സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനവും ചൂഷണവും വിവരിച്ചുകൊണ്ടും ഡബ്ല്യു.സി.സി കഴിഞ്ഞ ഏഴര വർഷമായി നടത്തിവന്ന പരിശ്രമങ്ങൾ വിശദീകരിച്ചും ദീദി എഴുതിയത് (ലക്കം: 1384) വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും പ്രശസ്തിയുമുള്ള, സംഘടിതരായ, സ്ത്രീകൾക്കുപോലും നീതി എത്രയോ അപ്രാപ്യമാണ് എന്നത് വെളിവാക്കുന്നു.
ഒരു സ്ത്രീ, ഓരോ തവണയും തനിക്കുവേണ്ടി നിലകൊള്ളുമ്പോൾ, ഒരുപക്ഷേ, സ്വയം അറിയാതെതന്നെ, അവകാശവാദം ഉന്നയിക്കാതെതന്നെ, അവർ എല്ലാ സ്ത്രീകൾക്കും വേണ്ടി നിലകൊള്ളുന്നു എന്ന മായാ ആഞ്ചലോയുടെ വാക്കുകൾ ഡബ്ല്യു.സി.സിയുടെ പരിശ്രമങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതും ഇപ്പോൾ നടക്കുന്ന സിനിമാ മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകളും ഉന്നത പദവികളിൽനിന്ന് പുരുഷന്മാരുടെ രാജികളും എ.എം.എം.എയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി തന്നെ പിരിച്ചുവിട്ടതും സംബന്ധിച്ച സോഷ്യൽ മീഡിയ പോസ്റ്റുകളിൽ എടുത്തുപറയുന്നുണ്ട്. 2017ൽ നടി ആക്രമിക്കപ്പെട്ടതും അവർ കേസുകൊടുത്തതും ഡബ്ല്യു.സി.സി രൂപവത്കൃതമായതും തുടർന്ന് അംഗങ്ങൾ നടത്തിയ ശ്രമങ്ങളുമാണ് ഇവ്വിധം മലയാള സിനിമയിലെ പുരുഷാധിപത്യത്തെ തുറന്നുകാട്ടാൻ സാഹചര്യം ഒരുക്കിയത്.
സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ഗുസ്തി താരങ്ങൾ ഒപ്പം ചേർന്നും ദേശീയതലത്തിൽ സ്പോർട്സ് മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ സ്ത്രീകൾ നടത്തുന്ന ചെറുത്തുനിൽപും നമ്മുടെ മുന്നിലുണ്ട്. ബിഷപ് ഫ്രാങ്കോക്ക് എതിരെ പരാതി കൊടുത്ത കന്യാസ്ത്രീകൾക്ക് കോടതിയിൽനിന്ന് നീതി കിട്ടാതെ പോയപ്പോൾ വേദനിച്ച കേരളത്തിലെ സ്ത്രീകൾ, മലയാള സിനിമയിലെ സ്ത്രീകൾക്ക് നേടാൻ കഴിഞ്ഞ ഈ നീതിയുടെ അനുഭവത്തെ തങ്ങളുടെ വിജയമായി തന്നെ കാണുന്നു എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽനിന്നും മനസ്സിലാവുന്നു.
അനുപമക്ക് തന്റെ അനുവാദമില്ലാതെ കുടുംബം ദത്തു നൽകിയ മകനെ തിരിച്ചുകിട്ടാനായി അനുപമയും അജിത്തും ജെ. ദേവികയും ഉഷ പുനത്തിലും ഉൾപ്പെടുന്ന കേരളത്തിലെ ചെറിയൊരു വിഭാഗം സ്ത്രീകളും നടത്തിയ കഠിനമായ പരിശ്രമവും ഭർത്താവിനൊപ്പം ജീവിക്കുന്നതിനും പഠനം തുടരുന്നതിനും വേണ്ടി ഹാദിയ നടത്തിയ പോരാട്ടവും ഗവേഷക വിദ്യാർഥി ദീപ പി. മോഹനൻ താൻ നേരിട്ട ജാതീയ അടിച്ചമർത്തലിനെതിരെ എം.ജി സർവകലാശാലയിൽ നടത്തിയ സമരവും ആദിലയും നൂറയും ഒരുമിച്ച് ജീവിക്കാൻ അവസരം ലഭിക്കുന്നതിനായി വനജ കലക്ടിവ് ഒപ്പം നിന്ന് നടത്തിയ ശ്രമങ്ങളും വർത്തമാനകാല കേരളത്തിൽ വിജയംകണ്ടു എങ്കിലും ഒറ്റപ്പെട്ട പോരാട്ടങ്ങൾ വഴി സ്ത്രീകൾ കൈവരിച്ച ഈ നേട്ടങ്ങൾ വരേണ്യബോധ്യങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും കെട്ടുപാടുകളിൽപെട്ട് ഉഴറുന്ന മലയാളി സ്ത്രീകൾക്ക് എത്രകണ്ട് തങ്ങളുടെ വിജയമായി ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നത് സംശയമാണ്.
മലയാള സിനിമാ മേഖലയിൽ നിയമം നിശ്ചയിക്കുന്നത് സർക്കാറല്ല, പ്രബലരായ ആണാധികാര കേന്ദ്രങ്ങളാണ് എന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിപ്പെടുത്തുന്ന വസ്തുതയുടെ ആഘാതങ്ങൾ സിനിമാ മേഖലയിൽ ഒതുങ്ങുന്നില്ല. സിനിമ, ഏവർക്കും ഏറ്റവും എളുപ്പത്തിൽ പ്രാപ്യമായ വിനോദ, കലാ, മേഖലയാണ്. ഈ ആണധികാര കേന്ദ്രങ്ങൾ പടച്ചുവിടുന്ന സിനിമകൾ സ്ത്രീവിരുദ്ധവും സാമൂഹിക വിരുദ്ധവുമാകാതെ തരമില്ല എന്നതിന് മലയാള സിനിമകൾതന്നെ സാക്ഷ്യം.
ജനമനസ്സുകളെ ആഴത്തിൽ സ്വാധീനിക്കാൻ സിനിമക്ക് കഴിയും. കേരളീയരുടെ ദൈനംദിന ജീവിതത്തിൽ സ്ത്രീ പുരുഷന്മാർ പരസ്പരം നടത്തുന്ന ഇടപെടലുകൾക്ക് സിനിമയിലെ സ്ത്രീപുരുഷ വ്യവഹാരങ്ങൾ മാതൃകയാണ്. അതാണ് ദൃശ്യമാധ്യമത്തിന്റെ സ്വാധീനം. നമ്മുടെ ഐക്കണുകൾ എല്ലാംതന്നെ സിനിമാ മേഖലയിൽ നിന്നല്ലേ? അവരെയല്ലേ കേരളം ഏറ്റവും ആരാധിക്കുന്നത്? ആരാധനയിൽ അനുകരണം ഉൾച്ചേർന്നിരിക്കുന്നു. നായക നടനെ മാത്രമല്ല, നായക കഥാപാത്രത്തെയും ജനം അനുകരിക്കും.
ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ, ബ്രാഹ്മണിക മൂല്യവ്യവസ്ഥയും പിതൃമേധാവിത്വവും പങ്കിടുന്ന പാരസ്പര്യം ഉമ ചക്രവർത്തി വിവരിച്ചിട്ടുണ്ട്. ആണധികാരത്തിൽ ജാതീയതയും അടങ്ങിയിട്ടുണ്ട്. തിലകൻ, താൻ നേരിടുന്ന ജാതി വിവേചനത്തെ കുറിച്ച് നടത്തിയിട്ടുള്ള പരാമർശങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും ഇതുമായി ചേർത്തുവായിക്കാം. മലയാള സിനിമയിൽ ആദ്യ നായിക പി.കെ. റോസിയായിരുന്നിട്ടുകൂടി അവർക്ക് തുടർച്ചകൾ ഉണ്ടായില്ല.
പി.കെ. റോസിക്ക് പിന്തുടർച്ചക്കാർ ഉണ്ടാകാൻ കേരളം അനുവദിച്ചില്ല എങ്കിലും അവർ അനുഭവിച്ച ഹിംസക്ക് തുടർച്ചകൾ അനേകമുണ്ടായി. ബ്രാഹ്മണ്യത്തിന്റെ ഇരകൾ കീഴ്ജാതികൾ മാത്രമല്ല, എല്ലാ ജാതിവിഭാഗങ്ങളിലും ഉൾപ്പെടുന്ന സ്ത്രീകളും കൂടിയാണ്. മലയാള സിനിമയിൽ കീഴാള സ്ത്രീകളുടെ സാമീപ്യം പോലും അത്യപൂർവമായിരിക്കുന്നത് അവരുടെ മേൽ നിലനിറുത്തിയിരിക്കുന്ന ഹിംസയുടെ വ്യാപ്തിയാണ് കാണിക്കുന്നത് എന്ന കെ.കെ. ബാബുരാജിന്റെ നിരീക്ഷണം ഓർമിപ്പിക്കുന്നതും, ബ്രാഹ്മണ്യവും പിതൃ മേധാവിത്വവും ഒരുമിച്ചുമാത്രം സഞ്ചരിക്കുന്നു എന്നുതന്നെയാണ്.
കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തിലെ തന്നെ, സ്ത്രീ പോരാട്ടങ്ങൾക്ക് ഊർജം പകരുന്ന തരത്തിൽ വിമൻ ഇൻ സിനിമ കലക്ടിവ് നടത്തിയ ഈ മുന്നേറ്റത്തിൽ ഭാവന, പാർവതി തിരുവോത്ത്, ബീന പോൾ, ദീദി, റീമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങി സ്ത്രീകൾ നടത്തിയ സംഘടിതമായ പരിശ്രമവും ഒപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്ന, താരതമ്യേന പ്രിവിേലജുകൾ ഇല്ലാത്ത രേവതി സമ്പത്ത്, മിനു മുനീർ തുടങ്ങിയുള്ള നടികളുടെയും ശ്രമങ്ങൾ വലുതാണ്.
നടി ഉഷ ഏറെ വർഷങ്ങൾക്ക് മുമ്പ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ അടിവരയിടുന്ന വെളിപ്പെടുത്തലുകൾ ഇപ്പോൾ നടികൾ നടത്തുമ്പോൾ മനസ്സിലാവുന്നത്, സത്യം പറയാൻ ഒരു സ്ത്രീ ധൈര്യം കാണിക്കുമ്പോഴാണ് മായാ ആഞ്ചലോ പറഞ്ഞതുപോലെ, ഒരു സ്ത്രീ അവർക്കുവേണ്ടി നിലകൊള്ളുന്നത്, എല്ലാ സ്ത്രീകൾക്കും വേണ്ടി നിലകൊള്ളുന്നത്, എല്ലാ മനുഷ്യർക്കും, എല്ലാത്തിനും വേണ്ടി, നിലകൊള്ളുന്നത്, ഒരു സ്ത്രീ കാണിക്കുന്ന ധൈര്യത്തിന് അനേകമനേകം തുടർച്ചകൾ ഉണ്ടാകുന്നത്. ഈ ആണധികാര കേന്ദ്രങ്ങൾക്ക് വരേണ്യബോധ്യങ്ങൾ പേറുന്ന സിനിമകളുമായി കേരള സമൂഹത്തിന്റെ മുന്നിൽ വരാൻ ഇനി കഴിയില്ല.
അവർ മുമ്പ് എടുത്ത സിനിമകളുടെ പുനർവായനകൾ അവ എത്രമാത്രം വരേണ്യവും സ്ത്രീവിരുദ്ധവും മനുഷ്യ വിരുദ്ധവുമാണെന്ന് വെളിപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങൾ സിനിമാ മേഖലയിലെ സ്ത്രീകളുടെ മാത്രമല്ല, കേരളത്തിലെ സ്ത്രീകളുടെയും കേരളീയ സാമൂഹിക ജീവിതത്തെ തന്നെയും പൊളിച്ചു പണിയും എന്നുള്ളത് തീർച്ചയാണ്. കേരളത്തിനും ഇന്ത്യക്കും മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയാവുന്ന സ്ത്രീ മുന്നേറ്റമാണിത്. മലയാള സിനിമ മോചിതമാകുന്നത് ആണധികാരത്തിൽനിന്നു മാത്രമല്ല, ബ്രാഹ്മണ്യത്തിൽനിന്നുകൂടിയാണ്.
ഒരു നല്ല എഴുത്തുകാരൻ നന്നായി ചിന്തിച്ച് പരിചരിച്ച് എഴുതിയതായിരിക്കും കഥ. അതിൽ അയാളുടെ വിരലടയാളം പതിഞ്ഞിരിക്കും. അയാൾക്ക് മാത്രം പറയാൻ കഴിയുന്ന ഒന്നായിരിക്കുമത്. മറ്റൊരാൾക്കും ആ കഥ അങ്ങനെ പറയാൻ കഴിയില്ല. സാറാ ഓസ്റ്റിൻ ജന്നസ് എങ്ങനെയാണ് ഒരു നല്ല കഥ രൂപപ്പെടുന്നത് എന്നു വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
അതിജീവനത്തിനപ്പുറം ജീവിതത്തെ മെച്ചപ്പെടുത്തുന്ന അത്തരം കഥകൾ പറയുന്നതിൽ ഫർസാന ഒരത്ഭുതമാണ്. അവരുടെ ഏറ്റവും പുതിയ കഥ ‘ഈഴ്’ (ലക്കം: 1385) വായിച്ചു. ചിന്തയുടെയും പരിചരണത്തിന്റെയും വിരലടയാളം അതിൽ പതിഞ്ഞു കിടപ്പുണ്ട്. ദുബൈ പശ്ചാത്തലമാക്കി എഴുതിയ ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ സ്റ്റീഫനും രൺധികയുമാണ്. ശ്രീലങ്കൻ പശ്ചാത്തലത്തിൽ രൺധികയുടെ ജീവിതവും കഥയുടെ പ്രമേയമാണ്. രൺധിക ഒരു ശ്രീലങ്കൻ യുവാവാണ്.
സ്റ്റീഫന്റെ കീഴിൽ ജ്വല്ലറി സെയിൽസ്മാനാണ് രൺധിക. സ്റ്റീഫന്റെ ഭാര്യ തെരേസ വീട്ടിൽ പോയപ്പോൾ രൺധിക അയാളുടെ അപ്പാർട്മെന്റിൽ സഹായിയായി. പുട്ടിൽ മീൻചാർ ഒഴിച്ചു കഴിക്കുന്ന സ്റ്റീഫനോട് എന്നെ രൺധിക എന്ന് മുഴുവനായി വിളിക്കാതെ ചുരുക്കി വിളിച്ചൂടെ എന്നു ചോദിച്ചു കൊണ്ടാണ് കഥയാരംഭിക്കുന്നത്. ദുബൈ ഹിറ്റ് എഫ്.എമ്മിലെ ആർ.ജെകളുടെ ഉണ്ടാക്കിച്ചിരിയെ പരാമർശിക്കുന്നിടത്ത് ഫർസാനയുടെ നിരീക്ഷണ വൈഭവവും ശ്രീലങ്കൻ ജീവിതത്തെ അവതരിപ്പിക്കുന്നിടത്ത് ലോകവീക്ഷണവും പ്രകടമാണ്. തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കഥയാണ് ‘ഈഴ്’. ഓണക്കാല കഥാ വിഭവങ്ങളിൽ മികച്ച ഒന്ന്.
മാധ്യമം ആഴ്ചപ്പതിപ്പ് ‘കഥായാനം’ പതിപ്പിൽ (ലക്കം: 1385) പ്രസിദ്ധീകരിച്ച വി.എസ്. അജിത്തിന്റെ ‘അടികൊണ്ട സഖാവ്’ കഥ വായിച്ചു. വല്ലാതെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥ. ‘അടി’യുറച്ച കോൺഗ്രസ്സുകാരൻ (ഇപ്പോൾ കുറച്ചൊക്കെ തിരിച്ചടിക്കുന്നുണ്ട്. പുരോഗതിയുണ്ട്) എന്ന് നാട്ടിലൊക്കെ തമാശ പറയാറുണ്ട്. ആ വാക്കോർമയിലും ചിരി പടർത്താൻ കഥ നിമിത്തമായി. അടി കൊണ്ട ദിവാകരൻ സഖാവ് ഒരു ‘സംഭവ’മാണ്. സ്കൂൾ കാലയളവിൽ കൊടി പിടിക്കാൻ പോയി നല്ലകാലം പാഴാക്കിയ അവസാന കാലത്ത് മേലനങ്ങാപണി തിരക്കി നടക്കുന്ന സഖാവ് വിളി കേൾക്കുന്ന കുറേ ദൈവങ്ങളെ ചുളുവിൽ കാര്യസാധ്യത്തിനു വേണ്ടി കണ്ടുമുട്ടുന്ന കഥ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രാപചയത്തിന്റെ സമകാലിക ദുരന്ത നവാവൃത്തം (പുരാവൃത്തത്തിന് ഓപ്പോസിറ്റ് ) പറഞ്ഞുവെക്കാൻ അടികൊണ്ട സഖാവിന് കഴിഞ്ഞു.
പാല് കുടിക്കുന്ന ദൈവത്തെ ‘സോപ്പിട്ട്’ കാര്യസാധ്യത്തിനിറങ്ങിയ സഖാവ് ഇതെല്ലാം തട്ടിപ്പാണ് എന്ന് മനസ്സിലാക്കി ദൈവത്തിന് കുടിക്കാൻ കൊണ്ടുപോയ പാൽ തെരുവ് പട്ടിക്ക് ചിരട്ടയിൽ ഒഴിച്ചുകൊടുക്കുകയും ബാക്കിവന്നത് സ്വയം കുടിക്കുകയും ചെയ്യുന്നിടത്ത് വിളികേൾക്കാത്ത ദൈവമല്ല; വിളി കേൾക്കുന്ന പട്ടിയാണ് ജോറെന്ന് സഖാവിന് തോന്നുന്നു. അജിത്തിന്റെ കഥ സമൂഹത്തോട് ചെയ്യുന്ന വലിയ പാതകം അത് ‘അറിഞ്ചം പൊറിഞ്ചം’ കുത്തി മുറിവേൽപ്പിക്കുന്നു എന്നതാണ്. പരിഹാസപരിണാമ പരോപകാര പ്രകമ്പനം. കഥ കൊള്ളേണ്ടിടത്ത് കൊണ്ടു.
മാധ്യമം ആഴ്ചപ്പതിപ്പിലെ ‘കഥായാന’ത്തിൽ പ്രസിദ്ധീകരിച്ച ഫർസാനയുടെ ‘ഈഴ്’, (ലക്കം: 1385) ദുബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ജ്വല്ലറിയിലെ ഉേദ്യാഗസ്ഥനായ സ്റ്റീഫനും അയാളുടെ അപ്പാർട്മെന്റിൽ താൽക്കാലികമായി താമസിക്കാനെത്തുന്ന രൺധിക എന്ന ശ്രീലങ്കൻ യുവാവിനും ഇടയിൽ രൂപംകൊള്ളുന്ന ഊഷ്മളമായ ഹൃദയബന്ധത്തിന്റെ ആവിഷ്കാരമാണ് ‘ഈഴ്’. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലായിരുന്നുവെങ്കിൽ വിരസതയിലേക്ക് വായനക്കാരനെ തള്ളിയിടാൻ സാധ്യതയുണ്ടായിരുന്ന ഒരു പ്രമേയമായിരുന്നു കഥയുടേത്. എന്നാൽ, ഫർസാനയെന്ന എഴുത്തുകാരിയുടെ ആഖ്യാന വൈദഗ്ധ്യം വായനയിലേക്ക് കഥയെ ചേർത്തുനിർത്തുന്നു.
ഹൃദയത്തിൽ രക്തം കിനിയുന്ന മുറിവുകൾ ഉണ്ടാക്കാൻ ആയുധങ്ങൾ വേണ്ട സ്നേഹമായാലും മതി. തെറ്റിദ്ധരിക്കപ്പെടുന്ന, നിരാകരിക്കപ്പെടുന്ന സ്നേഹം. അതോ, ശരീരത്തിലെ മുറിവുകളെക്കാൾ ആഴവും വേദനയും ഏറിയവയുമായിരിക്കും.
രൺധികയുടെ ‘ഒമ്പതാമത്തെ രക്തത്തുള’ വേദനിപ്പിക്കുന്നത് അവനെ മാത്രമല്ല അവൻ സ്നേഹിച്ച (അവൻ സ്നേഹിപ്പിച്ച) വ്യക്തിയെയും കൂടിയാണ്. മാധ്യമം ആഴ്ചപ്പതിപ്പിലെ ‘കഥായാന’ത്തിൽ വന്ന ഫർസാനയുടെ ‘ഈഴ്’ എന്ന കഥ മനുഷ്യബന്ധങ്ങളിലെ ലിംഗഭേദങ്ങളുടെ ശരിതെറ്റുകൾ മാറ്റിയെഴുതപ്പെടുന്ന കാലത്ത്, ജീവിതത്തിന്റെ ഈഴ് കാത്തുവെക്കാൻ സ്വന്തം ശരികളെ കൂട്ടിപ്പിടിക്കാൻ ബദ്ധപ്പെടുന്ന മനുഷ്യരുടെ കഥയാണ്.
കഥാപാത്രങ്ങളും അവരുടെ ജീവിതവും മനോഹരമായി ചിത്രീകരിച്ച, സിനിമപോലെ ഒരു കഥ. കഥ വായിച്ചപ്പോൾ ഓർമ വന്ന ഒരുകാര്യംകൂടി പറയട്ടെ. വളരെ ചിട്ടയോടെ ജീവിക്കുന്ന മനുഷ്യർക്ക് മിക്കവാറും പങ്കാളികളായി ലഭിക്കുക അത് തീരേയില്ലാത്തവരെയാവും. പണ്ട് ഒപ്പം ജോലി ചെയ്തിരുന്ന ഒരു ടീച്ചറുടെ പട്ടാളക്കാരനായ ഭർത്താവ് പറയുമായിരുന്നുവെത്ര ‘‘നമ്മൾ തലചീകുന്ന ചീർപ്പ് എന്നെങ്കിലും ഒരുദിവസം ഞാൻ ഉദ്ദേശിച്ച അതിന്റെ ശരിയായ സ്ഥലത്തുനിന്നും എനിക്ക് കിട്ടുമെന്ന പ്രതീക്ഷ കൂടിയാണ് ജീവിതം’’ എന്ന്. ശരിയാണ് അല്ലേ? അങ്ങനെ സ്നേഹം നൽകുന്ന ചില പ്രതീക്ഷകൾകൊണ്ടാവും സ്റ്റീഫൻ തെരേസയെ വിളിച്ചുവരുത്തുന്നതും..!
‘കഥായാനം’ പതിപ്പിൽ (ലക്കം: 1385) അജിത്ത് വി.എസിന്റെ കഥ മികച്ച വായനാനുഭവമായി. സ്വതേ നിഷ്കളങ്കനും മിതവിദ്യാഭ്യാസിയുമായ ദിവാകരൻ സഖാവിന്റെ ജീവിതത്തിലെ രസകരമായൊരു സംഭവത്തിലൂടെ, പുറമെ പുരോഗമന കമ്യൂണിസ്റ്റും അകമേ അന്ധവിശ്വാസികളുമായ കപട ആദർശവാദികളെ അറഞ്ചം പുറഞ്ചം സർക്കാസ്റ്റിക്കായി അവതരിപ്പിക്കുകയാണ്. പാർട്ടിയിൽ അടിയുറച്ചു ജീവിക്കുന്ന ദിവാകരൻ മറ്റു സഖാക്കളുടെ നീറുന്ന പ്രശ്നങ്ങളിൽ ഇടപെടുന്നുമുണ്ട്. അതിന്റെ പേരിലും അടി കിട്ടിയിട്ടുണ്ടെങ്കിലും,
ട്രെയിൻ തടയൽ സമരം ചെയ്ത് അടികിട്ടിയതുമുതലാണ്, അടികൊണ്ട സഖാവ് എന്നയാൾ അറിയപ്പെടുന്നത്. കൽപ്പണിക്കു പോയി കാലിൽ കല്ലുവീണു പാദംമുറിഞ്ഞപ്പോൾ അയാൾക്കു ജോലിയില്ലാതായി. വെറുതെയിരുന്നപ്പോൾ വീട്ടുകാർക്കു ബാധ്യതയായി എന്ന തിരിച്ചറിവിൽ, സ്വന്തം ചെലവിനുള്ള വകക്കായി അയാൾ നടത്തുന്ന അന്വേഷണമാണ് കഥയുടെ കാതൽ.
കട്ട കമ്യൂണിസ്റ്റായ പാർട്ടി ബുദ്ധിജീവി ബി.എ. കുട്ടപ്പൻ സാറിന്റെ ഗരുഡൻ തൂക്കം വഴിപാടിനെക്കുറിച്ച് അറിഞ്ഞപ്പോളാണ്, ജീവിതവിജയത്തിനുള്ള സമാന്തര വഴികളെക്കുറിച്ച് അയാളറിയുന്നത്. അതിലേക്കുള്ള അന്വേഷണവും തുടർസംഭവങ്ങളും തനതുശൈലിയിൽ ഹാസ്യാത്മകമായി എഴുതി ആസ്വാദകരിൽ ചിരിയും ചിന്തയും നിറക്കുകയാണ് കഥാകാരൻ. കപട പുരോഗമനവാദികളുടെ അന്തർധാരകളെ പൊളിച്ചടുക്കുന്ന കഥ. എഴുത്തുകാരനെ അടികിട്ടാതെ കാത്തുകൊള്ളട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.