സമകാലിക കവികളിൽ ശ്രദ്ധേയനായ ബി.എസ്. രാജീവിന്റെ കവിതകൾ വായിക്കുകയാണ് കവി കൂടിയായ ലേഖകൻ. കാവ്യസ്ഥലിയിൽ തന്റേതായ സംഭാവനകൾ നൽകി അവകാശവാദങ്ങളില്ലാതെ നാട്യങ്ങളില്ലാതെ ഒന്നു മാറിനിന്നു നോക്കുന്ന കവിയാണ് ബി.എസ്. രാജീവ് എന്ന് എഴുതുന്നു. തൊണ്ണൂറുകൾക്കു ശേഷമുള്ള മലയാള കവിത എന്നത് ഒരു പഴഞ്ചൊല്ലുപോലെ ആയിട്ടുണ്ട്. എങ്കിലും ആ കാലയളവിൽപെട്ട കവികൾ വേണ്ടവിധത്തിൽ അടയാളപ്പെട്ടിട്ടില്ല എന്ന പരാതി വ്യാപകമാണ് (അതുപോലെ തന്നെ, രണ്ടായിരാമാണ്ടിനു ശേഷം, പ്രത്യേകിച്ച് സൈബർ ലോകത്തിന്റെ വളർച്ചയോടെ മലയാള കവിതയിൽ പ്രകടമായ മാറ്റങ്ങളും സവിശേഷതകളും സൗന്ദര്യസങ്കൽപങ്ങളും രാഷ്ട്രീയവും വിലയിരുത്തപ്പെട്ടിട്ടില്ല...
സമകാലിക കവികളിൽ ശ്രദ്ധേയനായ ബി.എസ്. രാജീവിന്റെ കവിതകൾ വായിക്കുകയാണ് കവി കൂടിയായ ലേഖകൻ. കാവ്യസ്ഥലിയിൽ തന്റേതായ സംഭാവനകൾ നൽകി അവകാശവാദങ്ങളില്ലാതെ നാട്യങ്ങളില്ലാതെ ഒന്നു മാറിനിന്നു നോക്കുന്ന കവിയാണ് ബി.എസ്. രാജീവ് എന്ന് എഴുതുന്നു.
തൊണ്ണൂറുകൾക്കു ശേഷമുള്ള മലയാള കവിത എന്നത് ഒരു പഴഞ്ചൊല്ലുപോലെ ആയിട്ടുണ്ട്. എങ്കിലും ആ കാലയളവിൽപെട്ട കവികൾ വേണ്ടവിധത്തിൽ അടയാളപ്പെട്ടിട്ടില്ല എന്ന പരാതി വ്യാപകമാണ് (അതുപോലെ തന്നെ, രണ്ടായിരാമാണ്ടിനു ശേഷം, പ്രത്യേകിച്ച് സൈബർ ലോകത്തിന്റെ വളർച്ചയോടെ മലയാള കവിതയിൽ പ്രകടമായ മാറ്റങ്ങളും സവിശേഷതകളും സൗന്ദര്യസങ്കൽപങ്ങളും രാഷ്ട്രീയവും വിലയിരുത്തപ്പെട്ടിട്ടില്ല എന്ന പരാതിയും വ്യാപകമാണല്ലോ). തൊണ്ണൂറുകൾക്കു ശേഷമുള്ള കവിതയിൽ വന്ന തുറസ്സിൽ അതുവരെ വിലക്കപ്പെട്ടിരുന്നതോ സാഹിത്യത്തിലേക്കു കടന്നുവരാൻ അറച്ചുനിന്നതോ സാഹിത്യമാവുകയില്ല എന്നു കരുതപ്പെട്ടതോ ആയ നിരവധി പ്രമേയങ്ങൾ കടന്നുവന്നു.
ഈ പ്രമേയങ്ങൾ മിക്കതും പാരിസ്ഥിതികമോ അടിസ്ഥാനവർഗ ജീവിതവുമായി ബന്ധപ്പെട്ടതോ അരികുവത്കരിക്കപ്പെട്ടതോ നിസ്സാരമായി കരുതി ഒഴിവാക്കിയതോ ലജ്ജകൊണ്ടു മറച്ചുവെക്കപ്പെട്ടതോ ഒക്കെയായിരുന്നു. ആ കാവ്യസ്ഥലിയിൽ തന്റേതായ സംഭാവനകൾ നൽകി അവകാശവാദങ്ങളില്ലാതെ നാട്യങ്ങളില്ലാതെ ഒന്നു മാറിനിന്നു നോക്കുന്ന കവിയാണ് ബി.എസ്. രാജീവ്. ഇത്തരത്തിൽ അനേകം കവികൾകൂടി ചേർന്നതാണ്, അവർ കൂടി വികസിപ്പിച്ചെടുത്തതാണ് തൊണ്ണൂറുകൾക്കു ശേഷമുള്ള മലയാള കവിതയുടെ ഭാവുകത്വ പരിണാമ സന്ദർഭങ്ങൾ.
ബി.എസ്. രാജീവിന്റെ കവിത വായിക്കുമ്പോൾ ഒരു ദേശഭൂപടം വിടർന്നുവരുന്നതു കാണാം. ഏതു കവിയുടെയും ബാല്യകാലാനുഭവങ്ങൾ ഏതു പാരിസ്ഥിതിക പശ്ചാത്തലത്തിലാണോ സംഭവിച്ചത് ആ പ്രദേശത്തിന്റെ ശക്തമായ പ്രതിഫലനം ആ കവിതകളിലും കാണാൻ കഴിയും. അങ്ങനെ ഒരു സ്ഥലകാലപശ്ചാത്തലത്തിലാണ് ബി.എസ്. രാജീവിന്റെ കവിതകൾ നിലനിൽക്കുന്നത്. ആ ഭൂപ്രദേശം ബി.എസ്. രാജീവിന്റെ ജീവിതത്തിന്റെ ഊടും പാവുമായിത്തീർന്ന നെടുമങ്ങാടാണ്. നെടുമങ്ങാടിന്റെ കാടും കുന്നും ചതുപ്പും പുഴയും കുളിക്കടവും ബസ് സ്റ്റോപ്പും സ്കൂളും ഗ്രൗണ്ടും വയലും ചെമ്മണ്ണും കോളനിയും ഇടവഴികളും ഈ കവിതയുടെ അടിത്തറയാണ്. നെടുമങ്ങാട് എന്ന ചെറുപട്ടണവും ഈ സ്ഥലരാശിയുടെ അകിടിൽനിന്നു കുടിച്ചുവളർന്നതാണ്. ഈ ഭൂമികയിലിരുന്നുകൊണ്ടാണ് മണ്ണിനെ ആശ്രയിച്ചു കഴിയുന്ന സാധാരണ മനുഷ്യരുടെ വ്യഥകളും വേവലാതികളും രാജീവ് കവിതയിലാക്കുന്നത്.
അവിടെ ഉണ്ടായ നാഗരികതയുടെ കടന്നുകയറ്റത്തെ ആശങ്കയോടെ നോക്കിയും അതുവരെ നിലനിന്ന ആദർശാത്മകത നഷ്ടമാകുന്നതിൽ അമ്പരന്നും മനുഷ്യബന്ധങ്ങളിലെ മൂല്യശോഷണത്തിൽ രോഷാകുലനായും ഇനി എന്താണ് എന്ന് ചഞ്ചലനായുമാണ് മനുഷ്യസ്നേഹിയായ ഈ കവി തന്റെ കവിതകൾക്ക് രൂപംനൽകുന്നത്. ഈ ഭൂപ്രദേശവുമായി ബന്ധപ്പെട്ട ആകുലതകൾ കേരളത്തിന്റെ ആകുലതയായി, ലോകത്തിന്റെ ആകുലതയുടെ ഭാഗമായിത്തീരുന്നു എന്നതാണ് പ്രധാന കാര്യം.
ഈ ദേശകാല പശ്ചാത്തലത്തിലാണ് രാജീവിന്റെ കവിത പാരിസ്ഥിതികമായ ഉത്കണ്ഠകൾ സ്വരൂപമാർജിക്കുന്നത്. നാടെങ്ങും വികസനമുന്നേറ്റം നടക്കുമ്പോൾ പരിസ്ഥിതിക്കു പറ്റുന്ന പരിക്കുകളും മനുഷ്യർക്കു സംഭവിക്കുന്ന ദുരിതങ്ങളും കാണാതിരിക്കാൻ കവിക്കു കഴിയുന്നില്ല. വികസനം വരുകയും മനുഷ്യർ കുടിയൊഴിപ്പിക്കപ്പെടുകയുംചെയ്യുമ്പോൾ ഇതൊന്നും ബാധകമല്ലാതെ വികസനത്തിന്റെ ഗുണഭോക്താക്കൾ നിസ്സംഗരായി നടന്നുപോവുകയാണ് ചെയ്യുന്നത്. ഇത്, ‘‘കുടിയൊഴിക്കപ്പെട്ടവർ/ എങ്ങോട്ടു മടങ്ങുമെന്ന ആശങ്ക/ അതിവേഗ നടത്തക്കാർക്കില്ല’’ എന്ന വരികളിൽ രോഷത്തോടെ കവി രേഖപ്പെടുത്തുന്നു. വികസനവും അതിനനുപൂരകമായ മാറ്റങ്ങളും വേണോ എന്ന ചോദ്യത്തെ അഭിമുഖീകരിക്കുമ്പോൾ മാനവികവും പാരിസ്ഥിതികവുമായ ആരോഗ്യത്തിനാണ് കവി മുൻഗണന നൽകുന്നത് എന്നു കാണാം.
തന്റെ ജൈവലോകത്തിന്റെ വർണനാത്മകമായ ചിത്രമൊന്നും രാജീവ് കൊത്തിവെക്കുന്നില്ല. ‘‘എല്ലാം മറന്നുള്ള നീന്തൽ / കുന്നിനെ മറികടന്ന ഓട്ടം/ രാവു മറന്നു നിലാവു കാണൽ/ എന്നിൽനിന്നെല്ലാമെടുത്ത്/ കൈവെള്ളയിൽ ചുരുങ്ങിയ/ ഭൂമിയിൽ/ പേടിയോടിഴയുന്ന/ ജന്തുവാക്കിയെന്നെ നീ/ വിസ്മയകാലമേ’’ എന്ന് ‘പുഴ മറന്ന മത്സ്യം’ എന്ന കവിതയിൽ കവി രേഖപ്പെടുത്തിയത് നോക്കൂ. അതിൽ ഒരു പുഴയുണ്ട്, ഒരു കുന്നുണ്ട്/ നിലാവുണ്ട്/ ഒരു ജന്തുവുണ്ട്/ ഒരു ഭയമുണ്ട്/ ഈ വലിയ ഭൂമിയുണ്ട്/ അതിന്റെ സങ്കുചിതമായ അവസ്ഥയുണ്ട്/ എല്ലാം വിരൽതുമ്പിൽ എന്ന അവസ്ഥയുണ്ട്/ എല്ലാം മാറ്റിമറിച്ചുകൊണ്ടുപോകുന്ന കാലമുണ്ട്. ഇതിലെ ജന്തുത ഒന്നും ചെയ്യാനാകാതെ പോകുന്ന ഒരവസ്ഥയുടെ മാനുഷികമായ െവച്ചുമാറലാണ്. ഇങ്ങനെ അന്തര്യാമിയായ ഒരു പാരിസ്ഥിതിക ചിത്രണമാണ് രാജീവിന്റെ കവിതകളിൽ കാണാനാവുക. അത് തന്റെ അനുഭവങ്ങളിൽ ഗാഢമായി ഇഴുകിച്ചേർന്ന ഒന്നാണ്. ഒരു അവിച്ഛിന്ന പ്രാപഞ്ചികബോധം എന്നതിനെ വിളിക്കാം. അതിൽ ആകുലതകളുടെ ഒരു ലോകംകൂടി വെളിവാകുന്നുമുണ്ട്.
ഒഴിയാബാധപോലെ ഈ കവിയെ പിന്തുടരുന്ന പ്രമേയമാണ് കുട്ടികളും സ്ത്രീകളും. ശലഭ ഭാഷ, ആൽക്കഹോളിക്, ഐസ്ക്രീം, ജപ്തി, ചേരി, ഒറ്റാൽ, നിലപാട്, മടവീഴ്ച, റിസോർട്ടിലെ പെൺകുട്ടി തുടങ്ങിയ കവിതകളിൽ ഈ മനുഷ്യാവസ്ഥകളുടെ തീവ്രമായ സാന്നിധ്യമുണ്ട്. അതു സൗമ്യതയെയോ, ലാളിത്യത്തെയോ, കുട്ടികളുടെ ശൈശവ നിഷ്കളങ്കതയുടെ സൗന്ദര്യത്തെയോ ആവിഷ്കരിക്കുകയല്ല ചെയ്യുന്നത്. അവരുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആധികളാണ്, നിലനിൽപിനെക്കുറിച്ചുള്ള അമ്പരപ്പുകളാണ് കവിക്ക് ആവിഷ്കരിക്കാനുള്ളത്.
നിഷ്കളങ്കതയും നിസ്സഹായതകളും ചൂഷണംചെയ്യപ്പെടുന്നതിനോടുള്ള പ്രതിഷേധവും രോഷവുമാണ് രാജീവ് അവതരിപ്പിക്കുന്നത്. ലോകം മാറുമ്പോഴും മാനവികബോധ്യങ്ങൾ വികസിക്കുമ്പോഴും ഈ മനുഷ്യജന്മങ്ങൾക്കു നേരിടേണ്ടിവരുന്നത് നിർദയമായ സാഹചര്യങ്ങളാണല്ലോ എന്ന വേദന രാജീവ് അനുഭവിപ്പിക്കുന്നു. കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലാത്ത ലോകം എന്തു ലോകമാണ് എന്നും അങ്ങനെയൊരു കാലമാണ് നമ്മുടേതെങ്കിൽ അതെന്തു കാലമാണ് എന്നും ബി.എസ്. രാജീവ് ചോദിക്കുന്നത് ഈ കവിതകളിൽ കേൾക്കാം. അതോടൊപ്പം അരികുകളിൽ പെട്ടുപോയവരും നിസ്സഹായരും നിരാലംബരും അരക്ഷിതരുമായ മനുഷ്യരെക്കുറിച്ചുള്ള ആധികളാണ്, അവർക്ക് നിഷേധിക്കപ്പെടുന്ന നീതിയെക്കുറിച്ചുള്ള ചിന്തകളാണ് രാജീവിന്റെ കവിതകളെ നയിക്കുന്നത്.
നഷ്ടങ്ങളുമായി ബന്ധപ്പെട്ട വിഷാദഭാവമാണ് രാജീവിന്റെ കവിതകളിൽ പൊതുവെ കാണുന്നത്. വിഷാദസ്ഥായിയിലാണ് അതിന്റെ ലയം. പാരിസ്ഥിതികമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒരു നല്ലകാലം പൊയ്പോയി എന്ന തോന്നലാണ് ഉണ്ടാവുക. ആ അർഥത്തിൽ കൈമോശം വന്ന നല്ല കാലത്തെക്കുറിച്ചുള്ള വിങ്ങൽ കേൾക്കാം. തേടിപ്പുറപ്പെട്ട നല്ലകാലമല്ലല്ലോ ഇത്, യോജിക്കാൻ കഴിയാത്ത മാറ്റങ്ങളാണല്ലോ വന്നുചേരുന്നത്, ഈ മാറ്റങ്ങൾ നിഷ്ഫലമാണല്ലോ എന്നിങ്ങനെ നിരാശയും രോഷവും കവിതയിൽ നീറിനിൽക്കുകയാണ്. അങ്ങനെ കവിതയുടെ ആന്തരികലോകം കലങ്ങിമറിഞ്ഞതാണ്. രോഷാകുലനായൊരു മനുഷ്യന്റെ പ്രതിഷേധങ്ങളാണ് മുഴങ്ങുന്നത്.
ഉള്ളവർ കൂടുതൽ ഉള്ളവരായും ഇല്ലാത്തവർ കൂടുതൽ ഇല്ലാത്തവരായും മാറുന്ന മുതലാളിത്തത്തിന്റെ യുക്തിയാണ് ഇവിടെ എല്ലാം നിശ്ചയിക്കുന്നതും ഭരിക്കുന്നതും എന്നിടത്താണ് കവിത അതിന്റെ രാഷ്ട്രീയപ്രസക്തി കൈവരിക്കുന്നത്. ഒപ്പം, മാനവികമൂല്യങ്ങൾക്കായുള്ള ഒരു രോദനവും ഈ കവിതകളിൽ നിലനിൽക്കുന്നു. എങ്ങോട്ടെന്നില്ലാത്ത ഈ പരക്കം പാച്ചിലിൽ സാരവത്തും സൗന്ദര്യവത്തുമായ പലതും നഷ്ടപ്പെടുകയാണെന്ന ചിന്ത കവിയെ മഥിക്കുന്നുണ്ട്. ‘‘പണ്ടു മറന്ന/ ഒരു വരി പെട്ടെന്ന്/ കയറിവരുമ്പോൾ/ ഇപ്പോൾ പരിചിതരല്ലാത്തവരുടെ/ പഴയ മുഖങ്ങളിലെ/ നിലാവ് തോൽക്കുന്ന തെളിച്ചം/ കണ്ടിരിക്കണം’’ (ഒറ്റയ്ക്കിരിക്കൽ) എന്ന് വായിക്കുമ്പോൾ മനുഷ്യസ്നേഹത്തിന്റെ സ്വരമാണ് കേൾക്കുന്നത്.
മൗലികവും തീവ്രവുമായ കൽപനകളെ ബി.എസ്. രാജീവിന്റെ കവിതകളിൽ കാണാൻ കഴിയും. കെട്ടിത്തൂങ്ങി ചത്തുകളയുമെന്ന നാടൻപറച്ചിലിനെ ‘ജപ്തി’യെന്ന കവിതയിൽ രാജീവ് ആവിഷ്കരിക്കുന്നത് അതുവരെ അപരിചിതമായിരുന്ന ഒരു ഇമേജിലൂടെയാണ്. ‘‘അനിയത്തി പറയുന്നു: അവളൊരു ദിനം/ കാറ്റിലാടുന്ന പ്രതിമയാകുമെന്ന്.’’ ഇത് ഹൃദയത്തെ നുറുക്കിക്കളയുന്ന ഒരു വിഷ്വൽ ഇമേജാണ്. വായിക്കുമ്പോൾ ഭയം നിറഞ്ഞ ഒരു ഭാരം അനുഭവപ്പെടാതിരിക്കില്ല. ‘‘പഴയ പത്തായം/ കട്ടിലായപ്പോൾ/ ഉറക്കം വരുന്നില്ല/ പതുക്കെ കണ്ണടയുമ്പോൾ/ നെല്ലിളകുന്ന ശബ്ദം’’ (കർഷക കേരളം) എന്ന കൽപനയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു കാലഘട്ടം വെളിപ്പെട്ടുവരും. നെല്ലിളകുന്ന ശബ്ദം ഒരു ശാരീരികാനുഭവമായി മാറുകയും ഒരു അസ്വസ്ഥത വലിഞ്ഞുമുറുകുകയും ചെയ്യും.
‘പുഴ മറന്ന മത്സ്യം’ എന്ന കവിതയുടെ ശീർഷകം രാജീവിന്റെ കവിതകളിലെ സ്വഭാവം അടയാളപ്പെട്ടു കിടക്കുന്ന ഒരു കൽപനയാണ്. മുന്നിലേക്കും പിന്നിലേക്കും വായിക്കാവുന്ന ഒരു വാക്യമാണിത്. പുഴയാണോ മത്സ്യമാണോ മറന്നത് എന്ന പ്രശ്നത്തോടൊപ്പം ഒരു ആവാസവ്യവസ്ഥയുടെ പാരസ്പര്യത്തെയും ആ വാക്യം ഉൾക്കൊള്ളുന്നുണ്ട്. രാജീവിന്റെ മുഴുവൻ കവിതകളിലും ഈ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒഴുക്ക്, നീന്തൽ കാണാവുന്നതാണ്. പുഴ ഒരു ആവാസവ്യവസ്ഥയും മത്സ്യം അതിലെ ജീവിയും മറവി അതിലെ നിരന്തരപ്രശ്നവുമായി വായിക്കാൻ കഴിയും. ഭൂതകാലവും വർത്തമാനകാലവും ഭാവിയും സന്ധിക്കുന്നിടമാണ് ഈ ആവാസവ്യവസ്ഥ. എന്നാൽ, ഭൂതകാലമോ അതിന്റെ ഉള്ളടക്കമോ ഇന്നൊരു പ്രശ്നമാവാതിരിക്കുകയും കേവലജീവികളും ഉപരിതലജീവിതവുമായി മനുഷ്യാവസ്ഥ മാറുകയും ചെയ്യുന്നതിലെ പൊള്ളത്തരമാണ് രാജീവിന്റെ കവിതകളിലെ കാതൽ. അതാണ് ഈ കവിതകളിലെ ശക്തിയും സൗന്ദര്യവും.
സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ച കാലവും അത് മനുഷ്യജീവിതത്തെയും ആവാസവ്യവസ്ഥയെയും എങ്ങനെ ബാധിച്ചു എന്ന അനുഭവവും ആ മാറ്റങ്ങൾ സൃഷ്ടിച്ച വൈകാരികാഘാതങ്ങൾ, ആശങ്കകൾ, ഭയങ്ങൾ, നിരാശകൾ എന്തൊക്കെയായിരുന്നുവെന്നും പുതിയകാലത്തെ സംബന്ധിച്ചു സൂക്ഷിച്ച സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും എന്തെല്ലാമാണെന്നും ബി.എസ്. രാജീവിന്റെ കവിതകളിൽ കാണാം. ആ അർഥത്തിൽ ഒരു കാലഘട്ടത്തിന്റെ കവിതയാണ് ബി.എസ്. രാജീവിന്റേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.