വെബ്സീനിലെ ഈടുറ്റ ലേഖനങ്ങൾ ആഴ്ചപ്പതിപ്പിലും വേണംമാധ്യമം വെബ്സീൻ 2022 നവംബർ 4ന് പ്രസിദ്ധീകരിച്ച പി.എ. പ്രേംബാബു എഴുതിയ 'കാലം സാക്ഷി; ലാറ്റിനമേരിക്കയിൽ വസന്തത്തിന്റെ ചെങ്കാറ്റു വീശുന്നു' എന്ന ലേഖനം എന്റെ ഒരു സഹപ്രവർത്തക ശ്രദ്ധയിൽപ്പെടുത്തിയതുകൊണ്ട് മാത്രമാണ് വായിക്കാൻ സാധിച്ചത്. മാധ്യമം ആഴ്ചപ്പതിപ്പിന്റെ സ്ഥിരം വായനക്കാരിൽ ഒരാൾ എന്നനിലയിൽ അധികം സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത പഴയ തലമുറയിൽപെട്ട എന്നെപ്പോലുള്ളവർക്ക് ഇത്തരം പുരോഗമനോന്മുഖ ഫാഷിസ്റ്റ്...
വെബ്സീനിലെ ഈടുറ്റ ലേഖനങ്ങൾ ആഴ്ചപ്പതിപ്പിലും വേണം
മാധ്യമം വെബ്സീൻ 2022 നവംബർ 4ന് പ്രസിദ്ധീകരിച്ച പി.എ. പ്രേംബാബു എഴുതിയ 'കാലം സാക്ഷി; ലാറ്റിനമേരിക്കയിൽ വസന്തത്തിന്റെ ചെങ്കാറ്റു വീശുന്നു' എന്ന ലേഖനം എന്റെ ഒരു സഹപ്രവർത്തക ശ്രദ്ധയിൽപ്പെടുത്തിയതുകൊണ്ട് മാത്രമാണ് വായിക്കാൻ സാധിച്ചത്. മാധ്യമം ആഴ്ചപ്പതിപ്പിന്റെ സ്ഥിരം വായനക്കാരിൽ ഒരാൾ എന്നനിലയിൽ അധികം സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത പഴയ തലമുറയിൽപെട്ട എന്നെപ്പോലുള്ളവർക്ക് ഇത്തരം പുരോഗമനോന്മുഖ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ ലേഖനങ്ങൾ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത് കൂടുതൽ ഉചിതമാകും.
പി.എ. പ്രേംബാബു, കെ.ഇ.എൻ കുഞ്ഞഹമ്മദ് തുടങ്ങിയവരുടെ എഴുത്തുകൾ, ലേഖനങ്ങൾ എന്നിവ ശ്രദ്ധാപൂർവം ഫോളോ ചെയ്യുന്ന ഞങ്ങൾക്ക് മാധ്യമം തരുന്ന വായനാനുഭവം ഇനിയും നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. ആയതിനാൽ വെബ്പേജിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഇത്തരം ഈടുറ്റ ലേഖനങ്ങൾ ആഴ്ചപ്പതിപ്പിലും പ്രസിദ്ധീകരിക്കാൻ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കെ.എൻ. സുജാത, പത്തനംതിട്ട
ദയാബായിയെ തിരിച്ചറിയാത്ത മലയാളികൾ
കേരളം ദയാബായിയെ അവഗണിക്കുന്നതുമായി ബന്ധപ്പെട്ട് എം.സി. നിഹ്മത്ത് എഴുതിയ ഓരോ വാക്കും കാസർകോടിന്റെ ദുരിതബാധിതരായ മനുഷ്യർക്ക് കാലികമായി ലഭിക്കേണ്ട ചികിത്സാ സൗകര്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത് (ലക്കം: 1286). ലോകം ആദരിക്കുന്ന ദയാബായിയെ മലയാളിക്ക് തിരിച്ചറിയാൻ കഴിയാത്തത് തിരിച്ചറിവില്ലാത്തതിനാലാണ്. വേഷം ഉന്നതവ്യക്തിത്വത്തിന്റെ അടയാളങ്ങളല്ലെന്ന് അവരുടെ പോരാട്ടവും സംസ്കാരവും തെളിയിക്കുന്നു. വേഷവിതാനങ്ങൾ പൊങ്ങച്ചത്തിന്റെ മാനദണ്ഡമായി കാണുന്ന മലയാളി 'കണ്ടക്ടർ' ട്രാൻസ്പോർട്ട് ബസിൽനിന്ന് അവരെ അവഹേളിച്ച് ഇറക്കിവിട്ട നാടാണ് നമ്മുടേത്.
എൻഡോസൾഫാൻ ദുരിതബാധിത പ്രദേശത്തെ അവശസമൂഹത്തിനുവേണ്ടി ജീവൻ പണയംവെച്ച് സമരം നടത്തിയ ദയാബായിയെ രാഷ്ട്രീയ ഭേദമന്യേ പിന്തുണക്കേണ്ടത് നീതിബോധമുള്ളവരുടെ കടമയായിരുന്നു. ഒരുവശത്ത് നരബലി; മറുവശത്ത് ലഹരിയുടെ അതിപ്രസരം! അബോധാവസ്ഥയിൽ അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത സമൂഹം ദയാബായിയെ എങ്ങനെ തിരിച്ചറിയാനാണ്? സുപ്രീംകോടതി നിർദേശിച്ച അഞ്ചുലക്ഷം നൽകി, ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്ന പിണറായി സർക്കാർ, തീർത്തും മനുഷ്യത്വരഹിതമായാണ് ദുരിതബാധിത ദേശമായ കാസർകോടിനെ അവഗണിച്ചത്.കോടതിയുടെ ഇടപെടലിലൂടെ മാത്രം എന്തെങ്കിലും നടപടി ഏതു കാര്യത്തിനും സ്വീകരിക്കുന്ന പിണറായി സർക്കാറിന്റെ നിലപാടുകൾ ലജ്ജാകരമാണ്. ഉപയോഗിക്കാത്ത കെട്ടിടങ്ങൾക്ക് ബിവറേജസ് കോർപറേഷൻ 62.84 ലക്ഷം വാടക കൊടുത്തതായാണ് പുതിയ വാർത്ത. അങ്ങനെ രണ്ടാം പിണറായി സർക്കാർ ധൂർത്തിന്റെ പര്യായമായി. സർക്കാർ ധൂർത്തടിക്കുന്ന പണത്തിന്റെ ഒരു ചെറിയ അംശമുണ്ടെങ്കിൽ കാസർകോട്ടുള്ള ജനങ്ങളുടെ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാൻ കഴിയും.
ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി
ചിന്തിപ്പിക്കുന്ന കഥ
ഓരോ കഥാപാത്രവും നമ്മിൽ ആഴത്തിൽ പതിക്കുകയും മനസ്സിനുള്ളിൽ ഓരോ രംഗവും ദൃശ്യവത്കരിക്കപ്പെടുകയും ചെയ്യുന്ന അതിമനോഹരമായ കഥയാണ് മധു തൃപ്പെരുന്തുറ എഴുതിയ 'കാന്നബിസ്' (ലക്കം: 1289).
കുരിശുമലയുടെ എട്ടാമത്തെ വളവിൽ താമസിക്കുന്ന ദേവസി നായകനായും കൃഷി എന്തായാലും വരുമാനമാണ് മുഖ്യം എന്ന നിലപാടിൽ കഞ്ചാവ് കൃഷിനടത്തുന്ന ജാക്സന്റെ അപ്പൻ കൈനകരി തങ്കച്ചൻ പ്രതിനായകനായും നിറഞ്ഞാടുന്ന കഥ മനോഹരമായ വായന സമ്മാനിച്ചു.
വളരെ ലളിതമായ കഥാഖ്യാനത്താലും ഭാവതലങ്ങളെ തൊട്ടുണർത്തുന്ന വൈകാരിക സംഭവങ്ങളാലും സമ്പന്നമായ ഈ കഥയിൽ പ്രണയവും ചതിയും പകയും സമകാലിക രാഷ്ട്രീയവും നമ്മെ വേറിട്ട ചിന്തകളിലേക്ക് കൊണ്ടുപോകുന്നു.
ബൈബിളിന്റെ ചുവടുപിടിച്ച് ക്രിസ്ത്യൻ പശ്ചാത്തലത്തിലാണ് കഥ പോകുന്നത്. മലയോരമേഖലയിൽനിന്നും ആരംഭിച്ച് കുട്ടനാടിന്റെ പശ്ചാത്തലത്തിലെ ജലയാഴങ്ങളിൽ അവസാനിക്കുന്നൊരു കഥ. ഇതിൽ ചേർത്തിരിക്കുന്ന വർത്തമാനകാലത്തിലെ കുടുംബബന്ധത്തിന്റെ ഉൾക്കാഴ്ചകൾ നമ്മെ ചിന്തിപ്പിക്കുന്നു. കഥാകൃത്തിന് ആശംസകൾ.
ലത റാം, സുൽത്താൻ ബത്തേരി
മുതുകുളം പാർവതി അമ്മ സാഹിത്യ പുരസ്കാരം
മുതുകുളം പാർവതി അമ്മ സ്മാരക സാഹിത്യ പുരസ്കാരത്തിന് വനിത എഴുത്തുകാരിൽനിന്ന് കൃതികൾ ക്ഷണിക്കുന്നു. 2021, 2022 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏതു സാഹിത്യശാഖയിൽപെട്ട കൃതിയും പരിഗണിക്കും. 15,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കൃതികളുടെ നാലു കോപ്പി സെക്രട്ടറി, മുതുകുളം പാർവതി അമ്മ സ്മാരക ട്രസ്റ്റ്, മുതുകുളം സൗത്ത് പി.ഒ, ആലപ്പുഴ 690506, ഫോൺ 9496157231 എന്ന വിലാസത്തിൽ ഡിസംബർ അഞ്ചിനു മുമ്പായി ലഭിക്കത്തക്കവിധം അയച്ചുതരേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.