ആഴ്ചപ്പതിപ്പിൽ കുരീപ്പുഴ മാഷ്, കവി ബാലഗോപാലൻ കാഞ്ഞങ്ങാടുമായി നടത്തിയ സംഭാഷണം (ലക്കം: 1378) കാവ്യവിചാരങ്ങളാൽ സമ്പന്നവും മാഷിന്റെ കാവ്യലോകത്തിലേക്ക് അനായാസമായി കയറിച്ചെല്ലാൻ തുറന്നുകിടക്കുന്ന വാതിലുകളുടെ ക്ഷണവുമായിരുന്നു.
ഒപ്പം, അദ്ദേഹം സമകാല ദേശീയ/ പ്രാദേശിക രാഷ്ട്രീയത്തെയും നിരീക്ഷിക്കുന്നുണ്ട്. എഴുത്തുകാരുടെ നിലപാടുകൾ എന്തായിരിക്കണമെന്നും എഴുത്തുകാരുടെ ഭദ്രമല്ലാത്ത ഇടത്തെക്കുറിച്ചും ചൂണ്ടിക്കാണിക്കുമ്പോൾ അദ്ദേഹം എറണാകുളം പുത്തൻകുരിശ് വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിനെക്കുറിച്ചും പിന്നീട് മാഷ് ക്ഷണിതാവായ പല സമ്മേളനങ്ങളിലും വടയമ്പാടി ജാതിമതിൽ വിരുദ്ധ സമരത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നതിൽ പ്രകോപിതരായ വർഗീയ രാഷ്ട്രീയത്തിന്റെ ആൾക്കൂട്ടം അദ്ദേഹത്തെ ശാരീരികമായി ആക്രമിച്ചതിനെക്കുറിച്ചും പറയുന്നുണ്ട്.
പലതരം മേനിനടിക്കലുകൾ ടാഗ് ലൈനായി ഓടുന്ന ജാതികേരളത്തിന്റെ വേവ് കൃത്യമായി മനസ്സിലാക്കിത്തന്ന വറ്റായിരുന്നു വടയമ്പാടി ജാതിമതിലും അതിനോട് മുഖ്യധാരാ കേരളം ഇടപെട്ട രീതിയും. വടയമ്പാടി ജാതിമതിൽ വിരുദ്ധ സമരവേദിയിൽ കവി കുരീപ്പുഴ ശ്രീകുമാർ പങ്കെടുത്ത് സംസാരിച്ചപ്പോൾ ഉണ്ടായ സാംസ്കാരിക ഉണർവും മുന്നേറ്റവും വളരെ വലുതായിരുന്നു. തീർച്ചയായും ജാതിവാദികൾ ഒത്തുചേർന്ന് വോട്ടുബാങ്കിനെ ആശ്രയിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ ഒക്കെ വിറളി പിടിപ്പിച്ചു.
വടയമ്പാടി സമരത്തിൽ ആദ്യന്തം പങ്കെടുക്കുകയും കേരളത്തിലെ കവികളെ പങ്കെടുപ്പിച്ചുകൊണ്ട് സമരമുഖത്ത് ഒരു കാവ്യൈക്യത്തിനുള്ള ശ്രമത്തിൽ പങ്കാളിയാവുകയും സമരത്തിലെ ദൈനംദിന സാക്ഷിയാവുകയും ചെയ്ത വ്യക്തി എന്നനിലയിൽ മാഷിന്റെ അഭിപ്രായത്തിൽ ഇടപെട്ട് ചിലത് വേറിട്ടു കൂട്ടിച്ചേർക്കാനുണ്ട്.
ഹിന്ദുത്വവാദികളെപ്പോലെ തന്നെ അന്ന് കേരളത്തിലെ ഭരണകക്ഷിയായിരുന്ന സി.പി.എമ്മിന്റെ എറണാകുളം ജില്ല സെക്രട്ടറിയും (ഇപ്പോൾ വ്യവസായ മന്ത്രിയായ പി. രാജീവ്) സമരവിരുദ്ധ വികാരത്തെ വടയമ്പാടിയിലെ മണ്ണിൽ വന്ന് ഉറക്കെ പ്രസംഗിച്ചത് ഓർക്കുന്നു. കാക്കയുടെയും കുയിലിന്റെയും ഒരേ നിറമുള്ള തൂവലുകൾ..,
സി.പി.എം എറണാകുളം ജില്ല ഘടകം തങ്ങൾ ജാതിമതിൽ വിരുദ്ധ സമരമാണ് നടത്തുന്നതെന്ന് വ്യാജ പ്രതിച്ഛായ പ്രസരിപ്പിച്ചുകൊണ്ടാണ് വടയമ്പാടി സമരത്തെ കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത്. അത് അങ്ങനെ ആകാതെ തരമില്ലല്ലോ. വടയമ്പാടി ദലിത് കോളനിയിലെ സമരത്തിലുള്ള ജനങ്ങളുമായി പാർട്ടി ഇടപെട്ടിരുന്നില്ല. നിയമംമൂലം നിരോധിച്ച അയിത്തത്തെ ഒരു സമൂഹത്തിനുമേൽ പ്രയോഗിക്കുന്ന കൂട്ടരെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല സമരം; ഭരണകൂടത്തിന്റെ ഒത്താശയോടെ പൊതുമുതൽ കൈക്കലാക്കുന്ന പകൽക്കൊള്ളയും സമരത്തിന്റെ വിഷയമായിരുന്നു.
സമരം ദേശീയശ്രദ്ധ ആകർഷിച്ച ഘട്ടത്തിൽ പുരോഗമന മുഖം മിനുക്കാനുള്ള വിശദീകരണ ഫേഷ്യൽ മാത്രമായിരുന്നു പി. രാജീവിന്റെ സാന്നിധ്യം. ജാതിമതിൽ പടുത്തുയർത്തിയ ശൂദ്ര ഹൈന്ദവതയുടെ മനോഭാവത്തെ പിന്തുണക്കുന്ന നിലപാടായിരുന്നു അന്തർധാര. വടയമ്പാടി ചൂണ്ടി ജങ്ഷനിൽ 2018 ഫെബ്രുവരിയിൽ നടന്ന സ്വാഭിമാന കൺവെൻഷനിൽ പങ്കെടുത്ത കേരളത്തിലെമ്പാടുനിന്നും വന്ന സമര പോരാളികൾക്കുമേൽ കേരള പൊലീസ് ചുമത്തിയ കള്ളക്കേസ് ഇന്നും പിൻവലിച്ചിട്ടില്ല; അവ കോടതിയിൽ വിചാരണയിലുമാണ്. എന്നാൽ, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശൂദ്ര വർഗീയവാദികൾ നടത്തിയ നാമജപഘോഷയാത്രക്കെതിരെയുള്ള കേസുകൾ ഒന്നടങ്കം സർക്കാർ പിൻവലിച്ചിട്ടുമുണ്ട്. അന്നത്തെ സി.പി.എം എറണാകുളം ജില്ല സെക്രട്ടറി പി. രാജീവും അദ്ദേഹത്തിന്റെ പാർട്ടിയും ഏത് ഭാഗത്താണ് നിൽക്കുന്നതെന്ന് വ്യക്തമാണല്ലോ. നിറത്താൽ കുയിലും കാക്കയും ഒരേ തൂവൽപക്ഷികളാണ്.
സമരകാലത്ത് ജനുവരി 26, റിപ്പബ്ലിക് ദിനത്തിൽ ‘റിപ്പബ്ലിക്കിൽ ഇടമില്ലാത്തവർ’ എന്ന ശീർഷകത്തിൽ നടത്താൻ ഉദ്ദേശിച്ച കവിയരങ്ങിലേക്ക് കേരളത്തിലെ ഒട്ടുമിക്ക കവികളെ ബന്ധപ്പെട്ടെങ്കിലും ആശാലത, അരുൺ ജി.എം, പ്രശാന്ത് എ.ബി എന്നിവർ മാത്രമാണ് കവിതയുമായി സമരത്തോട് ഐക്യപ്പെട്ടത്. അരുണും പ്രശാന്തുമാകട്ടെ ആദ്യന്തം സമരത്തിനൊപ്പം ആയിരുന്നുതാനും.
വീണ്ടും വടയമ്പാടി ജാതിമതിൽ വിരുദ്ധസമരത്തെ/ ജാതികേരളത്തെ/പൊതുമുതൽ കൊള്ളയടിച്ച ശൂദ്രാധികാരത്തെ, പൗരസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന കുരീപ്പുഴ മാഷിന് അഭിവാദ്യങ്ങൾ.
(അജിത് എം. പച്ചനാടൻ)
സബ് ജയിലിൽനിന്ന് മോനായി സഖാവിനെ കോടതിയിൽ ഹാജരാക്കുന്ന ദിവസം കൂടെയുണ്ടാകണമെന്ന് റൂറൽ എസ്.പിയുടെ നിർദേശം വന്നപ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല എന്ന് പറഞ്ഞാണ് മാധ്യമം ആഴ്ചപ്പതിപ്പിലെ ജോജിയുടെ കഥ ‘വിപിനം’ (ലക്കം: 1374) ആരംഭിക്കുന്നത്. 94 വയസ്സുള്ള മോനായി സഖാവിന്റെ കഥ തികച്ചും സാങ്കൽപികമല്ല. വായനക്കാർ നേരിട്ടറിയുന്ന മോനായി സഖാവിന്റെ ദൗത്യങ്ങൾ യഥാർഥ സംഭവങ്ങൾ എന്ന് തോന്നിപ്പിക്കുന്നു. കഥ വായനക്കാരോട് ആഴത്തിൽ സംവദിക്കുന്നതാണ്.
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട ചേർത്ത് വായിക്കപ്പെട്ട കഥയുടെ ക്ലൈമാക്സിൽ മോനായി സഖാവിന്റെ പറച്ചിൽ വായനക്കാരെ അസ്വസ്ഥമാക്കുന്നു. 94 വയസ്സുവരെ ജീവിച്ചുതീർത്ത ഒരു മനുഷ്യന്റെ മുഴുവൻ തോൽവികളും അടിഞ്ഞുകൂടിയിരുന്ന ആഴത്തിലുള്ള വിഷാദം വായനക്കാരുടെ ഉള്ളുലയ്ക്കും.
കഥാപാത്രങ്ങളുടെ മനസ്സിലൂടെ യാത്രചെയ്യാനുള്ള കഥാകൃത്തിന്റെകഴിവ് പ്രശംസനീയമാണ്. ഉള്ളിലേക്ക് നോക്കുന്ന നല്ല കഥ, നല്ല ഭാഷ, ശൈലി, മനോഹരമായ എഡിറ്റിങ്. ജീവന്റെ തുടിപ്പുള്ള കഥാപാത്രങ്ങളിലൂടെ വായനക്കാരെ കൂട്ടി ഇനിയും കഥ പറയാൻ കഴിയട്ടെ. ഹൃദയപൂർവം ആശംസകൾ.
(സന്തോഷ് ഇലന്തൂർ)
മാധവൻ പുറച്ചേരിയുടെയും ഡി. അനിൽകുമാറിന്റെയും മൂന്നു കവിതകളാണ്, കൈയിലെത്തിയ മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1377) ചൂടോടെ വായിച്ചത്. ഡേറ്റയിൽ ജനിച്ച് ചിന്തയിൽ മാത്രം നിലനിന്ന് പുതുകാലത്ത് പുലരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്ന യാഥാർഥ്യത്തെപ്പറ്റി വിവരിക്കുന്ന കവിതയാണ് മാധവൻ പുറച്ചേരിയുടെ ‘കോർട്ടിൽ’. എ.ഐകൊണ്ട് ഭാഷകൾ അനായാസം മൊഴിമാറ്റംചെയ്യാമെങ്കിലും ഇംഗ്ലീഷ് വാക്കുകൾ അറിഞ്ഞിരുന്നാലേ എ.ഐ നന്നായി കൈകാര്യംചെയ്യാൻ കഴിയൂ എന്നുകൂടി പറയാനാണ് ‘കളിക്കളത്തിൽ’ എന്നതിന് പകരം ‘കോർട്ടിൽ’ എന്ന ശീർഷകത്തിൽ തന്നെ കവിത എഴുതിയതെന്ന് മനസ്സിലാക്കുന്നു.
പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന നിർമിതബുദ്ധികൊണ്ട് വളരെ ഇണക്കത്തോടെ ഷട്ടിൽ കളിക്കളത്തിൽ അഭിമാനത്തോടെ കളിക്കുന്നിടത്ത് സാങ്കേതികവിദ്യയുടെ പുതിയരൂപം മനുഷ്യജീവിതത്തിൽ എത്ര ആഴത്തിലും വ്യാപ്തിയിലും ആയാസത്തിലും ലയിച്ചുചേർന്നിരിക്കുന്നു എന്ന് ‘കോർട്ടി’ലൂടെ കവി കാണിച്ചുതരുന്നു.
മനുഷ്യമനസ്സിന്റെ അപാരമായ കഴിവുകളിലൊന്നാണ് ചിന്താമണ്ഡലത്തിൽ സങ്കൽപങ്ങളുടെ മായാലോകം സൃഷ്ടിച്ച് വിഹരിക്കുകയെന്നത്. എന്നാൽ, അതിനൊപ്പം തോളോടുതോൾ ചേർന്ന് സാങ്കേതികവിദ്യയും വിഷ്വൽ ഇഫക്ട്സും ഓഗ്മെന്റഡ് റിയാലിറ്റിയും ഡേറ്റ ശേഖരങ്ങളും ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റിയും ക്ലൗഡ് സ്റ്റോറേജുമെല്ലാം ചേർന്ന വെർച്വൽ ലോകവുമായി സമന്വയിപ്പിക്കുമ്പോൾ... എല്ലാം പ്രാപ്യമാകുന്ന ഒരു അവിശ്വസനീയ ലോകത്തേക്ക് മനുഷ്യൻ എത്തപ്പെടുന്നു. അതിൽ അത്ഭുതവും ആശങ്കയും ഒരുപോലെ നിലനിൽക്കുന്നുണ്ട്.
അടുത്തകാലത്ത് എന്റെ ഇഷ്ട ഗെയിമായ ചെസ് മൂന്നുമാസംകൊണ്ട് ഇരുനൂറ് രാജ്യക്കാരുമായി ഏറെ ആവേശത്തോടെ, 1500ൽപരം ഗെയിമുകൾ കളിക്കുകയുണ്ടായി. ഇടകലർന്ന ജയവും പരാജയവും ഉണ്ടായിരുന്നത് ഒരു മായാലോകത്തായി അനുഭവപ്പെട്ടതിനാൽ രണ്ടും സ്വീകരിക്കാനോ തള്ളിക്കളയാനോ ഒരു പ്രയാസവും ഉണ്ടായില്ല. അനന്തമായ സാധ്യതകളുടെ നടുവിൽ ആപ് ഡിലീറ്റാക്കി സമയം ഇനി അതിന് നൽകേെണ്ടന്ന ബോധപൂർവമായ തീരുമാനത്തിലെത്തിയതിനാൽ വായിക്കാനും എഴുതാനുമുള്ള സമയം തിരിച്ചുകിട്ടി! കൃത്രിമ ലോകത്തെ ഇല്ലാത്ത വിജയ പരാജയങ്ങളിൽനിന്നും അകലം പാലിക്കാനായതും ഈ കവിതയോട് ചേർത്തുവായിക്കാതിരിക്കാൻ എനിക്കാവുന്നില്ല.
പലതവണ എല്ലാം അവസാനിച്ചാലും വീണ്ടും ലൈഫ് തിരിച്ചുകിട്ടുന്ന വെർച്വൽ ഗെയിമല്ല ജീവിതമെന്ന് ആരെങ്കിലും മറന്നുപോയാലുള്ള അവസ്ഥയെ ഭയപ്പെടുന്നുണ്ട്. പരാജയത്തിലും വിജയത്തിലും പ്രത്യേകിച്ച് റിയാലിറ്റി ഫീലിങ്ങില്ലാത്ത നിർമിതബുദ്ധിയുടെ ഗുണദോഷങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ കവിയും ഉയർത്തുകയാണിവിടെ. “ചരിത്രം തൊട്ടിടാതെ/ മൃത്യുരഹിതൻ വന്നു.../ പതുക്കെ പതുക്കെയെൻ/ മുതുകിൽ വരയ്ക്കുമോ?’’ ലോകംതന്നെ അതിന്റെ കാൽക്കീഴിൽ വെച്ചുകൊടുക്കേണ്ടിവരുമോ എന്നും കവി ചോദിക്കാനും ഉണർത്താനും മടിക്കുന്നില്ല.
എന്നാൽ, മനുഷ്യർ എഴുതിച്ചേർത്തുകൊണ്ടിരിക്കുന്ന ഡിജിറ്റൽ അക്ഷരങ്ങൾ, അക്കങ്ങൾ, അൽഗോരിതങ്ങൾ, കോഡിങ്ങുകൾ, ചിപ്പുകൾ എല്ലാം ചേർന്ന് ചിന്തയും ആശയങ്ങളും ബുദ്ധിയും രൂപപരിണാമം പ്രാപിച്ച് പ്രാപിച്ച് ഭരണഘടനയുണ്ടാക്കി ലോകത്തെ അടിമകളാക്കാൻ ഇരുമ്പ്, ചെമ്പ്, അലൂമിനിയം തുടങ്ങി വിവിധ ലോഹങ്ങളുടെയും പ്ലാസ്റ്റികിന്റെയും നിർമിത മനസ്സ് പ്രാപ്തമാകില്ലെന്ന് ആശിക്കാനും ഇന്നത്തെ കയ്പ് രസം വരുംനാളിൽ അതിമധുരമാകുമെന്നും കണ്ണടച്ചു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്, മനുഷ്യന്റെ ഇതുവരെയുള്ള കണ്ടുപിടിത്തങ്ങളിൽ ചിലത് അണുബോംബും മിസൈലും രാസായുധങ്ങളുംപോലെ മാരകവും വിനാശകരവും മനുഷ്യത്വരഹിതവുമാണെന്ന് തെളിഞ്ഞിട്ടുള്ളതിനാൽ.
“ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക; ആകാശത്തുള്ളവന് നിങ്ങളോട് കരുണ കാണിക്കും.” മുഹമ്മദ് നബി പറഞ്ഞ ഒരു മഹത്തായ വചനമാണിത്. ഭൂമിയിൽ മനുഷ്യർ അനുഭവിക്കുന്ന സകല വിഭവങ്ങളും ഈശ്വരന്റെ ഔദാര്യവും കാരുണ്യവും ആയിരിക്കെ, അവ ശേഖരിക്കാനും അനുഭവിക്കാനും ഭാഗ്യം ലഭിച്ചവർ അവരുടെ സഹജീവികളുമായി പങ്കുവെക്കാൻ ബാധ്യസ്ഥരാണ്. ഉദ്ബോധനങ്ങളിലും പ്രവാചകത്വത്തിലും വിശ്വാസമില്ലാത്തവരാണെങ്കിൽപോലും തള്ളിക്കളയാനാകാത്ത ഒാരോ മനുഷ്യന്റെയും ഉൾവികാരമാണത്. മനുഷ്യനാകലാണത്.
ഡി. അനിൽ കുമാറിന്റെ ‘അലിവ്’ എന്ന കവിതയിലൂടെ മനോഹരമായി ആവർത്തിക്കുന്ന പ്രബോധനം മറ്റൊന്നുമല്ല, സഹജീവികളോട് കരുണ ചെയ്യുക എന്നതു തന്നെയാണ്. സാധാരണ കവിതകളിൽ വിടപറഞ്ഞ ആത്മാക്കൾക്ക് മോക്ഷം ലഭിക്കാനായി ഉരുളയുരുട്ടി പിണ്ഡംവെച്ച് കാക്കകളെ കൈകൊട്ടി വിളിക്കുന്നതിനു പകരം ഒരുപിടി ചോറ് തരുന്ന കാരുണ്യവതിയായ അമ്മയോട് യാചിച്ചു മേടിക്കുകയും അതുരുട്ടി വിശന്നുവലയുന്ന പ്രാണികൾക്ക് കൊടുത്ത് തീറ്റിക്കുകയും ചെയ്യുന്ന ഒരു മഹാമനുഷ്യനെ കവിത പരിചയപ്പെടുത്തുന്നു. അത് വായനക്കാരിലുണ്ടാക്കുന്ന അലിവും കാരുണ്യവും ആ മനുഷ്യനും അമ്മയും കഥപറഞ്ഞ കവിയും അനുഭവിച്ചതിന് ഒരു നെന്മണി തൂക്കം കൂടുതലായിരിക്കാം. നിത്യവും ഉച്ചക്ക് പാചകം കഴിയുന്ന സമയത്ത് അടുക്കളമുറ്റത്ത് ഭാര്യ നൽകുന്ന ഭക്ഷണത്തിനായി കൃത്യമായെത്തുന്ന രണ്ട് ഡസനോളം കാക്കകളും രണ്ട് ചെമ്പോത്തും നാല് കാടുമുഴക്കിയും എന്റെ മനസ്സിലും പറന്നെത്തി, നോൺവെജ് ഇല്ലാത്ത ദിവസത്തെ അവരുടെ സങ്കടം അവൾ തിരിച്ചറിയുന്നതും.
രണ്ടു കവിതകളിൽ ‘മരണശേഷത്തിൽ’ കവി ചോദിക്കുന്നു: “എല്ലാ മനുഷ്യര്യം ഭൂമിയിൽനിന്നും പോകുന്നു/ വൈകാതെ നമ്മളും പോകും/ അപ്പോൾ നമ്മൾ കണ്ട സ്വപ്നങ്ങളെ/ മാത്രമായിരിക്കുമോ കൊണ്ടുപോവുക?’’ എപ്പോളാണെന്ന് അറിയാത്തതിന്റെ വിഷമവും എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന ഉറപ്പുമുള്ളതുമായതിനാൽ ഒരാളുടെ ജീവിതത്തിൽ കൃത്യമായി ഇൻഷുറൻസ് എടുക്കാൻ സാധിക്കുന്ന ഒരു ഇനമാണ് മരണം. പക്ഷേ, കവി ഇവിടെ പറയുന്നത് മരണശേഷമുള്ള ബന്ധുക്കളുടെ ജീവിതത്തെ കുറിച്ചല്ല. സ്വന്തം മരണാനന്തര ജീവിതത്തിന് തുണയായി എന്താണ് കാത്തുവെച്ചിട്ടുള്ളത് എന്നാണ്. അത് കോടികളുടെ സമ്പത്തും ആൾബലവും കവിതാ സമാഹാരങ്ങളോ ഡോക്ടറേറ്റോ ഒന്നുമല്ല, “മൂന്നുനേരവും വീട്ടിൽ ചോറിനായി വരുന്ന/ ഒരു പൂച്ചയുടെ ആത്മാവിനെ മാത്രം/ ഞാൻ കൊണ്ടുപോകും.’’
പണത്തിനും സമ്പത്തിനും സ്വർഗവും ആനന്ദവും നൽകാൻ കഴിയില്ലെന്നും ഉള്ളിലെ കാരുണ്യവും അലിവും നമ്മൾ കാണിച്ച സഹജീവി സ്നേഹവുമാണ് യഥാർഥ സ്വത്തുക്കളെന്നും അവ മതി സ്വർഗം ലഭിക്കാനെന്നും കവി ഉറപ്പിച്ചു പറയുന്നത് കേൾക്കുക: “അവനൊപ്പം ആനന്ദതുന്ദിലനായി ജീവിക്കും.”
(അഷ്റഫ് ബാവ അകത്തൂട്ട്, കോതമംഗലം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.