1ഞാറക്കടവിലെ ആദ്യത്തെയും അവസാനത്തെയും പക്ഷിപിടുത്തക്കാരനായിരുന്നു കുഞ്ഞാപ്പിയുടെ അപ്പൻ. തായ്ത്തടിയോടു പിറുപിറുത്ത്, വൻമരങ്ങളുടെ ഇരുട്ടിലേക്ക് അയാൾ ആവേശത്തോടെ കയറിപ്പോകും. മരച്ചോട്ടിലെ മനുഷ്യരും ചില്ലകളിലെ ചെറുജീവികളും അതങ്ങനെ നോക്കിയിരിക്കാറുണ്ട്. കിളിയെ പിടിക്കാൻ കയറിയവനെ കാത്തു മടുത്തവർ പലവഴിക്ക് പിരിയും. വൃക്ഷത്തിന്റെ ഇരുട്ടു നിറയുന്ന പൊത്തുകളിൽവെച്ച് മറുഭാഷ സംസാരിച്ച് അയാൾ കിളിയായ് മാറും... ചിറക് ഒതുക്കി പൊത്തിൻചൂരിൽ...
1
ഞാറക്കടവിലെ ആദ്യത്തെയും അവസാനത്തെയും പക്ഷിപിടുത്തക്കാരനായിരുന്നു കുഞ്ഞാപ്പിയുടെ അപ്പൻ. തായ്ത്തടിയോടു പിറുപിറുത്ത്, വൻമരങ്ങളുടെ ഇരുട്ടിലേക്ക് അയാൾ ആവേശത്തോടെ കയറിപ്പോകും. മരച്ചോട്ടിലെ മനുഷ്യരും ചില്ലകളിലെ ചെറുജീവികളും അതങ്ങനെ നോക്കിയിരിക്കാറുണ്ട്. കിളിയെ പിടിക്കാൻ കയറിയവനെ കാത്തു മടുത്തവർ പലവഴിക്ക് പിരിയും. വൃക്ഷത്തിന്റെ ഇരുട്ടു നിറയുന്ന പൊത്തുകളിൽവെച്ച് മറുഭാഷ സംസാരിച്ച് അയാൾ കിളിയായ് മാറും... ചിറക് ഒതുക്കി പൊത്തിൻചൂരിൽ പൊരുന്നും. വിരിപ്പുചൂടിനാൽ മരക്കറ ഉരുകും... പിന്നെയെപ്പോഴോ രഹസ്യകേളി കഴിഞ്ഞവനെപ്പോലെ ഭൂമിയിലേക്ക് ഇറങ്ങിവരും... അയാൾ കിളിയെപ്പിടിച്ചതാണോ കിളി അയാളെ പിടിച്ചതാണോ എന്നറിയാത്തവിധം അത് മൊരിഞ്ഞ ദേഹത്തോടു ചേർന്നിരിപ്പുണ്ടാവും...
കുഞ്ഞാപ്പീടെ അപ്പന്റെ പേര് ഈശോയെന്നാണ്. നാട്ടുകാർ അയാളെ പറവേന്നാണ് വിളിച്ചിരുന്നത്. മരം വെട്ടാൻ മടിഞ്ഞ് കുറേക്കാലം പറവ വീട്ടിൽ ചടഞ്ഞിരുന്നു. പിന്നീടാണ് പക്ഷിപിടുത്തത്തിന് ഇറങ്ങിയത്. ഇരുട്ടു വീഴും മുന്നേ കവനീരിറങ്ങിയ ഇടംകാലും വലിച്ചുവെച്ച് അയാൾ ഞാറമണ്ടയിലേക്ക് കയറിപ്പോകും. എത്ര ഉയരമുള്ള ചില്ലയിലും തീറ്റയും കറയും കൂട്ടിക്കുഴച്ച് കെണിവെക്കും. വളർത്തുകിളികൾ കുടുങ്ങിയാൽ കൂട്ടിലിട്ടു വിൽക്കും. കെണിയിൽ വീഴുന്ന കാക്കകളെ സന്ധ്യ കഴിഞ്ഞ് അത്താഴമാക്കും. അയാളുടെ തലവെട്ടം കാണുമ്പോഴൊക്കെ കാക്കകൾ വട്ടം ചുറ്റി കരഞ്ഞാർക്കും... ശല്യം ഒഴിവാക്കാൻ ഉണക്കച്ചില്ലയും വടിയുമായിട്ടാണ് നടപ്പ്. ദൂരെനിന്നുള്ള വരവു കണ്ടാൽ വടി ചുഴറ്റി കരക്കാരെ കാക്കാനിറങ്ങുന്ന മുത്തപ്പനാണെന്നു തോന്നും...
കരിയിലകൾ കൂമ്പലുകൂട്ടി ചിറകുൾപ്പെടെയാണ് ഈശോ കാക്കകളെ ചുടുക. തൂവലു കരിയുന്ന നാറ്റം വരുമ്പോൾ കോളനിക്കാർ അയാളോടു മെക്കിട്ടു കേറും.
''കാക്ക നിങ്ങടെ ദൈവമൊന്നുമല്ലല്ലോ.''
മുറുമുറുത്തുകൊണ്ടയാൾ ചുട്ട പറവയുടെ മട്ടും കരളുമുൾപ്പെടെയുള്ളത് അകത്താക്കും. ഇക്കാണുന്ന മനുഷ്യന്മാരെപ്പോലെ ഒരു മനുഷ്യനല്ല താനെന്ന വിചാരത്തോടെയാണ് അയാളിതെല്ലാം ചെയ്തുകൊണ്ടിരുന്നത്.
കുഞ്ഞാപ്പിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് മരത്തിൽനിന്നു വീണ് ഈശോയുടെ കഴുത്തെല്ലൊടിയുന്നത്. ആയുസ്സെത്താതെ 'പറവ' ഒടുങ്ങിയത് പക്ഷിശാപം മൂലമാണെന്ന് നാട്ടുകാർ പറയുമായിരുന്നു. അപ്പൻ കാക്കകളെ തിന്നുന്നത് കുഞ്ഞാപ്പിയുടെ ഓർമയിലില്ല. അക്കാര്യത്തിൽ അപ്പന്റെ പെങ്ങളായ അച്ചമ്മ പറഞ്ഞുള്ള അറിവേ അവനുണ്ടായിരുന്നുള്ളൂ. അച്ചമ്മയിൽനിന്നു കേട്ടറിഞ്ഞ മറ്റു ചില കാര്യങ്ങളുടെ പൊരുത്തക്കേടുകൾ അവൻ അന്നേ തിരിച്ചറിഞ്ഞിരുന്നു.
2
മാലിപ്പുറത്തെ കടപ്പുറത്തുനിന്നാണ് കുഞ്ഞാപ്പിയുടെ അപ്പൻ പെണ്ണുകെട്ടുന്നത്. കെട്ടുകഴിഞ്ഞു ഞാറക്കടവിലെത്തിയ പുത്തൻപെണ്ണിന് ചന്തിക്ക് തിരക്കാറ്റടിക്കാത്ത മറപ്പുരയ്ക്കു മുന്നിലെ കാത്തുനിൽപ് വല്യ വീർപ്പുമുട്ടലായിരുന്നു. വെളുപ്പിനെ തിട്ടയിൽ പോയി കുത്തിയിരുന്നു ശീലമുള്ളവൾ അന്തിവരെ കമ്പോടും കക്ഷത്തുവെച്ച് വിയർത്തു. കോളനിയിലെ വിളക്കെല്ലാം അണയാൻ കാത്തുനിന്നിട്ട് രണ്ടാളുംകൂടി തലേലൊരു തോർത്തും ചുറ്റി പാട്ടിപ്പറമ്പിലേക്ക് പോകും. മുട്ടിയില്ലെങ്കിലും പെണ്ണിനൊപ്പം അയാളും മരവേരിൽ കുത്തിയിരിക്കും. ഇടക്ക് ഇടംകണ്ണിട്ടു നോക്കുമ്പോൾ അരയിലേക്ക് തെറുത്തു വെച്ച അടിപ്പാവാടക്കു താഴെ പണ്ട് തിരകൾ മുട്ടിയുരുമ്മിയിരുന്ന പെണ്ണിന്റെ പിന്നാമ്പുറം. ലാവ് അവിടെ തൊടുന്നത് കാണുമ്പോഴെല്ലാം അയാളുടെ സ്നേഹം മൂക്കും.
''പെണ്ണേ... തോട്ടീ കഴുകിയേച്ച് നമുക്കിവിടെ ചാഞ്ഞാലോ.''
കടവിലേക്കിറങ്ങി മീനുളുമ്പ് വെടിപ്പാക്കുന്നപോലെ എല്ലാം മെനക്കു കഴുകിയിട്ടേ പെണ്ണ് കയറൂ... ചേർത്തുനിർത്തുമ്പോൾ പഞ്ഞിപോലുള്ള ഇടങ്ങളിലെ നനവെല്ലാം കുഞ്ഞാപ്പിയുടെ അപ്പന്റെ വിരലും പിന്നെ ചുണ്ടും ഒപ്പിയെടുക്കും. മേലു മുഴുവൻ പൂത്തുകേറുന്ന പെണ്ണ് ഞാറവേരിലേക്ക് ചായും.
''പൊറം നോവുന്നുണ്ടോ കിളിയേ...''
പൂഴിയാണോ ചൊരിയാണോയെന്ന് തിരിച്ചറിയാനാവാത്ത വിധം കൂടിക്കുഴഞ്ഞ മണ്ണിനു മീതെ തള്ളിനിൽക്കുന്ന മരവേരിന്റെ മുഴപ്പും അയാളുടെ വേഗവും ചേർന്നൊരു നോവ് പുറംഞെരിക്കും... എന്നാലും വേർപ്പിൽ കിടന്ന് പെണ്ണ് കൊഞ്ചും.
''സാരമില്ലെന്നേ...''
''ഉപ്പാണല്ലോ കിളിയേ...''
''കിളിയല്ല...കടലാ... നിങ്ങള് കുടിച്ചാ വറ്റൂല്ല...''
തിരമുറിച്ച് കിതച്ചു തളർന്നു കിടക്കുമ്പോൾ നിലാവിൽ തിളങ്ങുന്ന പെണ്ണിന്റെ അടിവയറ് ഞാറക്കടവാണെന്നും ചെറുരോമക്കെട്ടുള്ള പവിഴപ്പുറ്റു തീണ്ടാത്തുരുത്താണെന്നും അയാൾ സങ്കൽപിക്കും. തുരുത്തിലൊരു ഞാറ നട്ടതിന്റെ നിർവൃതിയിൽ അവളുടെ അടിവയറ്റിൽ തലവെച്ച് അയാൾ തണുത്തു കിടക്കും.
കടലടങ്ങിയതിന്റെ തളർച്ചയോടെ പെണ്ണ് അയാളെ ചേർത്തുപിടിച്ച് കര മറന്നുറങ്ങും.
3
കുഞ്ഞാപ്പിയെ പെറ്റപ്പോൾ അവനൊരു ഓന്തിന്റെ വലിപ്പം. കോളനിയിലെ പെണ്ണുങ്ങൾ അടക്കം പറഞ്ഞു ചിരിച്ചു... ഓന്തേന്നൊരു വിളിപ്പേരും ആ വകയിൽ കിട്ടി. പാതിരാത്രി ഒതുക്കമില്ലാതെ ഞാറച്ചോട്ടിൽ കിടന്നതുകൊണ്ടാവും കുഞ്ഞാപ്പി ഞാറപ്പഴംപോലെ കറുത്തുപോയത്. അല്ലെങ്കിൽ രാത്രിപ്പുള്ളിന്റെ കണ്ണേറു കിട്ടിക്കാണും. ഗ്രഹണിപിടിച്ച മകനെ കാണുമ്പോഴെല്ലാം അവന്റമ്മയുടെ ചങ്കിലേക്ക് ഞാറപ്പൊത്തിലെ ഇരുട്ടു നിറഞ്ഞിരുന്നു.
രാവിലെ മുതൽ തുടങ്ങുന്ന കോളനിയിലെ വഴക്കുകളും, മറപ്പുരനാറ്റം നിറഞ്ഞ കാറ്റിന്റെ ചെടിപ്പുമൊക്കെ ആധിയെ കടുപ്പിക്കുമ്പോൾ ഉപ്പുമണ്ണിന്റെ ആശ്വാസംതേടി അവരുടെ വേവുപിടിച്ച മനസ്സ് മാലിപ്പുറത്തേക്ക് പോകും. ഒരു തിര മടങ്ങിവീഴുന്ന നേരമേ ഓർമകൾക്ക് ഉണ്ടാവൂ. അപ്പോഴേക്കും കൂട്ടിലടച്ച കിളികളുടെ പ്രാക്കു നിറഞ്ഞ കരച്ചിൽ അവരെ പിടിച്ചു ഞാറക്കടവിലേക്ക് തിരികെ എത്തിക്കും.
എലുമ്പനാണെങ്കിലും മരംകേറിയുടെ ഉറച്ച ശരീരമായിരുന്നു കുഞ്ഞാപ്പിയുടെ അപ്പന്, എന്നാലും കെട്ടുകഴിഞ്ഞതോടെ അയാൾ പണിക്കൊന്നും പോവാറില്ല. വിശക്കുമ്പോൾ മാത്രം ഇര തേടി പോകുന്ന ഒരു ജീവിയെപ്പോലെ കൂട്ടിലടച്ച പറവകളേയും നോക്കി മിക്കപ്പോഴും ഇറേത്ത് വെറുതെ കിടക്കും. കൊച്ച് വിശന്നു കരയുമ്പോഴൊക്കെ കുഞ്ഞാപ്പിയുടെ അമ്മ കെട്ടിയവനോടു വഴക്കിടും... ചിലപ്പോഴൊക്കെ നിലതെറ്റി അവർ കുഞ്ഞിനെ തല്ലും... വലിയ വായിൽ കരയുന്ന കുഞ്ഞിനേയും എടുത്തോണ്ടു മുറ്റത്തേക്കിറങ്ങുന്ന അപ്പന്റെ പെങ്ങൾ മണ്ണിലേക്ക് കാലുനീട്ടി അവനെ മടിയിൽ കിടത്തും. മലർന്നു കിടന്ന് ആകാശം കാണുന്ന അവന്റെ കുഞ്ഞിക്കണ്ണിൽ നോക്കികൊഞ്ചിക്കുമ്പോഴെല്ലാം നിരാശയുടെ ഉപ്പുമുറ്റിയ മുഖത്തേക്കൊരു നിലാവെട്ടം പരന്നിരുന്നു.
4
ഞാറക്കടവു പള്ളിയിലെ ഗീവർഗ്ഗീസുസഹദായുടെ ആണ്ടുതിരുനാളിന് കൊടികേറിയ ദിവസം, ഇറേത്തു തൂക്കിയിട്ടിരുന്ന കിളിക്കൂട്ടിൽനിന്നും രണ്ടു തത്തകളെ എടുത്തുകൊണ്ട് ഈശോ പള്ളിപ്പറമ്പിലേക്ക് പോയി. കിളിയേയും തൂക്കിപ്പിടിച്ചു പോയവൻ തിരിച്ചുവരുമ്പോൾ തിന്നാൻ എന്തെങ്കിലും കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ കുഞ്ഞാപ്പിയുടെ അമ്മ കുഞ്ഞിനെയും തോളിലിട്ട് മുറ്റത്തുകൂടി എരിപൊരി നടന്നു. സന്ധ്യ കഴിഞ്ഞിട്ടും കെട്ടിയവനെ കാണാതായപ്പോൾ അവർ കുഞ്ഞിനെ ഇറയത്തു കിടത്തി. അഴിഞ്ഞുകിടന്ന മുടി വാരിക്കെട്ടി. കറിക്കത്തിയെടുക്കുമ്പോൾ ദേഷ്യംകൊണ്ടവരുടെ കൈ വിറച്ചിരുന്നു.
കിളിയെ വിറ്റു കിട്ടിയ കാശിനു കള്ളുംമോന്തി കുന്നേക്കാരുടെ പറമ്പീന്ന് ചൂണ്ടിയ മടലും കൊതുമ്പും തലയിലേന്തി ഈശോ തിരിച്ചെത്തുമ്പോൾ വീടിനു മുന്നിൽ ആൾക്കൂട്ടം. മുറ്റത്തുനിന്നും പുക ഉയരുന്നതിനൊപ്പം ശവം കരിയുന്നപോലൊരു നാറ്റവും. കോളനിയിലെ പെണ്ണുങ്ങളുടെ ഉറക്കെയുള്ള കലമ്പല് കേൾക്കാം. കൂമ്പലുകൂട്ടിയ ചവറുകൂനയിലെ തീയപ്പോഴും അണഞ്ഞിരുന്നില്ല. ആളുകളുടെ പറച്ചിലൊന്നും ഗൗനിക്കാതെ കുഞ്ഞാപ്പീടമ്മ കുഞ്ഞിനെ മടിയിലിരുത്തി തീയിൽ ചുട്ട കിളികളെ കടിച്ചുപറിച്ചു തിന്നോണ്ടിരുന്നു. കുഞ്ഞിന്റെ കൈയിലും കരിഞ്ഞൊരു പറവക്കാൽ...
''ഒരുമ്പെട്ടോളെ നീ എന്തു പണിയാ കാണിച്ചേ...''
കരച്ചിലുകൊണ്ടു തൊണ്ടക്കുഴി തിങ്ങിയ അവർ ചാരംപുരണ്ട മണ്ണുവാരി തലയിലേക്കിട്ട് കല്ലുപോലിരുന്നു. മുട്ടിലിഴഞ്ഞെത്തിയ കുഞ്ഞ് അയാൾക്കു നേരെ പറവക്കാലു നീട്ടി. മനുഷ്യരേക്കാൾ നാൽക്കാലിയുടെ ചേഷ്ടയോടെയുള്ള അവന്റെ മുഖം കണ്ടുനിൽക്കെ, തന്റെ മകൻ മൃഗത്തിന്റെ അനുസരണയും മനുഷ്യരുടെ ധാർമികതയും കൂടിക്കലർന്ന ജീവിയായി മാറുമെന്ന് അയാൾക്കറിയില്ലായിരുന്നു. ഒന്നും മിണ്ടാതെ പടിയിറങ്ങിയ ഈശോയുടെ ശവമാണ് പിന്നീട് ഉറുമ്പരിച്ച കണ്ണുമായി കണ്ടെത്തിയത്.
അപ്പന്റെ പെടുമരണം കുഞ്ഞാപ്പിക്ക് കേട്ടറിവേയുള്ളൂ. എന്നാൽ, അമ്മയുടെ മരണം അവന്റെ കൺമുന്നിൽ ഇപ്പോഴുമുണ്ട്. കരിക്കച്ചിറ സ്കൂളിൽ പഠിക്കുമ്പോഴാണ് തള്ള ചാവുന്നത്. നാലു മണിക്ക് സ്കൂളിൽനിന്നിറങ്ങിയെങ്കിലും കണ്ടിടം നിരങ്ങി രായനും കൂട്ടരുമായി അവൻ കോളനിയിൽ എത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. പതിവില്ലാതെ വീടുകളുടെയെല്ലാം മുറ്റത്ത് മരോട്ടിവിളക്ക് കത്തിച്ചുവെച്ചിട്ടുണ്ട്. ഇരുട്ട് പതുങ്ങി നിൽക്കാറുള്ള കോളനിയിലെ ചേറുവഴികളുടെ ദുരിതം വെളിപ്പെടുത്തി പെട്രോമാക്സിന്റെ വെട്ടം. വീടിനു മുന്നിലെ ഓട്ടോയിൽ അമ്മ ചാരിയിരിക്കുന്നു. അച്ചമ്മ താങ്ങിപ്പിടിച്ചിട്ടുണ്ട്. ആളുകൾ ഓരോന്നൊക്കെ പറഞ്ഞ് രായന്റച്ഛനുമായി തർക്കിക്കുന്നു.
''എടാ ചെക്കനെത്തി നീയവനെക്കൂടി കേറ്റിക്കോ.''
ആരോ കുഞ്ഞാപ്പിയെ പിടിച്ചു ഡ്രൈവറുടെ ഒപ്പമിരുത്തി. രായന്റമ്മ ഒറോട്ടി ചുട്ടത് ചുരുട്ടി ആരും കാണാതെ അവന്റെ കൈയിൽവെച്ച് കൊടുത്തു.
''വഴിക്ക് വെശന്നാ മോൻ കഴിച്ചോ...''
ഇരുട്ടിലൂടെ വെട്ടം കീറി വണ്ടി പായുമ്പോൾ അച്ചമ്മ വീട്ടിലേക്ക് തിരിഞ്ഞുനോക്കി. മരത്തീന്ന് വീണ് മരിച്ച ഈശോയെ കൊണ്ടുവന്നപ്പോൾ കൂടിയ അതേ ആൾക്കൂട്ടം മുറ്റത്ത്...
അമ്മയെ താങ്ങിപ്പിടിച്ച് അച്ചമ്മ എന്തിനാണ് കരയുന്നതെന്ന് കുഞ്ഞാപ്പിക്ക് മനസ്സിലായില്ല.
5
ചാകുമ്പോൾ മാലിപ്പുറം കടപ്പുറത്ത് അടക്കണമെന്നുള്ളത് കുഞ്ഞാപ്പീടമ്മയുടെ വലിയ ആശയായിരുന്നു. ആലത്തൂർ സെമിനാരിയിലെ അകന്ന ബന്ധുകൂടിയായ പാതിരി വിളിച്ചുപറഞ്ഞതുകൊണ്ട് ഇടവക മാറി അടക്കാനുള്ള അനുവാദം പെട്ടെന്നു കിട്ടി. ചോറുകലം അടയ്ക്കുമ്പോൾ കുഴഞ്ഞുവീണായിരുന്നു അവരുടെ മരണം. തുടയും അടിവയറും പൊള്ളിപ്പോയിരുന്നു. മാലിപ്പുറത്തേക്ക് ശവം ആംബുലൻസിന് കൊണ്ടുപോകാനുള്ള പാങ്ങൊന്നും കുഞ്ഞാപ്പീടെ അച്ചമ്മക്കില്ലായിരുന്നു. നാട്ടുകാരോടു ഇരന്ന് വണ്ടിക്കാശു ഒപ്പിക്കാമെന്നു വെച്ചാലും മരണ സർട്ടിഫിക്കറ്റു വേണം. പൊള്ളലുള്ളതിനാൽ ശവം പരിശോധിക്കുന്ന അപ്പോത്തിക്കരി അങ്ങനെയൊരു കടലാസ് എഴുതുമെന്ന് തോന്നുന്നില്ലെന്ന് രായന്റച്ഛൻ പറഞ്ഞു. ആളു കൂടിയാൽ കാര്യം നടക്കില്ലെന്ന് തോന്നിയിട്ടാണ് സന്ധ്യക്കുതന്നെ രായന്റച്ഛൻ ഓട്ടോ വരുത്തി സംഗതി മാലിപ്പുറത്തേക്ക് കേറ്റിവിട്ടത്.
ഞാറക്കടവിൽനിന്ന് ആദ്യമായാണ് ഒരു ശവം ഓട്ടോയിൽ പുറത്തേക്ക് കൊണ്ടുപോകുന്നത്. സാരിയുടുപ്പിച്ച് ചാരിയിരുത്തിയ മൃതദേഹം ചരിഞ്ഞുവീഴാതെ അച്ചമ്മയും അയൽപക്കത്തെ മോനിച്ചേടുത്തിയുംകൂടി ചേർത്തുപിടിച്ചു. മരിപ്പ് എത്തുന്നതും കാത്ത് മാലിപ്പുറം കടപ്പുറത്ത് കുഞ്ഞാപ്പിയുടെ അമ്മവീട്ടുകാര് കാത്തുനിന്നിരുന്നു. ഓട്ടോ എത്തിയതും പെണ്ണുങ്ങളുടെ കണ്ണോക്കുയർന്നു. മറപ്പുരയിലേക്ക് കുളിപ്പിക്കാനെടുത്ത ശവം നിവർത്താനാവാതെ കുഞ്ഞാപ്പിയുടെ അമ്മവീട്ടുകാരു സങ്കടപ്പെട്ടു നിൽക്കുമ്പോഴാണ് ഞാറക്കടവിൽനിന്നും രായന്റച്ഛൻ കെട്ടിയവളുമായി മാലിപ്പുറത്ത് എത്തുന്നത്. കരയുന്ന പെണ്ണുങ്ങളെ പുറത്താക്കി മറപ്പുരയിലേക്ക് കയറിയ രായന്റമ്മ ഒരു കൈക്കോടാലി ചോദിച്ചു.
''നിങ്ങളവിടെ നിന്നാ മതി...''
കോടാലിയുമായി വന്ന പെണ്ണുങ്ങളെ തടഞ്ഞ് അവർ പനമ്പുതട്ടി ചാരി. വേർപ്പിൽ മുങ്ങിയ രായന്റമ്മയുടെ അണപ്പ് മരണവീട്ടിലെ കരച്ചിലിൽ മുങ്ങിപ്പോയി. മറപ്പുരക്കുള്ളിലെ കടുപ്പപ്പെട്ട ആ കർമം കഴിഞ്ഞ് കുഞ്ഞാപ്പിയുടെ അമ്മയെ ശവപ്പെട്ടിയിൽ കിടത്തുമ്പോൾ കൈക്കോടാലിക്ക് അരക്കെട്ടു തകർന്നതിന്റെ ദണ്ണമൊന്നും അവരുടെ മുഖത്ത് ഇല്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.