മൃത്യുവി​​ന്റെ ദലമർമരങ്ങൾ

മരണത്തി​​ന്റെ നിഗൂഢതകൾ നിഴലിക്കുന്നതാണ്​ ഗബ്രിയേൽ ഗാർസ്യാ മാർകേസി​ന്റെ പല രചനകളും. മൃത്യുവി​ന്റെ ആ കഥാലോകത്തിലൂടെ സഞ്ചരിക്കുകയാണ്​ ഇൗ വായന.ത​​ന്റെ 22ാമത്തെ വയസ്സിൽ, വീടുവിൽപനയുമായി ബന്ധപ്പെട്ട്, അമ്മയുമൊത്ത് ജന്മദേശത്തേക്കുള്ള യാത്രാവിവരണവുമായാണ് ഗബ്രി​യേൽ ഗാർസ്യാ മാർകേസി​​ന്റെ ആത്മകഥ തുടങ്ങുന്നത്. എട്ടു വയസ്സുവരെ ജീവിച്ച ‘അരക്കാട്ടാക്ക’ എന്ന ജന്മസ്​ഥലം അതേ ജീർണതകളോടെ നിലനിൽക്കുന്ന കാഴ്ചയാണ് തന്നെ എഴുത്തുകാരനാവാൻ േപ്രരിപ്പിച്ചത് എന്ന് മാർകേസ് സാക്ഷ്യപ്പെടുത്തുന്നു. ഏഴു വയസ്സുവരെ, മാതാപിതാക്കളെ പിരിഞ്ഞ്, മുത്തച്ഛനുമൊത്തുള്ള അരക്ഷിതമായ ബാല്യകാലം, പിന്നീടുള്ള...

മരണത്തി​​ന്റെ നിഗൂഢതകൾ നിഴലിക്കുന്നതാണ്​ ഗബ്രിയേൽ ഗാർസ്യാ മാർകേസി​ന്റെ പല രചനകളും. മൃത്യുവി​ന്റെ ആ കഥാലോകത്തിലൂടെ സഞ്ചരിക്കുകയാണ്​ ഇൗ വായന.

ത​​ന്റെ 22ാമത്തെ വയസ്സിൽ, വീടുവിൽപനയുമായി ബന്ധപ്പെട്ട്, അമ്മയുമൊത്ത് ജന്മദേശത്തേക്കുള്ള യാത്രാവിവരണവുമായാണ് ഗബ്രി​യേൽ ഗാർസ്യാ മാർകേസി​​ന്റെ ആത്മകഥ തുടങ്ങുന്നത്. എട്ടു വയസ്സുവരെ ജീവിച്ച ‘അരക്കാട്ടാക്ക’ എന്ന ജന്മസ്​ഥലം അതേ ജീർണതകളോടെ നിലനിൽക്കുന്ന കാഴ്ചയാണ് തന്നെ എഴുത്തുകാരനാവാൻ േപ്രരിപ്പിച്ചത് എന്ന് മാർകേസ് സാക്ഷ്യപ്പെടുത്തുന്നു. ഏഴു വയസ്സുവരെ, മാതാപിതാക്കളെ പിരിഞ്ഞ്, മുത്തച്ഛനുമൊത്തുള്ള അരക്ഷിതമായ ബാല്യകാലം, പിന്നീടുള്ള ത​​ന്റെ ജീവിതവീക്ഷണങ്ങളിൽ സ്വാധീനം ചെലുത്തിയതായി അദ്ദേഹം പറയുന്നു. സ്വന്തം പിതാവും മുത്തച്ഛനുമായുള്ള സ്വരച്ചേർച്ചയില്ലായ്മകൾ, അമ്മയുടെ നിസ്സഹായാവസ്​ഥ, ദാരിദ്യ്രം വരുത്തിവെച്ച അനിശ്ചിതത്വം - ഇവയെല്ലാം പിന്നീട് കഥാകാര​​ന്റെ ഭാവനയിലെ സൃഷ്​ടികളെ സ്വാധീനിച്ചിരിക്കാം.

ആദ്യ സൃഷ്​ടിയായ ‘ലീഫ് സ്റ്റോം’ (Leaf Storm) എന്ന ചെറിയ നോവൽ എഴുതാനിടയായ സാഹചര്യങ്ങൾ അദ്ദേഹം ആത്മകഥയിൽ വിശദീകരിക്കുന്നുണ്ട്. ആദ്യത്തെ േപ്രരണ കാഫ്കയുടെ ‘മെറ്റമോർഫസിസ്​’ എന്ന കഥ വായിച്ച അനുഭവമായിരുന്നു. ഒരു ചെറിയ നഗരത്തിൽ ഒറ്റപ്പെട്ടു ജീവിച്ച ഒരു ഡോക്ടറുടെ ആത്മഹത്യയും അതിലേക്ക് നയിച്ച സംഭവങ്ങളും സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും വീക്ഷണകോണിലൂടെ ചിത്രീകരിക്കപ്പെടുകയാണ് ഈ നോവലിൽ. ഫോക്നറുടെ പ്രശസ്​ത നോവലായ ‘ഏസ് ഐ ലേ ഡയിങ്’ (As I lay Dying) എന്ന കൃതിയുടെ ആഖ്യാനരീതികൾ ഒരുപക്ഷേ ഇതി​​ന്റെ രചനയിൽ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാനിടയുണ്ട്.

ത​​ന്റെ ആദ്യ കൃതിയിൽതന്നെ മരണത്തി​​ന്റെ വൈചിത്യ്രം കലർന്ന അനുഭവങ്ങൾ മാർകേസി​​ന്റെ വിഷയമാവുന്നത് യാദൃച്ഛികമല്ല. അമ്മയുമൊത്തുള്ള ആ നീണ്ട െട്രയിൻ യാത്രയിൽതന്നെ, പുഴയിൽ ഒഴുകിനടക്കുന്ന ശവശരീരങ്ങൾ കണ്ട ഓർമകൾ അദ്ദേഹം പങ്കുവെക്കുന്നു. ബാല്യകാലത്ത്, യുനൈറ്റഡ് ​ഫ്രൂട്ട് കമ്പനിയിൽ നടന്ന തൊഴിലാളികളുടെ കൂട്ടക്കൊലയും അവരുടെ ശവങ്ങൾ വഹിച്ച െട്രയിനി​​ന്റെ നടുക്കുന്ന ഓർമയും മാർകേസ് പിന്നീട് ഒരു ഇന്റർവ്യൂവിൽ വിവരിക്കുന്നുണ്ട്.

മറ്റൊരു സ്വാധീനം വെർജീനിയ വൂൾഫി​​ന്റെ നോവലുകളായിരുന്നു. ‘ടു ദ ലൈറ്റ് ഹൗസ്’ (To the light House), ‘മിസിസ് ഡോളവേ’ (Mrs. Dollaway) എന്നീ നോവലുകളുടെ സ്വാധീനങ്ങൾ അദ്ദേഹംതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അനന്തമായി മരണത്തിലേക്ക് നയിക്കപ്പെടുന്ന ലണ്ടൻ നഗരത്തെക്കുറിച്ച് ‘മിസിസ് ഡോളവേ’യിൽനിന്നെടുത്ത സങ്കൽപം തന്നെ വളരെ സ്വാധീനിച്ചിരുന്നതായി 20 വർഷങ്ങൾക്കുശേഷവും അദ്ദേഹം ഓർമിക്കുന്നു. കാലത്തി​​ന്റെ ഈ അനന്തമായ പ്രയാണങ്ങൾ ‘സോളിറ്റ്യൂഡി’ന്റെ (Solitude) ​​രചനയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. (അമ്പതുകളിലെ ആദ്യകാല പത്രപ്രവർത്തന കാലത്ത് മാർകേസ് അപരനാമമായി സ്വീകരിച്ചത് ‘Septimus’ എന്ന വൂൾഫ് കഥാപാത്രത്തി​​ന്റെ പേരായിരുന്നു)

ജീവിതത്തിന്റെയും മരണത്തിന്റെയുമിടയിലുള്ള നേർരേഖ മാർകേസിനെ സംബന്ധിച്ചിടത്തോളം വളരെ നേർത്തതായിരുന്നു. പല മാർകേസ് കഥാപാത്രങ്ങളും മരണവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. ‘‘ജീവിതത്തി​​ന്റെ ഉന്മാദം വഹിക്കുന്ന ശവശരീരങ്ങൾ’’ എന്ന് അവരെ വേണമെങ്കിൽ വിളിക്കാം. ‘ദ ഹാൻസമസ്റ്റ് ഡ്രോൺഡ് മാൻ’ (The Handsomest Drowned Man) എന്ന കഥയിൽ ഒരു ഗ്രാമത്തി​​ന്റെ നദീതീരത്ത് വന്നടിയുന്ന എസ്​തബാൻ എന്നയാളുടെ ശവശരീരം, ആ ഗ്രാമത്തിലെ മറ്റു മനുഷ്യരുടെ ശരീരങ്ങളെക്കാൾ സുന്ദരമാവുന്നു. ഗ്രാമവാസികൾ ഒരു പ്രവാചകനെപ്പോലെ അയാളെ പരിരക്ഷിക്കുന്നു. ‘ജനറൽ ഇൻ ഹിസ് ലേബ്രിൻത്’ (General in His Labyrinth) ആരംഭിക്കുന്നത് സിമോൺ ബോളിവാർ ത​​ന്റെ കുളിമുറിയിലെ ടബിൽ മുങ്ങി അനക്കമില്ലാതെ കിടക്കുന്ന കാഴ്ചയുമായാണ്.

1949ൽ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു യാത്രയിൽ, സാന്റാക്ലാരയിലെ കല്ലറയിൽ കണ്ട ഒരു ദൃശ്യത്തെക്കുറിച്ച് ‘ഓഫ് ലവ് ആൻഡ് അതർ ഡീമൻസ്’ (Of Love and Other Demons) എന്ന കൃതിയുടെ മുഖവുരയിൽ മാർകേസ് വിവരിക്കുന്നുണ്ട്. മരണശേഷവും വളർന്നുകൊണ്ടിരിക്കുന്ന ഒരു യുവതിയുടെ മുടിയുടെ ദൃശ്യത്തി​​ന്റെ േപ്രരണയാണ് ആ നോവലിനു പിന്നിൽ. ഉൽക്കടമായ േപ്രമത്തി​​ന്റെ വളർച്ചയും അത് ക്രമേണ മരണത്തിൽ കലാശിക്കുന്ന പരിസമാപ്തിയുമാണ് നോവലി​​ന്റെ പ്രമേയം. ‘എ വെരി ഓൾഡ്മാൻ വിത്ത് ഇനോർമസ് വിങ്സ്’ (A Very Old Man with Enormous Wings) എന്ന കഥയിൽ വൃദ്ധനായ ഒരു രോഗിയുടെ ഹൃദയം പരിശോധിക്കുന്ന ഡോക്ടർ, അയാളുടെ ഹൃദയത്തിൽനിന്ന് വരുന്ന അനേക ശബ്ദങ്ങൾ കേട്ട് പരിഭ്രാന്തനാവുന്നു.

ഒരൊറ്റ നീണ്ട വാചകത്തിൽ എഴുതപ്പെട്ട ‘ദ ലാസ്റ്റ് വോയജ് ഓഫ് ഗോസ്റ്റ് ഷിപ്’ (The Last voyage of Ghost Ship) എന്ന കഥ സമുദ്രത്തിലാഴ്ന്നുപോയ ഒരു കപ്പലിനെക്കുറിച്ചാണ്. അപൂർവമായി അത് ജലോപരിതലത്തിൽ പൊങ്ങിവരുന്നു, ഒരു വിളക്കുമാടംപോലെ യാത്രികർക്ക് വഴികാട്ടുന്നു. അവസാനം അത് സമുദ്രതീരത്തെ ഗ്രാമത്തിൽ വന്നടിയുന്നു. ‘‘കപ്പൽ േപ്രതാവസ്​ഥ കൈവെടിഞ്ഞ് യാഥാർഥ്യമാവുന്നു; അതി​​ന്റെ വശങ്ങളിൽനിന്ന് പൗരാണികമായ മരണത്തി​​ന്റെ സമുദ്രജലം താഴേക്കൊഴുകുന്നു.’’ ‘ലൈറ്റ് ഈസ് ലൈക് വാട്ടർ’ (Light is Like Water) എന്ന കഥയിൽ ജീവിതവും മരണവും വീണ്ടും ഒന്നിക്കപ്പെടുന്നതായി സങ്കൽപിക്കപ്പെടുന്നു. രണ്ടു കുട്ടികൾ ചേർന്ന് ബൾബുകൾ പൊട്ടിച്ച് വെളിച്ചത്തി​​ന്റെ പ്രളയം സൃഷ്​ടിക്കുന്നതായി വിവരിക്കുന്നു.

മരണം എന്നും മാർകേസ് കഥകളിൽ ഒരു മുഖ്യസാന്നിധ്യമായിരുന്നു. ഈ സാന്നിധ്യം വിവിധരീതികളിൽ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. ചിലപ്പോൾ അതിജീവനത്തി​​ന്റെ സംഘർഷങ്ങളുംകൂടി അതിൽ ഇടകലരുന്നു. ‘‘മരണത്തി​​ന്റെ നീല റോസാ പുഷ്പങ്ങൾ നിഴൽ വിരിച്ചു കിടക്കുന്ന താഴ്വരകൾ’’ എന്ന് ഒരു നിരൂപകൻ ഈ കഥകളെ വിലയിരുത്തിയിട്ടുണ്ട്.

ജീവ​​ന്റെ നിശ്വാസങ്ങളോടൊപ്പം തന്നെ അഴുകിയ നഗരങ്ങൾ, േപ്രതങ്ങൾ, രോഗബാധിതർ, അഴുകിദ്രവിച്ച പുഴയോരങ്ങൾ എന്നീ ബിംബങ്ങളും കഥകളിൽ പ്രത്യക്ഷപ്പെടുന്നു. ബാറാൻക്വിലയിലെ ശവശരീരങ്ങൾ ഒഴുകി നടക്കുന്ന പുഴ ‘ലവ് ഇൻ ദ ടൈം ഓഫ് കോളറ’യുടെ (Lov​e in the ​Time of Cholera) പ്രചോദനങ്ങളിലൊന്നായിരുന്നു. ആ നോവൽ തുടങ്ങുന്നതുതന്നെ സുഹൃത്തി​​ന്റെ മരണഗൃഹം സന്ദർശിക്കുന്ന ജുവെനാൽ അർബിനോവി​​ന്റെ ആത്മഗതങ്ങളിലേക്കാണ്.

 

മാർകേസി​​ന്റെ ഏറ്റവും മികച്ച രചന എന്നു വിശേഷിപ്പിക്കാവുന്ന ‘ദ ഓട്ടം ഓഫ് ദ പാട്രിയാർക്’ (The ​Autumn of the Patriarch) എന്ന നോവലിൽ മരണസങ്കൽപം അതി​​ന്റെ എല്ലാ അപൂർവ ധ്വനികളും ഉൾക്കൊണ്ട രീതിയിൽ വിവരിക്കപ്പെടുന്നു. ഓരോ അധ്യായത്തിന്റെയും തുടക്കത്തിൽ ഏകാധിപതിയായ ജനറലി​​ന്റെ മരണാനന്തര ശുശ്രൂഷകൾ വിവരിക്കപ്പെടുന്നു. പലപ്പോഴും തിരിച്ചറിയാനാവാതെ ശവശരീരം ജീർണിക്കുന്നതും ആശ്രിതർ സുഗന്ധദ്രവ്യങ്ങൾ പുരട്ടി അതിനെ മോടിപിടിപ്പിക്കുന്നതും മാർകേസ് വിവരിക്കുന്നു. അനേകം മരണങ്ങൾ കഴിഞ്ഞിട്ടുള്ള അസ്​തമയം വിവരിക്കുന്ന അവസാനഭാഗങ്ങളിൽ മരണം ആഘോഷമായി മാറുന്നു. വേണ്ടത്ര രീതിയിൽ നിരൂപകശ്രദ്ധ പതിഞ്ഞിട്ടില്ലാത്ത ഈ കൃതി മാർകേസിയൻ അലിഗറിയുടെ ഒരു ഉത്തമ ദൃഷ്​ടാന്തമാണ്.

‘‘ഇരുപതു വർഷങ്ങൾക്കു ശേഷമുള്ള ആ സന്ദർശനം നടുക്കം സൃഷ്​ടിക്കുന്നതായിരുന്നു. ഓർമകളിൽ നിറഞ്ഞുനിന്ന ഹരിതാഭമായ ആ വഴികൾ ശൂന്യവും ജീവസ്സില്ലാത്തതുമായി മാറി. മനുഷ്യരും സ്​ഥലങ്ങളും പൊടിനിറഞ്ഞതും കാലപ്പഴക്കംകൊണ്ട് ജീർണിച്ചതുമായി മാറി. മനുഷ്യർ അസ്വസ്​ഥരും പരാജിതരും രോഗികളുമായി തോന്നിച്ചു. അവരുടെ മക്കൾ വയർ വീർത്ത് പേക്കോലങ്ങളായി മാറി. കഴുകന്മാരും തെരുവുനായ്ക്കളും നഗരത്തെ ആക്രമിച്ചു. താനും അമ്മയുമൊഴികെ മറ്റെല്ലാവരും മരിച്ച ആത്മാക്കളായി തോന്നി.’’

ആത്മകഥയിലെ ഈ വിവരണം മാർകേസി​​ന്റെ ദർശനത്തെക്കുറിച്ച് ഒരേകദേശ വിവരണം നൽകുന്നു. എല്ലാം കടങ്കഥപോലെ തോന്നിക്കുന്ന ഈ ബിംബങ്ങൾ ആദ്യ നോവലായ ‘ലീഫ് സ്റ്റോം’ ദൃശ്യങ്ങളിൽ കാണാം. ത​​ന്റെ സഹോദരനുമൊന്നിച്ചുള്ള താമസത്തിനിടയിൽ സാക്ഷ്യം വഹിക്കേണ്ടിവരുന്ന വഴിയരികിലെ ആഭ്യന്തരകലഹവും തുടർന്നുണ്ടായ കൂട്ടക്കൊലകളുടെ ഭയാനകരംഗങ്ങളും ആത്മകഥയുടെ മറ്റൊരു ഭാഗത്ത് അദ്ദേഹം വിവരിക്കുന്നു. ‘‘മരണവുമായി ബന്ധപ്പെട്ട പല സംഭവങ്ങളും യഥാർഥ സംഭവങ്ങളുമായി ബന്ധപ്പെട്ടവയാണ്’’ എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.

‘ട്യൂസ് ഡേ സിയേസ്റ്റാ’ (Tuesday Siesta) എന്ന കഥയിലെ മോഷ്​ടാവ് ഇരുട്ടിൽ മരിച്ചുവീഴുന്ന രംഗം അമ്മയുടെ സ്​നേഹിത വിവരിക്കുമ്പോൾ, അത് കേട്ടുനിന്നിരുന്ന മാർകേസ് ഒരുനിമിഷം ആ മോഷ്​ടാവ് താനാണെന്ന് ചിന്തിക്കുന്നു. ദുരന്തം അദ്ദേഹത്തെ അത്രമാത്രം സംഘർഷത്തിലാക്കിയിരുന്നതായി കാണാം. ​‘േ​ക്രാണിക്ൾ ഓഫ് എ ഡെത്ത് ഫോർടോൾഡി’ലെ (Chronicle of a Death Fortold) നായകൻ അദ്ദേഹത്തി​​ന്റെ സുഹൃത്തായിരുന്നു. ആ ദുരന്തം നേരിട്ട് സാക്ഷ്യംവഹിച്ചതിനുശേഷം, ആ നോവലി​​ന്റെ രചനക്കുവേണ്ടി ഇരുപതു വർഷത്തോളം കാത്തിരുന്നതായി അദ്ദേഹം പറയുന്നു. വർഷങ്ങളോളം എഴുതാൻ മനസ്സിൽ കൊണ്ടുനടന്ന ആ സംഭവം ഒടുവിൽ അമ്മയുടെ അനുവാദത്തോടെയാണ് അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്.

ആദ്യരാത്രിയിൽ താൻ കന്യകയല്ലെന്ന് ഭർത്താവിനോട് മാർഗരീറ്റ വെളിപ്പെടുത്തുന്നതും തുടർന്ന് അയാൾ അവളെ തിരിച്ച് അവളുടെ വീട്ടിലാക്കുന്നതും അവളുടെ രണ്ടു സഹോദരങ്ങൾ ചേർന്ന് അവളുടെ കാമുകനെ പിന്തുടർന്ന് വധിക്കുന്നതുമാണ് ‘േ​ക്രാണിക്ളിന്റെ’ ഇതിവൃത്തം. മരണത്തി​​ന്റെ മുന്നൊരുക്കങ്ങൾ മാർകേസ് വിശദമായി വിവരിക്കുന്നു. താൻ കൊല്ലപ്പെടാൻ പോവുകയാണ് എന്ന മുന്നറിയിപ്പു കിട്ടുന്ന നായകൻ തികച്ചും നിസ്സഹായനായി കാണപ്പെടുന്നു. എന്നിട്ടും അയാൾ അവിടം വിട്ടുപോവുന്നില്ല. മരണത്തിനു തൊട്ടുമുമ്പ് ‘‘അയാൾ ഒരു േപ്രതത്തെപ്പോലെ തോന്നിച്ചു’’ എന്നാണ് അയൽക്കാരി പറയുന്നത്.

പ്രശസ്​തമായ ‘ദ സെയിന്റ്’ (The Saint) എന്ന കഥയിലെ നായകൻ ത​​ന്റെ മകളുടെ ശവശരീരം സൂക്ഷിച്ച കല്ലറയുമായി പ്രവാചക പദവിക്കുവേണ്ടി പോപ്പിനെ സമീപിക്കുന്നു. സുഗന്ധലേപനം മണക്കുന്ന ശവക്കല്ലറയിൽനിന്ന് മകൾ ഉയിർത്തെഴുന്നേൽക്കുന്നത് അയാൾ മറ്റുള്ളവരെ കാണിക്കുന്നു. ‘ഡെത്ത് കോൺസ്റ്റന്റ് ബിയോണ്ട് ലവ്’ (Death Constant Beyond Love) എന്ന കഥയിലും മരണത്തി​​ന്റെ നിഴലിൽ ആരംഭിച്ച്, നഷ്​ടപ്രണയത്തിൽ അവസാനിക്കുന്ന പ്രമേയം സ്വീകരിച്ചിരിക്കുന്നു. കടലിനടിയിൽ നിക്ഷേപിക്കപ്പെട്ട ശവശരീരങ്ങൾ മുങ്ങിയെടുക്കുന്ന രണ്ടുപേരുടെ കഥയാണ് ‘ദ സീ ഓഫ് ലോസ്റ്റ് ടൈം’ (The Sea of Lost Time). അവർ ഭൂതകാലത്തി​​ന്റെ ഘനീഭവിച്ച അവശിഷ്​ടങ്ങൾ കണ്ടെടുക്കുന്നു.

കാലത്തിന്റെയും ഘടനകളുടെയും ഈ പരീക്ഷണം ഫോക്നറും ജെയിംസ്​ ജോയ്സും തങ്ങളുടെ കൃതികളിൽ സ്വീകരിച്ചിട്ടുണ്ട്. മരിച്ചു കഴിഞ്ഞിട്ടും ജീവിക്കുന്ന േപ്രതനഗരത്തി​​ന്റെ അന്തരീക്ഷം ജുവാൻ റൂൾഫോവി​​ന്റെ ‘പെഡ്രോ പരാമോ’ എന്ന നോവലിലുണ്ട്. ജീവിതത്തിന്റെയും മരണത്തിന്റെയും മാറിവരുന്ന ഈ സംഭവഗതികൾ കാലത്തി​​ന്റെ പ്രയാണവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

‘ബോൺ വോയജ് മിസ്റ്റർ പ്രസിഡന്റ്’ (Bon Voyage Mr. President) എന്ന കഥയിൽ, സ്​ഥാനഭ്രഷ്​ടനാക്കപ്പെട്ട രോഗിയായ പ്രസിഡന്റിന്റെ അകാലമരണം പ്രതീക്ഷിക്കുന്ന സഹപ്രവർത്തകനെയും, മരണം അത്ഭുതകരമായി അതിജീവിക്കുന്ന പ്രസിഡന്റിനെയും മാർകേസ് പരിചയപ്പെടുത്തുന്നു. ആദ്യകാല കഥകളിലൊന്നായ ‘തേർഡ് റെസിഗ്നേഷനി’ൽ (Third Resignation) മാർകേസ് പറയുന്നു, ‘‘മരിച്ചു കഴിഞ്ഞ മനുഷ്യന് തിരിച്ചുപോകേണ്ടതില്ലാത്തതുകൊണ്ട് സന്തോഷിക്കാം. പക്ഷേ, ജീവിക്കുന്ന മനുഷ്യന് ജീവനോടെ സംസ്​കരിക്കപ്പെടാൻ വയ്യ. സ്വയം സംസാരിക്കാനാവാത്ത അവസ്​ഥ അയാളെ ഭയപ്പെടുത്തും. മറ്റുള്ളവരാൽ കുഴിച്ചുമൂടപ്പെടുന്ന അവസ്​ഥയാണ് ഏറ്റവും ഭയാനകം.’’

സ്വയം ഒരു വൃക്ഷത്തോട് താരതമ്യപ്പെടുത്തിക്കൊണ്ട് മരണത്തിന്റെയും ജീവിതത്തിന്റേയുമിടയിലുള്ള അവസ്​ഥയെ പ്രകൃതിയും ചരിത്രവുമായി ബന്ധപ്പെടുത്തി വിശകലനംചെയ്യുന്ന ഈ ആദ്യകഥതന്നെ അദ്ദേഹത്തി​​ന്റെ ദർശനം വെളിവാക്കുന്നുണ്ട്. സ്വന്തം സ്വത്വം കുഴിച്ചുമൂടപ്പെട്ട അവസ്​ഥ അത്രയധികം എഴുത്തുകാരനെ അലട്ടിയിരുന്നു. ഒരാഴ്ച കഴിഞ്ഞ് പ്രസിദ്ധീകൃതമായ ‘ഇൗവ ഈസ് ഇൻസൈഡ് ദ കാറ്റ്’ (Eva is inside the cat) എന്ന കഥയിലും ഈവയുടെ മരണങ്ങളും പുനർജന്മങ്ങളും വിഷയമാവുന്നു.

നിർഥകമായ മരണത്തി​​ന്റെ നിഗൂഢഭാവങ്ങൾ അനാവരണംചെയ്യുന്ന മറ്റൊരു കഥയാണ് ‘മഞ്ഞിൻ പഥങ്ങളിൽ നിങ്ങളുടെ രക്തത്തി​​ന്റെ പാടുകൾ.’ ഒരു വിവാഹാഘോഷത്തിനുശേഷം ഒരു രാത്രി മുഴുവൻ നീണ്ട യാത്രയും തുടർന്നുള്ള സംഭവങ്ങളുമാണ് കഥയിൽ. വിവാഹദിനത്തിലെ സ്വീകരണച്ചടങ്ങുകൾക്കിടയിൽ നവവധുവായ റീനയുടെ മോതിരവിരലിൽ റോസാമുള്ളുകൊണ്ടു തറച്ച മുറിവിൽനിന്ന് നിർത്താതെ രക്തമൊഴുകുന്നു. യാത്രക്കിടയിൽ അവളും അവളുടെ വരൻ ബില്ലിയും അത് ശ്രദ്ധിക്കുന്നില്ല. യാത്രയുടെ ഒടുവിൽ പാരിസിലെ ഒരാശുപത്രിയിൽ അവൾ അഡ്മിറ്റ് ചെയ്യപ്പെടുന്നു. ഒരാഴ്ച മുഴുവൻ ആശുപത്രിക്കുള്ളിലേക്ക് കയറാനാവാതെ ബില്ലി പുറത്ത് അലഞ്ഞു നടക്കുന്നു.

 

അവസാനം അനുവദിക്കപ്പെട്ട സമയത്ത് അവിടെയെത്തുന്ന അയാളറിയുന്നത് റീനയുടെ മരണം അഡ്മിറ്റ് ചെയ്ത രാത്രിയിൽതന്നെ സംഭവിച്ചെന്നും, അവൾ രക്തം വാർന്നു മരിച്ചെന്നുമാണ്. ഒരു വിദഗ്ധ ചികിത്സക്കും അവളെ രക്ഷിക്കാനായില്ല. ജീവിതാസക്തികളിൽനിന്ന് മരണത്തിലേക്കുള്ള പ്രയാണം, ഒഴിവാക്കാനാവാത്തതും മുൻകൂട്ടി വിധിക്കപ്പെടുന്നതുമായ യാന്ത്രികമായ ഒരു പ്രതിഭാസമെന്ന രീതിയിലാണ് മാർകേസ് വിവരിക്കുന്നത്. അതവസാനിക്കുന്നത് ക്രൂരവും അവിശ്വസനീയവുമായ ദുരന്തത്തിലാണ്.

രക്തഛായയില്ലാത്ത വെളുത്ത മഞ്ഞ് പതിക്കുന്ന പാരിസി​​ന്റെ വീഥികളിലെ ഉത്സവപ്രതീതിയെക്കുറിച്ചു പറഞ്ഞാണ് കഥ അവസാനിക്കുന്നത്. ലാറ്റിനമേരിക്കൻ നോവലിസ്റ്റായ ആൽവാറോ മ്യൂട്ടിസ്​, മാർകേസിനെപ്പറ്റി നടത്തുന്ന ഒരു നിരീക്ഷണമുണ്ട്:‘‘പുറമെ പ്രസന്നനാണെങ്കിലും വളരെയധികം ഗൗരവമായ ജീവിതവീക്ഷണമുള്ളയാളാണ് മാർകേസ്. യുവത്വത്തിന്റെയുള്ളിലും മനസ്സിൽ വാർധക്യം ബാധിച്ചു കഴിഞ്ഞ മനുഷ്യൻ.’’ ആദ്യകൃതി മുതൽതന്നെ ദർശനങ്ങളിലെ ഈ പക്വത മാർകേസിനെ മറ്റുള്ളവരിൽനിന്ന് വേറിട്ടുനിർത്തുന്നു.

Tags:    
News Summary - weekly literature book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.