ഡോ. ഇസ്സുദ്ദീൻ അബുൽ ഐശ് (Izzeldin Abuelaish) രചിച്ച ‘I Shall Not Hate: A Gaza Doctor’s Journey on the Road to Peace and Human Dignity’ എന്ന കൃതിക്ക് ഒരു വായന. അക്ഷരാർഥത്തിൽ നമ്മെ ഞെട്ടിക്കുകയും രോഷാകുലമാക്കുകയും കണ്ണീരണിയിക്കുകയും ചെയ്യുന്ന ഇൗ പുസ്തകം മനുഷ്യനന്മയിലുള്ള വിശ്വാസം നമ്മിൽ ഒന്നുകൂടി ശക്തമാക്കുന്നുവെന്ന് ലേഖകൻ എഴുതുന്നു.എഴുപതിൽപരം വർഷങ്ങളായി ഫലസ്തീൻ ജനത നേരിടേണ്ടിവന്ന ദുരിതങ്ങളുടെയും കുടിച്ച കണ്ണീരിന്റെയും ഹൃദയസ്പർശിയായ കഥയാണ് ‘ഐ ഷാൾ നോട്ട് ഹെയ്റ്റ്’ (I Shall Not Hate: A Gaza Doctor's Journey on the Road to Peace and Human) എന്ന അനുഭവ വിവരണങ്ങളിലൂടെ ഡോ. ഇസ്സുദ്ദീൻ...
ഡോ. ഇസ്സുദ്ദീൻ അബുൽ ഐശ് (Izzeldin Abuelaish) രചിച്ച ‘I Shall Not Hate: A Gaza Doctor’s Journey on the Road to Peace and Human Dignity’ എന്ന കൃതിക്ക് ഒരു വായന. അക്ഷരാർഥത്തിൽ നമ്മെ ഞെട്ടിക്കുകയും രോഷാകുലമാക്കുകയും കണ്ണീരണിയിക്കുകയും ചെയ്യുന്ന ഇൗ പുസ്തകം മനുഷ്യനന്മയിലുള്ള വിശ്വാസം നമ്മിൽ ഒന്നുകൂടി ശക്തമാക്കുന്നുവെന്ന് ലേഖകൻ എഴുതുന്നു.
എഴുപതിൽപരം വർഷങ്ങളായി ഫലസ്തീൻ ജനത നേരിടേണ്ടിവന്ന ദുരിതങ്ങളുടെയും കുടിച്ച കണ്ണീരിന്റെയും ഹൃദയസ്പർശിയായ കഥയാണ് ‘ഐ ഷാൾ നോട്ട് ഹെയ്റ്റ്’ (I Shall Not Hate: A Gaza Doctor's Journey on the Road to Peace and Human) എന്ന അനുഭവ വിവരണങ്ങളിലൂടെ ഡോ. ഇസ്സുദ്ദീൻ അബുൽ ഐശ് (Izzeldin Abuelaish) പറയുന്നത്. ഒപ്പം ഇസ്രായേൽ സൈന്യം തനിക്കും തന്റെ കുടുംബത്തിനും വരുത്തിവെച്ച തീരാനഷ്ടത്തിന്റെ വിങ്ങുന്ന ഓർമകളും അദ്ദേഹം പങ്കുവെക്കുന്നു.
തെക്കേ ഇസ്രായേലിന്റെ ഭാഗമായ സിഡറോട്ടിലെ ഹോഗ് എന്ന ഗ്രാമത്തിൽനിന്നും 1948ൽ യുദ്ധക്കെടുതിയിൽനിന്നു രക്ഷതേടി ജുബാലിയയിലെ ഗസ്സ അഭയാർഥി ക്യാമ്പിലേക്ക് കുടിയേറിയ മുസ്തഫ അബുൽ ഐശും കുടുംബവും പിറന്ന നാട്ടിൽ അന്യരായി മാറുകയായിരുന്നു. കുഴപ്പങ്ങൾ അവസാനിക്കുമ്പോൾ തിരികെ മടങ്ങാമെന്ന മുക്തർ (ഗ്രാമമുഖ്യൻ) കൂടിയായ മുസ്തഫയുടെയും കുടുംബത്തിന്റെയും ആഗ്രഹം നിറവേറിയില്ല. ഗസ്സയിൽ 1955ലാണ് ഇസ്സുദ്ദീൻ അബുൽ ഐശിന്റെ ജനനം.
അദ്ദേഹം എഴുതുന്നു: ‘‘ഫലസ്തീനിലെ ഭൂരിഭാഗം കുട്ടികളെപ്പോലെ എനിക്കും ഒരു ബാല്യകാലം സത്യത്തിൽ ഉണ്ടായിരുന്നില്ല. പത്തടി നീളവും പത്തടി വീതിയുമുള്ള മുറിയിൽ മാതാവും പിതാവും മൂന്ന് പെൺമക്കളും ആറ് ആൺമക്കളുമടക്കം പതിനൊന്ന് പേർ. പത്തു വയസ്സുവരെ ഇവിടെയാണ് ഞാൻ കഴിഞ്ഞത്. വെള്ളമോ വൈദ്യുതിയോ ഇല്ല. ഒരു പ്ലെയ്റ്റിൽനിന്നാണ് ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നത്. പൊതു കക്കൂസിന് മുന്നിൽ മണിക്കൂറുകളോളം ഞങ്ങൾക്ക് കാത്തുനിൽക്കേണ്ടിവന്നു. ഐക്യരാഷ്ട്ര സംഘടനയായിരുന്നു ഞങ്ങൾക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. ചട്ടമൊപ്പിച്ച് പാചകത്തിനുള്ള മണ്ണെണ്ണയും വിറകും കൊണ്ടുവരുന്നതും കാത്ത് പാദരക്ഷകളില്ലാതെ, കീടങ്ങളുടെ കടിയേറ്റ് വിശപ്പ് സഹിച്ച് ഞങ്ങൾ കാത്തിരുന്നു.
‘രാത്രിയിൽ ഞങ്ങൾ ഒരുമിച്ചുറങ്ങുന്ന പായ’ പകൽ ചുവരിൽ തൂക്കിയിടും. പാത്രങ്ങൾ കഴുകാനുള്ള വലിയ ഒരു പരന്ന പാത്രം കഴുകി തുടച്ചാണ് കൈക്കുഞ്ഞിനെ കിടത്തിയിരുന്നത്. ഒരു രാത്രി എന്തോ കുസൃതി കാണിച്ച എന്റെ അനുജൻ നാസർ, അമ്മയുടെ അടിയിൽനിന്ന് രക്ഷപ്പെടാൻ അവരുടെ കൈയിൽനിന്നും കുതറിയോടി അൽപമകലെ വെച്ചിരുന്ന പാത്രത്തിലേക്ക് എടുത്തുചാടി. അതിനകത്ത് ഏറ്റവും ഇളയ കുഞ്ഞ് ഉറങ്ങിക്കിടപ്പുണ്ടെന്ന് അവൻ അറിഞ്ഞിരുന്നില്ല. ആഴ്ചകൾ മാത്രം പ്രായമുണ്ടായിരുന്ന ആ കുഞ്ഞ് ഞെരിഞ്ഞമർന്ന് മരിച്ചു... അപ്പോൾ എന്റെ പ്രായം അഞ്ച്.’’
1961ൽ ആറാം വയസ്സിൽ യുനൈറ്റഡ് നേഷൻസിന്റെ ആഭിമുഖ്യത്തിലുള്ള ക്യാമ്പ് സ്കൂളിൽ അബുൽ ഐശ് വിദ്യാർഥിയായിരുന്നു. ദാനം കിട്ടിയ വസ്ത്രങ്ങളും സ്കൂളിൽനിന്നും ലഭിക്കുന്ന സൗജന്യ ഭക്ഷണവുമായി അവന്റെ വിദ്യാർഥി ജീവിതം ഇഴഞ്ഞുനീങ്ങി. പഠിപ്പിൽ അതീവ സമർഥനായിരുന്ന ആ ബാലൻ വീട്ടാവശ്യത്തിനായി ഐസ്ക്രീം വിൽപന, ഇഷ്ടിക ഫാക്ടറിയിൽ ഇഷ്ടിക ചുമക്കൽ തുടങ്ങിയ ചില്ലറ ജോലികളിലേർപ്പെട്ടു. ഖുർആൻ പാരായണത്തിൽ സമ്മാനം ലഭിച്ച തുക പഠനാവശ്യത്തിനായി ചെലവഴിച്ചു.
അതിരാവിലെ എഴുന്നേറ്റുള്ള പാൽവിതരണമായിരുന്നു മറ്റൊരു ജോലി. ശൈത്യകാലത്ത് നാരങ്ങാതോട്ടത്തിൽ പണിയെടുക്കുന്നതിനിടയിൽ ആർത്രൈറ്റിസ് പിടിപെട്ട് ആശുപത്രിയിലായി. പഠിച്ച് ഒരു ഡോക്ടറാകണമെന്ന ആഗ്രഹം വന്നത് അവിടെ വെച്ചായിരുന്നു. ആശുപത്രി മുറിയിൽ തന്നോടൊപ്പം കഴിഞ്ഞിരുന്ന ഫലസ്തീൻ പെൺകുട്ടിയുടെ പക്കൽനിന്നും ഒരു നേന്ത്രപ്പഴം മോഷ്ടിച്ച് തിന്ന മറക്കാനാവാത്ത സംഭവവും ഗ്രന്ഥകർത്താവ് എഴുതുന്നു.
പതിനഞ്ചു ലക്ഷം ഫലസ്തീനികൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാമ്പാണ് ഗസ്സയും ജബലിയയും. എഴുപത് ശതമാനം ഗസ്സക്കാരും ദാരിദ്ര്യരേഖക്ക് താഴെ. വ്യവസായശാലകൾ അടച്ചതുമൂലം എൺപത് ശതമാനം പേർക്കും തൊഴിൽ നഷ്ടപ്പെട്ടു. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ആശുപത്രികളിലെ അവസ്ഥയും അത്യന്തം ശോച്യമായിരുന്നു. വേദനസംഹാരികളുടെയും എക്സ്റേ ഫിലിം ഡെവലപറുകളുടെയും ഇറക്കുമതി ഇസ്രായേലികൾ മരവിപ്പിച്ചു. കാൻസർ, കിഡ്നി തകർച്ച തുടങ്ങിയ രോഗങ്ങൾ പിടിപെട്ടവർക്ക് അവശ്യ മരുന്നുകൾ ലഭ്യമാകാതെയായി.
1967ലെ ഇസ്രായേലി ആക്രമണത്തിന്റെ വേദനിപ്പിക്കുന്ന ഓർമകൾ അദ്ദേഹം പങ്കുവെക്കുന്നു. ഗസ്സയിലെ മിലിട്ടറി കമാൻഡർ ഏരിയൽ ഷാരോൺ ടാങ്കുകൾ കൊണ്ടുവരാൻ റോഡിന് വീതികൂട്ടുന്നതിന്റെ ഭാഗമായി നൂറു കണക്കിന് വീടുകളാണ് ബുൾഡോസറിനിരയാക്കിയത്. ഇക്കൂട്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും പാർപ്പിടം നഷ്ടപ്പെട്ടു. മനുഷ്യത്വമില്ലായ്മയുടെ മകുടോദാഹരണമാണ് ഈ പ്രവൃത്തിയെന്നും ഇന്നും തനിക്കത് മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
1974ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കൈറോ യൂനിവേഴ്സിറ്റി നൽകിയ സ്കോളർഷിപ്പിന്റെ സഹായത്താൽ മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഈജിപ്തിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. 1983ൽ ഒബ്സ്റ്റെട്രിക്സിൽ (പ്രസൂതി ശാസ്ത്രം) എം.ഡി ബിരുദം നേടി മടങ്ങിയെത്തി. ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിൽ ഗൈനക്കോളജി വകുപ്പിൽ അദ്ദേഹം ജോലിക്ക് ചേർന്നെങ്കിലും അധികം വൈകാതെ സൗദി അറേബ്യയിലേക്ക് യാത്രയായി.
ഇതിനിടയിൽ അദ്ദേഹം നാദിയയെ വിവാഹംചെയ്തു. സൗദിയിൽനിന്ന് തിരിച്ചെത്തിയ അദ്ദേഹം ഗസ്സയിൽ ഒരു പ്രൈവറ്റ് ക്ലിനിക് തുടങ്ങി. ചികിത്സ ലഭിക്കാതെ നരകിക്കുന്ന ഫലസ്തീൻകാരായ രോഗികളായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ‘ഇൻഫെർട്ടിലിറ്റി’യിൽ ആകൃഷ്ടനായ അദ്ദേഹം ലണ്ടനിൽനിന്നും ആ ശാഖയിൽ സർട്ടിഫിക്കറ്റ് നേടി. നിരവധി ഇസ്രായേൽ ഡോക്ടർമാരുമായി അദ്ദേഹം ചങ്ങാത്തം പുലർത്തി. ഡോറോക്ക ആശുപത്രിയിൽ അദ്ദേഹത്തിന് നിയമനം ലഭിച്ചു.
ഒരു ഡോക്ടറായിരുന്നിട്ടും കയ്പ് നിറഞ്ഞ അനുഭവങ്ങളാണ് അതിർത്തിയിൽ അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. ഇസ്രായേലി അധിനിവേശത്തിനെതിരെ ഫലസ്തീനികൾ ഇൻതിഫാദ തുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ചെക്ക്പോയന്റുകളിൽ മണിക്കൂറുകളോളമുള്ള കാത്തിരിപ്പ് അദ്ദേഹത്തിന് നേരിടേണ്ടിവന്നു. ഒരു അറബി ഡോക്ടർ തന്റെ ഭാര്യയെ ശുശ്രൂഷിക്കുന്നത് ഇസ്രായേലുകാരനായ ഒരാൾ എതിർത്തു. തങ്ങളെ എതിർത്തും വെടിവെച്ചും ബോംബിട്ടും നശിപ്പിക്കുന്ന പട്ടാളക്കാരായി വളർന്നുവരുന്ന കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സഹായിക്കുന്ന ഡോക്ടറെ അദ്ദേഹത്തിന്റെ അയൽവാസികൾ ചീത്ത പറഞ്ഞു. ‘‘അവർ ഡോക്ടർമാരായി വളർന്നുവരും’’ എന്നാണ് അദ്ദേഹം അതിന് മറുപടി പറഞ്ഞത്.
ദുർവിധികളോരോന്നായി അദ്ദേഹത്തെ വേട്ടയാടി. രക്താർബുദം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ അദ്ദേഹത്തിന്റെ ഭാര്യ കിടക്കുമ്പോൾ അബുൽ ഐശ് യൂറോപ്യൻ പര്യടനത്തിലായിരുന്നു. നേരിട്ട് ഇസ്രായേലിലെ പ്രധാന വിമാനത്താവളത്തിലേക്ക് പറക്കാൻ അനുവാദമില്ലാത്തതിനാൽ അദ്ദേഹത്തിന് അമ്മാനിലേക്ക് പോകേണ്ടിവന്നു. ജോർഡനെയും വെസ്റ്റ് ബാങ്കിനെയും ഒന്നിപ്പിക്കുന്ന അബ് ലൻസി ബ്രിഡ്ജിലേക്കുള്ള ദീർഘദൂരത്തെ കാർയാത്രക്കുശേഷം വിങ്ങുന്ന മനസ്സുമായി വിവിധ ചെക്ക് പോസ്റ്റുകളിൽ കാത്തുനിൽക്കേണ്ടിവന്നു. എത്തിച്ചേർന്നപ്പോഴേക്കും അവർ ബോധരഹിതയായി മാറിയിരുന്നു. കുറച്ചു ദിവസങ്ങൾക്കകം അദ്ദേഹത്തിന്റെ ഭാര്യ മരണമടഞ്ഞു.
കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമെല്ലാം ഒരുമിച്ച് താമസിക്കാൻ അഞ്ച് നിലകളുള്ള ഒരു കെട്ടിടം അദ്ദേഹം പണിതീർത്തു. യുദ്ധക്കെടുതിയിലും പ്രത്യാശ വറ്റാതെ അബുൽ ഐശും കുടുംബവും അവിടെ താമസിച്ചുവരവെയാണ് അതിദാരുണമായ മറ്റൊരു സംഭവം അരങ്ങേറിയത്. 2009 ജനുവരിയിൽ 23 ദിവസത്തെ ഗസ്സ ആക്രമണത്തിനിടയിലാണ് ഇസ്രായേലി പീരങ്കിയുണ്ടകൾ ആ വസതിക്ക് നേർക്ക് വർഷിക്കപ്പെട്ടത്. അദ്ദേഹം എഴുതുന്നു: ‘‘പെൺകുട്ടികളുടെ മുറിയിൽനിന്നിറങ്ങി തീൻമുറിയുടെ നടുക്കെത്തിയപ്പോഴാണ് അത് സംഭവിച്ചത്.
അതിഭയാനകമായ സ്ഫോടനശബ്ദം എന്റെ ചുറ്റും ഉയരുന്നപോലെ, എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അബ്ദുല്ല എന്റെ ചുമലിൽ ഉറങ്ങുന്നുണ്ടായിരുന്നു. അടുക്കളയിൽനിന്നും അലറിക്കരഞ്ഞുകൊണ്ട് റാഫ ഓടിവന്നു. മുൻവശത്തെ വാതിലിനരികിൽ മുഹമ്മദ് വിറങ്ങലിച്ചു നിന്നു. സ്ഫോടനത്തെ തുടർന്നുണ്ടായ പൊടിപടലമടങ്ങിയപ്പോഴാണ് ഞാനോർത്തത്, പെൺമക്കളുടെ മുറിയിൽനിന്നാണല്ലോ സ്ഫോടനമുണ്ടായതെന്ന്.
ഓടിയെത്തിയ ഡോക്ടർ കണ്ടത് ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങളും ചുവരിലും മച്ചിലും ചിതറിത്തെറിച്ച് ഒട്ടിപ്പിടിച്ച തലച്ചോറിന്റെയും മാംസത്തിന്റെയും അവശിഷ്ടങ്ങളുമാണ്. മൂന്ന് പെൺമക്കൾ ബെസ്സാൻ (20), മായർ (15), ആയ (14) എന്നിവരാണ് അന്നിരയായത്. അദ്ദേഹത്തിന്റെ മരുമകളും മരിച്ചവരിലുൾപ്പെടുന്നു. ബന്ധുവീട്ടിൽ തങ്ങിയ ഗുലാലടക്കം എട്ടു മക്കളിൽ അഞ്ചുപേർ രക്ഷപ്പെട്ടു. ഷാത്ത, മുഹമ്മദ്, റാഫ, അബ്ദുല്ല, ഷാത്തയുടെ കണ്ണിന് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ഡോക്ടർ സേവനമനുഷ്ഠിച്ചിരുന്ന ഇസ്രായേലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ലോകത്ത് മറ്റൊരാളും ഇതുപോലെ ഒരു കാഴ്ചക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല. മൂന്നു പെൺമക്കളുടെ ജീവിതം ബോംബ് വർഷത്തിൽ ചിതറിത്തെറിച്ച് വീണത് കാണുമ്പോൾ ആർക്കാണ് സമചിത്തതയോടെ ചിന്തിക്കാൻ കഴിയുക! അബുൽ ഐശ് ചോദിക്കുന്നു. എന്നാൽ, നിർദോഷികളായ തന്റെ മക്കളുടെ ജീവൻ അപഹരിച്ചവരോട് ഒടുങ്ങാത്ത രോഷം അദ്ദേഹത്തിന് തോന്നിയെങ്കിലും ആ മനസ്സിൽ ഒരിക്കലും വെറുപ്പോ പ്രതികാര ചിന്തയോ ഉദിച്ചില്ല.
‘‘പ്രതികാരത്തിനുള്ള മറുമരുന്ന് പ്രതികാരമല്ല. പ്രതികാരത്തിന് ഞാൻ മുതിർന്നാൽ അതുവഴി നഷ്ടപ്പെട്ട പെൺമക്കളെ എനിക്ക് തിരിച്ച് ലഭിക്കില്ല. ആ പെൺകുരുന്നുകളുടെ നിഷ്കളങ്കത പ്രതികാരാഗ്നിയിൽ നശിപ്പിച്ചു കളയാനുള്ളതല്ല. സൽപ്രവൃത്തി ചെയ്ത് ജീവിച്ച് അവരുടെ ഓർമ നിലനിർത്താൻ എനിക്ക് കഴിയും. വെറുപ്പിനെ പുറന്തള്ളാനുള്ള മനഃശക്തിയും പരസ്പര ബഹുമാനവും നമുക്കുണ്ടായേ തീരൂ. അപ്പോൾ നമുക്കെല്ലാവർക്കും സമാധാനം കൈവരിക്കാൻ കഴിയും.’’
സഹനത്തിന്റെയും സഹിഷ്ണുതയുടെയും ആൾരൂപമായ ഈ മനുഷ്യസ്നേഹിയുടെ സ്വരം പശ്ചിമേഷ്യൻ നാടുകളിൽ ഇന്ന് അവഗണിക്കാനാവാത്തവിധം ഉയർന്ന് കേൾക്കുന്ന ഒന്നായിത്തീർന്നിരിക്കുന്നു. അവശേഷിച്ച അഞ്ച് മക്കളോടൊപ്പം ഇസ്സുദ്ദീൻ അബുൽ ഐശ് ഇപ്പോൾ കാനഡയിൽ താമസിക്കുന്നു. ടൊറന്റോയിലെ ഡള്ളാലാന സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ അസോസിയേറ്റ് പ്രഫസറാണദ്ദേഹം.
ഇന്റർവ്യൂകളും പ്രസംഗപര്യടനങ്ങളുമായി തിരക്കിട്ട ജീവിതം നയിക്കുന്ന അദ്ദേഹം തന്റെ പെൺമക്കളുടെ ഓർമക്കായി ‘ഡോട്ടേഴ്സ് ഫോർ ലൈഫ് ഫൗണ്ടേഷൻ’ എന്ന സംഘടന നടത്തുന്നു. ഫലസ്തീനിലെയും ഇസ്രായേലിലെയും മറ്റു നാല് അറബ് രാഷ്ട്രങ്ങളിലെയും ഹൈസ്കൂൾ/ യൂനിവേഴ്സിറ്റി തലത്തിൽ പഠനം തുടരാനാഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യ ധനസഹായം നൽകുന്നുണ്ട് ഈ സംഘടന.
‘‘ഇസ്രായേലികളുടെയും ഫലസ്തീനികളുടെയും സമാധാനത്തിന്റെ പാതയിലേക്കുള്ള അവസാനത്തെ കുരുതി എന്റെ പെൺമക്കളാവുമെങ്കിൽ അവരുടെ നഷ്ടത്തെ ഞാൻ അംഗീകരിക്കും.’’ ശാന്തിമന്ത്രംപോലെ അബുൽ ഐശ് ഇങ്ങനെ ഉരുവിടുമ്പോൾ അദ്ദേഹത്തിന് നേർക്ക് കൈ കൂപ്പാതിരിക്കാൻ നമുക്കാവില്ല.
ഫലസ്തീനികളുടെ സഹനത്തിന്റെ ചിത്രം വരച്ചുകാട്ടുന്ന നൂറുകണക്കിന് നോവലുകളും ഓർമക്കുറിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്. ആന്റൺ ഷമ്മാസ്, എമിൽ ഹബീബ/ യാസ്മിനാ ഖദ്രാ, ഗസ്സൻ കൻഫാനി, സൂസൻ അബുഹവ തുടങ്ങിയ എഴുത്തുകാരുടെ കൃതികൾ ഇവയിൽ ഉൾപ്പെടുന്നു. എന്നാൽ, അവയിൽനിന്നെല്ലാം വ്യത്യസ്തമായി ‘ഐ ഷാൾ നോട്ട് ഹെയ്റ്റ്’ എന്ന ഓർമക്കുറിപ്പ് അക്ഷരാർഥത്തിൽ നമ്മെ ഞെട്ടിപ്പിക്കുന്നു, രോഷാകുലരാക്കുന്നു, കണ്ണീരണിയിക്കുന്നു. ഒപ്പം മനുഷ്യനന്മയിലുള്ള വിശ്വാസം നമ്മിൽ ഒന്നുകൂടി ശക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.