നാം എല്ലാറ്റിന്റെയും തുടക്കത്തിലാണ്

1917ലെ റഷ്യൻ (ഒക്ടോബർ) വിപ്ലവത്തിന്റെ ആദ്യ സംവത്സരത്തെക്കുറിച്ച് വിക്ടർ സെർജി (Victor Serge) എഴുതിയ ‘Year One of the Russian Revolution’ എന്ന പുസ്തകം വായിക്കുന്നു.പ്രത്യേകിച്ചൊരു ദേശീയത്വവും അവകാശപ്പെടാനില്ലാത്ത വിക്ടർ സെർജി 1890ൽ, ബെൽജിയത്തിലെ ​ബ്രസൽസിൽ പ്രവാസികളായി കഴിഞ്ഞിരുന്ന റഷ്യൻ സാർ വിരുദ്ധ പോരാളികളുടെ പുത്രനായി ജനിച്ചു. വിക്ടർ സെർജി എന്ന തൂലികാനാമം സ്വീകരിച്ചാണ് അദ്ദേഹം സാഹിത്യപ്രവർത്തനം തുടങ്ങിയത്. റഷ്യൻ വിപ്ലവകാരി, നോവലിസ്റ്റ്, കവി, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ലോക സാംസ്​കാരിക ചരി​ത്രത്തിൽ നിറഞ്ഞുനിന്നു. 1947ൽ പ്രവാസിയായി മെക്സികോയിൽ മരിക്കുമ്പോൾതന്നെ ഉൾ​ക്കൊള്ളാൻ വിസമ്മതിച്ച നിരവധി...

1917ലെ റഷ്യൻ (ഒക്ടോബർ) വിപ്ലവത്തിന്റെ ആദ്യ സംവത്സരത്തെക്കുറിച്ച് വിക്ടർ സെർജി (Victor Serge) എഴുതിയ ‘Year One of the Russian Revolution’ എന്ന പുസ്തകം വായിക്കുന്നു.

പ്രത്യേകിച്ചൊരു ദേശീയത്വവും അവകാശപ്പെടാനില്ലാത്ത വിക്ടർ സെർജി 1890ൽ, ബെൽജിയത്തിലെ ​ബ്രസൽസിൽ പ്രവാസികളായി കഴിഞ്ഞിരുന്ന റഷ്യൻ സാർ വിരുദ്ധ പോരാളികളുടെ പുത്രനായി ജനിച്ചു. വിക്ടർ സെർജി എന്ന തൂലികാനാമം സ്വീകരിച്ചാണ് അദ്ദേഹം സാഹിത്യപ്രവർത്തനം തുടങ്ങിയത്. റഷ്യൻ വിപ്ലവകാരി, നോവലിസ്റ്റ്, കവി, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ലോക സാംസ്​കാരിക ചരി​ത്രത്തിൽ നിറഞ്ഞുനിന്നു. 1947ൽ പ്രവാസിയായി മെക്സികോയിൽ മരിക്കുമ്പോൾതന്നെ ഉൾ​ക്കൊള്ളാൻ വിസമ്മതിച്ച നിരവധി രാഷ്ട്രങ്ങൾക്ക്​ ശക്തമായ രചനകൾകൊണ്ടാണദ്ദേഹം മറുപടി നൽകിയത്. സെർജിയുടെ പിതാവ് ഇംപീരിയൽ റഷ്യൻ ഗാർഡിൽ ഓഫിസറായിരുന്നു.

1881ൽ അലക്സാണ്ടർ രണ്ടാമ​ന്റെ വധത്തിനുശേഷം സെർജിയുടെ പിതാവിന് റഷ്യയിൽനിന്ന് പലായനം ചെയ്യേണ്ടതായിവന്നു. പിന്നീട് ബ്രസൽസിൽ അധ്യാപകനായി ജോലിചെയ്യുമ്പോഴാണ് സെർജിയുടെ ജനനം. ചെറുപ്പകാലത്തുതന്നെ പിതാവ് അലക്സാണ്ടർ ഹെർസൻ നിക്കോളെയ് ചെർനിഷിവിസ്കി, വിസ്സാരിയോൺ ബെലിൻസ്കി തുടങ്ങിയവരുടെ രചനകളെ സെർജിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. വിക്ടർ സെർജിയുടെ സാഹിത്യരചനകൾ മലയാളി വായനക്കാർക്ക് നന്നായി പരിചിതമാണ്. 1928ലെ ‘തടവറയിലെ മനുഷ്യൻ’ (Men in Prison), ‘നമ്മുടെ ശക്തിയുടെ ജനനം’ (Birth of or power), ‘ആക്രമിച്ച് കീഴടക്കിയ നഗരം’ (Conquered City) എന്നീ മൂന്ന് നോവലുകളാണ് ആദ്യമദ്ദേഹം പൂർത്തിയാക്കിയത്. 1919ൽ റഷ്യയിലേക്ക് വന്ന അദ്ദേഹമൊരു ശരിക്കും സമർപ്പിത ബോൾഷെവിക്കായി ജീവിക്കുകയായിരുന്നു. റഷ്യൻ വിപ്ലവത്തിന്റെ ചരിത്രം അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിക്കുകയും ചെയ്തിരുന്നു.

സെർജിയുടെ പുസ്തകം ‘റഷ്യൻ വിപ്ലവത്തിന്റെ ആദ്യ സംവത്സരം’ (Year One of the Russian Revolution) റഷ്യൻ ഒക്ടോബർ വിപ്ലവത്തിന്റെ കാര്യകാരണങ്ങളിലേക്ക് പൂർണമായി കടന്നുചെല്ലുന്നുണ്ട്. സെർജിയുടെ സാഹിത്യരചനകൾ വായിച്ചിട്ടുള്ള ഒരാസ്വാദകനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഈ പുതിയ മേഖലയിലേക്കുള്ള കടന്നുകയറ്റം അത്ഭുതം സൃഷ്ടിക്കുന്ന ഒന്നാണ്. ചരിത്രവും രാഷ്ട്രീയവും വിഭാഗത്തിൽ വന്ന പുസ്തകങ്ങളിൽ ‘ട്രോട്സ്കിയുടെ ജീവിതവും മരണവും’ (Life and Death of Leon Trotsky), ‘ഇരുപത് വർഷങ്ങൾക്കുശേഷം റഷ്യ’ (Russia Twenty Years After), ‘ലിയോൺ ട്രോട്സ്കിയുമായുള്ള കത്തിടപാടുകൾ’, ‘ജർമൻ വിപ്ലവത്തി​ന്റെയും ചൈനീസ് വിപ്ലവത്തിന്റെയും സാക്ഷ്യപ്പെടുത്തലുകൾ’, ‘സാഹിത്യവും വിപ്ലവവും ^ സമാഹരിക്കപ്പെട്ട രചനകൾ’, ‘ലെനിൻ മുതൽ സ്റ്റാലിൻ വരെ’ എന്നിങ്ങനെയുള്ള വിശിഷ്ട ഗ്രന്ഥങ്ങളുടെ പട്ടിക ഈ പുസ്തകത്തിന്റെ അവസാനം ചേർത്തിട്ടുണ്ട്. ഒരുകാര്യം വളരെ സുവ്യക്തമാണ്​. സെർജി കഠിനാധ്വാനംകൊണ്ട് താൻ നേരിട്ടനുഭവിച്ച പലതിനെക്കുറിച്ചും പഠിച്ചിരിക്കുന്നു. അതിനുശേഷം മാത്രമേ ഇത്രയും ഗ്രന്ഥങ്ങൾ രചിക്കാൻ കഴിയൂ. ഇതുകൂടാതെ ഫ്രഞ്ചു ഭാഷയിലും അദ്ദേഹം രചനകൾ നടത്തിയിട്ടുണ്ട്.

Victor Serge

‘റഷ്യൻ വിപ്ലവത്തിന്റെ ആദ്യ സംവത്സരം’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ബ്രിട്ടനിലെ ഇടതുപക്ഷ സൈദ്ധാന്തികനായ പീറ്റർ സെഡ്ജ് വിക് (Peter Sedgwick) ആണ്. സെർജിയുടെ രചനകൾ ആദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഇദ്ദേഹമാണ്. ഹെയ് മാർക്കറ്റ് ബുക്സാണ് പ്രസാധകർ (Hay Market Books). ഈ പുസ്തകം ലക്ഷ്യമിട്ടിരിക്കുന്നത് ഒക്ടോബർ വിപ്ലവത്തിൽ കാരണങ്ങളുടെ ഇഴചേർക്കലും അതുമൂലം സംഭവിച്ച അപകടങ്ങളുടെ തീവ്രതയുമാണ്. എത്രയെത്ര ദുരന്തങ്ങളെ അതിജീവിച്ചാണ്​ ലെനിനും ട്രോട്സ്കിയും നയിച്ച ഈ വലിയ സംഭവം വിജയത്തിന്റെ പാതയിലേക്ക് കടന്നത്. 1905ൽ നടന്ന ദുരന്തങ്ങളുടെ കാരണങ്ങൾ അവർക്ക് പാഠമായി.

സെർജിയുടെ ഭാഷയിൽ പറഞ്ഞാൽ സാമൂഹികമായ രൂപാന്തരത്വത്തിന്റെ തീവ്ര കരുനീക്കങ്ങൾ 1917ൽതന്നെ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇത് സംഭവിച്ചത് യുദ്ധം കെടുതികൾ വരുത്തിയ റഷ്യയെപ്പോലുള്ള ഒരു പിന്നാക്ക ഭൂമികയിൽതന്നെയായിരുന്നു. അത്​ സാധാരണക്കാർക്കിടയിൽ നൂതനമായ ആശയങ്ങളും പ്രത്യാശകളുമാണ് ഉണർത്തിവിട്ടത്. ചരിത്രപരമായ മുന്നേറ്റങ്ങളും ഇതോടൊപ്പം സംഭവിച്ചു. ഒരുവിധ ബുദ്ധികൗശലവുമില്ലാത്ത ഒരു ക്രമം സൃഷ്​ടിക്കപ്പെട്ടത്​ ശരിക്കും വിപ്ലവത്തിന്റെ ആത്യന്തികമായ വിജയമായിരുന്നു. അധികാരം ക്രൂരരായ ഭരണാധികാരികളുടെ കൈകളിൽനിന്നും വിപ്ലവത്തിന്റെ സന്തതികളുടെ ചുമതലയിലേക്ക് വന്നതും ലക്ഷ്യത്തിന്റെ ദീപ്തമായ ഒരു മുഖംതന്നെയായിരുന്നു.

നഷ്ടത്തിന്റെ മാത്രം കണക്കു പറയുന്ന പിന്നിട്ട നൂറ്റാണ്ടുകൾ റഷ്യൻ ജനതയുടെ പേടിസ്വപ്നമായി അവരെ പിന്തുടരുന്നത് വിപ്ലവകാരികൾക്കൊരു ഭീഷണിതന്നെയായിരുന്നു. റഷ്യൻ വിപ്ലവത്തിന്റെ യാഥാർഥ്യത്തിലുള്ള ബാലൻഷീറ്റ് ശരിക്കും വിലയിരുത്താനാവുന്നത് ഇതിന് നായകത്വം കൊടുത്തവരുടെ ലക്ഷ്യങ്ങൾ എത്രമാത്രം വിജയം കണ്ടെത്തി എന്നതിലാണ്.

ഈ പുസ്തകം സമർപ്പിക്കുന്നത് രണ്ട് തൊഴിലാളിവർഗ (Proletarian) വിപ്ലവകാരികൾക്കാ​െണന്ന് സെർജി ​െവളിപ്പെടുത്തുന്നു. അവരിലൊരാൾ ഇപ്പോൾ ജീവിച്ചിരിക്കുന്നു. അതെ, അത് പ്രിയപ്പെട്ട വാസിലിനിക്കിഫോരോവിച്ചാണ്. ലെനിൻഗ്രാഡ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മിലിറ്റന്റായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളെ അദ്ദേഹം നെഞ്ചിലേറ്റി. 1917-28 വരെയുള്ള ഒരു കാലഘട്ടം ശരിക്കും അദ്ദേഹത്തിന്റെ താത്ത്വികമായ ബുദ്ധിവൈഭവത്തിന്റെ കാലമായിരുന്നു. ഒരു വേറിട്ട അഗ്നിജ്വാല അദ്ദേഹത്തിനുള്ളിൽ കത്തിജ്ജ്വലിച്ചുകൊണ്ടിരുന്നു.

കടുത്ത വേദനകൾക്കുള്ളിലും ഇത് അണഞ്ഞുപോകാതെ അദ്ദേഹം കാത്തുസൂക്ഷിച്ചു. വിപ്ലവത്തിന്റെ ആത്യന്തികമായ വിജയം മാത്രമേ അദ്ദേഹത്തിന്റെ ചിന്തകളിലുണ്ടായിരുന്നുള്ളൂ. 1928 ആഗസ്റ്റ് 26ന്​ അദ്ദേഹം ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമായിത്തീരുകയുംചെയ്തു. അദ്ദേഹത്തോടൊപ്പം ജീവിച്ചിരുന്ന വിപ്ലവകാരിയായ അർമാവിർ (ക്യൂബൻ) എന്ന രൂപവും ഒത്തുചേർന്നിരുന്നു.

1930 ജനുവരിയിൽ ലെനിൻഗ്രാഡിൽവെച്ച് ഈ പുസ്തകത്തിന്റെ അവസാന താളുകളും എഴുതി പൂർത്തീകരിക്കുമ്പോൾ ഗ്രന്ഥകർത്താവ്​ പിന്നിട്ടത്​ എട്ട് സംവത്സരങ്ങൾ. അതൊരു നീണ്ട കാലയളവായിരുന്നു. വിപ്ലവത്തിൽ പ​ങ്കെടുക്കാത്തവരുമായി നേരിട്ട് നടത്തിയ സംവാദങ്ങളും വിപ്ലവചരിത്രത്തിന്റെ സങ്കീർണതകൾ നിറഞ്ഞ തലങ്ങളിലൂടെയുള്ള യാത്രകളും ശരിക്കും സഹായകമായി പ്രവർത്തിച്ചു.

സെർജിയുടേതുപോലുള്ള ഗ്രന്ഥങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ട റഷ്യൻ വിപ്ലവ ചരിത്രത്തിന്റെ യഥാർഥ മുഖം പിൽക്കാലത്തെ കമ്യൂണിസ്റ്റ് അധികാരിവർഗത്തിന് വേദനയായി രൂപാന്തരപ്പെട്ടു. അങ്ങനെ 1937ന് മുമ്പ് വന്നതെല്ലാംതന്നെ പ്രചാരണത്തിൽനിന്ന് ഒഴിവാക്കപ്പെടുകയും ലൈബ്രറികളിൽനിന്ന് എടുത്തുമാറ്റുകയും ചെയ്തു. എങ്കിൽ അവയുടെ നാശം സംഭവിച്ചു എന്നുവേണം അനുമാനിക്കാൻ. അവ വായിക്കപ്പെടുകയോ സ്വന്തമായി കൈവശംവെക്കുകയോ ശിക്ഷിക്കാനാവുന്ന കുറ്റമായി സൂചിപ്പിക്കുകയുംചെയ്തു.

1936ൽ സെർജി റഷ്യ വിടുമ്പോൾ (ഏപ്രിലിൽ) മറ്റു ചില പുസ്തകങ്ങൾക്കുള്ള രേഖകളും ഏതാണ്ട് പൂർണമായും തയാറായിരുന്നു. നിയമവിരുദ്ധമായി നീണ്ടകാലത്തെ പരിശ്രമത്തിന്റെ ഫലങ്ങളെ രഹസ്യ പൊലീസ് കൈക്കലാക്കിയതിന്റെ കഥകളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. 1917-18 കാലത്തെ സംഭവവികാസങ്ങൾക്കിടയിൽ തീരെ അറിയ​പ്പെടാതെ പോയ ജോർജിയൻ ബോൾഷെവിക്കിന്റെ (സ്റ്റാലിന്റെ) ചരി​ത്രം ശരിക്കും മറയപ്പെട്ടുകിടന്നിരുന്ന ഒന്നാണെന്ന് തിരിച്ചറിയാൻ സെർജിയുടെ പുസ്തകം ശരിക്കും സഹായകരമാകും. പതിയെ പതിയെ പബ്ലിക് ഓഫ് സോവിയറ്റ്സ് എന്ന ആശയത്തിന് രൂപസംവിധാനങ്ങൾ വന്നു. എല്ലാം നിയന്ത്രിച്ചത് രാഷ്ട്രീയപരമായ ഒരു ബ്യൂറോതന്നെയായിരുന്നു.

1917-18 കാലത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് നേരിടേണ്ടിവന്നത് ഏകാധിപത്യ പ്രവണതയുടെ മറ്റൊരു രൂപമായിരുന്നു. 1936-37 കാലമായപ്പോൾ ബ്യൂറോക്രസിയുടെ ഏകാധിപതി പാർട്ടിയുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായ കരുനീക്കം നടത്തി വിജയിച്ചു. അങ്ങനെ നോക്കുമ്പോൾ റഷ്യൻ വിപ്ലവത്തിന്റെ ഒരു യഥാർഥ ബാലൻസ്ഷീറ്റ് മറ്റൊന്നായി. വിപ്ലവത്തിന്റേതായ അവസാനത്തെ വാക്ക് ഒരു ​പേക്കിനാവുപോലെ റഷ്യൻ ഭൂമികയിൽനിന്നും അവിടത്തെ മനുഷ്യരുടെ മനസ്സുകളിൽനിന്നും വിട്ടുപോകാതെ നിന്നു.

ജോസഫ് സ്റ്റാലിൻ

1917ൽ മറ്റു പല​രെയുംപോലെയും സെർജി റഷ്യയിലേക്ക് ആകർഷിക്കപ്പെട്ടുവന്നത് റഷ്യൻ വിപ്ലവത്തിന്റെ മാസ്മരികമായ ശക്തിയൊന്നുകൊണ്ട് മാത്രമായിരുന്നു. പിൽക്കാലത്ത് സ്റ്റാലിനിസത്തിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ പോരാടാനായതും റഷ്യൻ വിപ്ലവത്തിന്റെ ആധികാരികമായ സത്തയെ ഉൾക്കൊണ്ടതുകൊണ്ടാണ്. റഷ്യൻ വിപ്ലവത്തിന്റെ ആദ്യ സംവത്സരത്തെക്കുറിച്ചുള്ള വിക്ടർ സെർജിയുടെ ഈ പുസ്തകം അദ്ദേഹത്തിന്റെ മികച്ച രചനകളിലൊന്നായി കരുതുന്നവ​രേറെയുണ്ട്. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനകാലം പിന്നീട് മരിക്കുന്നതിനുമുമ്പ് യൂറോപ്പിലേക്ക് ഒരിക്കൽകൂടി മടങ്ങണമെന്ന്​ സെർജി ആഗ്രഹിച്ചു. അതിനോട് അദ്ദേഹം ഇങ്ങനെയെഴുതി: ‘‘ഒന്നും അവസാനിപ്പിച്ചിട്ടില്ല. നാമിപ്പോൾ വിപ്ലവത്തിന്റെയും തുടക്കത്തിലാണ്. ഇവിടെ വിജയവും പരാജയവും സംഭവിച്ചത് വിലയിരുത്തിയാൽ അതിന്റെ മുന്നിൽ ഒരു യഥാർഥ കമ്യൂണിസ്റ്റ് തലകുനിച്ച് പോകും.’’ നാളെ യഥാർഥ സോഷ്യലിസ്റ്റിന് മാത്രമേ സോഷ്യലിസത്തിലൂടെ എന്തെങ്കിലും ചെയ്യുവാൻ കഴിയൂ.’’

ഈ ആസ്വാദനം ലക്ഷ്യമിടുന്നത് സെർജിയുടെ ഈ മികച്ച രചന വായിക്കുന്നതിലേക്കുള്ള സൂചന നൽകുക മാത്രമാണ്. പീറ്റർ സെഡ്ജ്‍വിക്കിന്റെ ഏറ്റവും മികച്ച പരിഭാഷയും വായനയെ ഒന്നുകൂടി ലളിതമാക്കുന്നു. ഇത് മഹത്തായ റഷ്യൻ വിപ്ലവത്തിന്റെ ആദ്യ സംവത്സരകാലത്തെ ചരിത്രത്തിന്റെ പുതിയ ദർശനമാണ്. 

Tags:    
News Summary - year One of the Russian Revolution by Victor Serge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.