ഭാഷയുടെ അതിരുകൾക്കപ്പുറത്തേക്ക് അക്ഷരങ്ങളെ അതിമനോഹരമായി കടത്തിക്കൊണ്ടു പോവുന്ന മൂന്ന് പ്രതിഭകളെകുറിച്ചുള്ള കവർസ്റ്റോറി (ലക്കം: 1376) അതി മനോഹര വായനാനുഭവമായി എന്നുപറയാതെ വയ്യ.
പല സന്ദർഭങ്ങളിലും മൂലഗ്രന്ഥകാരന്മാർ ആഘോഷിക്കപ്പെടുകയും വിവർത്തനം ചെയ്യുന്നവർ അവഗണിക്കപ്പെടുകയും ചെയ്യുന്ന വേദനിപ്പിക്കുന്ന വാർത്തകൾ പലപ്പോഴായി കേട്ട സാംസ്കാരിക കേരളത്തിന് മുന്നിൽ മൊഴിമാറ്റം ചെയ്യുന്ന മനുഷ്യരെ പുറംചട്ടയിൽതന്നെ ആഘോഷമായി അവതരിപ്പിച്ച ആഴ്ചപ്പതിപ്പ് അതിന്റെ വിപ്ലവബാല്യം കൈമോശം വന്നിട്ടില്ല എന്ന് ഒരിക്കൽകൂടെ തെളിയിച്ചിരിക്കുന്നു.
രണ്ടു സമൂഹങ്ങളെ സാഹിത്യംകൊണ്ട് ബന്ധിപ്പിക്കുന്ന മഹത്തായ പ്രവർത്തനം നടത്തുന്ന ഇത്തരം എഴുത്തുകാർക്ക് അർഹിക്കുന്ന പരിഗണന നൽകാൻ ഇനിയും സാംസ്കാരിക രംഗം വളരെ വളരെ മുന്നോട്ടു സഞ്ചരിക്കേണ്ടിയിരിക്കുന്നു.
മനുഷ്യാവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ടുകൊണ്ട് ഇന്ത്യൻ ജനതയുടെ മേൽ ജനാധിപത്യ മാർഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി അടിയന്തരാവസ്ഥ അടിച്ചേൽപിച്ചതിന്റെ അമ്പതാം വാർഷികത്തിൽ ആഴ്ചപ്പതിപ്പ് (ലക്കം: 1374) ആഴത്തിലുള്ള വായനക്ക് വിഭവങ്ങൾ ഒരുക്കി. അടിയന്തരാവസ്ഥയുടെ ഭീതിദ നാളുകൾ എ.കെ.ജി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന്റെ മൊഴിമാറ്റത്തിൽനിന്നും വായിച്ചെടുക്കാനായി. ജവഹർലാൽ നെഹ്റു കരുതലോടെ താലോലിച്ച ഇന്ത്യൻ ജനാധിപത്യത്തെയാണ് മകൾ ഇന്ദിര ഗാന്ധി അലങ്കോലമാക്കിയതെന്ന് ‘മറക്കരുത് ആ ദിനങ്ങൾ‘ എന്ന ലേഖനത്തിൽ സെബാസ്റ്റ്യൻ പോൾ പറയുന്നതിന് അടിവരയിടാം.
ഉരുക്കു വനിതയെന്ന് പരക്കെ അറിയപ്പെടുമ്പോഴും മകന്റെ ആജ്ഞാശക്തിക്കു മുന്നിൽ നിസ്സാഹയതയോടെ നിൽക്കേണ്ടിവന്ന ഒരമ്മയെയും ഇന്ദിര ഗാന്ധിയിൽ കാണാം. ഒരു പരിധിവരെ അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള അമ്മയുടെ വ്യഗ്രതയും കാണാതെപോയിട്ട് കാര്യമില്ല. ജനാധിപത്യ മാർഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം തെരഞ്ഞെടുത്തയച്ച ജനങ്ങളുടെ മേൽ ഒരു തത്ത്വദീക്ഷയുമില്ലാതെ കടന്നുകയറിയപ്പോൾ ബാലറ്റിന്റെ ശക്തിയെക്കുറിച്ച് ഓർക്കാതിരുന്നവർക്ക് പൊതുജനം അതിലൂടെതന്നെ രണ്ടു വർഷത്തിനുശേഷം മറുപടി കൊടുത്തു.
അമ്പതു വർഷങ്ങൾക്കിപ്പുറവും അതു മനസ്സിലാക്കാതെ പോയവർക്ക് 2024ലും ജനം അർഹിക്കുന്ന മറുപടി നൽകി, ബാലറ്റിലൂടെ തന്നെ. 1977ലേതുപോലെ അമ്പേ പരാജയപ്പെട്ടില്ലെങ്കിലും ‘തോറ്റതിനൊക്കുമേ ജയിച്ചെന്നിരിക്കിലും’ എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കാനായി. ജനാധിപത്യത്തിൽ സ്വേച്ഛാധിപതികളെ വാഴിക്കില്ല എന്നുറക്കെ പ്രഖ്യാപിക്കുന്നതായി 2024ലെ തെരഞ്ഞെടുപ്പു ഫലം. കഴിഞ്ഞ 10 വർഷമായി നിലനിന്നിരുന്നതെന്ന് ജനസാമാന്യം കരുതിപ്പോന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയോട് ജനം എങ്ങനെ പ്രതികരിച്ചു എന്നതിന്റെ പൊരുൾ ആഴ്ചപ്പതിപ്പ് തയാറാക്കിയ എല്ലാ ലേഖനങ്ങളിലും നിഴലിക്കുന്നുണ്ട്. സെബാസ്റ്റ്യൻ പോളിന്റെ അനുമതിയോടെ അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുക്കട്ടെ, മുന്നറിയിപ്പുകൾ അവഗണിക്കാനുള്ളതല്ല; ചുവരെഴുത്തുകൾ കാണാതിരിക്കാനുള്ളതുമല്ല. ജനാധിപത്യത്തെ ഹനിക്കുന്ന ഏതൊരു ഹീനപ്രവൃത്തിക്കും ജനത്തിന്റെ കൈയിൽ മറുപടിയുണ്ട്; അടിയന്തരാവസ്ഥക്കും.
ജാതിക്കോളനികളിലെ ജീവിതം (ലക്കം: 1375) വായിച്ചു. പട്ടികജാതിക്കാർപോലെ ഏറ്റവും താഴേത്തട്ടിൽ ഉള്ളവർക്ക് ഏറ്റവും ശക്തമായി തൂലിക ചലിപ്പിക്കുന്നത് കേരളത്തിൽ മാധ്യമം അല്ലാതെ മറ്റ് പ്രസിദ്ധീകരണങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല. ആയിരക്കണക്കിന് വർഷമായി സവർണ ബ്രാഹ്മണ ആധിപത്യത്തിന് കീഴിൽ കഴിയുന്ന ഈ ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങളുടെ പുരോഗതിക്ക് കാര്യമായി ഒന്നും സർക്കാർ ചെയ്തിട്ടില്ല. കേരളത്തിൽ മാത്രമേ പട്ടികജാതിക്കാർ ഇത്രയുമെങ്കിലും പുരോഗമിച്ചിട്ടുള്ളൂ. എങ്കിലും ഏക്കർ വസ്തു ഉള്ള ഒരു പട്ടികജാതിക്കാരനെങ്കിലും കേരളത്തിൽപോലും കാണുമെന്ന് തോന്നുന്നില്ല.
പട്ടികജാതിക്കാരനായ മന്ത്രി കെ. രാധാകൃഷ്ണന് നേരത്തേ കണ്ണൂർ ക്ഷേത്രത്തിലുണ്ടായ വിവേചനം വലിയ വാർത്തയായിരുന്നുവല്ലോ. കേരളത്തിൽ പട്ടികജാതിക്കാർ താമസിക്കുന്ന കോളനി, ഊര്, സങ്കേതം എന്ന് വിളിക്കുന്നത് അവസാനിപ്പിക്കാൻ ഉത്തരവിട്ടല്ലോ. എന്നാൽ, ഇതുകൊണ്ട് ഒന്നും പട്ടികജാതിക്കാരുടെ ദയനീയസ്ഥിതി മാറില്ല. ഒന്നരവർഷം മുമ്പ് എന്റെ വസ്തു പട്ടികജാതിയിൽപെട്ട കുട്ടപ്പൻ എന്നയാൾ എട്ടുലക്ഷം രൂപക്ക് വാങ്ങി. എന്നാൽ, ഇദ്ദേഹം
പട്ടികജാതിക്കാരൻ ആയിപ്പോയതിനാൽ ഇത് ഈ ജാതിക്കാരന് എന്തിന് കൊടുത്തു എന്നു ചോദിച്ച് രണ്ട് ഇൗഴവ സമുദായത്തിൽപെട്ടവർ എന്നെ കുറ്റപ്പെടുത്തി. പട്ടികജാതിയിൽപെട്ട നടൻ കലാഭവൻ മണിയുടെ സഹോദരൻ, നർത്തകൻ ഡോ. രാമകൃഷ്ണനെ കറുത്തവൻ, സൗന്ദര്യം ഇല്ലാത്തവൻ എന്നുപറഞ്ഞ് സവർണ സമുദായത്തിൽപെട്ട സത്യഭാമ ആക്ഷേപിച്ചത് വലിയ വാർത്തയായിരുന്നുവല്ലോ. ഇവയൊക്കെ രാജ്യത്തിന്റെ പുരോഗതിക്ക് വലിയ തടസ്സം നിൽക്കുന്നു.
ഈയിടെ പ്രസിഡന്റ് ദ്രൗപതി മുർമുവിന് (ആദിവാസി ആയിപ്പോയതിനാൽ) ഉണ്ടായ വിവേചനങ്ങൾ നമ്മൾ അറിഞ്ഞു. ഇതിൽ പറഞ്ഞപോലെ ആദിവാസികൾ താമസിക്കുന്ന സ്ഥലങ്ങളെ സ്വയം വിളിക്കുന്ന ‘ഊര്’ എന്ന പദം മാറ്റാനുള്ള നിർദേശം രാഷ്ട്രീയമായി തെറ്റാണ്. പട്ടികജാതിക്കാർക്കു വേണ്ടി ശബ്ദിക്കാൻ രാജ്യത്ത് കാര്യമായി ആരുമില്ല. 25 ശതമാനം വരുന്ന ഇവർ ഉയർന്ന് മുഖ്യധാരയിൽ എത്തുന്നത് സവർണ ഭരണവർഗം ഇഷ്ടപ്പെടുന്നില്ല. ഇപ്പോൾ 2014 മുതലുള്ള ബി.ജെ.പി സർക്കാർ കോടീശ്വര കോർപറേറ്റുകൾക്ക് എല്ലാം വാരിക്കോരിക്കൊടുക്കുന്നു. ഇവിടെ വന്ന് മതം മാറിയത് (ഇസ്ലാം, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്) 75 ശതമാനവും പട്ടികജാതിക്കാരാണ് എന്നു മാത്രമല്ല, പട്ടികജാതിക്കാർക്ക് തങ്ങളുടെ സമുദായം പറയാൻ മടിയുമാണ്. നായർ എന്നും മറ്റുമുള്ള ഉയർന്ന ജാതിപ്പേർ പറയുന്ന അനുഭവമുണ്ട്. കേരളത്തിലും ഇന്നുവരെ പട്ടികജാതി മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഇതുപോലുള്ള ‘മാധ്യമ’ത്തിൽ വരുന്ന പംക്തികൾ പട്ടികജാതിക്കാരുടെ ഉയർച്ചക്ക് നടപടിയെടുക്കാൻ സർക്കാറിനെ പ്രേരിപ്പിക്കും എന്ന് കരുതാം.
കഥാപ്രസംഗ കലയെ പുനരുജ്ജീവിപ്പിക്കണമെന്ന് കെ.പി. മുഹമ്മദ് ഷെരീഫ് കത്തിൽ എഴുതി. ഈ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു. കാരണം സാധാരണക്കാരായ ജനങ്ങളുടെ ഭാവനയെ ഉണർത്തുന്ന ഒരു ജനകീയ കലയാണ് കഥാപ്രസംഗം. എല്ലാ കലകളുടെയും സമ്മേളനമാണ് കഥാപ്രസംഗം എന്നും പറയാം.
ഒരു ഒറ്റയാൾ കലാപ്രകടനം. സംഗീതത്തിനും കഥപറച്ചിലിനും മിത പ്രാധാന്യമാണ് നൽകുന്നത്. കഥാപ്രസംഗകൻ നല്ല അഭിനേതാവുകൂടിയാകണം എന്ന കാര്യത്തിലും എതിരഭിപ്രായമില്ല. കഥ അഭിനയത്തിലൂടെ പ്രകടിപ്പിക്കുകയാണ്. കഥാപാത്രങ്ങളെ യഥോചിതം ഭാവനാപൂർണമായി കാഥികൻ രംഗത്ത് അവതരിപ്പിക്കുമ്പോൾ കഥാപാത്രങ്ങളായി അഭിനയിച്ചെങ്കിലേ കഥക്ക് സ്വാഭാവികതയും മിഴിവും വിശ്വാസ്യതയും കൈവരുകയുള്ളൂ.
സാംബശിവൻ കഥാപാത്രങ്ങളായി അഭിനയിച്ചു ഫലിപ്പിക്കുന്നത് നമ്മൾ എത്രയോ സ്റ്റേജുകളിൽ കണ്ടിട്ടുണ്ട്. അദ്ദേഹം കഥപറയാൻ തുടങ്ങിയാൽ സദസ്യർ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നതിന്റെ അർഥവും കാരണവും ഇതുതന്നെയാണ്. അദ്ദേഹം അപ്പോൾ കഥാപാത്രങ്ങളായി നിറഞ്ഞാടുകയാണ് ചെയ്യുന്നത്. ശബ്ദത്തിലും വേണ്ടത്ര മാറ്റങ്ങൾ വരുത്തിയാണ് അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനങ്ങൾ ആവശ്യമായ സന്ദർഭത്തിൽ മാത്രമേ ചേർത്തിരുന്നുള്ളൂ. അത് കാഥികൻ രൂപകൽപന ചെയ്ത ഗാനങ്ങൾ മാത്രം. ഒരു സിനിമ കാണുന്ന അനുഭവംതന്നെയാണ് സാംബശിവന്റെ കഥപറച്ചിലിൽ അനുഭവപ്പെടുന്നത്. മൂന്ന് മണിക്കൂർ കടന്നുപോകുന്നത് അറിയുകയേയില്ല. ആരും ഇടക്ക് എഴുന്നേൽക്കുകപോലുമില്ല. കഥ കേൾക്കാൻ ദത്തശ്രദ്ധരായി സദസ്യർ നിശ്ശബ്ദരായി ഇരിക്കുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ഒരു അപശബ്ദവും സാംബശിവന്റെ കഥ സശ്രദ്ധം കേട്ടിരിക്കുന്നവരിൽനിന്ന് ഒരിക്കലും ഉണ്ടായിട്ടുമില്ല. ഈ രംഗത്തുണ്ടായ എല്ലാ പ്രമുഖരായ കാഥികരുടെ പേരുകളും സഖരിയ തങ്ങൾ പറഞ്ഞിട്ടുണ്ട്.
ഉത്സവപ്പറമ്പുകളെ സാംബൻ തന്റെ കഥാപ്രസംഗംകൊണ്ട് അനുഗ്രഹിക്കുകയാണുണ്ടായത്. എല്ലാ വേദികളിലും അദ്ദേഹം തികഞ്ഞ വിജയമായിരുന്നു. സാംബശിവനെ പിന്തുടർന്ന് കഥാപ്രസംഗം വിജയകരമാക്കിയ പല കാഥികന്മാരും പിന്നീടുണ്ടായതും സാംബശിവനെ അനുകരിച്ചുകൊണ്ടാണ്. കഥാപ്രസംഗ കലയിൽ അവസാന വാക്കായിരുന്നു സാംബശിവൻ. മറ്റു എത്രയോ കഥാപ്രസംഗ പ്രതിഭകൾ പിന്നീടുണ്ടായതും സാംബനിൽനിന്ന് പ്രചോദനം നേടിയാണ്. ആദ്യകാല കാഥികന്മാരെയും ഈ സന്ദർഭത്തിൽ മറന്നുകൂടാ.
അവരെല്ലാം കഥാപ്രസംഗത്തിന് അവരുടേതായ സംഭാവനകൾ നൽകിയവരാണ്. സത്യദേവൻ മുതൽ കൈമാപ്പറമ്പൻ, കെ.കെ. വാധ്യാർ, എം.പി. മന്മഥൻ, കെടാമംഗലം സദാനന്ദൻ തുടങ്ങിയ അനുഗൃഹീത കഥാപ്രസംഗകർ ഈ രംഗത്തെ പേരുകേട്ട നാമധേയങ്ങളാണ്. സഖരിയ തങ്ങൾ എഴുതിയ ലേഖനം കഥാപ്രസംഗത്തിന് പരിപൂർണത നൽകിയ ചരിത്രരേഖയായിരുന്നു. ഈ ചരിത്രം വായിച്ചപ്പോൾ മിക്ക കാഥികരെയും ഓർമവരുകയും ചെയ്തു. ആദ്യകാലം മുതൽ കഥകേൾക്കുന്ന ഒരു സഹൃദയനാണ് ഞാൻ എന്ന് വിനയപൂർവം അറിയിക്കുന്നു. ഇപ്പോഴത്തെ അനുഗൃഹീത കാഥികരെയും ഒരിക്കലും വിസ്മരിക്കാനാവില്ല. അവരെല്ലാം കഥാപ്രസംഗത്തിന് വലിയ സംഭാവന നൽകിവരുന്നു. ഈ കല ഒരിക്കലും നശിക്കരുത് എന്നാണ് മുഹമ്മദ് ഷെരീഫിനെപ്പോലെ എല്ലാ കലാസ്നേഹികളും ആഗ്രഹിക്കുന്നത്.
‘വീണ്ടും പ്രഭാത’ത്തെ കുറിച്ചുള്ള വിശകലനത്തില്‍ ശ്രീകുമാരന്‍ തമ്പി, ഗായകന് ടി.എസ്. ശശിധരനെക്കുറിച്ചുള്ള വിശദീകരണത്തില്‍ അടൂര്ഭാസിക്കുവേണ്ടി ‘‘എന്റെ വീടിനു ചുമരുകളില്ലാ’’ (1973) പാടിയ ടി.എസ്. ശശീധരനാണ് ‘‘അഭിലാഷ മോഹിനീ...’’ എന്ന ‘ഭാര്യയില്ലാത്ത രാത്രി’യിലെ (1975) ഗാനവുംകൂടി പാടിയതെന്നും പിന്നീടദ്ദേഹം പേരുമാറ്റി ശ്രീകാന്ത് എന്ന പേരില്‍ പാടിത്തുടങ്ങി എെന്നഴുതിയതും ശരിയല്ല.
‘വീണ്ടും പ്രഭാത’ത്തില്‍ പിന്നണി പാടിയ ടി.എസ്. ശശിധരനും ‘‘അഭിലാഷമോഹിനി’’ എന്ന ഗാനം പാടിയ ശശിധരനും വ്യത്യസ്തരായ രണ്ടു പേരാണ്. അടൂര്ഭാസിക്കുവേണ്ടി ‘വീണ്ടും പ്രഭാത’ത്തില്‍ പാടിയ ടി.എസ്. ശശിധരന് ആ ഒരൊറ്റ ഗാനത്തോടെ പിന്നണി പാടല്‍ നിര്‍ത്തി കോളജ് അധ്യാപകന്റെ ജോലി നേടി. ജോലിക്കിടയില്‍ ആദ്യകാലത്ത് ഗാനമേളകളുമായി കഴിഞ്ഞു.
രണ്ടാമത്തെ ശശിധരന്റെ പേര് മാറ്റിയത് ദേവരാജനാണ്. ‘‘ഇവിടെ പിന്നണിഗാനരംഗത്ത് രണ്ടാമതൊരു ശശിധരന് വേണ്ട, നീ നിന്റെ പേര് ശ്രീകാന്ത് എന്നാക്കി പാടാന്‍ തുടങ്ങ്.’’ അതിന്‍പ്രകാരം ദേവരാജനാണ് രണ്ടാം ശശിധരന്റെ പേരുമാറ്റി ശ്രീകാന്ത് എന്നാക്കിയതും അതേ പേരില്‍ കുറെ ഹിറ്റ് ഗാനങ്ങള്‍ പാടിയതും. ഇദ്ദേഹത്തിന് സംഗീത നാടക അക്കാദമി ഈ വര്‍ഷത്തെ ഗുരുപൂജ നല്കി ആദരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.