ടർക്കിഷ് നോവലിസ്റ്റും ഇന്ത്യയിലെ തുർക്കി അംബാസഡറുമായ ഫിറാത് സുനേലിനെയും അദ്ദേഹത്തിന്റെ ‘ഇലപൊഴിയും മരത്തിന്റെ നിഴലുകളിൽ’ എന്ന ചരിത്ര നോവലിനെയും കുറിച്ച് എഴുതുകയാണ് ലേഖകൻ. ‘‘വംശഹത്യാ മുറവിളികൾ സജീവമാകുകയും ഭരണകൂടം കാഴ്ചക്കാരായി മാറിനിൽക്കുകയും ചെയ്യുന്ന സമകാല ഇന്ത്യക്ക് പഴയ സ്റ്റാലിൻ വാഴ്ചക്കാല അനുഭവങ്ങളിൽനിന്ന് ഏറെ പഠിക്കാനുണ്ട് എന്നു ബോധ്യപ്പെടുത്തുന്നതാണ്...
ടർക്കിഷ് നോവലിസ്റ്റും ഇന്ത്യയിലെ തുർക്കി അംബാസഡറുമായ ഫിറാത് സുനേലിനെയും അദ്ദേഹത്തിന്റെ ‘ഇലപൊഴിയും മരത്തിന്റെ നിഴലുകളിൽ’ എന്ന ചരിത്ര നോവലിനെയും കുറിച്ച് എഴുതുകയാണ് ലേഖകൻ. ‘‘വംശഹത്യാ മുറവിളികൾ സജീവമാകുകയും ഭരണകൂടം കാഴ്ചക്കാരായി മാറിനിൽക്കുകയും ചെയ്യുന്ന സമകാല ഇന്ത്യക്ക് പഴയ സ്റ്റാലിൻ വാഴ്ചക്കാല അനുഭവങ്ങളിൽനിന്ന് ഏറെ പഠിക്കാനുണ്ട് എന്നു ബോധ്യപ്പെടുത്തുന്നതാണ് ഫിറാതിന്റെ ആദ്യ നോവൽ’’ എന്ന് എഴുതുന്നു.
നിനച്ചിരിക്കാതൊരു നാൾ ഭാഷയും ദേശവും നഷ്ടപ്പെട്ടാൽ എങ്ങനെയിരിക്കും? 1932ൽ അത്താ തുർക്ക് മുസ്തഫ കമാൽപാഷ അറബി ഭാഷയും ലിപിയും നിരോധിച്ചപ്പോൾ കുടുംബത്തിന്റെ നാക്കിറങ്ങിപ്പോയ കഥ ഹജ്ജിനു വന്ന തുർക്കി സുഹൃത്തിൽനിന്നു കേട്ടു മിഴിച്ചിരുന്നിട്ടുണ്ട്. അറബി വാധ്യാരായിരുന്ന പിതാമഹനു പിറ്റേന്നാൾ ജോലിയില്ലാതായി. മാത്രമല്ല, നോട്ടുനിരോധനപ്പിറ്റേന്നു നമ്മുടെ നാട്ടിൽ നടന്നതുപോലെ നേരം പുലർന്നപ്പോൾ വീട്ടിലും പുറത്തും അവർക്കു വശമുണ്ടായിരുന്ന അറബി മിണ്ടാൻ പാടില്ലാതായി. സംസാരഭാഷക്കു വിലക്കു വീണാൽ പിന്നെ വാക്കും എഴുത്തുമൊക്കെ മറ്റൊന്നിലേക്ക് പറിച്ചുനടുന്നതു വരെ ജീവിതം വിക്കിയും മുക്കിയും നീങ്ങിയത് സുഹൃത്ത് പറയുമ്പോൾ ആശ്ചര്യമായിരുന്നു.
ഏകാധിപത്യവാഴ്ചയിൽ, കണ്ണടച്ചു തുറക്കുന്ന മാത്ര മതി എന്തും സംഭവിക്കാൻ എന്നതിന് കാലഭേദമൊന്നുമില്ല. 1982ൽ മ്യാന്മറിലെ ഏകാധിപതി ഉനെ വിൻ ദേശീയസ്വത്വം പുനർനിർവചിച്ച് രാഷ്ട്രപൗരത്വത്തിന് ഉപാധി വെച്ചു – സൈനികജുണ്ട അംഗീകരിച്ച 135 വംശീയവിഭാഗങ്ങളിലൊന്നിൽ ഉൾപ്പെടണം. ആ പട്ടികയിൽ റോഹിങ്ക്യകളുടെ പേരിനു മുകളിൽ ഒരു ചുവന്ന വര വരച്ചതോടെ അവർ രാജ്യത്തുനിന്നുതന്നെ പുറത്തായി. അകത്തിരുത്താൻ കൊള്ളാത്ത ഔദ്യോഗികശത്രുവായി പ്രഖ്യാപിക്കപ്പെട്ടു. പശ്ചിമ ബർമയിലെ അറാകാൻ പ്രവിശ്യയിൽ താമസിച്ചിരുന്ന റോഹിങ്ക്യൻ വംശത്തിനു മേൽ ഇടിത്തീയായി പതിച്ച ആ ദുരന്താനുഭവം അന്നത്തെ മൂന്നുവയസ്സുകാരനായിരുന്ന ഹബീബുറഹ്മാൻ, സോഫി ആൻസലുമൊത്ത് ‘ആദ്യം, അവർ ഞങ്ങളുടെ പേരു മായ്ച്ചു’ (First, They Erased Our Name) എന്ന കൃതിയിൽ വരച്ചിടുന്നുണ്ട്.
സാമൂഹിക പുറന്തള്ളലിന്റെയും വംശഹത്യാ ഭീഷണിയുടെയും നിഴലിൽ നിൽക്കുന്ന ഇന്ത്യയിലെ മുസ്ലിംകളൊന്നായി ഒരുനാൾ കൂട്ടത്തോടെ അപ്രത്യക്ഷമാവുന്ന ഭാവനാവിലാസമാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ സഈദ് നഖ്വിയുടെ ഏറ്റവും പുതിയ പുസ്തകത്തിന്റെ (The Muslim Vanishes) ഇതിവൃത്തം. രാജ്യത്തെ വലതുപക്ഷ വംശീയ ഭരണകൂടം ജാതിഘടകം തങ്ങളെ തിരിഞ്ഞുകൊത്തുമെന്നു തിരിച്ചറിഞ്ഞ് അതിനെതിരെ മുസ്ലിംകളെ ശത്രുസ്ഥാനത്തു നിർത്തി വർഗീയതകൊണ്ടു മറതീർക്കുകയാണെന്നും മുസ്ലിം അപരനില്ലെങ്കിൽ ഹിന്ദുത്വരുടെ ജാതിവിവേചനത്തിന്റെ വിശ്വരൂപം വെളിപ്പെടുമെന്നും നാടകമായി പറഞ്ഞുവെക്കുകയാണ് നഖ്വി. തങ്ങളുടെ സവിശേഷ സാംസ്കാരിക ചിഹ്നങ്ങളും രുചിക്കൂട്ടും കലയും സംഗീതവുമെല്ലാമായി ഇന്ത്യൻ മുസ്ലിംകൾ മാഞ്ഞുപോകുന്നതും അതിൻ പിറകെയുള്ള ഹിന്ദു ഇന്ത്യയുടെ ജീവിതവും നാടകീയമായി ചിത്രീകരിക്കുന്ന നഖ്വി കൃതി ആരുടെയും ഉള്ളുണർത്തും.
ന്യൂഡൽഹിയിലെ സമരത്തെരുവായ ജന്തർമന്തറിൽനിന്നുവരെ ഹിന്ദുത്വ തീവ്രവാദികളുടെ വംശീയ ഉന്മൂലനത്തിനായുള്ള ഉന്മാദവിളികൾ ഉയർന്നു കഴിഞ്ഞ പശ്ചാത്തലത്തിൽ മേൽ കൃതികളുടെ വായന സൃഷ്ടിക്കുന്ന അസ്വസ്ഥതകൾക്ക് ആക്കം കൂട്ടുന്നതായി ടർക്കിഷ് നോവലിസ്റ്റ് ഫിറാത് സുനേൽ (Firat Sunel) എഴുതിയ ‘Under the Shadows of Drooping Willows’ (‘സാൽകിം സോഗുത്ലേറിൻ ഗോൾഗെസിന്ദെ’എന്നു ടർക്കിഷ് നാമം) എന്ന ചരിത്ര നോവൽ. വംശഹത്യയുടെ പ്രണേതാക്കളായ വലതുപക്ഷം ലോകത്തെ പകുതിയിലേറെ രാജ്യങ്ങളിൽ വളർന്നു തിടംവെക്കുന്ന സാഹചര്യത്തിൽ പഴയ വംശീയ നിർമൂലനത്തിന്റെ കഥകൾ ആരിലും ഉദ്വേഗമുളവാക്കും. പുതിയ ഹിന്ദുത്വ ഇന്ത്യയിലെ അനുഭവങ്ങളുമായി അതിനെ ചേർത്തുവെച്ചു വായിക്കുമ്പോൾ ആകാംക്ഷ ആശങ്കയായി വളരും. കഥയെഴുത്തുകാരി കൂടിയായ പി. സീമ മലയാളത്തിലേക്ക് വിവർത്തനംചെയ്ത് സൈകതം ബുക്സ് ‘ഇലപൊഴിയും മരത്തിന്റെ നിഴലുകളിൽ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ നോവൽ അത്തരമൊരു വികാരതീവ്രമായ വായനാനുഭവമാണ് നൽകുന്നത്. രണ്ടാം ലോകയുദ്ധം അവസാനിക്കുന്ന ഘട്ടത്തിൽ യുദ്ധമുഖത്ത് സോവിയറ്റ് യൂനിയനുവേണ്ടി പടവെട്ടുകയും സൈനികസേവനത്തിന്റെ ഭാഗമായി റെയിൽവേപോലുള്ള അടിസ്ഥാന സൗകര്യവികസനത്തിനു അധ്വാനിക്കുകയും ചെയ്ത അഹിസ്കൻ തുർക്കികൾ എന്ന വംശീയവിഭാഗത്തെ, യുദ്ധാനന്തരം ജനതതി കൈമാറ്റം (Population Exchange) എന്ന പദ്ധതിയുടെ പേരു പറഞ്ഞ് സോവിയറ്റ് സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിൻ മധ്യേഷ്യൻ റിപ്പബ്ലിക്കുകളിലേക്ക് ആട്ടിയോടിക്കുകയായിരുന്നു. സ്റ്റാലിന്റെ കുപ്രസിദ്ധമായ നിർമൂലന (The Purge) യജ്ഞത്തിന്റെ ഭാഗമായിരുന്നു അഹിസ്കൻ തുർക്കുകളുടെ ഈ നാടുകടത്തലും.
അഹിസ്കൻ തുർക്കികൾ വഞ്ചനയുടെ ഇരകൾ
ജോർജിയയുടെ തുർക്കി അതിർത്തിയോട് ചേർന്ന പ്രദേശമാണ് മെസ്ഖേതി. 1828-29ലെ സാറിസ്റ്റ് റഷ്യയും ഉസ്മാനീ സാമ്രാജ്യവും തമ്മിലുണ്ടായ യുദ്ധത്തിൽ ഈ പ്രദേശം റഷ്യയുടെ അധീനതയിലായി. ഒന്നാം ലോകയുദ്ധശേഷം മെസ്ഖേതി ജോർജിയയോടു കൂട്ടിച്ചേർക്കപ്പെട്ടു. ടർക്കിഷ് സംസാരഭാഷയും സംസ്കാരവുമായി ഐഡന്റിറ്റി കാത്തുസൂക്ഷിക്കുമ്പോഴും സോവിയറ്റ് മുഖ്യധാരയിൽ തന്നെയായിരുന്നു മെസ്ഖേഷ്യക്കാർ എന്നും അറിയപ്പെട്ട അഹിസ്കൻ തുർക്കികൾ. രണ്ടാം ലോകയുദ്ധത്തിൽ അവർ സോവിയറ്റ് ചെമ്പടയുടെ കൂടെ ചേർന്ന് പൊരുതി. വാസ്തവത്തിൽ യുദ്ധത്തിൽ തോക്കുപിടിക്കാൻപോലും അറിയാത്ത കർഷകസമൂഹമായിരുന്നു അഹിസ്കൻമാർ. അവരുടെ പ്രദേശമാകട്ടെ, കാർഷിക വിഭവ സമ്പന്നവും. എല്ലാ കുടുംബത്തിൽനിന്നും യുദ്ധത്തിന് ആൺകുട്ടികളെ നൽകണമെന്നു നിർബന്ധമുണ്ടായിരുന്നു. ആണുങ്ങൾ യുദ്ധത്തിനിറങ്ങിത്തിരിച്ചതോടെ കൃഷി നശിച്ചു. കർഷകരായ ഗ്രാമീണർ മൺകോരികൾ ഉപേക്ഷിച്ച കൈകളിൽ തോക്കുകളേന്തി. മുൻനിരയിലേക്ക് ആനയിക്കപ്പെട്ട അവർ മറ്റുള്ളവർക്കുവേണ്ടി യുദ്ധംചെയ്തു. വയലുകളും കറ്റക്കളങ്ങളും ഉപേക്ഷിച്ച് സാധാരണ കർഷകർ യുദ്ധനിരയിൽ സമയം കളഞ്ഞപ്പോൾ നാട് പട്ടിണിയിലും ക്ഷാമത്തിലുമായി. വർഷങ്ങളായി തുർന്നുവരുന്ന അവസാനമില്ലാത്ത യുദ്ധത്തിൽ അടുപ്പിൽ തീപുകയാത്ത അവരുടെ വീട്ടിൽ അസുഖബാധിതരായ കുട്ടികൾ മരിച്ചുകൊണ്ടിരുന്നു.
രണ്ടാം ലോകയുദ്ധത്തിൽ സ്റ്റാലിന്റെ ഉത്തരവിനെതിരെ ഉരിയാടാനുള്ള ധൈര്യമുണ്ടായിരുന്നില്ലെങ്കിലും മക്കളെ യുദ്ധത്തിനു വിടുമ്പോൾ അവരെന്നു തിരിച്ചെത്തും എന്നറിയാനുള്ള വേവലാതിയും ജിജ്ഞാസയുമായിരുന്നു അവർക്ക്. നോവലിലെ പ്രധാന കഥാപാത്രമായ ഒടർ സൈനികസേവനത്തിലെ വിവേചനം കൃത്യമായി പറയുന്നുണ്ട്: ‘‘പടയൊരുക്കം പ്രഖ്യാപിക്കപ്പെട്ടപ്പോൾ കുലീനകുടുംബത്തിൽനിന്നുള്ളവരെ തിരഞ്ഞെടുക്കില്ല എന്നു തീരുമാനിച്ചിരുന്നു. യുദ്ധമുന്നണിയിൽ ഉള്ളവർ രോഗബാധിതരായി മരിക്കുമ്പോൾ ധനമുള്ള വീടുകളിലെ കുട്ടികൾ കുറ പുഴയുടെ തീരത്ത് ഒന്നിച്ചിരുന്നു മദ്യപിക്കുകയായിരുന്നു.’’ മുപ്പതു വർഷത്തെ സേവനം കഴിഞ്ഞ് ഒടർ തിരിച്ചെത്തുന്നത് ജന്മദേശത്തെ മഴ പെയ്ത പുതുമണ്ണിന്റെ ഗന്ധവും മീനുകളുടെ മണവും വീണ്ടെടുക്കാനുള്ള ഗൃഹാതുര സ്മരണകളുടെ ആവേശമിരമ്പുന്ന മനസ്സുമായാണ്. യുദ്ധത്തെക്കുറിച്ച് ആലോചിക്കുമ്പോൾ സ്റ്റാലിന്റെയും കങ്കാണിയുടെയും രീതികളെക്കുറിച്ച് അത്ര ആരാധനാപൂർണമായ അഭിപ്രായമൊന്നുമല്ല അയാൾക്ക്. ചിലപ്പോഴെങ്കിലും സ്റ്റാലിനെ പിശാചെന്നു വിളിച്ച് രോഷം പ്രകടിപ്പിക്കുന്നുണ്ട് അയാൾ. അതിനൊടുവിൽ എൻ.കെ.വി.ഡി എന്ന കമ്യൂണിസ്റ്റ് ഒറ്റുകാരുടെ പിടിയിൽ അകപ്പെട്ട് അയാൾ നാടുകടത്തപ്പെടുകയും ചെയ്തു. ഇത് ഒരു ഒടറിന്റെ മാത്രം ഗതിയല്ല. രണ്ടു മക്കളെ സൈനികസേവനത്തിന് ഉഴിഞ്ഞുവെച്ച അഹ്മദ് ആഖക്കും ഒടുവിൽ ആട്ടിത്തെളിയായിരുന്നു ശമ്പളം.
1944 നവംബർ 14ന്റെ മോസ്കോ തീട്ടൂരം
യുദ്ധാവശ്യം കഴിഞ്ഞതോടെ സ്റ്റാലിൻ എന്ന ഏകാധിപതിയുടെ മുന്നിൽ തുർക്കിവംശജർ സംശയനിഴലിലായി. അത്തരമൊരു അപരവത്കരണത്തിന് പിന്നിൽ എന്തായിരുന്നു? കരിങ്കടലിനു ചുറ്റുമുള്ള പ്രദേശങ്ങൾ തുർക്ക് മുക്തമാക്കണമെന്നായിരുന്നു സ്റ്റാലിന്റെ നിർബന്ധം. അങ്ങനെ 1944 നവംബർ 14ന് മോസ്കോയിൽനിന്നു തീട്ടൂരമെത്തി - അഹിസ്കൻ തുർക്കുകൾ യാത്രക്ക് തയാറായിക്കൊള്ളുക. എവിടേക്കെന്നോ എത്ര കാലത്തേക്കെന്നോ എന്നൊന്നും തിട്ടമില്ലാതിരുന്ന അനന്തമായ യാത്രയായിരുന്നു അത്. മൂന്നു നാളുകൾക്കു മാത്രമുള്ള ഭക്ഷണവും അത്യാവശ്യം വസ്ത്രവും മറ്റുമെടുത്ത് ഇറങ്ങാനായിരുന്നു കൽപന.
നോവലിൽ സോവിയറ്റ് യൂനിയന്റെ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അഹിസ്കർക്കിടയിൽ പ്രവർത്തിക്കുന്ന വിറ്റാലി സർ മോസ്കോ ഉത്തരവുമായി വന്നവരോട് ചോദിക്കുന്നുണ്ട്, ഇവിടെയുള്ള എല്ലാ തുർക്കികളെയും കൊണ്ടുപോകുമോ എന്ന്. സ്റ്റാലിനും സിൽബന്തിയായ ആഭ്യന്തരകാര്യ ഉദ്യോഗസ്ഥൻ ബേരിയയും തീരുമാനമെടുത്താൽ മാറില്ല എന്ന് വിറ്റാലിക്കറിയാം. എന്താണീ തിരക്കുപിടിച്ച പുറത്താക്കൽ എന്ന ചോദ്യത്തിന് ഉടൻ മറുപടി വന്നു: ‘‘ഇവർ ശത്രുക്കളാണ്. അവസരം കിട്ടിയാൽ ഇവർ ജർമനിക്കാരോടൊപ്പം ചേർന്ന് നമ്മുടെ തലയറുക്കും.’’
അഹിസ്കൻ തുർക്കുകളുടെ നാടുകടത്തൽ
‘‘ഇക്കൂട്ടരിൽ പലരുടെയും മക്കൾ ജർമനിക്കെതിരെ യുദ്ധം ചെയ്യാൻ സോവിയറ്റ് മുന്നണിയിൽ പോയിട്ടുണ്ടല്ലോ. അവരിൽ പലരും തിരികെ വന്നിട്ടുമില്ല?’’
ആ ന്യായങ്ങളൊന്നും അവിടെ വിലപ്പോയില്ല. വലിയ ചരക്കുവണ്ടികളിൽ അവരെ കുത്തിത്തിരുകി മധ്യേഷ്യയിലെ ഉസ്ബകിസ്താൻ, കസാഖ്സ്താൻ, കിർഗിസ്താൻ പ്രദേശങ്ങളിലേക്കാണ് നാടുകടത്തിയത്. ഒരു ലക്ഷത്തോളം പേരെയാണ് നാലു ഗ്രാമങ്ങളിൽനിന്നായി തിരഞ്ഞുപിടിച്ചു നാടുകടത്തിയത്. 40 ദിവസത്തോളം നീണ്ട ദുരിതയാത്രക്കു ശേഷമാണ് അവർ ലക്ഷ്യത്തിലെത്തുന്നത്. കൊടും തണുപ്പിലും പട്ടിണിയിലുമായി 17,000ലധികം പേർ വഴിമധ്യേ തന്നെ മരണപ്പെട്ടിരുന്നു.
നൂറുദ്ദീന്റെ വാഗൺ യാത്രാവിവരണം
നരകത്തീയിൽനിന്നു രക്ഷപ്പെട്ടവരിൽ കഥപറയാൻ കാലം ശേഷിപ്പിച്ചവർ കുറവായിരുന്നു. അവരിലൊരാളായിരുന്നു നൂറുദ്ദീൻ സാസയേവ്. അദ്ദേഹത്തിന് അന്ന് 12 വയസ്സാണ്. യുദ്ധകാലമായതിനാൽ എന്തും സംഭവിക്കാം, അതുകൊണ്ട് മറ്റൊന്നും ഞങ്ങൾ ആലോചിച്ചില്ല. എന്നാൽ, പട്ടാളക്കാർ പെട്ടെന്നു വീട്ടിൽ മുട്ടിവിളിച്ച് വേഗം സാധനങ്ങളെടുത്തു പുറത്തിറങ്ങാൻ ആജ്ഞാപിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഉമ്മയാണ് അന്ന് എല്ലാം നോക്കിനടത്തിയത്. പിതാവ് യുദ്ധമുന്നണിയിലായിരുന്നു. വസ്ത്രവും ഭക്ഷണവും മാത്രം എടുത്തിറങ്ങാനായിരുന്നു ആജ്ഞ. മഴു, കത്തി, അടുക്കള പാത്രങ്ങൾ ഒന്നും എടുക്കാൻ പാടില്ല. എല്ലാവരെയും സമീപത്തെ റെയിൽപാളത്തിനരികിൽ ഒരുമിച്ചുകൂട്ടി. അഹിസ്കൻമാർ മുമ്പു പണിതുകൊടുത്ത അതേ റെയിൽപാളത്തിനു മുകളിലൂടെയായിരുന്നു അവരുടെ യാത്ര. എല്ലാവരും കയറിയ ശേഷവും വണ്ടി അനങ്ങാതിരുന്നപ്പോൾ ഏതോ കൈയബദ്ധം തിരുത്തി എല്ലാം പഴയനിലയിലാവും എന്നു കരുതിയതാണ്. എന്നാൽ, മൂന്നാം നാൾ രാവിലെ വണ്ടി നീങ്ങിത്തുടങ്ങി. 36 മണിക്കൂർ കഴിഞ്ഞാണ് വണ്ടി ആദ്യമായി നിന്നത്, അസർബൈജാൻ തലസ്ഥാനമായ ബകുവിൽ. അവിടെനിന്നു സൂപ്പും ബ്രഡും കിട്ടി. പിന്നെയും വണ്ടി മുന്നോട്ടുനീങ്ങി. വണ്ടിയിൽ കയറാൻ മടിച്ചുനിന്നവരെ സൈന്യം വെടിവെച്ചു കൊന്നു. പലരും മരിച്ചു. അവരെയൊക്കെ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു. പലരും കരുതി, തങ്ങളെ സൈബീരിയയിലേക്കു കൊണ്ടുേപാകുകയാണെന്ന്. വേറെ ചിലർ കരുതിയത് കാസ്പിയനിലെ വലിയ മത്സ്യങ്ങൾക്കിട്ടുകൊടുക്കും എന്നാണ്. എന്നാൽ അതൊന്നും നടന്നില്ല. മൂന്നാഴ്ച കഴിഞ്ഞ് ഞങ്ങൾ ഉസ്ബകിസ്താനിലെത്തി. യാത്രക്കിടയിലും എത്തിച്ചേർന്നിടത്തും കടുത്ത ശൈത്യവും പട്ടിണിയും കാരണം ആയിരങ്ങൾ മരിച്ചൊടുങ്ങി. 1944നും 48നുമിടക്ക് 17,000ത്തോളം പേർ മരിച്ചു. പുതിയ ഗ്രാമങ്ങളിൽ അടിമത്താവളങ്ങളിലെന്നപോലെയായിരുന്നു അവരുടെ ജീവിതം. എല്ലാ മാസവും അധികൃതരുടെ മുന്നിൽ ചെന്ന് ഒപ്പിടണം. വിദ്യാഭ്യാസവും വിവാഹജീവിതവുമൊക്കെ വിലക്കപ്പെട്ടിരുന്നു. 1953ൽ സ്റ്റാലിൻ മരിച്ചശേഷം നികിത ക്രൂഷ്ചേവ് ഭരണാധികാരിയായപ്പോൾ ഈ നാടുകടത്തൽ റദ്ദാക്കി. അതോടെ അഹിസ്കൻ ജനതക്ക് മോചനമായി. എന്നാൽ, ജന്മനാട്ടിൽ അവർ തിരിച്ചെത്തുമ്പോൾ ഒന്നും അവശേഷിച്ചിരുന്നില്ല. ഇപ്പോഴും ലോകത്തെ വലിയൊരു അഭയാർഥിക്കൂട്ടമായി പല ഭാഗങ്ങളിലുമായി കഴിയുകയാണ്.
ജോർജിയയിലെ തുർക്കി സ്ഥാനപതിയായിരിക്കെ അഹിസ്കൻ ദുരന്തം ശ്രദ്ധയിൽപെട്ട ഫിറാത് സുനേൽ അവരുടെ പഴയ പ്രദേശങ്ങൾ സന്ദർശിച്ചും ആളുകളുമായി അഭിമുഖം നടത്തിയും ശേഖരിച്ച വിവരങ്ങളുടെ കൂടി പിൻബലത്തിൽ എഴുതിയ നോവലാണ് ‘ഇല പൊഴിയും മരത്തിന്റെ നിഴലുകളിൽ’. തുർക്കിക്കാർക്ക് അറിയാത്ത അവരുടെ പൂർവികരുടെ കഥ അനാവരണം ചെയ്യുകയാണ് അദ്ദേഹം. ഇതൊരു സമ്പൂർണ നോവലല്ല എന്നും ചരിത്ര നോവലാണെന്നും അദ്ദേഹം പറയുന്നുണ്ട്. വംശഹത്യാ മുറവിളികൾ സജീവമാകുകയും ഭരണകൂടം കാഴ്ചക്കാരായി മാറിനിൽക്കുകയും ചെയ്യുന്ന സമകാല ഇന്ത്യക്ക് പഴയ സ്റ്റാലിൻ വാഴ്ചക്കാല അനുഭവങ്ങളിൽനിന്ന് ഏറെ പഠിക്കാനുണ്ട് എന്നു ബോധ്യപ്പെടുത്തുന്നതാണ് ഫിറാതിന്റെ ഈ ആദ്യ നോവൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.