1
വേണ്ടാര്ന്നു. ശിവുവിന് തന്നോടുതന്നെ നിന്ദ തോന്നി. വേണ്ടാര്ന്നു.
കക്കാൻ പോയതാണ്. ഓടിളക്കിമാറ്റി അടുക്കളയിലേക്കിറങ്ങുമ്പോൾ നിലത്ത് തഴപ്പായ വിരിച്ച് പെണ്ണൊരുത്തി ഉറങ്ങുന്നുണ്ടാകുമെന്ന് കരുതിയതല്ല. ഉറങ്ങാൻ ഒരു വീട്ടിൽ വേറെയെത്ര സ്ഥലമുണ്ട്? തീപ്പെട്ടിയുരച്ചത് ഉറങ്ങിക്കിടക്കുന്നവളുടെ നേരെ. വെട്ടം മോറത്ത് തട്ടിയതും അവളുണർന്നു. ഉരുണ്ടുപിരണ്ടെണീറ്റ് തൊള്ളയിടാനോങ്ങിയപ്പോൾ തീപ്പെട്ടിക്കൊള്ളി താഴെ കളഞ്ഞ് വായ പൊത്തി. അന്നേരത്തവൾ ഒരു കാട്ടുപൂച്ചയുടെ ഓതാറോടെ കുതറുകയായി. ഉള്ളംകൈയിൽ പല്ലുകളുടെ മൂർച്ച. അത് സഹിച്ചോണ്ട് മുറുകെ പിടിച്ചു. വേറെ നിവൃത്തിയില്ലാര്ന്നു. കുറ്റാക്കുറ്റിരുട്ട്. അതിലൊരു പെണ്ണിന്റെ ചൂടും ചൂരും. എപ്പോഴോ അവളിലേക്ക് ആഴ്ന്നു. പിന്നെ കുതറിയില്ല. മുതുകിലും പുറത്തും അവളുടെ കൈകൾ നീങ്ങുന്നതറിഞ്ഞു. അവളുടെ കിതപ്പുകൾ കേട്ടു. നാവ് നീണ്ടുവന്നു. അതിന്റെ തുമ്പ് കവിളിലുരുമ്മി. ദേഹമാകെ പതുപതുപ്പുമായി അവൾ മലർന്നുകിടന്നു. രാത്രി നീങ്ങിപ്പോയ്ക്കൊണ്ടിരുന്നു.
ഒടുവിൽ എഴുന്നേറ്റുമാറി അടുക്കളവാതിൽ തപ്പുമ്പോൾ പിന്നിൽ ഇക്കിളിപ്പെട്ടതുപോലെ ഒരു ചിരി.
വാതിൽ തുറന്ന് ഓടിയിറങ്ങി. വാഴകളിൽ വവ്വാലുകളുടെ ചിറകടി. മൈതാനത്ത് കുറുക്കന്മാരുടെ ഓരി.
വേണ്ടാര്ന്നു.
ശിവുവിന്റെ ഉള്ള് പുകഞ്ഞു.
2
രാവിലെ മംഗലാപുരത്തേക്കൊരു പാസഞ്ചർ വണ്ടിയുണ്ട്. അത് ചെറുവത്തൂരിൽനിന്ന് പുറപ്പെട്ട് മംഗലാപുരം സെൻട്രലിൽ ചെന്നുചേരുന്നതാണ്. തിരുവനന്തപുരത്തുനിന്നുള്ള മലബാർ എക്സ്പ്രസ് വരിക പാസഞ്ചറിന് ശേഷമാണ്.
''നീ രാത്രീല് എപ്പളാ വന്നെ?'' കൊറപ്പാളു കിണറ്റിൻകരയിൽ ഉമിക്കരി കൂട്ടി പല്ലുതേക്കുന്ന മകനോട് ചോദിച്ചു.
''വൈകീല.'' ശിവു തിരിഞ്ഞുനോക്കിയില്ല.
മുരിങ്ങയുടെ കൊമ്പിലൊരു കാക്ക ഒച്ചയിട്ടു.
''മങ്കലത്തില് ചോറ്ണ്ടാര്ന്നു. ചട്ടീല് മത്തിക്കറീം.''
''ഞാൻ നോക്കീല.''
''ഇപ്പോ അത് മത്യോ?''
''മതി.''
''കാന്താരി വേണേല് നുള്ളിക്കോ.''
പല്ലുതേച്ച് വായ കഴുകിയശേഷം ശിവു നാലഞ്ച് കാന്താരി നുള്ളി. അവന് പഴഞ്ചോറിനൊപ്പം കാന്താരി ഇഷ്ടമാണ്.
''ഞാൻ മടങ്ങിപ്പോവ്വാ.'' ഒരു കുഞ്ഞൻമത്തി മുള്ളോടെ ചവച്ചുകൊണ്ട് ശിവു പറഞ്ഞു.
''വന്നിറ്റ് ഒരാഴ്ച തെകഞ്ഞില്ലല്ലോ'', കൊറപ്പാളു പറഞ്ഞു.
''പോണ്ടത്ണ്ട്.'' ശിവു ഒരു കാന്താരി കടിച്ചു.
''ഇനിയെപ്പളാ?'' കൊറപ്പാളു തിരക്കി.
''നോക്കട്ട്.'' ശിവു കൈകഴുകി. പാസഞ്ചർ വരും മുമ്പേ തീവണ്ടിയാപ്പീസിലെത്തണം. തീവണ്ടിയാപ്പീസിലെത്താൻ കാൽ മണിക്കൂർ നടക്കണം.
''ജഗ്ഗുവിനോട് പോയെന്ന് പറഞ്ഞേക്ക്.'' ശിവു പെരുങ്കായത്തിന്റെ സഞ്ചിയുമായി ഇറങ്ങി.
അനുജൻ ഉറക്കമാണ്. അവന്റെ കിടക്കയിൽ ശാന്തിമതിയും മകൾ ദേവനന്ദയുമുണ്ട്. അവരെല്ലാം വേണ്ടുവോളം ഉറങ്ങിക്കോട്ടെ. ശിവു തിരിഞ്ഞ് അമ്മയെയൊന്ന് നോക്കി വേഗത്തിൽ നടന്നു. തീവണ്ടി വരാറായോ എന്ന ആശങ്കയിൽ നടത്തം ഓട്ടമായി. അതിനിടയിലും ഒരോർമ തികട്ടിവന്നു.
3
ദേശത്തുനിന്ന് മടങ്ങുമ്പോൾ കിണ്ടിയോ മൊന്തയോ ഉരുളിയോ നിലവിളക്കോ പൊൻപണ്ടങ്ങളോ ഒക്കെയാണ് ശിവുവിന്റെ പക്കൽ ഉണ്ടാകാറുള്ളതെങ്കിൽ ഇത്തവണ മോഷ്ടിച്ച മുതൽ ഒന്നുമില്ല. പെരുങ്കായത്തിന്റെ സഞ്ചിയിൽ ഉടുതുണികൾ മാത്രം. റെയിൽവേ പൊലീസിനെ കാണുമ്പോൾ ഒഴിഞ്ഞുമാറേണ്ടതില്ല. മനസ്സിന് ഇടക്കിടെ നീറ്റലുണ്ടാക്കുന്ന ഓർമ പൊലീസിന്റെ ദൃഷ്ടിയിൽപെടില്ല.
ശിവു മംഗലാപുരത്ത് തീവണ്ടിയിറങ്ങി വിൽപനക്ക് ഒന്നുമില്ലെന്നതിനാൽ അങ്ങാടിയിലേക്ക് പോകാതെ നേരെ ബസ് സ്റ്റാൻഡിലെത്തി. ഒരു കൊല്ലൂർ ബസ് പുറപ്പെടാൻ നിൽപുണ്ട്. അങ്ങുമിങ്ങും നോക്കാതെ അതിൽ കയറിയിരുന്നു.
സൂറത്ത്കൽ, മുൽകി, പഡുബിദ്രി, ഉച്ചില, കാപ്പു, കാട്പടി, ഉഡുപ്പി, ശാന്തികട്ടേ, ബ്രഹ്മവര, കോടേശ്വര, കുന്താപുര, ഹെമ്മഡി.
ഹെമ്മഡി ജങ്ഷനിൽനിന്ന് വലത്തോട്ട്. പച്ചപ്പുകൾക്കിടയിലൂടെ പാത നീളുന്നു.
വൺസേ, ചിത്തൂർ, ജഡ്കൽ, ഹൽകൽ. ദൂരെ അംബാവനം.
ശിവു കാഴ്ചകളിൽ കൗതുകം കൊള്ളാതെ പുറത്തേക്ക് നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.
നിരത്തുവക്കിലൂടെ ഒരു പെണ്ണ് തലയിൽ വിറകിൻകെട്ടുമായി നടന്നുവന്നു. ശിവുവിന്റെ കുറേനേരം സ്വസ്ഥമായിരുന്ന മനസ്സിന് പിന്നെയും ഓർമയുടെ നീറ്റലായി. ശിവു അസഹ്യതയോടെ കണ്ണുകൾ ഇറുകെ ചിമ്മി. സീറ്റിൽ അടുത്തിരിക്കുന്ന തീർഥാടകൻ എത്താറായോ എന്ന് ചോദിച്ചതിന് മറുപടി പറഞ്ഞില്ല. ചിമ്മിയ കണ്ണുകൾ മിഴിച്ചപ്പോൾ വനദേവതമാരുടെ ക്ഷേത്രമായ മസ്തികട്ട. കല്ലിലും മരത്തിലുമുള്ള പഴക്കമേറിയ വിഗ്രഹങ്ങൾ. ഞേലുന്ന തൊട്ടിലുകൾ. ചുവന്ന മൺപുറ്റുകൾ. തീർഥാടകൻ അവയുടെ നേർക്ക് തൊഴുതു. ബസ് നീങ്ങിക്കടന്നു.
വനം വകുപ്പിന്റെ സ്ഥലമാണ്. അതിന്റെ മുന്നറിയിപ്പുകൾ പാതയോരങ്ങളിൽ.
''ക്ഷേത്രത്തിനടുത്ത് എവ്ടേങ്കിലും വാടക കൊട്ക്കാതെ താമസിക്കാൻ പറ്റ്വോ?'' തീർഥാടകന്റെ ചോദ്യം.
''അറിയില്ല'', ശിവു പറഞ്ഞു.
''ദേവസ്വം വക സത്രമില്ലേ?'' തുടർചോദ്യമുണ്ടായി.
ശിവു മിണ്ടിയില്ല.
ബസിറങ്ങി ധൃതിപ്പെട്ട് നടക്കുമ്പോൾ പിന്നിൽ അയാൾ ഒപ്പമെത്താൻ കാൽവെപ്പുകൾക്ക് വേഗം കൂട്ടുകയാണെന്ന് കണ്ട് ശിവു നടത്തം കുറേക്കൂടി വേഗത്തിലാക്കി. മുന്നിൽ ക്ഷേത്രം. അലങ്കാരഗോപുരത്തിന്റെ ചെമ്പുമേഞ്ഞ മേൽക്കൂരയും മൂന്നു സ്വർണത്താഴികക്കുടങ്ങളും ഇരുപത് തട്ടുകളോടുകൂടിയ ദീപസ്തംഭവും വെയിലിൽ തിളങ്ങുന്നു. ശിവു പലയിനം കരകൗശലവസ്തുക്കൾ തൂങ്ങിക്കിടക്കുന്ന ചെറിയ കടകൾക്കിടയിലൂടെ നടന്നു. പിറകോട്ട് നോക്കിയതേയില്ല. അങ്ങകലെ കുടജാദ്രി. അതിന്റെ നേർക്കും ശിവു നോക്കിയില്ല.
4
''നീയെന്താ പെട്ടെന്ന് പോന്നേ?'' ചീനച്ചട്ടിയിലെ തിളക്കുന്ന എണ്ണയിൽനിന്ന് ഹോളിബജി കോരിക്കൊണ്ട് ധൂമപ്പ ചോദിച്ചു.
നിലത്തിരുന്ന് മധുരക്കിഴങ്ങ് പൊരിക്കാൻ പാകത്തിൽ നുറുക്കുകയായിരുന്ന ദുമാളു ഒരു ന്യായം കണ്ടെത്തി.
''പെണ്ണോ പുള്ളറോ ഉണ്ടെങ്കിലല്ലേ?''
അടുക്കളവാതിൽക്കൽ ചെന്നബസവ.
''ഉടുപ്പ് മാറ്റി പണിക്ക് കേറ്. നല്ല തെരക്ക്ള്ള ദെവസാ.''
''ഓ.'' ശിവു അടുക്കളയോട് ചേർന്നുള്ള ചായ്പിലേക്ക് നടന്നു.
ദേവികൃപ ചെന്നബസവയുടേതും ഭാര്യ ഉളുഗമ്മയുടേതുമാണ്. ചെന്നബസവ പുലർച്ചയോടെ ഹോട്ടലിലെത്തും. ഉളുഗമ്മ വരിക കുറേക്കഴിഞ്ഞാണ്. അടുക്കളയിൽ മുഖ്യപാചകക്കാരൻ ധൂമപ്പ. ദുമാളുവും ശിവുവും സഹായികൾ. വിളമ്പുകാരായി ഹനുമന്തയും വെങ്കടരമണയും സകലേഷും. പാത്രങ്ങൾ കഴുകാൻ ശാമണ്ണ. അവൻ കഞ്ചാവ് വലിക്കുമെന്നത് ഒരു രഹസ്യമല്ല.
ദേവിയെ തൊഴാൻ വരുന്നവരുടെയുള്ളിൽ ഭക്തിയേക്കാൾ വിശപ്പാണെന്ന് പറയും ധൂമപ്പ. തമിഴന്മാരുടെയും തെലുങ്കന്മാരുടെയും ബസുകൾ ജമന്തിപ്പൂക്കളുടെ മണവുമായി പാർക്കിങ് ഗ്രൗണ്ടിലെത്തിയാൽ ചെന്നബസവക്ക് കുശാൽ. അവധിദിനങ്ങളാണെങ്കിൽ അനേകം പേർ വരും. രാത്രിയിൽ ക്ഷേത്രത്തിന്റെ നടയടച്ചാലും ദേവികൃപ തുറന്നുതന്നെയുണ്ടാകും. ദുമാളു ഒഴികെയുള്ളവർ വേല തുടരുകയാവും. നിർത്തേണ്ട നേരം ചെന്നബസവ പറയും. പിന്നെ പണപ്പെട്ടിയുംകൊണ്ടൊരു പോക്കാണ്. ഉളുഗമ്മ, ദുമാളുവിനെപ്പോലെ, നിഴലുകൾ മായുംമുമ്പേ മനെയിലേക്ക് മടങ്ങിയിരിക്കും. മനെ ഏറെ ദൂെരയല്ല.
ഇവിടെയായിരിക്കെ ശിവുവിനെ മോഹിപ്പിക്കുന്നത് പുഴയാണ്. അറുപത്തിനാലു തീർഥങ്ങൾ അലിഞ്ഞു ചേർന്ന പുഴ. രാവുകളിൽ ശിവു അതിൽ പിറന്നപടി ഇറങ്ങിനിൽക്കും. പുഴമീനുകൾ ദിഗംബരനെ ചിറ്റിമ്പത്തോടെ ഉരുമ്മും. ഇരുട്ട് കട്ടപിടിച്ച കാടുകൾ അവനെ ഭയപ്പെടുത്തില്ല. നിശ്വാസങ്ങൾ മുഴങ്ങുന്ന കാടുകൾക്കിടയിൽ പുഴയുടെ അടിത്തട്ടിലെ ഉരുളൻകല്ലുകളിൽ പാദങ്ങളൂന്നി അങ്ങനെ നിൽക്കുമ്പോൾ തന്റെ ആകാരം പെരുകുന്നതായി അവന് തോന്നും.
5
എന്നും, നടതുറന്ന് നിർമാല്യദർശനം തുടങ്ങുന്നതിനും ചെന്നബസവ വന്നെത്തുന്നതിനും മുമ്പേ ധൂമപ്പ ശിവുവിനെ വിളിച്ചുണർത്തും. ദുമാളുവും മറ്റു പണിക്കാരും പിന്നീടാണ് വരിക. അവർ വരുമ്പോഴേക്കും അടുക്കളയിൽ തീ പൂട്ടിയിരിക്കും. ഇഡ്ഡലിയുണ്ടാക്കേണ്ടതുണ്ട്. പൂരിമാവ് കുഴക്കേണ്ടതുണ്ട്. ദോശ ചുേടണ്ടതുണ്ട്. സാമ്പാറും തേങ്ങാച്ചമ്മന്തിയും ഉണ്ടാക്കേണ്ടതുണ്ട്. ഉപ്പുമാവ് ഒരുക്കേണ്ടതുണ്ട്. ക്ഷേത്രത്തിൽ വഴിക്കുവഴിയായി അഭിഷേകവും ഗണഹോമവും പ്രഭാതപൂജയും ദന്തധാവന മംഗളാരതിയും പഞ്ചാമൃത അഭിഷേകവും ത്രിമധുര നിവേദ്യവും ഉഷഃ മംഗളാരതിയും ഉദയബലിയും. അവയിലൊന്നുപോലും ശിവു കണ്ടിട്ടില്ല ഇന്നേവരെ. നേരം കിട്ടിയിട്ട് വേണ്ടേ? കാണണമെന്ന് തോന്നുകയും വേണ്ടേ?
''ശിവൂ...'' ദുമാളു വിളിച്ചു.
അവൾ കുറച്ച് നേരമായി ശ്രദ്ധിക്കുകയായിരുന്നു. ശിവു തേങ്ങ ചിരവിത്തീർന്നിട്ടും ചിരട്ട ഉരക്കുകയാണ്.
''നാട്ടില് പോയി വന്നേപ്പിന്നെ എന്തോ പന്തികേട്ണ്ട് നിനക്ക്. നിന്റെ മനസ്സ് വേറെ എവ്ടെയോ ആണ്.'' ദുമാളു പറഞ്ഞു.
''ഞാനും അത് കണ്ടോണ്ടിരിക്യാ.'' ധൂമപ്പ ദുമാളുവിന് പിന്തുണയേകി. കുറേ ദിവസങ്ങളായി ധൂമപ്പയും ശിവുവിന്റെ പെരുമാറ്റം നിരീക്ഷിക്കുകയാണ്.
''ഏയ് ഒന്നൂല്ല. നിങ്ങള് വെറുതെ ഓരോന്ന് വിചാരിക്ക്വാ.'' ശിവു ചിരട്ട മാറ്റിവെച്ച് പറഞ്ഞു.
ധൂമപ്പയും ദുമാളുവും ചേർന്ന് ചിരിച്ചു.
''എന്റെ സംശയം വല്ല പെണ്ണും കൊളുത്തിപ്പിടിച്ചോന്നാ.'' ദുമാളു പറഞ്ഞു.
ശിവു താനത് കേട്ടില്ലെന്ന ഭാവത്തിൽ ഇരുന്നു. പക്ഷേ, അവന്റെയുള്ളിൽ എന്തോ ഇളകി. ഒപ്പം അവനിലെ മോഷ്ടാവും ഉണർന്നു.
ദക്ഷിണ കന്നഡയിൽ പലേടത്തും ശിവു ചെറിയ ചെറിയ മോഷണങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ അവന് പങ്കാളികളില്ല. ബന്ത്വാളിലും ചിക്കമഗളൂരുവിലും ശിവമോഗയിലും കുടകിലും സുബ്രഹ്മണ്യത്തും മുരുദേശ്വരത്തും കദ്രിയിലും അവൻ വെറും സഞ്ചാരിയായോ തൊഴിൽ തേടുന്നവനായോ ചെന്ന് ഒരു ചെറുകിട മോഷ്ടാവെന്ന നിലയിലുള്ള, അസൂയാർഹമെന്ന് പറയാനാവാത്ത, നൈപുണ്യം പ്രകടിപ്പിക്കുകയും അതിലൂടെ ചില നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തത് ദക്ഷിണ കന്നഡയിലെ ചരിത്രകാരന്മാർ ശ്രദ്ധിച്ചിട്ടില്ല. അവനെപ്പോഴും രക്ഷപ്പെടാനുള്ള പഴുതുകൾ കണ്ടെത്തുമെന്നതുകൊണ്ട് നിയമത്തിന് ഇന്നോളം അവന്റെ മേൽ കൈവെക്കാനായിട്ടില്ല. അപഹരിച്ച മുതലുമായി അവൻ മംഗലാപുരത്തെത്തി പാസഞ്ചർ വണ്ടിയിൽ ഒരു സാധാരണ യാത്രക്കാരനായി ദേശത്തെ തീവണ്ടിയാപ്പീസിൽ ചെന്നിറങ്ങുന്നു. തുടർന്നുള്ള രാത്രികളിൽ സ്വന്തം ദേശത്തോ അയൽദേശങ്ങളിലോ കവർച്ച നടത്താനുള്ള സാധ്യതകൾ ആരായുന്നു. അവന്റെ ഈ ശീലത്തെക്കുറിച്ച് അറിയാവുന്നത് അനുജനായ ജഗ്ഗുവിന്, അവന്റെ ശരിക്കുള്ള പേര് ജഗദീശനെന്ന്, മാത്രമാണ്. ജഗ്ഗുവാണ് മോഷണങ്ങളുടെ ഗുണഭോക്താവ്. ശിവു താനിനി മോഷണത്തിനിറങ്ങുന്നില്ലെന്ന കടുത്ത തീരുമാനമെടുത്താൽ അവൻ പെട്ടതുതന്നെ. പക്ഷേ, ഏട്ടൻ അങ്ങനെ ചെയ്യില്ലെന്ന് അവന് നല്ല ഉറപ്പാണ്. ഏട്ടൻ വാത്സല്യമാണ്. അവൻ ഒരിക്കലും ഏട്ടനെ ഒരു കവർച്ചക്കാരനായി കണ്ടിട്ടില്ല. ഭ്രാതൃസ്നേഹത്തെ അവൻ വിലമതിക്കുന്നു.
ശിവുവിന് വേരുകളുള്ളത് ജന്മദേശത്ത് മാത്രമാണ്. അലഞ്ഞ് ചെന്നെത്താറുള്ള ഇടങ്ങളിലൊന്നും അവൻ വേരൂന്നാറില്ല. ഒരിടത്തും അധികകാലം തങ്ങാറുമില്ല. അവന് താൽപര്യം അനിശ്ചിതത്വം നിറഞ്ഞ അലച്ചിലുകളാണ്. ദേവികൃപക്ക് ഒരുദിനം അവനെ നഷ്ടമാകും, തീർച്ച. വൈകിയേക്കില്ല.
6
കൊറപ്പാളുവിന് എഴുതാനും വായിക്കാനും അറിയില്ല. അതൊരു പോരായ്മയായി തോന്നിത്തുടങ്ങിയത് പ്രായമായപ്പോഴാണ്. പഠിക്കേണ്ട പ്രായത്തിൽ പാടത്തായിരുന്നു; ഏളകളെ പായിക്കാനും നെയ്ച്ചിങ്ങ പെറുക്കാനും. പിന്നെ കള പറിക്കലും കൊയ്ത്തും മെതിയും നെല്ലുകുത്തും കാലിമേക്കലും ചാണകം വാരലും. കാലം അങ്ങനെ കടന്നുപോയി. അതിനിടെ കുഞ്ഞാരനെന്നൊരാൾ വന്ന് തൊട്ടു. രണ്ട് പെറ്റു.
ശിവു കത്തയക്കുക പതിവില്ല. ജഗ്ഗുവിനെക്കൊണ്ടോ ശാന്തിമതിയെക്കൊണ്ടോ അങ്ങോട്ട് എഴുതിക്കാനാണെങ്കിൽ മേൽവിലാസം അറിയുകയുമില്ല. എവിടെയാണോ ആവോ. ചാണകവരടിയുണ്ടാക്കുമ്പോൾ കൊറപ്പാളുവിന് ആധിയായി.
''ഏട്ടനെ നിരീച്ച് അമ്മ തോന സങ്കടത്തിലാ.'' ശാന്തിമതി ജഗ്ഗുവിനോട് പറഞ്ഞു.
''സങ്കടപ്പെട്ടിട്ട് എന്ത് കാര്യം?'' ജഗ്ഗു ചോദിച്ചു.
''നിങ്ങക്കൊന്ന് അന്വേഷിച്ചൂടേ?''
''ഞാൻ ഏടപ്പോയി അന്വേഷിക്കാനാ?''
''പോയിറ്റ് കുറേയായില്ലേ?''
''നീ വേവലാതിപ്പെടാതെ.''
ജഗ്ഗുവിന്റെയുള്ളിലും വേവലാതിയുണ്ടായിരുന്നു. പക്ഷേ, അത് പുറത്തുകാട്ടുന്നില്ലെന്ന് മാത്രം. അവൻ നിസ്സംഗനായി മരങ്ങൾ മുറിച്ചുവീഴ്ത്തുകയെന്ന തന്റെ ജോലി ചെയ്യുന്നു. കൂടെ നാഗരാജൻ. എല്ലാ ദിവസവും പണിയുണ്ടാവില്ല. അപകടംപിടിച്ച പണിയാണ്. വീഴുന്ന മരങ്ങളുടെ ശാപം ഏറ്റുവാങ്ങുകയും വേണം. അവയിൽ പക്ഷിക്കൂടുകളുണ്ടെങ്കിൽ പക്ഷികളുടെയും. ചില മരങ്ങളിൽ അടിമുടി ചോണനുറുമ്പുകളാവും. അവ കടിച്ച് കുടയും. നോവ് സഹിക്കണം. ശാന്തിമതിയുടെ പ്രാക്ക് ചോണനുറുമ്പുകൾ കേൾക്കില്ല.
ദേവനന്ദ മുറ്റത്ത് കൊച്ചമ്മാടി കക്കുകളിയിലായിരുന്നു. ഒറ്റക്ക്. അവളുടെ മുന്നിൽ തോട്, പുഴ, കടൽ എന്നിങ്ങനെ സങ്കൽപിച്ചു വരച്ച വലിയ കളം. അതിലേക്ക് ഒരു മാങ്ങയണ്ടി എറിയുന്നു. പുറത്തുനിന്നും ഒറ്റക്കാലിൽ വരകളൊന്നും ചവിട്ടാതെ മൂന്നു കാൽവെപ്പിൽ മാങ്ങയണ്ടിയിൽ ചെന്ന് ചവിട്ടി അതിനെ ഒറ്റക്കാലുകൊണ്ട് തട്ടിത്തട്ടി പുറത്തെത്തിച്ച് അതിന്മേൽ തുള്ളിനിൽക്കുന്നു. വരയുടെ മേലെ കരു വന്നുവീണാലും രണ്ടാമത്തെ കാൽ കളത്തിൽ മുട്ടിയാലും തോൽവി. ദേവനന്ദ തോൽക്കുന്നുണ്ട്, ജയിക്കുന്നുമുണ്ട്. അതിനിടയിൽ അവളുടെ നോട്ടം വഴിയിലേക്കായി.
''വല്യച്ഛൻ... വല്യച്ഛൻ...'' അവൾ ആരവം കൂട്ടി.
ശിവു ഒരു സൈക്കിളിൽ അവളുടെയും വീടിന്റെയും നേർക്കുവന്നു.
7
ദക്ഷിണ കന്നഡയിൽനിന്ന് ഇത്രയും ദൂരം സൈക്കിൾ ചവിട്ടിവന്നതാണോ, സൈക്കിൾ തീവണ്ടിയിൽ കൊണ്ടുവന്നതാണോ എന്ന സംശയം ശിവുവിനോട് ജഗ്ഗുവോ മറ്റാരെങ്കിലുമോ ഉന്നയിച്ചില്ല. കൊറപ്പാളുവിന്റെ വ്യാകുലഭാവം അവനെ കണ്ടപാടെ മാറിയിരുന്നു. കൊറപ്പാളു പറഞ്ഞതുപ്രകാരം ജഗ്ഗു വളർത്തുകോഴികളിലൊന്നിനെ പിടിക്കാൻ പോയി. വൈകാതെ വീടിന് കോഴിച്ചാറിന്റെ മണമായി.
ചോറുണ്ട് വീട്ടുതിണ്ണയിലിരിക്കുമ്പോൾ കൊറപ്പാളു ശിവുവിനോട് അവനിനി എവിടേക്കും പോകേണ്ടെന്നു പറഞ്ഞു.
''പിന്നെ?'' ശിവു തിരക്കി.
''ഈടത്തന്നെ പണിയെടുത്തൂടേ, ഒന്നൂല്ലേല് ഞണ്ട് പിടിച്ചാപ്പോരേ?'' കൊറപ്പാളു ചോദിച്ചു.
അവൻ ദേശത്തുള്ളപ്പോൾ ഞണ്ടു പിടിക്കുമായിരുന്നു.
''ദെവസവും കിട്ടേ്വാ ഞണ്ട്?''
''ന്നാ നെയ്തൂടേ?''
''ഞാൻ പഠിച്ചിറ്റ് ല്ലാലോ...''
''സുബു പഠിപ്പിക്കും.''
''അത് അമ്മ നിരീക്ക്ന്ന പോലെ അത്ര എളുപ്പമല്ല.''
''ടൈലറിങ് ഷോപ്പായാലോ...'' അത് ജഗ്ഗുവിന്റെ നിർദേശമായിരുന്നു.
''അതിന് തുന്നൽപ്പണി എനിക്കറിയ്യേ്വാ?''
''പഠിക്കാലോ.''
''പഠിക്കാൻ ഞാൻ മോശാ. നാണുമാഷും ചിണ്ടൻമാഷും തന്ന നുള്ളിനും തല്ലിനും കണക്കുണ്ടോ?''
നാണു മാഷും ചിണ്ടൻ മാഷും മരിച്ചിട്ട് അനവധി വർഷങ്ങളായി. പക്ഷേ, അവരിൽനിന്ന് ഏറ്റുവാങ്ങേണ്ടിവന്ന നുള്ളും പ്രഹരവും ശിവു ഇന്നുമോർമിക്കുന്നു. നാണു മാഷ് നുള്ളുക തുടക്കാണ്. ഓരോ നുള്ളിലും തൊലിയടരും. ചിണ്ടൻമാഷ് ചൂരലുകൊണ്ട് ആഞ്ഞടിക്കും. രണ്ടുപേരും പോയ്ക്കഴിഞ്ഞു. പക്ഷേ, ശിവു താൻ സഹിച്ച നോവ് മറന്നിട്ടില്ല. മറ്റൊരധ്യാപകനായ മഹാലിംഗഭട്ടിനെയും അവനോർക്കുന്നു. അദ്ദേഹം എത്രയോ തവണ അവനെ പീരിയഡ് തീരുവോളം ബെഞ്ചിൽ കയറ്റിനിർത്തിയിട്ടുണ്ട്. അതിന് പകരമായി അവൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് അടക്ക മോഷ്ടിക്കയുണ്ടായി. അത് വിൽക്കാൻ കൊണ്ടുപോയത് ജഗ്ഗുവാണ്. ഇനി സൈക്കിൾ വിൽക്കേണ്ടതും അവൻ തന്നെ.
''വല്യച്ഛാ എന്നെ സൈക്കിളിലിരുത്തി ഓടിക്കേ്വാ?'' ദേവനന്ദ ചോദിച്ചു.
''ഇപ്പോ വെയ്ച്ചതല്ലേ. കുറച്ച് കയ്യട്ടെ മോളേ.'' ശാന്തിമതി പറഞ്ഞു.
''അത് സാരൂല്ല. മോളേംകൊണ്ട് ഞാനൊന്ന് ചുറ്റിവരാം.'' ശിവു എഴുന്നേറ്റു.
കൊറപ്പാളു തർക്കം പറഞ്ഞില്ല.
8
ദേവനന്ദയുമായി സൈക്കിളിൽ ചുറ്റുമ്പോൾ ശിവു പലരെയും കണ്ടു. തേങ്ങ പറിക്കുന്ന തെങ്ങുകയറ്റക്കാരൻ പൊക്ളനെ. നെയ്തെടുത്ത കോറയുമായി വീവേഴ്സ് സൊസൈറ്റിയിലേക്ക് പോകുന്ന സുബ്ബുവിനെ. മീൻകാരി ചെറിയോളെ. മഞ്ചണ്ണ പൂജാരിയെ. തപാൽ ശിപായി ബൊമ്മനെ. പൊട്ടൻ ചോമുവിനെ. അവരെയൊക്കെ വീണ്ടും കാണാനായതിൽ ശിവുവിന് സന്തോഷം തോന്നി. മറന്നുപോയ മനുഷ്യരാണ്. മറ്റെങ്ങോ ആയിരിക്കെ അവരൊന്നും ഓർമയിലേക്ക് വരാറില്ല. ഉറക്കങ്ങളിൽ ആരെയും കാണാറില്ല. എന്നാലും അവരൊക്കെ ഇവിടെതന്നെയുണ്ട്. മണ്ണ് അവരെ ചേർത്തുനിർത്തുന്നു.
''വല്യച്ഛാ, അതാരാ?'' ദേവനന്ദ കൈചൂണ്ടിക്കൊണ്ട് ചോദിച്ചു.
അവൾ കൈചൂണ്ടിയത് വഴിയരികിലെ പുളിമരത്തിന് ചോട്ടിലുള്ള വയറ് വീർത്തൊരു പെണ്ണിന്റെ നേർക്കാണ്. മെഴുക്കില്ലാതെ പറപറാ കിടക്കുന്ന മുടി. അലങ്കോലമായ വേഷം. പക്ഷേ, വയറ് ഉന്തിനിന്നു.
ശിവു സൈക്കിൾ നിർത്തി. പെണ്ണിന്റെ മേൽ പുളിമരത്തിന്റെ നിഴൽ. അവൾ മുടിയിലൂടെ വിരലോടിച്ച് പേനുകളെ തിരയുകയായിരുന്നു. ഓരോ പേനിനെ നേടിയപ്പോഴും അവൾ ചിരിച്ചു. മറ്റൊന്നും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ചപ്രത്തലയിൽ പേനുകൾ അനേകം. അവ ചോര കുടിക്കുകയാണ്.
അതാരെന്ന ദേവനന്ദയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ചായക്കട നടത്തുന്ന സീതാരാമയ്യയാണ്.
''ബുദ്ധിസ്ഥിരതയില്ലാത്ത പെണ്ണാ. ഏതോ മഹാപാപി പണി കൊട്ത്തു. വീട്ടുകാര് ആവോളം തല്ലി, തൊഴിച്ചു. നെലോളിച്ചതല്ലാണ്ട് ആരാന്ന് പറഞ്ഞില്ല ഓള്. പിന്നെ വീട്ടുകാര് പടിയടച്ച് പിണ്ഡംവെച്ചു. ഇപ്പോ അക്കാണുന്ന പുളിമരത്തിന്റെ ചോട്ടില്. വെശന്നാലും ദാഹിച്ചാലും ഇങ്ങോട്ട് വെരും. വൃത്തീല്ല. ന്നാലും ഒര് മനുഷ്യജീവിയല്ലേ. വയറ്റില് കുഞ്ഞും. ഇനീപ്പോ പെറാന്നൊമ്പലം സഹിക്കേ്വം വേണം.''
ശിവു ഇടിയാച്ചേറ്റപോലെ ഇരുന്നു.
9
തുറസ്സിൽനിന്ന് പുളിമരത്തിലേക്ക് വീശിയതൊരു പറപ്പൻകാറ്റ്. തുരുതുരെ ഇലകൾ പാറിവീണു. പല്ലവി കിലുകിലെ ചിരിച്ചുംകൊണ്ട് ഇലകൾക്കായി കൈകൾ നീട്ടി.
കൊറപ്പാളു അവളുടെ മുന്നിലെത്തിയത് നടന്നും ഓടിയുമാണ്. ഒരകലത്തിലായി ശിവു മുഖം കുനിച്ച് നിന്നു.
അവരാരെന്ന് പല്ലവിക്കറിയില്ലായിരുന്നു. അതിന്റെ അമ്പരപ്പിൽ വായിലെ പുളിയിലകൾ ചവക്കാൻ മറന്നു.
അതിനോടകം കാറ്റു നീങ്ങി ഇലകളുടെ വൃഷ്ടി ശമിച്ചിരുന്നു.
നിശ്ചല ശിഖരങ്ങളിൽ വെയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.