ഉബൈദിന്റെ കാവ്യലോകത്തെക്കുറിച്ച് ശൂരനാട് കുഞ്ഞൻപിള്ള പറഞ്ഞതിങ്ങനെയാണ്: ''ദേശഭക്തിയെ ഉദ്ദീപിപ്പിക്കാനും രാഷ്ട്രാന്തര സൗഹൃദം വളർത്താനും സമുദായ പുരോഗതിയെ ത്വരിപ്പിക്കാനും കാലത്തിന്റെ വിക്രിയകളെ ചൂണ്ടിക്കാണിക്കുവാനും പ്രകൃതിസൗകുമാര്യത്തെ സമാഹരിക്കുവാനും ഒക്കെ വേണ്ടിയാണ് തന്റെ കാവ്യകലയെ ഈ കവി പ്രയോജനപ്പെടുത്തുന്നത്.''13
ഉബൈദിന്റെ ദേശാഭിമാനബോധത്തെക്കുറിച്ച് പറയാതെ വയ്യ. ദേശാഭിമാനികളിൽ ദേശാഭിമാനിയാണ് ഉബൈദ്. ഉബൈദിനെ പോലുള്ള തീക്ഷ്ണ ദേശാഭിമാനബോധം കവിതകളിലൂടെ അവതരിപ്പിച്ച മറ്റൊരു കവി വള്ളത്തോളാണ്. തന്റെ കാവ്യഗുരുവായ മഹാകവിയുടെ ദേശബോധം സ്ഫുരിക്കുന്ന കവിതകൾ ഉബൈദിനെ ഏറെ ആകർഷിച്ചിരിക്കാം. മാതൃഭൂമിയോടുള്ള സ്നേഹം, ആദരം, അഭിമാനബോധം എന്നിവ സ്ഫുരിക്കുന്ന ഒട്ടേറെ കവിതകൾ ഉബൈദിന്റേതായിട്ടുണ്ട്.
'സമാശ്ലേഷം', 'വൈപരീത്യം', 'ചീനയോട്' എന്നീ കവിതകൾ എടുത്തുപറയേണ്ടവയാണ്.
ഇന്ത്യ-പാക് ബന്ധത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന ഒരു കവിതയാണ് 'സമാശ്ലേഷം'. സത്ലജ് നദീ തീരത്തിരുന്ന് പരസ്പരം സ്നേഹം പങ്കുവെക്കുന്ന രണ്ട് സഹോദരിമാരാണ് ഇതിൽ ഇന്ത്യയും പാകിസ്താനും.
''സോദരിമാരാണല്ലോ നാമിരുപേരുമേക–
മാതൃവാത്സല്യസ്തന്യമൊരുപോൽ നുകർന്നല്ലീ?
തറവാടിങ്കൽ ക്രമാലംഗങ്ങൾ പെരുകുമ്പോൾ
പിരിഞ്ഞു നവ്യഗേഹം പണിതു പാർക്കാറില്ലേ?''
എന്നു പറയുന്ന സോദരിയോട് മറ്റവൾ പറയുന്ന മറുപടി നോക്കൂ.
മാമാകജീവിതത്തിന്നലങ്കാരമായി, നിത്യ
മാമയമകറ്റീടും സഖിയായ്, സഹായമായ്
മദീയഹസ്തത്തിലെക്ഖഡ്ഗമായ,് പരിചയായ്,
മതി നേർമുഖീ നിന്നെക്കരുതിപ്പോരുന്നു ഞാൻ.''
''ഇന്ത്യാവിഭജനത്തെ പശ്ചാത്തലമാക്കി എഴുതിയ 'സമാശ്ശേഷ'ത്തിൽ വിഭജനത്തെ സമചിത്തതയോടെ നേരിടുന്ന ഒരു പക്വമതിയുടെ ഭാവസ്പന്ദനങ്ങളാണ് കാണാൻ കഴിയുക.''14 ഇന്ത്യയും പാകിസ്താനും സ്നേഹേത്താടും പരസ്പരവിശ്വാസത്തോടും സഹകരണേത്താടുംകൂടി എന്നും നിലനിൽക്കണമെന്ന കവിയുടെ ഉൽക്കടമായ ആഗ്രഹമാണ് ഈ കവിത. ഇത് ഉബൈദിന്റെ മാത്രമല്ല ഓരോ ഭാരതീയന്റെയും ആഗ്രഹംകൂടിയാണ്.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഭാരതത്തിന്റെ പരിതോവസ്ഥയിൽ അദ്ദേഹം ദുഃഖിക്കുകയും ചെയ്യുന്നു. 'വൈപരീത്യം' എന്ന കവിതയിൽ ഈ ദുഃഖം പ്രതിഫലിച്ചു കാണാം.
''വാരുറ്റ സ്വാതന്ത്ര്യത്തിൻ സൗന്ദര്യം വായ്ക്കും നവ്യ–
ഭാരതപ്പൂവാടിയിലൊരുനാൾ സഞ്ചരിക്കെ
കണ്ടതാം ശോചനീയ ദൃശ്യങ്ങൾ കുറിക്കുവാ–
നിണ്ടലുണ്ടെന്നാകിലും മാപ്പിരന്നുരയ്ക്കുവാൻ.
വിവിധവർണം പെറ്റ പുഷ്പങ്ങൾ പലപാടും
വിരിഞ്ഞു നേത്രാനന്ദമേകുന്നെന്നിരിക്കിലും
ചേണുറ്റ സംസ്കാരത്തിൻ സൗരഭം താവീടുന്ന
സൂനങ്ങൾ പൂക്കും ധർമവല്ലികൾ വാടിക്കണ്ടു!''
വിവാദ കോലാഹലങ്ങളുണ്ടാക്കി എമ്പാടും നിശ്ശാന്തിയുടെ മുൾച്ചെടികൾ വളരുന്നതിൽ കവി ആശങ്കാകുലനാവുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ലോകം മുഴുവനും ഇന്ത്യയുടെ ശബ്ദത്തിന് കാതോർക്കുമ്പോൾ ഇവിടെ സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനുമുള്ള ശ്രമം നടത്തുന്നു.
'ചീനയോട്' എന്ന കവിത ചൈനീസ് ആക്രമണത്തിന് രണ്ട് വർഷം മുമ്പ് എഴുതിയതാണ്. ചൈന ഇന്ത്യയോട് കാണിച്ച ചതി സഹിക്കാനാവുന്നില്ല, കവിക്ക്.
''നേരു ചൊൽകാ ഭാരതാംബയെ–
യീവിധം വഞ്ചിക്കുവാനേ
നീചഭാവം നിന്നെയെങ്ങനെ
വശ്യയാക്കിത്തീർത്തു ചീനേ!
തുടർന്ന്
ഈ ദൃശം നിൻ കപടവൃത്തി–
ക്കൊന്നു പകരം വീട്ടുവാനേ
ഇന്ത്യതൻ പുന്നാരമക്കൾ
ഞങ്ങൾ –പോരുമോർക്ക ചീനേ!''
എന്ന് വർധിച്ച ആത്മവിശ്വാസത്തോടെ കവി പറയുന്നു. ചൈനീസ് ആക്രമണത്തെക്കുറിച്ച് ദീർഘദർശനം ചെയ്ത ദേശാഭിമാനിയായ കവിയുടെ ദൃഢമായ അഭിമാനബോധമാണ് ഈ കവിത.
മഹാകവി പി. കുഞ്ഞിരാമൻ നായരുമായുള്ള ഉബൈദിന്റെ സൗഹൃദത്തിന് ഒരുപാട് വർഷങ്ങളുടെ ആഴവും പരപ്പുമുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ തെക്കും വടക്കും ജനിച്ച് വളർന്നവരാണിവർ. കാസർകോടിനെ കവിതാ സാഹിത്യചരിത്രത്തിൽ അടയാളപ്പെടുത്തിയവരിൽ പ്രമുഖരും ഇവർ തന്നെ. ചങ്ങമ്പുഴ, ഇടശ്ശേരി, ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി എന്നിവരോടൊപ്പം കാവ്യരചന നടത്തിപ്പോന്ന 'പി' താൻ പ്രതിനിധാനംചെയ്യുന്ന നാടിന്റെ സമസ്ത മേഖലകളെക്കുറിച്ചും എഴുതി. ''എല്ലാ ഋതുക്കളെയും വസന്തമാക്കി മാറ്റിക്കൊണ്ട്, എല്ലാ സ്വപ്നങ്ങളിലും പൊന്നോണസമൃദ്ധി നിറച്ചുകൊണ്ട് പാതാളത്തിൽനിന്നും പൂത്തുയർന്ന പ്രണയസുഗന്ധംപോലെ പി. കുഞ്ഞിരാമൻ നായരുടെ കവിതകൾ ഇന്നും ജീവിക്കുന്നു. വാക്കുകളുടെ മഹാബലിയായി മറഞ്ഞുപോയ ഒരു പൂർണ കവിജന്മമായിരുന്നു മഹാകവി 'പി'. അതുകൊണ്ടുതന്നെ മലയാളിയുടെ സ്വത്വത്തിന്റെ ഏറ്റവും വിശുദ്ധമായ നിമിഷങ്ങളിലെല്ലാം 'പി' ഉയിർത്തെഴുന്നേൽക്കുന്നു.''15 ഗ്രാമീണജീവിതത്തിന്റെ ചൂരും ഗന്ധവുമുള്ളതാണ് 'പി'യുടെ കവിതകൾ. കേരളീയ പ്രകൃതിയെക്കുറിച്ചദ്ദേഹം മതിവരാതെ പാടി. ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വർണനൂലുകൾ കോർത്ത് അദ്ദേഹം കവിതകൾ നെയ്തെടുത്തു. നാട്ടുവാമൊഴിവഴക്കത്തെ സംഗീതമാക്കി മാറ്റി പ്രസന്നമധുരമായി അദ്ദേഹം പാടി. ഒപ്പംതന്നെ ആഗോളീകരണത്തിന്റെ വരുംവരായ്കകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. പ്രകൃതി നാശത്തിൽ വല്ലാതെ ദുഃഖിച്ചു. തുറന്നെഴുതി. പുരോഗതി, വികസനം തുടങ്ങിയവയിലെ ഹിംസാത്മക നാഗരികതക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി.
ഗാന്ധിയൻ സ്വപ്നങ്ങളിലേറെക്കാലം ആകൃഷ്ടനായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വിപ്ലവഗാനങ്ങളെഴുതി. പിന്നീട് കമ്യൂണിസ്റ്റ് ആശയങ്ങളുള്ള തീവ്രവിപ്ലവ കവിതകളും ലേഖനങ്ങളുമെഴുതി. സന്യാസിമാരോടോപ്പം ചേർന്ന് ഭാരതീയ ധർമശാസ്ത്രങ്ങളെക്കുറിച്ച് പഠിച്ചു. നിരന്തരം ഒരു നാടോടിയെപ്പോലെ നാടെങ്ങും അലഞ്ഞുനടന്നു.
ഈ വ്യവസ്ഥയില്ലാത്ത ജീവിതത്തിൽനിന്നും സഞ്ചാരത്തിൽനിന്നും ചിന്തയിൽനിന്നും അദ്ദേഹം വിരിയിച്ചെടുത്ത ഉത്കൃഷ്ട കവിതകളിലൂടെ പുതുതലമുറയുടെ കളിയച്ഛനായി. സുകുമാർ അഴീക്കോട് 'പി'യെക്കുറിച്ച് ഇങ്ങനെ എഴുതി: ''അദ്ദേഹം എല്ലാം കണ്ടു. ആദിചന്ദ്രൻമാരും അനലാനിലൻമാരും കണ്ടതിലേറെ ഒരു രാജ്യത്തിന്റെ വിണ്ണിലും മണ്ണിലുംവെച്ച് ആടിയ നാടകങ്ങളെല്ലാം കണ്ട് തന്മയീഭാവം പൂണ്ട കവി, മലയാളത്തിൽ തൽസദൃശനായി വേറൊരാളില്ല. ഭാരതീയ സാഹിത്യത്തിൽ ഒരു കാളിദാസനുണ്ടാകാം.''16
ഈ മഹാകവിയെ ഭക്തകവി എന്ന നാലക്ഷരത്തിൽ പരിമിതപ്പെടുത്താൻ ചിലർ ശ്രമിച്ചപ്പോൾ 'മലയാളത്തിന്റെ മഹാകവി'യായി ഉബൈദ് വാഴ്ത്തിപ്പാടി. ഇതേ പേരിലുള്ള ഈ കവിത വർണനാഭംഗികൊണ്ടും പ്രയോഗസാമർഥ്യംകൊണ്ടും സൂക്ഷ്മ നിരീക്ഷണ പാടവംകൊണ്ടും അദ്ദേഹത്തിന്റെ കവിതകളിൽ ഏറെ മികച്ചതാണ്. ഒരുപക്ഷേ അക്കാലത്തുതന്നെ 'പി' കവിതകളുടെ സമസ്തസൗന്ദര്യവും മനസ്സിലാക്കിയ കവിയാണ് ഉബൈദ്.
ഈ വരികൾ നോക്കൂ.
''ഏവന്റെ സൽക്കാവ്യത്തിൻ
പ്രപഞ്ചം കൈരളിതൻ
പൂവനത്തിനു നിത്യ–
വസന്ത ശ്രീയായ്ത്തീർന്നു;
ഏവന്റെ ദിവ്യപ്രതി–
ഭാങ്കുരം ജീവൻ നൽകീ
പാവനമീ നാടിൻ മൺ–
തരിക്കും പുല്ക്കൊടിക്കും;
നൽപൊടു ജനകോടി–
യരുളുമാശംസതൻ
പാൽപ്പുഴ തന്നിലേവൻ
നീരാടിക്കളിക്കുന്നു;
ആ മഹാകവി, മല–
നാടിന്റെ സമാദര–
പ്പൂമാലയണിഞ്ഞിതാ,
വിജയിക്കുന്നു മേന്മേൽ...''
ആദ്യ വരികൾ വായിക്കുമ്പോൾതന്നെ ''മൺതരിയും പുൽക്കൊടിയുംതൊട്ട് കേരളീയ പ്രകൃതിയുടെ സർവ സൗന്ദര്യങ്ങളും തന്റെ തൂലികകൊണ്ട് തൊട്ടറിഞ്ഞ 'പി'യുടെ കവിതാജീവിതം ഉചിതജ്ഞതയോടെ സംഗ്രഹിക്കുന്ന കവിതയാണ് ഉബൈദ് എഴുതിയിരിക്കുന്നത്''17 എന്ന് നമുക്ക് മനസ്സിലാകും.
'സത്യരക്ഷ'യ്ക്കായ് വീശി
'പടവാൾ' ധീരം ഭവാൻ
സ്തുത്യമാം സംസ്കാരത്തെ–
ദ്ധിക്കരിപ്പോർക്കെതിരേ!
സുഹൃത്തായ കവി കുഞ്ഞിരാമൻ നായരുടെ ധൈര്യം, മഹത്ത്വം എന്നിവ ഒട്ടും ചോർന്നുപോകാതെ അവതരിപ്പിക്കുന്നു. അവ കാലം പിന്നീട് തെളിയിക്കുകയുമുണ്ടായി. ആദർശവൈരുധ്യങ്ങളുടെ കൊടുങ്കാറ്റ് ആഞ്ഞുവീശിയപ്പോഴും സൗധങ്ങൾ, മാമരങ്ങൾ എന്നിവ മറിഞ്ഞുവീണപ്പോഴും ഏകനായി ഗിരീന്ദ്രനെപ്പോലെ നിലകൊണ്ടു. ഒരേ സമയത്ത് ഭാവനാലോകത്ത് വിഹരിക്കുന്നവരും കാലികപ്രശ്നങ്ങളിൽ ഇടപെടുന്നവരുമായ കവികളിൽ 'പി'യെപ്പോലെ േശ്രഷ്ഠനായി ആരാണുള്ളതെന്ന് ഉബൈദ് ചോദിക്കുന്നു. അതുകൊണ്ട്,
''ഒരുപോൽ മന്നിങ്കലും
വിണ്ണിലുമവിശ്രമം
തിരവൂ തവ പ്രാണൻ
സത്യത്തിൻ പൊരുളിനെ...''
''സത്യത്തെയും സൗന്ദര്യത്തെയും തേടിയുള്ള അവിരാമമായ ജീവിതയാത്രയായിരുന്നു 'പി'യുടെ കാവ്യജീവിതം.''18 അങ്ങനെയുള്ള കവി മലനാട്ടിന്റെ മകുടമായ് കൈരളിയുടെ മാറിലെ കൗസ്തുഭമായ്, കാവ്യവേദിയിൽ പലവേഷത്തിലഭിനയിക്കാൻ കൊതിക്കോവോർക്ക് 'കളിയച്ഛനായ്' ഇനിയുമൊരറുപത് വസന്തം കഴിയുംവരെ വാഴട്ടെ എന്ന് ഉബൈദ് ആത്മാർഥമായി പ്രാർഥിക്കുന്നു.
'പിറന്നമണ്ണിൽ', 'പ്രപഞ്ചം', 'പൂനിലാവേ വാ', 'കളിയച്ഛൻ' തുടങ്ങി മഹാകവിയുടെ കവിതകളിലൂടെ സഞ്ചരിച്ച് 'പി' എന്ന കവിയെയും അദ്ദേഹത്തിന്റെ കാവ്യലോകത്തെയും ഈ കവിതയിലൂടെ ആവിഷ്കരിക്കാൻ ഉബൈദിനായിട്ടുണ്ട്. കവിതയുടെ അവസാനം പരാമർശിച്ച 'കളിയച്ഛൻ' എന്ന പ്രയോഗം ജീവിതത്തിൽ ഒരുപക്ഷേ തോറ്റുേപായെങ്കിലും കാവ്യലോകത്ത് വെന്നിക്കൊടി പാറിച്ച കവിയാണ് 'പി' എന്ന സൂചന നൽകുന്നു. ഒരുപക്ഷേ, അക്കാലത്ത് പലരും 'പി'യെ വിളിക്കാൻ അലോസരം കാണിച്ച 'മഹാകവി' എന്ന പദം ധൈര്യപൂർവം വിളിച്ചത് ഉബൈദാണ്. പിന്നീട് കേരളീയർ ഒന്നടങ്കം 'മലയാളത്തിന്റെ മഹാകവി'യായി 'പി'യെ വാഴ്ത്തുകയും ചെയ്തു.
ജീവിത കാവ്യകലകളിൽ 'പി'യും ഉബൈദും ഒട്ടേറെ സമാനത പുലർത്തിയവരാണ്. ഒരാൾ കവിതാംബികയെ തേടിനടന്നപ്പോൾ മെറ്റയാൾ നിത്യകന്യകയെ തേടിയലഞ്ഞു. കേരളീയ പ്രകൃതിയെക്കുറിച്ചും ദേശാഭിമാനത്തെക്കുറിച്ചും രണ്ടുപേരും മതിവരുവോളം പാടി. തങ്ങൾ പുലർത്തിപ്പോന്ന മതബോധത്തിൽ, മതേതരത്വത്തിൽ വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ചു. ഈ ഏകതാനത അവർ എഴുതിയ ചില കവിതകളിലും കാണാം. അതിനുദാഹരണമാണ് 'അമ്പലം കത്തുമ്പോൾ' എന്ന 'പി'യുടെയും, 'തീ പിടിച്ച പള്ളി' എന്ന ഉബൈദിന്റെയും കവിതകൾ. രണ്ടും സമാനപ്രമേയത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടു. അമ്പലവും പള്ളിയും രണ്ട് മതവിശ്വാസത്തിന്റെ ആരാധനാകേന്ദ്രങ്ങളാണെങ്കിലും ഭാരതീയ കാഴ്ചപ്പാടിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും കേന്ദ്രബിന്ദുക്കളാണ്. അതോടൊപ്പംതന്നെ സാംസ്കാരിക സമന്വയത്തിന്റെയും മതേതരത്വത്തിന്റെയും സ്ഥാനങ്ങളാണ്. ഹിന്ദുവും മുസൽമാനും ഏകോദര സഹോദരൻമാരായി ജീവിച്ചുവന്നതിന്റെ പൈതൃകംകൂടിയാണ്. ഇത് കൈമോശം വരാതെ സൂക്ഷിക്കാൻ 'പി'യും ഉബൈദും അന്തരാത്മാവിൽ വല്ലാതെ ആഗ്രഹിച്ചിരുന്നു.
അക്കാലത്ത് മതസംസ്കൃതിക്കേറ്റ പുഴുക്കുത്തുകൾ തിരിച്ചറിയുകയും അതിൽനിന്ന് ഈ മതസാംസ്കാരിക കേന്ദ്രത്തെ സംരക്ഷിക്കാനുമുള്ള അടങ്ങാത്ത ആഗ്രഹമാണ് ഈ രണ്ടു കവിതകളിലും ഒരുപോലെ കാണാനാവുക.
''വിശ്വം വിഴുങ്ങി വിഹരിക്കുമാസുര–
വിദ്യതൻ പന്തം പരന്നു.
അമ്പലം കത്തുന്നിതമ്പല;–മാരുമി–
ച്ചെന്തി തളർത്തുവാനില്ലേ?''
എന്ന് ചോദിച്ചുകൊണ്ട് 'പി' കവിത ആരംഭിക്കുമ്പോൾ,
''പള്ളിക്ക് തീപിടിച്ച'ൽല്ല(ഹ്)!യിച്ചെന്തീ
കെടുത്തുവാനാരുമില്ലേ?
പട്ടാപ്പകൽ പള്ളി കത്തുമ്പോളിങ്ങു
പാഞ്ഞെത്തുവാനാരുമില്ലേ?''
എന്ന് ഉബൈദ് ചോദിക്കുന്നു. തീ പിടിച്ച് അമ്പലവും പള്ളിയും കത്തുന്നത് എത്ര വികാരസാന്ദ്രമായും സൂക്ഷ്മമായും ആണ് രണ്ട് കവികളും വിവരിക്കുന്നത്.
''ചെമ്പുപലകയടകളടുക്കിയ
ചിറ്റമ്പലം കിടക്കുന്നു.
കൂകിത്തെളിഞ്ഞ കലകൾക്കു കൂടായ
കൂത്തമ്പലമെരിയുന്നു!
ഭാരതരാമായണക്കഥ കൊത്തിയ
ചാരുകൽത്തൂണിടിയുന്നു!''
(അമ്പലം കത്തുമ്പോൾ)
മാടവും മേൽപുരതാനും വിഴുങ്ങി
തീനാളം പടർന്നിടുന്നൂ
മാണിക്യരത്നം പതിച്ചോരു മിമ്പറും*1
മിഹ്റാബും*2 കത്തീടുന്നു!
ഈടുറ്റൊരായത്തു*3 കൊത്തിയ തൂണുകൾ
മുറ്റും കരിഞ്ഞീടവേ;
ഇൽമിന്റെ*4 കേദാരമാകും കിത്താബു*5കൾ
ചാരമായ്ത്തീർന്നീടവേ!
ശേടുകൾ, ലാമ്പുകൾ, മുത്തുക്കുലകളും
പൊട്ടിത്തകർന്നിടവേ;
ശീൽക്കാരത്തോടെ നിലത്തു പതിച്ചു ഹാ,
ചിന്നിത്തെറിച്ചീടവേ;
ആളിപ്പുളച്ചു തീനാളം മുനാരം*6
കടന്നു പിടിച്ചുവല്ലോ
(തീ പിടിച്ച പള്ളി)
തുടർന്ന് തീ കെടുത്താൻ ഒട്ടും താൽപര്യം കാണിക്കാത്ത അമ്പലവാസികളുടെയും പള്ളി അധികാരികളുടെയും മുഖത്ത് നോക്കി ശക്തമായ വിമർശനം തൊടുത്തുവിടുകയും ചെയ്യുന്നത് കാണാം.
''തമ്പുരാൻ ചോറിനാൽ മെയ്ക്കരുത്താർന്നവ–
രമ്പലവാസികളില്ലേ?
മേശാന്തി നിദ്രാവധൂടിതൻ പോർമുല–
ചേർത്തു കിടക്കയാണല്ലേ?
ദേവന്റെ മെയ്ച്ചോരയൂറ്റി കുടിക്കുന്ന
കോവിലൂരാളനെവിടെ?
ശംഖു വിളിക്കേണ്ട മാരാർ മുറുക്കുവാൻ
തൻ പൊതിക്കെട്ടഴിക്കുന്നോ?
അമ്പലം പാതിയായ്!– ആരുമിത്തീമല–
തല്ലിയമർത്തുവാനില്ലേ?''
(അമ്പലം കത്തുമ്പോൾ)
''കട്ടി പ്രസംഗം തകർത്തിടും ആലിം7കൾ
ഖാസിമാരെങ്ങിരിപ്പൂ?
കൗതുകക്കുപ്പായമിട്ടു നടന്നിടും
സയ്യിദോ*8 രെങ്ങിരിപ്പൂ?
വട്ടമിട്ടോത്തു നടത്തുന്നു മൊല്ലാ
മുതഅല്ലി*9മെങ്ങിരിപ്പൂ?
വാദവിവാദത്താൽ ജീവിക്കും
മൗലവി, മുസ്ലിയാരെങ്ങിരിപ്പൂ?''
(തീ പിടിച്ച പള്ളി)
പ്രമേയത്തിലും അവതരണത്തിലും വരികളിലും എെന്താരു സാദൃശ്യം. എന്നാൽ 'പി' ഒരു പടികൂടി മുന്നിൽ പോയി കവിത അവസാനിപ്പിക്കുന്നു. അമ്പലത്തിന് െതാട്ടടുത്ത് മതമൈത്രിയുടെ പ്രതീകമായി നിലകൊള്ളുന്ന പള്ളിക്കുകൂടി തീപിടിച്ചെന്നും നബിഭക്തർ ബാങ്ക് വിളിക്കുമെന്നും കവി പ്രത്യാശിക്കുന്നു. കാലം തലമുറ തലമുറയായി സംരക്ഷിച്ചുപോന്ന (വേണാട്ടരചന്റെ വാളും, ചേരന്റെ വില്ലും ശരവും, കുന്നലക്കോന്റെ പടയും, മരയ്ക്കാർ ഗുരുക്കളുടെ പടയും, കാത്തുരക്ഷിച്ച കോവിലും പള്ളിയും) അമ്പലവും പള്ളിയും ഇന്ന് സംരക്ഷിക്കാൻ നമുക്കാവുന്നില്ല. നമ്മൾ ഭീതിയുടെ കൂടപ്പിറപ്പുകളോ എന്ന് മഹാകവി വ്യാകുലപ്പെടുന്നു.
''ഉള്ളലിയിക്കുന്ന ശംഖനിനദവും
പള്ളിതൻ ബാങ്കുവിളിയും
ഏകസ്വരത്തിൽ ക്ഷണിച്ചുവരുത്തുമീ
ഐക്യപ്പുലരി പ്രഭയിൽ
ധീരതനയരേ, ദർശിപ്പിനീ മുഗ്ധ–
ഭാരതമേദിനീരൂപം!
വെന്തെരിയുന്നിതാ പള്ളിയും കോവിലും
ചെന്തീ കെടുത്താത്തതെന്തേ?''
''അമ്പലം, പള്ളി എന്നീ പ്രതീകങ്ങൾക്ക് സൂക്ഷ്മമായ അർഥങ്ങൾ കൽപിക്കുമ്പോൾ ഈ അമ്പലവും പള്ളിയും സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെതന്നെയും വിശാലതയിലേക്ക് വികസിപ്പിച്ചാൽ നവംനവാർഥങ്ങൾ കൽപിച്ചെടുക്കാനാവും. പള്ളിയും അമ്പലവും കത്തുമ്പോൾ അത് കെടുത്താൻ ആരും വരാത്തതെന്തെ എന്ന ചോദ്യം മനുഷ്യമനസ്സാക്ഷിക്ക് നേരെയാണ് ഉയരുന്നത്.''19 ഇങ്ങനെ മതബോധത്തിന്റെയും മതൈക്യത്തിന്റെയും മതശുദ്ധീകരണത്തിന്റെയും വക്താക്കളായി ഈ രണ്ടു കവികളും കവിതകളിലൂടെ നിലകൊണ്ടു.
ജനാധിപത്യത്തിന്റെ ഉപോൽപന്നമായ ബഹുസ്വരതയെപ്പറ്റി നാം ഏറെ ചർച്ചചെയ്യാറുണ്ട്. ഒരു ബഹുസ്വരസമൂഹത്തിൽ ജീവിക്കുന്ന വ്യക്തി തനിക്ക് ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെ നിരന്തരം കാണേണ്ടതുണ്ട്. അവയോട് പ്രതികരിക്കേണ്ടതുണ്ട്. നിലനിന്നുപോരേണ്ട മാനവികമൂല്യങ്ങൾ സംരക്ഷിക്കാൻ മുൻനിരയിൽ നിൽക്കേണ്ടതുണ്ട്. അങ്ങനെ നിൽക്കുമ്പോഴും പലമ നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടതുണ്ട്. അങ്ങനെ സമൂഹത്തിന്റെ കാവലാളായി പ്രവർത്തിക്കുമ്പോഴാണ് ഒരു കവി വിശുദ്ധിയുള്ളവനായി മാറുന്നത്. പ്രസിദ്ധ കലാചിന്തകനായ എറിക്സൺ എഴുതി: ''ഒന്നിനെ നല്ലതെന്ന് പറയാൻ കാരണമാകുന്ന ഗുണത്തിന്റെ പേരാണ് വിശുദ്ധിയെന്നുമാത്രം പറയട്ടെ. അതിന്റെ പൂർണമായ അർഥം നിർവചിക്കുമ്പോൾ ചോർന്നുപോകുന്നു. അതൊരാത്മീയ ഗുണമാണ്; ആത്മാവിന് മാത്രമേ അത് മനസ്സിലാകൂ. ഞാൻ വിശുദ്ധി സദാചാരപരമായ ഒരു ഗുണവിശേഷമാണെന്ന് പറയുകയല്ല, അതൊരു സാന്മാർഗിക കാര്യമേയല്ല. അത് ബുദ്ധിക്കുപരിയാണ്. ബുദ്ധിക്കതീതവുമാണ്. അത് കേവലമായ സൗന്ദര്യംതന്നെ. ആത്മാവിന്റെ സൗന്ദര്യം. ഉബൈദിന്റെ കവിതയിൽ വസ്തു സൗന്ദര്യത്തിന്റെ വിശുദ്ധിയും സൗന്ദര്യവുമല്ല നമ്മെ വശീകരികുക. വസ്തുക്കളിലേക്ക് ഉബൈദിന്റെ ആത്മാവ് പ്രസരിപ്പിക്കുന്ന ശുദ്ധിയും സൗന്ദര്യവുമാണ്.''20 ഉബൈദ് എഴുതി പ്രകാശനംചെയ്ത 73 കവിതകളിലും പ്രകാശനം ചെയ്യാതെയുള്ള ഒട്ടേറെ കവിതകളിലും ഈ ശുദ്ധിയും സൗന്ദര്യവും നമുക്ക് കാണാം.
വള്ളത്തോളിനെ നാം 'പദസുന്ദരൻ' എന്ന് വിളിക്കാറുണ്ട്. നവംനവങ്ങളായ പദപ്രയോഗത്തിലൂടെ വികാരതീവ്രത, ഭാവപോഷണം എന്നിവ സാധിച്ചെടുത്ത കവിയാണ് വള്ളത്തോൾ. നമ്മുടെ സംവേദനത്തെ തൊടുന്ന അസന്ദിഗ്ധമായ ഏതോ ഒന്ന് വള്ളത്തോൾ കവിതകളിലുടനീളം നമുക്ക് കാണാം. സാഹിത്യമഞ്ജരിയുടെ അവതാരികയിൽ ഒ.എൻ.വി ഇങ്ങനെ എഴുതി: ''വള്ളത്തോളിന്റെ പ്രതിഭാസൂര്യൻ കത്തിജ്ജ്വലിച്ച് മധ്യാഹ്നനഭസ്സിലേക്കുയർന്ന കാലത്തെ കവിതകളാണ് സാഹിത്യമഞ്ജരിയുടെ ആദ്യത്തെ ഏഴുഭാഗങ്ങളിലായി സമാഹരിച്ചിട്ടുള്ളത്. കേരളീയ ജനഹൃദയങ്ങളിൽ വള്ളത്തോളിന് ചിരപ്രതിഷ്ഠ നേടിക്കൊടുത്ത കവിതകളാണവ.''21
സാഹിത്യമഞ്ജരിയിലെ കവിതകളെ പോലെ ഭാവസുന്ദരമായി രചനാസൗഷ്ഠവത്തിലും ആശയസ്വീകരണത്തിലും ഘടനാവിന്യാസത്തിലും പുതുമ നിലനിർത്തുന്നതാണ് ഉബൈദിന്റെ ഒട്ടേറെ കവിതകൾ. പുതിയ പുതിയ അറബിമലയാള പദങ്ങളാൽ ഇശൽ തേൻമഴ ചൊരിയുന്നവയാണവ. മാപ്പിളപ്പാട്ടിന്റെ താളവിന്യാസക്രമം അവയെ ആസ്വാദ്യകരമാക്കുന്നു. അതുവഴി വായനക്കാരന്റെ ഹൃദയവുമായാണ് ഈ കവിതകൾ സമരസപ്പെടുന്നത്. 'മരണമില്ലാത്ത കവി' എന്ന കവിതയിൽ മേലത്ത് ചന്ദ്രശേഖരൻ എഴുതിയപോലെ,
''ഇക്കൃഷീവലനെ, നീ
കൊയ്തെന്നോ? ഇവൻ നട്ട–
വിത്തുകൾ മുളക്കുന്നു
മരിച്ചിട്ടില്ലീ കവി.''
(അവസാനിച്ചു)
കുറിപ്പുകൾ
13 അതേ കൃതി, പുറം 178
14 സി.പി. ശ്രീധരൻ, 'ഉബൈദിന്റെ സൃഷ്ടി പ്രപഞ്ചം' (ലേഖനം) ഉബൈദ് സ്മാരകഗ്രന്ഥം, കാസർകോട് സാഹിത്യ വേദി പ്രസിദ്ധീകരണം 2008, പുറം 66
15 ആലങ്കോട് ലീലാകൃഷ്ണൻ, 'വാക്കുകളുടെ മഹാബലി' (പഠനം), പി കവിതകൾ vol - II
ഡി.സി ബുക്സ് 2005, പുറം 1902
16 സുകുമാർ അഴീക്കോട്, അവതാരിക പി കവിതകൾ vol - I
ഡി.സി ബുക്സ് 2005 പുറം 16
17 ഇബ്രാഹിം ബേവിഞ്ച, 'ഉബൈദിന്റെ തീപിടിച്ച പള്ളിയും പി. കുഞ്ഞിരാമൻ നായരുടെ കത്തുന്ന അമ്പലവും' (പഠനം) വചനം ബുക്സ് 2012, പുറം 27
18 അതേ കൃതി പുറം 28
19 ഇബ്രാഹിം ബേവിഞ്ച, 'ഉബൈദിന്റെ തീപിടിച്ച പള്ളിയും പി. കുഞ്ഞിരാമൻ നായരുടെ കത്തുന്ന അമ്പലവും' (പഠനം) വചനം ബുക്സ് 2012, പുറം 14
20 സി.പി. ശ്രീധരൻ 'ഉബൈദിെന്റ സൃഷ്ടിപ്രപഞ്ചം' (ലേഖനം) ഉബൈദ് സ്മാരക ഗ്രന്ഥം, കാസർകോട് സാഹിത്യ വേദി പ്രസിദ്ധീകരണം 2008, പുറം 65
21 ഒ.എൻ.വി. കുറുപ്പ്, അവതാരിക, 'സാഹിത്യമഞ്ജരി', വള്ളത്തോൾ ഡി.സി ബുക്സ് 2010,
22 ഇബ്രാഹിം ബേവിഞ്ച, 'ഉബൈദിന്റെ കവിതാലോകം' (പഠനം) പ്രവാസി പബ്ലിക്കേഷൻസ് കോഴിക്കോട് 1997 (സഹായക ഗ്രന്ഥം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.