നമസ്തേ ബാപ്പു
വെയിൽ ചൂടുകൊണ്ട് ഉറങ്ങിയ ഗാന്ധി ഉണർന്നത് ചിതചൂടേറ്റാണ്. പ്രളയം വരുന്നത് ജലത്തിനറിയാം!
നിരാഹാരസമരത്തിനു ശേഷം ബലക്ഷയം സംഭവിച്ച ശരീരത്തിന്റെ ഉൾവിളികൾക്കു പേക്ഷ പഴയതിനേക്കാൾ കരുത്തുണ്ടായിരുന്നു. തന്റെ കാൽ തൊടാൻ വന്ന പാപത്തെ അയാൾ മനക്കണ്ണിൽ കണ്ടിരുന്നു. അദ്ദേഹം കൈസഹായമില്ലാതെ എഴുന്നേറ്റു ശുചിമുറിയിലേക്കു നടന്നു. ഇതു കണ്ടു മനു ഓടിവന്നു.
''ബാപ്പു ഒറ്റയ്ക്ക് നടക്കുന്നോ?'' അവർ കൈപിടിക്കാൻ നോക്കിയെങ്കിലും ഗാന്ധി ഹൃദയം തുറന്ന പുഞ്ചിരിയോടെ ടാഗോറിന്റെ വരികൾ പാടി...walk Alone! walk Alone!
മനു അദ്ദേഹത്തിന്റെ നനഞ്ഞ കാല്പാദം തോർത്തുകൊണ്ട് ഒപ്പിക്കൊടുത്തു. പ്യാരിലാലിന്റെ മുറിയിൽ ചെന്നിരുന്നു അദ്ദേഹം ചോദിച്ചു:
''ഇന്നലെ ശ്യാമപ്രസാദ് മുഖർജിയെ കണ്ട കാര്യം എന്തായി?''
ഹിന്ദു മഹാസഭയുടെ എം.പിയായ ശ്യാമപ്രസാദ് മുഖർജി നെഹ്റു മന്ത്രിസഭയിൽ അംഗമാണ്. പക്ഷേ, ഈയിടെയായി അദ്ദേഹത്തിന്റെ പാർട്ടിയിലെ ചില നേതാക്കൾ കോൺഗ്രസ് നേതാക്കളെ വധിക്കണം എന്നൊക്കെ പ്രസംഗിക്കുന്നുണ്ട്. വിഭാഗീയതയുണ്ടാക്കുന്ന ഇത്തരം നിലപാടുകൾ നിയന്ത്രിക്കണമെന്നു ഡോ. ശ്യാമപ്രസാദ് മുഖർജിയോട് അഭ്യർഥിക്കാനാണ് പ്യാരിലാലിനെ പറഞ്ഞയച്ചിരുന്നത്.
''നമ്മുടെ ആവശ്യത്തോട് അദ്ദേഹം അനുഭാവപൂർണമായല്ല പ്രതികരിച്ചത്. അവരെ ന്യായീകരിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേതും.''
''ഭാരതത്തിന്റെ ഐക്യം നിലനിർത്താൻ, കോൺഗ്രസ് സർക്കാറിലെ അംഗമെന്നനിലക്ക് ശ്യാമപ്രസാദ് ജി മുൻകൈയെടുക്കേണ്ടതാണ്. അദ്ദേഹം അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അത് സങ്കടകരമാണ്", ഗാന്ധി നെടുവീർപ്പിട്ടു.
തീരാദുഃഖങ്ങൾ ബാപ്പുവിന്റെ വാർധക്യം വർധിപ്പിക്കുന്നതായി പ്യാരിലാൽ ഓർത്തു.
''നൗഖലിയിൽ ഇപ്പോൾ എന്താണാവസ്ഥ?''
''സമാധാനാന്തരീക്ഷം ഉണ്ട്. പക്ഷേ, മുറിവേറ്റ മനുഷ്യരുടെ ഉള്ളിൽ പകയും സങ്കടവും അടങ്ങിയിട്ടില്ല. താൽക്കാലിക ശാന്തി പുലരുന്നുണ്ടെന്നേ പറയാൻ പറ്റൂ.''
''എങ്കിൽ നിങ്ങൾ നാളെ തന്നെ നൗഖലിയിൽ പോകണം. ജനങ്ങളെ കാണണം, അവരുടെ വിശ്വാസമാർജിക്കുന്ന പ്രവർത്തനമാണ് ഇനി എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്.''
പ്യാരിലാൽ എല്ലാം കേട്ടിരുന്നു. കോൺഗ്രസിന്റെ ഭരണഘടനയുടെ ഫയൽ അദ്ദേഹം അടച്ചുവെച്ചു.
''എനിക്ക് സബർമതി ആശ്രമത്തിൽ പോകണമെന്നുണ്ട്...''
1930ലാണ് ഞാൻ അവിടെനിന്ന് പോരുന്നത്. ദണ്ഡിയാത്രക്കു ശേഷം അവിടേക്കു പോയിട്ടില്ല. വാർദ്രയിൽനിന്ന് ആശ്രമത്തിലേക്കു പോകണമെന്നാണ് വിചാരിക്കുന്നത്.''
പ്യാരിലാൽ ബാപ്പുവിനെ ആദ്യമായി കേൾക്കുന്നതുപോലെ ഇരുന്നു. ഇത്രയും ക്ഷീണിതനായി അദ്ദേഹത്തെ കണ്ടിട്ടേയില്ല.
''ഡൽഹി വിടുന്നതിനുമുമ്പ് ചില പ്രധാന കാര്യങ്ങൾ കൂടിയുണ്ട്.''
അത് എന്താണെന്നു പ്യാരിലാലിനു നന്നായറിയാം. മന്ത്രിസഭയിൽ നെഹ്റുവും പട്ടേലും തമ്മിലുള്ള വടംവലി രൂക്ഷമാണ്. ചേരിപ്പോര് സർക്കാറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. വൈകീട്ട് നാലുമണിക്ക് പട്ടേലുമായി മീറ്റിങ് വെച്ചിട്ടുണ്ട്... പ്രാർഥന കഴിഞ്ഞ് ഏഴു മണിക്ക് നെഹ്റുവിനെയും വിളിപ്പിക്കും. രണ്ടുപേരുമായുള്ള കൂടിക്കാഴ്ചകൾ മഞ്ഞുരുക്കും എന്നാണ് ബാപ്പു വിശ്വസിക്കുന്നത്.
തന്റെ ചെയിൻ വാച്ചിലെ സമയം കൃത്യമാണോ എന്ന് ഗാന്ധി ചോദിച്ചു.
''അതെ 12.30 കഴിഞ്ഞു.''
ഇനി അഭിമുഖങ്ങൾക്കുള്ള നേരമാണ്. അനുവദിച്ച സമയത്തിനായി പലരും പുറത്തു കാത്തുനിൽപുണ്ട്. ഫോട്ടോഗ്രാഫര്‍ മാര്‍ഗരറ്റ് ബ്രൂക്ക് വൈറ്റ് അകത്തുവന്നു എത്തി നോക്കി.
* * * *
ഉണക്കാനിട്ട ശേഷം മറന്നുപോയ തുണിശീലയാണ് ജീവിതം. മഴ നനഞ്ഞും വെയിലേറ്റും മഞ്ഞണിഞ്ഞും ഉണങ്ങിയും കാറ്റുകൊണ്ടും ക്രമേണ അത് ഉപയോഗശൂന്യമാകും. ഇത്രയും കാലം താൻ എന്താണ് ചെയ്തത്. വിജയിച്ചു എന്ന് കരുതിയതൊക്കെയും വൻപരാജയങ്ങളായിരുന്നു. കുട്ടിക്കാലം, വിവാഹജീവിതം, സാമൂഹ്യപ്രവർത്തനം, പ്രാണനുതുല്യം സ്നേഹിച്ച ലക്ഷ്യം... എല്ലാം പാഴായിപ്പോയ ഋതുഭേദങ്ങളാണ്. താൻ സത്യസന്ധമായി ഇടപെട്ട പ്രണയത്തിന്റെ നിമിഷങ്ങൾ ഒഴിച്ചാൽ, ആത്മാർഥമായി ജീവിച്ചത് ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും!
എത്ര നല്ലതു ചെയ്താലും ഒരു കൈപ്പിഴയാവും സ്നേഹിതർ ഓർത്തുവെക്കുക. തള്ളിപ്പറയാൻ ഈ കാര്യം എന്നും അവരുടെ സ്മരണകളിൽ പച്ചപിടിച്ചുനിൽക്കും. ഓർമകൾ, അക്രമിക്കാൻ കൂടിയുള്ളതാണ്!
മുറിവേറ്റ ശിശുവിനെപ്പോലെ നാരായൺ ആപ്തെ മുറിയിൽ കിടന്നു ഉറക്കെ കരഞ്ഞു. ആന്തരികമായ ഒരു നിലവിളിയായതിനാൽ അയാൾക്കും, അയാളെ സ്നേഹിച്ച പെണ്ണുങ്ങൾക്കും മാത്രമേ അത് കേൾക്കാനായുള്ളൂ.
''തെരുവിൽ ദൈവം പ്രത്യക്ഷപ്പെട്ടാൽ ജനം കൂടും. അവിടെ ദൈവം മാത്രമാണ് പ്രസക്തം. ദൈവം കൊല്ലപ്പെട്ടാലോ, അപ്പോഴും ആൾക്കൂട്ടമുണ്ടാവും. ദൈവത്തിനൊപ്പം കൊലയാളിയും പ്രസക്തനാകും. ഒന്നിന്റെ മരണം മറ്റൊന്നിന്റെ ഉദയമാണ്. ഈ ഗൂഢാലോചനയിൽ താൻ ദൈവമല്ല, കൊലയാളിയുമല്ല. തൂക്കുകയർ മാത്രമാണ്. ഗ്വാളിയോറിൽനിന്നും ഡൽഹിയിൽ വന്നിറങ്ങിയതോടെ നാരായൺ ആപ്തെയുടെ അസ്തിത്വം അവസാനിച്ചിരിക്കുന്നു. ഇനി ജീവൻ നിലനിർത്താൻ ആജ്ഞക്കൊപ്പം ശ്വാസമെടുക്കേണ്ട വിധിയേ തനിക്കുള്ളൂ. സായാഹ്നസൂര്യനുശേഷം എനിക്കിനി ഒരു വെളിച്ചത്തിലേക്കും കണ്ണുതുറക്കേണ്ടതില്ല.''
''എഴുന്നേൽക്കൂ, നീയെന്തിനാണ് അമ്മ മരിച്ചവനെപ്പോലെ വ്യസനിച്ചിരിക്കുന്നത്?'' വിഷ്ണു കാർക്കറെ ചോദിച്ചു.
''ഒന്നുമില്ല വ്യാസ്'', ആപ്തെ എത്രയും സ്നേഹത്തോടെ കൂട്ടുകാരനെ തൊട്ടു.
''കൊല്ലുന്ന കാര്യമേ തീർച്ചയുള്ളൂ. അതെങ്ങനെയെന്ന് ഇനിയും തീരുമാനമായിട്ടില്ല. നമുക്ക് പുറത്തിറങ്ങിവന്നാലോ?'' ഗോഡ്സെ സൗമ്യമായി ചോദിച്ചു.
റെയിൽവേ സ്റ്റേഷന് പുറത്തുള്ള പൊടി പറക്കുന്ന നഗരം ജനനിബിഡമായിരുന്നു. അവർ ടാക്സി പിടിച്ചു ബിർളാ ക്ഷേത്രത്തിലേക്ക് പോയി. വിഷ്ണു കാർക്കറെയുടെ നിർദേശമായിരുന്നു അത്. കാറിലിരുന്ന് ആരും സംസാരിച്ചില്ല. കുതിരപ്പൊലീസുകാർ റോഡിന്റെ വലതുവശത്തുകൂടി നീങ്ങിപ്പോകുന്നത് ഗോഡ്സെ കണ്ടു. അയാൾക്ക് ഒട്ടും ആശങ്ക തോന്നിയില്ല. തോക്കു കൈയിലുള്ളപ്പോൾ വിവേകത്തിന്റെ ആവശ്യമില്ലല്ലോ.
ആപ്തെയും കാർക്കറെയും അമ്പലത്തിൽ കയറി പ്രാർഥിച്ചു. ഗോഡ്സെ പുറത്തു നിന്നു. താത്യാറാവുവിൽനിന്ന് സ്വന്തമാക്കിയ നിരീശ്വര ചിന്ത പ്രവർത്തിച്ചതുകൊണ്ടല്ല അയാൾ തൊഴാൻ പോകാഞ്ഞത്. കൊലപാതകത്തിൽ ദൈവത്തിനുള്ള പങ്കു കൊടുക്കാൻ അയാൾ ആഗ്രഹിച്ചില്ല.
ക്ഷേത്രത്തിൽനിന്നു കൂട്ടുകാർ പുറത്തു വന്നപ്പോൾ ഗോഡ്സെ തന്റെ തീരുമാനം പറഞ്ഞു. ''തോക്ക് ഒന്നൂടെ ടെസ്റ്റ് ചെയ്യണം.''
ബിർള മന്ദിറിന്റെ പിറകുവശം കാടായിരുന്നു. മുത്തശ്ശിമരങ്ങൾ തിങ്ങിനിറഞ്ഞ കാടു കഴിഞ്ഞാൽ ഹിന്ദു മഹാസഭയുടെ ഓഫീസാണ്. ഗോഡ്സെയുടെ ആഗ്രഹപ്രകാരം മൂവരും കാടുകയറി. കിളികളുടെ ശബ്ദവും ഇഴജന്തുക്കളുടെ അനക്കവും ഇലപൊഴിയും കാറ്റൊച്ചയും ഇരപിടിയൻ മൃഗങ്ങളുടെ കാല്പെരുമാറ്റവും, കാടിന്റേതെന്നു തോന്നുന്ന ശബ്ദത്തിൽനിന്നു അവർക്കു വേറിട്ട് അറിയാനായി. നടന്നു നടന്ന് അവർ ഒരു വൻമരത്തിന്റെ അടുത്തെത്തി. പത്തുനാൾ മുമ്പ് വെടിവെപ്പ് പരിശീലിക്കാൻ വന്ന അതേ ഇടം. മരം ആപ്തെയെ തിരിച്ചറിഞ്ഞു. മനുഷ്യന്റെ മണം മൃഗങ്ങൾക്കെന്നപോലെ മരങ്ങൾക്കും തിരിച്ചറിയാനാകും. നാരായൺ ആപ്തെ അടയാളംവെച്ച അതേ മരത്തിലേക്ക് ഗോഡ്സെ ഒരുതവണ നിറയൊഴിച്ചു. ശ്വാസമടക്കി കാവൽ നിന്ന ചങ്ങാതിമാർ, ഗോഡ്സെ ഒരു റൗണ്ട് കൂടി വെടിവെക്കുമെന്നാണ് കരുതിയത്. പക്ഷേ ഉണ്ട പാഴാക്കാൻ ഗോഡ്സെക്ക് മനസ്സ് വന്നില്ല. ട്രയൽ തൃപ്തികരമാണ്. പുകയുന്ന പിസ്റ്റൾ കീശയിൽ വെക്കാൻ അയാൾ പാടുപെട്ടു. ഫോറസ്റ്റ് ഗാർഡുകളുടെ കണ്ണിൽപെടാതെ അവർ വേഗം കാടിറങ്ങി.
''ഇതേ വേഷത്തിൽ ബിർള ഹൗസിൽ പോകാൻ കഴിയില്ല'', തെരുവിൽ എത്തിയപ്പോൾ ഗോഡ്സെ പറഞ്ഞു, ''പുതിയ ഷർട്ടും തൊപ്പിയും വാങ്ങണം.''
അതിന്റെ രഹസ്യം കൂട്ടുകാർക്കു പിടികിട്ടിയില്ല. ഒരിക്കൽ ബിർളാ ഹൗസിൽ ഇതേ കോലത്തിൽ ചെന്നതുകൊണ്ട് ചിലരെങ്കിലും ഓർക്കും. ആ അപകടം ഒഴിവാക്കണം. വേഷം മാറണം. ഗോഡ്സെ ഒരു കടയിലേക്ക് കയറി.
ചാരനിറം കലർന്ന നീല ഷർട്ടാണ് ഗോഡ്സെ തിരഞ്ഞെടുത്തത്. വലിയ കീശയും തോളിൽ ഫ്ലാപ്പും ഉണ്ടായിരുന്നു. കാക്കി തൊപ്പികൂടി അണിഞ്ഞു നോക്കിയപ്പോൾ ആർമി ഓഫിസറുടെ ആത്മവിശ്വാസം കിട്ടി. ആഗ്രഹിച്ച കുപ്പായംതന്നെ കിട്ടിയതിൽ ഗോഡ്സെക്കു മതിപ്പുതോന്നി. വിലപേശി സമയം കളയാതെ അവർ മടങ്ങി. റിട്ടയറിങ് റൂമിലെത്തുമ്പോൾ സമയം ഒരുമണി കഴിഞ്ഞിരുന്നു.
ഗോഡ്സെക്ക് വിശപ്പുണ്ടായിരുന്നില്ല. മുറിയിലെത്തി കാലും മുഖവും കഴുകിയശേഷം നാരായൺ ആപ്തെയും കാർക്കറെയും ഭക്ഷണം കഴിക്കാനിറങ്ങി. അവർ കാന്റീനിൽ ചെന്ന് വയറു നിറയെ കഴിച്ചു. തിരിച്ചുവന്നപ്പോൾ ഗോഡ്സെ പുതിയ കുപ്പായം അണിഞ്ഞു കണ്ണാടിനോക്കുന്നതാണ് കൂട്ടുകാർ കണ്ടത്.
''കൊള്ളാം, ഇപ്പോൾ കണ്ടാൽ ഞങ്ങൾക്ക് പോലും നിന്നെ തിരിച്ചറിയാൻ സാധിക്കുകയില്ല'', ആപ്തെ പറഞ്ഞു. ഗോഡ്സെ ചെവികൊടുത്തില്ല. കിരീടം നഷ്ടപ്പെട്ടാൽ ചെറിയ കവലയുദ്ധങ്ങളും തോല്‍ക്കും.
''മുറി ഒഴിയണ്ടേ?'', ആപ്തെ ചോദിച്ചു.
''വേണ്ട, ഞാൻ പോയി സംസാരിക്കാം. ഇരുപത്തിനാലു മണിക്കൂർ കൂടി നീട്ടിത്തരാൻ പറയാം.''
ഗോഡ്സെ റിസപ്ഷനിലേക്കു ചെന്ന് സുന്ദരിലാലിനെ കണ്ടു.
''സ്റ്റേഷൻ സൂപ്രണ്ടിന്റെ സമ്മതമില്ലാതെ നീട്ടിത്തരാൻ പറ്റുകയില്ല'', ക്ലർക്ക് പറഞ്ഞു.
''നീട്ടിത്തരുന്നതിൽ എന്താണ് കുഴപ്പം?'', ഗോഡ്സെ കയർക്കാന്‍ തുടങ്ങി.
''റെയിൽവേ ചട്ടം അങ്ങനെയാണ്. കൂടുതൽ സംസാരം വേണ്ട'', സുന്ദരിലാലിന്റെ മുഖം ചുവന്നു.
ഇരുവരും തമ്മിലുള്ള വഴക്കു മുറുകി.
''മിസ്റ്റർ വിനായക് റാവു, വേഗം പെട്ടിയും കിടക്കയുമെടുത്തു സ്ഥലം വിട്ടോ. ഇനിയൊരുനിമിഷം ഞാൻ തങ്ങാൻ സമ്മതിക്കില്ല."
മൂന്ന് പേരും മുറിയിറങ്ങുന്നതുവരെ സുന്ദരിലാൽ കാവൽ നിന്നു. ഹരികിഷൻ മുറി പൂട്ടി താക്കോൽ സുന്ദരിലാലിനെ ഏൽപിച്ചു.
നാരായൺ ആപ്തെ ഒന്നും മിണ്ടിയില്ല. അയാൾക്ക് എല്ലാം മനസ്സിലായിരുന്നു. വഴക്കു രഹസ്യങ്ങളുടെ കുരുക്കഴിക്കുമെന്നു കാർക്കറെ പേടിച്ചു. അതിനാൽ, അയാൾ ആദ്യം തന്നെ പുറത്തേക്കിറങ്ങി. ദൈവം അവശേഷിപ്പിച്ച അവസാനത്തെ തെളിവായിരുന്നു സുന്ദരിലാലുമായുള്ള വഴക്ക്. വിവേകം കൈമോശം വന്ന മനസ്സുമായി മുറിയിറങ്ങുമ്പോൾ അലക്കാൻ കൊടുത്ത വസ്ത്രം വാങ്ങാനും ഗോഡ്സെ മറന്നുപോയി.
''അവൻ എല്ലാം നശിപ്പിച്ചു. സംയമനം പാലിക്കേണ്ടിടത്തു വഴക്കുണ്ടാക്കുകയും കോപിക്കേണ്ടിടത്തു സംയമനം പാലിക്കുകയും ചെയ്യുന്ന വിഡ്ഢിയാണവൻ.'' ആപ്തെ പിറുപിറുത്തു.
ട്രങ്ക് പെട്ടിയും കിടക്കയുമെടുത്തു അവർ വെയ്റ്റിങ് റൂമിൽ ചെന്നു. അവിടെ നല്ല തിരക്കായിരുന്നു. ഇരിപ്പിടങ്ങൾ ഒഴിവില്ല. മടങ്ങി പോകണോ, കൂടെനിൽക്കണോ? ആപ്തെക്കു രണ്ടു മനസ്സായി. ഏതെങ്കിലുമൊരു സ്ത്രീയെ ഉടൻ പ്രാപിച്ചാൽ മനസ്സിനെ പിടിച്ചുകെട്ടാമെന്നയാൾ ആഗ്രഹിച്ചു.
ഒരു ബെഞ്ച് ഒഴിഞ്ഞപ്പോൾ ഗോഡ്സെ അതിൽ ഇരുന്നു. കാർക്കറെ അയാളുടെ അരികിൽ നിലത്തു സ്ഥാനം പിടിച്ചു. ആദ്യമൊന്നു മടിച്ചെങ്കിലും നാരായൺ ആപ്തെയും ചേറു പിടിച്ച നിലത്തിരുന്നു. ദൈവം നിരാകരിച്ച മനസ്സുമായാണ് ഗോഡ്സെ കൂട്ടുകാർക്കൊപ്പം ഇരുന്നത്. ദേഷ്യം നിയന്ത്രിക്കാനാവാത്തതിൽ അയാൾക്ക് സ്വയം വെറുപ്പ് തോന്നി.
''ഞങ്ങൾ ബിർള ഹൗസിൽ നോക്കിവരാം. അവിടെ പൂനയിൽനിന്നുള്ള പൊലീസുകാരുണ്ടോ എന്നറിയാമല്ലോ?'', ആപ്തെ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
തൊപ്പിമുറുക്കിക്കൊണ്ട് ഗോഡ്സെ സമ്മതം മൂളി.
''പോകും വഴി പെട്ടിയും കിടക്കയും ക്ലോക്ക് റൂമിൽ വെക്കാം'', കാർക്കറെ പറഞ്ഞു.
ആരെയും ശ്രദ്ധിക്കാതെ ഗോഡ്സെ തലതാഴ്ത്തിയിരുന്നു. അയാൾക്ക് തൊണ്ട വരണ്ടു.
നാരായൺ ആപ്തെയും കാർക്കറെയും ധൃതിപ്പെട്ടു പുറത്തിറങ്ങി ടാക്സി വിളിച്ചു.
അക്ബർ റോഡിന്റെ വളവു കഴിഞ്ഞപ്പോൾ നാരായൺ ആപ്തെ ഡ്രൈവറോട് പറഞ്ഞു, ''അൽബുഖർക്യു റോഡ് തുടങ്ങുന്നിടത്തു വിട്ടാൽ മതി.''
അവിടെ അധികം തിരക്കില്ലായിരുന്നു. ബിർള ഹൗസിന്റെ പ്രധാന കവാടത്തിനു മുന്നിലും വിജനമാണ്. സന്ദർശകർ എത്തിത്തുടങ്ങിയിട്ടില്ല. ഇരുവരും അൽബുഖർക്യു റോഡിലൂടെ രണ്ടുവട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഒരു കുതിരവണ്ടിക്കാരൻ അവരെ കടന്നുപോയി. ഏതാനും കാൽനടയാത്രക്കാരും സൈക്കിൾ യാത്രികരും മാത്രമേ ആ വഴി കടന്നുപോയിരുന്നുള്ളൂ. ആപ്തെ ഗേറ്റ് വഴി അകത്തേക്ക് നോക്കി. ബിർള ഹൗസിൽ കുറെ പേർ ഉലാത്തുന്നുണ്ട്. ഗേറ്റിനു പുറത്തോ വളപ്പിനുള്ളിലോ യൂനിഫോമിട്ട പൊലീസുകാരെ കാണാൻ കഴിഞ്ഞില്ല. പാറാവുകാരൻ തോട്ടക്കാരനോട് സംസാരിച്ചുനിൽപുണ്ട്. ആശ്രമംപോലെ ശാന്തമായിരുന്നു ബിർള ഹൗസ് പരിസരം. പുൽത്തകിടിയിൽ മരങ്ങളുടെ നിഴൽമാത്രം അനങ്ങുന്നുണ്ടായിരുന്നു.
''ഏതാനും മണിക്കൂറിനുള്ളിൽ രണ്ടുകൂട്ടരുടെ ജീവിതത്തിന് തീരുമാനമുണ്ടാകും'', ആപ്തെ തന്റെ തലയിൽ വീണ ഒരു ചെറിയ ഇല എടുത്തുമാറ്റുന്നതിനിടയിൽ ഓർത്തു. ഒന്നും സംസാരിക്കാനാവാത്തവിധം കാർക്കറെയുടെ ഹൃദയമിടിച്ചു. നിരീക്ഷിക്കാൻ വരേണ്ടിയിരുന്നില്ല. ചില ഉച്ചവെയിൽ അസ്തമയങ്ങളേക്കാൾ വിഷാദമുണ്ടാക്കും!
ഇറങ്ങിയ ഇടത്തുനിന്നും കുറച്ചുകൂടി മുന്നോട്ടു നടന്നശേഷം എഡ്വേർഡ് റോഡ് ഓഫീസർസ് മെസ്സിന്റെ അടുത്തുനിന്നും അവർ ടാക്സി പിടിച്ചു.
''എല്ലാം സുരക്ഷിതമാണ്. ജീവിതമൊഴിച്ച്...'' കാർക്കറെ ഉള്ളിൽ സംസാരിക്കാൻ തുടങ്ങി.
* * * *
പ്രിയപ്പെട്ടവരുടെ ശവമടക്കിനു വന്നവരെപോലെയായിരുന്നു പ്ലാറ്റ്ഫോമിലെ അഭയാർഥികൾ. ആരും ചിരിക്കുന്നില്ല. തുറന്നു സംസാരിക്കുന്നില്ല. വിലാപത്തിന്റെ സംഗീതം പേറുന്നവർ. ആപ്തെയും വിഷ്ണു കാർക്കറെയും കൂട്ടംതെറ്റാതെ അവർക്കിടയിലൂടെ നടന്നു.
''ഇന്ന് വൈകുന്നേരത്തിനുശേഷം നിങ്ങളും ഞാനും ഉണ്ടാവില്ല വ്യാസ്. ഗാന്ധിയും ഗോഡ്സെയും മാത്രമേ കാണൂ'', ആപ്തെ ആൾക്കാരെ മുട്ടിനടക്കുമ്പോൾ പറഞ്ഞു.
''ചരിത്രം ഒരു അപസർപ്പക കഥയാണ്."
അന്നേവരെ ഉണ്ടാവാത്ത രീതിയിൽ അവരുടെ മനസ്സുകൾ ഐക്യപ്പെട്ടു. കാർക്കറെ ഇടറിയ സ്വരത്തിൽ ചോദിച്ചു:
''അയാളുടെ മരണത്തോടെ നമ്മുടെ സ്വപ്നം പൂവണിയുമോ?''
''പകുതി.''
''അപ്പോൾ മറുപകുതി എന്തായിരിക്കും?''
''ഗാന്ധിയുടെ ജീവിതം തുടരും. രക്തസാക്ഷിത്വം പുനർജന്മമാണ്.''
അപ്രതീക്ഷിതമായി ഒരു തീവണ്ടി ചൂളം വിളിച്ചു. ഒഴിഞ്ഞ ട്രാക്കിലൂടെ ഒരു കറുത്ത നീരാവി എൻജിൻ മാത്രം കടന്നുപോയി. കാർക്കറെ ആപ്തെയുടെ കൈപിടിച്ചു.
''ഇനി നമ്മൾക്ക് എന്ന് വീടെത്താനാവും?'', അയാൾ ചോദിച്ചു.
''പൂന നമ്മളിൽനിന്ന് ഏറെ അകലെയാണ്.'' അവർ വെയ്റ്റിങ് റൂമിൽ എത്തുമ്പോൾ ഗോഡ്സെ പുസ്തകം വായിച്ചിരിക്കുകയായിരുന്നു. പെറി മാസൺ നോവൽ. വര്‍ഷങ്ങള്‍ക്ക് മുമ്പു ആപ്തെയാണ് അയാളെ ഇത്തരം നോവലിലേക്കും സ്കാർഫേസ് പോലുള്ള സിനിമകളിലേക്കും അടുപ്പിച്ചത്. വായനയിൽ, കാഴ്ചയിൽ ഗോഡ്സെ തന്റെ പുരുഷകാമനകളെ തിരിച്ചുപിടിക്കാൻ ശ്രമിച്ചിരുന്നു. പൂനയിലെ കാപിറ്റോൾ തിയറ്ററിൽ ഒന്നിച്ചുപോയ നിമിഷങ്ങൾ, ലൈബ്രറിയിൽനിന്ന് എടുത്തുകൊടുത്ത ക്രൈം നോവലുകൾ... വെറും തയ്യൽക്കാരനായി ഒടുങ്ങേണ്ടിയിരുന്ന ഗോഡ്സെയെ താൻ പരിചയപ്പെടുത്തിക്കൊടുത്ത പുസ്തകങ്ങളും സിനിമകളുമാണ് ഉയിർത്തെഴുന്നേൽപിച്ചത്. ഗോഡ്സെ ആസ്വദിച്ചു വായിക്കുന്നത് കണ്ടു ആപ്തെക്കു സന്തോഷം തോന്നി. താന്‍ നല്ല അധ്യാപകനായത് അയാള്‍ക്ക് മാത്രമാണ്.
പ്ലാറ്റ്ഫോമിലെ വലിയ ഘടികാരത്തിൽ സമയം മൂന്ന് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.
''അവിടെയെല്ലാം ശാന്തമാണ്. എല്ലാം അനുകൂലം.''
കാർക്കറെ പറഞ്ഞ കാര്യം ഗോഡ്സെ കേട്ടഭാവം നടിച്ചില്ല. അയാൾ പുസ്തകത്തില്‍ ലയിച്ചിരിക്കുകയാണ്. അവസാന പേജ് വായിച്ചുതീർത്ത അയാളുടെ മുഖം പ്രസന്നമായി. ഗോഡ്സെ പുസ്തകം അടച്ചു. ആക്രമണത്തിന്റെ പുസ്തകം എത്രമാത്രം സമാധാനം തരുമെന്ന് ആപ്തെക്കു നന്നായറിയാം!
''നിങ്ങൾ വെയിൽകൊണ്ട് മടുത്തോ?'', ഗോഡ്സെ പ്രിയപ്പെട്ടവരോട് ചോദിച്ചു.
ഇയാൾ നേരത്തേ കണ്ട മനുഷ്യനേയല്ല. കാർക്കറെ ഉള്ളില്‍ പറഞ്ഞു.
ലഗേജ് ഒഴിഞ്ഞ ബെഞ്ചിൽ ആപ്തെയിരുന്നു. ഗോഡ്സെ പുസ്തകം മാറ്റിവെച്ചു അയാളുടെ തോളിൽ കൈയിട്ടു.
''കണക്ക് എഴുതിയ ഡയറി പെട്ടിയിലായിപ്പോയി. ബോംബെയിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനക്കൂലിയാണ് അവസാനം എഴുതിയത്. ഇനി ഗ്വാളിയോറിൽ പോയ ചെലവും ഇവിടത്തെ കണക്കുകളും എഴുതാനുണ്ട്. അത് ഞാൻ മറന്നു.''
ലോകത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കാന്‍ പോകുന്ന ഒരു മനുഷ്യന്റെ ഹൃദയത്തിൽനിന്നും വരുന്ന കാര്യങ്ങളല്ല ഗോഡ്സെ സംസാരിക്കുന്നത്. ഒരു സാധാരണ കുടുംബനാഥന്റെ വിചാരമാണയാൾക്ക്. ആപ്തെക്കു അത്ഭുതം തോന്നി.
കാർക്കറെ ഇരുവരുടെയും അരികിലേക്ക് നീങ്ങിയിരുന്നു.
ആകാംക്ഷയും ഭയവും വീണ്ടുവിചാരവും ദൗത്യത്തെ പരാജയപ്പെടുത്തുമെന്നുള്ളതുകൊണ്ട് ഗോഡ്സെയുടെ ഇതേ മനോനില നിലനിർത്താനായി കാർക്കറെയും ഗൗരവമില്ലാത്ത കാര്യങ്ങൾ സംസാരിക്കാമെന്നുവെച്ചു.
''അവിടെനിന്നു ഇങ്ങോട്ടേക്കു എത്രയാണ് വിമാനക്കൂലി?''
''രണ്ടു പേര്‍ക്കുംകൂടി 308 രൂപ. ചില്ലറയില്ലാത്തതിനാൽ 305 രൂപയേ കൊടുത്തുള്ളൂ.'' ഗോഡ്സെ പറഞ്ഞു. അവർക്കു മുന്നിലൂടെ ഒരു ചായവാലാ കടന്നുപോയി.
''വ്യാസ് നിങ്ങൾ ഛോട്ടാ ഗാന്ധിയെക്കുറിച്ചു കേട്ടിട്ടുണ്ടോ?''
''ഗാന്ധിയുടെ മൂത്തമകൻ ഹരിലാൽ അല്ലേ?''
''അയാൾതന്നെ. നിരാഹാരം ഒരു സമരമാർഗമായി ആദ്യം സ്വീകരിച്ചത് ഹരിലാലാണ്, ദക്ഷിണാഫ്രിക്കയിൽവെച്ച്."
"അച്ഛനൊപ്പം അയാളും ആഫ്രിക്കയിൽ ഉണ്ടായിരുന്നോ?''
''പഠിക്കാൻ പോയതായിരുന്നു. കിളവൻ കൂടുതൽ പഠിക്കാൻ സമ്മതിച്ചില്ല. മകനെ സമരസേനാനിയാക്കണമെന്നായിരുന്നു മോഹം. ഹരിലാലിനു ഒരു പ്രണയവും ഉണ്ടായിരുന്നു. അതും ഒരു മുസ്ലിം സ്ത്രീയുമായിട്ട്.''
''ഈ കാരണങ്ങൾകൊണ്ടല്ലേ ഇരുവരും വൈരികളായത്."
''ഹരിലാൽ ആ മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു. അതിൽ കുട്ടികളുമുണ്ട്. എന്തൊെക്കയോ കച്ചവടം നടത്തിയിരുന്നു. ബനിയകളല്ലേ... അതൊക്കെ പൊളിഞ്ഞു.''
''മതം മാറി അബ്ദുല്ല ഗാന്ധിയായി. ഇപ്പോൾ വീടും കുടുംബവും ഉപേക്ഷിച്ചു കുടിച്ചു ലക്കുകെട്ട് നടക്കുകയാണ്. തന്തയുടെ ചിതക്ക് തീ വെക്കാൻപോലും ഇനി അയാൾക്കാവില്ല.''
''മകനെ നിയന്ത്രിക്കാനാവാത്ത ആളാണ് ഭാരതമക്കളെ നന്നാക്കാൻ നടക്കുന്നത്.''
''അയാൾ മകനെ മതം മാറ്റിയതുപോലെ നമ്മുടെ ജനങ്ങളെയും മാറ്റും.''
''വ്യാസ്... ഇന്ന് സന്ധ്യയോടെ നമ്മുടെ നാട്ടുകാരുടെ അത്തരം ആശങ്കകളൊക്കെയും അവസാനിക്കും'', ഗോഡ്സെ നിവർന്നുനിന്ന് പാന്റ്സ് വലിച്ചുകയറ്റി. വെയ്റ്റിങ് റൂമിലേക്ക് കൂടുതൽ ആൾക്കാർ വന്നുകൊണ്ടിരുന്നു. അവിടെ നിൽക്കാനും ഇരിക്കാനും ഇടമില്ലാതായി.
''നമുക്കിറങ്ങാം'', ഗോഡ്സെ കീശയിൽ തപ്പിക്കൊണ്ട് പറഞ്ഞു.
നാരായൺ ആപ്തെയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു. ഇതുവരെ അനുഭവിക്കാത്ത ഒരു വികാരം അയാളെ ഉലച്ചു.
''ഞങ്ങൾ കൂടെ വരേണ്ടതുണ്ടോ?'', ഇടറിയ ശബ്ദത്തിൽ അയാൾ ചോദിച്ചു.
''എന്റെ ഇടതും വലതും നിന്ന് ധൈര്യം പകരാനല്ലായിരുന്നുവെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് ഇത്രയും ദൂരം വന്നത്. ദുരിതമനുഭവിച്ചത്?''
വിഷ്ണു കാർക്കറെ തലതാഴ്ത്തി. നാവുപിഴച്ചതിൽ ആപ്തെ സ്വയം പഴിച്ചു.
''നിങ്ങൾ തീർച്ചയായും ഒപ്പം വേണം. അയാളുടെ രക്തം ചൊരിയുന്നതു നിങ്ങള്‍ക്ക് കാണേേണ്ട? ഈ ദൗത്യം ചരിത്രമാണ്. ഹിന്ദുക്കളുടെ വിമോചന സ്വപ്നത്തിനു നിങ്ങൾ സാക്ഷിയാവണം.''
പലജാതി മനുഷ്യർ രൂപപ്പെടുത്തിയ ആൾക്കൂട്ടത്തിൽ ഗോഡ്സെ ലയിച്ചു. തിരിഞ്ഞുനോക്കാതെയുള്ള ആ പോക്ക് എല്ലാത്തിനെയും ഇടിച്ചുനിരത്തുമെന്നു കാർക്കറെക്കു തോന്നി.
മൂക്കുത്തിയണിഞ്ഞ ജീവിതകാലം സമ്മാനിച്ച അപമാനം കുടഞ്ഞെറിയാൻ ഇതൊരവസരമാണ്. വെടിയുതിർക്കുന്നതോടെ തന്റെ പുരുഷസ്വത്വം ആഘോഷിക്കപ്പെടും. "ചോരപൊടിയുമ്പോഴാണ് ഒരാൾ യോദ്ധാവാകുന്നത്!"
കൂട്ടുകാരന്റെ പോക്ക് കണ്ടു നാരായൺ ആപ്തെയും വിഷ്ണു കാർക്കറെയും പരസ്പരം നോക്കി. ഗോഡ്സെ ബെഞ്ചിൽ മറന്നുവെച്ച നോവൽ ഒരു യുഗത്തിന്റെ അന്ത്യംപോലെ അവിടെ അനാഥമായി കിടന്നു.
ഗോഡ്സെയുടെ ട്രങ്ക് പെട്ടി ക്ലോക് റൂമിൽ വെച്ചശേഷം ആപ്തെയും കാർക്കറെയും ബിർള ഹൗസിലേക്ക് ടോങ്ക പിടിച്ചു. ആപ്തെക്കു മകനെ ഓർമ വന്നു. ഭാര്യയെ ഓർമ വന്നു. ഡൽഹി അയാളെ ചതിക്കുമെന്നു ഉറപ്പായി. കുതിര വളരെ സാവധാനമാണ് ഓടിക്കൊണ്ടിരുന്നത്...
കാലം 1944, ഗാന്ധി സേവാഗ്രാം ആശ്രമത്തിൽ കഴിയുന്ന സമയം. മുഹമ്മദ് അലി ജിന്നയുമായി സന്ധിസംഭാഷണത്തിന് ബോംബെയില്‍ പോകാന്‍ ഗാന്ധി തയാറെടുത്തു. ഇരുവരും തമ്മിലുള്ള മീറ്റിങ് ഹിന്ദു മഹാസഭയും ആർ.എസ്.എസും ആഗ്രഹിച്ചില്ല. ഗാന്ധിയെ തടയാൻ ഗോഡ്സെ തീരുമാനിച്ചു. എൽ.ജി തട്ടേയും നെഞ്ചുറപ്പോടെ കൂടെനിന്നു. ഇരുവരുടെയും നേതൃത്വത്തിൽ സേവാഗ്രാമിലേക്കു മാർച്ച് നടത്തി. ഗോഡ്സെയുടെ പോക്കറ്റിൽ നാടൻ കഠാര ഉണ്ടായിരുന്നു. മുദ്രാവാക്യം മുഴക്കി അവർ സേവാഗ്രാം വളഞ്ഞു. വീരശൂര പരാക്രമം കാണിച്ച ഗോഡ്സെയെ ആശ്രമത്തിലെ അന്തേവാസികൾ തടഞ്ഞു. കുതറിമാറി ഗാന്ധിയുടെ അടുത്തേക്ക് അലറിച്ചെന്ന ഗോഡ്സെയെ എല്ലാവരും പാടുപെട്ടാണ് പിടിച്ചുമാറ്റിയത്. പൊലീസെത്തി. കഠാര അവർ പിടിച്ചെടുത്തു. ആയുസ്സിന്റെ ബലംകൊണ്ടാണ് ഗാന്ധി രക്ഷപ്പെട്ടത്.
അന്ന് താത്യാറാവു പകർന്നുകൊടുത്ത അതേ ധീരതയാണിന്നു വൈകുന്നേരവും ഗോഡ്സെയെ നയിക്കുന്നതെന്ന് നാരായൺ ആപ്തെക്ക് ഉറപ്പായി.
''ഇവിടെ നിർത്തിയാൽ മതി.'' കാർക്കറെ കുതിരവണ്ടിക്കാരനോട് പറഞ്ഞു. ബിർള ഹൗസിന്റെ നൂറുവാര അകലെയാണ് അവർ വണ്ടിയിറങ്ങിയത്. അകത്തു കടക്കുമ്പോൾ, പ്രാർഥനാ യോഗത്തിനുള്ള ജനം തിങ്ങിയിരുന്നു. കാർക്കറെ ആത്മവിശ്വാസത്തോടെ ആപ്തെക്കു പിറകേ ആൾക്കൂട്ടത്തിലേക്കിറങ്ങി. പ്രാർഥനാവേദിക്കു കുറച്ചകലെയായി ഗോഡ്സെ നിലയുറപ്പിച്ചത് അവർ കണ്ടു. ഇരുവരും അങ്ങോട്ട് നടന്നു. അപരിചിതരെപ്പോലെ അടുത്തടുത്തു നിന്നു. കൊലയാളിക്ക് ആത്മധൈര്യം കിട്ടി. മൂവരും യുഗപുരുഷനെ കാത്തുനിന്നു.
* * * *
സമയം അഞ്ചുമണിയോടടുത്തിരുന്നു. ഗാന്ധി, സർദാർ പട്ടേലുമായി ചർച്ച തുടരുകയാണ്. മനുവിന് വെപ്രാളമായി. അഞ്ചുമണിക്കാണ് പ്രാർഥനായോഗം തുടങ്ങേണ്ടത്. ബാപ്പുവിന്റെ ശ്രദ്ധ ആകർഷിക്കാനെന്നോണം മനു ഭക്ഷണം മുന്നിൽ കൊണ്ടുവെച്ചു. അദ്ദേഹം എന്നിട്ടും അത് കണ്ടില്ല. ഗൗരവമായ ചർച്ച തടസ്സപ്പെടുത്തി എങ്ങനെ കാര്യം അവതരിപ്പിക്കും എന്ന വിഷമവൃത്തത്തിലായിരുന്നു മനു. അവർ പട്ടേലിന്റെ കൂടെ വന്ന മകളോടും കാര്യം പറഞ്ഞു. ഭാഗ്യത്തിന് അവർ ഇടപെടും മുമ്പേ ചർച്ച അവസാനിച്ചു. സമയം വൈകിയതറിഞ്ഞു ഗാന്ധി അസ്വസ്ഥനായി. വേഗം കാലും മുഖവും കഴുകി ചെരുപ്പെടുത്തണിഞ്ഞു.
''നിങ്ങളാണെന്റെ സമയത്തിന്റെ കാവൽക്കാർ. എന്തുകൊണ്ടെന്നെ ഓർമപ്പെടുത്തിയില്ല?'', ബാപ്പു മനുവിനോടും ആഭയോടും ചോദിച്ചു. അദ്ദേഹം ഇടുങ്ങിയ വാതിലിലൂടെ പുറത്തേക്കിറങ്ങി. മനുവും ആഭയും ഊന്നുവടികളായി. അദ്ദേഹം തണുപ്പകറ്റാൻ പുതച്ചിരുന്ന ഷാൾ നേരെയാക്കി. ആഭ ഇടതും മനു വലതും അദ്ദേഹത്തെ താങ്ങി. പതിവുപോലെ മനുവിന്റെ കൈയിൽ ഗാന്ധിയുടെ കണ്ണടക്കവറും തുപ്പൽപാത്രവും ജപമാലയും നോട്ട്ബുക്കും ഉണ്ടായിരുന്നു.
ഗാന്ധിക്ക് പിറകിലായി ബ്രജ് കൃഷ്ണയും ബിർള ഹൗസിലെ കുടുംബാംഗങ്ങളിൽ ചിലരും കാത്യവാർഡിൽനിന്നു ഗാന്ധിയെ കാണാൻ വന്ന നേതാക്കളും നടന്നു. മറ്റൊരു വാതിലിലൂടെ പുറത്തേക്കിറങ്ങിയതിനാൽ, ഗാന്ധിക്ക് വഴിയൊരുക്കിക്കൊടുത്തിരുന്ന ഗര്‍ഭജന്‍ സിങ്ങിന് അവരുടെ മുന്നിലെത്താനായില്ല.
സമയം 5.15 ആയിട്ടും ഗാന്ധിയെ കാണാഞ്ഞു ഗോഡ്സെ അക്ഷമനായി. അയാൾ മാത്രമല്ല യോഗത്തിൽ പങ്കുകൊള്ളാൻ വന്നവരെല്ലാം ആകാംക്ഷയിലായിരുന്നു. ഗാന്ധി ഒരിക്കലും സമയം തെറ്റിക്കാറില്ല. എല്ലാദിവസവും കൃത്യം അഞ്ചുമണിക്ക് യോഗം ആരംഭിക്കാറുള്ളതാണ്. ഇന്ന് എന്തുപറ്റി? ജനം ശ്വാസം അടക്കിപ്പിടിച്ചിരുന്നു. നേര്‍ത്ത കാറ്റ് വീശി. പൊടുന്നനെ ജനങ്ങൾക്കിടയിൽനിന്നു ഹര്‍ഷാരവങ്ങൾ ഉണ്ടായി. ബാപ്പു വരുന്നു...
ആപ്തെ അദ്ദേഹത്തെ ദൂരെനിന്നു കണ്ടു. അയാൾ ഗോഡ്സെക്ക് സൂചന നൽകി. മാർഗം തടസ്സപ്പെടുത്താൻ എളുപ്പമുള്ള ഒരിടത്തേക്ക് നാഥുറാം വിനായക് ഗോഡ്സെ സ്ഥാനം പിടിച്ചു. ആളുകള്‍ തിക്കിത്തിരക്കി. വിഷ്ണു കാർക്കറെ ശ്വാസം അടക്കി ദൈവത്തെ വിളിച്ചു. അയാളുടെ അടിവസ്ത്രം ഒരു തുള്ളി മൂത്രംകൊണ്ടു നനഞ്ഞു.
ഗാന്ധി നടന്നടുത്തുകൊണ്ടിരുന്നു. ആൾക്കൂട്ടം അദ്ദേഹത്തെ കാണാനും തൊടാനും വെമ്പൽകൊണ്ടു. വഴിയൊരുക്കാനായി ഗർഭജൻ സിങ് ആളുകൾക്കിടയിലൂടെ മുന്നോട്ടുവരാന്‍ പാടുപെട്ടു. ജനം അച്ചടക്കം ശീലിച്ചവരായിരുന്നു. കടൽ വഴിമാറുന്നതുപോലെ അവർ ഗാന്ധിക്ക് പോകാൻ ഇടമൊരുക്കിക്കൊടുത്തു.
ഗാന്ധി ആൾക്കൂട്ടത്തിന്റെ ആഹ്ലാദാരവങ്ങളിൽ സന്തോഷവാനായി. അദ്ദേഹം മനുവിന്റെയും ആഭയുടെയും തോളിൽനിന്നും കൈയെടുത്തു. ഗാന്ധി എല്ലാവരോടും കൈകൂപ്പി. വേദിയിലേക്ക് ഇനി ഏതാനും കാലടികൾ വെച്ചാൽ മതി. ആരാധനാപുരുഷനെ ജീവനോടെ കണ്ട ജനങ്ങളുടെ നെടുവീർപ്പുകൾ അന്തരീക്ഷത്തിനു ഭക്തിയുടെ നിറവുനൽകി.
നാഥുറാം വിനായക് ഗോഡ്സെയുടെ കാലുകൾ ചലിച്ചു. വലതുവശത്തുനിന്ന് അയാൾ ഗാന്ധിയുടെ വഴിമുടക്കി. മനുവിന് ആ മുഖം പിടികിട്ടി. രാവിലെ ബാപ്പുവിനെ കാണാൻ വന്ന മനുഷ്യൻ!
''നമസ്തേ ബാപ്പു'', നാഥുറാം വിനായക് ഗോഡ്സെ കൈകൂപ്പി. ഗാന്ധി അയാളുടെ കണ്ണിൽ തന്റെ മരണം കണ്ടു.
''സഹോദരാ... ബാപ്പുജി ഇപ്പോൾതന്നെ വൈകി. വഴിമുടക്കാതെ മാറി...'' മനുവിന് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഗോഡ്സെ മനുവിനെ തട്ടിമാറ്റി. മനു നിലത്ത് വീണു. ജപമാലയും തുപ്പൽപാത്രവും നോട്ട്ബുക്കും തെറിച്ചുപോയി.
ഞൊടിയിടയിൽ ഗോഡ്സെ കീശയിൽനിന്ന് 9 എം.എം ബെരേറ്റ പുറത്തെടുത്തു. ഗാന്ധിക്ക് നേരെ ചൂണ്ടി. വെളിച്ചം കെട്ടു.
ഒന്നിന് പിറകെ ഒന്നായി മൂന്നു വെടി പൊട്ടി...
ആദ്യ തിര അടിവയർ തുളച്ചു പുറത്തുകടന്നു. രണ്ടാമത്തേത് വയറിന്റെ മധ്യഭാഗത്ത്. ഉണ്ട വസ്ത്രത്തിന്റെ ചുളുവിൽ പറ്റി കിടന്നു. മൂന്നാമത്തെ ഉണ്ട നെഞ്ചിന്റെ ഇടതു ഭാഗത്തു തുളഞ്ഞു കയറി. ഗാന്ധി നിലംപൊത്തി വീണു. അദ്ദേഹത്തിന്റെ കണ്ണടയും ചെരുപ്പും തെറിച്ചുപോയി. മനുവിന്റെയും ആഭയുടെയും മടിയിൽ അദ്ദേഹം ചോരവാർന്ന് കിടന്നു. എങ്ങും ഏങ്ങലടികൾ ഉയർന്നു. തോക്കിന് കുഴലിൽനിന്നു പുക പരന്നപ്പോൾ കൂടിനിന്നവരുടെ കണ്ണിൽ ഇരുട്ടു കയറി.
''ഒരു മുസ്ലിം ബാപ്പുവിനെ കൊന്നു.''
നാരായൺ ആപ്തെ ആൾക്കൂട്ടത്തിൽനിന്നു വിളിച്ചുകൂവി. അയാള്‍ നിലത്തൊന്നുമായിരുന്നില്ല. ആപ്തെയുടെ ജീവിതത്തിലെ അവസാനത്തെ ഉന്മാദം.
''ഒരു മുസ്ലിം ബാപ്പുവിനെ കൊന്നു'', വിഷ്ണു കാർക്കറെയും ആവേശത്തോടെ ഏറ്റുവിളിച്ചു.
ജനം ഇളകി. കേട്ടവര്‍ കേട്ടവര്‍ ഏറ്റുവിളിച്ചു.
''ബാപ്പുവിനെ കൊന്ന മുസ്ലിമിനെ വെറുതെ വിടരുത്'', ആൾക്കൂട്ടം ആർത്തിരമ്പി.
ഗാന്ധിയുടെ ചോര വീണ മണ്ണ് ഒരുപിടി വാരിയെടുത്ത പയ്യൻ, പൊലീസിനെക്കണ്ടു ഓടിമറഞ്ഞു. കാർക്കറെയും ആപ്തെയും ഗേറ്റ് കടന്നു ഓടി.
ഓട്ടത്തിനിടയിൽ കിതച്ചുകൊണ്ട് വിഷ്ണു കാർക്കറെ ചോദിച്ചു:
''ജനം ഗോഡ്സെയെ തമർത്തിക്കാണുമോ?''
ആപ്തെ കിതച്ചുകൊണ്ട് പറഞ്ഞു:
''ഇല്ല, അഹിംസയുടെ സന്തതികൾ അവനെ രക്ഷിക്കും.''
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.