ചരിത്രരചനയിലെ സത്യസന്ധതയും മൂല്യനിർണയങ്ങളും എക്കാലത്തും വിവാദ വിഷയമാണ്. അന്നത്തെ ഹ്രസ്വരാഷ്ട്രീയ നേട്ടങ്ങളും ആവശ്യങ്ങളും സ്വാധീനിക്കാതെ സത്യചരിത്രം ഉപാധിരഹിതമായി രേഖപ്പെടുത്തി വെക്കുമ്പോൾ മാത്രമാണ് നമുക്ക് ഗതകാലങ്ങളെ പ്രതി വസ്തുനിഷ്ഠ യാഥാർഥ്യം ബോധ്യമാവുക. അതിന് ഉപാദാനങ്ങളെ സമീപിക്കുമ്പോൾ ചരിത്രകാരൻ കാണിക്കേണ്ട സത്യസന്ധത പ്രധാനമാണ്. എന്നാൽ, മിക്ക ചരിത്രരചനകളിലും ഉപേക്ഷിതമായി കാണുന്നത് നേരിനോടുള്ള നിർമലമായ സത്യബോധം തന്നെയാണ്. നമ്മുടെ നാട്ടിൽ ഈ ഒരു സത്യരാഹിത്യവും ഉപാദാനത്തിന്റെ തിരസ്കാരവും ഏറ്റവും തീക്ഷ്ണമായി കാണുന്നത് മൈസൂർ സുൽത്താന്മാരുടെ ചരിത്രം എഴുതുന്നിടത്താണ്.
ഇംഗ്ലീഷുകാരും പിന്നാലെ എത്തിയ ഇന്ത്യൻ ചരിത്രപരിവാരങ്ങളും ഈയൊരു സത്യവധം നിർവഹിച്ചത് കണിശമായ നിശ്ചയങ്ങളോടെയായിരുന്നു. ബ്രിട്ടീഷ് ചരിത്രകാരന്മാർക്ക് എക്കാലത്തും ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ; അവരുടെ അധിനിവേശ കോയ്മകൾ ഇന്ത്യയിൽ അവസാനിക്കാൻ പാടില്ല. അധിനിവേശത്തെ അതിന്റെ ആധാരത്തിൽ ചോദ്യം ചെയ്യുന്നവരൊക്കെയും അവർ എഴുതുന്ന ചരിത്ര നിബന്ധനങ്ങളിൽ പിശാചുവത്കരിക്കപ്പെടും. അങ്ങനെ പിശാചുവത്കരിക്കപ്പെട്ടവരാണ് മൈസൂർ സുൽത്താന്മാർ. ഇംഗ്ലീഷ് ചരിത്രകാരന്മാരും അതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ എഴുത്തുകാരും അങ്ങനെയാണ് മൈസൂർ സുൽത്താന്മാരെ അവതരിപ്പിച്ചത്. മലയാളത്തിൽ പക്ഷേ ഇതിന് ഇത്തിരി വ്യത്യാസമുണ്ട്. പലരും ആ ചരിത്രം ഏതാണ്ട് നീതിയുക്തമായി തന്നെ അവതരിപ്പിക്കപ്പെട്ടതായി കാണാം.
മഹാകവി ജി. ശങ്കരക്കുറുപ്പ് ഇങ്ങനെ മൈസൂർ സുൽത്താന്മാരുടെ ചരിത്രം അന്വേഷിച്ച ഒരാളാണ്. സർഗാത്മക മണ്ഡലത്തിൽ ധന്യതയോടെ ദീർഘത്തിൽ ഇടപെട്ട മഹാകവി മൈസൂർ ചരിത്രം അന്വേഷിച്ചുപോയത് എന്തിനായിരിക്കും എന്നതും ഒരു കൗതുകമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട ഒരു കാലത്താണ് കവിയുടെ ജീവിതം. ഒരുപക്ഷേ ദേശീയവാദിയായ കവി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ പ്രഭവ കേന്ദ്രം അന്വേഷിച്ചു പോയിട്ടുണ്ടാവാം. അങ്ങനെയെങ്കിൽ ഏതൊരാളും എത്തിച്ചേരുക മൈസൂർ സുൽത്താന്മാരുടെ അരമനയിൽ തന്നെയാവും. ചെറുതെങ്കിലും പ്രസക്തമാണ് കവിയുടെ രണ്ടു പുസ്തകങ്ങളും. ഒന്ന് അമ്പതോളം താളുകൾ മാത്രം വരുന്ന ജിയുടെ ഹൈദരലി എങ്കിൽ മകൻ ടിപ്പുവിന്റെ തിളച്ചുമറിഞ്ഞ ജീവിതം ദീർഘമാകുന്നത് വെറും എഴുപത് താളുകളിലേക്കും.
ഇന്ത്യൻ ദേശീയ ജീവിതത്തിൽ മൈസൂർ സുൽത്താന്മാരുടെ നിർവഹണവീര്യം എത്രയാണെന്നതിന് തെളിവാണ് അവർക്കെതിരെ പാടിനടക്കുന്ന ഇല്ലാപ്പാട്ടുകളെന്ന് ജി പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. ഹൈദറിന്റെ ജീവിതത്തെ അധികരിച്ച് നിഷ്പക്ഷമായ ഒരു ഗ്രന്ഥം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അദ്ദേഹത്തിന്റെ വിരോധികളായ ഇംഗ്ലീഷുകാർ എഴുതിയ ചരിത്ര രേഖകൾ പക്ഷേ വേണ്ടുവോളമുണ്ട്. അതിലൊക്കെയും ആ വീരന്റെ മാഹാത്മ്യം യഥാർഥം പ്രകാശിപ്പിക്കും എന്ന് വിശ്വസിക്കാവുന്നതാണോ? എന്ന് ചോദിച്ചുകൊണ്ടാണ് മഹാകവി ജി ഹൈദറിനെക്കുറിച്ച് എഴുതാൻ തുടങ്ങുന്നത്.
ഒന്നുമില്ലായ്മയിൽ നിന്നാണ് ഹൈദർ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തത്. മതപരമായ വിശ്വാസഭേദങ്ങൾ ഹൈദർക്കും പുത്രനും ഒരു യോഗ്യതാ നോട്ടമായിരുന്നില്ല എന്ന് ജി നിരീക്ഷിക്കുന്നുണ്ട്. ഇംഗ്ലീഷ് അധികാരത്തെ അച്ഛനും മകനും ഒരുനിലക്കും പൊറുപ്പിച്ചില്ല. ‘വഞ്ചകരും ഭീകരരുമായ കച്ചവടക്കാർ’ എന്നാണ് അവരെ ഹൈദർ വിശേഷിപ്പിച്ചത്. ഇംഗ്ലീഷ് കമ്പനിയുമായുള്ള ഹൈദറിന്റെ ബന്ധത്തെ സാമാന്യം ദീർഘമായി ഉപന്യസിച്ച് ഒടുവിൽ ശങ്കരക്കുറുപ്പ് എത്തുന്ന ഒരു നിഗമനം ഇങ്ങനെയാണ്. ‘ഇംഗ്ലീഷുകാർ തന്നെയാണ് ഹൈദറെ അവരുടെ ശത്രുവാക്കിയത്’.
ടിപ്പുവിനെപ്പറ്റി കവി എഴുതുമ്പോൾ ഭാഷ തന്നെ കാവ്യാത്മകമാകുന്നു. ഹൈദർ പരമതത്തെ സംബന്ധിച്ചിടത്തോളം ക്ഷമയുള്ള മഹാനായിരുന്നുവെന്നും പുത്രന്റെ സ്വഭാവം നേരെ വിപരീതമായിരുന്നുവെന്നും പലരും വിശ്വസിക്കുന്നുണ്ട്. എന്നാൽ, മൈസൂരിൽ സർവതന്ത്രസ്വതന്ത്രരായിരുന്ന രാജ്യവാസികളെ ടിപ്പു മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നതായി ശത്രുക്കൾ പോലും സംശയിക്കുന്നില്ല.
ടിപ്പുവിന് യുദ്ധം ഒഴിഞ്ഞ നേരമില്ലായിരുന്നു. മഹാരാഷ്ട്ര നൈസാമും ഇംഗ്ലീഷുകാരും എന്തിന് തിരുവിതാംകൂറും പഴശ്ശി പോലും മൈസൂർ എന്ന അധിനിവേശ വിരുദ്ധ രാഷ്ട്രത്തോട് നിരന്തരം പടക്കിറങ്ങി. എന്നിട്ടും യുദ്ധഭീതി മാറിനിന്ന കാലങ്ങളിൽ സുൽത്താൻ രാജ്യ വികസനത്തിനായി ഉത്സാഹിച്ചത് തെളിവുകൾ നിരത്തിയാണ് പുസ്തകത്തിൽ വിവരിക്കുന്നത്. മാത്രമല്ല, മഹാരാഷ്ട്രരും നൈസാമും ചതിച്ചില്ലായിരുന്നുവെങ്കിൽ ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ നമ്മുടെ നാട് മോചനം നേടുമായിരുന്നു എന്ന് കവി നിരീക്ഷിക്കുന്നു.
തന്റെ നാട് ഭരണ സൗകര്യത്തിനായി ഖണ്ഡങ്ങളായി തിരിക്കുകയും നഗരങ്ങൾ കേന്ദ്രീകരിച്ച് വൻ വാണിജ്യ സന്നാഹങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി എഴുത്തുകാരൻ നിരീക്ഷിക്കുന്നു. മുഖഭാവം ധീരമായിരുന്നെങ്കിലും അത് എപ്പോഴും ശാന്തമായിരുന്നു. പ്രധാനമായും രണ്ടുകാര്യങ്ങളിൽ അപചയം വന്നതുകൊണ്ടാണ് മൈസൂർ സാമ്രാജ്യം തകർന്നു പോയതെന്നാണ് ശങ്കരക്കുറുപ്പ് നിരീക്ഷിക്കുന്നത്. ഒന്ന് നെപ്പോളിയനും ടിപ്പുവും തമ്മിലുള്ള യുദ്ധവിവര കൈമാറ്റ രേഖകൾ ഇംഗ്ലീഷുകാർക്ക് ചോർന്നുകിട്ടി. പരിഭ്രാന്തരായ ഇംഗ്ലീഷുകാർ വൻ വാഗ്ദാനങ്ങൾ നൽകി മഹാരാഷ്ട്രരെയും നൈസാമിനെയും വശത്താക്കി. ടിപ്പുവിന്റേത് ദേശസ്നേഹവും മറ്റുള്ളവരുടേത് അധികാര ആർത്തിയുമായിരുന്നല്ലോ. രണ്ടാമത്തേത് അമാത്യനായി മീർ സാദിഖിനെ നിശ്ചയിച്ചതും. ടിപ്പുവിനോട് കടുത്ത വിരോധം ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന ഇയാൾ സുൽത്താന്റെ പതനം എളുപ്പമാക്കി.
മൈസൂർ ഭരണത്തെയും സുൽത്താന്മാരെയും മഹാകവി അകമഴിഞ്ഞ് വാഴ്ത്തുന്നുണ്ടെങ്കിലും വസ്തുതാപരമായ ചില ഗുരുതരപിശകുകളും പുസ്തകങ്ങളിൽ കടന്നുകൂടിയിട്ടുണ്ട്. ഇതിൽ പ്രധാനമായ ഒന്ന് സുൽത്താന്മാരുടെ മതസഹിഷ്ണുതയുമായി ബന്ധപ്പെട്ട പിശകുകളാണ്. ഹൈദറിന്റെ ജനനവർഷം കവി രേഖപ്പെടുത്തിയത് രണ്ടിടത്ത് രണ്ട് കാലമായിട്ടാണ്. അത് ഗുരുതരമായ സ്ഖലിതമാണ്. കവി പറയുന്നത് ഹൈദർ 38 വർഷമേ ജീവിച്ചുള്ളൂ എന്നാണ്. ഏതാണ്ട് അറുപതാം വയസ്സിലാണ് ഹൈദർ യുദ്ധഭൂമിയിൽ വെച്ച് രോഗബാധിതനായി മരിക്കുന്നത്. അന്ന് ടിപ്പു മലബാർ യുദ്ധക്കളത്തിലാണ്. അത് കവി അംഗീകരിക്കുന്നുമുണ്ട്. സുൽത്താന്മാരുടെ മതമൈത്രിയും പരമത സ്നേഹവും കവി വാഴ്ത്തുന്നുണ്ട്; അപ്പോഴും കേരളത്തിൽ നടന്ന മതവൈരമാണ് പുസ്തകത്തിൽ പരാമർശിതയായി വരുന്നത്. യുദ്ധത്തിൽ മുഖാമുഖം ഏറ്റുമുട്ടുമ്പോൾ ജാതിയും മതവും ഒന്നുമല്ല ശ്രദ്ധിക്കുക; വിജയം മാത്രമാവും. ഇല്ലെങ്കിൽ തോൽപിക്കപ്പെടും, യുദ്ധം ഒരു കാൽപനിക കവിതയല്ലല്ലോ.!
കുട്ടിയായിരുന്നപ്പോൾ ഏതോ ഒരു സിദ്ധൻ വന്നതും അയാൾ ക്ഷേത്രം പൊളിക്കാൻ ടിപ്പുവിനോട് പറഞ്ഞതുമായി കള്ളക്കഥ കവി എടുത്തുപറയുന്നുണ്ട്. കൃത്യമായി ഒരു ചരിത്രവും സാക്ഷ്യം പറയാത്ത ഇത്തരം ഊഹങ്ങൾ പിൽക്കാലത്ത് കൊളോണിയൽ ചരിത്രകാരന്മാർ മെനഞ്ഞതാണ്. ഇത് കവി കാണാതെപോയി.
സൂക്ഷ്മ ഗവേഷണങ്ങൾ ഒന്നും പുറത്തുവരാത്ത കാലത്താണ് കവിയുടെ ഈ എഴുത്ത്. ദത്തങ്ങൾ സൂക്ഷ്മ പരിശോധനക്ക് വെക്കാൻ കവിയുടെ ധിറുതി തടസ്സമായിരിക്കാം. സൂക്ഷ്മമായ ചരിത്ര പഠനത്തിലൂടെ അല്ല ശങ്കരക്കുറുപ്പ് മൈസൂർ ചരിത്രം എഴുതിയത് എന്ന് കരുതണം. അദ്ദേഹം ഒരു ചരിത്രകാരൻ അല്ല; ഒരു കവി. ഭാവനയുടെ മായികലോകത്ത് സ്വച്ഛന്ദം പാറിനടക്കുന്ന ഒരു കവി. അദ്ദേഹം മൈസൂർ സുൽത്താന്മാരെ പ്രതി ഇങ്ങനെയൊരു നിബന്ധം തയാറാക്കിയത് സുൽത്താന്മാർ കവിയിൽ ഉണ്ടാക്കിയ മതിപ്പും ആദരവും തന്നെയാവും. അത് ഈ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ബോധ്യമാകും. ചില അപസ്വരങ്ങൾ അപ്പോഴും കല്ലുകടിയായി പുസ്തകത്തിൽ നിലനിൽക്കുന്നത് ഖേദം തന്നെയാണ്. എന്നാലും എത്രയോ വർഷങ്ങൾക്കപ്പുറത്ത് മലയാളത്തിന്റെ ഒരു മഹാകവി എഴുതി എന്നോ വിസ്മൃതിയിൽപെട്ടുപോയ ഈ കുഞ്ഞുപുസ്തകം വീണ്ടും വർത്തമാനത്തിന്റെ മാണിക്യ വെട്ടത്തിലെത്തിയതിൽ അഭിമാനം തോന്നുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.