ഫലസ്തീനി എഴുത്തുകാരൻ ഗസ്സൻ കാനാഫാനിയുടെ ‘Palestine’s Children Returning to Haifa and other Stories’ എന്ന കഥാസമാഹാരത്തിന്റെ വായന.ഫലസ്തീനിയൻ എഴുത്തുകാരനും ഫലസ്തീനിന്റെ വിമോചനത്തിനുവേണ്ടി മുൻനിരയിൽനിന്ന് പോരാടിയ നേതാവുമാണ് ഗസ്സൻ കാനാഫാനി (Ghassan Kanafani). 1936 ഏപ്രിൽ 9ന് ഫലസ്തീനിലെ മെഡിറ്ററേനിയൻ തീരത്ത് ജനിച്ച അദ്ദേഹം 36ാം വയസ്സിൽ ഒരു കാർബോംബ് സ്ഫോടനത്തിൽ മരിച്ചു. 1972 ജൂലൈ 8ന് കാനാഫാനിയും...
ഫലസ്തീനി എഴുത്തുകാരൻ ഗസ്സൻ കാനാഫാനിയുടെ ‘Palestine’s Children Returning to Haifa and other Stories’ എന്ന കഥാസമാഹാരത്തിന്റെ വായന.
ഫലസ്തീനിയൻ എഴുത്തുകാരനും ഫലസ്തീനിന്റെ വിമോചനത്തിനുവേണ്ടി മുൻനിരയിൽനിന്ന് പോരാടിയ നേതാവുമാണ് ഗസ്സൻ കാനാഫാനി (Ghassan Kanafani). 1936 ഏപ്രിൽ 9ന് ഫലസ്തീനിലെ മെഡിറ്ററേനിയൻ തീരത്ത് ജനിച്ച അദ്ദേഹം 36ാം വയസ്സിൽ ഒരു കാർബോംബ് സ്ഫോടനത്തിൽ മരിച്ചു.
1972 ജൂലൈ 8ന് കാനാഫാനിയും സഹോദരപുത്രി ലാമീസും സ്വന്തം കാറിൽ യാത്ര പുറപ്പെടാൻ ഒരുങ്ങുേമ്പാഴായിരുന്നു മരണം. ഓരോ ജന്മദിനത്തിലും കഥകളും കവിതകളും അതോടൊപ്പം അദ്ദേഹം വരച്ച ചിത്രങ്ങളുമുള്ള പുസ്തകങ്ങൾ ലാമീസിന് നൽകുമായിരുന്നു. ഗസ്സൻ എൻജിൻ സ്റ്റാർട്ടാക്കിയപ്പോൾ കാർ ഒരു വലിയ സ്ഫോടനത്തോടെ കത്തിയമർന്നു. ഫലസ്തീനിന്റെ ഒരു വലിയ സ്വപ്നവും പ്രതീക്ഷയുമാണ് അവിടെ അവസാനിച്ചത്.
ഗസ്സയിലെ സമകാലിക ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മനസ്സിലേക്കോടിയെത്തിയത് കാനാഫാനിയുടെ രൂപമായിരുന്നു. ഫലസ്തീനിലെ മനുഷ്യരുടെ സ്വാതന്ത്ര്യം മാത്രം സ്വപ്നം കണ്ടിരുന്ന അവരുടെ പ്രതീക്ഷയുമായിരുന്ന കാനാഫാനിയെക്കുറിച്ച് അടുത്തിറങ്ങിയ ലേഖനങ്ങളിലൊന്നും കാര്യമായി പരാമർശിക്കപ്പെട്ടു കണ്ടതുമില്ല. Men in the Sun, Palestine’s Childern Returning to Haifa and other Stories തുടങ്ങിയ കൃതികൾ രചിച്ച കാനാഫാനിയുടെ ജീവിതം പൂർണമായും ഫലസ്തീൻ ജനതക്കുവേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു.
Men in the Sun എന്ന നീണ്ട കഥ/ നോവൽ വായിച്ച ആർക്കും കാനാഫാനിയെ മറക്കാനാവില്ല. ഈ പുസ്തകം അറബിസാഹിത്യത്തിൽ വലിയ പൊട്ടിത്തെറിയാണുണ്ടാക്കിയത്. ഇതിന്റെ കഥ ഒരു ഒഴിഞ്ഞ വാട്ടർടാങ്കിനുള്ളിൽ ഒളിച്ച് യാത്രചെയ്ത മൂന്നു പ്രവാസി ഫലസ്തീനികൾക്ക് നേരിട്ട ദുരന്തമാണ്. അതിർത്തിയിൽ വണ്ടി വളരെ നേരം പിടിച്ചിടേണ്ടിവന്നപ്പോൾ ടാങ്കറിനുള്ളിൽ സൂര്യതാപത്തിന്റെ തീവ്രതക്കുള്ളിൽ മൂന്നുപേരും ശ്വാസംമുട്ടി മരിച്ചു.
തങ്ങളുടെ സ്വത്വത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കാൻ അവർ ഭയപ്പെട്ടിരുന്നു. നിങ്ങളെന്തുകൊണ്ട് ടാങ്കറിന്റെ വശങ്ങളിൽ മുട്ടിവിളിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത്രയുമൊക്കെ ആമുഖമായി എഴുതിയത് ഗസ്സൻ കാനാഫാനിയുടെ ഫലസ്തീനിന്റെ കുഞ്ഞുങ്ങൾ–ഹൈഫയിലേക്കുള്ള മടക്കവും മറ്റു കഥകളും (Palestine’s Children -Returning to Haifa and other Stories) എന്ന പുസ്തകം വായിച്ചതിന്റെ ഓർമകൾക്കുള്ളിൽനിന്നതുകൊണ്ടാണ്.
കാനാഫാനി ഒരിക്കൽ എഴുതി, രാഷ്ട്രീയവും നോവലും വേർതിരിക്കപ്പെടുത്താനാവാത്ത കാര്യങ്ങളാണെന്ന്. അദ്ദേഹം ഫലസ്തീനിന്റെ കഥയെഴുതി. ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന ഒരു വലിയ ദുരന്തത്തിന്റെയും പ്രതിരോധത്തിന്റെയും രേഖപ്പെടുത്തലുകളായി അവ രൂപാന്തരപ്പെട്ടു. അവസാനം അതിന്റെ ഇരയായി ആ ജീവിതവും അവസാനിച്ചു. ബൈറൂതിലെ ‘ദി ലിബറേറ്റർ’ പത്രത്തിന്റെ എഡിറ്ററായും കാനാഫാനി പ്രവർത്തിച്ചിരുന്നു. ഡച്ചുകാരിയായ ഭാര്യ അന്നി കാനാഫാനിക്കാണ് അദ്ദേഹം ‘മെൻ ഇൻ ദി സൺ’ സമർപ്പിച്ചിരിക്കുന്നത്.
സാധാരണ കഥകൾ രചിക്കാനല്ല കാനാഫാനി തന്റെ സർഗാത്മകമായ കഴിവുകൾ പ്രയോഗിച്ചത്. മറിച്ച് ഫലസ്തീനിന്റെ ദുരന്തവും വിമോചനം നിറഞ്ഞ കഥകളായിരുന്നു ആ മനസ്സ് നിറയെ. ഈ കഥകളിലൂടെ ഇന്നും അദ്ദേഹം ഫലസ്തീൻകാർക്കിടയിൽ ജീവിക്കുന്നു. ‘Palestine’s Childern Returning to Haifa and other Stories’ എന്ന സമാഹാരത്തിലെ കഥകളും വിഖ്യാതമായ നോവലുകളും പ്രമേയപരമായി നിലനിൽക്കുന്നത് 1936നും 1967നുമിടയിലുള്ള കാലത്താണ്. ഇവയിൽ പലതിനും 1948 എന്ന വർഷം നൈമിഷികമായ അല്ലെങ്കിൽ ഹ്രസ്വകാല ഒരിടം മാത്രമാണ്. ഫലസ്തീനിന്റെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഈ കാലം വളരെ പ്രാധാന്യമർഹിക്കുന്നു.
1948ലാണ് ഇസ്രായേൽ രൂപവത്കരിക്കപ്പെട്ടത്. അതോടെ തങ്ങളുടെ സ്വന്തം ദേശത്തുനിന്നും ഫലസ്തീനികളുടെ വേർപെടുത്തലിനും ലോകം സാക്ഷ്യംവഹിച്ചു. പ്രവാസികളാകാൻ അവർ നിർബന്ധിതരായി. ഇൗ സമാഹാരത്തിലെ ഓരോ കഥകളിലും ഒരു കുഞ്ഞിന്റെ സാന്നിധ്യമുണ്ട്. ആ കുഞ്ഞുങ്ങൾ ജീവിക്കേണ്ടിവന്നത് അനാഥമായ ഭാവിയുടെ ദുരന്തനിയോഗങ്ങൾ ഏറ്റുവാങ്ങിയാണ്.
പശ്ചിമേഷ്യയെയും അറബ് ലോകത്തെയും വല്ലാതെ വ്യാകുലപ്പെടുത്തിയ സംഘർഷത്തിന്റെ കാഴ്ചപ്പാടിനുള്ളിൽനിന്നാണ് കാനാഫാനിയുടെ കഥകളുടെ സൃഷ്ടി. കഥകൾ വായിക്കും മുമ്പ് നാം ആ ചരിത്രം ശരിക്കും ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. ഈ സമാഹാരത്തിലെ കഥകൾ ചരിത്ര യാഥാർഥ്യങ്ങൾക്കുള്ളിൽനിന്നാണ് വികസിതമാകുന്നത്. ചില കഥകളിലെ അക്രമത്തിന്റെയും ക്രൂരതയുടെയും പശ്ചാത്തലം മൗലികമായി ആ ചരിത്രത്തിൽ അലിഞ്ഞു ചേരുന്നു.
ഫലസ്തീനിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും വികസനത്തിലും പ്രത്യേക താൽപര്യം കാട്ടിയ ഒരെഴുത്തുകാരന്റെ അനുഭവസാക്ഷ്യങ്ങൾ ചരിത്രത്തെ തീവ്രതലങ്ങളിലേക്ക് ആവാഹിക്കുന്നു. ഡമസ്കസിലെ ഫലസ്തീനിയൻ അഭയാർഥി ക്യാമ്പുകളിൽ കുട്ടികളുടെ അധ്യാപകനായും കാനാഫാനി ജീവിച്ചിട്ടുണ്ട്. ഒരെഴുത്തുകാരനെന്ന രീതിയിലുള്ള വികാസത്തിന് ഈ അനുഭവങ്ങൾ വല്ലാതെ സഹായകരമായിട്ടുണ്ട്.
ഭാവിയെപ്പറ്റിയുള്ള ആശങ്കകളാണ് കാനാഫാനിയെ ഏറെ അസ്വസ്ഥനാക്കിയത്. സമാഹാരത്തിലെ രണ്ട് പ്രധാന കഥകളായ ‘കുട്ടി ക്യാമ്പിലേക്ക് പോകുന്നു’ (The Child Goes to Camp), ‘ഒഴിവുദിനത്തിനൊരു സമ്മാനം’ (A Present for the Holiday) എന്നിവയിൽ കഥ നടക്കുന്നത് ഫലസ്തീനിയൻ അഭയാർഥി ക്യാമ്പുകളിലാണ്. അഭയാർഥികൾക്ക് താൽക്കാലിക രക്ഷാകേന്ദ്രമെന്ന രീതിയിലാണ് ഈ ക്യാമ്പുകൾ തയാറാക്കിയത്. 1948ൽ യഥാർഥ താമസസ്ഥാനങ്ങളിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന അവരുടെ സംരക്ഷണത്തിനാണിവിടെ പ്രാധാന്യം കൽപിച്ചിരുന്നത്. പിന്നീട് 1967ലെ സംഭവങ്ങളിലൂടെ അഭയാർഥികളുടെ മറ്റൊരു തലമുറ കൂടിയുണ്ടായി.
ജൂൺ യുദ്ധത്തിന്റെ കാലത്തെ സന്തതികളായിട്ടവർ വിശേഷിപ്പിക്കപ്പെട്ടു. വെസ്റ്റ് ബാങ്കും ഗസ്സാ മുനമ്പും അന്ന് ഇസ്രായേലി സൈനികർ പിടിച്ചെടുത്തതിന്റെ അനന്തരഫലമായാണിത് സംഭവിച്ചത്. അതോടെ ക്യാമ്പുകളിലെ ജീവിതം കൂടുതൽ വേദനാജനകമായി. 1948ൽ ക്യാമ്പുകളിൽ വന്ന കുട്ടികൾക്ക് 1967 കാലമായപ്പോൾ കുഞ്ഞുങ്ങൾ പിറന്നിരുന്നു. അവരും ‘ക്യാമ്പുകളുടെ സന്തതികൾ’ എന്ന പേരിലാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പക്ഷേ, ആ ജീവിതത്തിന്റെ ചരിത്രപരമായ പ്രാധാന്യം അറിയപ്പെടാതെ പോയി എന്ന് കാനാഫാനി സൂചിപ്പിക്കുന്നുണ്ട്.
‘കുട്ടി ക്യാമ്പിലേക്ക് പോകുന്നു’ എന്ന കഥയിൽ ഇതിന്റെ നിഴൽ വീണുകിടക്കുന്നു. ഇവിടെ ആഖ്യാതാവിനെ സംബന്ധിച്ചിടത്തോളം ഇതൊരു അലിവ് തോന്നാത്ത സമ്മാനമായിരുന്നു. ക്രൂരതകളുടെ മാത്രമായ കാലമായിരുന്നു അത്. അഞ്ച് പൗണ്ടുകൾ ലഭിച്ചത് കഥാനായകനായ കുട്ടിയും അവന്റെ കസിനും തെരുവിലെ പാഴ്ഭക്ഷണങ്ങൾ ശേഖരിക്കുന്നതിനിടയിലായിരുന്നു. ഓരോ ദിനത്തെയും അവരുടെ നിലനിൽപിന്റെ സാധ്യതകൾ കിടക്കുന്നത് ആ ശേഖരണത്തിലായിരുന്നു. അത് യുദ്ധകാലമായിരുന്നു. അത് ശരിക്കും ഒരു യുദ്ധമായിരുന്നില്ല, സൂക്ഷ്മമായി പറഞ്ഞാൽ പകയും വിദ്വേഷവും മാത്രം. അതിനെതിരെ ശത്രുവിനു നേരെയുള്ള തുടർച്ചയായ പോരാട്ടങ്ങൾ മാത്രം.
‘ഒഴിവുദിനത്തിനൊരു സമ്മാനമെന്ന’ കഥയിലേക്ക് വരുമ്പോൾ സ്മരണാർഥമായ കാലത്തിനുപോലും അതിന്റെ പ്രാധാന്യവും മുഖവും നഷ്ടപ്പെട്ടതായി കാണുന്നു. ഒരു സുഹൃത്തിന്റെ ടെലിഫോൺ സന്ദേശം വരുമ്പോഴാണ് ആഖ്യാതാവ് ഉണരുന്നത്. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് സമ്മാനം കൊടുക്കാനുള്ള പദ്ധതിയുമായാണ് അയാൾ വരുന്നത്. ഇതോടൊപ്പം ആഖ്യാതാവ് സ്വന്തം ബാല്യത്തെക്കുറിച്ചോർക്കുന്നു ^ക്യാമ്പുകളിൽ ചെലവിട്ട ബാല്യകാലം. എല്ലാം ഒരിക്കൽകൂടി ആവർത്തിക്കപ്പെടുകയാണോ. ഒരിക്കലും അവസാനിക്കാത്ത അഭയാർഥി ക്യാമ്പുകളുടെ ഓർമകൾ ഇവിടെ നമ്മെ ദുഃഖിതരാക്കുന്നു.
‘ക്യാമ്പിലെ തോക്കുകൾ’ എന്ന കഥയും നടക്കുന്നത് അഭയാർഥി ക്യാമ്പുകളിലാണ്. അവിടത്തെ ജീവിതത്തിലെ രൂപാന്തരത്വം നമ്മെ ഒരിക്കൽക്കൂടി അവരുടെ പ്രതിരോധത്തിന്റെ ധീരമായ തലങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഫലസ്തീനിയൻ മാതൃത്വത്തിന്റെ പ്രതീകമായ ഉംസാദിന്റെ ചരിത്രപരമായ അന്വേഷണങ്ങൾ ഇവിടെ നിറഞ്ഞുനിൽക്കുന്നു. അവർ പുത്രന്മാർക്ക് ജന്മം കൊടുത്തതുതന്നെ ഫലസ്തീനിന്റെ മോചനത്തിനുവേണ്ടി മാത്രമാണ്.
അനിശ്ചിതത്വത്തിന്റെ ഭാവിയിലും അവർ തകർന്നുപോകുന്നില്ല. അവർ സ്വന്തം ഭൂമികയുടെ മോചനത്തിനായി വഴികൾ തേടുന്നു. മണ്ണിൽനിന്നും മനുഷ്യൻ പറിച്ചെറിയുന്നത് കാൺകെ ഒറ്റപ്പെടലിന്റെ വേദനക്കുള്ളിലും അവർ പ്രാർഥനാനിരതമാവുന്നു. മികച്ച കഥയാണിത്. കാനാഫാനിയുടെ ഒരു മാസ്റ്റർപീസ്.
കാനാഫാനിയുടെ കഥകളും സാഹിത്യ ചരിത്രങ്ങളും ഇടംകണ്ടെത്തുന്നത് ഒരു പ്രത്യേക ചരിത്രപരമായ സന്ദർഭത്തിനുള്ളിലാണ്. കുട്ടിയായ മൻസൂറിന്റെ കഥ പറയുന്ന ആഖ്യാനത്തിനുള്ളിൽ രാഷ്ട്രീയപരവും സാമൂഹികവുമായ പോരാട്ടങ്ങളുടെ പ്രതീകാത്മകമായ ചിത്രമാണ് കാനാഫാനി പങ്കുവെക്കുന്നത്. കാലത്തെ അതിജീവിച്ചുനിൽക്കുന്ന വൃക്ഷവും മനുഷ്യനും അപരന്റെ തോക്കും അയാളുടെ കണ്ണുനീരും രൂപകങ്ങളാകുന്നു. പുറത്തെ കലുഷിതമായ മഴയുടെ ആധിക്യത്തിലും മൻസൂറിന് അടങ്ങിയിരിക്കാനാവുന്നില്ല. ചുറ്റും നിശ്ശബ്ദതയുടെ ഭാരംപേറി കിടക്കുന്ന ശവശരീരങ്ങൾ കാണുമ്പോഴും ജീവിത യാഥാർഥ്യങ്ങൾ അവനെ പിടിച്ചുനിർത്തുന്നു.
‘ഹൈഫയിലേക്കുള്ള തിരിച്ചുവരവ്’ എന്ന നോവലെറ്റ് രണ്ട് ചരിത്രപരമായ പശ്ചാത്തലങ്ങൾക്കുള്ളിലാണ് സംഭവിക്കുന്നത്. ഏതാണ്ട് 20 വർഷങ്ങൾക്കിടയിലെ ഒരു കാലത്ത്: 1948നും 1967നുമിടയിൽ. 1967 ജൂൺ അവസാനത്തോടെ അധിനിവേശം തുടങ്ങുന്നു. ഇസ്രായേൽ പടിഞ്ഞാറൻ തീരം പിടിച്ചെടുക്കുന്നു. സിനായിയും ഗസ്സയും ഗോലാനും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. ആഖ്യാതാവായ സെയ്ദ് എസും അയാളുടെ ഭാര്യ സഫീയയും വെസ്റ്റ് ബാങ്കിലുള്ള അവരുടെ ഭവനത്തിൽനിന്ന് ഹൈഫയിലേക്ക് മടങ്ങുന്നു.
അവിടെയാണവരുടെ പഴയ ഭവനം സ്ഥിതിചെയ്യുന്നത്. അവരുടെ ഓർമകൾ നോവലിലെ വേദനിപ്പിക്കുന്ന ചിത്രങ്ങളായി മാറുന്നു. ഫലസ്തീനിയൻ ജനതയുടെ പലായനത്തിന്റെ കഥയാണിതിൽ അനാവരണം ചെയ്യപ്പെടുന്നത്. ഇതിനുവേണ്ടി കാനാഫാനി 1948ലെയും 1967ലെയും കാലങ്ങളെ ഒരിക്കൽകൂടി മാനവരാശിക്കു മുന്നിൽ അവതരിപ്പിക്കുന്നു. അവരുടെ മാനസികാഘാതങ്ങളുടെ തീവ്രതക്കുള്ളിൽ ഫലസ്തീനിയൻ ജനതയുടെ പോരാട്ടങ്ങളുടെ പ്രതീകാത്മകമായ ചിത്രവും പങ്കുവെക്കുന്നു.
ഇവിടെ കാലവും ഇടവും അതിനിടയിലെ ചരിത്രവും നിശ്ശബ്ദതയുടെ ഭാരംപേറി നിൽക്കുന്നു. ‘അതുവരെ കാണാത്ത’ ചില യാഥാർഥ്യങ്ങളുടെ വിശദവിവരങ്ങളാണിവിടെ കാനാഫാനി അവതരിപ്പിക്കുന്നത്. ഈ നോവൽ ‘മെൻ ഇൻ ദി സണി’നെ പോലെ കാനാഫാനിയുടെ ഒരു മാസ്റ്റർപീസ് തന്നെയാണ്. 1948നും 1967നും ശേഷം ഇതാ 2023ൽ ഒരിക്കൽകൂടി അത് ആവർത്തിച്ചിരിക്കുന്നു. മാനവരാശിയുടെ സ്വാതന്ത്ര്യമോഹങ്ങൾക്കാണിവിടെ മുറിവേറ്റിരിക്കുന്നത്. ആയിരക്കണക്കിന് നിരപരാധികളായ കുഞ്ഞുങ്ങൾ ആക്രമണത്തിൽപെട്ട് മരിച്ചുവീണ ഗസ്സയുടെ ചോരപുരണ്ട മണ്ണിൽ കാലം സ്വാതന്ത്ര്യത്തിന്റെ പുതിയ മോഹങ്ങളുതിർക്കുന്നു. കാനാഫാനിയുടെ ആത്മാവിന് വീണ്ടും മുറിവേറ്റിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.