പാറപ്പുറത്തിന്റെ ‘അരനാഴിക നേരം’ എന്ന നോവലിന് വേറിട്ട ഒരു പഠനമാണിത്. ഇൗ നോവൽ എങ്ങനെയൊക്കെയാണ് മലയാള സാഹിത്യത്തിൽ വേറിട്ടുനിൽക്കുന്നത് എന്ന് പരിശോധിക്കുന്നു -കഴിഞ്ഞ ലക്കം തുടർച്ച.കാളക്കച്ചവടക്കാരനായ കുഞ്ഞേനാച്ചന്റെ ഉടലിനെയും ഉയിരിനെയും കോരിത്തരിപ്പിച്ച ഒന്നായിരുന്നു മറ്റൊരാളുടെ ഭാര്യയായ പെണ്ണമ്മയുമൊത്തുള്ള അവിഹിത വേഴ്ച. ആകസ്മികമായ ഒരു കണ്ടുമുട്ടലിൽനിന്നാരംഭിച്ച് ഒരഴിയാക്കുരുക്കായി മാറിയ ഈ ബന്ധം ദുരന്തത്തിലാണ് കലാശിച്ചത്. പക്ഷേ, പെണ്ണമ്മ പകർന്നുതന്ന അനുഭൂതിയുടെ മദിപ്പിക്കുന്ന ഓർമ തന്റെ അവസാനനാളുകളിലും അയാളെ പിന്തുടരുന്നു. അതേസമയം, ഏറെക്കാലം നീണ്ടുനിന്ന...
പാറപ്പുറത്തിന്റെ ‘അരനാഴിക നേരം’ എന്ന നോവലിന് വേറിട്ട ഒരു പഠനമാണിത്. ഇൗ നോവൽ എങ്ങനെയൊക്കെയാണ് മലയാള സാഹിത്യത്തിൽ വേറിട്ടുനിൽക്കുന്നത് എന്ന് പരിശോധിക്കുന്നു -കഴിഞ്ഞ ലക്കം തുടർച്ച.
കാളക്കച്ചവടക്കാരനായ കുഞ്ഞേനാച്ചന്റെ ഉടലിനെയും ഉയിരിനെയും കോരിത്തരിപ്പിച്ച ഒന്നായിരുന്നു മറ്റൊരാളുടെ ഭാര്യയായ പെണ്ണമ്മയുമൊത്തുള്ള അവിഹിത വേഴ്ച. ആകസ്മികമായ ഒരു കണ്ടുമുട്ടലിൽനിന്നാരംഭിച്ച് ഒരഴിയാക്കുരുക്കായി മാറിയ ഈ ബന്ധം ദുരന്തത്തിലാണ് കലാശിച്ചത്. പക്ഷേ, പെണ്ണമ്മ പകർന്നുതന്ന അനുഭൂതിയുടെ മദിപ്പിക്കുന്ന ഓർമ തന്റെ അവസാനനാളുകളിലും അയാളെ പിന്തുടരുന്നു.
അതേസമയം, ഏറെക്കാലം നീണ്ടുനിന്ന തന്റെ ദാമ്പത്യബന്ധത്തെക്കുറിച്ച് വീണ്ടുവിചാരം നടത്തുന്ന വേളയിലെല്ലാം അയാളുടെ ഉള്ളിൽ കുറ്റബോധം ആളിപ്പിടിക്കുന്നു. ജീവിതത്തിന്റെ പങ്കായക്കാരിയായ അക്കാമ്മയോട് താൻ നീതി കാട്ടിയില്ല എന്ന വിചാരം അയാളുടെ സ്വൈരം നശിപ്പിച്ചുകൊണ്ട് മനസ്സിന്റെ കീഴ്ത്തട്ടിൽനിന്ന് ഉയർന്നുവരുന്നു. ഭർത്താവ് ഒരു ഇഷ്ടക്കാരിയുടെ വലയിൽപ്പെട്ടിരിക്കുകയാണ് എന്ന കണ്ടെത്തൽ അക്കാമ്മക്ക് താങ്ങാൻ കഴിഞ്ഞില്ല.
കുഞ്ഞേനാച്ചൻ ഭാര്യയോട് കഠിനമായിട്ടാണ് പെരുമാറിയത് എന്ന കുറ്റാരോപണം അയാളുടെ മക്കളും ചെറുമക്കളുമെല്ലാം ആവർത്തിക്കുന്നുണ്ട്. തന്റെ രഹസ്യം കണ്ടുപിടിച്ച ഭാര്യയെ താൻ ഒറ്റത്തൊഴിക്ക് വീഴ്ത്തിയ രംഗം കുഞ്ഞേനാച്ചന്റെ സ്മൃതിപഥത്തിൽ നിഴലിക്കുന്നു. അന്നത്തെ കിടപ്പിൽനിന്ന് അവൾ പിന്നെ എണീറ്റില്ല. ഒരുവശത്ത് വിവേകവും ‘സദൃശ’വുമുള്ള ഭാര്യ, മറുഭാഗത്ത് മെയ്യഴകും ആസക്തിയും ഇഴുകിച്ചേർന്ന പരസ്ത്രീ. ഇവർക്കിടയിലുള്ള തന്റെ ചാഞ്ചാട്ടത്തിന് തനിക്ക് നൽകേണ്ടിവന്ന വിലയെപ്പറ്റി ജീവിതത്തിലെ അവസാനത്തെ കണക്കെടുപ്പിന്റെ സമയത്ത് അയാൾ പണ്ടില്ലാത്തവിധം േബാധവാനായിത്തീരുന്നു.
ഈ നോവലിൽ ഏറ്റവും ഹൃദയഹാരിയായി എനിക്കനുഭവപ്പെട്ട ഭാഗങ്ങൾ നോവലിസ്റ്റ് കറുപ്പ് തിന്ന് മയങ്ങുന്ന കുഞ്ഞേനാച്ചന്റെ മനസ്സിൽ കയറിക്കൂടി അവിടെ ഊറിനിൽപുള്ള ക്രിസ്തീയ പുരാവൃത്തങ്ങൾ ചേർത്തിണക്കി സൃഷ്ടിക്കുന്ന അലൗകികാന്തരീക്ഷവുമായി ബന്ധപ്പെട്ടവയാണ്. നിത്യജീവിതത്തിലെ സംഭവങ്ങൾ ചിലപ്പോൾ കുഞ്ഞേനാച്ചനെ നേരെ കൊണ്ടുചെന്നെത്തിക്കുന്നത് ‘പഴയ നിയമ’ത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കഥാസന്ദർഭങ്ങളിലാണ്.
അയാളുടെ ജ്വരബാധിതമായ ഭാവനയിൽ ചുറ്റും കാണുന്ന ചില കാര്യങ്ങളും ‘പഴയ നിയമ’ത്തിൽ വിവരിച്ചിട്ടുള്ള ഹിംസാവാസനയും ആസക്തിയും ക്രൂരതയുമിടകലർന്ന സംഭവങ്ങളും തമ്മിലുള്ള അതിർത്തികൾ മാഞ്ഞുപോകുന്നു. കുഞ്ഞേനാച്ചൻ ചിലപ്പോൾ സ്വന്തം അവസ്ഥയെ വേദപുസ്തകത്തിൽ വർണിച്ചിട്ടുള്ള കഥാപുരുഷന്മാരുടെ ജീവിതസന്ധികളുമായി ചേർത്തുവെക്കുന്നു. മരണത്തെ നേർക്കുനേർ കാണാൻ തുടങ്ങിയതുതൊട്ട് അയാൾ മതഗ്രന്ഥങ്ങളിൽ അടയാളപ്പെടുത്തിയിട്ടുള്ള വിദൂരഭൂതകാലത്തിൽ തെന്റ ചിന്തകളെ അലയാൻ വിടുന്നു. ഈ നോവലിലെ മൃത്യുസങ്കൽപത്തിന് ഇഴക്കട്ടി സമ്മാനിക്കുന്ന ഘടകമിതാണ്.
ആൾബലവും മുഷ്‍കുംകൊണ്ട് തന്നോട് അന്യായത്തിനു വന്ന കരയിലെ നായന്മാരുമായി താൻ മക്കളെയും കൂട്ടി അടിപിടിക്കുപോയ സംഭവത്തെപ്പറ്റി ഓർക്കുേമ്പാൾ കുഞ്ഞേനാച്ചൻ ആശ്വാസംകൊള്ളുന്നത് ന്യായപ്രമാണ കാലത്ത് യഹോവയും ജനവും അന്യായത്തെ ചെറുത്തുനിന്നിട്ടുണ്ട് എന്ന യുക്തിയിൽ ചാരിക്കൊണ്ടാണ്. പണ്ടത്തെ പരിചയക്കാരനായ ലോനാച്ചൻ വീട്ടിൽ കയറിവന്ന് രാജൻ വിവാഹം കഴിക്കാൻ പോകുന്ന ശാന്തമ്മ എന്ന പെൺകുട്ടിയുടെ പിതൃത്വം സംബന്ധിച്ച് കൊടിയ ഒരപവാദം പങ്കുവെച്ചിട്ട് പോകുമ്പാൾ ‘പഴയനിയമ’കാലത്തെ ഒരഗമ്യഗമനത്തിെന്റ കഥ അയാളുടെ മനസ്സിൽ കടന്നുവരുന്നു. കുടുംബത്തിൽ കറവപ്പശുവായിത്തീർന്ന് വഴിമുട്ടിയ കുട്ടിയമ്മ ഒരുനാൾ കുഞ്ഞേനാച്ചന്റെ വീട്ടിൽ കയറിവന്ന തോമസ് സാറുമായുള്ള തന്റെ അടുപ്പത്തെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് ‘‘അേങ്ങരു വന്നുവിളിച്ചാൽ ഞാൻ കൂടെപ്പോകും’’ എന്ന് വല്യപ്പച്ചനോട് പറയുന്നു.
അവളുടെ തന്റേടം നിറഞ്ഞ വാക്കുകൾ കുഞ്ഞേനാച്ചന്റെ മനസ്സിൽ തൊട്ടുണർത്തുന്നത് യെഹൂദയുടെ മരുമകളായ ‘താമാർ’ ചെയ്ത കാര്യമാണ്. കുഞ്ഞേനാച്ചൻ ഇങ്ങനെയൊക്കെ ചിന്തിച്ചുപോകുന്നത് കുഴിയിൽ കാൽ നീട്ടിയിരിക്കുന്ന ഈ കാരണവർ രണ്ട് സമയതലങ്ങളിൽ ജീവിക്കുന്നതിന്റെ കൗതുകകരമായ അടയാളമാണ്. പ്രതീക്ഷക്ക് വകനൽകാത്ത, പലപ്പോഴും വ്യസനവും ക്രോധവും സമ്മാനിക്കുന്ന വർത്തമാന യാഥാർഥ്യത്തിൽനിന്ന് അയാൾ നേരെ ചെന്നണയുന്നത് ദുഷ്പ്രവൃത്തികൾക്ക് ശിക്ഷയും സൽക്കർമങ്ങൾക്ക് ദൈവാനുഗ്രഹവും വിധിച്ചിട്ടുള്ള ഒരതീതലോകത്തിലാണ്. കൊച്ചുമകനായ ജോണിക്കുട്ടി ഒരുദിവസം അരിശത്തോടെ വീട്ടിൽ കയറിവന്ന് തന്റെ അപ്പനും വേലക്കാരിപ്പെണ്ണും തമ്മിലുള്ള പരസ്യവേഴ്ചയെപ്പറ്റി പറഞ്ഞിട്ടുപോകുമ്പോൾ കുഞ്ഞേനാച്ചന്റെ മനസ്സിൽ തെളിയുന്നത് ‘വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ’യെക്കുറിച്ച് കർത്താവിെന്റ പുസ്തകത്തിലുള്ള വർണനയാണ്. ഒരിക്കൽ താനും ഇത്തരമൊരു പ്രലോഭനത്തിന് അടിപ്പെട്ട കാര്യം അയാൾ മറന്നിട്ടില്ല.
‘‘ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമൃനൂൽകൊണ്ടുള്ള വരിയൻ പടങ്ങളും വിരിച്ചിരിക്കുന്നു. പുരുഷൻ വീട്ടിലില്ല, ദൂരയാത്ര പോയിരിക്കുന്നു. വരിക...’’ എന്നു മൊഴിഞ്ഞ് തന്നെ ക്ഷണിച്ച ഒരു സ്ത്രീ തന്റെ കുടുംബജീവിതത്തിൽ നാശം വിതച്ച സംഭവം തന്റെ ആയുസ്സിന്റെ പുസ്തകത്തിൽ തിരുത്താനാവാത്ത തെറ്റായി ബാക്കിനിൽക്കുന്നു. ജീവിതത്തിെന്റ അന്തിവെളിച്ചത്തിലൂടെ വേച്ചുവേച്ചുനീങ്ങുന്ന കുഞ്ഞേനാച്ചൻ ആഴത്തിലുള്ള ഒരാത്മപരിശോധനക്ക് വിധേയനാകുന്നു എന്നു പറയാനാവില്ല.
‘അരനാഴിക നേരം’ -സിനിമയിലെ ഒരു രംഗം
കാരണം അയാളുടെ ബോധനിലവാരത്തിന് കടുത്ത പരിമിതികളുണ്ട്. അതേസമയം താൻ കേട്ടുവളർന്ന ബൈബിൾ കഥകൾ സമ്മാനിക്കുന്ന ഭയാകർഷണം കലർന്ന പരിപ്രേക്ഷ്യത്തിന് എതിരെവെച്ച് തന്റെ അശാന്തി നിറഞ്ഞ ഗതകാലത്തെയും കാൽക്കീഴിലെ മണ്ണ് ചോർന്നുകൊണ്ടിരിക്കുകയാണ് എന്ന് വിളിച്ചറിയിക്കുന്ന വർത്തമാന നിമിഷത്തെയും വിലയിരുത്താനുള്ള അയാളുടെ വാസന കഥയിലെ ഓരോ ഘട്ടത്തിലും തിടംവെച്ചുവളരുന്നത് വായനക്കാർ കൗതുകത്തോടെ കണ്ടുനിൽക്കുന്നു.
ദീനാമ്മയുടെ വ്യഭിചാരം നേരിട്ടു കണ്ടതിൽപ്പിന്നെയുള്ള കുഞ്ഞേനാച്ചന്റെ വിസ്ഫോടകമായ മാനസികാവസ്ഥ ചിത്രീകരിക്കുന്നതിന്റെ ഭാഗമായി നോവലിസ്റ്റ് ‘പഴയനിയമ’ത്തിൽ വിവരിച്ചിട്ടുള്ള ചില തീവ്രസന്ദർഭങ്ങളുടെ ഗന്ധകജ്വാല വഹിക്കുന്ന വാങ്മയം ഉപയോഗിച്ചിരിക്കുന്നു. വേശ്യാവൃത്തികൊണ്ട് ഭൂമിയെ വഷളാക്കിയ മഹാവേശ്യയുടെ പക്കൽനിന്ന് തന്റെ രക്തം ചോദിച്ച് പ്രതികാരം ചെയ്യാൻ യഹോവ ഭൂമിയിൽ വന്നിറങ്ങിയിരിക്കുന്നതായി അയാൾക്ക് തോന്നുന്നു.
ഭർത്താവറിയാതെ വ്യഭിചരിക്കുന്ന സ്ത്രീയുടെ മേലുള്ള ശിക്ഷാവിധി പ്രഖ്യാപിക്കുന്ന മോശയുടെ മുഴക്കമുള്ള ശബ്ദം അയാളുടെ കാതിൽ മാറ്റൊലികൊള്ളുന്നു. ഒപ്പം ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിയും: ‘‘കല്ലെറിഞ്ഞുകൊല്ലണം ഇവളേ... കല്ലെറിഞ്ഞുകൊല്ലണം...’’ മരണത്തിലേക്ക് തെന്നിനീങ്ങുന്ന വേളയിൽ കുഞ്ഞേനാച്ചൻ വിധിദിനത്തിൽ ഒന്നാം മുദ്രയും രണ്ടാം മുദ്രയും മൂന്നാം മുദ്രയും പൊട്ടിച്ചു പുറത്തുവന്ന അത്ഭുതജീവികളെ നേർക്കുനേർ കാണുന്നു. ഈ ജന്മാന്തരസ്മരണകൾ വിഹ്വലത പകർന്ന ഭാവനയുടെ ഇളകിയാട്ടത്തിനിടയിലാണ് കുഞ്ഞേനാച്ചൻ അന്ത്യനിദ്രയിലാഴുന്നത്.
മരിച്ചുപോയ തന്റെ കഥാനായകന് നോവലിസ്റ്റ് ചാർത്തുന്ന വിശേഷണങ്ങൾ നോക്കുക: ‘‘പനച്ചുമൂട്ടിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായംകൂടിയ ആൾ! മക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഒക്കെയായി വലിയൊരു കുടുംബത്തിലെ മൂപ്പൻ!’’ തന്റെ കൊച്ചുസാമ്രാജ്യം ശിഥിലമാവുകയാണോ എന്ന് ഈ കുലപതി ആശങ്കപ്പെടുന്ന നിമിഷങ്ങൾ കഥയിലുണ്ട്. താൻ അടക്കി ഭരിച്ച രാജ്യം വെട്ടിപ്പങ്കിട്ട് കൊണ്ടുപോകുന്നത് കണ്ടുനിൽക്കുന്ന രാജാവിനോട് നോവലിസ്റ്റ് അയാളെ ഉപമിച്ചിരിക്കുന്നു. നോവലിൽ മറ്റൊരിടത്ത് കുരിശിൽ കിടക്കുന്ന യേശുവിന്റെ നിസ്സഹായത പൂണ്ട നിലവിളി കുഞ്ഞേനാച്ചന്റെ മനസ്സിൽ അനുരണനമുണർത്തുന്നു: ‘‘എന്റെ ദൈവമേ! എന്റെ ദൈവമേ! നീ എന്നെ കൈവിട്ടതെന്ത്? എന്നേ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനിൽക്കുന്നതെന്ത്?...’’ കുഞ്ഞേനാച്ചൻ തന്റെ ജീവിതത്തിന്റെ ആത്യന്തിക വ്യർഥതയെക്കുറിച്ചോർത്ത് വിലപിക്കുന്ന ഒരു മുഹൂർത്തമുണ്ട്:
‘‘പത്തു തൊണ്ണൂറു സംവത്സരമായി ഞാൻ എന്തെല്ലാം കാണുന്നു? അനുഭവിക്കുന്നു? കെട്ടിയവള് പോയി. ഓമനിച്ചുവളർത്തിയ മകൾ പോയി. തുണയായിരുന്ന മൂത്തമകൾ പോയി. ചിറകറ്റ പക്ഷിയേപ്പോലെ വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിൽ എല്ലാം കണ്ടും കേട്ടും അശരണനായി ഞാൻ കുത്തിയിരിക്കുന്നു. കൊടുക്കുന്നവനും എടുക്കുന്നവനും മേലെ ഇരിക്കുന്നു...’’
മാനസികാപഗ്രഥനത്തിന്റെ സങ്കേതം ഭാഗികമായി ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ നോവലിലെ കഥാനായകന്റെ തിരിഞ്ഞുനോട്ടം ചെന്നെത്തിനിൽക്കുന്നത് ഈ തിരിച്ചറിവിലാണ്. ജീവിതത്തെക്കുറിച്ചുള്ള കുഞ്ഞേനാച്ചന്റെ അന്തിമമായ ഉൾക്കാഴ്ച പരിദേവനത്തിൽ ശ്രുതിമീട്ടിയിരുന്നതായി തോന്നുന്നില്ലേ?
മനുഷ്യവംശത്തിന് കൂടിയൊരളവിൽ യാഥാർഥ്യം താങ്ങാനാവില്ല എന്ന് ടി.എസ്. എലിയറ്റ് ഒരിടത്ത് കുറിച്ചിട്ടിട്ടുണ്ട്. കുഞ്ഞേനാച്ചന്റെ ചുരുങ്ങി ചുരുങ്ങി വരുന്ന ജീവിതചക്രവാളത്തിൽ നിഴലുകൾക്ക് കട്ടികൂടുന്നതു കാണുമ്പോൾ ഇത് ശരിയാണെന്ന് നമുക്ക് തോന്നാനിടയുണ്ട്. കുഞ്ഞേനാച്ചന്റെ ശാരീരികാവശതകൾ പെരുകിവരുന്നതിനിടയിൽ അയാളുടെ കുടുംബത്തിന്റെ തകർച്ചക്ക് വേഗതയണച്ചുകൊണ്ട് ഒരു സംഭവപരമ്പര നോവലിസ്റ്റ് ആസൂത്രണംചെയ്തിരിക്കുന്നു. കുഷ്ഠരോഗത്തിന്റെ പിടിയിലമർന്ന റാഹേൽ മരിക്കുന്നു.
ദാനിക്കുട്ടി കള്ളനോട്ട് കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നു. പീലിപ്പോച്ചന്റെ വീട്ടിലാണെങ്കിൽ അച്ഛനും മകനും ഒരുപോലെ വേലക്കാരിപ്പെണ്ണിൽ കമ്പം തോന്നുന്നു. ഒടുവിൽ മകൻ അവളേയും കൂട്ടി വയനാട്ടിൽ പോയി താമസമാരംഭിക്കുന്നു. പീലിപ്പോച്ചന്റെ ഭാര്യക്കാണെങ്കിൽ ആധി മൂത്ത് ബുദ്ധിസ്ഥിരത നഷ്ടപ്പെടുന്നു. മാത്തുക്കുട്ടിയുടെ മകൻ രാജൻ, കുടുംബത്തിന് അത്താണിയായുള്ളവൻ പട്ടാള സേവനത്തിനിടയിൽ അപകടത്തിൽപ്പെട്ട് മരിക്കുന്നു. രാജന്റെ പുത്തൻ മണവാട്ടി ശാന്തമ്മ മനസ്സിലെ മുറിവുണക്കാൻ ഭക്തിമാർഗത്തിലേക്ക് തിരിയുന്നു. കുഞ്ഞേനാച്ചന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി കണക്കാണ് ദീനാമ്മയുടെ ജാരബന്ധം വെളിച്ചത്തുവരുന്നത്.
നോവലിന്റെ ആരംഭത്തിൽ ഉദ്ധരിച്ചിട്ടുള്ള സഭാപ്രസംഗിയുടെ വചനം പ്രസക്തി കൈവരിക്കുന്നത് ഇവിടെയാണ്:
ആകാശത്തിനു കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിനു ഞാൻ മനസ്സുവച്ചു. ഇത് ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടുതന്നെ. സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്. അവയെല്ലാം മായയും വൃഥാപ്രയത്നവുമേത്ര!
ജ്ഞാനികളുടെ രാജാവായ സോളമനാണ് സഭാപ്രസംഗിയായി പ്രത്യക്ഷപ്പെടുന്നത്. സോളമന്റെ ഈ ദുരന്തവചനം നോവലിൽ അങ്ങിങ്ങ് ആവർത്തിക്കപ്പെടുന്നതായി കാണാം. വേദപുസ്തകത്തിൽനിന്നുള്ള കഥകളും ദൃഷ്ടാന്തങ്ങളും പൊലിഞ്ഞു പാറുന്ന കുഞ്ഞേനാച്ചന്റെ മനസ്സിൽ മാറാതെ നിൽക്കുന്ന ഒന്നാണ് പ്രപഞ്ച ജീവിതത്തിന്റെ ക്ഷണികതയെയും ശൂന്യതയെയും സംബന്ധിക്കുന്ന ഈ അരുളപ്പാട്. നോവലിലെ മൂന്നാമധ്യായത്തിൽ ദീനാമ്മയോട് സംസാരിക്കുമ്പോൾ അയാൾ ഇതോർമിക്കുന്നതു കാണാം. പിന്നീട് പതിനൊന്നാം അധ്യായത്തിൽ കുറുപ്പ് ഹിന്ദുമതത്തിലെ മായാസങ്കൽപ്പത്തെക്കുറിച്ചു പറയുമ്പോൾ അതിനുള്ള മറുപടിയായി കുഞ്ഞേനാച്ചൻ സഭാപ്രസംഗിയുടെ വാക്കുകൾ ഉദ്ധരിക്കുന്നു.
മായയെ മറികടക്കാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നാണ് കുഞ്ഞേനാച്ചന്റെ പക്ഷം. നല്ലവനും നിർമലനും മലിനനും യാഗം കഴിക്കുന്നവനും ഒരേ ഗതി വരുന്നു. ദൈവം മനുഷ്യർക്ക് എന്നേക്കുമായി കൊടുത്തുെവച്ചിട്ടുള്ളത് കഷ്ടപ്പാടും ദുരിതവുമാണ്. സഭാപ്രസംഗിയുടെ വേറെയും വചനങ്ങൾ കുഞ്ഞേനാച്ചന്റെ നാവിൻ തുമ്പിൽ കളിയാടുന്നുണ്ട്. ഒരുപക്ഷേ നോവലിൽ ഏറ്റവും അധികം തവണ ഉദ്ധരിക്കപ്പെടുന്ന പുണ്യപുരുഷൻ സോളമനാണ്.
‘പഴയ നിയമ’ത്തിൽ സോളമന്റെ ഹ്രസ്വവും അഗാധവുമായ ഏതാനും വെളിപാടുകൾ അടങ്ങിയിട്ടുണ്ട്. മഹാനായ സോളമൻ താൻ എല്ലാവരെക്കാളും കൂടുതലായി ജ്ഞാനം സമ്പാദിച്ചുവെന്നും വിവേകപൂർവം കാര്യങ്ങൾ ധ്യാനിച്ചു മനസ്സിലാക്കിയെന്നും കരുതി. വിവേകവും ജ്ഞാനവും അബദ്ധവും ഭോഷത്വവും ഗ്രഹിക്കുന്നതിന് അദ്ദേഹം ഹൃദയംഗമമായി പരിശ്രമിച്ചു. അപ്പോൾ അതും ആയാസകരവും വേദനാജനകവും പ്രയോജനശൂന്യവുമാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. എന്തെന്നാൽ വിജ്ഞാന ബാഹുല്യത്തിൽ വ്യസനബാഹുല്യവുമുണ്ട്. ജ്ഞാനം ശേഖരിക്കുന്നവൻ ദുഃഖവും ശേഖരിക്കുന്നു.
എന്നുമൊരു ഉത്തമഭക്തനായിരുന്ന, തന്റെ വേദപുസ്തക പരിജ്ഞാനം സംബന്ധിച്ച് തികഞ്ഞ അഭിമാനമുള്ള കുഞ്ഞേനാച്ചൻ അസ്തിത്വരഹസ്യം സംബന്ധിച്ച് സ്വരൂപിച്ചിട്ടുള്ള അഭിപ്രായം ഇതാണ് എന്നു കാണുമ്പോൾ നിങ്ങൾക്ക് എന്തുതോന്നുന്നു? എന്നാൽ, ഇവിടെ ചെറിയൊരു മുൻകരുതൽ ആവശ്യമാണ്. കുഞ്ഞേനാച്ചൻ നോവലിസ്റ്റിന്റെ വക്താവ് ആകണമെന്നില്ല. അയാളുടെ ജീവിതവേദാന്തം പാറപ്പുറത്തിന്റെ തത്ത്വചിന്താപരമായ വീക്ഷണവുമായി ഒത്തുപോകുന്ന ഒന്നാണെന്ന് തറപ്പിച്ചു പറയാനുമാവില്ല. അതേസമയം, ‘അരനാഴികനേര’ത്തിൽ സാക്ഷാത്കരിച്ചിട്ടുള്ള വിഷാദദർശനം പാറപ്പുറത്ത് അതിനു മുമ്പെഴുതിയ നോവലുകളിലെ ഭാവക്രമത്തിൽനിന്ന് ഗുണപരമായി വ്യത്യാസപ്പെട്ടുനിൽക്കുന്നു എന്ന സത്യമവശേഷിക്കുന്നു.
‘അരനാഴികനേര’ത്തിനു മുമ്പെഴുതിയ നോവലുകളുടെ അടിത്തട്ടിൽ ഒളി ചിതറിയിരുന്ന മനുഷ്യനന്മയിലുള്ള വിശ്വാസം ഇവിടെ നിലനിൽപിന്റെ യുക്തിരാഹിത്യത്തെ ആസ്പദമാക്കിയുള്ള ഒരുതരം ദാർശനിക സന്ദേഹത്തിനു വഴിമാറിയതുപോലുണ്ട്. സ്ത്രീയുടെ സഹനശീലത്തെയും ത്യാഗസന്നദ്ധതയെയും കേന്ദ്രമാക്കി ഈ എഴുത്തുകാരൻ താലോലിച്ചിരുന്ന അതിഭാവുകത്വം നിറഞ്ഞ ധാരണകൾക്കുകൂടി ഇവിടെ ഇളക്കം തട്ടിയിരിക്കുന്നു. വേറൊരു രീതിയിൽ പറഞ്ഞാൽ ബൈബിൾ ഭാഷയുടെ താളലയങ്ങൾ മനോഹരമായി സ്വാംശീകരിച്ച മലയാളത്തിലെ ഒന്നാമത്തെ നോവൽ ക്രൈസ്തവ സന്ദേശത്തിന്റെ സത്തക്ക് അന്യമായ ഒരു ജീവിതാവബോധത്തിലാണോ എത്തിനിൽക്കുന്നത് എന്നും സംശയിക്കുന്നവരുണ്ടാകും.
പാറപ്പുറത്ത് കുട്ടികൾക്കൊപ്പം
നോവലിന്റെ അവസാനമെത്തുമ്പോൾ ദീനാമ്മയുടെ പാത്രസൃഷ്ടിയിൽ പെട്ടെന്ന് പടർന്നേറുന്ന കറുപ്പുനിറം കണ്ട് നെറ്റിചുളിച്ചവരുണ്ട്. ‘അരനാഴികനേരം’ പുറത്തിറങ്ങിയ കാലത്തുതന്നെ ഈ പരാതി പല കോണുകളിൽനിന്നും ഉയർന്നുവരുകയുണ്ടായി. ഇവിെട നോവലിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള സാധൂകരണംകൂടി ശ്രദ്ധിക്കണം. മാത്തുക്കുട്ടിയുമൊത്തുള്ള ജീവിതത്തിൽ ദീനാമ്മ അനുഭവിക്കുന്ന അസംതൃപ്തിയെക്കുറിച്ചുള്ള സൂചനകൾ കഥയുടെ പല ഘട്ടങ്ങളിലും നോവലിസ്റ്റ് തിരുകിവെച്ചിട്ടുണ്ട്. നാട്ടുകാര്യങ്ങളുമായി ഊരുചുറ്റുന്ന താൻ ഭാര്യയോട് കാട്ടുന്ന അവഗണനയെപ്പറ്റി മാത്തുക്കുട്ടി ബോധവാനായിത്തീരുന്ന ഒന്നു രണ്ടു രംഗങ്ങൾ നോവലിലുണ്ട്.
കത്തിത്തീരാത്ത യൗവനത്തിന്റെ കാന്തി വഹിക്കുന്ന ദീനാമ്മ വൃദ്ധനും അവശനുമായ അമ്മായിപ്പനെ ശുശ്രൂഷിച്ചും, ഗൃഹഭരണത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടും കഴിയുമ്പോൾ അവളുടെ ഉള്ളിൽ പ്രതിഷേധം ഉരുണ്ടുകൂടുകയായിരുന്നു എന്ന വാദത്തിൽ കഴമ്പുണ്ട്. എന്നാൽ, ഇവിടെ ബാക്കിനിൽക്കുന്ന ഒരു ചോദ്യം നാടുനീളെ സംബന്ധമുള്ള തനിച്ചുമൊരു വിടനായ കുറുപ്പ് ഒരുക്കിയ കെണിയിൽ അവൾ എങ്ങനെ പെട്ടുപോയി എന്നതാണ്. തിരിച്ചറിവും വിവേകവുമുള്ള ഒരുവളായിട്ടാണ് ദീനാമ്മയെ നോവലിസ്റ്റ് തുടക്കം മുതൽ ചിത്രീകരിച്ചിട്ടുള്ളത്.
കുറുപ്പും ദീനാമ്മയും ഇണചേർന്ന് കിടക്കുന്ന രംഗം കുഞ്ഞേനാച്ചൻ കാണുന്ന വിധം ശ്രദ്ധിക്കുക: ‘‘കെട്ടിപ്പിണഞ്ഞുകിടക്കുന്നു! കറുത്തു കാട്ടുപോത്തുപോലെ നഗ്നനായ കുറുപ്പച്ചൻ! വെളുത്തുകൊഴുത്ത ദീനാമ്മപ്പെണ്ണ്!’’ ഇവിെട സ്ത്രീയുടെയും പുരുഷന്റെയും നഗ്നശരീരങ്ങൾ തമ്മിലുള്ള വൈരുധ്യംകൂടി ഇത്തരമൊരു വേഴ്ചയുടെ വിശ്വാസ്യതക്ക് എതിരുനിൽക്കുന്നു.
ശാന്തമ്മയുടെ പിതൃത്വം സംബന്ധിച്ച അപവാദങ്ങൾ മാത്തുക്കുട്ടിയുടെ കുടുംബാന്തരീക്ഷത്തെ കലുഷിതമാക്കുന്നുണ്ട്. ഈ അപവാദങ്ങളുടെ നാൾവഴികൾ ചിത്രീകരിക്കാനും ഒടുവിൽ സംശയങ്ങളെല്ലാം അടിസ്ഥാനരഹിതമായിരുന്നുവെന്ന് ബന്ധപ്പെട്ടവർ കണ്ടെത്തുന്നതായി കാണിക്കാനുമായി നോവലിസ്റ്റ് കുറേ പേജുകൾ മാറ്റിവെച്ചിട്ടുണ്ട്. പാറപ്പുറത്ത് തന്റെ അനായാസമായ വിവരണപാടവം ധൂർത്തടിക്കുന്ന ഒരു സന്ദർഭംകൂടിയാണിത്. നോവലിസ്റ്റ് കാര്യങ്ങൾ പരത്തിപ്പറയാനുള്ള തന്റെ വാസനക്ക് കടിഞ്ഞാണിട്ട് കുടുംബാഖ്യായിക ചെത്തിമിനുക്കിയിരുന്നുവെങ്കിൽ ‘അരനാഴികനേരം’ പണിക്കുറ തീർന്ന ഒരു കലാസൃഷ്ടിയായിത്തീരുമായിരുന്നു.
ആധുനിക നോവലിസ്റ്റുകളുടെ ചിന്താപരിസരത്തെ വിറകൊള്ളിക്കുന്ന ഒരു ദാർശനിക പ്രശ്നമാണ് ദൈവത്തിന്റെ മരണവും അതു സൃഷ്ടിക്കുന്ന ശൂന്യതയും എന്നു കേട്ടുശീലിച്ച ഒരു തലമുറ ഇവിടെയുണ്ട്. ഈ എഴുത്തുകാരുടെ നിരയിലല്ല നാം പാറപ്പുറത്തിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. എന്നാൽ ‘അരനാഴികനേര’ത്തിലെത്തുമ്പോൾ അദ്ദേഹം തന്റെ മൂല്യങ്ങളെ പുനഃക്രമീകരണത്തിനു വിധേയമാക്കിയതിന്റെ അടയാളങ്ങൾ തെളിഞ്ഞുകാണാം. ഇതിൽ അദ്ദേഹം തന്റെ കഥാനായകനെ പറഞ്ഞുവിട്ടിരിക്കുന്നത് മനുഷ്യപ്രയത്നങ്ങളുടെ വ്യർഥതയെക്കുറിച്ചോർമിപ്പിച്ചുകൊണ്ട് ദൈവം അകലെയിരുന്ന് നിന്ദാഗർഭമായി ചിരിക്കുന്ന ഒരു ലോകത്തിലേക്കാണ്. അയാൾ അവിടെ അനുഭവിക്കുന്ന പൊറുതിമുട്ട് ഇളവില്ലാത്ത സത്യസന്ധതയോടെ പകർത്തിക്കാട്ടിയതുവഴി പാറപ്പുറത്ത് മലയാള നോവൽ സാഹിത്യത്തിൽ തന്റെ മായാത്ത കൈയൊപ്പ് ചാർത്തിയിരിക്കുന്നു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.