ഇശൽറാണിയുടെ ജീവിതം വായിക്കുമ്പോൾ

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ മാപ്പിളപ്പാട്ടോളം ആസ്വാദന സ്വാധീനം ലഭിച്ച മറ്റൊന്നുണ്ടാവില്ല. മാപ്പിളപ്പാട്ടിന്റെ ഈണവൈവിധ്യങ്ങളും രാഗ, താള സമൃദ്ധികളുമാണ് ഇതിന് കാരണം. ഉപയോഗിക്കുന്ന പദങ്ങളും വാക്യങ്ങളും ജീവിതാനുഭവങ്ങളുടെ സങ്കീർണ ഭാവങ്ങളും ഇതിന്റെ മറ്റൊരു കാരണമാകും.

മാപ്പിളപ്പാട്ടിന് ഇത്രയേറെ പൊതു സാമൂഹികപ്രസക്തി കൈവന്നതിന്റെ വേറൊരു കാരണം അതിന്റെ ആലാപന സൗന്ദര്യമാണ്. വായിച്ച് ആസ്വദിക്കുകയോ സ്വയം പാടി അറിയുകയോ ചെയ്യുന്നതിനേക്കാൾ മാപ്പിളപ്പാട്ടിന്റെ ആസ്വാദനം സാധ്യമാകുന്നത് കേട്ട് രസിക്കുന്നതിലാണ്. അതുകൊണ്ടാണ് ഒരുകാലത്ത് പാട്ട് പാടിപ്പറയൽ തൊഴിലാക്കി നിരവധി ആളുകൾ ജീവിച്ചുപോയത്.

പാടിപ്പറയൽ ഘട്ടം അവസാനിച്ചത് കഥാപ്രസംഗം സാംസ്കാരിക ജീവിതത്തിൽ നിത്യമായതോടെയാണ്. ഐഷാബീഗവും റംലാ ബീഗവും ആലപ്പി അസീസുമൊക്കെ നയിച്ച ഈ മാപ്പിള കഥാപ്രസംഗ പരിപാടികളിലും മികവാർന്നു നിന്നത് ഗായകരുടെ ആലാപന സ്വാധീനം തന്നെ. മാപ്പിളപ്പാട്ട് ആസ്വാദനത്തിന്റെ മൂന്നാംഘട്ടം പക്ഷേ വാദ്യഘോഷ ലാളനയോടെയുള്ള വമ്പൻ ഗാനമേള സംഘങ്ങളുടെ പാട്ട് അവതരണത്തിന്റേതാണ്.

എഴുപതുകളോടെ മുസ്‍ലിം സാംസ്കാരിക രംഗത്ത് പുളകമണിയിച്ച് മുന്നേറിയ നിരവധി ഗായകസംഘങ്ങളും ഗായകരും നമുക്കുണ്ടായിരുന്നു. അവരിൽ എന്തുകൊണ്ടും വിശ്രുതയാണ് മാപ്പിളപ്പാട്ടിന്റെ കൊട്ടാരത്തിൽ അര നൂറ്റാണ്ടുകാലം നിറഞ്ഞുപാടിയ വിളയിൽ ഫസീല. ബൂസുരിയുടെ ബുർദ മുതൽ മോയിൻകുട്ടി വൈദ്യരുടെ പോരാട്ട ഗാനങ്ങളും പ്രണയഗാനങ്ങളുംവരെ ഇവരുടെ അനുഗൃഹീത ശബ്ദത്തിലൂടെ മലയാളികൾ കേട്ടത് അതിഹൃദ്യതയോടെയാണ്. ഇന്നും അതങ്ങനെ അഭംഗുരം നിലനിൽക്കുന്നു. പക്ഷേ, ഇന്നവർ നമ്മോടൊപ്പമില്ല. പകരമില്ലാത്ത ശബ്ദം, സമാനതകളില്ലാത്ത ആലാപനം.

അപ്പോഴും മലയാളികൾ പക്ഷേ ആ ശബ്ദത്തെയല്ലാതെ ആ മഹിത ജീവിതത്തെപ്പറ്റി തിരക്കിയതേയില്ല. നാം ആ ശബ്ദത്തിനു ചുറ്റും ഭ്രമിച്ചുനിന്നു. അവർ മുറിച്ചുകടന്ന ജീവിതസംഘർഷങ്ങൾ നാം അറിഞ്ഞില്ല. അവർ കുടിച്ചുവറ്റിച്ച കയ്പ് നാം അറിഞ്ഞില്ല. ആ അനുഗൃഹീത ഗായികയെ അടുത്തറിയുന്ന ഒരു പുസ്തകം പോലും മലയാളത്തിൽ ഇന്നുവരെ പ്രസാധിതമായില്ല.

ആ വലിയ ശൂന്യത നികത്താൻ ഇപ്പോഴൊരു ഗഹനരചന പുറത്തുവന്നിരിക്കുന്നു, ‘മൈലാഞ്ചിക്കൊമ്പ്’. മാപ്പിളപ്പാട്ട് ഗവേഷകനും പ്രഭാഷകനുമായ ഫൈസൽ എളേറ്റിലാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. പുസ്തകത്തിലെ ശ്രദ്ധേയമായ ലേഖനവും ഫൈസലിന്റേത് തന്നെയാണ്. ‘ഇശൽ റാണിയുടെ ആരോഹണാവരോഹണങ്ങൾ: ആലാപനത്തിലും ജീവിതത്തിലും’ എന്ന പ്രബന്ധത്തിൽ ഗായികയുടെ ഗതകാല ജീവിതം ഫൈസൽ എളേറ്റിൽതന്നെയാണ് പറയുന്നത്.

വിളയിൽ ദേശത്തെ കല്ലാശാരിയായ ഉള്ളാട്ടുതൊടി കേളന്റെയും വാഴയൂരിലെ ചെറുപെണ്ണിന്റെയും മകളായി വത്സല ജനിക്കുന്ന കാലത്തെ നാട്ടുജീവിതം ഫൈസൽ പറയുന്നത് ഏറെ ഹൃദയസ്പൃക്കായാണ്. അന്നത്തെ സാമൂഹിക ജീവിതാവസ്ഥകൾ, തീണ്ടലും തൊടീലും അയിത്ത ബോധങ്ങളും തീക്ഷ്ണമായി പാലിക്കപ്പെട്ടിരുന്ന അക്കാലത്ത് അലക്കുകാരിയായ ചെറുപെണ്ണിന്റെ മകൾ വത്സല അലക്കുകെട്ടുകളുമായി നമ്പൂതിരി ഇല്ലങ്ങളിലേക്ക് വിഭ്രമിച്ചു പോയ കഥ പുസ്തകം പറയുന്നു. പാട്ടപ്പറമ്പിലെ കുഞ്ഞുവീട്ടിൽ സർവവിധ ദാരിദ്ര്യത്തോടും സാമൂഹിക അവഗണനയോടും പടവെട്ടി ജീവിച്ച കേളന്റെ മകളിൽ ഇശലിന്റെ ഇശ്ഖുകൾ ഏതോ നിയോഗം പോലെ വന്ന് രാപ്പാർക്കുകയായിരുന്നു.

ദേശത്തുള്ള പ്രാഥമിക പള്ളിക്കൂടത്തിലെ സ്നേഹനിധിയായ ടീച്ചർ ഇവർക്ക് ഒരു പേരു ചൊല്ലി വിളിക്കുന്നു, വത്സല. സ്വയം തിരിച്ചറിഞ്ഞാശ്ലേഷിച്ച വിശ്വാസ ബോധ്യങ്ങൾ ജീവിതംകൊണ്ട് പ്രഖ്യാപിക്കുന്നതുവരെയും ടീച്ചർ നൽകിയ വാത്സല്യനാമവുമായി ഇവർ പാടി വളരുന്നത് നിർനിമേഷത്തോടെ നാട്ടുകൂട്ടം കണ്ടുനിൽക്കുന്നു. കുഞ്ഞു വത്സലയെ ഗാനാലാപനത്തിന്റെ ആദി വിതാനം കയറ്റുന്നതും ഈ അധ്യാപികതന്നെയാണ്. പിന്നീട് വത്സല ഫസീല എന്ന നാമം സ്വീകരിച്ചു.

പിന്നീട് വി.എം. കുട്ടിയെന്ന മറ്റൊരധ്യാപകന്റെ വാത്സല്യവും ഗുരു സ്ഥാനീയതയും അവരെ സമ്പൂർണ ഗായികയാക്കി വാഴ്ത്തിനിർത്തുന്ന ഭാഗവും പുസ്തകത്തിൽ ഫൈസൽ അവതരിപ്പിക്കുന്നുണ്ട്. കവിയും നോവലെഴുത്തുകാരനുമായ ബാപ്പു വെള്ളിപറമ്പിൽ ഫസീലയുടെ ജീവിതം പറയുന്നുണ്ട്. ഇതുപക്ഷേ, മറ്റൊരു രാശിയാണ്. ബാപ്പു നിരവധി പാട്ടുകൾ എഴുതിയ ഭാവനാസമ്പന്നനായ കവിയാണ്. ബാപ്പുവിന്റെ സംഘത്തിലും ഫസീല ഗായികയായി നിരവധി തവണ പാടിയിട്ടുണ്ട്.

അക്കാല അനുഭവങ്ങളുടെ സവിശേഷ പരിസരത്തിൽ നിന്നുകൊണ്ട് ഗായികയുടെ ജീവിതം പറയുന്നതിനിടയിൽ ഫസീല പാടി ഹിറ്റാക്കിയ നിരവധി ഗാനങ്ങൾ ബാപ്പു എടുത്ത് ഉദാഹരിക്കുന്നുണ്ട്. ഹിറ്റ് പാട്ടുകൾ ഓരോ ജീവിതഘട്ടത്തിലും എങ്ങനെയൊക്കെയാണ് സമൂഹത്തിൽ പ്രവർത്തിച്ചതെന്ന് ഈ പ്രബന്ധത്തിലൂടെ നമുക്ക് മനസ്സിലാക്കാം. ആദ്യ ഗൾഫ് യാത്രയിൽ പാടിയ പി.ടി. അബ്ദുറഹിമാന്റെ ഗാനമായ ‘കടലിന്റെ ഇക്കരെ വന്നോരേ’ തുടങ്ങിയതൊക്കെയും ബാപ്പു ഇങ്ങനെ വിശകലനത്തിന് വെക്കുന്ന പാട്ടുകളാണ്.

ഈ പുസ്തകത്തിലെ ഏറ്റവും ദൈർഘ്യമുള്ള പ്രബന്ധം നസറുദ്ദീൻ മണ്ണാർക്കാടിന്റെതാണ്. മുപ്പതോളം താളുകളിലേക്ക് വിസ്താരമാവുന്ന ഈ ലേഖനം വായനയിൽ ഏതാണ്ട് ആ ജീവിതം പൂർണമായി വരച്ചുവെക്കുന്നുണ്ട്. എഴുത്തുകാരൻ പി.ടി. കുഞ്ഞാലിയും ആ ജീവിതത്തെ ഭാവാത്മകമായി അടയാളപ്പെടുത്തുന്നു. ഫസീലയുടെ മകൻ ഫയാസ് അലി സ്വന്തം ഉമ്മയെ അനുസ്മരിക്കുന്നത് വായിക്കുമ്പോൾ സത്യത്തിൽ കണ്ണുനിറയും. ഫസീലയുടെ സഹോദരൻ നാരായണൻ തന്റെ കൂട്ടുകുടുംബ ജീവിത ഓർമകൾ പുസ്തകത്തിൽ പങ്കുവെക്കുന്നുണ്ട് .

ഫസീലയുടെ ആലാപന മാധുരികൊണ്ട് മാത്രം പെരുമപ്പെട്ട നിരവധി പാട്ടുകൾ ഈ പുസ്തകത്തിൽ ഫൈസൽ എടുത്തുചേർത്തത് മാപ്പിളപ്പാട്ട് പഠിതാക്കൾക്ക് ഒരു പ്രമാണരേഖയാവും. നൂറിലേറെ പുറങ്ങളിലേക്ക് വികസിക്കുന്ന പുസ്തകം ഗായികയായ ഫസീലയുടെ ജീവിതം നമുക്ക് കൃത്യമായും പറഞ്ഞുതരുന്നു. നിരവധി അപൂർവ ചിത്രങ്ങൾ പുസ്തകത്തിന്റെ മറ്റൊരു മികവാണ്.

Tags:    
News Summary - weekly literature book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.