹം നിറഞ്ഞുനിന്നു.
പതിനായിരക്കണക്കിന് വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ച് കൈയടി നേടിയ ആളാണ് കെടാമംഗലം സാംബശിവൻ. ചങ്ങമ്പുഴയുടെ ‘രമണനും’ ‘വാഴക്കുല’യുമായിരുന്നു കെടാമംഗലത്തിന്റെ മാസ്റ്റർപീസ്. ഇവർക്കുപുറമെ എണ്ണമില്ലാത്ത കാഥികരും കഥാപ്രസംഗ കലയെ സമ്പുഷ്ടമാക്കി. അവരുടെയെല്ലാം പേരുകൾ ലേഖകൻ വിട്ടുപോകാതെ എഴുതിയിട്ടുമുണ്ട്. എന്നാൽ, കഥാപ്രസംഗത്തിന്റെ കുലപതി എന്ന സ്ഥാനത്തിന് അർഹൻ സാംബശിവൻ തന്നെയാണ്. ഏറ്റവുമധികം വേദികളിൽ കഥപറഞ്ഞതും സാംബശിവൻ തന്നെ. അദ്ദേഹംതന്നെയാണ് കഥകൾ തയാറാക്കിയിരുന്നത്. എത്രയോ കഥകൾ അദ്ദേഹം സ്വന്തം ശൈലിയിൽ അവതരിപ്പിച്ചു. പാട്ടുകൾ എഴുതുന്നതും അദ്ദേഹംതന്നെയായിരുന്നു. സാംബശിവന്റെ കഥാപ്രസംഗം ജനങ്ങളെ എത്രമാത്രം വശീകരിച്ചു എന്ന് പറഞ്ഞറിയിക്കാനാവില്ല. ഉന്നതമായ ഒരു വിദ്യാഭ്യാസ മാതൃക തന്നെയായിരുന്നു സാംബശിവന്റെ കഥകളും കഥാപ്രസംഗവും. കഥ കേൾക്കുന്നതിൽ ജനങ്ങൾ അത്രമാത്രം തൽപരരായതിൽ അത്ഭുതമില്ല. എഴുത്തും വായനയും അറിയാത്ത ലക്ഷക്കണക്കിന് മലയാളികളെ കഥാപ്രസംഗത്തിലൂടെ അദ്ദേഹം ഉദ്ബുദ്ധരാക്കി.
ആദ്യകാല ഹരികഥാ കലാകാരന്മാരെയും അനുസ്മരിക്കേണ്ടതാണ്. അവരാണല്ലോ കഥപറച്ചിലിന് തുടക്കം കുറിച്ചത്. കഥാപ്രസംഗ കലയെ ജനകീയമാക്കിയത് ആധുനിക കഥാപ്രസംഗകർതന്നെയാണ്. സാഹിത്യകൃതികളിൽ ഊന്നിയുള്ള കഥാപ്രസംഗ കലയെ ജനങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചു എന്ന് പറയാതിരിക്കാനാവില്ല. സംഗീതത്തിനും സാഹിത്യത്തിനും അഭിനയത്തിനും വിവിധ വാദ്യങ്ങൾക്കും കഥാപ്രസംഗത്തിലുള്ള ഉയർന്ന സ്ഥാനം എടുത്തുപറയണം. ചപ്ലാംകട്ട എന്ന ഉപകരണത്തിന് അവധി കൊടുത്തതും വലിയൊരു പരിവർത്തനമാണ്. സാംബശിവനാണ് ഇതിന് തുടക്കംകുറിച്ചത്. പശ്ചാത്തല സംഗീതോപകരണങ്ങൾക്ക് പ്രാധാന്യം നൽകിയാണ് കഥാപ്രസംഗത്തിന്റെ അവതരണം.
കഥാപ്രസംഗകരുടെ ഒരു കൂട്ടായ്മ ഇക്കാലത്തുണ്ടായതും അനുഗ്രഹമായി. കഥാപ്രസംഗകരുടെ പേരുകൾ ഒന്നുപോലും വിട്ടുപോകാതെ ലേഖകൻ എഴുതിയിട്ടുള്ളതിനാൽ ഈ ലേഖനത്തിന് ഒരു സമഗ്രതയുണ്ടെന്നും പറയണം. കഥാപ്രസംഗ കലയുടെ ആദ്യകാല ചരിത്രം മുതൽ ഒന്നും വിട്ടുപോകാതെ അവതരിപ്പിച്ചിട്ടുമുണ്ട്. കഥാപ്രസംഗരംഗത്തെ സിസ്റ്റേഴ്സും ബ്രദേഴ്സും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇരട്ട സഹോദരിമാർപോലുമുണ്ട്.
പ്രശസ്തരും അപ്രശസ്തരുമായ നൂറുകണക്കിന് കലാകാരന്മാരുടെ അധ്വാനഫലമാണ് ഇന്നു കാണുന്ന കഥാപ്രസംഗ കലയുടെ രൂപശിൽപം എന്നുതന്നെ പറയണം. ഈ കലയെ ഉണർത്തുകയും ഉയർത്തുകയും ചെയ്ത മഹാരഥന്മാരായ കാഥികരെ അവതരിപ്പിച്ച ലേഖകന് അഭിനന്ദനങ്ങൾ. ഈ കല നാശോന്മുഖമാകാതെ പരിപോഷിപ്പിച്ച് നിലനിർത്തുന്നതിൽ ആധുനിക കഥാപ്രസംഗ കലാകാരന്മാർക്കും സമൂഹത്തിനുമുള്ള പങ്ക് അതിപ്രധാനമാണുതാനും. വിവിധ കലകളുടെ സമഞ്ജസ സമ്മേളനമായ കഥാപ്രസംഗ കല മേൽക്കുമേൽ അഭിവൃദ്ധിപ്പെടുമെന്നുതന്നെ പ്രത്യാശിക്കാം.
(സദാശിവൻ നായർ,എരമല്ലൂർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.