മൂവര്‍സംഘം
ജോഷിയുടെ ബംഗ്ലാവിനു മുകളില്‍ അതിഥിപ്രാവുകള് കുറുകുന്നുണ്ടായിരുന്നു. നേരം ശരിക്കും വെളുത്തപ്പോള്‍ മിക്കതും പറന്നു പോവുകയും ചെയ്തു. അവ തൂവല്‍ പൊഴിച്ചിട്ട മട്ടുപ്പാവില്‍ അമ്പട്ടനെ കാത്തിരിക്കുകയായിരുന്നു വിഷ്ണു കാര്‍ക്കറെ. അൽപസമയത്തിനകം തന്നെ ക്ഷുരകപ്പെട്ടിയുമായി മെലിഞ്ഞ ഒരു മനുഷ്യന് ഗേറ്റ് കടന്നുവന്നു. നരച്ചുതുടങ്ങിയ ദോത്തിയും ഇറക്കം കുറഞ്ഞ കുടുക്കില്ലാത്ത ഷര്‍ട്ടുമായിരുന്നു അയാളുടെ വേഷം. കഴുത്തിലെ കറുത്ത ചരട് ആ ശരീരത്തിന് ആര്‍ഭാടമായി തോന്നിച്ചു. കാര്‍ക്കറെ മുറ്റത്തേക്കിറങ്ങി മരച്ചോട്ടില്‍ കസേരയിട്ടിരുന്നു. ഇതിനുമുമ്പ് വന്നപ്പോഴും അമ്പട്ടന് കാര്‍ക്കറെയെ കണ്ടിട്ടുണ്ട്. ''സാബ്ബിനാണോ ക്ഷൗരം ചെയ്യേണ്ടത്?'' ആ മെലിഞ്ഞ ശരീരത്തിനു ചേര്‍ന്ന ശബ്ദമായിരുന്നില്ല അയാളുടേത്. കാര്‍ക്കറെ ചിരിച്ചുകൊണ്ട് അയാള്‍ക്കായി ഇരുന്നുകൊടുത്തു. അലക്കി വെളുപ്പിച്ച തുണികൊണ്ട് അമ്പട്ടന് കാര്‍ക്കറെയെ പുതപ്പിച്ചു. പൂജാമുറിയില്‍നിന്ന് ജോഷി മണി മുഴക്കുന്ന ശബ്ദം പുറത്തേക്ക് വന്നു. ''മുടി ഒതുക്കി വെട്ടിയാല്‍ മതി. കൂടുതല്‍ കളയേണ്ട.'' കാര്‍ക്കറെ പറഞ്ഞു. അമ്പട്ടന് പ്രാർഥനാപൂർവം ക്ഷൗരപ്പെട്ടിയില്നിന്ന് ചീര്‍പ്പും കത്രികയും പുറത്തെടുത്തു.
''നീ ഹരിജനങ്ങളുടെ മുടി വെട്ടാറുണ്ടോ?''
''ഇല്ല സേട്ട്, ഞാന്‍ ബ്രാഹ്മണരുടെ ക്ഷൗരക്കാരനാണ്.'' അയാള്‍ മെലിഞ്ഞ വിരലുകള്‍കൊണ്ട് കാര്‍ക്കറെയുടെ മുടി കോതാന്‍ തുടങ്ങി. കത്രികയുടെ കരച്ചില് തുടങ്ങിയപ്പോള്‍ കാര്‍ക്കറെ കണ്ണടച്ചിരുന്നു.
ലങ്കാദഹനം!
നാടകം തുടങ്ങി...
ഹനുമാന് കൊട്ടാരത്തിനു മുകളിലൂടെ പറക്കാന്‍ ശ്രമിക്കുകയാണ്. വാലില്‍ തീ പിടിച്ചിട്ടുണ്ട്. ഒറ്റ പറക്കല്‍ മതി... കൊട്ടാരത്തിനു തീ പിടിക്കും. രാവണന്‍കോട്ട എരിഞ്ഞുതീരും.
കാണികള്‍ക്ക് രസം പിടിച്ചുതുടങ്ങിയത് കാര്‍ക്കറെയെ ഏറെ ആഹ്ലാദിപ്പിക്കുന്നുണ്ട്. ഹനുമാന്റെ കുതിപ്പ് കണ്ട് ജനം കൈയടിച്ചു. കാര്‍ക്കറെയും കൈയടിച്ചു.
ബാര്‍ബറുടെ ശ്രദ്ധ തെറ്റി. വെട്ടു മാറി. ഭാഗ്യത്തിനാണ് ചെവി മുറിയാതിരുന്നത്.
''എന്തു പറ്റി സാബ്ബ്?'' പേടിച്ച മുഖഭാവത്തോടെ ബാര്‍ബര്‍ ചോദിച്ചു.
''ഹേയ് ഒന്നുമില്ല. എനിക്കൊരു ടൂറിങ് നാടക കമ്പനിയുണ്ടായിരുന്നു. പൂനയില്‍. ലങ്കാദഹനം കുറെ സ്റ്റേജുകള്‍ കളിച്ച നാടകമാണ്. ഞാന്‍ അതിലെ ഒരു രംഗം ഓര്‍ത്ത് ആവേശഭരിതനായി പോയി.''
ബാര്‍ബര്‍ ചിരിച്ചു. ഗ്രാമങ്ങളില്‍ നാടകമല്ലാതെ വേറെയൊന്നുംതന്നെ ആളുകളുടെ വിനോദത്തിനായി ഉണ്ടായിരുന്നില്ല. അയാളും ലങ്കാദഹനം കണ്ടിരുന്നു.
''സാബ്ബിന്റേതായിരുന്നോ നാടകം?''
''എഴുതുന്നതും അഭിനയിക്കുന്നതും ഒക്കെ വേറെ ആള്‍ക്കാരാണ്. ഞാനായിരുന്നു നടത്തിപ്പ്. എന്റെ ഗെസ്റ്റ്ഹൗസ് നോക്കിനടത്തുന്ന എസ്.വി. കേത്കറും ആര്.എസ്. രേക്കിയും ട്രൂപ്പിനെ സഹായിക്കാനുണ്ടാവും. നാടകമാണ് എനിക്ക് സമൂഹത്തില്‍ വിലയും നിലയും തന്നത്.''
ബാര്‍ബര്‍ തലമുടി ചീകിവെച്ച ശേഷം കണ്ണാടിയെടുത്തു കാര്‍ക്കറെയെ കാണിച്ചു. അയാള്‍ സൂക്ഷിച്ചുനോക്കി. ''ഇടതുവശത്ത് കുറച്ചു കൂടി കുറയ്ക്കാം.'' ബാര്‍ബര്‍ വീണ്ടും കത്രികയെടുത്ത് ശ്രദ്ധാപൂർവം വെട്ടാന്‍ തുടങ്ങി. ''നാടക കമ്പനി ഇപ്പോഴും ഉണ്ടോ സാബ്ബ്?''
''പേരിനേയുള്ളൂ. സ്വാതന്ത്ര്യം കിട്ടിയതില്‍ പിന്നെ കളി കുറവാണ്.''
ബാര്‍ബര്‍ കണ്ണാടി ഒന്നുകൂടി കാണിച്ചു കൊടുത്തു.
''കൊള്ളാം, ജോറായിട്ടുണ്ട്.''
ആ മെലിഞ്ഞ മനുഷ്യന് സന്തോഷമായി. അയാള്‍ കാര്‍ക്കറെയുടെ തല മസാജ് ചെയ്യാന്‍ തുടങ്ങി. കണ്ണടച്ച് സേട്ട് ആസ്വദിച്ചു.
''1939ല്‍ ആണെന്നാണ് ഓർമ. സവര്‍ക്കര്‍, അഹമ്മദ് നഗറില്‍ വന്നു. അന്ന് അദ്ദേഹത്തിനു കാണാന്‍ വേണ്ടി പ്രത്യേക കളി ഒരുക്കി. നാടകം സവര്‍ക്കര്‍ക്കും വലിയ ഇഷ്ടമായി. അതില്‍ പിന്നെ ഹിന്ദു മഹാസഭയുടെ പല യോഗത്തിലും െവച്ച് കാണും. അദ്ദേഹവുമായി അടുപ്പമായത് അങ്ങനെയാണ്. നാടകമാണ് എല്ലാത്തിനും നിമിത്തമായത്. അത് കഴിഞ്ഞു പൂനയിലെ ഹിന്ദു മഹാസഭയുടെ നേതാവായി. കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു. അഹമ്മദ് നഗറില്‍ എതിരില്ലാതെയാണ് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. നാടകം ആള്‍ക്കാര്‍ക്കിടയില്‍ വലിയ മതിപ്പുണ്ടാക്കിത്തന്നു. തെരുവില്‍നിന്ന് വന്നവന് രാജാവായി തീര്‍ന്നത് നാടകം കളിച്ചതുകൊണ്ടു കൂടിയാണ്.''
ബാര്‍ബറുടെ വിരലോട്ടം നിന്നപ്പോള്‍ കാര്‍ക്കറെയുടെ ആലോചന മുറിഞ്ഞു. ''ഒന്നുകൂടി ചെയ്യാമോ?'' അയാള്‍ സ്നേഹപൂർവം ചോദിച്ചു. വിരല്‍ ഞൊടിച്ചുകൊണ്ട് മെലിഞ്ഞ മനുഷ്യന് സന്തോഷത്തോടെ വീണ്ടും തലയില്‍ വിരലുകള്‍ ഓടിച്ചു.
''മുഖം ക്ഷൗരം ചെയ്യണോ സേട്ട്?''
''വേണ്ടാ... അത് ഞാന്‍ തന്നെ ചെയ്യാറാണ് പതിവ്. മറ്റൊരാള്‍ ചെയ്താല്‍ എനിക്ക് തൃപ്തിയാവില്ല.''
ബാര്‍ബര്‍ നീണ്ട ചീര്‍പ്പുകൊണ്ട് കാര്‍ക്കറെയുടെ മുടി ഒതുക്കിെവച്ചു.
കാര്‍ക്കറെ കണ്ണാടിയില്‍ സ്വയം കണ്ട് തൃപ്തനായി. ബാര്‍ബര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ അണകള്‍ കൊടുക്കാമെന്നു കാര്‍ക്കറെ നിനച്ചു. മുടിവെട്ടുകാരന് ഏറ്റവും മനോഹരമായ ഓർമയെ മടക്കിക്കൊണ്ടുവരാന്‍ കാരണമായതില്‍ വിഷ്ണു കാര്‍ക്കറെക്ക് ഏറെ സന്തോഷം തോന്നി.
''ജോലിയോടുള്ള നിന്റെ ആത്മാര്‍ഥത എനിക്കിഷ്ടപ്പെട്ടു. ഇനി മുഖവും ക്ഷൗരം ചെയ്യാം.''
വിഷ്ണു കാര്‍ക്കറെ വീണ്ടും കണ്ണടച്ചിരുന്നു. അപ്പോഴേക്കും പ്രാവുകള്‍ മുഴുവനും പറന്നുപോയി കഴിഞ്ഞിരുന്നു.
ഠഠഠ
ബിര്‍ളാ ഹൗസില്‍നിന്നും ഏഴു മൈല്‍ ദൂരെയായിരുന്നു മെഹ് രോലി. അവിടെയായിരുന്നു സൂഫിവര്യനായ ഖ്വാജ സയ്യിദ് കുത്തുബുദ്ദീന്‍ ഭക്തിയാറുടെ ദർഗ. അവിടെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഉറൂസ് നടക്കുകയാണ്. അന്ന് രാവിലെ ഗാന്ധി ഉറൂസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. പക്കാര്‍ഡ് കാറില്‍ അവിടേക്ക് യാത്രയായി. എല്ലാ വര്‍ഷവും സൂഫി പാരമ്പര്യമനുസരിച്ച് നടക്കുന്ന ഉറൂസില്‍ മുസ്ലിംകള് മാത്രമല്ല, ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും പങ്കെടുക്കാറുണ്ടായിരുന്നു. കലാപകാരികള്‍ കേടുവരുത്തിയ ദർഗ അറ്റകുറ്റപ്പണി ചെയ്തു കൊടുത്ത സര്‍ക്കാര്‍ നടപടിയില്‍ ഗാന്ധി സംതൃപ്തനായിരുന്നു. ആബയും മനുവും മറ്റൊരു സഹായിയുമൊത്താണ് ഗാന്ധി ദർഗയില്‍ എത്തിയത്.
സനാതന ഹിന്ദുക്കളും പരമ്പരാഗത വേഷം ധരിച്ച സിഖുകാരും ചേര്‍ന്ന് പൂക്കളും ആവിപറക്കുന്ന ചായക്കപ്പുമായാണ് അതിഥികളെ വരവേറ്റത്. സമാധാനപരമായ അന്തരീക്ഷമായിരുന്നു. എല്ലാ ജാതിമത വിശ്വാസികളും ഒത്തുകൂടിയതിന്റെ സന്തോഷം ഗാന്ധിയെ ഏറെ ആഹ്ലാദിപ്പിച്ചു.
''ഇസ്ലാം മതവിശ്വാസ പ്രകാരം സ്ത്രീകള്‍ക്ക് പവിത്രസ്ഥാനത്തേക്ക് പ്രവേശനം നിഷിദ്ധമാണ്.'' ഗാന്ധി ഒരു നിമിഷം ആലോചനയില്‍ നിന്നു. മനുവിന്റെയും ആബയുടെയും തോളില്‍നിന്ന് അദ്ദേഹം കൈയെടുത്തു.
''ഇവര്‍ പുറത്തു നില്ക്കട്ടെ. ഏതെങ്കിലും ഒരു മുസ്ലിം സുഹൃത്ത് ഇവര്‍ക്ക് സംരക്ഷണം നല്കിയാല് മതിയാവും.''
''അത് സാരമില്ല. ആബയും മനുവും ഗാന്ധിജിയുടെ മക്കള്‍ അല്ലേ. അവരും കൂടെ പോന്നോട്ടെ'', സംഘാടകര്‍ പറഞ്ഞു.
ദർഗക്കുള്ളിലും പുറത്തും ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഗാന്ധി വന്നതറിഞ്ഞു കൂടുതല്‍ പേര് പവിത്രസ്ഥാനത്തേക്ക് തള്ളിക്കയറാന്‍ നോക്കി. വളന്റിയര്‍മാര്‍ തിക്കും തിരക്കും കുറക്കാന്‍ പാടുപെട്ടു. ദർഗക്കകം നിരീക്ഷിക്കുമ്പോഴാണ് സങ്കീർണമായ കൊത്തുപണികള്‍ ഉണ്ടായിരുന്ന ഒരു മാര്‍ബിള്‍ ഫലകത്തിനു കേടുപാടുകള്‍ സംഭവിച്ചത് ഗാന്ധിയുടെ ശ്രദ്ധയിൽപെട്ടത്.
''പാകിസ്താനിലെ ഹിന്ദു സിഖ് ആരാധനാലയങ്ങള്ക്കകം സമാനമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു.''
ഗാന്ധി സംസാരിക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ദൈവിക നിശ്ശബ്ദത പുലര്‍ന്നു. സംഘാടകരും അഭ്യുദയകാംക്ഷികളും അദ്ദേഹത്തിന്റെ വാക്കുകളെ ആരാധനയോടെയാണ് ശ്രവിച്ചത്.
ഇതിനകംതന്നെ പാകിസ്താനില്‍നിന്ന് ദാരുണമായ വാര്‍ത്ത പുറത്തുവന്നിരുന്നു. നാലു ദിവസം മുമ്പ് നടന്ന സംഭവമാണ്. ചീനാര്‍ മരങ്ങളുടെ മനോഹരമായ ഭൂമികയില്‍നിന്ന് ഇങ്ങനെയൊന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.ഗോധ്ര പ്രദേശത്തു അതുവരെ ജീവിതം സുരക്ഷിതമായിരുന്നു.
''പെഷവാറിലുള്ള പാർച്ചിനാർ അഭയാർഥി ക്യാമ്പ് കലാപകാരികൾ ആക്രമിച്ചിരിക്കുന്നു. 130 ഹിന്ദുക്കളെയും സിഖുകാരെയും കൊന്നൊടുക്കിയിട്ടുണ്ട്. തലയറുത്താണ് നരനായാട്ട് നടന്നിരിക്കുന്നത്. പാകിസ്താൻ സർക്കാർ തന്നെയാണീ വാർത്താക്കുറിപ്പ് ഇറക്കിയത്. യഥാർഥ മരണസംഖ്യ ഇതിലും കൂടാനാണ് സാധ്യത.''
''ഈ വാർത്ത തലസ്ഥാനത്തു പുതിയ സംഭവവികാസങ്ങൾക്കു കാരണമാകാതിരിക്കുന്നതു മഹാഭാഗ്യമാണ്.''
ഉറൂസിൽ പങ്കെടുക്കാൻ വന്നവരിൽ പലർക്കും ആധി ഉണ്ടായിരുന്നു. പക്ഷേ, ഗാന്ധിയുടെ സന്ദർശനം അവർക്കെല്ലാം കരുത്തുപകർന്നു. ദർഗയിൽനിന്ന് പുറത്തു വന്നപ്പോൾ ഗാന്ധിക്ക് ജനങ്ങളോട് സംസാരിക്കണമെന്ന് തോന്നി. അദ്ദേഹത്തിന്റെ താൽപര്യമറിഞ്ഞപ്പോൾ എല്ലാവരും ഉത്സാഹത്തിലായി. മതപണ്ഡിതരും സംഘാടകരും കിടക്കവിരിച്ചു വേദിയൊരുക്കി. ഗാന്ധിയുടെ ഇടതും വലതുമായി മനുവും ആബയും ഇരുന്നു. സ്ത്രീകൾ ചുറ്റിലും കൂടി. രഹസ്യ പൊലീസുകാരും ആൾക്കൂട്ടത്തിലുണ്ടായിരുന്നു. സിഖുകാരും മുസ്ലിംകളും ഹിന്ദുക്കളും അദ്ദേഹത്തിന് ചുറ്റും സാഹോദര്യത്തോടെ ഇരുന്നു. ഇരിക്കാൻ ഇടം കിട്ടാത്തവർ ഗാന്ധിയെ കേൾക്കാൻ ബാക്കിയുള്ള സ്ഥലത്തു തിക്കിത്തിരക്കി നിന്നു. തണുപ്പകറ്റാനുള്ള കുപ്പായം ധരിച്ചവർ തലപ്പാവോ തൊപ്പിയോ അണിഞ്ഞിട്ടുണ്ട്. സ്ത്രീകൾ ഷാളുകൊണ്ടോ ചേലത്തലപ്പുകൊണ്ടോ ചെവിമറച്ചിരുന്നു. ഗാന്ധി എല്ലാവരെയും വണങ്ങി. തണുപ്പിനെ അതിജീവിക്കാൻ അദ്ദേഹത്തിന് കമ്പിളിപ്പുതപ്പോ തൊപ്പിയോ വേണ്ടിയിരുന്നില്ല. പ്രകൃതിയുടെ പുത്രനായതിനാൽ, ഒരു നേർത്ത പുതപ്പിൽ അദ്ദേഹം മൈക്കിനു മുന്നിൽ ഇരുന്നു. ജനം കാതോർത്തു.
''എല്ലാവരും ഇവിടെ സ്നേഹത്തോടെ ഒത്തുകൂടിയിരിക്കുന്നത് കാണുമ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ട്. അഹിംസാ മാർഗം സ്വീകരിക്കാൻ ഞാൻ സിഖ് സഹോദരങ്ങളോട് അഭ്യർഥിച്ചപ്പോൾ അവരതു പൂർണമായും ഉൾക്കൊണ്ടു. ഇതെന്റെ പ്രതീക്ഷകൾക്കും അപ്പുറത്താണ്. ഇവരുടെ പ്രവർത്തനം മാതൃകാപരമാണ്. കലാപത്തിൽ കേടുപാടുകൾ സംഭവിച്ച ദർഗ സർക്കാർ ചെലവിൽ പുനരുദ്ധാരണം ചെയ്യണമെന്ന് ഞാൻ നെഹ്റുജിയോട് ഈ അവസരത്തിൽ അഭ്യർഥിക്കുകയാണ്.''
ജനം ഹർഷാരവത്തോടെയാണ് മറുപടി പറഞ്ഞത്. നീണ്ടുനിന്ന കൈയടികളുടെ ശബ്ദം നിലച്ചപ്പോൾ ഗാന്ധി വീണ്ടും സംസാരിച്ചുതുടങ്ങി.
''പാർച്ചിനാറിൽ നടന്നത് അത്യന്തം ഖേദകരമായ കാര്യമാണ്. ഇനി ഒരിക്കലും സാത്താന്റെ വാക്കുകൾ ചെവികൊള്ളുകയില്ലെന്നു നിങ്ങൾ എല്ലാവരും പ്രതിജ്ഞ എടുക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. എല്ലാവരും തന്നെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാത സ്വീകരിക്കണം. പാർച്ചിനാറിൽനിന്നുള്ള വാർത്ത എന്റെ ഹൃദയത്തെ കഠിനമായി വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇതൊന്നും നിങ്ങളെ പ്രകോപിതരാക്കരുത്. ഈ സംഭവം നിങ്ങളുടെ ഉള്ളിൽ പകയോ വിഭാഗീയതയോ ഉണ്ടാക്കാൻ പാടില്ല. നിങ്ങൾ നിങ്ങളോടും നിങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നവരോടും ചോരക്കു പകരം ചോരയെടുക്കരുതെന്നു പറയണം. കൊലയാളികളോടുപോലും സ്നേഹത്തോടെ ഇടപെടാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക. പ്രകോപനങ്ങൾക്കു വിധേയരാവാതിരിക്കുക.''
ഗാന്ധി എല്ലാവരോടും കൈകൂപ്പി എഴുന്നേറ്റു. മനുവും ആബയും ഇരുകരങ്ങളായി. പക്കാർഡ് 120 അരയന്നത്തെപോലെ ജനങ്ങൾക്കിടയിലൂടെ നീങ്ങി. സാഹോദര്യം ഹൃദയത്തിലേറ്റിയ ജനങ്ങൾ ഗാന്ധിക്ക് ജയ് വിളിച്ചു. അദ്ദേഹം അവരോടു പുഞ്ചിരിക്കുകയും കൈവീശി കാണിക്കുകയും ചെയ്തു. ഏറെനേരമെടുത്താണ് കാർ ജനങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ട് പുറത്തു കടന്നത്.
ബ്രിട്ടീഷ് പത്രപ്രവർത്തകൻ കിങ്സി മാർട്ടിൻ അഭിമുഖത്തിനായി ബിർള ഹൗസിൽ ഗാന്ധിയെ കാത്തിരിപ്പുണ്ടായിരുന്നു.
പ്രത്യാശാഭരിതമായ യാത്രയാണ് എത്തിച്ചേരുന്നതിനേക്കാൾ മനോഹരം. താനെയിൽ നിന്നു ലോക്കൽ ട്രെയിനിൽ കയറിയാണ് വിഷ്ണു കാർക്കറെ സെൻട്രൽ ബോംബെ റെയില്‍വേ സ്റ്റേഷനിൽ എത്തിയത്. ഡല്‍ഹിക്കുള്ള ഫ്രോണ്ടിയർ മെയിൽ വരാൻ ഇനിയും മൂന്ന് മണിക്കൂർ ഉണ്ട്. അലക്കിത്തേച്ച വെളുത്ത ജുബ്ബയും കൈയില്ലാത്ത കറുത്ത ജാക്കറ്റും അയാളെ കൂടുതൽ സുന്ദരനാക്കിയിരുന്നു. പോളിഷ് ചെയ്തു കറുപ്പിച്ച ഷൂസിൽ ചളി പറ്റാതിരിക്കാൻ നടത്തത്തിനിടയിൽ അയാൾ അതീവ ശ്രദ്ധ ചെലുത്തി. ഉച്ചസമയമായതിനാൽ സ്റ്റേഷനിൽ വലിയ തിരക്കുണ്ടായിരുന്നില്ല. ആ സമയങ്ങളിൽ വണ്ടികൾ കുറവാണ്. കാക്കകളുടെ കരച്ചിൽ അതിനാൽ തന്നെ മുഴങ്ങിക്കേട്ടു. സാധാരണ സമയങ്ങളിൽ ജനസാഗരത്തിന്റെ ആരവങ്ങളിൽ മറ്റെല്ലാ ശബ്ദങ്ങളും മുങ്ങിപ്പോകാറാണ് പതിവ്. ഒരു ഉന്നത രാഷ്ട്രീയ നേതാവിനെപോലെ, വണ്ടി വരാന്‍ സാധ്യതയുള്ള പ്ലാറ്റ്ഫോമിൽ തീർത്തും ആളൊഴിഞ്ഞ ഒരിടത്തു കാർക്കറെ ഇരുന്നു. ഒരു ചെറിയ ലെതർബാഗ് മാത്രമേ അയാൾ കരുതിയിരുന്നുള്ളൂ. ജോഷി നൽകിയ കാശ് ജാക്കറ്റിന്റെ പോക്കറ്റിൽ ഭദ്രമായി വെച്ചിരുന്നു. ബാഗിൽനിന്നു കണ്ണാടിയെടുത്തു കാർക്കറെ മുഖം നോക്കി.
മുടി നന്നായി വെട്ടിയ അമ്പട്ടനോട് സ്നേഹം തോന്നി. കണ്ണാടി തിരികെ വെച്ചശേഷം പ്ലാറ്റ്ഫോമിലൂടെ നടന്നു. അയാൾക്ക് ഒട്ടും നേരം പോകുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ഇരുപതാം തീയതിയിലെ സംഭവങ്ങൾക്കുശേഷമുള്ള മടക്കയാത്ര, വണ്ടി കാത്തിരുന്ന നേരങ്ങളിൽ അലട്ടാതിരിക്കാനായുള്ള ഒരു സൂത്രമായിരുന്നു നടത്തം.
തെരുവിൽനിന്നു ഈ റെയിൽവേ സ്റ്റേഷൻ വരെയുള്ള യാത്രയിൽ താൻ എന്തെല്ലാം ജീവിതപരിസരങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതിൽ ഏറ്റവും മനോഹരവും ആത്മവിശ്വാസം പകരുന്നതുമായ കാര്യങ്ങൾ മാത്രം ഓർത്തെടുക്കാൻ കാർക്കറെ ശ്രമിച്ചു. നാടക ട്രൂപ്പിനൊപ്പമുള്ള യാത്രകൾ ആനന്ദം പകർന്നവയായിരുന്നു. നിസാം രാജ്യത്തുപോയി ആക്രമിക്കുന്നതുപോലെ തന്നെ വെല്ലുവിളി നിറഞ്ഞതായി തീർന്ന ഒരു സന്ദര്‍ഭമുണ്ട്. നാടകം കഴിഞ്ഞു അഹമ്മദ് നഗറിലേക്ക് തിരിച്ചുവരും വഴി ഒരു ഗ്രാമീണ കടമുറിക്കു മുന്നിൽ ആൾക്കാർ കൂടിനിൽക്കുന്നു. കശപിശ നടക്കുകയാണ്. മൂന്ന് മുസ്ലിം യുവാക്കളും ഹിന്ദുക്കളുമാണ് വഴക്കടിക്കുന്നത്. മുസ്ലിം കച്ചവടക്കാരന്റെ അടുത്ത് നിന്നു സാധനം വാങ്ങിയപ്പോൾ ഉണ്ടായ വഴക്കാണ്, വൻ തർക്കത്തിലേക്കു വഴിമാറിയത്. ചെറിയ ആൾക്കൂട്ടം വഴിമുടക്കിയപ്പോൾ നാടകവണ്ടി നിന്നു. കാർക്കറെ ഇറങ്ങി. കച്ചവടക്കാരൻ ദേഷ്യം നിയന്ത്രിക്കാനാവാതെ നിന്നു തുള്ളുകയാണ്. കാർക്കറെ ഇടപെട്ടു. നാട്ടുകാരുടെ പ്രശ്നത്തിൽ വരുത്തന്മാർ ഇടപെടേണ്ട എന്നായി കച്ചവടക്കാരനും കൂട്ടരും. കാർക്കറെ മാന്യനായി വണ്ടിയിലേക്ക് മടങ്ങി. വണ്ടിക്കുള്ളിൽ ശ്രീരാമനും ഹനുമാനും രാവണനും രണ്ടു വാനര സേനൻമാരും ഉണ്ടായിരുന്നു. അടുത്ത കളിയുള്ളതിനാൽ ആരും വേഷം മാറിയിരുന്നില്ല. രാവണൻ നല്ല ഉറക്കത്തിലാണ്. കാർക്കറെ ശ്രീരാമനോടും കൂട്ടരോടും കാര്യം പറഞ്ഞു. വണ്ടിയിൽ കരുതിയിരുന്ന ആയുധങ്ങളുമായി അവരും കാർക്കറെക്കൊപ്പം ഇറങ്ങി. പിന്നെ നടന്നത് നരനായാട്ടാണ്. കച്ചവടക്കാരനെ കാർക്കറെ വെല്ലുവിളിച്ചു. അയാളുടെ അനുയായികൾ കാർക്കറെയെ പിടിച്ചുതള്ളി. ഇതുകണ്ട ഹനുമാൻ അതിലൊരാളെ നെഞ്ചിന് തൊഴിച്ചു. അതോടെ കൂട്ടത്തല്ല് തുടങ്ങി. ശ്രീരാമൻ വാളെടുത്തു കച്ചവടക്കാരനു നേരെ വീശി. അയാൾക്ക് പോറലേറ്റു. ഹനുമാൻ അതിനിടയിൽ രണ്ടുപേരുടെ പള്ളക്ക് കഠാര കേറ്റിയിരുന്നു. ചോരക്കളിയും നിലവിളിയും തുടങ്ങിയപ്പോൾ ആൾക്കൂട്ടം പരിഭ്രമിച്ചു. കച്ചവടക്കാരന്റെ ശൗര്യം വെട്ടേറ്റിട്ടും അടങ്ങിയിരുന്നില്ല. അയാൾ ശ്രീരാമന്റെ കഴുത്തിന് കേറിപ്പിടിച്ചു. കൈയിൽ നീലച്ചായം പുരണ്ടു. അപ്പോൾ ഹനുമാനും സീതയും ചേർന്നു അയാളെ പിറകിൽനിന്നു പിടിച്ചുമാറ്റി. ഈ അവസരം ശ്രീരാമൻ മുതലെടുത്തു. അയാൾ വാൾ, കച്ചവടക്കാരന്റെ വയറ്റിൽ പൂർണമായും കുത്തിയിറക്കി. മൽപിടിത്തത്തിനിടയിൽ സീതാ വേഷം കെട്ടിയ നടന്റെ വെപ്പുമുടി തെറിച്ചുപോയി. ശ്രീരാമന്റെ ശരീരം വിയർത്തു. കാർക്കറെ കടയിൽ കേറി വാനരസേനക്കൊപ്പം സാധനങ്ങൾ കൊള്ളയടിച്ചു. അപ്പോഴും കടക്കാരൻ ചോര വാര്‍ന്നു പിടയുകയായിരുന്നു. അരിച്ചാക്കും പലവ്യഞ്ജനങ്ങളും അവർ നാടകവണ്ടിയിൽ കയറ്റി. തടുക്കാൻ വന്ന രണ്ടുമൂന്നു യുവാക്കളെ കാർക്കറെ അടിച്ചുവീഴ്ത്തി. ജനം വിരണ്ടുപോയി. ഈ പുകിലൊന്നുമറിയാതെ രാവണൻ കുംഭകർണനെപോലെ ഉറങ്ങുകയായിരുന്നു. കാർക്കറെ കടമുറിക്കു നേരെ ഗ്രനേഡ് എറിഞ്ഞു. കട ഒറ്റയടിക്ക് കത്തി. ജനം പരക്കം പാഞ്ഞു. അതിനുശേഷമാണ് നാടകസംഘം മടങ്ങിയത്. അപ്പോഴേക്കും നന്നായി ഇരുട്ടിത്തുടങ്ങിയിരുന്നു.
തീവണ്ടി ട്രാക്ക് മാറുന്നതിനിടയിൽ ഒന്ന് കുലുങ്ങി. നാടകവണ്ടി കുലുങ്ങുകയാണെന്നാണ് ആദ്യം കാർക്കറെ കരുതിയത്. ഫ്രോണ്ടിയർ മെയിലിലെ യാഥാർഥ്യത്തിലേക്ക് അയാൾ പൊടുന്നനെ തിരിച്ചുവന്നു. ഡൽഹിയിലേക്കുള്ള യാത്ര പ്രത്യാശാഭരിതമാക്കാൻ ഈ ഓർമകൾ തന്നെ ധാരാളം. വെയിലിനു ചൂടു കൂടിക്കൊണ്ടിരുന്നതിനാൽ തീവണ്ടി പൊള്ളി പാഞ്ഞുകൊണ്ടിരുന്നു. മൂന്നാം ക്ലാസ് കമ്പാർട്ട്മെന്റിലെ ഒറ്റക്കുള്ള യാത്രയിൽ, ഓർമകളുടെ ആനന്ദം അയാൾക്കുള്ളതായിരുന്നു.
ബോംബെയിൽ ജനജീവിതം സാധാരണമായിരുന്നു. ഗോഡ്സെ അസാധാരണമായ ആത്മവിശ്വാസത്തോടെയാണ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. മനോരമയെ വിട്ടുപോകുന്നതിൽ നാരായൺ ആപ്തെക്കു വിഷമമുണ്ടായിരുന്നു. നേതൃത്വം നഷ്ടപ്പെട്ടതോടെ ദൗത്യത്തിൽ പഴയതുപോലെ അഭിരമിക്കാൻ അയാൾക്കായില്ല. തയ്യൽക്കാരൻ പറയുന്നത് അനുസരിക്കാന്‍ മനസ്സ് കൂട്ടാക്കുന്നില്ല. പക്ഷേ, ഇത് അനിവാര്യമായ വിധിയാണ്. വലിയ ലക്ഷ്യത്തിനുവേണ്ടി ഇറങ്ങി തിരിച്ചതാണ്. ജീവിതം അതിനായി ഒഴിഞ്ഞുവെച്ചതാണ്. പൂർണമായി പിന്മാറാനാവില്ല. കാമുകനും തീവ്രവാദിയും ആപ്തെക്കുള്ളിൽ കിടന്നു ഗുസ്തി പിടിച്ചുകൊണ്ടിരുന്നു. മുഖത്തെ ചൈതന്യം കെട്ടുതുടങ്ങി. എങ്കിലും സ്ത്രീകളെ കുറിച്ചുള്ള മധുരസ്മരണകള് അയാളെ ആരോഗ്യവാനായി നിലനിർത്തി.
കൃത്യസമയത്തുതന്നെ ഗോഡ്സെയും നാരായൺ ആപ്തെയും വിമാനത്താവളത്തിലെത്തി. ആപ്തെ കോട്ട് അഴിച്ചുപിടിച്ചാണ് അകത്തേക്ക് കയറിയത്. മുഴുവൻ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. ഗോഡ്സെ വിൻഡോ സീറ്റിലാണ് ഇരുന്നത്. ലക്ഷ്യം കൃത്യമായി ഉള്ളിൽ ഉള്ളതിനാൽ അയാൾക്ക് വേറെ വേവലാതികളൊന്നും ഉണ്ടായിരുന്നില്ല. ഗോഡ്സെ ഹിന്ദുരാഷ്ട്ര എന്ന പുസ്തകമെടുത്തു വായിക്കാൻ തുടങ്ങി. ആപ്തെ യാത്രികരെ നിരീക്ഷിച്ചിരുന്നു. ടേക്ക് ഓഫ് കഴിഞ്ഞ ഉടനെ അയാളുടെ ശ്രദ്ധ സുന്ദരിയായ എയർ ഹോസ്റ്റസിൽ ഉടക്കി. മുഖത്തു ചൈതന്യം തിരിച്ചുവന്നു. അയാൾ അവളെത്തന്നെ നോക്കിയിരുന്നു. അവർ അടുത്ത് വന്നപ്പോൾ ആപ്തെ മാന്യത ഒട്ടും കൈവിടാതെ ചോദിച്ചു:
''നിങ്ങളുടെ പേരെന്താണ്? കണ്ടിട്ട് രാജകുടുംബത്തിൽനിന്നുള്ള ആളാണെന്നു തോന്നുന്നു.''
''ലോർണ ബെയിൻബ്രിഡ്ജ്, റോയൽ ബ്ലഡ് ഒന്നുമല്ല.''
''നിങ്ങൾ അതീവസുന്ദരിയാണ്.''
മറ്റുള്ള യാത്രികർ സ്തുതി കേട്ടോ എന്ന ഭാവമായിരുന്നു അവർക്ക്. ഉള്ളിൽ ആപ്തെയുടെ വാക്കുകൾ ആഹ്ലാദം നിറച്ചതിനാൽ അവർ ചോദിച്ചു.
''സാറിന് കഴിക്കാൻ എന്താണ് വേണ്ടത്?''
''വിസ്കി, ചോക്ലേറ്റ് ഉണ്ടെങ്കിൽ അതും.''
''ഡാർക്ക് ചോക്ലേറ്റ് മതിയോ?''
''അധികം വേണ്ട, അത് പ്രണയം വർധിപ്പിക്കും.'' അയാൾ അടക്കം പറഞ്ഞു.
ലോർണ ഒരുനിമിഷം വല്ലാതായി. അത് പുറത്തു പ്രകടിപ്പിക്കാതിരിക്കാൻ അവർ മനോഹരമായി പുഞ്ചിരിക്കാൻ ശ്രമിച്ചു. വിസ്കി നൽകിയശേഷം മുന്നോട്ടുനീങ്ങി. ഒരു സിപ് എടുത്തശേഷം ആപ്തെ അവരുടെ അഴകളവിൽ ലയിച്ചിരുന്നു.
സ്ഥിരം യാത്രികർക്ക് പരിചിതമായ ഒരു ശബ്ദത്തോടെ വിമാനം അടുത്ത ഉയരത്തിലേക്ക് സ്ഥാനക്കയറ്റം നേടി. ഗോഡ്സെ അപ്പോഴും പുസ്തകത്തില്‍ തല കുമ്പിട്ടിരുന്നു. ലോർണ ചോക്ലേറ്റുമായി വന്നു.
''സർ, ചെറിയ പാക്കറ്റ് മതിയല്ലോ?''
അയാളോട് സംസാരിക്കാതിരിക്കാൻ അവൾക്കായില്ല. കൊളുത്തിവലിച്ചിടുന്ന എന്തോ ഒന്ന്, അയാൾ പ്രസരിപ്പിക്കുന്നുണ്ടെന്ന്, ആപ്തെയുടെ കണ്ണുകളിലേക്കു നോക്കിയപ്പോൾ അവൾക്കു അനുഭവപ്പെട്ടിരുന്നു.
''മനോഹരമായ രേഖകൾ ഉള്ള കൈയാണല്ലോ?''
അവരുടെ വിരൽ തൊട്ടുകൊണ്ടു ആപ്തെ പറഞ്ഞു.
''വിരോധമില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഭാവി പ്രവചിക്കാം.''
ലോർണ ചിരിച്ചുകൊണ്ട് ആ പ്രലോഭനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.
''എനിക്ക് ഒരു പെഗ് വിസ്കി കൂടി വേണം.''
അവൾ മടങ്ങുമ്പോൾ ആപ്തെ സ്നേഹപൂർവം അഭ്യർഥിച്ചു.
ആകാശ കാഴ്ചയിലോ യാത്രികരുടെ സംസാരത്തിലോ ഗോഡ്സെക്ക് താൽപര്യം ഉണ്ടായിരുന്നില്ല. അയാൾ പുസ്തകത്തിൽ കണ്ണും നട്ടിരിപ്പായിരുന്നു.
അൽപസമയം കഴിഞ്ഞപ്പോൾ ഭക്ഷണം എത്തി.
''എനിക്ക് വെജിറ്റേറിയൻ മതി.''
ലോർണ അയാൾക്ക് ഭക്ഷണം എടുത്തു കൊടുത്തു.
''സർ ശരിക്കും കൈനോക്കുമോ?''
ആപ്തെ കൂടുതലൊന്നും ആലോചിച്ചില്ല, അവരുടെ കൈ കേറിപിടിച്ചുകൊണ്ട് രേഖകൾ പരിശോധിച്ചു.
''നിങ്ങള്‍ അധികം വൈകാതെ ലോകപ്രശസ്തയാവും. ധനം കണക്കിലധികം ഒഴുകിവരും. രണ്ടാഴ്ചക്കുള്ളിൽ ജീവിതത്തിൽ വലിയ അത്ഭുതം സംഭവിക്കാൻ പോവുകയാണ്. അതിന്റെ ലക്ഷണം രേഖയിൽ കാണുന്നുണ്ട്. അത്യപൂർവമായ ഭാഗ്യരേഖയാണ് നിങ്ങളുടേത്.''
ലോർണയുടെ മനസ്സ് കുളിര്‍ത്തു. അവൾക്കു കൈ പിൻവലിക്കാൻ തോന്നിയില്ല. ആപ്തെ ഹസ്തരേഖയിൽ തലോടിക്കൊണ്ട് അടുത്ത വെടി പൊട്ടിച്ചു.
''ആരോഗ്യവും അപാരസൗന്ദര്യവും ബുദ്ധിയും ഒത്തുവരുന്ന സ്ത്രീകൾ കുറവാണ്. എഴുപതു വയസ്സു വരെ നിങ്ങളുടെ സൗന്ദര്യത്തിനു യാതൊരു പോറലുമേൽക്കില്ല. കൈവെള്ളയുടെ അടിയിൽനിന്ന് നടുവിരലിനു താഴെ വരെ കാണുന്ന രേഖയാണ് ഭാഗ്യരേഖ. ഇതു ശനിമണ്ഡലം വരെ തെളിഞ്ഞുകാണുന്നത് അത്യപൂർവമാണ്. ഈ കൈ നോക്കാൻ കിട്ടിയത് തന്നെ മഹാഭാഗ്യം'' -ആപ്തെ അവരുടെ കണ്ണുകളിലേക്കു നോക്കി.
ലോർണ പുഞ്ചിരിച്ചു. അവർ കൈ പിൻവലിച്ചു. അയാളുടെ കൈവിരലുകളിൽനിന്ന് ഒരു തരംഗം തന്റെ ഹൃദയത്തിലേക്ക് വന്നതായി ലോർണ അറിഞ്ഞു.
''കുറച്ചു കഴിഞ്ഞു എനിക്കൊരു പെഗ് കൂടി കിട്ടിയാൽ സന്തോഷം.''
''സർ ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും തരാം.''
ഗോഡ്സെ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ആപ്തെ ഭക്ഷണം കഴിച്ചു. അത്രയൊന്നും രുചികരമായിരുന്നില്ലെങ്കിലും അയാൾക്കതു നന്നായി പിടിച്ചു. ഗോഡ്സെ പുസ്തകത്തിന്റെ കാൽഭാഗം പിന്നിട്ടിരുന്നു, വിമാനം ലാൻഡ് ചെയ്യുന്നതിന് മുമ്പേ മുഴുവനും വായിച്ചുതീർക്കണം എന്ന വാശിയോടെ വായിക്കുന്നത് പോലെ തോന്നി. ആപ്തെ അയാളോട് സംസാരിക്കാൻ നിന്നില്ല.
ലോർണ വിസ്കിയുമായി വന്നു. ''നിങ്ങൾ ഡൽഹിയിൽ ഏതു ഹോട്ടലിൽ ആണ് താമസിക്കുന്നത്?''
അവർ ഹോട്ടലിന്റെ പേര് പറഞ്ഞു.
''ഞാൻ നാളെ അവിടെ വരാം.''
''എന്തിനാണ് സർ?''
''ഹസ്തരേഖ ശാസ്ത്രം മാത്രമല്ല, എനിക്ക് ജ്യോതിഷവും അറിയാം. നിങ്ങളുടെ അപൂർവജന്മം എനിക്കൊന്നു വിശകലനം ചെയ്യണമെന്നുണ്ട്.''
ലോർണ വിസ്കി കൈമാറി. എന്ത് പറയണമെന്നറിയാതെ അവള് കുഴങ്ങി. ആപ്തെ കാലിഗ്ലാസ് നീട്ടി.
''ലോർണ, നിങ്ങൾ ചിന്തിക്കുമ്പോഴാണ് മുഖം ചുവന്നു കൂടുതൽ സുന്ദരമാകുന്നത്.''
''നിങ്ങളുടെ യാത്ര കൂടുതൽ സുഖകരമാകട്ടെ.''
അവൾ നന്ദി പറഞ്ഞുകൊണ്ട് കാബിനിലേക്കു നീങ്ങി. ആപ്തെ നന്നായി ശ്വാസമെടുത്തു. വിമാനം താഴ്ന്നു പറക്കുന്നതിന്റെ ലക്ഷണം കാണിച്ചുതുടങ്ങിയിരുന്നു.
ഡൽഹി വിമാനത്താവളത്തിൽനിന്ന് ആപ്തെയും ഗോഡ്സെയും നേരെ പോയത് ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിലേക്കാണ്. ചെടിച്ച നിറമായിരുന്നു ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്. അഭയാർഥികളുടെ സങ്കടങ്ങൾകൊണ്ട് ആ പരിസരം മരിച്ച വീടുപോലെ ശോകമൂകമായിരുന്നു. മനുഷ്യർ അതുവരെ ജീവിച്ച ജീവിതത്തിൽനിന്ന് കാലം കിഴിച്ചപ്പോൾ കിട്ടിയ ഇത്തിരി സന്തോഷമല്ലാതെ അവരുടെ കൈയിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. അത് പ്രകടിപ്പിക്കാനോ അതോർത്ത് ആശ്വസിക്കാനോ പറ്റാത്തവിധം അഭയം നഷ്ടപ്പെട്ട മനുഷ്യർ പ്രേതങ്ങളെക്കാൾ ദയനീയമായാണ് വന്നടിഞ്ഞുകൊണ്ടിരുന്നത്. ഇവരെയൊന്നും ശ്രദ്ധിക്കാതെ ഗോഡ്സെയും ആപ്തെയും ടിക്കറ്റ് കൗണ്ടറിലേക്കു ചെന്നു. ഇനി ആരെ കാണാനാണ് പോകുന്നതെന്ന് പോലും നാരായൺ ആപ്തെക്കു നിശ്ചയമില്ലായിരുന്നു, ഇവിടുന്നു യാത്ര ഗ്വാളിയോറിലേക്കാണെന്നു മാത്രമറിയാം.
ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ് ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ കിടപ്പുണ്ടായിരുന്നു. ടിക്കറ്റ് കിട്ടിയ ഉടനെ ഗോഡ്സെയും ആപ്തെയും അഭയാര്ഥികള്ക്കിടയിലൂടെ പ്ലാറ്റ്ഫോമിലേക്കു ലഗേജുമായി പാഞ്ഞു. വണ്ടി വിടാൻ സമയമായിരുന്നു.
''ഗ്വാളിയോര്‍ ഇന്ത്യൻ യൂണിയനിൽ ലയിക്കാനുള്ള അവസാന നീക്കത്തിലാണ്. അനധികൃത ആയുധ കച്ചവടത്തിന്റെ ഈറ്റില്ലമാണ് ഗ്വാളിയോർ. അവിടെ ചെന്നാൽ ഒന്നാന്തരം തോക്കു സംഘടിപ്പിക്കാം, ഞാനറിയുന്ന ചിലരുണ്ടവിടെ. അക്കാര്യത്തിൽ യാതൊരു സംശയവും ഇനി വേണ്ട.''
വണ്ടിയിൽ സ്വസ്ഥമായി ഇരുന്നപ്പോഴാണ് ഗോഡ്സെ മനസ്സ് തുറന്നത്. ആ കമ്പാർട്മെന്റിൽ അവരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഹോട്ടൽമുറിയിലെന്നപോലെ ഇരുവരും സമാധാനമായിരുന്നു. ചില നേരങ്ങളിൽ, തീവണ്ടികളിലെ സ്വകാര്യത വലിയ അനുഗ്രഹമാണ്.
''ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ് എപ്പോൾ ഗ്വാളിയോറിൽ എത്തും?''
''പാതിരാത്രിയാവും'' -ഗോഡ്സെ പറഞ്ഞു.
നാരായൺ ആപ്തെ ബർത്തിൽ നീണ്ടുനിവർന്നുകിടന്നു.
ബിർള ഹൗസില്‍ വൈകുന്നേരത്തെ പ്രാർഥനക്കു തലേന്നത്തെക്കാൾ ആൾത്തിരക്കുണ്ടായിരുന്നു. ഗാന്ധി കൃത്യസമയത്തിനു തന്നെ വേദിയിലെത്തി. രാവിലെ ദർഗയിൽ പോയ അതേ ഉന്മേഷത്തോടെയാണ് അദ്ദേഹം പ്രാര്ഥനായോഗത്തിൽ സംസാരിച്ചുതുടങ്ങിയത്.
''കാശ്മീരിൽ അക്രമിസംഘം മനുഷ്യവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്. മീർപൂരിൽ അനേകം സ്ത്രീകളെയും കുട്ടികളെയും അവർ തട്ടിക്കൊണ്ടുപോയി. ഞാൻ ആക്രമികളോടും പാകിസ്താൻ സർക്കാറിനോടും മാനവികതയുടെയും ദൈവത്തിന്റെയും പേരിൽ അഭ്യർഥിക്കുകയാണ്, തട്ടിക്കൊണ്ടു പോയ സ്ത്രീകളെ സകല ബഹുമാനത്തോടെയും മര്യാദയോടെയും തിരിച്ചുകൊണ്ടു വിടണം. അങ്ങനെ ചെയ്യേണ്ടത് അവരുടെ കടമയാണ്. എനിക്ക് ഇസ്ലാമിനെ കുറിച്ചു ഗഹനമായറിയാം, ഞാനതേപ്പറ്റി ധാരളം വായിച്ചിട്ടുണ്ട്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മോശം പരിതഃസ്ഥിതിയിൽ വെക്കാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല. ഈ പ്രവൃത്തി ദൈവികമല്ല, സാത്താൻ ഭക്തിയാണ്.''
പ്രാർഥനാ യോഗത്തിനുശേഷം അമേരിക്കൻ എഴുത്തുകാരനായ വിൻസെന്റ് ഷീൻ, ഗാന്ധിയുമായി ദീർഘനേരം സംസാരിച്ചു. മതങ്ങളെപ്പറ്റിയായിരുന്നു ചർച്ച.
''ബാക്കി നമുക്ക് നാളെ സംസാരിക്കാം.''
''നേരം പോയതറിഞ്ഞില്ല, ക്ഷമിക്കണം.'' വിൻസെന്റ് ഷീൻ കൈകൂപ്പി.
മനസ്സിലെ വിരുദ്ധവിചാരങ്ങളെ തോൽപിക്കാനായി നാരായൺ ആപ്തെ കുറെയധികം സിഗരറ്റ് പുകച്ചുതള്ളി. തീവണ്ടി പല ഭൂപ്രകൃതികൾ കടന്നുപോയിക്കൊണ്ടിരുന്നു.
''നിന്നെ എന്തെങ്കിലും അലട്ടുന്നുണ്ടോ?'' ഗോഡ്സെ ചോദിച്ചു.
''എയ്യ്...ഒന്നുമില്ല.'' ആപ്തെ സിഗരറ്റ് കുത്തിക്കെടുത്തി.
''ഗ്വാളിയോറിൽ ചെന്നിട്ടു നമുക്ക് നേരേ ഡോക്ടർ പാർച്ചുറെയുടെ ബംഗ്ലാവിലേക്കു പോകാം.''
''സ്ഥലം കൃത്യമായി അറിയുമോ?'' ആപ്തെ ചോദിച്ചു.
''ഇല്ല, ഗ്വാളിയോറിൽ അദ്ദേഹത്തെ അറിയാത്തവരായി ആരുമുണ്ടാവില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദു മഹാസഭയുടെ ഗ്വാളിയോര്‍ മീറ്റിങ്ങിൽവെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്നത്. കർക്കശക്കാരനാണ്. കണ്ടാൽ ഒരു യോഗിവര്യനാണെന്നു തോന്നും.''
''ഗ്വാളിയോര്‍ ഹിന്ദു മഹാസഭയുടെ സ്ഥാപകനല്ലേ, ഞാൻ കേട്ടിട്ടുണ്ട്.''
''അതു മാത്രമല്ല, ഹിന്ദു രാഷ്ട്രസേന എന്ന സായുധസംഘടനയുടെ തലവനാണ്. രോമാഞ്ചമുണ്ടാക്കുന്ന പ്രസംഗമാണ് ഡോക്ടറുടേത്.''
ആപ്തെ അനുയായിയെ പോലെ ഗോഡ്സെയെ കേട്ടിരുന്നു. ഇരുട്ടിത്തുടങ്ങിയപ്പോൾ ഗ്രാമീണവെളിച്ചം ഇടക്കിടെ മാത്രം വയൽവീടുകളിലും ചെറുക്ഷേത്രങ്ങളിലുമായി പ്രത്യക്ഷപ്പെട്ടു. ആപ്തെ ചതുരജനാലയിലൂടെ ഇരുട്ടു ആസ്വദിച്ചിരുന്നു.
''ഗ്വാളിയോർ നാട്ടുരാജ്യം ഭാരതത്തിൽ ലയിക്കുമ്പോൾ ഡോക്ടർ പാർച്ചുറെ മുഖ്യമന്ത്രിയാവാനുള്ള സാധ്യത കൂടുതലാണ്.''
''അദ്ദേഹം നമ്മളെ തിരിച്ചറിയുമോ?''
''പിന്നില്ലാതെ. ഏതാനും മാസങ്ങൾക്കു മുമ്പ് ആള്‍വാർ നാട്ടുരാജ്യത്തുവെച്ചു നടന്ന ആയുധപരിശീലന ക്യാമ്പിൽ എനിക്കൊപ്പം അദ്ദേഹവും ഉണ്ടായിരുന്നു. അന്ന് പരിചയം പുതുക്കി ഏറെ നേരം സംസാരിച്ചിരുന്നു'' -ഗോഡ്സെ പറഞ്ഞു.
''എനിക്കിപ്പോൾ ഓർമ വന്നു. ഹിന്ദു രാഷ്ട്ര ദളും ഹിന്ദു രാഷ്ട്ര സേനയും ലയിപ്പിക്കുന്നതിനെക്കുറിച്ചു താത്യ റാവുവും ഡോക്ടറും ആലോചിച്ചിരുന്നുവല്ലോ. നീയല്ലേ അന്ന് മുൻകൈയെടുത്തത്'' -ആപ്തെ പറഞ്ഞു.
''നേതൃത്വത്തെ ചൊല്ലി ധാരണയാവാത്തതുകൊണ്ടാണ് അന്നത് നടക്കാതെപോയത്.''
വണ്ടി ഇരുട്ടിലൂടെ ഓടിപ്പിടിച്ചു വെളിച്ചം തൊട്ടു. ഗ്വാളിയോർ സ്റ്റേഷൻ അടുത്തുവരുന്നതായി ഗോഡ്സെക്ക് മനസ്സിലായി. ആപ്തെ മുടിചീകി, ഷർട്ട് പുറത്തെടുത്തു വീണ്ടും പാന്റ്സിന്റെ ഉള്ളിലേക്ക് തിരുകി. ബെൽറ്റ് മുറുക്കി. എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഗമയോടെ അയാൾ രാജപ്രൗഢിയുള്ള സ്റ്റേഷനിലേക്ക്, വണ്ടി പൂർണമായും നിൽക്കുംമുമ്പേ ചാടിയിറങ്ങി.
കുതിരവണ്ടിക്കാരും കൂലികളും വേശ്യകളും വഴിവാണിഭക്കാരും കുതിര പൊലീസും സജീവമാക്കിയ സ്റ്റേഷന്റെ പൂമുഖം ശബ്ദമുഖരിതമായിരുന്നു. രാവേറെ ചെന്നിരുന്നു. വണ്ടിയിറങ്ങിയ യാത്രികർ വളരെ കുറവാണ്. രണ്ടുമൂന്നു കുതിരക്കാരോട് ആപ്തെയും ഗോഡ്സെയും, ഡോ. പാർച്ചുറെയുടെ വീടറിയാമോ എന്ന് ചോദിച്ചു. വിശപ്പടക്കാതെ ജീവിക്കുന്ന ഒരാളെപ്പോലെ തോന്നിച്ച സാധുമുഖമുള്ള ഒരു കുതിരക്കാരൻ അവരെ അവിടെയെത്തിക്കാമെന്നേറ്റു.
ഗരീബ!, അയാൾ വര്‍ഷങ്ങളായി ഗ്വാളിയോറിന്റെ നഗരവീഥികളിൽ കുതിരയെ തെളിക്കുന്നു.
അമ്പതു വർഷക്കാലം ദാരിദ്ര്യം ജീവിച്ച അയാളുടെ കണ്ണുകൾ വിധിയെ വെല്ലുവിളിക്കുന്നതായിരുന്നു. നഗരത്തിൽ അയാളും അയാളുടെ കുതിരയും സഞ്ചരിക്കാത്ത വീഥികൾ കുറവാണ്.
''എത്ര കാശാവും?'' ഗോഡ്സെ ചോദിച്ചു.
''കുറച്ചധികം ദൂരമുണ്ട് സാബ്, രാത്രിയല്ലേ. ഒരു രൂപ തരണം.'' അവർ കുതിരവണ്ടിയിൽ കയറി.
''എത്ര സമയമെടുക്കും?''
''ഞാൻ എത്രയും നേരത്തേ എത്തിക്കാം സാബ്.''
കുതിര നല്ല വേഗത്തിലാണ് ഓടിക്കൊണ്ടിരുന്നത്. അധികം ദൂരം ചെല്ലുംമുമ്പേ കുതിരയുടെ കടിഞ്ഞാൺ പൊട്ടി. ഗരീബക്ക് വണ്ടി നിയന്ത്രിക്കാനായില്ല. ഗോഡ്സെയുടെ ഉള്ളം കാളി. ആപ്തെ തെല്ലും കുലുങ്ങിയില്ല. ഏതാനും നിമിഷങ്ങൾക്കകം ഗരീബ വണ്ടി നിയന്ത്രിച്ചൊതുക്കി.
''ഞാൻ വേറെ ടോംഗ ഏർപ്പാടാക്കിത്തരാം സാബ്.''
സമയം കളയാതെ ഗരീബ പരിചയക്കാരനായ ജുമ്മയുടെ കുതിരവണ്ടി ഏർപ്പാടാക്കിക്കൊടുത്തു.
''പാർച്ചുറെ വാഡയിൽ വിട്ടാൽ മതി.'' അവർ യാത്ര തുടർന്നു.
''ഡോക്ടർ വിൽക്കുന്നത് വീട്ടിലുണ്ടാക്കുന്ന മരുന്നാണ്. രക്തം ശുദ്ധീകരിക്കാനും ശ്വസനസംബന്ധമായ അസുഖങ്ങൾക്കുള്ളതുമായ മരുന്നാണ് അധികവും നിർമിക്കുന്നത്.'' ജുമ്മ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. സമയം പോകാൻ ഇയാളെപ്പോലുള്ളവർ നല്ലതാണെന്നു ഗോഡ്സെ ആശ്വസിച്ചു.
''നിങ്ങൾ എവിടുന്നു വരുന്നു?''
''ഹൈദരാബാദ്.'' ഗോഡ്സെ ഒട്ടും താൽപര്യമില്ലാതെ പറഞ്ഞു.
ഒരു ഫർലോങ് സഞ്ചരിച്ചശേഷം അവർ പാർച്ചുറെ വാഡയുടെ മുന്നിലെത്തി. അവിടെ വെളിച്ചം കെട്ടിരുന്നില്ല. ആപ്തെ വാച്ചിലേക്ക് നോക്കി. സമയം 11.30. ഗോഡ്സെ ഗേറ്റിനു മുന്നിൽ ചെന്ന് അകത്തേക്ക് എത്തിനോക്കി മണിയടിച്ചു. ഒരു ചെറുപ്പക്കാരൻ അവരുടെ അടുത്തേക്ക് വന്നു. ഡോക്ടറുടെ മകൻ നീൽകന്ത്.
''ആരാണ്, എന്തുവേണം?'' നീൽകന്ത് ചോദിച്ചു.
''ഞങ്ങൾ ഡോക്ടറെ കാണാൻ വന്നതാണ്...''
ഗോഡ്സെ സ്വയം പരിചയപ്പെടുത്തി. നീൽകന്ത് ഒന്ന് സംശയിച്ചുനിന്നശേഷം പറഞ്ഞു. ''അൽപനേരം നിൽക്കൂ. ഞാൻ ഇപ്പോൾ വരാം.'' നീൽകന്ത് അകത്തേക്ക് കയറിപ്പോയി.
ആപ്തെ ക്ഷമയോടെ നിന്നു. ഗോഡ്സെ അസ്വസ്ഥനായി. അത് ആപ്തെ ആസ്വദിക്കുന്നതായി തോന്നി.
ഡോ. പാർച്ചുറെ ഏതാനും നിമിഷം മുമ്പ് കിടക്കാനായി ക്വാർട്ടേഴ്സിലേക്ക് പോയതേ ഉണ്ടായിരുന്നുള്ളൂ. നീൽകന്ത് അച്ഛനെ കണ്ടു കാര്യം പറഞ്ഞു.
''ഒരറിയിപ്പും കൂടാതെ അവർ വന്നതെന്തിനാണ്?'' ഡോക്ടർ നീരസം പ്രകടിപ്പിച്ചു. അൽപസമയത്തിനകം ഡോ. പാർച്ചുറെ പുറത്തേക്കിറങ്ങി വന്നു അവരെ അകത്തേക്ക് ക്ഷണിച്ചു.
''നിങ്ങൾ ഈ അസമയത്തു വന്നതെന്തിനാണ്?''
''ഞങ്ങൾക്ക് ഡോക്ടറിൽ പരിപൂർണ വിശ്വാസമാണ്. അതുകൊണ്ടാണ് നേരവും കാലവും നോക്കാതെ ഇങ്ങോട്ടു പോന്നത്.''
''വരവിന്റെ ഉദ്ദേശ്യം എന്താണ്?''
''ഫെബ്രുവരി രണ്ടിന് മുമ്പ് പ്രധാനപ്പെട്ട ഒരു ദൗത്യം നിര്‍വഹിക്കാനുണ്ട്.''
''എന്താണത്?''
''ഞങ്ങൾ ഗാന്ധിയെ കൊല്ലാൻ പോകുന്നു!''
ഡോക്ടർ പാർച്ചുറെ തല ഉഴിഞ്ഞുകൊണ്ട് അൽപനേരം മിണ്ടാതെ നിന്നു. അയാളുടെ മുടി കാറ്റിൽ പാറി. കട്ടി ചില്ലുള്ള കണ്ണട നേരെയാക്കിയശേഷം അദ്ദേഹം ഒരടി മുന്നോട്ടുവെച്ചു.
''അതിനു ഞാനെന്തു വേണം?''
''ഞങ്ങൾക്ക് ഒരുഗ്രൻ തോക്ക് സംഘടിപ്പിച്ചു തരണം.''
ഡോക്ടർ ഗോഡ്സെയുടെ തോളിൽ കൈയിട്ടു വീടിനകത്തേക്ക് കൊണ്ടുപോയി.
''ഇന്ന് രാത്രി രണ്ടാളും സമാധാനമായി ഇവിടെ കിടന്നോളൂ. നാളെ രാവിലെ സംസാരിക്കാം.''
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.