പ്രശാന്തസുന്ദരമായ ഒരു നാട്ടിലാണ് സര്‍ നമ്മുടെ കഥ നടക്കുന്നത്. പഠിപ്പും പത്രാസും ഉള്ളവരും ഇല്ലാത്തവരും തൊഴിലാളികളും ഒന്നുരണ്ടു വേശ്യകളും അമ്പലവും പള്ളിയുമെല്ലാമുള്ള നാടാണ് സര്‍ ഇത്. ഒള്ളതു പറയാമല്ലൊ, ആരെയും ...മ്പിക്കാത്ത പുണ്യാളന്മാര്‍ മാത്രമല്ല അവിടെയുള്ളത്. അതു പ്രത്യേകിച്ച് ബിരുദമൊന്നും വേണ്ട കാര്യമല്ലല്ലൊ. ക്ഷമിക്കണം സര്‍. ജീവിതാനുഭവങ്ങള്‍ എന്‍റെ ഭാഷയെ കുറച്ചു മലിനമാക്കിയിട്ടുണ്ട്. പറയുമ്പോള്‍ ഉള്ളിലുള്ള ഫീല്‍ മുഴുവന്‍ പ്രകടമാവണമെങ്കില്‍ അങ്ങനെ തന്നെ പറഞ്ഞേ പറ്റൂ. അതിത്തിരി ആഭാസമായേക്കാം. അതിത്തിരി അശ്ലീലമായേക്കാം. അല്ലെങ്കില്‍ തന്നെ എനിക്കറിയില്ല, എന്താണ് ശ്ലീലാശ്ലീലങ്ങള്‍? എന്താണ് ആഭാസം?
സെന്‍സര്‍ ചെയ്തുപോകുന്നത് എന്താണോ, അതാണ് അശ്ലീലം.
സെന്‍സര്‍ ചെയ്തുപോകുന്നത് എന്താണോ, അതാണ് വയലന്‍സ്.
സെന്‍സര്‍ ചെയ്തുപോകുന്നത് എന്താണോ, അതാണ് രാജ്യദ്രോഹം.
ആവാം. പക്ഷേ ജീവിതത്തിനു സെന്‍സറിങ് ഇല്ലല്ലൊ, സര്‍.
താങ്കള്‍ ഇതുവരെ കഥയിലേക്കു വന്നില്ല...
പറയാം, സര്‍. നമ്മള്‍ ഇങ്ങനെ കുറച്ചുനേരം സംസാരിച്ചിരുന്നാല്‍ അന്തരീക്ഷം ഒന്നയയും. എന്‍റെ ഹൃദയമിടിപ്പും ഞരമ്പുകളിലെ രക്തപ്രവാഹവും സാധാരണഗതിയിലാവും. എന്‍റെ ആശങ്കയും അപകര്‍ഷതയും ഒട്ടൊന്നു മാറിനില്‍ക്കും. എനിക്കു വ്യക്തതയോടെ കഥ പറയാന്‍ സാധിച്ചേക്കും.
അതെല്ലാം ആവശ്യമായ അളവില്‍ കിട്ടിയെങ്കില്‍ കഥയിലേക്കു പ്രവേശിച്ചുകൊള്ളൂ.
സര്‍ എന്നെ പരിഹസിക്കുകയല്ലെന്നു കരുതുന്നു. താങ്കളുടെ സിനിമകളുടെ ദാര്‍ശനികമായ മുഴക്കം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളെ പല ദിശകളില്‍ സമീപിക്കുന്നതും വ്യാഖ്യാനിക്കുന്നതും കണ്ടിട്ടുണ്ട്. ഇവിടെയും അതിനുള്ള ഒരുപാടു സന്ദര്‍ഭങ്ങളുണ്ട് സര്‍.
ഓക്കെ... ഓക്കെ...
ഹാവൂ! സര്‍ ചിരിച്ചല്ലൊ. മനസ്സില്‍ വല്ലാത്തൊരു വെളിച്ചം പരന്നപോലെ. സിനിമ വീക്കിലികളില്‍ സാറിന്‍റെ ഫോട്ടോ കാണുമ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും ചിരിക്കാത്ത ഒരാളായി താങ്കളെ ഞാന്‍ സങ്കൽപിച്ചിട്ടുണ്ട്. ഭാര്യയില്‍നിന്നു കാമുകിമാരിലേക്കു നടന്നുതീര്‍ത്ത രാത്രിദൂരങ്ങളെപ്പറ്റി താങ്കള്‍ ആത്മകഥാസ്വഭാവമുള്ള ഒരു പുസ്തകമെഴുതിയിരുന്നല്ലോ. പുസ്തകത്തിലെ ഫോട്ടോകളില്‍ താങ്കള്‍ ചിരിക്കാന്‍ ശ്രമിക്കുന്നതു ഞാന്‍ കണ്ടു. താങ്കള്‍ പരാജയപ്പെട്ടു എന്നു പറയാന്‍ ഞാനാളല്ല. എന്താണ് യഥാർഥ ചിരി എന്നറിഞ്ഞാലല്ലേ അതു പറയാനാവൂ. പിച്ചെവച്ചു നടക്കുന്ന കുഞ്ഞിന്‍റെ ചിരിയാണോ ചിരി. പിന്നിലെ വാതില്‍ തുറക്കുന്നതു കാത്തു നിഴല്‍ക്കാട്ടില്‍ പതിയിരിക്കുന്ന ജാരന്‍റെ ചിരിയാണോ ചിരി. കന്നുകാലികള്‍ അകിടു വിറപ്പിക്കുന്നതുപോലെ, ദേഹത്തുണ്ടാകുന്ന ചൊറിച്ചില്‍ പോലെ, മുളകു വറുക്കുമ്പോള്‍ തുമ്മുന്നതുപോലെ പ്രത്യേകതകളൊന്നുമില്ലാത്ത ഒരുതരം റിയാക്ഷന്‍ -ചുളിവു മാത്രമാണത്. താങ്കള്‍ക്കതറിയാം. അതിന്‍റെ തെളിവാണ് താങ്കളുടെ സൃഷ്ടികള്‍.
ആകസ്മികതകളുടെ സമാഹാരമാണ് ജീവിതം. എല്ലാ പ്രതീക്ഷകള്‍ക്കിടയിലും ഒരു അപ്രതീക്ഷിതത്വം കരുതിെവച്ചിട്ടുണ്ടാവും. അത്രമേല്‍ ഗാഢമെന്നു കരുതുന്ന ബന്ധങ്ങള്‍ക്കിടയിലും ഒരു ശൂന്യത തളംകെട്ടി കിടപ്പുണ്ടാവും. ഏതു നിമിഷവും ഭൂമി പിളര്‍ന്നുപോവുകയോ പർവതങ്ങള്‍ ഇടിഞ്ഞുവീഴുകയോ പേമാരി പെയ്യുകയോ ചെയ്യാം. അവിചാരിതമായ ഒന്നു സംഭവിക്കാനിരിക്കുന്നു; ഏതൊരാളുടെ ജീവിതത്തിലും. അതാണ് എന്‍റെ കഥ ചര്‍ച്ചചെയ്യുന്ന വിഷയം.
സുഹൃത്തേ, ക്ഷമിക്കണം. പേരു മറന്നു. എന്‍റെ സിനിമകളില്‍ മനുഷ്യമനസ്സിന്‍റെ രഹസ്യാത്മകതയുടെ ഇമേജുകളൊണ്ടെന്നതു ശരിയാണ്. അതു കണ്ടെത്താന്‍ പ്രാപ്തനായ ഈസ്തറ്റിക് സെന്‍സുള്ള ഒരു പ്രേക്ഷകനെന്ന നിലയില്‍ താങ്കളെ ഞാന്‍ ബഹുമാനിക്കുന്നു. അതുകൊണ്ടാണ് താങ്കള്‍ കഥയിലേക്കു പ്രവേശിക്കാതെ ചുറ്റിത്തിരിഞ്ഞിട്ടും ഞാനീ സംസാരം തുടരുന്നത്. സാധാരണ മൂന്നാലു വാചകത്തില്‍ കഥയുടെ ആശയം പറയിക്കും. തൃപ്തികരമാണെങ്കില്‍ തുടര്‍ന്നു കേള്‍ക്കും. അല്ലെങ്കില്‍ മീറ്റിങ് അവസാനിപ്പിക്കും. താങ്കള്‍ എന്നെ തോൽപിച്ചു. സംസാരം തുടങ്ങിയിട്ടു പതിനഞ്ചു മിനിറ്റു കഴിഞ്ഞു. താങ്കള്‍ ഇതുവരെ കഥ പറഞ്ഞുതുടങ്ങിയിട്ടുപോലുമില്ല. ഏതു നിമിഷവും അവിചാരിതമായ ഒന്നു സംഭവിക്കാനിരിക്കുന്നു എന്ന കണ്‍സപ്റ്റു കൊള്ളാം. അതുകൊണ്ടായില്ലല്ലോ. കാലിഫോര്‍ണിയയില്‍നിന്നു വന്ന ഒരു ആരാധകന്‍ തന്നിട്ടുപോയ സ്കോച്ചാണ്. രണ്ടെണ്ണം ഞാന്‍ തന്നെ ഒഴിച്ചുതരാം. ഒരു ആരാധകന്‍ തന്നതു മറ്റൊരു ആരാധകനുമായി ഞാന്‍ ഷെയറു ചെയ്യുന്നുവെന്നേയുള്ളൂ. വെള്ളം ചേര്‍ക്കണ്ട. എരിഞ്ഞിറങ്ങട്ടെ. ചൂടുവെള്ളം വീഴുമ്പോള്‍ ഞാഞ്ഞൂലുകള്‍ പുളഞ്ഞു പൊങ്ങുന്നതുപോലെ മികവുറ്റ ജീവിതമുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരും.
ശരിയാണ് സര്‍. വളരെ നന്ദി സര്‍. ഇതെനിക്കൊരു ബഹുമതിയാണ് സര്‍. താങ്കളോടൊപ്പം രണ്ടു പെഗ്ഗ്. എന്‍റെ ഭാര്യയുണ്ടെങ്കില്‍ അവളോടു പറയാമായിരുന്നു. ഇല്ല, അവളും ഇതു വിശ്വസിക്കില്ല. വിശ്വാസമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ലല്ലോ. സാറു പറഞ്ഞതു ശരിയാണ് സാറേ. അതങ്ങു ചെന്നപ്പോള്‍ ഓർമകള്‍ തെളിഞ്ഞു തെളിഞ്ഞു വരുന്നുണ്ട്. കഥകള്‍ തെളിഞ്ഞു തെളിഞ്ഞു വരുന്നുണ്ട്.
പറയൂ, താങ്കളില്‍ എനിക്കു നല്ല പ്രതീക്ഷയുണ്ട്. താങ്കളുടെ ഭാവുകത്വവുമായി സമരസപ്പെടാന്‍ ഇത്രയും സമയംകൊണ്ട് എനിക്കായിട്ടുണ്ട്. താങ്കളുടെ സംസാരം രസകരം തന്നെ. എങ്കിലും സമയപരിമിതിയെ മാനിച്ച് കഥയിലേക്കു പ്രവേശിക്കുന്നത് ഉചിതമായിരുന്നു.
താങ്ക്യൂ. താങ്കളുടെ വാക്കുകള്‍ക്ക്. അനുഭവങ്ങളുടെ കനലും വെളിച്ചവുമാണ് എന്നെ വഴിനടത്തുന്നത്. ഇത്രയുമൊക്കെ പറയാന്‍ പ്രാപ്തനാക്കുന്നത്. അനുഭവങ്ങളില്ലെങ്കില്‍ ഞാനില്ല. ഇനിയും കാടു കയറുന്നില്ല. കേട്ടോളൂ. നമ്മുടെ കഥാനായകന്‍ എന്നെപ്പോലെ മധ്യവയസ്കനാണ്. ഭാര്യയുണ്ട്. മക്കളില്ല. ശരിക്കും അയാളൊരു സ്നേഹപ്പുഴുവാണ്. നഗരത്തില്‍നിന്നു വന്നതാണെങ്കിലും ഒരു സാധാരണ പെണ്ണായിരുന്നു അയാളുടെ ഭാര്യ. വിദ്യാഭ്യാസമുണ്ടെങ്കിലും ബാങ്കില്‍ ചെന്ന് ഒരു ഫോം പൂരിപ്പിച്ചുകൊടുക്കാന്‍ പോലുമറിയില്ല. മണ്ടിയാണെന്നല്ല. പ്രാപ്തയല്ല. വിദ്വേഷം, ഭയം, വെറുപ്പ്, ആശങ്ക എന്നിവയാല്‍ അവളുടെ മനസ്സ് ഭരിക്കപ്പെട്ടു. പക്ഷേ, അവളുടെ സ്നേഹത്തില്‍ അയാള്‍ക്കു വിശ്വാസമായിരുന്നു. വിക്രമാദിത്യന്‍ വേതാളത്തെയെന്നപോലെ അയാള്‍ അവളെ കൊണ്ടുനടന്നു. സ്നേഹിച്ചു. കലഹിച്ചു. ജീവിതം പഠിപ്പിച്ചു. അയാള്‍ കൊടുത്ത പുസ്തകങ്ങള്‍ മുഴുവന്‍ അവള്‍ വായിച്ചു. പ്രണയം, ദാമ്പത്യം, രതി, ബന്ധങ്ങളുടെ അർഥശൂന്യത, വിശ്വസ്തത, സ്നേഹം എന്നിവയെപ്പറ്റിയെല്ലാം ചര്‍ച്ചചെയ്തു. അയാള്‍ അഭിമാനിച്ചു. എങ്ങനെ അഭിമാനിക്കാതിരിക്കും? അവളുടെ കണ്ണിനും കവിളിനും മാത്രമല്ല ചിന്തകള്‍ക്കും തിളക്കം വർധിച്ചിട്ടുണ്ട്. ആ ഭര്‍ത്താവു സാറാണെങ്കില്‍ അഭിമാനിക്കില്ലേ? ഞാനാണെങ്കില്‍ അഭിമാനിക്കും. അഭിമാനിച്ചിട്ടുണ്ട്.
താങ്കള്‍ പറയുന്നതു കേള്‍ക്കാന്‍ രസമുണ്ട്. പക്ഷേ, ഇതിലെവിടെയാണ് സിനിമ? എവിടെയാണ് വിഷ്വല്‍? ഇതുവരെ കഥാപാത്രങ്ങളുടെ പേരുപോലും പറഞ്ഞില്ല. ആരാണ് താങ്കളുടെ കഥയിലെ നായകന്‍? അയാള്‍ എന്തു ചെയ്യുന്നു? അതൊന്നും പറയാതെ നമ്മളീ സംഭാഷണം തുടരുന്നതില്‍ കാര്യമില്ല.
ഒരാള്‍ക്ക് നായകനാകാന്‍ എന്തെങ്കിലും പ്രത്യേകത വേണോ സര്‍? താങ്കളുടെ ജീവിതത്തില്‍ താങ്കളല്ലേ നായകന്‍. എന്‍റെ ജീവിതത്തില്‍ ഞാന്‍ തന്നെയാണ്. എല്ലാവരുടെയും കാര്യത്തില്‍ അങ്ങനെ തന്നെയാവും. ചിലരുടെ ജീവിതത്തില്‍ നായകനും പ്രതിനായകനും അയാള്‍ തന്നെ ആയിരിക്കും, അല്ലേ സര്‍?
താങ്കളെന്താണ് എന്‍റെ കണ്ണിലേക്കിങ്ങനെ ആഴത്തില്‍ നോക്കുന്നത്? എന്‍റെ മനസ്സിലുള്ളതെന്തോ തോണ്ടിയെടുക്കാന്‍ ശ്രമിക്കുന്നതുപോലെ.
ഇല്ല സര്‍. ഒരിക്കലുമില്ല. വാടകവീട്. കുത്തിവരയൊന്നുമില്ലാത്ത ചുമരുകള്‍. സീലിങ് ഫാനിന്‍റെ ശബ്ദം മാത്രമുള്ള പകലുകള്‍. എതിര്‍വശത്ത് ആള്‍പ്പാര്‍പ്പില്ലാതെ കാടു പുതച്ചു നില്‍ക്കുന്ന വീടിന്‍റെ മുറ്റത്ത് ഓടിക്കളിക്കുന്ന കീരികള്‍. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു വയസ്സന്‍ കാക്ക നട്ടുച്ചവെയിലത്ത്, ലൈന്‍ കമ്പിയില്‍ വന്നിരുന്നു നിര്‍ത്താതെ കരയുന്നു. പൊടി പിടിച്ച ജനലിനു സമീപം നിശ്ചല ദൃശ്യമായി അവളും. ഒന്നാലോചിച്ചു നോക്കൂ, സര്‍. ഏകാന്തതയെ മനോഹരമായി ചിത്രീകരിക്കാന്‍ അങ്ങേക്കാവില്ലേ? എനിക്കുറപ്പുണ്ട്.
താങ്കള്‍ക്ക് എന്നിലുള്ള വിശ്വാസത്തെ മാനിക്കുന്നു. ഈ കഥയിലെ ഭര്‍ത്താവിനെപ്പറ്റി കുറച്ചുകൂടി വ്യക്തത കിട്ടേണ്ടതുണ്ട്. അയാള്‍ ഒരു സാധാരണക്കാരനായിക്കോട്ടെ. അയാളുടെ പേഴ്സണാലിറ്റി. അയാള്‍ എന്താണോ അതായിത്തീരുവാനുള്ള കാരണം. ചോദ്യങ്ങളിങ്ങനെ കിടക്കുവല്ലേ.
പേഴ്സണാലിറ്റി... എനിക്കു ചിരി വരുന്നു സര്‍. എന്താണ് പേഴ്സണാലിറ്റി? സൊസൈറ്റിക്കു മുന്നില്‍ ഓരോരുത്തരും സ്വയം പ്രദര്‍ശിപ്പിക്കാനാഗ്രഹിക്കുന്ന ഒരു രീതിയുണ്ടാവും. സാറ് തന്നെ ആലോചിച്ചു നോക്കൂ. ഞാനീ കാണുന്ന സാറു തന്നെയാണോ ശരിക്കുമുള്ള സാറ്. അസൂയ, വെറുപ്പ്, ആഹ്ലാദം, വാത്സല്യം, കാമം തുടങ്ങിയ എന്തെല്ലാം വികാരങ്ങളുണ്ട്. സ്നേഹത്തോടെന്നല്ല, മനസ്സിലെ മറ്റേതെങ്കിലും വികാരത്തോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ താങ്കള്‍ക്കായിട്ടുണ്ടോ? അസൂയയും വെറുപ്പുമുള്ളവനെ സ്നേഹം നടിച്ചു താങ്കള്‍ ചേര്‍ത്തുപിടിച്ചിട്ടില്ലേ? ഒട്ടും ആഹ്ലാദമില്ലാത്തപ്പോഴും ഉണ്ടെന്നു നടിക്കാന്‍ ശ്രമിച്ചിട്ടില്ലേ? ഇത്തിരിപോലും വാത്സല്യം മനസ്സിലുണ്ടാവാതെ കുട്ടികളെ തലോടിയിട്ടില്ലേ? അറിഞ്ഞോ അറിയാതെയോ അഭിനയിക്കുകയാണ് സാറേ സകലരും. ഓർമകളുടെയും അനുഭവങ്ങളുടെയും ആകെത്തുകയാണ് ഓരോരുത്തരും. എന്‍റെ നായകനും അങ്ങനെ തന്നെ. അയാള്‍ ഒരു പെയിന്‍ററാണ്. അയഞ്ഞ കുപ്പായവും മുഷിഞ്ഞ ജീന്‍സും ധരിച്ചു നടക്കുന്ന പരമ്പരാഗത ദരിദ്രവാസിയല്ല. സാമാന്യം പ്രതിഭയുള്ള അറിയപ്പെടുന്ന വ്യക്തി. സ്വന്തം സ്റ്റുഡിയോ. ഓഫീസ്. സഹായികള്‍. ഭേദപ്പെട്ട വരുമാനം. വിവിധ വർണങ്ങളും മൂര്‍ത്തവും അമൂര്‍ത്തവുമായ ചിത്രങ്ങളുമുപയോഗിച്ച് കഥയിലെ പല കാര്യങ്ങളും എക്സ്പ്രസ് ചെയ്യാന്‍ സാറിനാവും. ചായക്കൂട്ടുകള്‍ തട്ടി മറിച്ച് രതിയില്‍ ഏര്‍പ്പെടുന്ന നായകനെ നമുക്ക് ചിത്രീകരിക്കാനാവും.
മിസ്റ്റര്‍, താങ്കള്‍ എന്നെപ്പറ്റി എന്താണ് കരുതുന്നത്? ഒരു കമ്പിപ്പടത്തിന്‍റെ കഥയാണോ താങ്കള്‍ പറയുന്നത്? നായകന്‍ ആരുമായി രതിയിലേര്‍പ്പെടുന്ന കാര്യമാണ് ഉദ്ദേശിക്കുന്നത്? അയാള്‍ക്കൊരു ഭാര്യയുണ്ട്. സമ്മതിച്ചു. ഭാര്യയുമായി അയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ പ്രേക്ഷകര്‍ക്ക് എന്താണ് താൽപര്യം? അയല്‍ക്കാരന്‍റെയോ അകന്ന ബന്ധുവിന്‍റെയോ ഭാര്യയാകട്ടെ. ആരാധികയാകട്ടെ. യാത്രക്കിടയില്‍ യാദൃച്ഛികമായി പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയാകട്ടെ... അങ്ങനെ ആരെങ്കിലുമാണെങ്കില്‍ കൗതുകമുണ്ട്. ഭാര്യാ ഭര്‍ത്താക്കന്മാരുടെ ലൈംഗികതയില്‍ അവര്‍ക്കെന്നപോലെ പ്രേക്ഷകര്‍ക്കും ഒരു താൽപര്യവുമുണ്ടാവില്ല.
സര്‍, ഞാന്‍ കഥയുടെ നിർണായകമായ കാര്യങ്ങളിലേക്കു വരുന്നതല്ലേയുള്ളൂ. നമ്മുടെ നായകന്‍ സല്‍സ്വഭാവിയാണ്. മാതാപിതാക്കളെ അനുസരിച്ചു വളര്‍ന്നവനാണ്. അയാള്‍ സന്ധ്യക്ക് നാമം ജപിച്ചു. കൂട്ടുകാരോടൊപ്പം മടലുകൊണ്ടു പന്തുതട്ടിക്കളിച്ചു. അവന്‍റെ കൂടെ ട്യൂഷന്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് രാത്രിയില്‍ വിജനമായ ഒറ്റയടിപ്പാതയില്‍ വീട്ടിലേക്കു വെട്ടം കാണിച്ചു. അവന്‍റെ കൂട്ടുകാര്‍ രഹസ്യമായി രതിയില്‍ ഏര്‍പ്പെട്ട അനുഭവങ്ങള്‍ അവനോടു വിവരിച്ചു. അപ്പോഴെല്ലാം ഉള്ളിലുണ്ടായ തിരയിളക്കങ്ങളെ അവന്‍ പാടുപെട്ടു ശമിപ്പിച്ചു. ഇതൊന്നും സിനിമയില്‍ വേണ്ട സര്‍. നമ്മുടെ നായകന്‍ എങ്ങനെയാണ് പരുവപ്പെട്ടതെന്ന് സാറിനു മനസ്സിലാകാന്‍ വേണ്ടി പറഞ്ഞന്നേയുള്ളൂ. അയാളിപ്പോഴും പക്വതയും പാകതയുമുള്ള ഒരാളാണ്. ഭാര്യയെ സ്നേഹിക്കുന്നു. അവളെ മോട്ടിവേറ്റ് ചെയ്യുന്നു. തമാശകള്‍ പറയുന്നു. തന്‍റെ ജീവിതത്തിന്‍റെ നായകന്‍ താന്‍ തന്നെയാണെന്ന ബോധ്യത്തില്‍ അയാള്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. അപ്പോഴാണ് അവള്‍ തന്‍റെ ആവശ്യം അയാളോടു പങ്കുെവച്ചത്. താന്‍ ഭീകരമായ ഏകാന്തത അനുഭവിക്കുന്നു. അതില്‍നിന്നു മുക്തി നേടണം. അയാള്‍ സന്തോഷിച്ചു. സ്വന്തം ആവശ്യം പറയാന്‍ അവള്‍ പ്രാപ്തയായിരിക്കുന്നു. എന്താണ് അവള്‍ക്കു വേണ്ടി ചെയ്യേണ്ടതെന്ന് അയാള്‍ ഉദാരമനസ്കനായി. ഒരു ജോലി സമ്പാദിക്കണം. അതിനു വേണ്ടിയായിരുന്നു പിന്നെയുള്ള ശ്രമങ്ങള്‍. ഇന്‍റര്‍വ്യൂ ചെയ്തവര്‍ക്ക് അവളുടെ ആത്മവിശ്വാസത്തിലും പ്രസന്നതയിലും മതിപ്പു തോന്നി. ഹോസ്റ്റലിലെ ഏകാന്തത അവള്‍ക്ക് താങ്ങുവാനാവുമോയെന്ന് അയാള്‍ ആശങ്കപ്പെട്ടു. അവള്‍ അയാളെ ആലിംഗനം ചെയ്യുകയും അയാളുടെ ഗന്ധം എപ്പോഴും തന്നിലുണ്ടാവട്ടെയെന്ന് പ്രാർഥനപോലെ പറയുകയുംചെയ്തു.
സുഹൃത്തേ, ഉത്തമദാമ്പത്യം, ഏകാന്തത, വിരഹം... ഇതൊക്കെ ആര്‍ക്കുവേണം. നാട്യങ്ങളാണെങ്കിലും കാര്യങ്ങളെല്ലാം ഓക്കെയാണെങ്കില്‍ കഥക്കെന്തു പ്രസക്തി, ഇവിടെ വിശേഷിച്ചൊന്നും സംഭവിക്കുന്നില്ലല്ലോ. അടുക്കും ചിട്ടയുമുള്ളിടത്തു കഥയില്ല. നോർമലായ കഥാപാത്രങ്ങളെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല.
അറിയാം, സര്‍. യോജിക്കുന്നു. പക്ഷേ, ഒരു സംശയം. ഇവിടെ ആരാണ് നോർമല്‍? താങ്കളോ ഞാനോ? അങ്ങനെയാണെന്നു കരുതാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ കണ്ടുമുട്ടിയിട്ടുള്ള ഒരാളും അങ്ങനെയല്ല. എല്ലാവരിലുമുള്ളത് ഉന്മാദത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ മാത്രം. നമ്മുടെ നായകന്‍റെ ഭാര്യയില്‍ അതു പ്രകടമാവുന്നതാണ് കഥയിലെ വഴിത്തിരിവ്. അതെ, അവളൊരു ഉന്മാദത്തിലായിരുന്നു. അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം.
താങ്കള്‍ അവസാനം പറഞ്ഞതു വ്യക്തമായില്ല. അവള്‍ക്ക് എന്തു സംഭവിച്ചു എന്നാണ് ഉദ്ദേശിക്കുന്നത്?
എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. എനിക്കുമറിയില്ല. അവള്‍ക്കുമറിയില്ല. സാറിനുമറിയില്ല. നമ്മള്‍ കഥയിലൂടെ അറിയാന്‍ ശ്രമിക്കുകയല്ലേ. പതിവുപോലെ ഭാര്യ അയാളെ വിളിച്ചു. ഭക്ഷണം കഴിച്ചോ? വസ്ത്രം അലക്കിയോ? പകുതിയാക്കി െവച്ചിരിക്കുന്ന പെയിന്‍റിങ്ങുകള്‍ വേഗം പൂര്‍ത്തിയാക്കൂ...എന്നിങ്ങനെ പലതും പറഞ്ഞു. ഗുഡ് നൈറ്റ് പറഞ്ഞു. സ്വീറ്റ് ഡ്രീംസ് പറഞ്ഞു. അയാള്‍ ഫോണ്‍ വെക്കാന്‍ തുനിഞ്ഞപ്പോള്‍ പ്ലീസ് ഒരു നിമിഷം എന്നു തടഞ്ഞിട്ട്, തനിക്ക് ഈ ദാമ്പത്യത്തില്‍നിന്നു വിടുതല്‍ വേണമെന്നും കൂടുതല്‍ സ്വതന്ത്രവും സന്തോഷകരവുമായ ജീവിതത്തിലേക്കു പോകാന്‍ തന്നെ അനുവദിക്കണമെന്നും അവള്‍ തികച്ചും സാധാരണമായി അയാളെ അറിയിച്ചു.
വെരിഗുഡ്! ഇതാണ് ട്വിസ്റ്റ്. ഒരു സ്ത്രീയുടെ ഏറ്റവും ധൈര്യപൂര്‍വമുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം. വിഷയാസക്തനെന്നും ബ്ലൂ ഫിലിം നിര്‍മിച്ച് വിദേശ മാര്‍ക്കറ്റില്‍നിന്ന് കോടികള്‍ കൊയ്യുന്നവനെന്നും മെയില്‍ ഷോവനിസ്റ്റെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ക്ക് എന്‍റെ സര്‍ഗാത്മകമായ മറുപടിയാവും ഈ സിനിമ. ജീവിതമെന്തെന്ന് അറിയാത്ത ഒരു യുവതി സ്വന്തം സ്വത്വം തിരിച്ചറിയുന്നതും കുടുംബം, ദാമ്പത്യം എന്നിങ്ങനെയുള്ള ഒട്ടും ജൈവമല്ലാത്ത സിസ്റ്റത്തിന്‍റെ മതിലുകള്‍ തകര്‍ത്തു പുറത്തുവരുന്നതും... ഇറ്റ് ഈസ് വണ്ടര്‍ഫുള്‍ തോട്ട്. ഒരു സിനിമയായാല്‍ ഇങ്ങനത്തെ നാലഞ്ചു ട്വിസ്റ്റുകള്‍ അനിവാര്യമാണ്. പക്ഷേ ആ പെയിന്‍റടിക്കാരനുണ്ടല്ലോ, അവളുടെ ഭര്‍ത്താവ്, അയാളെ നമ്മളെന്തു ചെയ്യും?
വാ കീറിയ ദൈവം ഇരയും കൊടുക്കുമെന്നല്ലേ സര്‍. കഥാപാത്രമാണെങ്കിലും അയാളും ജനിച്ചുപോയില്ലേ സര്‍. ഞാന്‍ പറഞ്ഞല്ലോ അയാള്‍ ഒരു സ്നേഹപ്പുഴുവാണെന്ന്. സ്വാഭാവികമായും ആദ്യമയാള്‍ക്ക് അവര്‍ പറഞ്ഞതു വിശ്വസിക്കാനായില്ല. അയാള്‍ അവളെ സമീപിച്ച് ഇതു നിന്‍റെയൊരു തമാശയാണോയെന്നു തിരക്കി. എന്തുതന്നെയായാലും തനിക്കിതു സഹിക്കാനാവുന്നില്ലെന്നു പറഞ്ഞു. യാഥാർഥ്യബോധത്തോടെ തന്‍റെയൊപ്പം മടങ്ങിവരാന്‍ അപേക്ഷിച്ചു.
എന്നിട്ടെന്തുണ്ടായി? അയാളുടെ വാക്കുകളെ എങ്ങനെയാണവള്‍ നേരിട്ടത്? അത്രമേല്‍ ജനുവിനായ ഒരാള്‍... അത്രമേല്‍ ആത്മാർഥമായി വിളിക്കുന്നതിനെ തിരസ്കരിച്ചാല്‍ നമ്മുടെ നായികയുടെ ക്യാരക്ടര്‍ വല്ലാതെ വീക്കാകും. അതിനെ താങ്കളെങ്ങനെയാണ് അതിജീവിക്കുന്നതെന്നറിയാന്‍ തിടുക്കമായി.
അതിജീവിക്കാന്‍ വേണ്ടി ഞാനൊന്നും ചെയ്തില്ല സര്‍. അവളെപ്പോലെ നമ്മളും വെറും കഥാപാത്രങ്ങളല്ലേ സര്‍. ചുമ്മാ നിന്നുകൊടുത്താല്‍ മതി. ലോകത്തുള്ള മിക്ക സ്ത്രീകളെയും പോലെ അവളും ദയാശൂന്യയായിരുന്നു. യാഥാർഥ്യബോധം തരിമ്പുപോലും ഇല്ലാത്തതും ഇനിയൊരിക്കലും അത് ഉണ്ടാവുകയില്ല എന്നുറപ്പുള്ളതുമായ അയാളിലേക്കു മടങ്ങിവരുന്നത് മരിക്കുന്നതിനു തുല്യമാണെന്നും, ഇതിലേറെ തനിക്ക് അര്‍ഹതയുള്ള ജീവിതത്തിന്‍റെ സാധ്യതയെ തടസ്സപ്പെടുത്തരുതെന്നുമായിരുന്നു അവളുടെ മറുപടി.
ബ്രില്യന്‍റ്! അവളെപ്പോലെയുള്ള ഒരു യുവതി പറയണ്ട ഏറ്റവും ഗംഭീരമായ മറുപടി. താങ്കളെ ഞാന്‍ നമസ്കരിക്കുന്നു. നരച്ച ജീന്‍സും അയഞ്ഞ ഷര്‍ട്ടും വലിയ കണ്ണടയും ധരിച്ച് തോള്‍സഞ്ചിയും തൂക്കി വിയര്‍ത്തൊലിച്ചു വന്ന താങ്കള്‍ ഒരു പാവം സ്വപ്നജീവിയെന്നേ ഞാന്‍ കരുതിയുള്ളൂ. കണ്‍തടത്തിലെ കറുപ്പും വെട്ടിയൊതുക്കാത്ത ചുരുണ്ട താടിയും സാമാന്യം നരച്ച അനുസരണയില്ലാത്ത മുടിയും വലിയ ഫ്രെയിമിനു പിന്നിലെ കലങ്ങിയ കണ്ണുകളും കണ്ടപ്പോള്‍ ഹതാശനായ ഒരു മനുഷ്യനാണെന്നും കണക്കുകൂട്ടി. എന്‍റെ എല്ലാ നിഗമനങ്ങളും തെറ്റി. താങ്കളിലെ ജീനിയസിനെ ഇപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എങ്കിലും ചോദിച്ചോട്ടെ. നായിക ത്യജിച്ച നമ്മുടെ കഥയിലെ ഭര്‍ത്തൃകഥാപാത്രത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടോ? സ്വന്തം മനസ്സിന്‍റെയും ശരീരത്തിന്‍റെയും വികാരവിക്ഷോഭങ്ങളുടെയും ഡിക്റ്റേറ്റര്‍ താന്‍ മാത്രമാണെന്നു വിശ്വസിക്കുകയും അങ്ങനെ ജീവിച്ചു തുടങ്ങുകയും ചെയ്യുന്ന ഒരു യുവതിയുടെ കഥയല്ലേ ഇത്.
തീര്‍ച്ചയായും വേണം സര്‍, വെളിച്ചത്തിന് ഇരുട്ടെന്നപോലെ. മധുരത്തിന് കയ്പെന്നപോലെ. തിരസ്കൃതനും നിരാശാഭരിതനുമായ അയാളെയും നമുക്കു വേണം. വേണമെങ്കില്‍ കല്ലും മണ്ണുമിട്ട് കടല്‍ നികത്താനായേക്കും. കാറ്റിനും സുഗന്ധത്തിനും വേലികെട്ടാനായേക്കും. അയല്‍ക്കാരന്‍റെ അതിരുമാന്തിക്കയറുകയും രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കുകയും ചെയ്യാം. പക്ഷേ, അങ്ങനെയൊന്നും അയാള്‍ക്കവളുടെ മനസ്സു തിരിച്ചുപിടിക്കാനാവില്ലല്ലോ. അയാള്‍ക്കു മുന്നിലെ രാശിപ്പലകയില്‍ കർമദോഷങ്ങള്‍ തെളിഞ്ഞു. ഏഴു തലമുറ കാരണവന്മാര്‍ക്കു ബലിയിട്ടു നമസ്കരിച്ചു. ഹോമധൂപങ്ങള്‍കൊണ്ട് പാപഗ്രഹങ്ങളെ മെരുക്കാന്‍ ശ്രമിച്ചു. ഭരദേവതക്കു നിലവിളക്കു സമര്‍പ്പിച്ചു. വടക്കന്‍ ചൊവ്വക്കു കോഴിയെ ഉഴിഞ്ഞു െവച്ചു. അഗസ്ത്യ സംഹിതയില്‍ പൂർവജന്മം തിരഞ്ഞു. അന്നും അവള്‍ തന്നെയായിരുന്നു അയാളുടെ ഭാര്യ. രണ്ടു പെണ്‍കുട്ടികളായിരുന്നു അവര്‍ക്ക്. പരസ്ത്രീ ബന്ധമുണ്ടെന്ന് അവള്‍ ഭര്‍ത്താവിനെ നിരന്തരം സംശയിച്ചു. രാപ്പകലെന്യേ കലഹിച്ചു. അസ്വസ്ഥത പെരുകിപ്പെരുകി ആത്മഹത്യ ചെയ്ത് അയാള്‍ അവരെ ഉപേക്ഷിച്ചു. അവളിപ്പോള്‍ അതിന്‍റെ കണക്കു തീര്‍ക്കുകയാണ് അയാളോട്.
താങ്കളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക! അയാളുടെ ചിന്തകളും സങ്കൽപങ്ങളും വിശ്വാസങ്ങളും ഇത്രക്കു പ്രതിലോമപരവും യുക്തിഹീനവുമാവുമ്പോള്‍ അവളുടെ അഭിപ്രായവും തീരുമാനവും വളരെ സാധൂകരിക്കപ്പെടുകയാണ്. നമ്മുടെ നായിക വളരെ സ്ട്രോങ് ആവുകയാണ്. ആട്ടെ, അതീതശക്തികള്‍ക്കു പിന്നാലെ നടക്കുന്ന ആ മനുഷ്യന്‍റെ ഇനിയുള്ള സ്ഥിതി എന്താണ്?
അയാള്‍ എന്തുചെയ്യാനാണ്, സര്‍? നിസ്സഹായന്‍. നിരാശ്രയന്‍. മറ്റൊരു സ്ത്രീയെപ്പറ്റിയും അയാള്‍ക്ക് ചിന്തിക്കുവാന്‍ പോലുമാവുമായിരുന്നില്ല. രണ്ടു വര്‍ഷം പ്രതീക്ഷയോടെ കാത്തിരുന്നു. വന്നതു ഡിവോഴ്സ് നോട്ടീസ്. വക്കീലിന്‍റെ സാന്നിധ്യത്തില്‍ അയാള്‍ വീണ്ടും അവളെ കാണുന്നു. അവളുടെ കണ്‍തടങ്ങളില്‍ ഇരുട്ടു വീണിരുന്നു. കവിളിലെ നക്ഷത്രങ്ങള്‍ കെട്ടുപോയിരുന്നു. കരുവാളിച്ച നെറ്റിയിലേക്ക് ഒന്നുരണ്ടു നരച്ച മുടികള്‍ പാറി വീണു കിടന്നിരുന്നു. കാതുകളും കഴുത്തും ശൂന്യമായിരുന്നു. ഏറെ നാളായി ത്രെഡ് ചെയ്യാത്ത പുരികങ്ങളില്‍ ക്രമം തെറ്റി രോമങ്ങള്‍ വളര്‍ന്നുനിന്നു. വല്ലാതെ ശോഷിച്ച കഴുത്തിലൂടെ ഒഴുകിയിറങ്ങിയ വിയര്‍പ്പുചാലുകള്‍ അവളുടെ ഷര്‍ട്ടു നനച്ചിരുന്നു. അതു നിറം മങ്ങിയതും ഇസ്തിരിയിടാത്തതുമായിരുന്നു. കൈകളും നരച്ച ജീന്‍സിനു താഴെ കാൽപാദങ്ങളും ഉണക്കമരത്തിന്‍റെ ശിഖരങ്ങള്‍പോലെ കാണപ്പെട്ടു. അഭിഭാഷകയല്ലാതെ അവള്‍ക്കൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. മഹാമാരിയുടെ കാലത്ത് ജോലി നഷ്ടപ്പെട്ട അവള്‍ മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍നിന്നുമകന്ന് ഒറ്റക്ക് താമസിക്കുകയാണെന്നറിഞ്ഞു. കൃത്രിമമായ ആത്മവിശ്വാസവും താന്‍പോരിമയും അവള്‍ ധാരാളമായി പ്രദര്‍ശിപ്പിച്ചു. അയാള്‍ക്കു സഹിക്കാനാവാത്ത സങ്കടവും നിരാശയും തോന്നി. എന്തിനും ഏതിനും തുണ വേണ്ടിയിരുന്ന ഒരുവള്‍ ഒപ്പം നില്‍ക്കുവാന്‍ ആരുമില്ലാത്ത ലോകത്തേക്കു തന്നെ ഉപേക്ഷിച്ചുപോകണമെങ്കില്‍ അവള്‍ക്ക് അതിനു തക്ക കാരണമുണ്ടാവണം. അയാള്‍ക്ക് കുറ്റബോധം തോന്നി. ജീവിതപ്രതിസന്ധികള്‍ വന്നു വട്ടംപിടിച്ചു ശ്വാസം മുട്ടിക്കുന്ന കാലമുണ്ടാകാം. അപ്പോള്‍ നിനക്കു മറ്റാരേക്കാളും വിശ്വസിച്ചു വിളിക്കാവുന്ന ഒരുവന്‍റെ നമ്പര്‍ ഇപ്പോഴും നിന്‍റെ മനസ്സിലുണ്ടാവും. മറന്നുകളയാതിരിക്കുക. ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനുള്ള സംയുക്ത അപേക്ഷയില്‍ ഒപ്പുവെക്കുമ്പോള്‍ അങ്ങനെ പറയണമെന്നുണ്ടായിരുന്നു അയാള്‍ക്ക്. പക്ഷേ, അവളുടെ ആത്മാഭിമാനത്തെക്കുറിച്ച് അയാള്‍ക്ക് മറ്റാരേക്കാളും ബോധ്യമുണ്ടായിരുന്നു.
സംഭവം കൊള്ളാം. പക്ഷേ, സുഹൃത്തേ, ഇതു ചെറുകഥയും നോവലുമൊന്നുമല്ല. മനോഗതങ്ങളും വാചകക്കസര്‍ത്തുംകൊണ്ടു സിനിമയുണ്ടാക്കാനാവില്ല. വിഷ്വലുകളിലൂടെ ജീവിതം വരണം. താങ്കള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സീനുകളായി എഴുതിക്കിട്ടണം. അവളുടെ ഭര്‍ത്താവിന് ഇത്രയും പ്രാധാന്യം കൊടുക്കണോയെന്ന് മുഴുവന്‍ കേട്ടിട്ട് ചര്‍ച്ച ചെയ്യാം. കെട്ടിയോനേം വീട്ടുകാരേം വിട്ടിറങ്ങിയ സ്വാതന്ത്ര്യ രോഗിയായ... സോറി! സ്വാതന്ത്ര്യ മോഹിയായ പെണ്ണ്. അതാണ് ഒരു സംവിധായകനെന്ന നിലയില്‍ എന്നെ പ്രചോദിപ്പിച്ച ഘടകം. സത്യം പറയാമല്ലോ, അങ്ങനെയൊരുത്തി എന്‍റെ കണ്‍മുന്നില്‍ വന്നു ചാടിയിട്ടുണ്ട്. താങ്കളോട് ഒരു മനസ്സടുപ്പം വന്നകൊണ്ടു പറയുകയാ. നഗരത്തിലെ ഒരു മാളില്‍െവച്ചാണ് ആദ്യം കണ്ടത്. കൂട്ടത്തിലുണ്ടായിരുന്നത് നമ്മളുമായി അല്ലറ ചില്ലറ എടപാടുള്ള ഒരുത്തിയായിരുന്നു. അവള് നാലഞ്ചു സിനിമ പിടിക്കാനും മാത്രം സമ്പത്തുള്ള ഒരുത്തന്‍റെ ധർമപത്നിയാണ് കെട്ടോ. ആരും സംശയിക്കില്ല. അഭിനയിക്കാന്‍ അവസരത്തിനു വേണ്ടി അവളെന്തും ചെയ്യും. നമുക്കതു മതിയല്ലോ. കൂട്ടത്തിലുള്ളവളെ ഞാന്‍ നോക്കുന്ന നോട്ടം കണ്ടപ്പഴേ കാശുകാരന്‍റെ ഭാര്യക്കു കാര്യം പിടികിട്ടി. പ്രണയം എന്‍റെ തലക്കു പിടിച്ചെന്ന്. അവളൊരു കാര്യമേറ്റാല്‍ ഏറ്റതാ. അവളുടെ സഹായത്തോടെ പിന്നെയും കണ്ടു. കളിയായി. ചിരിയായി. വര്‍ത്തമാനമായി. നമ്മളൊക്കെ കലാകാരന്മാരല്ലേ. അവളുടെ സങ്കടവും വിഷമവും മനസ്സിലാക്കിക്കൊണ്ടുള്ള ഒരു റൂട്ടു ഞാനങ്ങു പിടിച്ചു. വരിക. നമുക്കൊരുമിച്ചു പാട്ടുപാടാം. ഭക്ഷണം കഴിക്കാം. ബീച്ചില്‍ പോകാം. നമുക്കു മുകളില്‍ എത്ര മനോഹരമായ ആകാശം! നമുക്കു ചുറ്റും എത്ര സുഖദായകമായ കാറ്റ്! ഹാ! ഹാ! എന്‍റെ കഥയെഴുത്തുകാരാ, ഞാന്‍ സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയും മൊത്തക്കച്ചവടക്കാരനാണെന്നാണ് അവളുടെ വിചാരം. രണ്ടു മൂന്നു ദിവസം ഞാന്‍ ഈ ഹോട്ടലിലുണ്ടാവുമെന്നു കഴിഞ്ഞ മാസം തന്നെ അവളോടു പറഞ്ഞതാണ്. അവള്‍ വരും. പക്ഷേ ഇപ്പോള്‍ വിളിച്ചിട്ടു കിട്ടുന്നില്ല. ഒന്നെങ്കില്‍ ഫോണ്‍ വെറുതെ റിങ് ചെയ്യും. ചിലപ്പോള്‍ റേഞ്ചില്ല. അല്ലെങ്കില്‍ ഓഫ്.
എങ്കില്‍ സാറിന് ആ കാശുകാരന്‍റെ ഭാര്യയെ വിളിച്ചുകൂടായിരുന്നോ?
എന്‍റെ വരവ് അവളെ അറിയിച്ചിട്ടില്ലന്നേ. അവളുംകൂടിയിങ്ങു വന്നാലോ... സ്വൈര്യ സല്ലാപത്തിന് അതൊക്കെയൊരു ബുദ്ധിമുട്ടല്ലേ ചങ്ങാതീ.
സാറേ, ഒരാളെപ്പറ്റി വിവരങ്ങളൊന്നും അറിയാതെ വരുമ്പോഴുള്ള ടെന്‍ഷന്‍... നമ്മുടെ സിനിമയിലും വേണമെങ്കില്‍ ഇതിനോടു സാമ്യം പറയാവുന്ന ഒരു ഭാഗമുണ്ട്. ദാമ്പത്യം പിരിയാന്‍ അനുവദിച്ചു വിധിയുണ്ടായ ദിവസം അയാള്‍ നേരെ വീട്ടിലേക്കല്ല പോയത്.
ഏതെങ്കിലും ബാറിലേക്കായിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും തെരുവു വേശ്യയുടെ അടുത്തേക്കായിരിക്കും. ങാ... എനിക്കൊരു ഐഡിയ തോന്നുന്നു. താങ്കള്‍ അക്സപ്റ്റ് ചെയ്താല്‍ നമുക്ക് ആ വഴിക്കും ആലോചിക്കാം.
എന്താണ് സര്‍?
താങ്കളുടെ നായകന്‍ ഉപേക്ഷിക്കപ്പെട്ടതിന്‍റെ വേദനയും അപമാനവും മദ്യത്തിലും പെണ്ണിലും മുഴുകി ശമിപ്പിക്കാന്‍ ശ്രമിച്ചു. ഒന്നും വരക്കാതെയായി. പൂര്‍ത്തിയാക്കി െവച്ചിരുന്ന പെയിന്‍റിങ്ങുകള്‍ കിട്ടുന്ന വിലയ്ക്കു വില്‍ക്കുന്നു. ജീവിക്കാന്‍ വകയില്ലാതെ നഗരത്തിലെ കുഞ്ഞമ്മമാരുടെ എസ്കോര്‍ട്ടാവുന്നു. അവരുടെ രതികേളികള്‍ക്കും വൈകൃതങ്ങള്‍ക്കും നിന്നുകൊടുത്ത് ഉപജീവനം നടത്തുന്നു. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ മാനേജിങ് പാര്‍ട്ണറായ കിഴവിയുടെ കാല്‍ച്ചുവട്ടില്‍ നഗ്നനായിക്കിടന്ന് പുളയ്ക്കുന്ന അയാളെ കാണുന്ന നായിക കാര്‍ക്കിച്ചു തുപ്പുന്നു.
സര്‍, അതിത്തിരി വൈല്‍ഡ് തോട്ടാണ്. മറ്റൊരു കഥയായി ആലോചിക്കാം. സാറ് തന്നെ ആ ക്യാരക്ടര്‍ ചെയ്യണമെന്നാ എന്‍റെയൊരിത്.
താങ്ക്യൂ! ആദ്യമായിട്ടാണ് ഒരാള്‍ എന്നിലെ ആക്ടറെ തിരിച്ചറിയുന്നത്. സന്തോഷമുണ്ട്. സമയം എനിക്കു വിലപ്പെട്ടതാണെന്നു മനസ്സിലായല്ലോ. എന്താ ഒരു കുസൃതിച്ചിരി? താങ്കളുടെ കഥയുടെ ബാക്കി വേഗം പറയൂ. കോടതിയില്‍നിന്നും അയാള്‍ എങ്ങോട്ടാണ് പോയത്?
സര്‍, അയാള്‍ പോയത് ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ നഗരത്തില്‍ നടത്തുന്ന സീക്രട്ട് ഐ എന്ന ഡിറ്റക്ടീവ് ഏജന്‍സിയിലേക്കായിരുന്നു.
വൗ! അതു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. പക്ഷേ, എന്തിന്? അങ്ങനെയൊരു സഹായം തേടാനാണെങ്കില്‍ അയാള്‍ക്കതു നേരത്തേയാകാമായിരുന്നില്ലേ?
അന്നതിന്‍റെ ആവശ്യമുണ്ടായിരുന്നില്ല സര്‍. നഷ്ടപ്പെടലിന്‍റെ വേദന സഹിക്കാന്‍ നമ്മുടെ സ്നേഹപ്പുഴു തയാറായിരുന്നു. അവളുടെ ഇപ്പോളത്തെ അവസ്ഥയാണ് അയാളെ ആശങ്കപ്പെടുത്തിയത്. ജോലിയില്ല. മാതാപിതാക്കളോ ബന്ധുക്കളോ വിശ്വസിക്കാവുന്ന സുഹൃത്തുക്കളോ കൂടെയില്ല. ചതിവും വഞ്ചനയും നിറഞ്ഞ ലോകത്തേക്ക് അവള്‍ ഒറ്റക്കുപോവുന്നത് അപകടകരമായ സാഹസികതയാണെന്ന് അയാള്‍ക്കു തോന്നി. സീക്രട്ട് ഐ യിലെ ഓഫീസ് സെക്രട്ടറി വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. കഥാനായകന്‍റെ ഭാര്യയുടെ ഫോണ്‍ നമ്പറും അവളെപ്പറ്റി ലഭ്യമായ മറ്റു വിവരങ്ങളും കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്തു. അതിനുശേഷം, മിസ്റ്റര്‍ ജി.കെ എന്നു സ്വയം പരിചയപ്പെടുത്തിയ റിട്ട. പൊലീസ് ഓഫീസറുമായുള്ള കൂടിക്കാഴ്ചയായിരുന്നു. നമ്മുടെ നായകന്‍റെ ആവശ്യമറിഞ്ഞപ്പോള്‍ മിസ്റ്റര്‍ ജി.കെ വിസ്മയസ്തബ്ധനായി. സാധാരണയായി ഭര്‍ത്താവിന്‍റെയോ ഭാര്യയുടെയോ പ്രണയപങ്കാളിയുടെയോ രഹസ്യബന്ധങ്ങള്‍ കണ്ടുപിടിക്കുന്നതിനും, കോളജില്‍ പഠിക്കുന്ന മക്കളെ നിരീക്ഷിക്കുന്നതിനും, വിവാഹാലോചനയോടനുബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികളുടെ തന്ത്രങ്ങള്‍ ചോര്‍ത്തുന്നതിനും മറ്റുമാണ് പലരും സമീപിക്കുക. മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ശാഖകളുള്ള ആ സ്ഥാപനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആവശ്യവുമായി ഒരു കസ്റ്റമര്‍ എത്തുന്നത്. അത്യന്തം അപകടകരമായ ലോകത്ത് ഒറ്റക്കു ജീവിക്കുന്ന തന്‍റെ ഭാര്യക്ക് അവളറിയാതെ സുരക്ഷയൊരുക്കുക എന്നതു മാത്രമായിരുന്നു അയാളുടെ ആവശ്യം. അതിനു വേണ്ടി രഹസ്യനിരീക്ഷണവും സൗഹൃദബന്ധം സ്ഥാപിക്കലുമൊക്കെയാവാം. ഫീസ് ഒരു പ്രശ്നമല്ല. എല്ലാ ദിവസവും വിശദമായ റിപ്പോര്‍ട്ടു നല്‍കണം. അല്ലെങ്കില്‍ അവള്‍ മറ്റൊരു വിവാഹം കഴിക്കുന്നതുവരെ തനിക്കു സമാധാനമുണ്ടാവില്ലെന്നും അയാള്‍ പറഞ്ഞു. മിസ്റ്റര്‍ ജി.കെ അയാളെ ആശ്വസിപ്പിക്കുകയും അയാളോടുള്ള തന്‍റെ മതിപ്പു രേഖപ്പെടുത്തുകയും ആ സ്ഥാപനത്തിലെ ഏറ്റവും ബുദ്ധിമതിയായ 007 എന്ന ഏജന്‍റിനെ അങ്ങോട്ടു വരുത്തി കാര്യങ്ങള്‍ ചുമതലപ്പെടുത്തുകയും ചെയ്തു. 007 അയാളെ ഗ്രൗണ്ട് ഫ്ലോറില്‍നിന്നു താഴോട്ടുള്ള ആറാമത്തെ നിലയിലേക്ക് നയിച്ചു. രഹസ്യാത്മകത ധാരാളമായി സൂക്ഷിക്കുന്നയൊരിടമായി 007ന്‍റെ വിശാലമായ കാബിന്‍ അയാള്‍ക്കനുഭവപ്പെട്ടു. ഇളം മഞ്ഞയും നീലയും കലര്‍ന്ന നേര്‍ത്ത വെളിച്ചം മോഹനിദ്രപോലെ കാബിനില്‍ ഒഴുകിപ്പരന്നു കിടന്നു. അതിവിദൂരകാലസ്മൃതിയായി, സങ്കൽപനദിപോലെ ഒരു ഈണമോ നിശ്ശബ്ദതയോ അവിടെ അയാള്‍ക്ക് അനുഭവപ്പെട്ടു. അയാള്‍ക്കെതിരെ, സാമാന്യം പ്രൗഢി തോന്നുന്ന ഒരു ഉയര്‍ന്ന ഇരിപ്പിടത്തില്‍ 007 ഇരുന്നു. ഒട്ടും വൈകാരികത ചോരാതെ എല്ലാം വിശദമായി പറഞ്ഞാല്‍ അതയാളുടെ എക്സ് വൈഫിനെ സഹായിക്കാന്‍ പ്രയോജനപ്പെട്ടേക്കുമെന്ന് അവര്‍ അറിയിച്ചു. അയാള്‍ തന്‍റെ ജീവിതം വള്ളിപുള്ളി വിടാതെ പറഞ്ഞു കേള്‍പ്പിച്ചു. 007 അതുകേട്ടു സെന്‍റിമെന്‍റലാവുകയും അവരുടെ ശബ്ദമിടറുകയും നിറഞ്ഞൊഴുകിയ കണ്ണുകള്‍ കര്‍ച്ചീഫ് കൊണ്ടു തുടയ്ക്കുകയും ചെയ്തു. അവര്‍ അയാളുടെ കൈകള്‍ ചേര്‍ത്തുപിടിച്ച്, താനും ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവളാണെന്നും അതിന്‍റെ വേദന നന്നായി മനസ്സിലാവുമെന്നും സ്ഥാപനത്തിന്‍റെ പ്രോട്ടോക്കോള്‍ തെറ്റിച്ചുപോലും അയാളെ സഹായിക്കാന്‍ സന്നദ്ധയാണെന്നും തന്‍റെ ശരിക്കുമുള്ള പേര് പ്രീതാനായര്‍ എന്നാണെന്നും അറിയിച്ചു. പ്രീതാനായര്‍ തന്ത്രപൂര്‍വം അയാളുടെ ഭാര്യയുമായി പരിചയം സ്ഥാപിക്കുകയും നിരന്തരം ഇടപെടലുകള്‍ നടത്തുകയും സൗഹൃദം ബലപ്പെടുത്തുകയും ചെയ്തു. ഓരോ ദിവസവും ഒന്നിലേറെ തവണ വിളിച്ചു കാര്യങ്ങള്‍ അയാളെ അറിയിച്ചു.
ഇവനിതെന്തിന്‍റെ കഴപ്പാണ് സുഹൃത്തേ. ഇട്ടിട്ടുപോയ പെണ്ണിന്‍റെ വിവരങ്ങളറിയാന്‍ കാശുമുടക്കി ഡിറ്റക്ടീവിനെ വെക്കുന്നു. എന്നിട്ട് എന്തൊണ്ടാക്കാനാണ്? പിന്നെയൊരു സാധ്യതയുള്ളതു പ്രീതാ നായരാണ്. അവര്‍ക്ക് ക്രമേണ അയാളോടു താൽപര്യം വർധിക്കാനിടയുണ്ട്. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ അയാളൊരു സ്നേഹപ്പുഴുവാണല്ലോ. സ്വന്തം ദാമ്പത്യത്തില്‍ അവര്‍ക്ക് കിട്ടാതെപോയത് അയാളില്‍നിന്നും പ്രതീക്ഷിക്കാമല്ലോ.
ഇല്ല സര്‍. അങ്ങനെയൊന്നുമില്ല. തുല്യദുഃഖിതരായ രണ്ടു മനുഷ്യജീവികള്‍. ദുഃഖത്തിന്‍റെ ജാതി സ്പിരിറ്റ് എന്നു വേണമെങ്കില്‍ പറയാം. അവര്‍ രണ്ടുപേരും സാറു ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്നവരല്ല സര്‍. അവരൊക്കെ നമ്മളേക്കാളും ഒരുപാട് അന്തസ്സുള്ളവരാണ് സര്‍. ഓരോ ദിവസവും അവളെപ്പറ്റി അയാള്‍ക്കു കിട്ടുന്ന വിവരങ്ങള്‍ അങ്കലാപ്പുണ്ടാക്കുന്നതായിരുന്നു. സാമ്പത്തിക പ്രതിസന്ധി. ചുറ്റുമുള്ള പലരും ദുരൂഹജീവിതം നയിക്കുന്നവര്‍. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വീണുകിടക്കുന്ന ലിഫ്റ്റ്. കഞ്ചാവിന്‍റെ മണമുള്ള ഇടനാഴി. പിന്നിലെ ചതുപ്പിനപ്പുറം ഒരാളെ വെട്ടിവീഴ്ത്തിയിട്ടു രണ്ടു പേര്‍ ബൈക്കില്‍ പാഞ്ഞുപോകുന്ന ദൃശ്യം. അസമയത്തു വാതില്‍ക്കലുള്ള കാൽപെരുമാറ്റം. അവിടത്തെ അന്തേവാസിയായിരുന്ന, നാലു വര്‍ഷം മുമ്പു കാണാതായ സെയില്‍സ് ഗേളിന്‍റെ അസ്ഥികൂടം കായലോരത്തെ മണ്ണുമാന്തിയപ്പോള്‍ കണ്ടുകിട്ടിയെന്ന വാര്‍ത്ത... അവളുടെ സാഹചര്യങ്ങളറിഞ്ഞ് അയാള്‍ കൂടുതല്‍ കൂടുതല്‍ വിഷമിച്ചു. മിക്ക ദിവസവും വീട്ടിലേക്കു പോകാതെ സ്റ്റുഡിയോയുടെ വാതില്‍ അകത്തുനിന്നു പൂട്ടി അവിടെത്തന്നെ കിടന്നു. അപ്പോഴാണ് ഏതാനും മാസങ്ങള്‍ക്കു ശേഷം അയാളുടെ ഒരു സുഹൃത്ത് വിളിക്കുന്നത്. നീ എവിടെയാണ്? എന്തു ചെയ്യുന്നു? ഇന്നുതന്നെ നിന്നെയൊന്നു കാണണം. അത്രക്കു സ്ത്രൈണമല്ലാത്ത ആ ശബ്ദം പറഞ്ഞു. ഓ! എന്‍റെ താറാവേ, നീയോ? കുട്ടനാട്ടുകാരിയായ ആ സുഹൃത്തിനെ അയാള്‍ അങ്ങനെയാണ് വിളിച്ചിരുന്നത്. താനെവിടേക്കുമില്ലെന്നും പെയിന്‍റിങ്ങുകള്‍കൊണ്ടു ചുമരുകള്‍ അലങ്കരിച്ച ശവപ്പെട്ടിയാണ് തന്‍റെ സ്റ്റുഡിയോയെന്നും ഇനി അതിന്‍റെ വാതില്‍ തുറക്കുന്നതേയല്ലെന്നും അയാള്‍ പറഞ്ഞു. നിന്‍റെ വിവരങ്ങളെല്ലാം ജ്ഞാനദൃഷ്ടിയില്‍ ഞാനറിഞ്ഞു. നിനക്കിപ്പോള്‍ ഒരു സ്ത്രീസാന്നിധ്യം അനിവാര്യമാണ്. വേഗം എന്‍റെ അടുത്തേക്കു വരൂ... എന്ന് താറാവ് ശഠിച്ചു. താറാവ് ഒരു പെണ്ണാണെന്ന് അയാള്‍ ജീവിതത്തില്‍ ആദ്യമായി ചിന്തിച്ചു. എന്തുകൊണ്ടാണ് ഇത്രയും കാലം തനിക്ക് അങ്ങനെയൊരു ചിന്തയുണ്ടാകാതിരുന്നതെന്ന് അത്ഭുതപ്പെട്ടു. കലയും തത്ത്വചിന്തയും മനഃശാസ്ത്രവുമായിരുന്നു അവളുടെ ഇഷ്ടവിഷയം. നിന്ദിതരും നിരാശരും ദുഃഖിതരും പരാജിതരുമായവരെ നേര്‍വഴിക്കു നയിക്കുന്ന പേരെടുത്ത ഒരു മോട്ടിവേറ്ററായിരുന്നു താറാവ്. ക്വാക്! ക്വാക്! അയാള്‍ അവളുടെ ക്ലാസുകളെ സ്നേഹപൂര്‍വം പരിഹസിച്ചു. അവള്‍ വാക്കുകള്‍ കൊണ്ട് അയാളെ ആവാഹിച്ചു. അയാള്‍ സ്വപ്നാടനത്തിലെന്നപോലെ എഴുന്നേറ്റു വാതില്‍ തുറക്കുകയും സ്കൂട്ടറില്‍ കയറി അവളിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു. സ്ത്രീത്വം വല്ലാതെ പ്രസരിപ്പിച്ച് അവള്‍ അയാളെ വരവേറ്റു... സര്‍, ചോദിക്കുന്നതു മര്യാദയല്ല. തൊണ്ട വരളുന്നു. ഒരു പെഗ്ഗുകൂടി ഒഴിച്ചോട്ടെ?
എന്താണിങ്ങനെ ഫോര്‍മാലിറ്റി? വേണ്ടതു കഴിച്ചുകൊള്ളൂ. താങ്കള്‍ കഥ പറയാന്‍ വല്ലാതെ സ്ട്രെയിനെടുക്കുന്നുണ്ട്. എഴുതുമ്പോഴെന്നപോലത്തെ വിമ്മിട്ടവും ഇമോഷന്‍സും കഥ പറയുമ്പോഴുമുള്ളവരെ ഞാനങ്ങനെ കാണാറില്ല. എങ്ങനെയുണ്ട്, രണ്ടെണ്ണം കൂടി ചെന്നപ്പോള്‍ ഉഷാറായില്ലേ.
ഉവ്വ് സര്‍. ഉഷാറായി. ഇമോഷന്‍സ് എങ്ങനെ വരാതിരിക്കും. കഥകളൊന്നും വെറും കഥകളല്ലല്ലോ സര്‍. അതൊക്കെ ജീവിതമാ. ജീവിതങ്ങളൊക്കെ കഥകളും. ഓരോ വ്യക്തിയും ഓരോ ലോകമാണ്. ഞാന്‍ പറഞ്ഞതു വഴി പിരിഞ്ഞൊഴുകുന്ന രണ്ടുപേരെ പറ്റിയാണ്. സ്വാതന്ത്ര്യമോഹിയായ ഒരു പെണ്ണിന്‍റെ ജീവിതം ഒരു വശത്ത്. പൂർണവളര്‍ച്ചയെത്തിയ മനുഷ്യജീവി പെണ്ണാണെന്നാണല്ലോ പറച്ചില്‍. അവളങ്ങ് വളരട്ടെ. ഇഷ്ടംപോലെ വളരട്ടെ. അയാളോ? പാവം... പ്രണയത്തിലും സൗഹൃദത്തിലും കാലിടറി, വല്ലാത്തൊരു ഏകാന്തതയില്‍ മുഴുകി മുഴുകി, ആശങ്കകളില്‍ നീറി നീറി...
അതായത്, നായകനിലൂടെ പല കാലങ്ങളിലായി ഒഴുകിപ്പോകുന്ന പെണ്ണുങ്ങളുടെ കഥയായി മറുവശം നില്‍ക്കുമെന്നു സാരം. ഇതിലിപ്പോള്‍ പെണ്ണുങ്ങള്‍ മൂന്നായി. 007-ന്‍റെ കാര്യം വേണ്ടതുതന്നെ. പക്ഷേ, താറാവിനെപ്പോലെ പെട്ടെന്നൊരുവള്‍ വന്നു കഥ കൈയേറിയാല്‍ എങ്ങനെ ശരിയാകും?
കഥ മാത്രമല്ല, ജീവിതവും കൈയേറുന്നവരില്ലേ സര്‍. ഇവിടെയങ്ങനെ പെട്ടെന്നു വന്നതൊന്നുമല്ല താറാവ്. അവര്‍ മുമ്പേ തന്നെ സുഹൃത്തുക്കള്‍. അയാളുടെ കാര്യങ്ങളെല്ലാം അറിയാവുന്നവള്‍. ജീവിതം അവസാനിപ്പിക്കാന്‍ അയാള്‍ക്കു തോന്നിയേക്കുമെന്ന് അവള്‍ കരുതിയിട്ടുണ്ടാവാം. അവള്‍ അയാളെ ചേര്‍ത്തുപിടിക്കുകയും നിന്‍റെ മനസ്സിലെന്തെന്നു ചോദിക്കുകയും ചെയ്തു. ഏകാന്തത, അപമാനം, ആശങ്ക എന്നിവയേക്കാളേറെ തന്‍റെ സന്തോഷങ്ങളും ദുഃഖങ്ങളും തുല്യമായി പങ്കിടാന്‍ ഒരാള്‍ ഇല്ലാതായിത്തീര്‍ന്നതിന്‍റെ ശൂന്യത സഹിക്കാനാവുന്നില്ലെന്ന് അയാള്‍ പറഞ്ഞു. വിജനമായ കാട്ടുപാതയിലൂടെ അവര്‍ നടന്നു. പായല്‍ മണമുള്ള കായല്‍ക്കാറ്റ് അവരെ പുണര്‍ന്നു. ഊടുവഴികള്‍ അവരുടെ കാലില്‍ ചുറ്റി. കടല്‍ക്കരയിലെ സൂര്യന്‍ അവരില്‍ ചായം കോരിയൊഴിച്ചു. നഗരരാത്രിയില്‍ വഴിവിളക്കുകള്‍ അവര്‍ക്കു പിന്നില്‍ വിളറിനിന്നു. നടക്കുന്നതിനിടയില്‍ പലപ്പോഴും അവരുടെ നിഴലുകള്‍ കൂടിക്കലര്‍ന്നു. പുഴയിലിറങ്ങി അവര്‍ മുട്ടറ്റം വെള്ളത്തില്‍ നിന്നു. പരല്‍മീനുകള്‍ അവരുടെ കാലില്‍ ഉമ്മ െവച്ചു. ഇതിലേതെങ്കിലും മീനുകളേയോ അവയുടെ ഉമ്മകളേയോ നീ ഓര്‍ത്തുവെക്കുമോയെന്ന് അവള്‍ ചോദിച്ചു. ഇല്ലായെന്ന് അയാള്‍ പറഞ്ഞു. ഇത്രയേയുള്ളൂ കാര്യം. ഓര്‍ത്തുവെക്കേണ്ടവയെ നാം നിശ്ചയിക്കും; മറക്കേണ്ടവയേയും. അവള്‍ ചിരിച്ചു. അയാള്‍ക്ക് എന്തൊക്കെയോ മനസ്സിലായിത്തുടങ്ങി. എങ്കിലും മനസ്സില്‍ വല്ലാത്തൊരു ഭാരം നിറഞ്ഞുനിന്നു. അയാളുടെ കൈപിടിച്ചു കുന്നിന്‍ മുകളിലേക്കു താറാവു നടന്നു. വിവിധ ഭാഷ സംസാരിക്കുന്ന സംഘങ്ങള്‍ അവരെ കടന്നു കുന്നിറങ്ങി. നടപ്പുവഴിയില്‍ നിന്നു മാറി അവിടവിടെയുള്ള കൂറ്റന്‍ പാറകള്‍ക്കു പിന്നിലും ഇടുക്കുകളിലും ലോകത്തെ മറന്നിരിക്കുന്ന കമിതാക്കളെ കണ്ടു. നോക്കൂ, അവരും ഏകാന്തരാണ്. അവരുടെ ഏകാന്തത അവരില്‍ ലഹരി നിറയ്ക്കുന്നു. തന്നോളം പോന്ന ആരുമില്ലാത്ത ഒരാളുടെ ഏകാന്തത നീയൊന്ന് ആലോചിച്ചു നോക്കൂ. സാക്ഷാല്‍ ദൈവം തമ്പുരാന്‍റെ ഏകാന്തത. അതൊന്നുമല്ല... ഈ എന്‍റെ കാര്യമൊന്നു നീ ആലോചിച്ചു നോക്കൂ. അങ്ങനെയൊക്കെ അവള്‍ പറഞ്ഞു. സന്ധ്യ ചാഞ്ഞുതുടങ്ങിയിരുന്നു. അവര്‍ എത്തിയപ്പോള്‍ കുന്നിന്‍മുകള്‍ വിജനമായിരുന്നു. പഞ്ഞിക്കെട്ടുപോലെ മേഘങ്ങള്‍. അവക്കിടയില്‍ കനലൊളിപ്പിച്ചപോലെ ഇത്തിരി വെളിച്ചം. കാറ്റിന്‍റെ ചൂളം. നീലച്ചിറകുള്ള ഒരു പക്ഷി കാറ്റിന്‍റെ ദിശയില്‍ പറന്നുപോകുന്നു. ഏകാകിയായ ആ പക്ഷിക്ക് ഈ കാഴ്ചകള്‍ എന്തനുഭവമായിരിക്കും നല്‍കുകയെന്ന് അയാള്‍ ചിന്തിച്ചു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഏകാകിയുടെ ലളിതമായ ഒരു സൃഷ്ടിയായി ആ താഴ്വരയെ അയാള്‍ അനുഭവിച്ചു. അവളുടെ മടിയില്‍ തലെവച്ച് അയാള്‍ ആകാശം കണ്ടു. അവളുടെ മുടിയഴിഞ്ഞ് വിജയിച്ചവരുടെ കൊടിപോലെ കാറ്റില്‍ പറന്നു. അപ്പോള്‍ അയാളുടെ ഫോണ്‍ ശബ്ദിച്ചു. അതു 007 ആയിരുന്നു. അവര്‍ അയാളുടെ ഭാര്യയെ സംബന്ധിച്ച അന്നത്തെ റിപ്പോര്‍ട്ടു നല്‍കാന്‍ തുനിഞ്ഞപ്പോള്‍ ഇനിയിങ്ങനെ ബുദ്ധിമുട്ടേണ്ടതില്ലെന്നും കാര്യങ്ങള്‍ അറിയാന്‍ അങ്ങോട്ടു വിളിച്ചുകൊള്ളാമെന്നും അയാള്‍ പറഞ്ഞു. പെട്ടെന്നു കോടയിറങ്ങി പാറക്കെട്ടുകളെയും അവരെയും പൊതിഞ്ഞു...
സുഹൃത്തേ, വണ്‍ മിനിട്ട്. ഞാനീ കോളൊന്ന് അറ്റന്‍റ് ചെയ്തോട്ടെ. മറ്റവളാ. കാശുകാരന്‍റെ ധർമപത്നി...
എനിക്കും കുറേ മിസ് കോളുകള്‍ കിടപ്പുണ്ട്. അങ്ങോട്ടു മാറി നിന്ന് ഞാനുമൊന്ന് വിളിച്ചിട്ടു വരാം.
ഹലോ...
ഹലോ... ഇതു ഞാനാണ് സര്‍. ഇതെന്‍റെ പേഴ്സണല്‍ നമ്പറാണ്. ഒരു ക്ലയന്‍റ് എന്ന നിലയിലല്ല ഞാന്‍ സാറിനോടു പെരുമാറിയിട്ടുള്ളത്. സാറ് എന്നോടിങ്ങനെ ചെയ്യരുതായിരുന്നു...
ഞാന്‍ എന്തു ചെയ്തെന്നാണ്?
സര്‍, എക്സിന് സുരക്ഷയൊരുക്കുക. വിവരം താങ്കളെ അറിയിക്കുക. അതു മാത്രമായിരുന്നു എന്‍റെ ഉത്തരവാദിത്തം. മിസ്റ്റര്‍ വൈ-യുമായി എക്സിന് അടുപ്പമുണ്ടായ കാര്യം ഞങ്ങളുടെ പ്രോട്ടോക്കോള്‍ തെറ്റിച്ചാണ് താങ്കളെ ഞാന്‍ അറിയിച്ചത്. മിസ്റ്റര്‍ വൈ-യുടെ സ്വഭാവം ശരിയല്ലെന്നും, അവര്‍ തമ്മിലുള്ള ബന്ധം ഇല്ലാതെയാക്കണമെന്നും താങ്കള്‍ ആവശ്യപ്പെട്ടു. വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഞാനതു സാധിച്ചു. അതിനു വേണ്ടി ഞങ്ങളുടെ വിദേശത്തുള്ള ഏജന്‍റ് ഏതാനും വീഡിയോകള്‍ സംഘടിപ്പിക്കുകയുണ്ടായി. മിസ്റ്റര്‍ വൈ-യുടെ ലൈംഗിക വൈകൃതങ്ങളുടെ ആ വീഡിയോകള്‍ താങ്കളുടെ എക്സിനെ കാണിക്കേണ്ടി വന്നതില്‍ മാപ്പ്. ഇത്രയൊക്കെ ആത്മാർഥത കാണിച്ചിട്ടും... സാറ് എന്നോടിങ്ങനെ ചെയ്യരുതായിരുന്നു.
ഞാന്‍ എന്തു ചെയ്തെന്നാണ്?
ഇന്നു ഞങ്ങടെ മറ്റൊരു ഏജന്‍റു തന്ന റിപ്പോര്‍ട്ടു കണ്ടപ്പം ഞാന്‍ നടുങ്ങിപ്പോയി. അപ്പോള്‍ മുതല്‍ ഞാന്‍ സാറിനെ വിളിക്കാന്‍ തുടങ്ങിയതാണ്. എത്ര തവണ വിളിച്ചു. ഒരു കേസ് ഞങ്ങള്‍ ഏറ്റെടുത്താല്‍ കസ്റ്റമറേയും ഞങ്ങള്‍ നിരീക്ഷിക്കാറുണ്ട്. സാറിപ്പം എവിടെയാണെന്നു ഞങ്ങള്‍ക്കറിയാം. കഴിഞ്ഞദിവസം സ്വന്തമാക്കിയ ആറു ബുള്ളറ്റുകള്‍ നിറക്കാവുന്ന ലൈസന്‍സുള്ള പിസ്റ്റല്‍ ആ തോള്‍സഞ്ചിയിലുണ്ടെന്നറിയാം. അവിവേകമൊന്നും കാണിക്കരുത് സര്‍. സാറെനിക്കൊരു വെറും കസ്റ്റമറല്ല സര്‍...
പ്രീതാ നായരേ, നീ ദൈവമാകുന്നു. എല്ലാം അറിയുന്ന ദൈവം. ഒരു കഥ പറഞ്ഞുതീരാനുണ്ട്...
തമാശയല്ല സര്‍. താങ്കളുടെ ജീവിതം വളരെ വിലപ്പെട്ടതാണ്. അതു വീണുടയാന്‍ ഞാന്‍ സമ്മതിക്കില്ല സര്‍.
പേടിക്കണ്ട. അൽപം തിരക്കുണ്ട്. പിന്നെ വിളിക്കാം.
എന്താ സര്‍. കാശുകാരന്‍റെ ഭാര്യ വിളിച്ചിട്ട് എന്തു പറഞ്ഞു ? സാറാകെ മൂഡോഫായതുപോലെ തോന്നുന്നു.
അതെ സുഹൃത്തേ. ക്ഷമിക്കണം. കഥയുടെ ബാക്കി ഞാന്‍ മറ്റൊരു ദിവസം കേട്ടാലോ? കലാകാരന്മാര്‍ സെന്‍സിറ്റീവല്ലേ. എന്‍റെ മാനസികാവസ്ഥ താങ്കള്‍ക്കു മനസ്സിലാവുമല്ലോ.
തീര്‍ച്ചയായും സര്‍. എനിക്കു മനസ്സിലാവും സര്‍. അല്ലെങ്കിലും വിചാരിച്ചോണ്ട് വന്ന ക്ലൈമാക്സ് ഒന്നു മാറ്റിപ്പിടിക്കണം. ഇനിയും വരാം സര്‍. വിളിച്ചിട്ടു വരാം സര്‍. താങ്ക്യൂ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.