അവസാന മേഘത്തുള്ളി

മലയാളിയും ഇംഗ്ലീഷ്​ മാധ്യമപ്രവർത്തകയുമായ സംഗീത ജി എഴുതിയ ‘ഡ്രോപ് ഓഫ് ദ ലാസ്‌റ്റ് ക്ലൗഡ്‌’ വായിക്കുന്നു. കേരളത്തിന്റെ ആധുനിക ചരിത്രത്തിലും സാമൂഹിക പരിവർത്തനത്തിലും സാഹിത്യത്തിലും താൽപര്യമുള്ള എല്ലാവരും വായിക്കേണ്ട കൃതിയാണിതെന്ന്​ ലേഖകൻ.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളസമൂഹം നാടകീയവും വിപ്ലവകരവുമായ സാമൂഹികമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കനേഡിയൻ വിദ്യാഭ്യാസ വിദഗ്​ധനായ റോബിൻ ജെഫ്രി ഈ പ്രതിഭാസത്തെ ‘നായർ ആധിപത്യത്തിന്റെ തകർച്ച’ എന്നാണ് വിളിച്ചത്. ജാതി അടിസ്ഥാനമാക്കിയുള്ള സാമൂഹികക്രമവും സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളും...

മലയാളിയും ഇംഗ്ലീഷ്​ മാധ്യമപ്രവർത്തകയുമായ സംഗീത ജി എഴുതിയ ‘ഡ്രോപ് ഓഫ് ദ ലാസ്‌റ്റ് ക്ലൗഡ്‌’ വായിക്കുന്നു. കേരളത്തിന്റെ ആധുനിക ചരിത്രത്തിലും സാമൂഹിക പരിവർത്തനത്തിലും സാഹിത്യത്തിലും താൽപര്യമുള്ള എല്ലാവരും വായിക്കേണ്ട കൃതിയാണിതെന്ന്​ ലേഖകൻ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളസമൂഹം നാടകീയവും വിപ്ലവകരവുമായ സാമൂഹികമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കനേഡിയൻ വിദ്യാഭ്യാസ വിദഗ്​ധനായ റോബിൻ ജെഫ്രി ഈ പ്രതിഭാസത്തെ ‘നായർ ആധിപത്യത്തിന്റെ തകർച്ച’ എന്നാണ് വിളിച്ചത്. ജാതി അടിസ്ഥാനമാക്കിയുള്ള സാമൂഹികക്രമവും സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളും ആധുനികവും സമത്വപരവും വ്യക്തിപരവും കമ്പോളത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സാമൂഹിക ക്രമീകരണത്തിന് വഴിയൊരുക്കി. ഇത് ഒരു വിപ്ലവത്തെക്കാൾ കുറവായിരുന്നില്ല. ഈ പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുകൾ അത്യധികം മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയി.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിവരെ തിരുവിതാംകൂറിൽ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയപരമായും ആധിപത്യം പുലർത്തിയിരുന്നത് നായർ സമുദായമായിരുന്നു. പിന്നീട് കൊളോണിയൽ ആധുനികതയുടെ കാറ്റ് വീശിയപ്പോൾ കേരളത്തിന്റെ നവോത്ഥാനം എന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന സാമൂഹികവിപ്ലവത്തിന്റെ ബൗദ്ധിക ഉണർവ് തിരുവിതാംകൂറിലെ എല്ലാ സമുദായങ്ങളെയും ബാധിച്ചു. ഇത് ജാതിയുടെയും മതത്തിന്റെയും വിവേചനങ്ങളെ ചോദ്യംചെയ്തു.

വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും പുതിയ അവസരങ്ങൾ ഈഴവ, ക്രിസ്ത്യൻ സമൂഹത്തിന്റെ ഉയർച്ചക്ക് വഴിയൊരുക്കി. കമ്യൂണിസവും ദേശീയ രാഷ്ട്രീയവും സമൂഹത്തിലെയും രാഷ്ട്രീയത്തിലെയും ശ്രേണികളെ വെല്ലുവിളിച്ചു. മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായം ഇനി സുസ്ഥിരമല്ലെന്ന് നായർ സമുദായംതന്നെ തിരിച്ചറിഞ്ഞു. അതിനാൽ, ആധുനിക പുരുഷാധിപത്യ അണുകുടുംബത്തിലേക്കുള്ള സാമൂഹികമാറ്റത്തിനായി നായർ സമുദായത്തിലെ പുരോഗമന വിഭാഗങ്ങൾ സമ്മർദം ചെലുത്തി. ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ നായർ തറവാടുകൾ, ആ സമുദായത്തിന്റെ പ്രതാപകാലത്തിന്റെ അവശിഷ്ടങ്ങളായി മാറി. എന്നാൽ, നായർ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ സാമൂഹികമാറ്റം അവരെ വളരെ പിന്നോട്ടു കൊണ്ടുപോയി.

പഴയ ക്രമത്തിൽ, അവർ സാമ്പത്തികമായും സാമൂഹികമായും സ്വതന്ത്രരായിരുന്നു. അവർക്ക് അവരുടെ ഇഷ്ടാനുസരണം ബന്ധങ്ങൾ സ്ഥാപിക്കാനും അവരുടെ ഇഷ്ടത്തിനനുസരിച്ച് അത്തരം ബന്ധങ്ങൾ ഉപേക്ഷിക്കാനും കഴിയുമായിരുന്നു. മരുമക്കത്തായത്തിൽ നായർ സ്ത്രീകൾക്ക് പുരുഷന്മാരുടേതിനു മേലെ ഒരു സ്ഥാനമുണ്ടായിരുന്നു. എന്നാൽ, പുരുഷാധിപത്യ അണുകുടുംബത്തിലേക്ക് വന്നപ്പോൾ, നായർ സ്ത്രീകൾക്ക് അവരുടെ ഭർത്താക്കന്മാരെ ആശ്രയിക്കേണ്ടിവരുകയും അവർക്ക് വിധേയരായി ജീവിക്കേണ്ടിവരുകയും ചെയ്തു. വീടുവിട്ട് ഭർത്താവിന്റെ കൂടെ പോകേണ്ടിവന്ന സ്ത്രീകൾക്ക് സ്വന്തം കുടുംബത്തിൽ അവർ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം നഷ്ടപ്പെട്ടു.

പുതിയ കുടുംബവുമായി ഒത്തുപോകാൻ ശ്രമിക്കേണ്ടത് അവരുടെ ചുമതലയായി. അങ്ങനെ സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാൺ അവർക്ക് നഷ്ടപ്പെട്ടു. ഒരു നായർ കുടുംബത്തിന്റെ അനുഭവങ്ങളിലൂടെ കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിന്റെ കഥയാണ് സംഗീത ജി എഴുതിയ ‘ഡ്രോപ് ഓഫ് ദ ലാസ്‌റ്റ് ക്ലൗഡ്‌’ എന്ന നോവൽ പറയുന്നത്. നോവലിലെ മുഖ്യകഥാപാത്രമായ ഗോമതി, അവളുടെ കാലത്തെ നായർ സ്ത്രീകളുടെ പ്രതിനിധിയായി മാറുന്നു.

മരുമക്കത്തായ സമ്പ്രദായം പൊടുന്നനെ ഇല്ലാതായതോടെ നായർ കുടുംബങ്ങൾ മാറ്റങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും നടുവിൽ അകപ്പെടുന്നു. പുതിയ പുരുഷാധിപത്യ സമ്പ്രദായങ്ങൾ മരുമക്കത്തായത്തിന് വഴിമാറിയ സമൂഹത്തിന്റെ സാധൂകരണത്തിനും സ്വീകാര്യതക്കുമായി തീരുമാനങ്ങൾ എടുക്കേണ്ടിവരുന്ന ഗോമതി ഒരു നൂറ്റാണ്ടിനുശേഷവും സ്ത്രീകളുടെ സ്ഥിതിയിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്നു. നോവലിലെ സ്ത്രീകളിൽ ചിലർ സാമൂഹിക മാറ്റത്തെ അംഗീകരിക്കുന്നു, ചിലർ അതിനെ അവഗണിച്ച് പഴയരീതിയിൽ തുടരാൻ ആഗ്രഹിക്കുന്നു. മറ്റു ചിലർക്ക് കൂട്ടുകുടുംബങ്ങൾ തകർന്നതോടെ ഭർത്താവിനൊപ്പം സ്വന്തം വീട് വിട്ടുപോകേണ്ടിവരുന്നു. ഇവരാരും സന്തുഷ്ടരല്ല.

ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും വിപത്തിനെ നോവൽ കാണുന്നത് നായർ സമുദായത്തിലെ അംഗങ്ങളായ കഥാപാത്രങ്ങളുടെ കണ്ണുകളിലൂടെയാണ്. “തൊഴിലാളികൾ നട്ടുവളർത്തുകയും വിളവെടുക്കുകയും ചെയ്ത നെല്ലിന് വീടിന്റെ ഹൃദയഭാഗത്തായിരുന്നു സ്ഥാനം. എന്നാൽ, തൊഴിലാളികളും അവരുടെ പാട്ടുകളും എപ്പോഴും മുറ്റത്തിന് പുറത്തായിരുന്നു.”

ജാതിവ്യവസ്ഥയിൽ വിശ്വസിക്കുന്നവരും അതിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നവരും അതോടൊപ്പം അതിനെ എതിർത്ത്, ശ്രേണികളില്ലാത്ത സമൂഹം സ്വപ്നം കാണുന്നവരും ഈ നോവലിലുണ്ട്. “വാസ്തവത്തിൽ, നമ്മൾ ഇത്തിൾക്കണ്ണികളെക്കാൾ മോശമാണ്. അവരുടെ വിയർപ്പിന്റെയും ചോരയുടെയും ഫലങ്ങൾ നമ്മൾ ഭക്ഷിക്കുകയും, അവരെ അഴുക്കിനെപ്പോലെ കാണുകയും ചെയ്യുന്നു.” ജനങ്ങളെ അവരുടെ പോരാട്ടങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും മുൻവിധികളിൽനിന്നും മോചിപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെയും ആദ്യകാല കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പങ്കിനെക്കുറിച്ച് നോവൽ പ്രതിപാദിക്കുന്നുണ്ട്.

സ്ത്രീപക്ഷത്തുനിന്ന് സംസാരിക്കുന്ന നോവൽ, സ്‌നേഹരഹിതമായ ബന്ധത്തിൽ നിലനിൽക്കുന്ന അധികാര വടംവലികളെക്കുറിച്ചും പുരുഷാധിപത്യം സ്ത്രീകളെയും പുരുഷന്മാരെയും ഇരു ചേരികളിലാക്കുന്നതിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. പുരുഷാധിപത്യത്തെ എതിർക്കുമ്പോൾപോലും മുഖ്യ പുരുഷ കഥാപാത്രങ്ങളെ ശത്രുപക്ഷത്ത് നിർത്താനുള്ള ശ്രമമൊന്നും നോവലിലില്ല. സ്ത്രീകൾ ഉൾപ്പെട്ട ഒരു സമൂഹമാണ് ഈ സമ്പ്രദായത്തെ സ്വീകരിക്കുന്നതും മുന്നോട്ടു കൊണ്ടുപോകുന്നതും. എങ്കിലും, അവരും ആശയക്കുഴപ്പത്തിലാണ് –എന്താണ് ശരി? എന്താണ് തെറ്റ്? പഴമ പിന്തുടരണമോ? പുതുമയെ ആശ്ലേഷിക്കണമോ?

“എന്തിനാണ് ഞാൻ കഷ്ടപ്പെടുന്നത്, ആർക്കുവേണ്ടി? ഒരിക്കലും സ്നേഹിക്കാത്ത ഒരാൾക്കും അയാളുടെ കുട്ടികൾക്കും വേണ്ടിയോ? അയാളുടെ മക്കൾ -അയാളുടെ കുടുംബപ്പേരിലും അയാളുടെ പേരിലും അറിയപ്പെടുന്നവർ, അയാളുടെ ചെലവിൽ അയാളുടെ വീട്ടിൽ താമസിക്കുന്നവർ, എപ്പോഴും അയാളെ ബഹുമാനിക്കുന്നവർ. ഇവിടെ എന്താണ് എന്റെ പങ്ക്?’’ പുതിയ കുടുംബസംവിധാനത്തിൽ തന്റെ പങ്കെന്താണെന്ന് ഗോമതിക്ക് മനസ്സിലാവുന്നില്ല.

നിഗൂഢമായ ശക്തികൾ, ആത്മീയമായ അനുഭവങ്ങൾ, ഐതിഹ്യങ്ങൾ, നാടോടിക്കഥകൾ, പരമ്പരാഗത ആഘോഷങ്ങൾ എന്നിവയെക്കുറിച്ച് വിവരിക്കുമ്പോൾ തന്നെ ആചാരങ്ങളുടെ പൊള്ളത്തരങ്ങളും വിശ്വാസവും അന്ധവിശ്വാസവും ഉയർത്തുന്ന ഭയത്തിൽ കുടുങ്ങി സ്വതന്ത്രമായി ചിന്തിക്കാനാവാതെ പോകുന്ന മനുഷ്യരും ഇതിലുണ്ട്. “വലിയ ആകാശത്തിലെ ചെറിയ പൊട്ടുകൾപോലുള്ള ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും പക്കൽ ഈ ഭൂമിയിൽ ജനിച്ച ഓരോ കുട്ടിയുടെയും വിപുലമായ ചാർത്ത് കൈവശമുണ്ട്.

ഇത് അവർ ആരാണെന്നും അവരുടെ ജീവിതം എങ്ങനെയായിരിക്കുമെന്നും നിർണയിക്കുന്നു. സ്വന്തം പ്രവർത്തനങ്ങളെക്കാൾ അവരുടെ സ്വീകാര്യതയും അനുയോജ്യതയും നിർണയിക്കുന്നത് ഈ പൊട്ടുകളാണ്. എത്ര വിചിത്രമാണെന്ന് തോന്നാമെങ്കിലും, ജാതിവ്യവസ്ഥപോലെ, ഈ ആശയവും വളരെക്കാലം തുടർച്ചയായി ആവർത്തിച്ചതിന്റെ ഫലമായി സ്വീകാര്യത നേടി.”

യുദ്ധം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ വിവരിക്കുന്ന നോവൽ ബുദ്ധിശൂന്യമായ കൊലപാതകത്തെ ന്യായീകരിക്കാൻ സൈനികരുടെ മേൽ അടിച്ചേൽപിക്കുന്ന വീരത്വം, ത്യാഗം, ദേശസ്‌നേഹം എന്നീ ശൂന്യമായ സങ്കൽപങ്ങളെ തള്ളിക്കളയുന്നു. “മരിച്ചവർ ദേഹമുപേക്ഷിച്ച് രക്ഷപ്പെടുമ്പോൾ പട്ടാളക്കാർ ആ മൃതദേഹങ്ങൾ ജീവിതകാലം മുഴുവൻ ചുമക്കുന്നു... യുദ്ധം മനസ്സിലുണ്ടാക്കിയ മുറിപ്പാടുകൾ ചിലപ്പോൾ ഒരിക്കലും ഉണങ്ങുന്നില്ല.” യുദ്ധംകൊണ്ട് ജയിക്കുന്നവനും തോൽക്കുന്നവനും പ്രയോജനമില്ല. “ശരിയാണ്, അവൻ തന്റെ ഇന്ന് നൽകി, പക്ഷേ അത് നമ്മുടെ നാളേക്ക് വേണ്ടിയായിരുന്നില്ല. നമുക്കെല്ലാവർക്കും നമ്മുടെ നാളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. യുദ്ധം ആർക്കും ഒന്നും നൽകുന്നില്ല, അത് എല്ലാവരിൽനിന്നും എല്ലാം കവർന്നെടുക്കുന്നു.

ആ ചരിത്രകാലഘട്ടത്തിനും ആധുനിക മുതലാളിത്ത ലോകത്തിനും ഇടയിലും, മുൻകാല രാജവാഴ്ചയും ഇന്നത്തെ ജനാധിപത്യവ്യവസ്ഥയും തമ്മിലും വളരെ സൂക്ഷ്മമായ രീതിയിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് നോവൽ സൂചിപ്പിക്കുന്നു. “രാജാവിനെപ്പോലെ, ജനാധിപത്യത്തിൽ രാഷ്ട്രത്തിന്റെ കേന്ദ്രബിന്ദു തൊഴിലാളി ആയിരിക്കുമോ? ഭരണയന്ത്രം അവനെ സേവിക്കുമോ, അതോ അവനെ ഭരിക്കുമോ, അവന്റെ താൽപര്യങ്ങൾ ആരാഞ്ഞ് അവന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുമോ? നെൽവയലിലെ വിദ്യാഭ്യാസമില്ലാത്ത തൊഴിലാളി തനിക്കെന്താണ് നല്ലത്, എന്താണ് താൻ അർഹിക്കുന്നതെന്ന് എങ്ങനെ തിരിച്ചറിയും? അവന്റെ പ്രതിനിധി മറ്റൊരു രാജാവാകില്ല, അവനോട് ആജ്ഞാപിക്കുകയും അവന്റെ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യില്ല എന്നതിന് എന്താണ് ഉറപ്പ്?”

ഗോമതി ഉൾപ്പെടെയുള്ള ഓർമയിൽ തങ്ങിനിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങളുണ്ട് ‘ഡ്രോപ് ഓഫ് ദ ലാസ്‌റ്റ് ക്ലൗഡിൽ’. എടുത്തുപറയേണ്ട ഒരു കാര്യം, ഈ കഥാപാത്രങ്ങൾക്ക് സംഭവിക്കുന്നതൊന്നും മറ്റുള്ളവർ കാരണമല്ല. ഓരോരുത്തരുടെയും വിധി തീരുമാനിക്കുന്നത് അവരുടെ തന്നെ തീരുമാനങ്ങളും പ്രവൃത്തികളുമാണ്. നായകൻ അല്ലെങ്കിൽ നായിക എന്ന തലത്തിലേക്ക് ഉയരാവുന്നതരത്തിൽ വീരത്വം ആർക്കുമില്ല. അതുകൊണ്ടുതന്നെ നമ്മളൊക്കെ എവിടെയോ കണ്ട് മറന്ന ആളുകളെ ഓർമിപ്പിക്കുന്നവരാണ് എല്ലാ കഥാപാത്രങ്ങളും.

സ്വതന്ത്രമായി ചിന്തിക്കുന്ന പാർവതിയിൽനിന്നും തികച്ചും വ്യത്യസ്തയാണ് ഗോമതി. വ്യത്യസ്തയായിരിക്കെത്തന്നെ, അവർ ഒരു ഉറച്ച സ്നേഹബന്ധം പങ്കിടുന്നുണ്ട്. കുടുംബത്തിലും നാട്ടിലും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന പാർവതിക്ക് ഗോമതിയുടെ തീരുമാനങ്ങളെ സ്വാധീനിക്കാനാവുന്നില്ല. മറിച്ച്, ബുദ്ധിശൂന്യമായ ആചാരങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന ഗോമതിയുമായി മകൾ മാധവി പലപ്പോഴും ഏറ്റുമുട്ടുന്നുണ്ട്. സാമൂഹിക സമ്പ്രദായങ്ങളെയും അസംബന്ധ ആചാരങ്ങളെയും ചോദ്യംചെയ്തുകൊണ്ട് മാധവി നിശ്ശബ്ദമായി പ്രതിഷേധിക്കുന്നു.

മരുമക്കത്തായ സമ്പ്രദായത്തിൽ അവഗണന സഹിക്കേണ്ടിവരുന്ന ഗോവിന്ദൻ എന്ന കഥാപാത്രം പല വഴികളിലൂടെ സഞ്ചരിച്ച് നല്ലൊരു ഭർത്താവും അച്ഛനുമായി മാറുമ്പോൾ, ഗോമതിക്ക് തന്റെ തിക്താനുഭവങ്ങളെ മറികടക്കാനാവുന്നില്ല. അവരുടെ ജീവിതം കൂടുതൽ അന്ധകാരത്തിലേക്ക് നീങ്ങുന്നു. മാധവനാകട്ടെ, നഷ്‌ടപ്പെട്ട ഒരു ജീവിതത്തെ ഓർമിപ്പിച്ച് ഗോമതിയുടെ സങ്കൽപങ്ങളിൽ ജീവിക്കുന്നു. സ്നേഹത്തിന്റെ സ്വാർഥതയില്ലാത്ത രൂപം കാട്ടിത്തരുന്നത് മയിൽ എന്ന കഥാപാത്രമാണ്. മറ്റുള്ള മുഖ്യകഥാപാത്രങ്ങൾക്ക് പ്രണയം സങ്കീർണമായ വികാരമാണ്. അത് സമ്മാനിക്കുന്നത് തീരാത്ത വേദനയും.

ഏതാണ്ട് പൂർണമായും സ്ത്രീപക്ഷ വീക്ഷണകോണിൽനിന്ന് നെയ്തെടുത്ത ഈ നോവൽ മുഖ്യമായും സമത്വത്തിനായുള്ള മുറവിളിയും എല്ലാത്തരം സാമൂഹിക വിവേചനങ്ങൾക്കും ശ്രേണീവത്കരണത്തിനും എതിരെ ഭൂമിയിലെ ഓരോ വ്യക്തിയെയും തുല്യരായി കാണുന്ന ഒരു സമത്വസമൂഹം സ്ഥാപിക്കുന്നതിനുള്ള ആത്മാർഥമായ ആഹ്വാനവുമാണ്.

1924ലെ വെള്ളപ്പൊക്കം, രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി വടക്കു കിഴക്കൻ ഇന്ത്യയിൽ നടക്കുന്ന പോരാട്ടങ്ങൾ, കേരളത്തിൽ കമ്യൂണിസത്തിന്റെ ഉദയവും വ്യാപനവും, തിരുവിതാംകൂറിലെ മലനിരകളിലെ തോട്ടം വ്യവസായത്തിന്റെ വളർച്ച എന്നിവ ഈ നോവലിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങളിലൂടെ വായനക്കാരന്റെ മുന്നിലെത്തുന്നു. എന്നാൽ, നോവലിൽ ഈ ചരിത്രസംഭവങ്ങൾ രേഖപ്പെടുത്തുന്നതിൽ തിടുക്കം കാണിക്കുന്നുണ്ട്.

കഥയിലൂടെ ചരിത്രം പറയുന്ന രീതി മലയാളികൾക്ക് പുതിയ കാര്യമല്ല. എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’യും പി. കേശവദേവിന്റെ ‘അയൽക്കാരും’ ഒ.വി. വിജയന്റെ ‘തലമുറകളു’മെല്ലാം 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളത്തിലുണ്ടായ സാമൂഹിക മാറ്റത്തിന്റെ കഥ സാങ്കൽപിക കഥാപാത്രങ്ങളിലൂടെ പറയുന്നു. ഈ എഴുത്തുകാരിയും അതേ പാതയാണ് പിന്തുടരുന്നത്. എന്നാൽ, തികച്ചും സ്ത്രീപക്ഷത്തുനിന്ന് ചരിത്രത്തിലേക്ക് നോക്കുന്നതിൽ പുതുമയുണ്ട്. ഈ പുസ്തകം വായിക്കുമ്പോൾ എഴുത്തുകാരിയിലെ സാമൂഹിക ശാസ്ത്രജ്ഞയും ചരിത്രകാരിയും മുന്നോട്ടുവരാൻ ശ്രമിക്കുന്നതുപോലെ അനുഭവപ്പെടും. നമ്മുടെ ഇന്നലെകളിലേക്കുള്ള ഗൗരവപരമായ തിരിഞ്ഞുനോട്ടത്തിന് ഇത് വായനക്കാരനെ സഹായിക്കുന്നു.

താൻപോരിമയുള്ള ഒരു നായർ സ്ത്രീ കഥാപാത്രത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഏതൊരു മലയാളി വായനക്കാരന്റെയും മുന്നിലെത്തുന്നത് ചന്തുമേനോന്റെ ‘ഇന്ദുലേഖ’യാണ്. ആധുനികതയുടെ പക്ഷംചേരുന്ന ചന്തുമേനോൻ ‘ഇന്ദുലേഖ’യിലൂടെ ആധുനികതയുടെ വിമോചനാത്മകതയെ വർണിക്കുന്നു. എന്നാൽ, ഗോമതി എന്ന നായർ സ്ത്രീയിലൂടെ ആധുനികതയെ പ്രോബ്ലമറ്റൈസ് ചെയ്യാനാണ് ഈ എഴുത്തുകാരി ശ്രമിക്കുന്നത്. ‘ആധുനികത എന്നാൽ വിമോചനം’ എന്ന ലളിതമായ സമവാക്യത്തിനപ്പുറം ആധുനികതയിലൊളിച്ചിരിക്കുന്ന സങ്കീർണതകൾ ഈ നോവൽ വായനക്കാർക്ക് അനുഭവവേദ്യമാക്കുന്നു.

വിശ്വസാഹിത്യത്തിലേക്ക് തിരിഞ്ഞാൽ, ടോൾസ്റ്റോയിയുടെ ‘അന്നാ കരനീന’യും, ഫ്ലോബേർട്ടിന്റെ ‘മാഡം ബോവറി’യുമൊക്കെ ആധുനികതയുടെ സ്വാതന്ത്ര്യവാഞ്ഛയുടെ ഇരകളാണ്. ഈ നോവൽ വായിക്കുമ്പോൾ എവിടെയൊക്കെയോ ഈ മഹദ് കഥാപാത്രങ്ങളും നമ്മുടെ ചിന്താമണ്ഡലത്തിലേക്ക് കടന്നുവരുന്നു.

എല്ലാ മികച്ച കൃതികളെയും പലതലത്തിൽ നമുക്ക് വായിക്കാം. ഒരു നായർ യുവതിയുടെ ജീവിതത്തിനപ്പുറം ചരിത്രപരവും സാമൂഹിക ശാസ്ത്രപരവുമായ വായന സാധ്യമാക്കുന്ന ഒരു കൃതിയാണിത്. കേരളത്തിന്റെ ആധുനിക ചരിത്രത്തിലും സാമൂഹിക പരിവർത്തനത്തിലും സാഹിത്യത്തിലും താൽപര്യമുള്ള എല്ലാവരും വായിക്കേണ്ട ഒരു കൃതിയാണ് ‘ഡ്രോപ് ഓഫ് ദ ലാസ്‌റ്റ് ക്ലൗഡ്‌’.

Tags:    
News Summary - weekly literature book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.