ഗൾഫ് പ്രവാസം, പൊതുവെ സർഗവാസനകളുടെ തീനാമ്പുകളെ തല്ലിക്കെടുത്താറാണ് പതിവ്. അത്രമേൽ തീക്ഷ്ണമായ യാഥാർഥ്യങ്ങളോടാണ് അവിടത്തെ സാമ്പത്തിക അഭയാർഥികൾ ഏറ്റുമുട്ടേണ്ടിവരുന്നത്. അവിടെ ജീവിതമെന്നത് വെറും നിലനിൽപ് മാത്രമായി ചുരുങ്ങിപ്പോകുന്നു. കഠിന കാലാവസ്ഥയും ഒറ്റപ്പെടലും തൊഴിലിലെ അരക്ഷിതത്വവും സ്വകാര്യതയെ മുച്ചൂടും ഹനിക്കുന്ന താമസകേന്ദ്രങ്ങളും നാട്ടിലെ കാക്കത്തൊള്ളായിരം ബാധ്യതകളും ഒക്കെ ചേർന്ന് ഒരു മനുഷ്യജീവിയുടെ മൃദുലഭാവങ്ങളത്രയും ചോർത്തിക്കളയുന്നു. പതുക്കപ്പതുക്കെ സ്വപ്നങ്ങളുടെയും സർഗവ്യാപാരത്തിന്റെയും ഭാണ്ഡക്കെട്ടുകൾ വഴിയോരത്തെവിടെയോ ഉപേക്ഷിച്ച് ആ മഹാപ്രവാഹത്തിൽ ലയിച്ചുചേരാൻ അയാൾ/ അവൾ നിർബന്ധിതരാകുന്നു. ഒരു ബ്ലാക്ക്ഹോൾ പോലെ ആ വ്യക്തി നിർവികാരതയുടെ കൊടും തമസ്സിലേക്കൊടുങ്ങിപ്പോകുന്നു.
അപൂർവം ചില ഭാഗ്യശാലികൾ മാത്രം ഈ തമോഗർത്തത്തിൽനിന്ന് കുതറിമാറി, തന്നിലെ സർഗവാസനയുടെ നക്ഷത്രശോഭ പ്രസരിപ്പിച്ചു കൊണ്ട് തങ്ങളുടെ അസ്തിത്വത്തിന്റെ ഉണ്മയെ സാക്ഷാത്കരിക്കാറുണ്ട്. അത്തരത്തിൽപെട്ട ഒരു ഭാഗ്യശാലിയാണ് പട്ടാമ്പിക്കാരനായ സതീഷ് കാക്കരാത്ത്.
‘പാതയോരത്തെ ചിലർ’ എന്ന ഈ കഥാസമാഹാരത്തിലൂടെ തന്റെ അക്ഷരപൂജയുടെ അണയാത്ത കൈത്തിരി സഹൃദയ ലോകത്തിനു മുമ്പാകെ വീണ്ടും കൊളുത്തി വെക്കുകയാണദ്ദേഹം. ഇത് സതീഷിന്റെ മൂന്നാമത്തെ പുസ്തകമാണ്. ഇതാ ഞാനിവിടെത്തന്നെയുണ്ടെന്ന് തനിക്കു ചുറ്റുമുള്ള ലോകത്തോട് വിളിച്ചു പറയുകയാണ് സതീഷ്, തന്റെ ഈ കൃതിയിലൂടെയും.
തനിക്ക് കാണാനും അനുഭവിക്കാനും ഇനിയും കാഴ്ചകളേറെയുണ്ടെന്ന് തന്റെ കഥകളിലൂടെയും കവിതകളിലൂടെയും ഈ എഴുത്തുകാരൻ അനുഭവിപ്പിക്കുന്നു. അവതാരിക ചൂണ്ടിക്കാട്ടിയ പോലെ, നാട്ടുഭാഷയുടെ ചന്തവും ഓർമകളുടെ മൂർച്ചയും സ്വപ്നങ്ങളുടെ ആർദ്രതയുമുണ്ട് ഈ കഥകൾക്ക്. തന്റെ സർഗശേഷിക്ക് വെള്ളവും വളവും നൽകുന്ന തായ് വേരുകളെ ഒരിക്കലും വിസ്മരിക്കാതെയാണ് തൊഴിലുകൊണ്ട് പ്രവാസിയായ സതീഷ് സ്വന്തം സർഗ പ്രക്രിയയുടെ മധുരഫലങ്ങൾ കാഴ്ചവെക്കുന്നത്. ‘മുഖച്ഛായകളിലെ’ ബീപാത്തുമ്മയും ‘പാതയോരത്തെ ചിലരിലെ’ വൈശാഖൻ മാഷും ‘താളുകൾക്കിടയിലെ’ ലിസയും ‘ബലിമൃഗങ്ങളി’ലെ ആഭിചാരക്കാരൻ ആപ്പനുമൊക്കെ അതിന്റെ ഉത്തമോദാഹരണങ്ങളാണ്. പ്രവാസത്തിന്റെ വിഹ്വലതകൾ ചിത്രീകരിക്കുമ്പോഴാകട്ടെ മറ്റൊരു കാൻവാസിലേക്ക് പറിച്ചുനടപ്പെട്ടതായി തോന്നും അനുവാചകന്.
എങ്കിലും നിളാതീരത്തെ ഗ്രാമജീവിതവും പൂരപ്പെരുമയും പ്രസാദാത്മകമായ പുള്ളിവെയിലും കാറ്റിൽ മന്ത്രം ജപിക്കുന്ന അരയാലിലകളിൽ നിന്നുമൊക്കെയാണ് ഈ എഴുത്തുകാരൻ തന്റെ ഊർജം ആവാഹിക്കുന്നതെന്ന് ഈ പന്ത്രണ്ട് കഥകളും വ്യക്തമാക്കുന്നു. കാണാക്കാഴ്ചകൾക്കപ്പുറം ‘നിസ്സീമമായ സ്നേഹത്തിന്റെ കൽപടവുകളിൽ ഇഹത്തിനും പരത്തിനും ഉടയോനായവനെ കണ്ടെത്തുന്ന’ തെളിമയാർന്ന ഒരു ജീവിത ദർശനത്തിന്റെ ഉറവിടവും മറ്റൊന്നല്ല. മലയാള സാഹിത്യത്തിൽ മുളപൊട്ടിത്തുടങ്ങിയ നവീന ഭാവുകത്വത്തിന്റെ നിരയിൽ തന്റെ സ്ഥാനവും കൂടി ഉറപ്പിക്കുകയാണ് സതീഷ് കാക്കരാത്ത് ഈ പുതിയ സമാഹാരത്തിലൂടെ.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.