ശീര്‍ഷകവും ഉള്ളടക്കവുംകൊണ്ട് സവിശേഷതയാര്‍ന്ന കൃതിയാണ് ഈജിപ്ഷ്യന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അലാ അല്‍ അസ്വാനിയുടെ 'The Republic of False Truths' എന്ന നോവല്‍. 2011 ജനുവരി 25ന് കൈറോയിലെ തഹ്രീര്‍ ചത്വരത്തിലും അലക്സാന്‍ഡ്രിയ അടക്കമുള്ള മറ്റ് പ്രമുഖ നഗരങ്ങളിലും അരങ്ങേറിയ ജനകീയ പ്രക്ഷോഭങ്ങളുടെയും തുടര്‍ സംഭവങ്ങളുടെയും ആഖ്യായികാരൂപത്തിലുള്ള ചരിത്രമാണ് ഇത്. 2018ല്‍ അറബിയില്‍ പ്രസിദ്ധപ്പെടുത്തിയ (ബൈറൂത്) ഈ കൃതി മാസങ്ങള്‍ക്കകംതന്നെ ഈജിപ്തിലും മറ്റ് ചില അറബ് രാഷ്ട്രങ്ങളിലും നിരോധിച്ചിരുന്നു. എസ്.ആര്. ഫെലോസിെൻറ പരിഭാഷയിലൂടെ 2021ലാണ് ഈ നോവല്‍ വായനക്കാരുടെ കൈകളിലെത്തുന്നത്. അറബ് വസന്തത്തിന് പതിറ്റാണ്ട് തികയുന്ന വേളയിലാണ് നോവല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഈജിപ്ത് പ്രക്ഷോഭം താല്‍ക്കാലികമായി വിജയം കണ്ടുവെങ്കിലും അവസാന കണക്കെടുപ്പില്‍ പരാജയമായിരുന്നു. പ്രസിഡൻറ് ഹുസ്നി മുബാറക് സ്ഥാനമൊഴിയണമെന്ന പ്രക്ഷോഭകരുടെ ആവശ്യം മാത്രമായിരുന്നു നിറവേറപ്പെട്ടത്. ഫെബ്രുവരി 19ന് മുബാറക് സ്ഥാനമൊഴിയുമ്പോള്‍ സമ്പൂര്‍ണാധികാരം Supreme Council of Armed Forces കൈമാറിയിരുന്നു. 2012 മേയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പ് വരെയുള്ള കാലഘട്ടത്തിലെ സംഭവവികാസങ്ങളാണ് അല്‍ അസ്വാനി നോവലില്‍ പുനരാവിഷ്കരിക്കുന്നത്.
തഹ്രീര്‍ ചത്വരത്തിലെ ആദ്യ പ്രകടനം നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് നോവല്‍ ആരംഭിക്കുന്നത്. രാജ്യത്തെ മധ്യവര്‍ത്തി സമൂഹങ്ങള്‍ക്കിടയില്‍ പ്രസിഡൻറിനെതിരെയുള്ള രോഷം മൂര്‍ധന്യത്തിലെത്തിയിരുന്നു. 30 വര്‍ഷത്തെ ഹുസ്നി മുബാറകിെൻറ ഭരണം ഈജിപ്തിനെ ഒരു പൊലീസ് സ്റ്റേറ്റാക്കി മാറ്റിയിരുന്നു. അറബ് മേഖലയില്‍ ഏറ്റവും ഉയര്‍ന്ന തൊഴില്‍രാഹിത്യവും ഈജിപ്തില്തന്നെയായിരുന്നു. ജനങ്ങളുടെ ഈ രോഷം ഭരണകൂടത്തിനെതിരെയുള്ള ഒരു വിപ്ലവമാക്കി മാറ്റാന്‍ ഈജിപ്തിലെ ചെറുപ്പക്കാര്‍ നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ ശ്രമിച്ചതിെൻറ ഫലമാണ് തഹ്രീര്‍ ചത്വരത്തിലെ ആദ്യദിന പ്രകടനം. എന്നാല്‍ പൊലീസിനെയും പട്ടാളത്തെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പതിനായിരങ്ങളാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
വാസ്തവത്തില്‍ 2004 മുതല്‍ തന്നെ പ്രസിഡൻറ് മുബാറകിെൻറ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ഈജിപ്തിലെ ചെറുപ്പക്കാര്‍ ചെറുത്തുനില്‍പ്പ് തുടങ്ങിയിരുന്നു. ഇതിനായി രൂപവത്കരിച്ച Enough എന്ന സംഘടനയുടെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായിരുന്നു അലാ അല്‍ അസ്വാനി. തഹ്രീര്‍ ചത്വരത്തിലെ പ്രക്ഷോഭങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു (ഈ സംഘടന ഇതേ പേരില്‍ തന്നെ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്).
തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ തല്‍സമയം അടിച്ചമര്‍ത്തുന്നതിന് 'Apparatus ' എന്ന പ്രത്യേക രഹസ്യവിഭാഗം പ്രസിഡൻറ് മുബാറക് രൂപവത്കരിച്ചതായി നോവലില്‍ വിവരിക്കുന്നുണ്ട്. ഇതിെൻറ തലവനാണ് മേജര്‍ അഹ്മദ് അല്‍വാനി. ആദ്യ അധ്യായത്തില്‍തന്നെ അപ്പാരറ്റസിെൻറ പ്രവര്‍ത്തനമാതൃക അസ്വാനി ചിത്രീകരിക്കുന്നുണ്ട്. അത്യന്തം ക്രൂരമായ പീഡനങ്ങളിലൂടെ തടവുകാരില്‍നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. അല്‍വാനിയെ പ്രസിഡൻറ് മുബാറകിെൻറ പ്രതിപുരുഷനായാണ് നോവലിസ്റ്റ് ചിത്രീകരിച്ചിട്ടുള്ളത്. ഒരു കോമിക് കഥാപാത്രത്തെ ചിത്രീകരിക്കുംവിധമാണ് നോവലിസ്റ്റ് മേജര്‍ അഹ്മദിനെ അവതരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ അലാ അല്‍ അസ്വാനിയുടെ രചനാതന്ത്രം പലപ്പോഴും മരിയാ വര്‍ഗാസ് യോസയുടെ രചനാരീതിയെ ഓർമിപ്പിക്കുന്നുണ്ട്.
മേജര്‍ അഹ്മദ് അല്‍വാനി, കൈറോ യൂനിവേഴ്സിറ്റിയിലെ അധ്യാപകനായ ഡോ. അബ്ദുല്‍ സമദ്, വിദ്യാർഥികളായ ഡോ. ഖാലിദ്, സ്കൂള്‍ അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ അസ്മ, മേജര്‍ അഹ്മദിെൻറ മകളും മെഡിസിന് വിദ്യാർഥിയുമായ ദയാന, എൻജിനീയറും ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകനുമായ മാസന് സഖ, ഇറ്റാലിയന്‍ സിമൻറ് കമ്പനി മാനേജറും മുന്‍കാല കമ്യൂണിസ്റ്റുമായിരുന്ന ഇസ്സാം ഷഅലന്, അഷറഫ് വിസ്സ, അയാളുടെ ഭാര്യ മഗ്ദ, വേലക്കാരി ഇക്റം, റേഡിയോ ടെലിവിഷന്‍ അവതാരക നൂര്ഹാന് തുടങ്ങിയവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവരില്‍ മേജര്‍ അഹ്മദും മഗ്ദയുമൊഴികെ മറ്റെല്ലാവരും പ്രകടനങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കുന്നുണ്ട്.
തഹ്രീര്‍ ചത്വരത്തിലെ പ്രകടനത്തിന് മുമ്പുതന്നെ അസ്മയും മാസനും പരിചിതരായിരുന്നു. 'ഇനഫ്' കൂട്ടായ്മയുടെ ചര്ച്ചാവേദികളില്വെച്ചാണ് അവര്‍ പരിചിതരാകുന്നത്. ഈ രണ്ട് കഥാപാത്രങ്ങളുടെയും നീണ്ട ഇ-മെയില്‍ സന്ദേശങ്ങളിലൂടെയാണ് തഹ്രീര്‍ ചത്വരത്തിലെ സംഭവവികാസങ്ങള്‍ വായനക്കാര്‍ അറിയുന്നത്.
മേജര്‍ അഹ്മദിെൻറ പുത്രി ദാനിയയും ഡോ. ഖാലിദും കൈറോ യൂനിവേഴ്സിറ്റിയില്‍ സഹപാഠികളായിരുന്നു. പ്രകടനത്തില്‍ പങ്കെടുക്കാന്‍ ഖാലിദ് ദാനിയയെ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും പിതാവിനെ ഭയന്ന് അവള് അതിന് സമ്മതിച്ചിരുന്നില്ല.
അഷ്റഫ് വിസ്സയാണ് നോവലിലെ മനസ്സില്‍ തറക്കുന്ന കഥാപാത്രങ്ങളില്‍ ഒരാള്‍. പരാജയപ്പെട്ട ഒരു നടനും എഴുത്തുകാരനുമാണയാള്. അസുഖകരമായ ദാമ്പത്യജീവിതം നയിക്കുന്ന അഷ്റഫ് ഹാഷിഷിലും വേലക്കാരിയായ ഇക്രമിലുമാണ് അഭയം കണ്ടെത്തുന്നത്. ചെറുപ്പക്കാരുടെ കലാപങ്ങളില്‍ അയാള്‍ക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാല്‍ പ്രകടനത്തിെൻറ ആദ്യദിനം, പൊലീസില്‍നിന്നും ടിയര്‍ ഗ്യാസില്‍നിന്നും രക്ഷപ്പെട്ട് അസ്മ അഷ്റഫിെൻറ വീട്ടില്‍ അഭയം പ്രാപിക്കുകയും അവളുമായുള്ള സംഭാഷണത്തെത്തുടര്‍ന്ന് അയാള്‍ക്ക് പ്രകടനത്തിലും തുടര്‍ന്ന് നടന്ന പ്രക്ഷോഭങ്ങളിലും താൽപര്യം ജനിക്കുകയുമായിരുന്നു. അങ്ങനെയാണ് പ്രക്ഷോഭകരുടെ മുന്നണിപ്പോരാളികളിലൊരാളായി അഷ്റഫ് വിസ്സ മാറുന്നത്.
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ അല്‍ അസ്വാനി കാണിക്കുന്ന വൈദഗ്ധ്യം പ്രശംസനീയമാണ്. കൈറോവിലെ തെരുവില്‍നിന്നും പെറുക്കിയെടുത്തവരാണ് അദ്ദേഹത്തിെൻറ കഥാപാത്രങ്ങള്‍. തെൻറ 'യാക്കോബായന് ബില്‍ഡിങ്' മുതല്‍ അസ്വാനി ഇതേ മാതൃക തന്നെയാണ് പിന്തുടരുന്നത്. തെൻറ കഥാപാത്രങ്ങളുടെ മുന്‍കാല ചരിത്രവും കുടുംബ പശ്ചാത്തലവുമൊക്കെ അദ്ദേഹം ദീര്‍ഘമായി തന്നെ വിവരിക്കുന്നു.
തഹ്രീര്‍ ചത്വരത്തിലെ പ്രകടനങ്ങളും കലാപങ്ങളും ഒരു കുട്ടിക്കളി എന്ന നിലയിലാണ് പൊലീസും പട്ടാളവും നേരിട്ടത്. ''ജനാധിപത്യം നിലനിര്‍ത്തുക, ഹുസ്നി മുബാറക് രാജിവെക്കുക, അഴിമതി അവസാനിപ്പിക്കുക'' തുടങ്ങിയ മുദ്രാവാക്യങ്ങളോടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലക്ഷക്കണക്കിന് പേര് വിവിധ സ്ഥലങ്ങളില്‍ തെരുവിലിറങ്ങിയപ്പോള്‍ പൊലീസിനെ പിന്‍വലിച്ച് നാഷനല്‍ സെക്യൂരിറ്റി ക്രമസമാധാനനില ഏറ്റെടുത്തു. മേജര്‍ അഹ്മദാണ് ഇതിന് നേതൃത്വം കൊടുത്തിരുന്നത്.
രാത്രികാലങ്ങളില്‍ ചത്വരം വിട്ടുപോകാന്‍ പ്രക്ഷോഭകര്‍ മടിച്ചു. കാരണം അവര്‍ അവിടെ നിന്നും മാറിയാല്‍ സൈനികര്‍ ചത്വരം കൈയേറുമെന്ന് അവര്‍ ഭയന്നു. അയല്‍വാസികളും വിദ്യാർഥികളും അവര്‍ക്ക് ഭക്ഷണമെത്തിച്ചു. ഇതിന് മുന്‍കൈയെടുത്തത് അഷ്റഫും ഇക്രവുമായിരുന്നു.
ഇതിനിടെ മാസന് സഖ ജോലി ചെയ്തിരുന്ന സിമൻറ് ഫാക്ടറിയില്‍ തങ്ങളുടെ ഡിവിഡൻറ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരം ആരംഭിച്ചിരുന്നു. മാസന് സഖയായിരുന്നു അവരുടെ നേതാവ്. മാനേജറായിരുന്ന ഇസ്സാം ഷഅലന് അയാളുമായുള്ള ഒത്തുതീര്‍പ്പ് സംഭാഷണത്തിനിടെ പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്. ''നിനക്ക് സത്യമറിയണോ മാസന്? ഈജിപ്തുകാര്‍ ഒരിക്കലുമൊരു വിപ്ലവത്തിന് ഒരുങ്ങുകയില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ പരാജയമായിരിക്കും ഫലം. അവര്‍ കീഴടങ്ങാന്‍ മാത്രം പഠിച്ചവരാണ്. തങ്ങളുടെ ഭരണാധികാരികള്‍ ദൈവമാണെന്നും അവരെ ആരാധിക്കേണ്ടതുണ്ടെന്നും കരുതുന്ന ലോകത്തെ ഏക ജനത നമ്മളാണ്. ഫറോവമാരുടെ കാലം മുതലേ ഇത് നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്...സ്വേച്ഛാധിപതിയായ ഒരു വീരനായകനെയാണ് ഈജിപ്തുകാര്‍ ആഗ്രഹിക്കുന്നത്. ഇതിനെതിരെ പൊരുതുമ്പോള്‍ നിങ്ങള്‍ നിങ്ങളെ തന്നെയാണ് നശിപ്പിക്കുന്നത്.''
ദിവസങ്ങള്‍ പിന്നിടുംതോറും പ്രക്ഷോഭം ശക്തമായിക്കൊണ്ടിരുന്നു. നാഷനല്‍ സെക്യൂരിറ്റി പട്ടാളക്കാര്‍ ഒരു ദയയുമില്ലാതെയാണ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാർജുകളും അവസാനം വെടിവെപ്പും നടത്തിയത്. എത്രപേര്‍ മരിച്ചു വീണുവെന്ന് കണക്കുകളൊന്നും ഉണ്ടായിരുന്നില്ല. അകലെ നില്ക്കുന്ന അഷ്റഫിെൻറ കാല്ക്കീഴില് നെഞ്ചില്‍ വെടിയുണ്ട തറച്ച ഒരു യുവാവ് മരിച്ചുവീഴുന്നത് അയാള്‍ നിസ്സഹായനായി നോക്കിനിന്നു. ഇതിനിടെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നവരില്‍ ഒരാളായ ഡോ. ഖാലിദ് നെറ്റിയില്‍ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു. മെഡിക്കല്‍ വിദ്യാർഥികള്‍ സ്ഥാപിച്ച ശുശ്രൂഷ കേന്ദ്രത്തില്‍ ദാനിയയുടെ കൈയില്‍ കിടന്നാണ് അയാള്‍ മരിച്ചത്. ഡോ. ഖാലിദും ദാനിയയുമായി സൗഹൃദത്തില്‍ കവിഞ്ഞൊരു ബന്ധം അതിനിടെ വളര്‍ന്നുവന്നിരുന്നു. അക്രമപ്രവര്ത്തനങ്ങള്ക്കെല്ലാം ചുക്കാന്‍ പിടിക്കുന്ന മേജര്‍ അഹ്മദ് അല്വാനിയുമായി കടുത്തൊരു വാഗ്വാദത്തിലേര്‍പ്പെടാന്‍ ഇതവളെ നിര്‍ബന്ധിതയാക്കുകയും ചെയ്തു.
കടുത്ത വക്രബുദ്ധിയായ മേജര്‍ അഹ്മദ് പ്രസിഡൻറിെൻറ പതനം ആസന്നമാണെന്നും ഒരുപക്ഷേ കലാപകാരികള്‍ ഭരണം പിടിച്ചെടുത്തേക്കുമെന്നും മനസ്സിലാക്കിയിരുന്നു. ഫെബ്രുവരി 11ന് മുബാറക് പ്രസിഡൻറ് സ്ഥാനം ഒഴിയുകയാണെന്നും ഭരണം താല്‍ക്കാലികമായി നാഷനല്‍ സെക്യൂരിറ്റി ഏറ്റെടുക്കുകയാണെന്നും പ്രഖ്യാപിച്ചത് മേജര്‍ അഹ്മദ് തന്നെയാണ്. ഇത്തരമൊരവസ്ഥയില്‍ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് അയാള്‍ക്കറിയാം. മുസ്ലിം ബ്രദര്‍ഹുഡ് സുപ്രീം ഹെഡുമായി അയാള്‍ ചര്‍ച്ചകള്‍ നടത്തി. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുന്നതിന് തന്നോടൊപ്പം നില്‍ക്കണമെന്നായിരുന്നു മേജര്‍ അഹ്മദിെൻറ അഭ്യർഥന. ഭരണഘടനയില്‍ മാറ്റം വരുത്തരുതെന്ന നിബന്ധന മാത്രമേ അയാള്‍ മുന്നോട്ടു വെച്ചുള്ളൂ.
2011 ജൂണ്‍ 30ന് മുഹമ്മദ് മുര്‍സി അധികാരമേല്‍ക്കുംവരെ മേജര്‍ അഹ്മദിെൻറ നേതൃത്വത്തിലുള്ള അപ്പാരറ്റസും നാഷനല്‍ സെക്യൂരിറ്റിയും ഈജിപ്തില്‍ ക്രൂരമായ നരനായാട്ടാണ് നടത്തിയത്. പ്രസിഡൻറ് മുബാറകിനെ അംഗീകരിക്കുന്ന ധാരാളം പേര് സൈന്യത്തിലും ജനങ്ങള്‍ക്കിടയിലും അപ്പോഴുമുണ്ടായിരുന്നു.
തഹ്രീര്‍ ചത്വരത്തിലെ പ്രകടനം തുടങ്ങിയപ്പോള്‍ മുതല്‍ അതിനെതിരായുള്ള നീക്കങ്ങള്‍ മേജര്‍ അഹ്മദ് അല്‍വാനി തുടങ്ങിക്കഴിഞ്ഞിരുന്നു. വന്‍കിട വ്യവസായികളുടെ ഒരു യോഗം വിളിച്ചുചേര്‍ത്ത് അവരുടെ പിന്തുണ തേടുകയായിരുന്നു ആദ്യം. പ്രക്ഷോഭകാരികള്‍ക്കെതിരെ എതിര് പ്രചാരണങ്ങള്‍ നടത്താന്‍ മാധ്യമസ്ഥാപനങ്ങള്‍ ആരംഭിക്കാനായിരുന്നു മേജര്‍ അഹ്മദിെൻറ നിർദേശങ്ങളിലൊന്ന്. ഷനവാനി എന്ന വ്യവസായിയുടെ Authentic Egypt ചാനലാണ് ഏറ്റവും പിന്തുണ നല്‍കിയത്. അവതാരകയായി നൂര്ഹാന് എന്ന സമ്പന്നമായ ഭൂതകാലമുള്ള സുന്ദരികൂടി എത്തിയപ്പോള്‍ ഈജിപ്തിലെ ഏറ്റവുമേറെ പ്രേക്ഷകസമൂഹമുള്ള ചാനലായി അത് മാറി. 'With Nourhan' എന്ന പ്രോഗ്രാമിനായിരുന്നു ഏറെ സ്വീകാര്യത.
ഇവിടെയാണ് നോവലിെൻറ ശീര്‍ഷകത്തിലെ 'False Truth' എന്ന പ്രയോഗത്തിലൂടെ എന്താണ് അലാ അല്‍ അസ്വാനി ഉദ്ദേശിച്ചതെന്ന് നമുക്ക് മനസ്സിലാവുക. ദൃശ്യങ്ങളുടെയും അനുഭവസാക്ഷ്യങ്ങളുടെയും അകമ്പടിയോടെ അസത്യങ്ങള്‍ ആവര്‍ത്തിച്ച് ജനങ്ങളുടെ മനസ്സിലേക്ക് ഇതാണ് സത്യമെന്ന് അടിച്ചേല്‍പ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. തഹ്രീര്‍ ചത്വരത്തിലെ പ്രക്ഷോഭകര്‍ രാജ്യദ്രോഹികളും ഇസ്രായേലിെൻറയും സി.ഐ.എയുടെയും പണം പറ്റുന്നവരുമായിരുന്നുവെന്നും അവര്‍ ജനങ്ങളെ മുഴുവന്‍ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് അവര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. നിഷ്കളങ്കരായ ഈജിപ്തുകാര്‍ ഏറിയ പങ്കും അത് വിശ്വസിക്കുകയും പ്രക്ഷോഭകരെ വെറുപ്പോടെ കാണാനും തുടങ്ങി. കൂട്ടത്തില്‍ മതാചാര്യനായ ശൈഖ് ഷമല്കൂടി രംഗത്തുവന്നതോടെ അവര്‍ ആ വിശ്വാസം ഉറപ്പിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനും മാധ്യമങ്ങളെ തന്നെയാണ് അവര്‍ ആശ്രയിച്ചത്.
തങ്ങളുടെ വിപ്ലവം വിജയിച്ചുവെന്നു തന്നെയായിരുന്നു മാസെൻറയും അസ്മയുടെയും മറ്റു പ്രക്ഷോഭകാരികളുടെയും അവസാന നിമിഷം വരെയുള്ള വിശ്വാസം. എന്നാല്‍ നാഷനല്‍ സെക്യൂരിറ്റിയും മേജര്‍ അഹ്മദും തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തു. വിപ്ലവകാരികളുടെ മുഴുവന്‍ പേരും മറ്റു വിവരങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. ഓരോരുത്തരെയായി പിടികൂടി അപ്പാരറ്റസില്‍ ചോദ്യം ചെയ്ത് ക്രൂരമായ പീഡനത്തിനിരയാക്കി ജയിലിലടച്ചു. പെണ്‍കുട്ടികളെ കന്യകാത്വ പരിശോധനക്കിരകളാക്കി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തഹ്രീര്‍ സ്ക്വയറില്‍ ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത് എന്നതാണ് ഈ ക്രൂരതക്ക് അവര്‍ പറഞ്ഞ ന്യായീകരണം.
മാസെൻറ സിമൻറ് കമ്പനിയിലെ ഒരുകൂട്ടം തൊഴിലാളികളും അയാള്‍ക്കെതിരെ തിരിഞ്ഞു. അസ്മയെ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ വെറുപ്പോടെ നോക്കാന്‍ തുടങ്ങി. കന്യകാത്വ പരിശോധനക്ക് വിധേയരായ പെണ്‍കുട്ടികളെയുംകൊണ്ട് കോടതിയില്‍ പരാതി കൊടുക്കാന്‍ പോയ അസ്മയും അവസാനം തങ്ങള്‍ പരാജയപ്പെടുകയാണുണ്ടായതെന്ന് മനസ്സിലാക്കുന്നുണ്ട്. ഡോ. ഖാലിദിനെ വധിക്കുന്നത് നേരില്‍ കണ്ട ദാനിയ ഹിസാം ഇസത്ത് എന്ന പട്ടാള ഓഫിസര്‍ക്കെതിരെ മൊഴി കൊടുക്കാന്‍ തയാറായപ്പോള്‍ ഖാലിദിെൻറ പിതാവ് മദനി അവളെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. നോവലിെൻറ അവസാനത്തില്‍ ഇയാളെ ഖാലിദിെൻറ പിതാവ് മദനി ചില സുഹൃത്തുക്കളുടെ സഹായത്തോടെ വധിക്കുന്നുണ്ട്.
ഇൻറര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചിരുന്നതുകൊണ്ട് വിഡിയോ പ്രദര്‍ശനങ്ങളിലൂടെയും മറ്റും ജനങ്ങളെ ബോധവാന്മാരാക്കാന് ശ്രമിച്ച അഷ്റഫിനും കൂട്ടര്‍ക്കും നാഷനല്‍ സെക്യൂരിറ്റിയുടെയും മറ്റും മർദനമേല്ക്കുകയാണുണ്ടായത്.
ഏറ്റവും ക്രൂരമായ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത് അസ്മക്കായിരുന്നു. നാഷനല്‍ സെക്യൂരിറ്റിയുടെ പിടിയിലായ അവളെ അവര്‍ നഗ്നയാക്കി ചോദ്യംചെയ്തു. ലൈംഗികാവയവങ്ങളില്‍ മർദനമേല്‍പ്പിച്ചു. പൂര്‍ണ നഗ്നയായ അസ്മയെ സമീപിച്ച് സൈനികോദ്യോഗസ്ഥന് ചോദിച്ചു. ''ഇപ്പോള്‍ മനസ്സിലായോ അസ്മ, നീ എത്ര നിസ്സാരയാണെന്ന്?'' അവളെ തകര്‍ത്തത് ആ ചോദ്യമായിരുന്നു. ക്രൂരമർദനത്തിനിരയായ അസ്മ ആശുപത്രിയില്‍ നിന്ന് ഒരു സുഹൃത്തിെൻറ സഹായത്തോടെ ലണ്ടനിലേക്ക് പോവുകയാണുണ്ടായത്. ലണ്ടനില്‍നിന്നാണ്, ജയിലില്‍ കഴിയുന്ന മാസന് അവള് ഇ-മെയിലിലൂടെ ഈ വിവരങ്ങള്‍ നല്‍കുന്നത്.
നിരവധി അവിസ്മരണീയ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്ന നോവൽ വരുംകാലങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടേക്കാവുന്ന കൃതിയാണെന്ന് നിസ്സംശയം പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.