യാസർ അറഫാത്തിന്റെ മരണം മുതൽ ഇബ്തിസാം ഹർബ് എന്ന ലബനീസ് യൂനിവേഴ്സിറ്റി വിദ്യാർഥിയുടെ ധീരതവരെ വലിയ സന്ദേശങ്ങളായി കടന്നുപോകുന്നു
‘‘കവിതയും സ്നേഹവും ഫലസ്തീനിയൻ പോരാളികളോടുള്ള ഐക്യവും അസ്വസ്ഥപ്രദേശങ്ങളിലെ മനുഷ്യജീവിതത്തിലെ ഉൾക്കാഴ്ചയും വിസ്മയകരമായ കൈയൊതുക്കവും കൊണ്ട് അദ്ഭുതപ്പെടുത്തുന്ന ഈ ലഘുനോവൽ രാഷ്ട്രീയ വിഷയങ്ങൾ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാമെന്നതിന് ഒരു മികച്ച ഉദാഹരണമാണ്’’- ആമുഖമായി സച്ചിദാനന്ദൻ കുറിച്ചിടുന്ന ഈ വരികളിലുണ്ട് പി.കെ. പാറക്കടവ് എന്ന നുറുങ്ങുകഥകളുടെ തമ്പുരാന്റെ ‘ഇടിമിന്നലുകളുടെ പ്രണയവും മീസാൻ കല്ലുകളുടെ കാവലും’ എന്ന നോവലിനെക്കുറിച്ച് എല്ലാം. വായനയുടെ അസ്ക്യത ശകലമെങ്കിലും കൂടെക്കൂട്ടിയ മലയാളത്തിലെ ഓരോ അനുവാചകനും പി.കെയെ നന്നായറിയാം. കാലങ്ങളായി കുറുങ്കഥകളിലൂടെ ശരാശരി മലയാളിയോട് ഇഷ്ടം കൂടിയ അദ്ദേഹം രണ്ടായി എഴുതിയതാണ് ഇവിടെ ഒന്നായി വീണ്ടും വെളിച്ചം കാണുന്നത്. പി.കെയുടെ ശക്തി വാക്കുകളുടെ പെരുപ്പത്തിലല്ല, കുറവിലാണെന്ന് ജോർജ് ജോസഫ് പറയുന്നുണ്ട്.
ഫലസ്തീനും ഫലസ്തീനിയുടെ ചെറുത്തുനിൽപ് അടയാളപ്പെട്ട ജീവിതവുമാണ് ‘ഇടിമിന്നലുകളുടെ പ്രണയം’ എന്ന ഒന്നാം ഭാഗം. ഇഖ്ബാൽ തമീമിയുടെ വരികളിലാണ് തുടങ്ങുന്നത്- ‘‘ജോർദാനും ഫലസ്തീനുമിടയിലെ ആദ്യത്ത ചെക്പോസ്റ്റിൽ ഒരു ഇസ്രായേലി സൈനികൻ എന്റെ ദേശീയതയെക്കുറിച്ച് ചോദിച്ചു.... എന്റെ പിതാമഹന്റെ ചോരകൊണ്ട് ചിത്രങ്ങൾ തുന്നിയുണ്ടാക്കിയ മാതാവിന്റെ വസ്ത്രം ഞാനവന് കാട്ടിക്കൊടുത്തു’’.
ഇടിമിന്നലുകളുടെ പ്രണയമെഴുതുമ്പോൾ ഗബ്രിയേൽ മാലാഖയുടെ ഒരു കൈ എന്റെ ചുമലിലുണ്ടായിരുന്നുവെന്ന് പി.കെ. ഗസ്സയും ഫലസ്തീനുമിന്ന് ലോകത്ത് ഓരോ മനുഷ്യസ്നേഹിയുടെയും കണ്ണീരും കനവുമാണ്. അത്രമേൽ ക്രൂരമായാണ് പടിഞ്ഞാറിന്റെ നിറപിന്തുണയോടെ ഇസ്രായേൽ പട്ടാളം അവരുടെ ജീവനും ഉപജീവനവും മാത്രമല്ല, ഉള്ളതെല്ലാം തീമഴയിൽ കരിച്ചുകളയുന്നത്. എന്നിട്ടും, അവന്റെ കാത്തിരിപ്പും ചെറുത്തുനിൽപും എങ്ങനെ സാധ്യമാകുന്നുവെന്നതാണ് ലോകത്തെ കുതൂഹലപ്പെടുത്തുന്നത്? ‘ഇൻതിഫാദ’ മുതൽ ‘ശീതളച്ഛായയിൽ ഒരു കഥാസായാഹ്നം’വരെ ഓരോ കുഞ്ഞ് അധ്യായവും അവന്റെ പതർച്ചയറിയാത്ത, തോൽവി സമ്മതിക്കാനാവാത്ത മനസ്സ് പങ്കുവെക്കുന്നു. ആദ്യ അധ്യായത്തിലെ രണ്ടാം വാക്യം ‘ശഖാവി എന്ന പന്ത്രണ്ടുവയസ്സുകാരന്റെ മുഖത്ത് പരിഭ്രമം തെല്ലുമുണ്ടായിരുന്നില്ല’എന്നാണ്. അലാമിയയും ഫർനാസും മാത്രമല്ല, ഓരോ ഫലസ്തീനിയും ഇതേ കരളുറപ്പോടെ ജീവിക്കുന്ന ഹൃദയഹാരിയായ ആഖ്യാനങ്ങളാണ് പിന്നീടത്രയും. അതിനിടെ, യാസർ അറഫാത്തിന്റെ മരണം മുതൽ ഇബ്തിസാം ഹർബ് എന്ന ലബനീസ് യൂനിവേഴ്സിറ്റി വിദ്യാർഥിയുടെ ധീരതവരെ വലിയ സന്ദേശങ്ങളായി കടന്നുപോകുന്നുണ്ട്. സബ്റ ശാതില അഭയാർഥി ക്യാമ്പിലെ കൂട്ടക്കുരുതിക്ക് മുന്നിൽ നിന്ന ഏരിയൽ ഷാരോണിന്റെ മരണവും ഇതിൽ കടന്നുപോകുന്നു: ‘‘എല്ലാവരുടെയും ഗതിയിത്. എട്ടുവർഷം ജീവച്ഛവമായി കിടന്നശേഷം വിടവാങ്ങിയ ഒരാളുടെ ചിത്രമിത്’. കാലം കാൽപനികനാണെന്നിരിക്കട്ടെ. കാലം നിങ്ങളെ കാർക്കശ്യത്തോടെ ഞെരുക്കിയെടുക്കും. കാലം റിയലിസത്തിൽ നമ്മെ ചുറ്റിക്കളയും’ എന്ന് ഒരിടത്ത് ഓർമിപ്പിക്കുന്നു.
ലഘു നോവലിലെ ഓരോ വരിയും സമാനതകളില്ലാത്ത അനുഭവങ്ങൾക്ക് നടുവിലും ഉയിർപ്പിന്റെ ആത്മാവ് പങ്കുവെക്കുന്നവരുടെ ജീവിതങ്ങളാണ്. ഒരിടത്ത് ആയത്ത് അൽഅഖ്റാസ് എന്ന ഫലസ്തീന്റെ ഏറ്റവും പ്രായം കുറഞ്ഞ പോരാളിയായി കഥ ജീവനെടുക്കുമ്പോൾ തൊട്ടുപിറകെ എല്ലാ പ്രയാസങ്ങളിലും ഒരുവിവാഹ ചടങ്ങ് ആഘോഷമാക്കുന്ന കുടുംബ പശ്ചാത്തലം പകർന്നുനൽകുന്നു. ‘ഒരിക്കലും ഫലസ്തീനി തോൽവിയുടെ രുചിയറിയുന്നില്ല’ എന്നാണ് എല്ലാറ്റിന്റെയും ആത്മാവും സന്ദേശവുമെന്ന് ചുരുക്കം.
ഗസ്സ പലവട്ടം കടന്നുപോകുന്ന ഇടിമിന്നലുകളുടെ പ്രണയ’ത്തിൽനിന്ന് ഭിന്നമായി നമ്മുടെകൂടി കഥയാണ് രണ്ടാം പർവം. മീസാൻ കല്ലിന് കാവലിരിക്കുമ്പോഴും കഥകൾ പൊട്ടിവിതറുന്നതിലൂടെ പുതിയ കാലവും അതിപുരാതന കാലവും ഇഴചേർത്ത് ജനിച്ച നാടിന്റെ ചിത്രം വരയ്ക്കാനുള്ള ശ്രമമാണ് ‘മീസാൻ കല്ലുകളുടെ കാവൽ’ എന്ന് പി.കെ.
ഏറെയായി മലയാളി വായനക്കാരിൽ ആവേശം തീർത്ത രണ്ട് നോവലുകൾ ഒന്നായി ഇറക്കുകയാണ് ഡി.സി. നമ്മുടെ വായനാപരിസരത്ത് എന്നും വലിയ സാന്നിധ്യമായി തലയെടുപ്പോടെ നിറഞ്ഞുനിൽക്കുന്ന ഈ കൃതിയും മലയാളക്കര സ്വീകരിക്കുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.