എട്ട്
ചിറ്റഗോങ് എന്നുപേരുള്ള ഞങ്ങളുടെ ഗ്രാമത്തിൽ ഒരു മരംവെട്ടുകാരൻ ജീവിച്ചിരുന്നു. എത്ര ഉയരത്തിലുള്ള മരവും അയാൾ നിസ്സാരമായി മുറിച്ചുനീക്കുമായിരുന്നു. ഭാര്യയും രണ്ടു പൊടിപ്പിള്ളേരുമായിരുന്നു അയാളുടെ കൈസഹായികൾ.
ഒരിക്കൽ, ഒരു മഴക്കാലത്ത്, മരംമുറിച്ചുകൊണ്ടിരിക്കെ അയാൾ പിടിവിട്ടു താഴേക്കുപോന്നു. ചില്ലകൾ ഉലയുന്ന ശബ്ദംകേട്ട് ഭാര്യയും മക്കളും മുകളിലേക്കു നോക്കി നെഞ്ചില്‍ കൈവെച്ചു.
നിലത്തേക്കുവീണ് ചിതറിയ ഭർത്താവിന്റെ പിടച്ചിൽ കണ്ടുനിൽക്കാനാകാതെ ആ സ്ത്രീ മക്കളെ ചേർത്തുപിടിച്ച് കണ്ണുകൾ പൂട്ടിയടച്ചു.
അതിനുശേഷം അവരുടെ ഉറക്കം നഷ്ടപ്പെട്ടു. കണ്ണടച്ചാൽ, മരത്തിന്റെ മുകളിൽനിന്നും പിടിവിട്ടു താഴേക്കുവീഴുന്ന ഭർത്താവിന്റെ രംഗം.
ഭ്രാന്തിന്റെ വക്കോളമെത്തിയ അവർ ജീവിതം തിരിച്ചുപിടിക്കാൻ എന്ത് ചെയ്തെന്നോ? ഒരു നട്ടപ്പാതിരക്ക്, മക്കളെ രണ്ടിനെയും ഉറക്കത്തിൽനിന്നും തട്ടിയെഴുന്നേൽപിച്ച് വീടുവിട്ടിറങ്ങി. അധികദൂരമൊന്നും പോകേണ്ടിവന്നില്ല, നാട്ടുപ്രമാണിയുടെ വീട്ടുവളപ്പിൽതന്നെ ഒരു പടുകൂറ്റൻ മരം തലയുയർത്തിപ്പിടിച്ചു നിൽപുണ്ടായിരുന്നു.
മക്കളെ വടം പിടിക്കാൻ ഏൽപിച്ച് അവർ മരത്തിന്റെ തുഞ്ചത്തേക്കു കയറിപ്പോയി. ഇലയേതാ ഇരുട്ടേതാ എന്നു തിരിച്ചറിയാൻ കഴിയാതെ വാപൊളിച്ചു നിൽക്കുന്ന കുട്ടികളുടെ ഇടയിലേക്ക്, കാറ്റിന്റെ ചൂളംവിളിയോടെ ഒരു ചെറുചില്ല വന്നുവീണു. കുട്ടികള്‍ പേടിച്ച് ഇടത്തോട്ടും വലത്തോട്ടും വെട്ടിമാറി. പിന്നാലെ, പേമാരിപോലെ, വലിയൊരു ചില്ല വന്നുപതിച്ചു. ഇത്തവണ പ്രമാണിയുടെ വീട്ടിൽ വെളിച്ചം തെളിഞ്ഞു. ആളുകൾ ഉണർന്നു. ഇതെന്ത് പ്രാന്തെന്ന് നാട്ടുകാർ അടക്കം പറഞ്ഞു.
താഴെ നടക്കുന്ന കോലാഹലങ്ങളൊന്നും ആ സ്ത്രീ അറിഞ്ഞില്ല. അവരുടെ ശ്രദ്ധമുഴുവൻ മരം വെട്ടിയൊതുക്കുന്നതിലായിരുന്നു. അതുവഴി, തന്റെ ജീവിതത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഭയത്തെ അതിജീവിക്കുന്നതിലായിരുന്നു.
"ആ കുട്ടികൾ?" കുഞ്ഞോൾ ഇടയ്ക്കുകയറി ചോദിച്ചു. അവളുടെ മനസ്സുനിറയെ അവരായിരുന്നു.
''എല്ലാ ഗുണപാഠകഥകളുടെയും അവസാനമെന്നപോൽ അവരും ദീർഘകാലം സുഖമായി ജീവിച്ചു.'' ദൂരേക്ക്, ഇരുട്ട് മൂടിത്തുടങ്ങിയ കടലിലേക്കു നോക്കി ഷെബാബ് മൊണ്ടൽ പറഞ്ഞു: ''ഒരു കടലിനെ കീഴടക്കിയാൽമതി, ഭൂമിയിലുള്ള മുഴുവൻ കടലുകളും സ്വന്തമാക്കാം.''
നിേന്നടത്തുനിന്നും ഒരടിപോലും മുമ്പോട്ടു പോകാൻ കഴിയാത്തവിധം തന്നെ കുടുക്കിക്കളഞ്ഞ ആഴഭയത്തെ ജയിക്കണമെന്ന ഉള്‍വിളി കുഞ്ഞോള്ക്കുണ്ടായി. ആദ്യമായിട്ടാണ് അങ്ങനെയൊരു തോന്നല്‍.
"കടലാഴം കാണിച്ചുതരൂ..." അവള് പറഞ്ഞു.
"വരൂ..." ഷെബാബ് മൊണ്ടല്‍ ക്ഷണിച്ചു.
അനേകായിരം മനുഷ്യരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞുകിടക്കുന്ന മണലിലൂടെ അവര്‍ കടല്‍ത്തീരത്തേക്കു നടന്നു; തീര്‍ത്തും ആളൊഴിഞ്ഞ ഒരു മുനമ്പില്‍ ചെന്നുനിന്നു.
അമ്മച്ചീയെന്നൊരു നീട്ടിവിളി കുഞ്ഞോളുടെ ഹൃദയത്തില്‍ വിങ്ങി. തിരകള്‍ അമ്മച്ചിക്കൈകളായി അവളെ തഴുകി. പാദങ്ങളില്‍ നനവുതട്ടിയപ്പോള്‍ ഉള്ളുകുളിര്ത്തു; മേലാകെ കുളിരുകോരി.
പഞ്ചാരമണലില്‍ തെളിഞ്ഞ ചിപ്പികളില്‍ ഒരെണ്ണമെടുത്ത് ഷെബാബ് കുഞ്ഞോള്‍ക്ക് സമ്മാനിച്ചു. അവന്റെ കൈ പിടിച്ച് അവള് കടലിലേക്കിറങ്ങി. മുമ്പോട്ടേക്കു പോകുന്തോറും ഭയം പിന്നോട്ടേക്ക് ഒഴിയുന്നതായി അനുഭവപ്പെട്ടു. അമ്മച്ചിയുടെ മടിത്തട്ടിലേക്കെന്നപോലെ അവള് കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങാങ്കുഴിയിട്ടു. ശ്വാസം പിടിച്ചുവെച്ച് ഏറെനേരം ആ നില്പ് തുടര്‍ന്നു. നിത്യേന കടലിലിറങ്ങുന്ന ഷെബാബുപോലും അണച്ചുപോയി. അവന് തോല്‍വി സമ്മതിച്ച് മുങ്ങിനിവര്‍ന്നു.
കുഞ്ഞോള് ആവേശത്തില്‍ കളി തുടര്‍ന്നു. ആഴങ്ങളില്‍നിന്നും അമ്മച്ചി അവളെ വിളിച്ചു. അവള് വിളികേട്ടു. ദൂരെ, പൊട്ടുപോലെ തെളിഞ്ഞുകിടക്കുന്ന ബോട്ടുകളുടെ നിരയിലേക്ക് അമ്മച്ചി നീന്തിപ്പോയി. അവള് അമ്മച്ചിയെ പിന്തുടര്ന്നു. പക്ഷേ, ഇത്തവണ ഹൃദയമിടിപ്പു നിലച്ചുപോകുന്നതുപോലെ തോന്നി. കൈകാലുകള്‍ കുഴയുന്നു. കിതയ്ക്കുന്നു. കണ്ണുകളില്‍ ഇരുട്ടുവീഴുന്നു.
പ്രാണപ്പിടച്ചിലോടെ മുങ്ങിനിവരുമ്പോള്‍, ഒപ്പമുണ്ടായിരുന്ന ഷെബാബിനെ കാണാനില്ല. കടലിന്റെ ശാന്തതയും നഷ്ടപ്പെട്ടിരിക്കുന്നു.
അവള് ധൃതിയില്‍ കരയിലേക്ക് കയറി; കടലിലേക്കു നോക്കി കരഞ്ഞു.
തനിക്ക് ചുറ്റും ഒരു മനുഷ്യക്കടല്‍ രൂപപ്പെടുന്നത് കുഞ്ഞോള് അറിഞ്ഞു. അതിന്റെ ആഴങ്ങളിലേക്ക് അവള് വീണുപോയി.
ഒമ്പത്
''ഇവള് ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല. മനുഷ്യന്റെ ഉള്ള സമാധാനംകൂടി പോയിക്കിട്ടി.'' ലാലിമോള്‍ ശാമുവേല്‍ സാറിനോടു പറഞ്ഞു.
ട്വിങ്കിളും ഡയാനയും അതു ശരിവെച്ചു.
''ഷീ ഈസ് വെരി ഓള്‍ഡ് മോഡല്‍ ഗ്രാന്റ്പ്പാ.'' അവര്‍ പറഞ്ഞു.
ശാമുവേല്‍ സാര്‍ മറുപടിയൊന്നും പറഞ്ഞില്ല. കുഞ്ഞോള് തലകുനിച്ചുപിടിച്ച് ചുമരില്‍ ചാരിനില്ക്കുകയായിരുന്നു. തറയില്‍ പാകിയ വെണ്ണക്കല്ലില്‍ നാലുമുഖങ്ങള്‍ ഇരുണ്ടുകൂടുന്നത് അവള് കണ്ടു.
''ഇവളെ ഞാന്‍ സിംഗപ്പൂര്‍ക്ക് കൊണ്ടുപൊക്കോളാം.'' ശാമുവേല്‍ സാര്‍ പറഞ്ഞു. പക്ഷേ, അവസാന നിമിഷം ആ തീരുമാനത്തെ തകിടം മറിച്ചുകൊണ്ട് മസ്കറ്റില്‍നിന്നും ലില്ലിമോളുടെ വിളിവന്നു.
പ്രെഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് ആയതിന്റെ സന്തോഷത്തിലായിരുന്നു ലില്ലിമോളും ഭര്‍ത്താവും.
''കല്യാണം കഴിഞ്ഞിട്ട് വര്‍ഷം പത്തായി. ഇപ്പോഴാണ് ആ നല്ലവാര്‍ത്ത കേള്‍ക്കുന്നത്.'' ശാമുവേല്‍ സാര്‍ കുഞ്ഞോളോടു പറഞ്ഞു: ''മക്കളാണേലും അങ്ങോട്ടുകേറി ചോദിക്കാന്‍ പറ്റോ. ഇനി കുട്ടികളേ വേണ്ടാന്നുവെച്ചിട്ടാണെങ്കിലോ? അവരുടെ ജീവിതം. അവരുടെ സ്വാതന്ത്ര്യം. ശരിയല്ലേ?''
കുഞ്ഞോള് തലകുലുക്കി. ഒപ്പം ആലോചിച്ചു, അപ്പോള്‍ തന്റെ ജീവിതം? സ്വാതന്ത്ര്യം?
മസ്കറ്റിലെ രണ്ടു വര്‍ഷത്തെ ജീവിതമായിരുന്നു അതിനുള്ള ഉത്തരം.
നാൽപതിൽ മീതെ നിലകളുള്ള ഒരു ബില്‍ഡിങ്ങിലായിരുന്നു ലില്ലിമോളുടെ താമസം. ഫ്ലാറ്റിന്റെ മുമ്പില്‍ത്തന്നെയാണ് ലിഫ്റ്റിന്റെ സ്ഥാനം. അടിമുടി ചില്ലുകൊണ്ടാണ് അതിന്റെ നിർമിതി. ഷെബാബ് മുങ്ങിപ്പോയ കടൽത്തുണ്ടിനെ ഓർമിപ്പിക്കുന്ന നീലനിറം. കാണുമ്പോഴൊക്കെ ചങ്കിൽ കടൽവെള്ളം നിറയും. ഉപ്പുകാറ്റേറ്റ് ശ്വാസംമുട്ടും.
ആകപ്പാടെ മൂന്നുവട്ടമാണ് കുഞ്ഞോളാ കുന്ത്രാണ്ടത്തില് കയറിയിറങ്ങിയിട്ടുള്ളത്.
ആദ്യമായി ആ ഫ്ലാറ്റിലേക്ക് എത്തിയ ദിവസം, റോക്കറ്റുപോലെ ഒരു കുതിപ്പായിരുന്നു മുകളിലേക്ക്. വിസയുടെ ആവശ്യത്തിനായി പുറത്തേക്കു പോയ ദിവസം, പാതാളക്കുഴിയിലേക്കു കൂപ്പുകുത്തുന്നതുപോലെ ഒരൊറ്റ വീഴ്ചയായിരുന്നു.
തിരിച്ചുകേറുമ്പോള്‍ തീരുമാനിച്ചു, ചത്താലും ഇനി ആ സാഹസത്തിനില്ലെന്ന്. പക്ഷേ, ഭൂമി കുലുങ്ങിയെടി പെണ്ണേ എന്നും പറഞ്ഞ് ലില്ലിമോള് കൈക്കുഞ്ഞിനെ എടുക്കാന്‍ മറന്ന് ഇറങ്ങിയോടിയ ദിവസം കുഞ്ഞോള്‍ടെ മുമ്പില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു.
താഴെ, പാര്‍ക്കിങ്ങില്‍ ജനസമുദ്രം. അന്ന്, തന്റെതന്നെ ഛായയിലുള്ള നിരവധിപേരെ കുഞ്ഞോള് കണ്ടു. എല്ലാവര്ക്കും ഒരേ മുഖഭാവമായിരുന്നു. ഒരേ തൂവല്‍പ്പക്ഷികള്‍.
അവിടന്നങ്ങോട്ട് പുറംലോകം കാണാതെ ഒരുവർഷംകൂടി പോയിക്കിട്ടി. ഈ കാലയളവിൽ, ലില്ലിമോളുടെ ക്ടാവിനെ കാണാൻ ട്വിങ്കിളും ഡയാനയും ഒരുവട്ടം വന്നതൊഴിച്ചാൽ മറ്റു മനുഷ്യരെയൊന്നും കുഞ്ഞോൾ കണ്ടിട്ടില്ല.
ലില്ലിമോളും ഭർത്താവും ഒറ്റപ്പെട്ട തുരുത്തുപോലെയാണ് ജീവിക്കുന്നത്. അവരെ തിരക്കി ആരുംതന്നെ വരാറില്ല.
അനുവാദം ചോദിക്കാതെ ബാൽക്കണി കൈയടക്കുന്ന ഏതാനും പ്രാവുകളുമായിട്ടായിരുന്നു കുഞ്ഞോളുടെ ചങ്ങാത്തം മുഴുവനും. ആഴങ്ങളെയും ഉയരങ്ങളെയും ഭയമില്ലാത്ത അവറ്റകളോട്, ഒരിക്കൽപോലും ബാൽക്കണിയുടെ കൈവരികളിൽ പിടിച്ച് താഴേക്ക് നോക്കാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത അവൾ, എങ്ങനെയിത്ര ധൈര്യം എന്നു കുറുകിക്കൊണ്ടിരുന്നു.
ഇതിനിടയിൽ ശാമുവേൽ സാറൊന്നു കിടപ്പിലായി. പ്രഭാതനടത്തത്തിനിടയിൽ കുഴഞ്ഞുവീണതാണ്. ഒരുവശം പൂർണമായും തളർന്നുപോയി. മസ്കറ്റിൽനിന്നും സിംഗപ്പൂരിലേക്ക് കുടിയേറിയ കുഞ്ഞോൾ, ലോനാച്ചൻ സാറിനെ നോക്കിയതുപോലെ ശാമുവേൽ സാറിനെയും നോക്കി.
ഒന്നരവർഷമെടുത്തു കൈയും കാലും അനങ്ങിക്കിട്ടാൻ. പിന്നേം നാലുമാസം കഴിഞ്ഞാണ് നാവനങ്ങിയത്.
''കൊച്ചുങ്ങളെ കാണാൻ തോന്നണ്.'' കോടിപ്പോയ കിറി പൊളിച്ച് ശാമുവേൽ സാർ പറഞ്ഞു.
കൊച്ചുങ്ങളുടെ മറുപടിയായിരുന്നു രസം. കുഞ്ഞോൾ അവിടുള്ളപ്പോ ഞങ്ങളെന്തിനാ പപ്പാ, എന്നാണ് അവർ ചോദിച്ചത്.
ആദ്യമായിട്ടാണ് ശാമുവേൽ സാറിന്റെ കണ്ണുകലങ്ങുന്നത് കാണുന്നത്.
''ഇപ്പഴാ കൊച്ചേ അപ്പനും അമ്മയുമൊക്കെ അരികെ വേണ്ടത്.'' ശാമുവേൽ സാർ പറഞ്ഞു.
കുഞ്ഞോൾ ഒന്നും പറഞ്ഞില്ല. വാക്കുകൾ മുഴുവനും വാർന്നുപോയ ഒരു പുസ്തകമായി അവൾ മാറിക്കഴിഞ്ഞിരുന്നു.
ശാമുവേൽ സാർ പതുക്കെപ്പതുക്കെ ജീവിതം തിരിച്ചുപിടിച്ചു. അവനവന്റെ കാര്യങ്ങൾ ഒറ്റക്ക് ചെയ്യാമെന്ന വിശ്വാസമായപ്പോൾ അദ്ദേഹം കുഞ്ഞോളോട് ചോദിച്ചു: ''കൊച്ചിന് നാട്ടിൽ പോണോ?'' ദീര്‍ഘനേരത്തെ ആലോചനക്കുശേഷം കുഞ്ഞോള് പറഞ്ഞു: ''ഒരുദിവസം, ഒരേയൊരു ദിവസം എനിക്കെന്റെ അപ്പന്റെയൊപ്പം കഴിയണം."
പത്ത്
മുറ്റത്തേക്കു കയറിച്ചെല്ലുമ്പോൾ, അപ്പനും രണ്ടാനമ്മച്ചിയും കൂടി വീടു പൂട്ടി പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്ന കാഴ്ചയാണ് കുഞ്ഞോൾ കണ്ടത്.
കഥയാകെ മാറിയിരിക്കുന്നു. രണ്ടാനമ്മച്ചി കൂടുതൽ സുന്ദരിയായിരിക്കുന്നു. അവരുടെ ഒക്കത്ത്, രണ്ടുവയസ്സ് തോന്നിപ്പിക്കുന്ന ഒരാൺകുട്ടി.
അപ്പൻ കുറേക്കൂടി ഗൗരവക്കാരനായിരിക്കുന്നു. പഴകിയ ഖദർ ഉടുപ്പിൽനിന്നും ലിനന്റെ പളപളപ്പിലേക്കുള്ള മാറ്റത്തിൽ പുത്തൻ രാഷ്ട്രീയം മണക്കുന്നു.
ചങ്കുലഞ്ഞു പോയത്, വീടും പരിസരവും പാടെ മാറിപ്പോയത് കണ്ടപ്പോഴാണ്. ഓടുപാകിയ കുഞ്ഞൻ വീടിന്റെ സ്ഥാനത്ത് രണ്ടുനില മാളിക. ചെത്തിയും ചെമ്പരത്തിയും നിറഞ്ഞുനിന്നിരുന്ന മുറ്റത്ത് പേരറിയാത്ത ചെടികളുടെ അധിനിവേശം.
''ആരാ?'' മുറ്റത്തേക്കിറങ്ങി വന്ന അപ്പന്റെ കണ്ണിൽ വെയിൽ തിളച്ചു. മറുപടിയില്ലാതെ കുഞ്ഞോൾ ഉരുകിയൊലിച്ചു.
''ഈശോയെ ഇത് മ്മ്ടെ കുഞ്ഞോളല്ലേ!!!'' രണ്ടാനമ്മച്ചി തിരിച്ചറിഞ്ഞു.
''നോക്കെടാ കൊച്ചെർക്കാ ഇതാരാ വന്നേക്കേണെന്ന്.'' ഒക്കത്തിരിക്കണ ക്ടാവിന്റെ കവിളിൽ കിള്ളിക്കൊണ്ട് അവർ പറഞ്ഞു. കുഞ്ഞോൾ, അനിയനുനേർക്ക് കൈനീട്ടി. അവൻ തൊണ്ണകാട്ടി ചിരിച്ചു.
''നേരം പോയി.'' കൈത്തണ്ടയിൽ ഊർന്നുകളിക്കുന്ന ഗോള്‍ഡന്‍ വാച്ചിലേക്കു നോക്കി അപ്പൻ പറഞ്ഞു.
''ഇറങ്ങായി.'' കുഞ്ഞോൾടെ കൈയിൽനിന്നും ക്ടാവിനെ തിരിച്ചെടുത്ത് രണ്ടാനമ്മച്ചി പറഞ്ഞു: ''വാടി പെണ്ണെ, ടൗൺ വരെ പോയേച്ചും വരാം.''
''ഞാനില്ല. നിങ്ങൾ പൊക്കോ.'' കുഞ്ഞോളാ ക്ഷണം നിരസിച്ചു.
കാറ്റുപതുങ്ങിയ ചെരുവിലൂടെ അപ്പൻ ആദ്യം ഇറങ്ങിപ്പോയി. പിന്നാലെ രണ്ടാനമ്മച്ചി. അവരുടെ തോളിൽക്കിടക്കുന്ന അനിയൻ ചെക്കന്റെ ഇരുകവിളുകളിലും നുണക്കുഴി തെളിഞ്ഞു.
കല്ലുവെട്ടിക്കുഴി നികത്തിക്കാണുമോ? അടുക്കളവശത്തേക്കു തിടുക്കപ്പെടുമ്പോൾ കുഞ്ഞോൾടെ മനസ്സും കാലുകളും ഇടറി.
ദൂരെനിന്നു കണ്ടു, പായലും പൂപ്പലും പിടിച്ച, വിഷാദഭാവം പേറുന്ന കല്ലുവെട്ടിക്കുഴി. ഇല്ല, മൂടിയിട്ടില്ല. പക്ഷേ, എപ്പോൾ വേണമെങ്കിലും മൂടപ്പെട്ടേക്കാം എന്ന സൂചന നൽകിക്കൊണ്ട്, ഒരുലോഡ് ചുവന്നമണ്ണ് അടുക്കള പരിസരത്തു കുമിഞ്ഞുകൂടി കിടപ്പുണ്ടായിരുന്നു.
''നീ വന്നത് നന്നായി.'' അത്താഴം കഴിഞ്ഞ്, രണ്ടാംനിലയിലെ ബാൽക്കണിയിലിരുന്ന് വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ അപ്പൻ പറഞ്ഞു: ''കല്ലുവെട്ടിക്കുഴിയിൽ ഒരു പന്നിയുണ്ട്. ഞങ്ങൾ വരുന്നതുവരെ അതിന് തിന്നാനും കുടിക്കാനും കൊടുക്കണം.''
ഉറക്കംതൂങ്ങിയ കണ്ണുകളോടെ കുഞ്ഞോൾ അപ്പനെ നോക്കി.
''പുലർച്ചെയാണ് ട്രെയിൻ. മറ്റന്നാൾ രാവിലെ ഞങ്ങളിങ്ങു തിരിച്ചെത്തും. എന്നിട്ടല്ലേ നീ പോവൂ.'' വേളാങ്കണ്ണിക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ അടുക്കിപ്പെറുക്കുന്നതിനിടയിൽ രണ്ടാനമ്മച്ചി പറഞ്ഞു: ''ചെക്കന്റെ മുടി കണ്ടില്ലേ? കാടുപിടിച്ചു. എന്നിട്ടും നേർച്ചക്കടം ബാക്കി.''
കുഞ്ഞോൾ ചിരിച്ചെന്നു വരുത്തി. മറുചിരിയോടെ, ശബ്ദം താഴ്ത്തി രണ്ടാനമ്മച്ചി പൂരിപ്പിച്ചു: ''രണ്ടാൾപ്പൊക്കമുള്ള ആ കുഴീല് ഒരു മനുഷ്യൻ വീണുകിടപ്പുണ്ട്. നാശം.''
ഉൾക്കിടിലത്തോടെ കുഞ്ഞോൾ പുറത്തേക്കു നോക്കി. ഇരുട്ടുവിഴുങ്ങിയ കല്ലുവെട്ടിക്കുഴിയിലേക്കു കൊട്ടത്തേങ്ങകളുടെ കൂമ്പാരം ഇടിഞ്ഞുവീഴുന്നതുപോലെ അവൾക്കു തോന്നി.
പതിനൊന്ന്
കുഞ്ഞോൾക്ക് ആ മനുഷ്യനെ കാണാൻ പൂതിയായി. അപ്പനും രണ്ടാനമ്മച്ചിയും റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതുവരെ അവൾ ക്ഷമയോടെ കാത്തു. അതിനിടയിൽ മനസ്സിൽ പലരൂപങ്ങളും വരച്ചുനോക്കി. എന്നാൽ അതൊന്നുമല്ലാത്ത ഒരു രൂപമാണ്, പുലര്‍വെട്ടത്തിനൊപ്പം കല്ലുവെട്ടിക്കുഴിയിൽ തെളിഞ്ഞത്.
തീർത്തും അവശനായ ആ മനുഷ്യൻ പതിഞ്ഞ താളത്തിൽ കൈകുലുക്കി കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. കുഞ്ഞോൾ ഒരു മൊന്തയിൽ വെള്ളം നിറച്ച് കുഴിയിലേക്ക് ഇട്ടുകൊടുത്തു. വീഴ്ചയുടെ ആഘാതത്തിൽ, പിരിതെറ്റിവീണ അടപ്പ് തുറന്ന് വെള്ളം മുഴുവനും ഭൂമി കുടിച്ചു.
വിഷാദം കലങ്ങിയ കണ്ണുകളോടെ അയാൾ മുകളിലേക്ക് നോക്കി. കൈയിൽ കിട്ടിയ തൂക്കുപാത്രത്തിൽ വെള്ളം നിറച്ച് കുഞ്ഞോൾ താഴേക്കുള്ള പടവുകളിറങ്ങി.
പരവേശം തെല്ല് അടങ്ങിയപ്പോൾ നന്ദിസൂചകമായി അയാളുടെ മുഖത്ത് ഒരു ചെറുചിരി വിടർന്നു.
''മോളേതാ?'' അയാൾ ചോദിച്ചു.
''ഈ വീട്ടിലെ...'' കുഞ്ഞോൾ വിക്കിവിക്കി പറഞ്ഞു.
''ഓഹ്!!! വർക്കിസാറിന്റെ മൂത്തത്.'' പരുക്കൻ ചുമയോടെ അയാൾ അതിശയം വരക്കുന്നത് നോക്കി കുഞ്ഞോളാ പടവുകളിൽ കുന്തിച്ചിരുന്നു.
''കേട്ടോ കുഞ്ഞേ...'' മുഖമുയർത്തി അയാൾ പറഞ്ഞു: ''ഈ കുഴിയാണിപ്പോ എന്റെ അഭയസ്ഥാനം.''
അമ്മച്ചിയോർമകൾ തിങ്ങിവിങ്ങുന്ന സങ്കടസ്ഥാനത്തു തുടരാന്‍ കുഞ്ഞോൾക്കായില്ല. പക്ഷേ, പോകാൻ തുടങ്ങിയ അവളെ അയാൾ തടഞ്ഞു: ''ഒരു സഹായം ചെയ്തുതരാമോ? അപ്പന്റെ അലമാരയിൽ എന്റെ വീടിന്റെ ആധാരം കാണും. അതും കുറച്ചു കാശും ഒപ്പിച്ചു തരാമോ?''
''നിങ്ങളാരാ?'' കുഞ്ഞോൾക്ക് അയാളെ അറിയാനുള്ള കൗതുകം വർധിച്ചു.
''എന്റെ പേര് സൈമൺ. പന്നി സൈമൺ എന്നുപറഞ്ഞാൽ നാട്ടുകാർ വിറയ്ക്കും. മൃഗമായിരുന്നു. വെറും മൃഗം. ഇനി മനുഷ്യനാകണം. അതിനു കുഞ്ഞ് സഹായിക്കണം.''
''എന്തിനാ ഇപ്പൊ മനുഷ്യനാകണെ?''
''മടുത്തെന്നെ. സ്വന്തം നിഴലിനെപ്പോലും പേടിച്ചുള്ള ജീവിതം. തിന്നാനിരിക്കുമ്പോഴും തൂറാനിരിക്കുമ്പോഴും ഒരേ വിചാരാണ്, ആരോ പിന്തുടരുന്നുണ്ടല്ലോ എന്ന്. ഒരുത്തനേം വിശ്വസിക്കാൻ വയ്യ. ചങ്കെ കരളേന്നു പറഞ്ഞു കൂടെക്കൊണ്ടു നടന്നവനാണ് ഒടുക്കം ഒറ്റിയത്. മനസ്സും ശരീരവും തളർത്തി, ചെന്നായക്കൂട്ടത്തിന്റെ ഇടയിലേക്കു തിന്നാൻ ഇട്ടുകൊടുത്തു. ആരുടെയോ കുരുത്തത്തിനു ചത്തില്ല.'' കിതപ്പാറ്റിക്കൊണ്ട് അയാൾ പറഞ്ഞുനിർത്തി.
''അപ്പനായിട്ടെന്താ ഇടപാട്?'' ഒറ്റുകാരനാകാന്പോലും ഒരു സുഹൃത്തു തനിക്കില്ലല്ലോയെന്നോർത്തുകൊണ്ട് കുഞ്ഞോൾ ചോദ്യംചെയ്യൽ തുടർന്നു.
''അപ്പനുവേണ്ടിയും കൊറെ തല്ലാനും കൊല്ലാനും നടന്നിട്ടുണ്ട്.'' സൈമൺ പറഞ്ഞു.
കുഞ്ഞോളെ സംബന്ധിച്ച് അതൊരു പുതിയ അറിവായിരുന്നു.
''എന്റെ അപ്പനോ?'' അവൾ എടുത്തുചോദിച്ചു.
''അതെ.'' സൈമൺ ഉറപ്പിച്ചു പറഞ്ഞു: ''ഉള്ളിലെ കറുപ്പ് പുറത്തുകാണാതിരിക്കാനല്ലേ വെളുപ്പ് ഉടുത്തിരിക്കുന്നത്. അതോ, വെളുപ്പ് നിലനിര്‍ത്തിപ്പോകാന്‍ ഉള്ളില്‍ കറുപ്പണിഞ്ഞതോ? നാട്ടുകാര്‍ക്ക് ഇവരൊക്കെ മാന്യന്. നമുക്കല്ലേ അറിയൂ തനിനിറം.''
അപ്പനെ പറഞ്ഞത് കുഞ്ഞോള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവള് മൂട്ടിലെ പൊടിതട്ടിക്കളഞ്ഞ് പടവുകള്‍ കയറി.
"അതേ... ഒന്നും പറഞ്ഞില്ല." അയാള്‍ വിളിച്ചുപറഞ്ഞു.
"ഒന്നും പറയാനില്ല; കേള്‍ക്കാനും." കുഞ്ഞോള് തിരിച്ചുപറഞ്ഞു.
"എന്നെ സഹായിച്ചാല്‍ ഒരു രഹസ്യം പറയാം."
"എനിക്കൊന്നും കേള്‍ക്കണ്ട."
"എന്നാ കേട്ടോ, നിന്റെ അമ്മച്ചി മരിച്ചതല്ല. കൊന്നതാ."
അതുകേട്ട് നടക്കല്ലില്‍ കാലുതട്ടി കുഞ്ഞോളൊന്ന് വേച്ചുപോയി. ചുമരില്‍ പിടിച്ച്, കോലായിലേക്കു തളര്‍ച്ചയോടെ വീണു. ഉച്ചവെയില്‍ ചായുന്നതുവരെ, കല്ലുവെട്ടിക്കുഴിയിലേക്കു നോക്കി ഒരേയിരിപ്പായിരുന്നു.
"ആരാ എന്റമ്മച്ചിയെ കൊന്നത്?" വീണ്ടും പടവുകളില്‍ വന്നിരുന്ന് കുഞ്ഞോള് ചോദിച്ചു.
"നിന്റെ അപ്പന് തന്നെ." സൈമണ്‍ പറഞ്ഞു.
"നുണ." കുഞ്ഞോള് തര്‍ക്കിച്ചു.
"സത്യമായിട്ടും." സൈമണ്‍ വിശദീകരിച്ചു: "ഇലക്ഷന് അടുത്തിരിക്കുന്ന സമയമായിരുന്നു. പത്മിനി ബാറിന്റെ മുതലാളി കൊടുത്തുവിട്ട കാശ് അപ്പനെ ഏൽപിക്കാനാണ് ഞാന്‍ വന്നത്. വാതില്‍ തുറന്ന അപ്പന് എന്നേംകൂട്ടി അടുക്കളയിലേക്കാണ് പോയത്. പാത്യമ്പൊറത്തിന്റെ അടിയില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു നിന്റെ അമ്മച്ചി. അനക്കമില്ല. പറ്റിപ്പോയെടാ സൈമാന്നു അപ്പന് പറഞ്ഞു. വര്‍ക്കിസാറ് പേടിക്കാണ്ടിരി, നമുക്ക് ആ കുഴിയിലേക്കെടുത്തിടാം. ബാക്കിയൊന്നും ഞാന്‍ പറഞ്ഞുതരണ്ടല്ലോ?
മഴ തകര്‍ത്തു പെയ്യുകയാണ്. ചുറ്റുവട്ടത്തൊന്നും ആരുമില്ലെന്നു ഉറപ്പുവരുത്തിയതിനുശേഷം, അമ്മച്ചിയെ വട്ടം പൊക്കിയെടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി. കുഴിയിലേക്ക് എറിയാന്‍ നേരത്തു അമ്മച്ചി കണ്ണുതുറന്ന് എന്നെ നോക്കി. ആ നോട്ടം! ഉള്ള് കാളിപ്പോയി.
സാറേ, ചത്തിട്ടില്ല. ഞാന്‍ വിളിച്ചുകൂവി. ''അങ്ങോട്ട് മുക്കെടാ പന്നീ. അപ്പന്റെ ഓര്‍ഡര്‍."
"മതി. നിര്‍ത്ത്." കുഞ്ഞോള് ചെവിപൊത്തിപ്പിടിച്ച് അലറി.
പന്ത്രണ്ട്
എന്തോ വന്നുവീഴുന്ന ശബ്ദം കേട്ട് സൈമണ്‍ കണ്ണുതുറന്നു. ഒരുകെട്ട് പേപ്പര്‍. തുറന്നു നോക്കിയപ്പോള്‍ കണ്ണുനിറഞ്ഞു. മുദ്രക്കടലാസിലെ മണ്ണുതട്ടിക്കളഞ്ഞ് നെഞ്ചിലേക്കു ചേര്‍ത്തുവെച്ച് ദീര്‍ഘനിശ്വാസമെടുത്ത് നിവരുമ്പോഴേക്കും അടുത്തൊരു കെട്ട് കടലാസുകൂടി കുഴിയിലേക്കു പതിച്ചു. പിന്നാലെ, അതുപോലത്തെ നിരവധി ആധാരങ്ങളും മുദ്രക്കടലാസുകളും പറന്നുവന്നു. മഴ പെയ്യുന്നതുപോലെയാണ് സ്വര്‍ണ ഉരുപ്പിടികളും കാശുകെട്ടുകളും പൊഴിഞ്ഞുവീണത്. തളര്‍ച്ച മറന്ന് സൈമണ്‍ അതെല്ലാം തടുത്തുകൂട്ടി.
"മതിയോ?" കുഴിവക്കില്‍ വന്നുനിന്ന് കുഞ്ഞോള് ചോദിച്ചു.
സൈമണ്‍ സന്തോഷഭാവത്തില്‍ തലകുലുക്കിക്കൊണ്ട് പറഞ്ഞു: "എന്നെയൊന്നീ പണ്ടാറക്കുഴീന്ന് പിടിച്ചുകേറ്റ്, വേഗം."
കുഞ്ഞോള് ചിരിച്ചുകൊണ്ട് പിന്‍വാങ്ങി. സൈമണിെന്റ കണ്ണുകളിലേക്ക് ഇരുട്ടുവീണു.
"എടീ..." തളര്‍ച്ച മറന്ന് അയാള്‍ അലറി.
തൂമ്പ പിടിച്ച് കുഞ്ഞോള്‍ടെ കൈവെള്ളയിലെ തൊലിയടര്ന്നിട്ടും കല്ലുവെട്ടിക്കുഴിയിലേക്കു മണ്ണുവീണുകൊണ്ടിരുന്നു.
സന്ധ്യയായി...
കുഞ്ഞോള് വെട്ടിവിയര്‍ത്തു. പക്ഷേ, തളര്‍ന്നില്ല. കല്ലുവെട്ടിക്കുഴി പൂർണമായും നികത്തപ്പെട്ടുകഴിഞ്ഞിരുന്നു. അങ്ങനെയൊന്ന് ഈ ഭൂമിയില്‍ ഉണ്ടായിരുന്നതിന്റെ സകല അടയാളങ്ങളും ചവിട്ടിയൊതുക്കി, ചെത്തിക്കമ്പ് നട്ട് വെള്ളം തളിച്ചു.
നിലാവുള്ള രാത്രിയായി...
ആകാശച്ചെരിവിലുദിച്ച അനേകം നക്ഷത്രങ്ങളിലൊന്ന് അമ്മച്ചിയെപ്പോലെ ചിരിക്കുന്നു. കുഞ്ഞോള്‍ടെ ചുണ്ടില്‍ ചിരിക്കൊപ്പം ഷെബാബ് മൊണ്ടല്‍ സ്ഥിരം മൂളാറുള്ള ആ പാട്ടുനിറഞ്ഞു: ക്യാ ഹുവാ തേരാ വാദാ...
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.