അനന്തതയിൽ ഏകാകിയായ കഥാകാരൻ

വൈക്കം മുഹമ്മദ്​ ബഷീറി​ന്റെ രചനകളെ വേറിട്ടരീതിയിൽ പഠനവിധേയമാക്കുകയാണ്​ നിരൂപകൻകൂടിയായ ലേഖകൻ. ഭൂമിയും അതിലെ ജീവജാലങ്ങളും മനുഷ്യനുമാത്രം സ്വന്തമെന്നും അത് വെട്ടിപ്പിടിക്കാനും നശിപ്പിക്കാനുമുള്ള അവകാശം മനുഷ്യനുണ്ടെന്നുള്ള അധിനിവേശ ചിന്ത പ്രബലമായ ഒരുകാലത്ത് വ്യക്തി, കുടുംബ സ്​നേഹത്തിനപ്പുറത്തേക്ക് വളർന്ന സർവചരാചര സ്​നേഹത്തിലധിഷ്ഠിതമായ ദീർഘവീക്ഷണമുള്ള ഒരു പ്രപഞ്ചസങ്കൽപം ശക്തമായി അടയാളപ്പെടുത്താൻ സാധിച്ച കഥാകാരനാണ് ബഷീറെന്ന്​ എഴുതുന്നു. ‘‘ഇന്ന് എ​ന്റെ ജന്മദിനം. ഞാൻ സ്വദേശത്ത് നിന്നെല്ലാം വളരെ ദൂരെ അന്യനാട്ടിൽ. കൈയിൽ കാശില്ല. കടം വീട്ടാൻ വഴിയില്ല. ഉടുത്തിരിക്കുന്നതും മറ്റും...

വൈക്കം മുഹമ്മദ്​ ബഷീറി​ന്റെ രചനകളെ വേറിട്ടരീതിയിൽ പഠനവിധേയമാക്കുകയാണ്​ നിരൂപകൻകൂടിയായ ലേഖകൻ. ഭൂമിയും അതിലെ ജീവജാലങ്ങളും മനുഷ്യനുമാത്രം സ്വന്തമെന്നും അത് വെട്ടിപ്പിടിക്കാനും നശിപ്പിക്കാനുമുള്ള അവകാശം മനുഷ്യനുണ്ടെന്നുള്ള അധിനിവേശ ചിന്ത പ്രബലമായ ഒരുകാലത്ത് വ്യക്തി, കുടുംബ സ്​നേഹത്തിനപ്പുറത്തേക്ക് വളർന്ന സർവചരാചര സ്​നേഹത്തിലധിഷ്ഠിതമായ ദീർഘവീക്ഷണമുള്ള ഒരു പ്രപഞ്ചസങ്കൽപം ശക്തമായി അടയാളപ്പെടുത്താൻ സാധിച്ച കഥാകാരനാണ് ബഷീറെന്ന്​ എഴുതുന്നു. 

‘‘ഇന്ന് എ​ന്റെ ജന്മദിനം. ഞാൻ സ്വദേശത്ത് നിന്നെല്ലാം വളരെ ദൂരെ അന്യനാട്ടിൽ. കൈയിൽ കാശില്ല. കടം വീട്ടാൻ വഴിയില്ല. ഉടുത്തിരിക്കുന്നതും മറ്റും പല സുഹൃത്തുക്കളുടേത്. ഒന്നും എേന്റത് എന്ന് പറയാനില്ല. ഈ നിലയിലുള്ള ജന്മദിനത്തി​ന്റെ അനേകം പുനരാവർത്തനങ്ങൾ ഉണ്ടാവട്ടെ എന്ന് മാത്യു ആശംസിച്ചപ്പോൾ എ​ന്റെ ഹൃദയത്തി​ന്റെ അകക്കാമ്പു ലേശം വേദനിച്ചു.’’1–ജന്മദിനം

അനുഭവങ്ങളുടെ നെരിപ്പോടിൽ ഭാവനയുടെ തിളക്കം പകർന്ന് ജീവിതംതന്നെ കഥകളിലൂടെ ആവിഷ്കരിച്ച മഹാപ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ. മലയാള ചെറുകഥയെ ലോകകഥകളുടെ വിതാനത്തിലേക്ക് അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു. അന്നേവരെ നാം കണ്ടിട്ടില്ലാത്ത തീർത്തും സ്വന്തമായ ഒരു ഭാഷയിൽ ത​ന്റെ കഥകളെ അദ്ദേഹം മെനഞ്ഞെടുത്തു. ഭാഷയുടെയും സാഹിത്യത്തി​ന്റെയും വ്യാകരണ സമവാക്യങ്ങളെ അദ്ദേഹം മാറ്റിമറിച്ചു. വായനക്കാര​ന്റെ ഹൃദയത്തിലേക്ക് പടർന്നു കയറാൻ ആ ഭാഷക്കായി. ‘‘ജീവിക്കുന്നതെല്ലാം കഥയാണെന്നും പറയുന്നതെല്ലാം ഭാഷയാണെന്നും ഉള്ള തിരിച്ചറിവ് ബഷീറി​ന്റെ ലോകങ്ങൾക്ക് അവസാനിക്കാത്ത വിസ്​താരമുണ്ടാക്കിക്കൊടുത്തു.’’2

ലോകസാഹിത്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥകളുടെ അത്ഭുതപ്രപഞ്ചം വൈക്കം തലയോലപ്പറമ്പിൽ ജനിച്ച ഒരു മനുഷ്യൻ സൃഷ്​ടിച്ചു. സമൂഹത്തിൽ അടിത്തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ സദാ ആ മനുഷ്യൻ പറഞ്ഞുകൊണ്ടേയിരുന്നു. അതിൽ സമൂഹത്തിനു നേരെയുള്ള വിമർശനങ്ങളുമുണ്ടായിരുന്നു. നർമത്തിലൊളിപ്പിച്ച് അവ അവതരിപ്പിക്കുമ്പോൾ വായനക്കാരെ ചിരിപ്പിക്കുകയും അതേസമയം ചിന്തിപ്പിക്കുകയുംചെയ്തു. ഒരെഴുത്തുകാരൻ രൂപപ്പെടുന്നതിൽ അയാളുടെ അനുഭവങ്ങൾ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തി​ന്റെ കൃതികളെ അനശ്വരമാക്കി മാറ്റി.

‘‘എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട് മലയാളത്തിലോ ഇന്ത്യയിലോ മറ്റു ഭാഷകളിലോ എന്നല്ല ലോകഭാഷകളിൽപോലും ബഷീറിനെപ്പോലെ ഇത്രയും വിപുലമായ ഒരനുഭവ പ്രപഞ്ചത്തി​ന്റെ ഉടമയെ കണ്ടുമുട്ടാനാവുമോ എന്ന്. മലയാളത്തിലില്ല എന്നത് തീർച്ചതന്നെ. മറ്റു ഭാഷകളിലെ സ്​ഥിതിയും ഭിന്നമായിരിക്കില്ല.’’3 എന്ന ടി. പത്മനാഭ​ന്റെ വാക്കുകൾ ഇവിടെ അന്വർഥമാണ്.

ബഷീർ ഹൈസ്​കൂൾ വിദ്യാർഥിയായിരുന്ന കാലത്താണ് ദേശീയ സ്വാതന്ത്ര്യസമരം മഹാത്മജിയുടെ നേതൃത്വത്തിൽ രാജ്യമെങ്ങും സമര പരിപാടികളുമായി മുന്നേറിക്കൊണ്ടിരുന്നത്. അതിൽ ആകൃഷ്​ടനായി വീട്ടിൽനിന്നും ആരോടും പറയാതെ ഇറങ്ങി കോഴിക്കോട്ടെത്തുന്നു. ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിക്കുന്നു. ഹിന്ദു സന്യാസിയായും സൂഫി ശിഷ്യനായും ജീവിതം കഴിച്ചുകൂട്ടിയ അദ്ദേഹം ആഫ്രിക്കയിലേക്കും അറേബ്യയിലേക്കും യാത്രചെയ്യുകയുണ്ടായി.

അനേക വർഷങ്ങൾ നീണ്ടുനിന്ന ആ യാത്രയിൽ നിരവധി തൊഴിലുകളിൽ അദ്ദേഹം ഏർപ്പെട്ടു. കണക്കെഴുത്തുകാരൻ, ജാലവിദ്യക്കാരൻ, കാവൽക്കാരൻ, പത്ര വിൽപനക്കാരൻ, പാചകക്കാരൻ തുടങ്ങിയ സകലമാന ജോലികളുംചെയ്തു. കുടിക്കാൻ വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ പട്ടിണി കിടന്നു. ഈ ജീവിതയാത്രയിൽനിന്ന് പലതും അദ്ദേഹം അറിയാതെ ആർജിച്ചെടുക്കുകയായിരുന്നു. കണ്ടുമുട്ടിയ പലതരം മനുഷ്യരുടെ ജീവിതം, കേട്ട പലതരം ഭാഷകൾ, പല പ്രദേശങ്ങളിൽ കണ്ട കാഴ്ചകൾ, മരണത്തെപ്പോലും മുഖാമുഖം കണ്ട നിമിഷങ്ങൾ ഇവയെല്ലാം ബഷീർ എന്ന കഥാകാരനെ രൂപപ്പെടുത്തുകയായിരുന്നു.

അങ്ങനെ അദ്ദേഹത്തി​ന്റെ ജീവിതംതന്നെ കഥകളായി പരിവർത്തിക്കപ്പെട്ടു. അതോടൊപ്പം പ്രകൃതിയോട് ചേർന്ന് ജീവിക്കാനും ചുറ്റുമുള്ള ജീവജാലങ്ങളോടിണങ്ങി ജീവിക്കാനുമുള്ള ഒരു പരിസ്​ഥിതി ദർശനവും അദ്ദേഹം നമുക്ക് പറഞ്ഞുതന്നു. ‘‘ജീവിതത്തി​ന്റെ ഓടകളിലും മേടകളിലും സഞ്ചരിച്ച ബഷീർ എന്നും വെറും മനുഷ്യനായേ നിന്നിട്ടുള്ളൂ. തന്നെത്തന്നെ തിരിച്ചറിഞ്ഞിട്ടുള്ളൂ. അധികൃതമായും അനധികൃതമായും ആരൊക്കെയോ ​െവച്ചുകെട്ടിയ അലങ്കാരങ്ങളും അണിയിച്ച മേലങ്കികളും അദ്ദേഹത്തി​ന്റെ തനിമയെ ബാധിച്ചിട്ടില്ല.’’4

എം.ടിയുടെ ഈ നിരീക്ഷണം അദ്ദേഹത്തി​ന്റെ കഥാലോകത്തുകൂടി കടന്നുപോകുന്ന ഏതൊരാൾക്കും വായിച്ചെടുക്കാൻ ഒട്ടും പ്രയാസമില്ല. ആടയാഭരണങ്ങളില്ലാത്ത കഥാപാത്രങ്ങൾ, വശ്യചാരുതകളില്ലാത്ത കഥാപരിസരം, ആലങ്കാരികതകളില്ലാത്ത കഥപറച്ചിൽ. ഇവിടെനിന്ന് മെനഞ്ഞെടുത്ത കഥകളോ വായനക്കാര​ന്റെ ജീവിതത്തിൽ അനർഘനിമിഷങ്ങൾ സൃഷ്​ടിക്കുന്നത്.

ഈയൊരു കഥമെനയൽ രീതി വിശ്വസാഹിത്യത്തിൽതന്നെ തുലോം വിരളം. സ്വന്തം ജീവിതത്തിൽനിന്ന്, ജീവിതാനുഭവങ്ങളിൽനിന്ന് പരുവപ്പെടുത്തിയെടുത്തത് തന്നെയാണിത്. ‘‘ജീവിതത്തിൽനിന്ന് വലിച്ചു ചീന്തിയെടുത്ത ഒരേടെന്ന്’’ എം.പി. പോൾ ‘ബാല്യകാലസഖി’യെക്കുറിച്ച് പറഞ്ഞത് ബഷീർ കഥകളുടെ മുഴുവൻ മുഖമുദ്രയായി കാണുന്നതിൽ തെറ്റില്ല.

‘‘അനേക കാലത്തെ അലഞ്ഞുതിരിഞ്ഞുള്ള ഏകാന്ത ജീവിതത്തിനുശേഷം മൂക്കത്തു ശുണ്ഠിയുമായി ഞാൻ വൈക്കം പട്ടണത്തിനടുത്ത് തലയോലപ്പറമ്പിലുള്ള എ​ന്റെ വീട്ടിൽ താമസിക്കാൻ ചെന്നു. സ്റ്റൈലൻ സ്വീകരണം! എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഞാനിരുന്നു പുകഞ്ഞു. എ​ന്റെ വീട്. ഞാനാരെ പഴിക്കണം?

പത്തുപതിനഞ്ചു കൊല്ലമായിട്ട് എ​ന്റെ വീട്ടിൽ അങ്ങനെ താമസിച്ചിട്ടില്ല. വല്ലപ്പോഴുമൊക്കെ ചില രാത്രികൾ കഴിച്ചു കൂട്ടിയതായ ഓർമയേയുള്ളൂ.’’5 ‘പാത്തുമ്മായുടെ ആട്’ ഇങ്ങനെ ആരംഭിക്കുന്നു. തികച്ചും സാധാരണമായ ഒരു കുടുംബാന്തരീക്ഷത്തിൽ നടക്കുന്ന സംഗതികളെ അതുപോലെ ആവിഷ്കരിക്കുമ്പോൾ വായനക്കാരൻ വായിക്കുകയല്ല തൊട്ടടുത്ത വീട്ടിൽ നടക്കുന്ന സംഭവങ്ങൾ കൺമുന്നിൽ കാണുകയാണ് ചെയ്യുന്നത്.

ബഷീറി​ന്റെ വീട്ടിലേക്കുള്ള മടങ്ങിവരവി​ന്റെ ഉദ്ദേശ്യം നിശ്ശബ്ദതയും ശാന്തതയും പരിപൂർണ വിശ്രമവും ആയിരുന്നു. സുഖമില്ലാതെ പ്രശാന്തത തേടി വന്ന ബഷീർ ശല്യങ്ങളുടെയും ബഹളങ്ങളുടെയും ഒച്ചകളുടെയും നടുവിലായി മാറുന്നു. അവിടത്തെ താമസക്കാരെയും അദ്ദേഹംതന്നെ പരിചയപ്പെടുത്തുന്നു.

‘‘എ​ന്റെ ഉമ്മ, എ​ന്റെ നേരെ ഇളയവനായ അബ്ദുൾ ഖാദർ അവ​ന്റെ കെട്ട്യോളായ കുഞ്ഞാനുമ്മ. അവരുടെ ഓമന സന്താനങ്ങളായ പാത്തുക്കുട്ടി, ആരിഫ, സുബൈദ, അബ്ദുൾ ഖാദറി​ന്റെ ഇളയവനായ മുഹമ്മദ് ഹനീഫ, അവ​ന്റെ കെട്ട്യോളായ ഐശോമ്മ അവരുടെ ഓമന സന്താനങ്ങളായ ഹബീബു മുഹമ്മദ്, ലൈലാ, മുഹമ്മദ് റഷീദ്, ഹനീഫയുടെ ഇളയതായ ആനുമ്മ അവളുടെ കെട്ട്യോനായ സുലൈമാൻ, അവരുടെ ഓമന സന്താനമായ സൈദുമുഹമ്മദ്. പിന്നെ എ​ന്റെ എല്ലാറ്റിനും ഇളയ അനുജൻ അബൂബക്കർ എന്ന അബു’’6 ഇവരെക്കൂടാതെ കുറേ പൂച്ചകൾ, അവയെ പേടിച്ചോടുന്ന കാക്കത്തൊള്ളായിരം എലികൾ, കരഞ്ഞ് ബഹളം കൂട്ടുന്ന കാക്കകൾ, പത്തു നൂറു കോഴികൾ, അവരുടെ എണ്ണമില്ലാത്ത കുഞ്ഞുങ്ങൾ, അവരെ റാഞ്ചാനെത്തുന്ന എറിയനും പരുന്തും.

 

ഈ ബഹളങ്ങൾക്കിടയിലേക്ക് കഥാനായികയായ ആടും. വീടിനകത്തും പുറത്തും ഈ ആട് സർവാധിപത്യം പുലർത്തുന്നു. പെണ്ണാണ്. തവിട്ടു നിറം. നല്ല ചുറുചുറുക്കുണ്ട്. വെളുപ്പിനേ വന്ന് അടുക്കളയിൽ കയറി പ്രാതൽ കഴിക്കും. പുരയ്ക്കകത്ത് ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെ ദേഹത്ത് ചവിട്ടി അവരെ ഉണർത്തും. മകളായ ഖദീജയെ കൂട്ടി എന്നും വീട്ടിലെത്തുന്ന സഹോദരി പാത്തുമ്മായുടേതാണ് ഈ ആട്. സ്വന്തം വീട്ടുപരിസരത്തുനിന്ന് വികസിപ്പിക്കുന്ന കഥ, സ്വന്തം കുടുംബാംഗങ്ങൾ തന്നെ കഥാപാത്രങ്ങൾ, വീടിനു ചുറ്റുമായി ജീവിക്കുന്ന ജീവജാലങ്ങൾ ഇവയെല്ലാം ചേർന്ന് സ്വന്തം ജീവിതം തന്നെയാകുന്നു ‘പാത്തുമ്മായുടെ ആടി’ലെ കഥാപരിസരം.

ചില പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളിൽ സ്വന്തം ജീവിതാന്തരീക്ഷം വിഷയമായിട്ടുണ്ടെങ്കിലും സ്വന്തം കുടുംബത്തിലെ എല്ലാവരും കഥാപാത്രങ്ങളായി വരുന്ന ഇതുപോലൊരു ഉജ്ജ്വലകൃതി വേറെയില്ല എന്ന് അടിവരയിട്ടു പറയാം. കുടുംബാന്തരീക്ഷത്തിലെ ഓരോ ചെറിയ സ്​പന്ദനങ്ങൾപോലും കഥയിലാവിഷ്കരിക്കാനുള്ള മെയ്വഴക്കവും ബഷീറിനല്ലാതെ മറ്റാർക്കാണുള്ളത്. അവിടെ നടക്കുന്ന ഓരോ സംഭവവും നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന വല്ലാത്ത ഒരു സൗന്ദര്യാനുഭൂതി ഓരോ വായനക്കാര​ന്റെയും ഹൃദയവുമായി പങ്കുവെക്കുകയാണ് അദ്ദേഹം.

‘‘ചാരുകസേരയിൽ ഞാൻ മുൻവശത്തെ വരാന്തയിൽ ഇരിക്കുമ്പോൾ മുറിയിൽ ആരോ കടലാസു വലിച്ചുകീറുന്ന ശബ്ദം കേട്ടു. ഞാൻ ചെറുവാതിലിലൂടെ ഉള്ളിലേക്ക് നോക്കി. അത്ഭുത​ം! ആ ആട് എ​ന്റെ കിടക്കയിൽ കയറി നിന്നുകൊണ്ട് പുസ്​തകം തിന്നുകയാണ്.പെട്ടിപ്പുറത്ത് ‘ബാല്യകാല സഖി’, ‘ശബ്ദങ്ങൾ’ എന്നീ രണ്ടു പുസ്​തകങ്ങളുടെ പുതിയ പതിപ്പി​ന്റെ ഓരോ കോപ്പി ഇരിപ്പുണ്ടായിരന്നു. അതിൽ ബാല്യകാല സഖിയാണ് ഇപ്പോൾ അത് സാപ്പിടുന്നത്. മുൻകാലുകൊണ്ട് ചവിട്ടിയിട്ട് രണ്ടും മൂന്നും പേജുകളായി നക്കി നക്കി വായിലാക്കി സ്റ്റൈലായി ചവച്ചു തിന്നുകയാണ്. തിന്നട്ടെ! ശബ്ദങ്ങൾ ഇരിപ്പുണ്ടല്ലോ. ഘോരഘോരമായ വിമർശന പീരങ്കി ഉണ്ടകൾ ഏറ്റ ചെറു പുസ്​തകമാണ്. എങ്കിലും സംഗതി ഭീകരം. ആ പുസ്​തകം തിന്നാൻ ഈ ആട് ധൈര്യപ്പെടുമോ?

യാതൊരു സങ്കോചവുമില്ല ‘ബാല്യകാല സഖി’ അകത്താക്കി. ഉടനെ ‘ശബ്ദങ്ങൾ’ തുടങ്ങി. രണ്ടു മിനിട്ടുകൊണ്ട് മുഴുവനും സാപ്പിട്ടു. എന്നിട്ട് ആട് എ​ന്റെ പുതപ്പുതിന്നാൻ തുടങ്ങി. ഉടനെ ഞാൻ ചാടിയിറങ്ങി. ഓടിച്ചെന്നു.’’

 

‘‘ഹേ അജ സുന്ദരീ! ഭവതി ആ പുതപ്പു തിന്നരുത്. അതിന് നൂറുരൂപ വിലയുണ്ട്. അതി​ന്റെ കോപ്പി എ​ന്റെ പക്കൽ വേറെയില്ല. എ​ന്റെ പുസ്​തകങ്ങൾ ഇനി വേറെയുമുണ്ട്. ഭവതിക്കതെല്ലാം വരുത്തി സൗജന്യമായി തരാം’’7. ഇങ്ങനെ എഴുതാൻ ബഷീറിനല്ലാതെ മറ്റാർക്കാണ് കഴിയുക. വീട്ടിലെ ചെറിയ ചെറിയ പിണക്കങ്ങൾ. ‘‘നിങ്ങളാരും ഒന്നും ചെയ്യണ്ട. എ​ന്റെ ആടു പെറട്ടെ അപ്പോൾ കാണാം’’ എന്ന പാത്തുമ്മായുടെ പരിഭവം. തുടർന്നങ്ങോട്ട് നടക്കുന്ന ഓരോ സംഭവവും വായനക്ക് വസന്തം തന്നെ തീർക്കുകയാണ്. അബിയുടെ ഹാഫ് ട്രൗസറി​ന്റെ മുൻഭാഗം മുഴുവൻ ആട് തിന്നു തീർക്കുന്നത്, പാത്തുമ്മായുടെ ആടി​ന്റെ ഗർഭം, തലമുഴുവൻ കലവുമായി നിൽക്കുന്ന ആട്, പാലു മോഷണം, രണ്ടു ജാതി പാൽ വീട്ടിൽ കിട്ടുന്നത്.

ഇങ്ങനെ എത്രയോ സുന്ദരമായ മുഹൂർത്തങ്ങൾ ഈ കഥയിലുണ്ട്. തീർത്തും ഗ്രാമീണരായ ‘പെണ്ണുങ്ങളുടെ ബുദ്ധി’, നിഷ്കളങ്കമായ ജീവിതം, കൃത്രിമതകൾ ഒട്ടുമില്ലാത്ത ഇടപെടലുകൾ എല്ലാംകൊണ്ടും ഈ കൃതി മലയാള സാഹിത്യത്തിലെ ഒരു മനോഹരമായ ജീവിതാഖ്യായികയാണ്.

ബഷീറിനെക്കുറിച്ചെഴുതുമ്പോൾ ‘ബാല്യകാല സഖി’യെക്കുറിച്ച് പറയാതെ പോകുന്നത് തീർത്തും അപരാധമാകും. ‘അനുരാഗത്തി​ന്റെ നിറങ്ങളെ’ക്കുറിച്ച് നമുക്കിന്നുള്ള ബോധം സൃഷ്​ടിച്ചതുതന്നെ ‘രമണനും’ ‘ബാല്യകാല സഖി’യും അടക്കമുള്ള ഏതാനും കൃതികളാണ്. സ്​നേഹത്തി​ന്റെ പുതിയ അടയാളങ്ങൾ കേരളീയർക്ക് നൽകുകയാണ് ഈ കൃതികൾ ചെയ്തത്. സ്​നേഹത്തിന് എത്ര വർണങ്ങളുണ്ട് എന്ന് ‘ബാല്യകാല സഖി’ പതുക്കെ പറയുന്നു. ഉറക്കെ കേൾപ്പിക്കുകയുംചെയ്യുന്നു.’’8 പ്രഫ. എം.എൻ. വിജയൻ നിരീക്ഷിച്ചതു നോക്കുക. അതുവരെ മലയാള കൃതികൾ കണ്ടിട്ടില്ലാത്ത പ്രണയത്തി​ന്റെ വിലോലഭാവങ്ങൾ നിറഞ്ഞൊടുകയാണ് ബാല്യകാല സഖിയിൽ.

‘ബാല്യകാല സഖി’ ഒരു പ്രണയകഥയാണ്. ഒരിക്കലും പൂർത്തീകരിക്കാൻ കഴിയാത്ത ഒരു തീവ്രസ്​നേഹത്തി​ന്റെ കഥ. ഇതിലെ കഥ ലളിതമാണ്. ലോകസാഹിത്യത്തിലെ മഹത്തായ എല്ലാ േപ്രമകഥകളും വളരെ ലളിതമാണ്. ലാളിത്യവും കാന്തിയുമായിരിക്കും അവയുടെ മുഖമുദ്രകൾ. അവ​ക്കൊരിക്കലും സങ്കീർണമാകാൻ കഴിയില്ല.’’9

ഒട്ടും സങ്കീർണമല്ലാതെ ദരിദ്രമായ കുടുംബ പശ്ചാത്തലത്തിൽ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെ വിശ്വസനീയവും ഹൃദയസ്​പർശിയുമായി രണ്ടു മനസ്സുകളുടെ സ്​നേഹം അഥവാ പ്രണയം സാധാരണക്കാരുടെ ഭാഷയിൽ പറയുകയാണ് ബഷീർ.

‘‘സുഹ്റാ?’’

‘‘എന്താ മജീദേ...’’

‘‘നീ മൂളാത്തതെന്തെ?’’

‘‘ഞാമ്മൂളുണൊണ്ടല്ലോ.’’ ‘‘പിന്നെ ചെറുക്കനെന്തിനാ എ​ന്ന നിന്നു വിളിക്കണത്?’’

അവൾ ദേഷ്യത്തോടെ മുന്നോട്ടടുത്തു. മാന്ത് ഏറ്റ മജീദ് പുളഞ്ഞുപോയി.! അവൻ പേനാക്കത്തിയുമായി തിരിഞ്ഞു. അവൾ നഖങ്ങൾ പത്തും നീട്ടിപ്പിടിച്ച് കണ്ണുകൾ തുറിച്ച് മജീദിനെ ഭീഷണിപ്പെടുത്തി.

‘‘ഞാ ഞീം മാന്തും.’’10

ഇങ്ങനെയൊരു കാഴ്ച അന്നേവരെ സാഹിത്യത്തിന് പരിചിതമാണോ എന്ന് സംശയമാണ്. ഈ ഒരു വേദനയിൽനിന്നും പിണക്കത്തിൽനിന്നും ആരംഭിക്കുന്ന സ്​നേഹം പിന്നീട് ഇരുവരുടെയും ഹൃദയത്തിൽ നറുനിലാവുപോലെ പരന്നൊഴുകുകയാണ്.

‘‘സുഹ്റയാണ് എ​ന്റെ–’’

‘‘രാ...ജ...കു...മാ...രി...’’

അവളുടെ മുഖം തെളിഞ്ഞു.

‘‘പോ ചെറ്ക്കാ!’’

‘‘ഉമ്മാണ!’’

അവൾക്ക് സന്തോഷമായി. മജീദിനും സുഹ്റക്കും കൂടി ആ പൊൻമാളികയിൽ ഒരുമിച്ച് താമസിക്കാം. എത്ര രസമായിരിക്കും. അവൾ കണ്ണീരോടെ, മന്ദഹാസത്തോടെ അങ്ങനെ നിന്നു. മജീദ് അവളുടെ നഖം മുറിക്കാൻ ആഞ്ഞു.

‘‘ബ്ട് ചെറുക്കാ...’’

ചാറ്റൽ മഴയിലൂടെ പൂർണ്ണചന്ദ്രൻ പ്രകാശിക്കുന്നതുപോലെ കണ്ണീരിലൂടെ സുഹ്റ മന്ദഹസിച്ചു.’’11 കൗമാര പ്രണയത്തി​ന്റെ ഉജ്ജ്വലമായ മുഹൂർത്തങ്ങൾ. കണക്കിൽ മിടുക്കിയായ സുഹ്റ. ഗുരുനാഥ​ന്റെ ഒന്നും ഒന്നും എത്രയാണ് എന്ന ചോദ്യത്തിന് ‘ഉമ്മിണി ബല്യ ഒന്ന്’ എന്ന പ്രാപഞ്ചിക സത്യം കണ്ടെത്തുന്ന മജീദ്. സ്​കൂളിൽ പോയി പഠിക്കാൻ ഏറ്റവും ആഗ്രഹമുണ്ടായിരുന്ന പഠനത്തിൽ മിടുക്കിയായ സുഹ്റ. ദാരിദ്യ്രം നിമിത്തം അതിന് സാധിക്കുന്നില്ല. സുഹറായുടെ ബാപ്പ പറയും ‘‘പണോക്കെ ഞമ്മക്ക് അല്ലാഹ് തരും. ഞമ്മക്ക് മൂന്നു പേരിക്കും കൂടെ ഒന്നിച്ച് പോരാം, പട്ടണത്തിലെ പള്ളിക്കൂടത്തീന്ന്. ഞാൻ അടയ്ക്കാ വിറ്റേച്ച് ദെവസോം പള്ളിക്കൂടത്തി​ന്റെ ബാത്ക്ക വന്ന് നിന്നോളാം.’’12

പക്ഷേ, അതിന് തരപ്പെട്ടില്ല. അദ്ദേഹം മഴനനഞ്ഞുവന്നു. രണ്ടു മൂന്നു ദിവസം പനിയായിട്ട് കിടന്നു. മൂന്നാം ദിവസം സന്ധ്യക്ക് മരിച്ചു. സുഹ്റയുടെ വിദ്യാഭ്യാസവും അതോടെ നിലച്ചു. മജീദ് പട്ടണത്തിലെ സ്​കൂളിൽ പോയി പഠിച്ചു. സുഹ്റയുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പോയിക്കൊണ്ടിരുന്നു. സുഹ്റ മജീദിനെ സ്​നേഹിക്കുകയാണ്. മജീദ് സുഹ്റയെയും. ഈ വിവരം രണ്ടു പേർക്കും അറിയാം.

ബാപ്പയുടെ നിർബന്ധത്തിന് വഴങ്ങി മജീദിന് നാടുവിടേണ്ടി വരുന്നു. ബാപ്പക്ക് കച്ചവടത്തിലുണ്ടായ അടിക്കടി നഷ്​ടത്താൽ അയാൾ ഒന്നുമില്ലാത്തവനായി മാറുന്നു. മജീദ് തിരിച്ചുവരുന്നതിന് ഒരുകൊല്ലം മുമ്പ് പട്ടണത്തിൽ എവിടെയോ ഉള്ള ഒരു കശാപ്പുകാരനുമായി സുഹ്റയുടെ വിവാഹം നടന്നിരിക്കുന്നു. മജീദിനുവേണ്ടി കാത്തിരിക്കാൻ അവൾക്കായില്ല. മജീദ് നാട്ടിൽ തിരിച്ചുവരുന്നതും സുഹ്റയെ കാണുന്നതും ഒരു വിങ്ങലോടെയല്ലാതെ വായിക്കാനാവില്ല.

തകർന്നുപോയ കുടുംബത്തി​ന്റെ ഭാരം മുഴുവൻ തലയിലേറ്റി അയാൾ വീണ്ടും നാടുവിടുന്നു. പെങ്ങൻമാരെ വിവാഹം കഴിച്ചയക്കണം. സുഹ്റയെ കെട്ടണം. ഇതായിരുന്നു ആ മനസ്സിൽ. പക്ഷേ, ഒരു അപകടത്തിൽപെട്ട് വലതുകാൽ നഷ്​ടപ്പെട്ട മജീദ്. തിരിച്ച് നാട്ടിലെത്തി സുഹ്റയെ കാണണം. പക്ഷേ കൈയിൽ കാശില്ല. ഹോട്ടലിൽ എച്ചിൽപാത്രം കഴുകി ജീവിതം തള്ളിനീക്കുമ്പോൾ ഒരുദിവസം ഒരു കത്തു വന്നു.

‘‘പ്രിയപ്പെട്ട മകൻ വായിച്ചറിയുവാൻ സ്വന്തം ഉമ്മ എഴുതുന്നത്.

‘മിനിയാന്ന് വെളുപ്പിന് നമ്മുടെ സുഹ്റ മരിച്ചു. അവളുടെ വീട്ടിൽ കിടന്ന്, എ​ന്റെ മടിയിൽ തലവെച്ച്....’ ഇല്ല! പ്രപഞ്ചത്തിന് ഒന്നും സംഭവിച്ചിട്ടില്ല. നഗരം ഇരമ്പുന്നു. സൂര്യൻ പ്രകാശിക്കുന്നുണ്ട്. കാറ്റ് വീശുന്നു. ഉള്ളിൽനിന്ന് രോമകൂപങ്ങൾ വഴി പൊന്തിയ തണുത്ത ആവിയിൽ മജീദ് കുളിച്ചു. ഓർമകളിലേക്ക് ആഴ്ന്നുപോകുന്ന മജീദ്. അന്ന് യാത്രപറയുമ്പോൾ നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയിൽ പിടിച്ചുകൊണ്ട് സുഹ്റ, പറയാൻ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം.

എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റ പറയാൻ തുടങ്ങിയത്’’

എന്ന വാക്യങ്ങളിൽ കഥ അവസാനിക്കുമ്പോൾ കഥയുടെ സുൽത്താൻ രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയത്തി​ന്റെ കരളലിയിപ്പിക്കുന്ന കഥയാണ് പറഞ്ഞുവെക്കുന്നത്. വായനക്കാര​ന്റെ ഹൃദയത്തിൽനിന്ന് ഒരിക്കലും പറിച്ചുമാറ്റാൻ പറ്റാത്ത രണ്ടു കഥാപാത്രങ്ങളായി സുഹ്റയും മജീദും മാറുന്നു. പ്രണയത്തി​ന്റെ നൈർമല്യവും, ഒന്നിക്കണമെന്ന അടങ്ങാത്ത ആഗ്രഹവും, വിധിവൈപരീത്യവും എല്ലാംകൊണ്ടും ഈ കഥ ബഷീറി​ന്റെ ‘‘ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയെടുത്ത ഒരേടായി’’ മാറുന്നു.

1977ലാണ് ‘ഭൂമിയുടെ അവകാശികൾ’ ബഷീർ രചിക്കുന്നത്. പരിസ്​ഥിതിവിഷയങ്ങളിൽ വേണ്ടത്ര ചർച്ചയോ ശ്രദ്ധയോ പെടാത്ത കാലത്ത് പ്രകൃതിയോടുള്ള മനുഷ്യ​ന്റെ കടന്നാക്രമണത്തി​ന്റെ വരുംവരായ്കകൾ നേരത്തേ തിരിച്ചറിഞ്ഞ്, പക്ഷികൾ, ശലഭങ്ങൾ, മൂർഖൻ പാമ്പ്, മൂട്ട, കീരി, അണ്ണാൻ, കാക്ക, എട്ടുകാലി, കരിന്തേൾ, ഓന്ത്, കുറുക്കൻ, ചിതലുകൾ എന്നിങ്ങനെ പ്രകൃതിയിലെ എല്ലാറ്റിനെയും സംരക്ഷിക്കുക എന്ന സർവചരാചര സ്​നേഹം – എന്ന മഹത്തായ കാഴ്ചപ്പാട് സ്വന്തം കുടുംബാന്തരീക്ഷത്തിൽ നടക്കുന്ന ഒരു കഥയിലൂടെ ബഷീർ കാണിച്ചുതന്നു. ‘‘ഒരഞ്ഞൂറു കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സർവ ജന്തുക്കളെയും പക്ഷികളെയും, മൃഗങ്ങളെയും എല്ലാം മനുഷ്യൻ കൊന്നൊടുക്കും.

മരങ്ങളെയും ചെടികളെയും നശിപ്പിക്കും. മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും’’.13 എന്നിങ്ങനെ ഒരു ദീർഘവീക്ഷണം മുന്നോട്ടു​െവക്കാൻ ചുറ്റുപാടിനെ, ഭൂമിയെ, പ്രപഞ്ചത്തെ അടുത്തറിഞ്ഞ ഒരാൾക്കേ സാധിക്കൂ. ഈ മനുഷ്യ​ന്റെ മനസ്സിൽ താൻ ജീവിക്കുന്ന പരിസരം മാത്രമല്ല നടന്നുതീർത്ത നാടുകൾ മാത്രമല്ല, അണ്ഡകടാഹങ്ങൾ തന്നെയുണ്ട് എന്ന് പറയുന്നതിൽ ഒരു യുക്തിരാഹിത്യവുമില്ല. പ്രപഞ്ചത്തിലെ സർവചരാചരങ്ങളും ബഷീറി​ന്റെ കൂടെപിറപ്പുകളാണ്.

‘‘ഒരു താങ്ങുമില്ലാതെ കോടാനുകോടി ദൈവങ്ങളെ നിലനിർത്തിയിരിക്കുന്ന ദൈവം തമ്പുരാൻ ഭൂമിയിൽ ജീവികൾക്കായി എന്തെല്ലാം സൃഷ്​ടിച്ചിരിക്കുന്നു! പുഷ്പങ്ങൾ, കിഴങ്ങുകൾ, ധാന്യങ്ങൾ, പുല്ല്, വെള്ളം, വായു പിന്നെ ചൂടും വെളിച്ചവും, ഭൂമിയിലെ ഉൽപന്നങ്ങളുടെയെല്ലാം അവകാശികളാണ് ജന്തുക്കളും മൃഗങ്ങളും പക്ഷികളും കൃമികീടങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും.’’ ഈ പരമാർഥം എപ്പോഴും ഓർക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറയുന്നു.

ഭൂഗോളത്തിൽ ച്ചിരിപ്പിടിയോളം ഭാഗത്തി​ന്റെ ആജീവനാന്ത അവകാശി ആയിത്തീർന്നതോടെ ഭാവിജീവിതം സുരക്ഷിതമായി എന്നു ദൃഢമായി വിശ്വസിച്ചിരിക്കുമ്പോൾ ഉണ്ടാകുന്ന ചെറുചെറു സംഭവങ്ങളാണ് ഈ കഥക്കാധാരം. ആദർശവാദിയായ നായകനും പ്രായോഗിക ചിന്താഗതിക്കാരിയായ ഭാര്യയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഭൂമിയുടെ അവകാശികളായി വരുന്ന ജീവജാലങ്ങളെ ഭാര്യ അംഗീകരിക്കുന്നില്ല. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രതീക്ഷവെക്കുന്ന തെങ്ങിലെ തേങ്ങ മുഴുവൻ കുത്തിയിടുമ്പോൾ എലി എന്നു കരുതി എലിവിഷംവെക്കാൻ ഭാര്യ തയാറാകുന്നു.

‘‘ഇരുനൂറ് എട്ടുകാലി, അമ്പത് പാറ്റ, മുപ്പത് ചീവീട്, അഞ്ചു തേൾ, നാല് പഴുതാര ഏഴു വണ്ട്, രണ്ടായിരം എറുമ്പുകൾ, ഒരഞ്ഞൂറ് ചിതലുകൾ...’’

‘‘അതിനെയെല്ലാം കശ്മലേ നീയെന്തു ചെയ്തു?’’

‘‘കൊന്നു.’’

-‘ഭൂമിയുടെ അവകാശികൾ’ 14

വീട്ടകം അടിച്ചുവാരി ഭാര്യ കൊണ്ടുവന്നപ്പോൾ കഥാകാര​ന്റെ പ്രതികരണമിങ്ങനെയായിരുന്നു. കൂട്ടുകാരിയുടെ ഭർത്താവി​ന്റെ ഓഫീസിലുണ്ടായിരുന്ന എലിവിഷം കൊണ്ടുവന്ന് പഴം, ചോറ്, കിഴങ്ങ് എന്നിവകളിൽ പുരട്ടി പല സ്​ഥലങ്ങളിലായി ഭാര്യ ​െവച്ചു. നാലഞ്ചു ദിവസംകൊണ്ട് അഞ്ചു കോഴികൾ, പന്ത്രണ്ട് അണ്ണാൻ, പത്തിരുനൂറ് എലികൾ, ഒരു പൂച്ച എന്നിവ കാലയവനികക്കുള്ളിൽ മറഞ്ഞു.

അപ്പോഴും കരിക്കുകൾ വീഴുന്നുണ്ടായിരുന്നു. തെങ്ങുകയറ്റക്കാർ പറഞ്ഞു, കൂമൻ കുത്തുന്നതാണ്. ഒടുവിൽ പത്തു തൊള്ളായിരം കരിക്കുകളെ കുത്തിയിടുന്ന യഥാർഥ ജീവിയെ കണ്ടെത്തി. വാവൽ. കെട്ടുകെട്ടാക്കി തുടലിമുള്ളുകൾ കൊണ്ടുവന്നു കരിക്കു കുലകൾ പൊതിഞ്ഞു. പടക്കം പൊട്ടിച്ചു. പാട്ടകൊട്ടി. വിളക്കുകൾ ​െവച്ചു. എന്നിട്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല. ഒടുവിൽ ഭാര്യ ത​ന്റെ അമ്മാവ​ന്റെ മകനെ വിളിച്ചുവരുത്തി. അവ​ന്റെ കൈയിൽ തോക്കുണ്ട്. വെടി​െവച്ച് കൊല്ലാൻ തീരുമാനിച്ചു. അടുത്തുള്ള പുരാതനമായ ഒരു ക്ഷേത്രത്തിലെ രണ്ടാലുകളിലാണ് വവ്വാലുകൾ പാർക്കുന്നത്.

‘‘വവ്വാലുകളെ രക്ഷപ്പെട്ടുകൊള്ളുക’’ എന്ന് കഥാനായകൻ ഇടക്കിടെ പറയുന്നുണ്ട്. ഒടുക്കം അതുതന്നെ സംഭവിക്കുന്നു. വെടി​െവക്കാൻ പോയ അവരെ ഞൊടിയിടകൊണ്ട് പത്തു നൂറുപേർ വളയുകയും വവ്വാലുകളെ കൊന്നാൽ കൊന്നവരെ കൊന്നു കൊലവിളിക്കും എന്നു ഭീഷണിപ്പെടുത്തുകയുമുണ്ടായി. വവ്വാലുകൾ മനുഷ്യരുടെ പൂർവികൻമാരുടെ ആത്മാക്കള​േത്ര.

‘‘കരിക്കു നശിക്കട്ടെ സാരമില്ല. ബാക്കി കിട്ടുന്നത് മതി. ദൈവസൃഷ്​ടിയിലെ തെങ്ങുകളിലെ കരിക്കുകളിൽ വവ്വാലുകൾക്ക് അവകാശമുണ്ട്. ദൈവം തമ്പുരാൻ സൃഷ്​ടിയുടെ ദിവ്യ മുഹൂർത്തത്തിൽ കൽപിച്ചുകൊടുത്ത പുരാതന പുരാതനമായ അവകാശം. ഓർക്കുക; ജീവികളായ സർവജീവികളും ഭൂമിയുടെ അവകാശികൾ. മംഗളം’’15 സർവ ജീവജാലങ്ങളെയും ഒരേപോലെ കാണാനും അവയെ സ്​നേഹിക്കാനും ഭൂമിയുടെ അവകാശികളായി പരിഗണിക്കാനും ബഷീർ ഈ കഥയിലൂടെ നമ്മോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

 

മൂന്നു കൃതികളെ മാത്രമേ ഇവിടെ പരാമർശിക്കാനായിട്ടുള്ളൂ. ‘േപ്രമലേഖനം’, ‘മതിലുകൾ’, ‘മാന്ത്രികപ്പൂച്ച’, ‘ശബ്ദങ്ങൾ’, ‘ന്റുപ്പുപ്പാക്കൊരാ​േനണ്ടാർന്ന്’, ‘ആനവാരിയും പൊൻകുരിശും’, ‘ജന്മദിനം’, ‘അനുരാഗത്തി​ന്റെ ദിനങ്ങൾ’, ‘ഭാർഗവീനിലയം’ തുടങ്ങി ബഷീറി​ന്റെ ഓരോ കൃതിയും മലയാളത്തിൽ ഒരു പുത്തൻ രചനാസമവാക്യം സൃഷ്​ടിക്കപ്പെട്ടവയാണ്. പരാമർശിതമായ മൂന്നു രചനകളിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള കൗമാരപ്രണയം മുതൽ കഥ അവസാനിക്കുംവരെ കാണപ്പെടുന്ന സ്​നേഹത്തി​ന്റെ ഒരു ലോകം മറ്റൊരു കൃതിയിലും കാണാത്തത്ര ദൃഢമാണ്. ‘ബാല്യകാല സഖി’യുടെ ഓരോ വായനയിലും ഇതിലെ ഒട്ടേറെ മുഹൂർത്തങ്ങൾ അനുവാചക ഹൃദയത്തിൽ നൊമ്പരമുണർത്തുന്നവയാണ്. പ്രണയത്തെ സർവസാധാരണമായി പറയാൻ മലയാളകഥയിൽ ബഷീറിനേ സാധിക്കൂ... സാധിച്ചിട്ടുള്ളൂ.

കുടുംബം എന്ന ഇടുങ്ങിയ ഘടന സാഹിത്യത്തിന് അനിവാര്യമല്ല എന്ന ചിന്ത പ്രബലമായ ഒരുകാലത്ത് കുടുംബം എന്ന ഘടന നിലനിർത്തേണ്ടതെങ്ങനെയെന്ന് കാട്ടിത്തരുന്ന കഥാകാരനാണ് ബഷീർ. ‘പാത്തുമ്മായുടെ ആടി’ൽ ആ കുടുംബഭദ്രത രസകരമായി അവതരിപ്പിക്കാനായിട്ടുണ്ട്. കുടുംബസ്​നേഹത്തി​ന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ, പറയുന്നതാണെന്ന് തോന്നാത്തവിധം നർമത്തിൽ ചാലിച്ച് കഥാകാരൻ അവതരിപ്പിക്കുന്നു.

ഭൂമിയും അതിലെ ജീവജാലങ്ങളും മനുഷ്യനുമാത്രം സ്വന്തമെന്നും അത് വെട്ടിപ്പിടിക്കാനും നശിപ്പിക്കാനുമുള്ള അവകാശം മനുഷ്യനുണ്ടെന്നുമുള്ള അധിനിവേശ ചിന്ത പ്രബലമായ ഒരുകാലത്ത് വ്യക്തി, കുടുംബ സ്​നേഹത്തിനപ്പുറത്തേക്ക് വളർന്ന സർവചരാചര സ്​നേഹത്തിലധിഷ്ഠിതമായ ദീർഘവീക്ഷണമുള്ള ഒരു പ്രപഞ്ചസങ്കൽപം ശക്തമായി അടയാളപ്പെടുത്താൻ സാധിച്ച കഥാകാരനാണ് ബഷീർ. അതേ, ‘ബഷീർ എന്ന ബല്യ ഒന്ന്’ എന്ന കവിതയിൽ വിഷ്ണു നാരായണൻ നമ്പൂതിരി പറഞ്ഞപോലെ ‘‘കുഴിയാനയി,ലാടിൽ, അണ്ഡകോടിയിൽ സ്​നേഹപ്പൊരുൾ തേടിയ’’16 മഹാനായ കഥാകാരൻ.

=========

കുറിപ്പുകൾ:

1. ജന്മദിനം, വൈക്കം മുഹമ്മദ് ബഷീർ

2. ബഷീർ എന്ന ഒറ്റമരം, പ്രഫ. എം.എൻ. വിജയൻ, ബഷീർ സമ്പൂർണ കൃതികൾ, പുറം 18

3. ബഷീർ വ്യക്തിയും നോവലിസ്റ്റും, ടി. പത്മനാഭൻ, ബഷീർ സമ്പൂർണ കൃതികൾ, പുറം 22

4. എ​ന്റെ പ്രിയപ്പെട്ട കാഥികൻ, എം.ടി. വാസുദേവൻ നായർ, ബഷീർ സമ്പൂർണ കൃതികൾ പുറം 47

5. പാത്തുമ്മായുടെ ആട്, വൈക്കം മുഹമ്മദ് ബഷീർ

6. പാത്തുമ്മായുടെ ആട്, വൈക്കം മുഹമ്മദ് ബഷീർ

7. പാത്തമ്മായുടെ ആട്, വൈക്കം മുഹമ്മദ് ബഷീർ

8. ബഷീർ എന്ന ഒറ്റ മരം, പ്രഫ. എം.എൻ. വിജയൻ, ബഷീർ സമ്പൂർണ കൃതികൾ, പുറം.15

9. ബഷീർ വ്യക്തിയും നോവലിസ്റ്റും, ടി. പത്മനാഭൻ, ബഷീർ സമ്പൂർണ കൃതികൾ പുറം 29

10. ബാല്യകാലസഖി, വൈക്കം മുഹമ്മദ് ബഷീർ

11. ബാല്യകാലസഖി, വൈക്കം മുഹമ്മദ് ബഷീർ

12 ബാല്യകാലസഖി, വൈക്കം മുഹമ്മദ് ബഷീർ

13. ഭൂമിയുടെ അവകാശികൾ, വൈക്കം മുഹമ്മദ് ബഷീർ

14. ഭൂമിയുടെ അവകാശികൾ, വൈക്കം മുഹമ്മദ് ബഷീർ

15. ഭൂമിയുടെ അവകാശികൾ, വൈക്കം മുഹമ്മദ് ബഷീർ

16. ബഷീർ എന്ന ബല്യ ഒന്ന്, കവിത, വിഷ്ണു നാരായണൻ നമ്പൂതിരി

Tags:    
News Summary - weekly litreture book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.