ജർമൻ എഴുത്തുകാരൻ ഫ്രാൻസ് കാഫ്കയുടെ (1883-1924) ചരമശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ, സമാനതകളില്ലാത്ത ജീവചരിത്ര പരമ്പരയുടെ ഒന്നാം ഭാഗം ‘The Early Years’ വായിക്കുകയാണ് വിവർത്തകനും നിരൂപകനുമായ ലേഖകൻ.ലോകസാഹിത്യത്തിൽ നിരവധി മികച്ച ജീവചരിത്ര ഗ്രന്ഥങ്ങൾ നമുക്ക് വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവയിൽ ഏറ്റവും മികച്ചതേതെന്ന ചോദ്യത്തിന് പെെട്ടന്നൊരുത്തരം കണ്ടെത്താൻ വിഷമമാണ്. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ ഒരു ദൗത്യംകൂടിയാണ് ജീവചരിത്രം എഴുതൽ. ജീവചരിത്രത്തിന്റെ വിഷയമായിവരുന്ന വ്യക്തി മികച്ച സാഹിത്യകാരൻ കൂടിയാകുമ്പോൾ അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും...
ജർമൻ എഴുത്തുകാരൻ ഫ്രാൻസ് കാഫ്കയുടെ (1883-1924) ചരമശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ, സമാനതകളില്ലാത്ത ജീവചരിത്ര പരമ്പരയുടെ ഒന്നാം ഭാഗം ‘The Early Years’ വായിക്കുകയാണ് വിവർത്തകനും നിരൂപകനുമായ ലേഖകൻ.
ലോകസാഹിത്യത്തിൽ നിരവധി മികച്ച ജീവചരിത്ര ഗ്രന്ഥങ്ങൾ നമുക്ക് വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവയിൽ ഏറ്റവും മികച്ചതേതെന്ന ചോദ്യത്തിന് പെെട്ടന്നൊരുത്തരം കണ്ടെത്താൻ വിഷമമാണ്. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ ഒരു ദൗത്യംകൂടിയാണ് ജീവചരിത്രം എഴുതൽ. ജീവചരിത്രത്തിന്റെ വിഷയമായിവരുന്ന വ്യക്തി മികച്ച സാഹിത്യകാരൻ കൂടിയാകുമ്പോൾ അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നന്നായറിയാവുന്ന ഒരാൾക്കു മാത്രമേ ഇത് പൂർത്തീകരിക്കുവാനും കഴിയൂ. അടുത്തകാലത്ത് വായിക്കാൻ കഴിഞ്ഞ, ജർമൻ എഴുത്തുകാരൻ ഫ്രാൻസ് കാഫ്കയുടെ മൂന്നു വാള്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ജീവചരിത്രം നമ്മുടെ എല്ലാ അന്വേഷണങ്ങൾക്കും ഉത്തരമാണ്.
ഇവിടെ ജീവചരിത്രകാരനായി വരുന്നത് വിഖ്യാത ജർമൻ എഴുത്തുകാരനായ റെയ്നർ സ്റ്റാഷാണ് (Reiner Stach). രണ്ട് ദശാബ്ദക്കാലം നീണ്ടുനിന്ന തീവ്രമായ അതിവിശാലമായ ഗവേഷണങ്ങൾക്കും രചനക്കും ശേഷമാണീ മൂന്നു വാള്യങ്ങളിൽ വികസിതമാകുന്ന ജീവചരിത്രം (സാഹിത്യസ്പർശമുള്ള) പൂർത്തീകരിച്ചിട്ടുള്ളത്.
ഫ്രാൻസ് കാഫ്കയുടെ ഏറെ സങ്കീർണമായ സാഹിത്യജീവിതം ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഒന്നാമത്തെ ഭാഗമായ ‘ആദ്യകാലങ്ങൾ’ (The Early Years) മറ്റു രണ്ട് വാള്യങ്ങളുടെ പ്രസിദ്ധീകരണത്തിനുശേഷം 2014ലാണ് പുറത്തുവന്നത്. രണ്ടാമത്തെ ഭാഗമായ ‘നിർണായക വർഷങ്ങൾ’ (The Decisive Years) 2005ലും മൂന്നാമത്തെ ഭാഗമായ ‘ഉൾക്കാഴ്ചയുടെ വർഷങ്ങൾ’ (The Years of Insight) 2013ലും പുറത്തുവന്നു. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചിരിക്കുന്നത് പ്രശസ്ത പരിഭാഷകനായ ഷെല്ലി ഫ്രിഷാണ് (Shelley Frisch). അമേരിക്കയിലെ പ്രിൻസ്ടൺ യൂനിവേഴ്സിറ്റി പ്രസാധകരാണ് (Princeton University -Princeton- Oxford) മൂന്നു ഭാഗങ്ങളും പ്രസിദ്ധീകരിച്ചത്.
കാഫ്കയെന്ന ലോക സാഹിത്യത്തിൽ നിറഞ്ഞുനിന്ന എഴുത്തുകാരന്റെ രചനകളിലൂടെ ശ്രദ്ധാപൂർവം കടന്നുപോയ, വായനക്കാരുടെ അഭിരുചിയെയും ആകാംക്ഷയും നഷ്ടപ്പെടാത്ത ഒരു രീതിയിലാണീ കാലത്തെ അതിജീവിക്കുന്ന ജീവചരിത്രം പൂർത്തിയാക്കിയിരിക്കുന്നത്. ഈ മൂന്നു ഭാഗങ്ങളും ചേർന്നുകൊണ്ട് കാഫ്ക ശരിക്കും എന്തായിരുന്നു എന്ന ചോദ്യത്തിന് അനുഭവങ്ങളുടെ പാതയിലേക്കാണ് ജീവചരിത്രകാരൻ വഴികൾ തുറന്നുകൊടുക്കുന്നത്.
‘ആദ്യകാലങ്ങളിൽ’ (The Early Years) ചെറുപ്പക്കാരനായ എഴുത്തുകാരന്റെ സങ്കീർണമായ വ്യക്തിപരവും രാഷ്ട്രീയപരവും സാംസ്കാരികപരവുമായ കാലങ്ങളെയാണ് റെയ്നർ സ്റ്റാഷ് സാക്ഷാത്കരിച്ചിരിക്കുന്നത്. സ്റ്റാഷ് വിവരിക്കുന്നത് ഒരു പരിധിവരെ കാഫ്കയുടെ ശരിക്കും അവഗണിക്കപ്പെട്ടു കിടന്ന ജീവിതത്തെയാണ്. പ്രാഗിലെ ജനനംതൊട്ട് (1883) 1910 വർഷങ്ങളിൽ എഴുത്തുകാരനെന്ന നിലയിലുള്ള വിജയങ്ങൾ വരെയുള്ള എല്ലാതലങ്ങളെയും ഉൾക്കൊള്ളിക്കാനുള്ള ഒരു തീവ്രമായ ശ്രമം റെയ്നർ സ്റ്റാഷ് ഏറ്റെടുക്കുന്നുണ്ട്.
ഷെല്ലി ഫ്രിഷ്,റെയ്നർ സ്റ്റാഷ്
ആദ്യം സ്റ്റാഷ് എഴുതി പൂർത്തീകരിച്ചത് കാഫ്കയുടെ മധ്യകാലങ്ങളിലെ ജീവിതത്തെക്കുറിച്ചായിരുന്നു. ജീവചരിത്രഭാഗങ്ങളുടെ പ്രസിദ്ധീകരണങ്ങൾക്കും ഒരു കാഫ്കയിസ്റ്റ് സ്വഭാവമുണ്ടെന്ന് പരിഭാഷകയുടെ കുറിപ്പിൽതന്നെ സൂചിപ്പിക്കുന്നുണ്ട്. കാഫ്കയുടെ രചനകളുടെ സംരക്ഷകനായിരുന്ന മാക്സ്ബ്രോഡിന്റെ (Max Brod) ഇസ്രാേയലിലെ സാഹിത്യ എസ്റ്റേറ്റിലാണ് എഴുത്തിനുവേണ്ട ദൗത്യങ്ങൾ പൂർത്തിയാക്കിയത്. ഇവയിൽ പലതും പണ്ഡിതന്മാർക്കുപോലും നിഷേധിക്കപ്പെട്ടിരുന്ന അവസ്ഥയായിരുന്നു. കാഫ്കയുടെ കുടുംബം ഇതിന്റെ അവകാശം പൊതുവായ തലങ്ങളിൽനിന്ന് വിട്ടുമാറി സ്വകാര്യമായ ഒന്നായി സൂക്ഷിക്കാനും ആഗ്രഹിച്ചിരുന്നു.
റെയ്നർ സ്റ്റാഷ് തന്റെ അന്വേഷണത്തിന്റെ തലങ്ങൾക്കുള്ളിൽ ഒരു ദിശാബോധമായിട്ടെടുത്തത് കാഫ്ക ചെറുപ്പത്തിൽ എങ്ങനെയായിരുന്നു എന്ന് അവതരിപ്പിക്കാനാണ്. കാഫ്കയുടെ ജീവിതത്തിലൂടെ കാഫ്കയുടെ ലോകവുമായി ചേർന്നുകിടക്കുന്ന നിരവധി പ്രശ്നങ്ങളിലേക്കും കടന്നുപോകുന്നു. പ്രത്യേകിച്ചും അദ്ദേഹത്തിെന്റ സ്കൂൾ, യൂനിവേഴ്സിറ്റി കാലങ്ങളും ബാല്യകാലവും അവതരിപ്പിക്കുന്നു. പ്രായമായപ്പോഴുണ്ടായിരുന്ന സൗഹൃദങ്ങളും മാതാപിതാക്കളുമായുണ്ടായിരുന്ന തകർച്ചയിൽ മുങ്ങിനിന്ന ബന്ധങ്ങളും സ്ത്രീകളുമായുണ്ടായിരുന്ന സൗഹൃദങ്ങളും ഇതിനൊക്കെയുപരി ഹ്രസ്വമായ ജീവിതപശ്ചാത്തലങ്ങളിൽ രോഗാവസ്ഥകളുടെ തീവ്രതയും മികച്ച രീതിയിൽ തന്നെ സമന്വയിപ്പിക്കാനുള്ള ശ്രമങ്ങൾ ഗ്രന്ഥകാരന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്.
ഇതുകൂടാതെ കാഫ്കയുടെ തൊഴിൽപരമായ വികാസങ്ങളും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ദിവസേനയുള്ള പ്രവർത്തനമണ്ഡലങ്ങളും വലിയരീതിയിലുള്ള കത്തിടപാടുകളും വിവരിക്കുന്നു. ജർമൻ ഭാഷ സംസാരിക്കുന്ന ചെക്ക് പശ്ചാത്തലങ്ങളിൽ ജൂതവംശജർ നേരിടുന്ന സ്വത്വത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളിലും അദ്ദേഹം സജീവമായി ഇടപഴകുകയും ചെയ്തിരുന്നു. ഇടക്കിടെ പ്രാഗ് നഗരത്തിൽനിന്ന് ഇക്കാര്യങ്ങൾക്കായി വിട്ടുനിൽക്കേണ്ടതായും വന്നതിന്റെ രേഖപ്പെടുത്തലുകൾ ഈയൊരു ഭാഗത്തിന്റെ പ്രാധാന്യമർഹിക്കുന്ന തലങ്ങളായി രൂപാന്തരപ്പെടുന്നു. ഇതിനിടയിൽ സാഹിത്യരചനയുടെ ക്രിയാത്മകമായ തലങ്ങൾ ഒരുപരിധിവരെ നിശ്ശബ്ദമായി പിന്തുടരാനുള്ള കഴിവും അദ്ദേഹം നിലനിർത്തുന്നുണ്ട്.
ലൈംഗികമായ പക്വത കൈവരിക്കാനുള്ള ശ്രമങ്ങളും അത് വൈവാഹികമായ ബന്ധങ്ങളിലേക്ക് നയിക്കുന്നതിന്റെ പ്രചോദനവും വിവരിക്കുന്നു. അക്കാലത്ത് ആത്യന്തികമായി എഴുത്തിന്റെ സ്വകാര്യതക്കുള്ളിലേക്കുള്ള പ്രയാണവും സംഭവിച്ചുകഴിഞ്ഞിരുന്നു. പൂർണമായും ഇൗ വഴിക്കുള്ള ഒരു യാത്രക്ക് തയാറാവുമ്പോഴും പുറത്തുള്ള ആരുമായും ഇതിന്റെ കാര്യത്തിൽ സംവേദിക്കാനോ പങ്കിടാനോ അദ്ദേഹം തയാറായതുമില്ല. ആരുമറിയാതെ ഒറ്റക്കുള്ള ഈ പ്രയാണങ്ങളിൽ തന്റെ രചനകൾക്കൊരു പ്രസിദ്ധീകരണ സാധ്യത തുറക്കാനുള്ള സ്വകാര്യമായ മോഹംപോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
റെയ്നർ സ്റ്റാഷ് ഈ കാലം രേഖപ്പെടുത്തുന്നത് ശരിക്കും അതിസൂക്ഷ്മമായ ഗവേഷണതലങ്ങളുടെ പിൻബലത്തോടെയാണെന്നത് ഈ വാള്യത്തിന്റെ വായന നമ്മെ അനുഭവപ്പെടുത്തും. കാഫ്കയുടെ ജീവിതത്തിന്റെ ആദ്യകാലത്തെ രേഖപ്പെടുത്തുവാനുള്ള ശ്രമത്തിൽ അതിനുവേണ്ട വസ്തുതാധിഷ്ഠിതമായ പ്രമാണങ്ങളുടെ ലഭ്യതക്കുറവും ഇവിടെ പ്രേത്യകം പരാമർശിക്കേണ്ടതായിട്ടുണ്ട്. പക്ഷേ, വായനക്കാരായ നാം കാഫ്കയെക്കുറിച്ചുള്ള മിത്തുകളുടെ ഒരു വിസ്ഫോടനമാണ് ദർശിക്കുന്നത്.
പ്രത്യേകിച്ച് കാഫ്കയുടെ സ്വഭാവത്തെക്കുറിച്ചും ദൈനംദിനജീവിതത്തിൽനിന്ന് വിട്ടുമാറിയുള്ള ഒറ്റപ്പെടലിന്റെ മിത്തുകൾ റെയ്നർ സ്റ്റാഷ് കൈകാര്യംചെയ്തിരിക്കുന്ന രീതി ശരിക്കും ഉദാത്തമാണ്. ഒരു മഹായുദ്ധത്തിന്റെ യാഥാർഥ്യങ്ങൾ മുഴുവനും നേരിടേണ്ടതായി വരുന്ന ജീവിതസാഹചര്യങ്ങളിലൂടെയാണ് അദ്ദേഹം കടന്നുപോയിരുന്നത്. ഇൻഷുറൻസ് കമ്പനിയിലെ ജോലിയിലെ വിരസതകളിൽനിന്ന് ബ്യൂറോക്രസിയുടെ എല്ലാ വശങ്ങളും നേരിൽ കാണാനും അനുഭവിക്കാനുമുള്ള സാഹചര്യങ്ങളുണ്ടായി. അദ്ദേഹത്തിന്റെ സാഹിത്യപരമായ തലങ്ങൾ വ്യവഹാരികമായ എഴുത്തുമായി എത്ര അപാരമായ രീതിയിലാണ് ബന്ധപ്പെട്ടിരുന്നതെന്നതിനെ കുറിച്ചുള്ള തിരിച്ചറിവും ഇൗ വായന നൽകുന്നു. അവ അന്യോന്യം പിണഞ്ഞുകിടക്കുന്നതായാണ് നാം കാണുന്നത്.
ഈ ജീവചരിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇത് ഒരു നോവൽപോലെ വായിച്ചുപോകാൻ കഴിയും. ഒരു സിനിമയുടെ വിഷ്വൽ തനിമ ശരിക്കും തീവ്രമായ രീതിയിൽ ഇതിൽ സമന്വയിച്ചിട്ടുമുണ്ട്. അതുവഴി കാഫ്കയെന്ന മഹാസാഹിത്യകാരന്റെ കഥപറച്ചിലിനു പിന്നിലെ നിഗൂഢതകളുടെ വെളിച്ചം പുറത്തുകൊണ്ടുവരാൻ സ്റ്റാഷിന് കഴിഞ്ഞിട്ടുണ്ട്. കാഫ്കയുടെ രചനയിലെ ഭ്രമാത്മകമായ തലങ്ങളുടെ മായാപ്രപഞ്ചം അനാവരണം ചെയ്യുന്നതിലെ സൗന്ദര്യബോധവും പ്രത്യേകം പരിഗണന അർഹിക്കുന്നു. കാഫ്കയെന്ന കഥയെഴുത്തുകാരൻ, കാഫ്കയെന്ന ഡയറിയിസ്റ്റ്, കാഫ്കയെന്ന കഥപറച്ചിലുകാരൻ ഇവയെല്ലാം ചേർന്നൊരുക്കുന്ന ഒരു വലിയ ലോകം ഈയൊരു ഭാഗത്തിന്റെ വായനയിലും നമുക്ക് ദർശിക്കാനും ഉൾക്കൊള്ളാനും കഴിയും.
കാഫ്കയുടെ ജന്മദിനമായ 1883 ജൂലൈ മൂന്ന് പ്രാഗ് നഗരത്തിലെ മിക്ക ജനങ്ങൾക്കും അതിതീവ്രമായ മോഹഭംഗത്തിന്റെ കാലമായിരുന്നു. അതൊരു ചരിത്ര കാലഘട്ടമാണ്. പക്ഷേ, അത് കാഫ്ക കുടുംബത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ദിനമായിരുന്നു. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് റെയ്നർ സ്റ്റാഷ് വളരെ വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ട്. പക്ഷേ, പ്രാഗ് നഗരത്തിൽനിന്നോ ജഡായിസത്തിൽനിന്നോ ഒരു മോചനം അന്ന് സാധ്യമായിരുന്നില്ല. അതിനുള്ള കാരണവും സമാനമായ ഒന്നായിരുന്നു. ഭൂതകാലം ഒരിക്കലും മരിച്ചിട്ടില്ല. അതൊരു ഭൂതകാലംപോലുമായിരുന്നില്ല എന്ന വില്യം ഫോക്നറുടെ പ്രശസ്തമായ സത്യം ഗ്രന്ഥകാരൻ നമ്മെ ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.